അന്‍വറിന്റെ പിന്നില്‍ ചരട് വലിക്കുന്നവരില്‍ പിണറായി വിരോധം പൂണ്ട ഇപി ജയരാജനും കോടിയേരിയുടെ മക്കളും; മുസ്ലിം പിന്തുണ കണ്ട് കരുതലോടെ പ്രതികരിക്കുന്നത് നിലമ്പൂര്‍ സമ്മേളനം പൊളിഞ്ഞാല്‍ അവസാനിക്കും: സൂക്ഷ്മ നീക്കങ്ങളുമായി അന്‍വറും ജാഗ്രതയോടെ സിപിഎമ്മും

നിലമ്പൂരിലെ സിപിഎം അണികളുടെ പിന്തുണ അന്‍വറിന് അനിവാര്യതയാണ്. അതുണ്ടെങ്കില്‍ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മാന്യമായ വോട്ടെങ്കിലും കിട്ടൂവെന്ന് അന്‍വറിന് അറിയാം.

Update: 2024-09-28 05:53 GMT

തിരുവനന്തപുരം: പിവി അന്‍വറിന് പിന്നില്‍ കളിക്കുന്നത് സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ഇപി ജയരാജനെന്ന സംശയത്തില്‍ സിപിഎമ്മിലെ വലിയൊരു വിഭാഗം. കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ക്കും അന്‍വറിനോട് അനുകമ്പയുണ്ടെന്നാണ് സിപിഎം കേന്ദ്രങ്ങളുടെ നിഗമനം. അന്‍വര്‍ ചര്‍ച്ചയാക്കുന്ന വിഷയങ്ങളില്‍ കോടിയേരിയും എത്തിയതാണ് ഇതിന് കാരണം. ഇടതു മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും പുകച്ചു പുറത്തു ചാടിച്ചവരെ പാഠം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അന്‍വറിന് ഇപിയുടെ പിന്തുണ കിട്ടുന്നുണ്ടാകാമെന്നാണ് വിലയിരുത്തല്‍. നിലമ്പൂരില്‍ അന്‍വര്‍ വിളിച്ച സമ്മേളനത്തിലേക്കാണ് എല്ലാ കണ്ണും. ഈ സമ്മേളനം പൊളിഞ്ഞാല്‍ അന്‍വര്‍ എന്ന വെല്ലുവിളി അവസാനിക്കുമെന്നാണ് സിപിഎം വിലയിരുത്തല്‍. വിവാദങ്ങളിലേക്ക് ബോധപൂര്‍വ്വം പി ജയരാജനെ വലിച്ചിടാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെ സിപിഎം വിശദ അന്വേഷണങ്ങള്‍ നടത്തി. ഇതിലാണ് മറ്റു ചിലരിലേക്ക് സംശയം നീളുന്നത്. ഏതായാലും അതീവ ഗൗരവത്തിലാണ് അന്‍വറിന്റെ നീക്കങ്ങളെ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണുന്നത്. അന്‍വറും കരുതലോടയാണ് നീങ്ങുന്നത്. ഒരു നീക്കവും പാളാതിരിക്കാനുള്ള ജാഗ്രത അന്‍വര്‍ കാട്ടുന്നുണ്ട്.

അതിനിടെ ന്യൂനപക്ഷക്കാര്‍ഡിറക്കി പി വി അന്‍വര്‍ രംഗത്ത് വരികയും ചെയ്തു. നിലമ്പൂരിലെ വീട്ടില്‍ മാധ്യമങ്ങളെ കണ്ടപ്പോഴാണ് പി വി അന്‍വര്‍ ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്താവനകള്‍ ഇറക്കിയത്. ന്യൂനപക്ഷ സംഗമം വിളിക്കുമെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് ന്യൂനപക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടു നിന്നു എന്നും അദ്ദേഹം പറഞ്ഞു. താന്‍ അഞ്ചുനേരം നിസ്‌ക്കരിക്കുന്ന മുസ്ലിം ആണെന്നും , അതാണ് തന്റെ ശക്തി എന്നും, താന്‍ അതിന്റെ ഭാഗമാണെന്നും കൂട്ടിച്ചേര്‍ത്തു. അതായത് പുതിയ കാര്‍ഡിലേക്ക് കളി മാറ്റുകയാണ് അന്‍വര്‍. മലപ്പുറത്ത് വര്‍ഗ്ഗീയത പച്ചയ്ക്ക് പറയുകയാണ് മുമ്പ് കമ്യൂണിസവുമായി എതിരാളികളെ കടന്നാക്രമിച്ച അന്‍വര്‍. ഭീകരതയെ വിമര്‍ശിക്കുമ്പോള്‍ മറുനാടന്‍ മലയാളിയെ ന്യൂനപക്ഷ വര്‍ഗ്ഗീയത പറഞ്ഞ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന ആളെന്ന രീതിയില്‍ വ്യാജമായി ചിത്രീകരിക്കാന്‍ ശ്രമിച്ച അന്‍വര്‍ സിപിഎം ജില്ലാ സെക്രട്ടറിയെ ഒറ്റ ദിവസം കൊണ്ട് ആര്‍ എസ് എസുകാരനാക്കി ന്യൂനപക്ഷ കാര്‍ഡ് ഇറക്കുകയാണ്. അങ്ങനെ നിലമ്പൂര്‍ സമ്മേളനം എങ്ങനേയും വിജയമാക്കാനാണ് ശ്രമം. ഇത് മനസ്സിലാക്കി സിപിഎമ്മും ജാഗ്രത പുലര്‍ത്തുന്നുണ്ട്.

