24 വര്‍ഷമായി പൊലീസ് പിന്നാലെ, പൊലീസിന് പിന്നാലെ സുനീഷും; ഭീകര കസ്റ്റഡി മര്‍ദ്ദനമുറയില്‍ ഇടതുകണ്ണിന്റെ കാഴ്ച പോയി; ഷട്ടറില്‍ വിലങ്ങിട്ടുള്ള ക്രൂരമര്‍ദ്ദനത്തില്‍ വാരിയെല്ല് ഒടിഞ്ഞു; ഇല്ലാത്ത പുഴയിലെ മണല്‍ ഖനനത്തിന്റെ പേരില്‍ അടക്കം കള്ളക്കേസുകളും അറസ്റ്റും; രണ്ടര പതിറ്റാണ്ടായി നിയമപോരാട്ടം; പൊലീസ് പകയില്‍ ജീവിതം താറുമാറായ മുന്‍ സിപിഎം പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന കഥ

പൊലീസ് പകയില്‍ ജീവിതം താറുമാറായ മുന്‍ സിപിഎം പ്രവര്‍ത്തകന്റെ ഞെട്ടിക്കുന്ന കഥ

Update: 2025-09-18 12:48 GMT

തിരുവനന്തപുരം: കഴിഞ്ഞ 24 വര്‍ഷമായി മലയിന്‍കീഴ് സ്വദേശിയായ സുനീഷിനു പിന്നാലെ പോലീസുണ്ട്... പോലീസിനു പിന്നാലെ സുനീഷും.. പോലീസ് പകയില്‍ നിന്നും സംരക്ഷണവും നീതിയും തേടി സുനീഷ് രണ്ടര പതിറ്റാണ്ടായി നിയമ പോരാട്ടം തുടരുന്നു. മലയിന്‍കീഴ് സ്വദേശിയായ സുനീഷ് കുമാര്‍ ഹൈക്കോടതിയും മുഖ്യമന്ത്രിയും മുതല്‍ താഴോട്ടുള്ള എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളെയും നീതിക്കായി സമീപിച്ചു. ചിലയിടങ്ങളില്‍ നിന്നും അനുകൂല വിധിയുണ്ടായി. ചില സ്ഥലങ്ങളില്‍ കേസുകള്‍ തിരക്കഥ പോലെ പോലീസ് മാറ്റിയെഴുതി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന സി.പി.എം നേതാക്കളും എതിര്‍ചേരിയിലായി. പ്രതികളായ പോലീസുകാര്‍ യാതൊരു കുഴപ്പവുമില്ലാതെ ഇപ്പോഴും സര്‍വീസില്‍ തുടരുന്നു. സുനീഷ് കുമാര്‍ നീതിക്കായി കോടതികള്‍ കയറിയിറങ്ങി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. കാക്കിക്കുപ്പായം കാരണം ജീവിതം ദുരിതത്തിലായ ഒരു മുന്‍ സി.പി.എം പ്രവര്‍ത്തകന്റെ കഥയാണിത്.

2001 ഓഗസ്റ്റ് 19 നാണ് മലയിന്‍കീഴ് ശാന്തുംമൂല എസ്.ആര്‍ ഭവനില്‍ എസ്.ആര്‍ സുനീഷ് കുമാറിന്റെ ജീവിതം വഴി മാറുന്നത്. മലയിന്‍കീഴ് പോലീസ് സ്റ്റേഷനിലെ എസ്.ഐ വിനോദ് പോലീസ് ജീപ്പില്‍ വരുമ്പോള്‍ ബൈക്കില്‍ വന്ന രണ്ടു ചെറുപ്പക്കാരെ ഇടിച്ചു വീഴ്ത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ജീപ്പ് തടഞ്ഞുവച്ചു. അപകടത്തില്‍പ്പെട്ടത് ഒരു സി.പി.എം പ്രവര്‍ത്തകനായതിനാല്‍ സുനീഷ് കുമാറും പോലിസിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. അതോടുകൂടി താന്‍ പോലീസിന്റെ നോട്ടപ്പുള്ളിയായതായി സുനീഷ് പറയുന്നു. മൂന്നുദിവസം കഴിഞ്ഞ് പോലീസും പാര്‍ട്ടി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് സുനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് ഭീകര മര്‍ദ്ദനം തുടരുന്നതിനിടയില്‍ കണ്ണിന് ഗുരുതര പരുക്കേറ്റു. കാഴ്ചശക്തിയെ ബാധിക്കുന്ന മാരക മുറിവായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