സിപിഎമ്മുമായി സഹകരിക്കുന്നവര്‍ ആരും ആ സമ്മേളനത്തില്‍ എത്തുന്നില്ലെന്ന് ഉറപ്പിക്കും. മുസ്ലീം ലീഗ് നേതൃത്വവും അന്‍വറിന് എതിരാണ്. അവരും അന്‍വര്‍ പക്ഷത്തേക്ക് ആളൊഴുകുന്നതിനെ അംഗീകരിക്കുന്നില്ല. ഇത് മനസ്സിലാക്കിയാണ് ന്യൂനപക്ഷ കാര്‍ഡിറക്കി സിപിഎമ്മിനേയും മോഹന്‍ദാസിനേയും കടന്നാക്രമിക്കുന്നത്. ന്യൂനപക്ഷ സംരക്ഷകന്റെ മേലാവരണത്തില്‍ പുതിയ രാഷ്ട്രീയ ജിഹ്വ ഉണ്ടാക്കാനാകും ശ്രമിക്കുക. കെടി ജലീല്‍, പിടിഎ റഹിം എന്നീ എംഎല്‍എമാരുടെ പിന്തുണ അന്‍വര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ ജലീല്‍ ഈ ഘട്ടത്തില്‍ അന്‍വറിന് കൈകൊടുക്കില്ല. പിടിഎ റഹിമിനും സന്ദേശം സിപിഎം കൈമാറിയിട്ടുണ്ട്. മുന്‍ എംഎല്‍എ കരാട്ട് റസാഖ് പോയാലും കാര്യമില്ലെന്ന നിലപാടിലാണ് സിപിഎം. സ്വര്‍ണ്ണ കടത്തില്‍ പ്രതിക്കൂട്ടില്‍ നിന്ന നേതാവാണ് കരാട്ട് റസാഖ്. മറ്റൊരു സ്വതന്ത്രനായ വി അബ്ദുറഹ്‌മാന്‍ മന്ത്രിയാണ്. അതുകൊണ്ട് താനൂരിലെ ജനപ്രതിനിധിയും അന്‍വറിന് കൈ കൊടുക്കില്ലെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. സാംസ്‌കാരിക നായകര്‍ക്ക് അടക്കം ഈ സന്ദേശം നല്‍കിയിട്ടുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ കുടുംബവുമായി അടുത്തു ബന്ധമുള്ള തിരുവനന്തപുരത്തെ സിപിഎം നേതാവും അന്‍വറുമായി വലിയ സൗഹൃദമുണ്ട്. പലപ്പോഴും തിരുവനന്തപുരത്തെ ഈ നേതാവിന് വേണ്ടി അന്‍വര്‍ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍ ഇടാറുണ്ട്. ഈ നേതാവിന്റെ നീക്കങ്ങളും സിപിഎം നിരീക്ഷിക്കുന്നുണ്ട്. കോടിയേരിയുടെ മകന്റെ അടുത്ത സുഹൃത്തായ ഈ നേതാവും അന്‍വറിനെ പരസ്യമായി പല ഘട്ടങ്ങളിലും പിന്തുണച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചാ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഈ നേതാവിനെ ഒരു സിപിഎം രക്തസാക്ഷി പരിവേഷത്തോടെ പലപ്പോഴും അന്‍വര്‍ അവതരിപ്പിക്കാറുണ്ട്. ഇത്തരം അന്‍വറിന്റെ പാര്‍ട്ടി ബന്ധുത്വങ്ങളും സിപിഎം പരിശോധിക്കും. നിലവില്‍ ഈ യുവ നേതാവ് അന്‍വറുമായി യാതൊരു അടുപ്പവും പുലര്‍ത്തുന്നില്ലെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. എങ്കിലും സൂക്ഷ്മ നിരീക്ഷണം തുടരാനാണ് തീരുമാനം.