അതിനിടയില്‍, കാട്ടാക്കട സി.ഐ ആയിരുന്ന കെ.എസ് ശ്രീകുമാര്‍ സുനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പോലീസുകാരെ ക്രൂരമായി മര്‍ദ്ദിച്ച് വധിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. റിമാന്‍ഡ് ചെയ്തെങ്കിലും ഗുരുതര പരുക്കായതിനാല്‍ മെഡിക്കല്‍ കോളേജ് പോലീസ് സെല്‍റൂമില്‍ അഡ്മിറ്റ് ചെയ്തു. സര്‍ക്കാര്‍ കണ്ണാശൂപത്രിയിലെ പരിശോധനയില്‍ ഇടതുകണ്ണിന്റെ കാഴ്ച്ച 25 ശതമാനം നഷ്ടപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. ചികിത്സിച്ച ഡോക്ടര്‍മാരെ സാക്ഷിയാക്കി സുനീഷ് പോലീസിനെതിരെ സ്വകാര്യ അന്യായം കാട്ടാക്കട കോടതിയില്‍ ഫയല്‍ ചെയ്തു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും പ്രോസിക്യൂഷന്‍ അനുമതി വാങ്ങാത്ത കാരണത്താല്‍ 2007 ല്‍ കേസ് കോടതി തള്ളി. തുടര്‍ന്ന് അനുമതിക്കായി അപ്പീല്‍ നല്‍കി. 2002 ല്‍ വനം വകുപ്പിലും പിന്നീട് ജി.എസ്.ടി വകുപ്പിലും സുനീഷിന് ജോലി കിട്ടി. അതിനിടയില്‍ 2009ല്‍ പോലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ലഭിച്ചു. പിന്നീട്, ഒത്തുതീര്‍പ്പ് വ്യവസ്ഥയും വാഗ്ദാനങ്ങളുമായി പോലീസുകാര്‍ സുനീഷിനെ തേടിയെത്തി.

കള്ളക്കേസില്‍ കുടുക്കിയവര്‍ക്ക് ശിക്ഷ വാങ്ങിനല്‍കണമെന്ന ഉറച്ച തീരുമാനത്തില്‍ നിന്നും പിന്നോട്ടു പോകാത്ത സുനീഷിനെത്തേടി പിന്നീടെത്തിയത്, ഒരിക്കല്‍ ഒപ്പം നിന്ന പ്രാദേശിക സി.പി.എം നേതാക്കളായിരുന്നു. അവരുടെ ഒത്തുതീര്‍പ്പ് വാഗ്ദാനങ്ങളും സുനീഷ് അംഗീകരിച്ചില്ല. അതോടെ, വിവിധതലങ്ങളില്‍ നിന്നും സുനീഷിനെതിരെ പ്രതികാര നടപടികള്‍ ആരംഭിക്കുകയായിരുന്നു. മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ നിന്നും പലതവണ ഭീഷണിയെത്തി. പരാതിയുണ്ടെന്നും വിജിലന്‍സ് ഓഫീസില്‍ എത്തണമെന്നും അറിയിപ്പ് വന്നു. രേഖാമൂലം അറിയിച്ചാല്‍ വരാമെന്നു മറുപടി നല്‍കിയപ്പോള്‍ അത് അവസാനിച്ചു. ഇതിനിടയില്‍ സമാധാന ജീവിതത്തിനായി വീട് വിറ്റ് സ്ഥലം മാറി. ഒരു ദിവസം രാത്രിയില്‍ പോലീസ് വീട് വളഞ്ഞു. ബൈക്കിന്റെ ഫൈനാന്‍സ് മുടങ്ങിയതിന്റെ പേരില്‍ വാറണ്ട് ഉണ്ടെന്നായിരുന്നു കാരണം പറഞ്ഞത്. എല്ലാ മുടക്കവും തീര്‍ത്തടച്ച രസീത് കാണിച്ചിട്ടും വിട്ടില്ല. അടുത്ത ദിവസം കോടതി ഉത്തരവ് ഹാജരാക്കിയ ശേഷം സ്റ്റേഷനില്‍ നിന്നും വിട്ടയച്ചു.

2009 ഡിസംബര്‍ 23 ന് എസ്.ഐ പി. അനില്‍കുമാറും മൂന്നുപോലീസുകാരും വീട്ടിലെത്തി മണല്‍ കടത്തില്‍ പങ്കുണ്ടെന്ന ആരോപണവുമായി സ്റ്റേഷനിലെത്തിച്ചു. ഷട്ടറില്‍ വിലങ്ങിട്ട് കൈ ബന്ധിപ്പിച്ചായിരുന്നു ഭീകര മര്‍ദ്ദനം. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി സ്റ്റേഷനിലെത്തിയപ്പോള്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപതിയിലേക്കു മാറ്റി. വാരിയെല്ല് ഒടിഞ്ഞതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. അടുത്തദിവസം തന്നെ ആശുപത്രിയില്‍ പോലീസെത്തി ഡിസ്ചാര്‍ജ്ജ് വാങ്ങി കാട്ടാക്കട സ്റ്റേഷനിത്തെിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രണ്ടുകേസുകള്‍ സുനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് സെല്ലില്‍ കിടന്ന പ്രതിയെ രക്ഷിക്കാന്‍ ശ്രമിച്ചതില്‍ ഒന്നാം പ്രതിയായും മണല്‍ മാഫിയയെ പിടിക്കാന്‍ പോലീസ് വന്നപ്പോള്‍ മണലൂറ്റുകാര്‍ ഓടി രക്ഷപ്പെട്ടെന്നും അവിടെ ഉണ്ടായിരുന്ന സുനീഷ് ഒറ്റക്ക് എസ്.ഐ യെയും മൂന്ന് പോലീസുകാരെയും അസഭ്യം പറഞ്ഞ് യൂണിഫോം വലിച്ചു കീറി മര്‍ദ്ദിച്ചെന്നുള്ള മറ്റൊരു കേസും ചാര്‍ത്തപ്പെട്ടു.

റിമാന്‍ഡ് അപേക്ഷയുമായി കോടതിയിലെത്തിയ പോലീസ് പ്രതിയായി. സുനീഷിന് ജാമ്യം അനുവദിക്കുകയും മൊഴി രേഖപ്പെടുത്തിയ കോടതി പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത സമയം കൈവശമുണ്ടായിരുന്ന 13000 രൂപ വിലയുള്ള ഫോണും പോക്കറ്റിലുണ്ടായിരുന്ന പണവും തിരികെ ലഭിച്ചില്ല. ജാമ്യത്തിലിറങ്ങിയ ശേഷം 72 ദിവസം തിരുവനന്തപുരം സര്‍ക്കാര്‍ ആയൂര്‍വേദ കോളേജില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന കെ. ജയകുമാറിനു പരാതി നല്‍കി. പോലീസ് പറയുന്ന പ്രദേശത്ത് പുഴയോ നദിയോ മണല്‍ ഖനനമോയില്ലെന്നും സുനീഷിനെ പോലീസ് മുന്‍ വൈരാഗ്യത്തില്‍ ഉപദ്രവിച്ചതാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും ആഭ്യന്തര സെക്രട്ടറി ശുപാര്‍ശ ചെയ്തു.

ശുപാര്‍ശയോടൊപ്പം, ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന് പരാതി കൊടുത്തു. അത് ജില്ലാ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്ക് കൈമാറപ്പെട്ടെങ്കിലും അവിടെ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ നടപടിയുണ്ടായില്ല. 15 തവണ വിചാരണ നടന്നെങ്കിലും കോടതി പരിഗണനയിലുള്ളതിനാല്‍ തീരുമാനമെടുക്കാതെ മാറ്റിവച്ചു. 2010 മാര്‍ച്ച് രണ്ടിന് ഹര്‍ത്താല്‍ ദിവസം മലയിന്‍കീഴ് വില്ലേജ് ഓഫീസ് അടിച്ച് പൊട്ടിച്ചെന്ന് കാരണം ചൂണ്ടിക്കാട്ടി ഒരു കേസ് സുനീഷിനെതിരെ രജിസ്റ്റര്‍ ചെയ്തു. ഇത് കള്ളക്കേസാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയുടെ പ്രത്യേക ടീം അന്വേഷിച്ച് സുനീഷ് നിരപരാധിയാണെന്ന് കണ്ടെത്തി. മാത്രവുമല്ല കേസെടുത്ത സി.ഐക്കും എസ്.ഐക്കുമെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല.