ഇപി ജയരാജന്റെ നീക്കങ്ങളും സിപിഎം പരിശോധിക്കുന്നുണ്ട്. ഇതിനൊപ്പം അന്‍വറുമായി ബന്ധപ്പെടുന്ന ഓരോരുത്തരേയും കണ്ടെത്താന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. ഇതെല്ലാം അന്‍വറിനും അറിയാം. അതുകൊണ്ട് തന്നെ പരമരഹസ്യമാണ് നീക്കങ്ങള്‍. നിലമ്പൂരിലെ പൊതുയോഗം വിജയിക്കില്ലെന്ന് കണ്ടാല്‍ അന്‍വര്‍ മാറ്റി വയ്ക്കാനും സാധ്യതയുണ്ട്. ചില സമൂദായ സംഘടനകള്‍ അന്‍വറിനെ പിന്തുണയ്ക്കാന്‍ തയ്യാറാണ്. എന്നാല്‍ പിണറായിയുടെ കോപം ഉണ്ടാകുമെന്നതിനാല്‍ അവരും ആലോചനകളിലാണ്. മുസ്ലീം ലീഗും അതിന്റെ ഉന്നത നേതാക്കളും അന്‍വറിനെ താരമാക്കാന്‍ ആഗ്രഹിക്കുന്നില്ല. നിലമ്പൂരില്‍ മാത്രമായി അന്‍വറിനെ ചുരുക്കണമെന്ന ആഗ്രഹമാണ് മുസ്ലീം ലീഗിനുമുള്ളത്. അതുകൊണ്ട് തന്നെ നിലമ്പൂരിലെ സമ്മേളനത്തിന് അന്‍വറിന് മുന്നില്‍ പ്രതിസന്ധി ഏറെയാണ്. അതുകൊണ്ടാണ് വര്‍ഗ്ഗീയതയുടെ ഇരയാണ് താനെന്ന് വരുത്താനുള്ള അന്‍വറിന്റെ ബോധപൂര്‍വ്വമുള്ള ശ്രമം. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഉണ്ടായാലും അറസ്റ്റു വന്നാലും രക്തസാക്ഷി പരിവേഷം ഈ പ്രചരണത്തിലൂടെ നേടാനാകും. ഇതിന് വേണ്ടിയാണ് തന്ത്രം മാറ്റി പിടിക്കുന്നത്.

'പാര്‍ട്ടി പ്രവര്‍ത്തകരുടെ ഹൃദയം എന്നോടൊപ്പമാണ്, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഭയപ്പെടുത്താനാണ് നീക്കം. മുദ്രാവാകും വിളിക്കുന്നവര്‍ക്ക് അത് തൊറ്റാണെന്ന് അറിയാം.പ്രവര്‍ത്തകര്‍ നിര്‍ബന്ധിത സാഹചര്യത്തിലാണ് ചെയ്യുന്നത്. സത്യം ഒരിക്കല്‍ പുറത്തു വരും. പ്രവര്‍ത്തകരെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തുകയാണ് നേതൃത്വം ചെയ്യുന്നത്'' പി വി അന്‍വര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. തുടര്‍ന്ന് സിപിഎം മലപ്പുറം ജില്ലാ സെകട്ടറിക്കെതിരെ പി വി അന്‍വര്‍ ആഞ്ഞടിച്ചു. ''ഇഎന്‍ മോഹന്‍ദാസ് (സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി) തരം താഴ്ന്നവനാണ് . അത് തുറന്നു കാണിക്കും. ഇഎന്‍ മോഹന്‍ദാസ് ന്യൂന പക്ഷങ്ങളെ കള്ളക്കേസില്‍ കുടുക്കാന്‍ കൂട്ടു നിന്നു. താന്‍ ന്യൂനപക്ഷ സംഗമം വിളിക്കും. ഞാന്‍ നിലമ്പൂരില്‍ മത്സരിക്കുമ്പോള്‍ ഒരു സംസ്ഥാന നേതാവ് പോലും വന്നില്ല.''ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് പാര്‍ട്ടിക്ക് കത്ത് നല്‍കി എന്നും അന്‍വര്‍ അവകാശപ്പെട്ടു. നിലമ്പൂരിലെ സിപിഎം അണികളുടെ പിന്തുണ അന്‍വറിന് അനിവാര്യതയാണ്. അതുണ്ടെങ്കില്‍ മാത്രമേ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മാന്യമായ വോട്ടെങ്കിലും കിട്ടൂവെന്ന് അന്‍വറിന് അറിയാം.

Tags:    

Similar News