ആഭ്യന്തര മന്ത്രിയായി രമേശ് ചെന്നിത്തല ചുമതലയേറ്റപ്പോള്‍ വിഷയങ്ങളെല്ലാം കാണിച്ച് നല്‍കിയ പരാതി എസ്.പി അക്ബര്‍ പുനരന്വേഷിച്ചു. അദ്ദേഹം ഇവര്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയെങ്കിലും ചാര്‍ജ്ജ് മെമ്മോ നല്‍കിയില്ല. തുടര്‍ന്ന് നിയമസഭാ പെറ്റിഷന്‍ കമ്മിറ്റിയില്‍ പരാതി നല്‍കി. അകാരണമായി സുനീഷിനെ ഉപദ്രവിച്ചതിനും ഓടിപ്പോയെന്ന് കേസില്‍ പറഞ്ഞിരുന്ന മണല്‍ മാഫിയക്കെതിരെ കേസ്സെടുക്കാതിരുന്നതിനും പോലീസുകാരെ കമ്മിറ്റി ശകാരിച്ചു. തുടര്‍ന്ന് പോലീസിനോട് ഇതുസംബന്ധിക്കുന്ന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും കേസ് ഡയറി ഹൈക്കോടതിയിലാണെന്നു പറഞ്ഞ് റിപ്പോര്‍ട്ട് നല്‍കിയില്ല. പ്രതികളായ പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് സര്‍ക്കാരിനോട് കമ്മിറ്റി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്, സി.ഐ ആയിരുന്ന പി. അനില്‍ കുമാറിനെ 2021 നവംബര്‍ 22 ന് എസ്.ഐ ആയി തരംതാഴ്ത്തിയും ജയരാജിന്റെ മൂന്ന് വാര്‍ഷിക വേതനവര്‍ധന സഞ്ചിത ഫലത്തോടെ തടയുകയും പെന്‍ഷനായ കമലാസനന്റെ പെന്‍ഷനില്‍ നിന്നും 300 രൂപ കുറവു ചെയ്യാനും ഉത്തരവായി. ഇവര്‍ക്കൊപ്പം ബാല്‍രാജെന്ന പോലീസുകാരനുമെതിരെ കോടതി എടുത്ത കേസിന് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി തരണമെന്ന 2017 ലെ അപേക്ഷയില്‍ 2023 ല്‍ അനുമതി തരാന്‍ കഴിയില്ലെന്ന മറുപടി ലഭിച്ചു.

പി. അനില്‍കുമാര്‍, ജയരാജ്, കമലാസനന്‍, ബാല്‍രാജ് എന്നിവരെ സുനീഷ് ആക്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി. മണല്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ കള്ളക്കേസെടുത്ത ഈ നാലു പോലീസുകാര്‍ക്കുമെതിരെ പ്രോസിക്യൂഷന്‍ അനുമതി തരില്ലെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് രേഖകള്‍ സഹിതം മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞവര്‍ഷം അപേക്ഷ നല്‍കി. പോലീസ് വകുപ്പിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറക്ക് ഉചിതമായ തീരുമാനമെടുക്കുമെന്ന് കഴിഞ്ഞ ജനുവരിയില്‍ മറുപടി കിട്ടി. മലയിന്‍കീഴ് പോലീസിനെയാണ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീതി നിഷേധിക്കപ്പെട്ട അതേ മലയിന്‍കീഴ് പോലീസ് സ്റ്റേഷനില്‍ നിന്നും ഉചിതമായ നടപടിയുണ്ടാകുമെന്ന് സുനീഷ് പ്രതീക്ഷിക്കുന്നുമില്ല. എന്നാലും, നിയമ പോരാട്ടം തുടരാന്‍ തന്നെയാണ് തന്‍െ്റ തീരുമാനമെന്ന് സുനീഷ് പറയുന്നു.

സുനീഷ് കുമാറിനെ തനിക്ക് മുന്‍ പരിചയമില്ലെന്നും അദ്ദേഹവുമായി യാതൊരു വ്യക്തി വിരോധവുമില്ലെന്നും ഇപ്പോള്‍ കഴക്കൂട്ടം സൈബര്‍സിറ്റി എ.സിയായ പി. അനില്‍കുമാര്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് മണല്‍ കടത്ത് സംശയത്തെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തപ്പോള്‍ വയലന്റായി പെരുമാറിയത് അദ്ദേഹമാണ്. തന്നെ എസ്.ഐയായി തരംതാഴ്ത്തിയ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചിട്ടുണ്ട്. വ്യക്തിപരമായി സുനീഷ് കുമാറിനെ വേട്ടയാടുകയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അനില്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News