'ആപ്പിള്‍ എ ഡേ' ഫ്‌ളാറ്റ് തട്ടിപ്പിന് ഇരയായി 16 വര്‍ഷമായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകര്‍; 200 കോടിയുടെ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു നടത്തിയ വ്യക്തി പുതിയ കടലാസ് പദ്ധതിയുമായി രംഗത്ത്; ഇക്കുറി ലക്ഷ്യം 16000 കോടി സാമ്പത്തിക തട്ടിപ്പോ? 15 കോടി സമ്മാനത്തുകയുള്ള സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പുമായി രാജീവ് കുമാര്‍ ചെറുവാര!

ഇക്കുറി ലക്ഷ്യം 16000 കോടി സാമ്പത്തിക തട്ടിപ്പോ? 15 കോടി സമ്മാനത്തുകയുള്ള സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പുമായി രാജീവ് കുമാര്‍ ചെറുവാര!

Update: 2025-09-29 11:19 GMT

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പുകളില്‍ ഒന്നാണ് 'ആപ്പിള്‍ എ ഡേ' ഫ്‌ളാറ്റ് തട്ടിപ്പ്. 200 കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് ഈ പദ്ധതിയിലൂടെ കേരളം കണ്ടത്. 16 വര്‍ഷം മുമ്പ് നടന്ന ഈ തട്ടിപ്പിന് ഇരയായവര്‍ക്ക് ഇനിയും പണം തിരിച്ചു കിട്ടിയിട്ടില്ല. പ്രവാസികള്‍ അടക്കം നിരവധി പേരാണ് ഈ തട്ടിപ്പിന് ഇരയായത്. ആപ്പിള്‍ എ ഡെ പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍ സാജു കടവിലാന്‍, ഡയറക്ടര്‍ രാജീവ് ചെറുവാര എന്നിവരാണ് അന്നത്തെ ഈ സാമ്പത്തിക തട്ടിപ്പിന് ചുക്കാന്‍ പിടിച്ചവര്‍.

ഇങ്ങനെ കേരളം കണ്ട ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പു നടത്തിയവര്‍ വീണ്ടും തട്ടിപ്പു നിഴലിലുള്ള പദ്ധതികളുമായി കളത്തിലിറങ്ങിയിരിക്കയാണ്. ഇക്കുറി 16000 കോടി രൂപയുടെ പദ്ധതിയാണ് രാജീവും കൂട്ടരും അവതരിപ്പിച്ചിരിക്കുന്നത്. മാധ്യമങ്ങളിലെല്ലാം വിപുലമായ പ്രചരണം നടത്തി പദ്ധതിക്ക് തുടക്കമിട്ടിരിക്കയാണ്.

സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പ് കൗണ്‍സിലിന്റെ കൊച്ചി സ്പോര്‍ട്സ് സിറ്റി പദ്ധതി എന്ന പേരിലെ പദ്ധതിയാണ് ഇക്കുറി രാജീവ് ചെറുവാര ആസൂത്രണം ചെയ്തിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും ഇന്ത്യയുടെ ലോ കമ്മിഷന്‍ ചെയര്‍മാനുമായ ജസ്റ്റിസ് ദിനേശ് മഹേശ്വരി പദ്ധതി ഉദ്ഘാടനം ചെയ്തു. കൊച്ചി വിമാനത്താവളത്തിനു സമീപമാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയമുള്‍പ്പെടെ സ്പോര്‍ട്സ് സിറ്റി സ്ഥാപിക്കുമെന്നാണ് അവകാശവാദം.

പതിനഞ്ച് കോടി രൂപ സമ്മാനത്തുകയുള്ള ആദ്യ സ്റ്റുഡന്റ്സ് വേള്‍ഡ് കപ്പ് 2026-ല്‍ നടത്തുമെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സമ്മാനത്തുക 20 കോടിയാണ് എന്നിരിക്കേയാണ് സ്റ്റുഡന്റ്‌സ് വേള്‍ഡ് കപ്പ് പദ്ധതിക്ക് ഇത്രയും വലിയ സമ്മാനത്തുകയുടെ പ്രഖ്യാപനം. ഇത് കൂടാതെ സ്റ്റുഡന്റ് വേള്‍ഡ് കപ്പ് പദ്ധതി എന്താണ് എന്നതില്‍ അടക്കം വ്യക്തത കുറവുണ്ട്.


Full View

കറുകുറ്റിക്കു സമീപമുള്ള 25 ഏക്കറിലാണ് സ്പോര്‍ട്സ് സിറ്റി പദ്ധതിയെന്നാണ് സംഘാടകരുടെ അവകാശവാദം. ലോകകപ്പ് മത്സരങ്ങള്‍ നടത്താന്‍ കഴിയുന്ന സ്റ്റേഡിയം ഉള്‍പ്പെടെയുള്ള റെസിഡെന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍, ഒരുലക്ഷം ചതുരശ്ര അടിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇന്‍ഡോര്‍ സ്റ്റേഡിയം, സ്വിമ്മിങ് പൂള്‍ എന്നിവ സ്പോര്‍ട്സ് സിറ്റിയിലുണ്ടാകും. വോളിബോള്‍, ബാസ്‌കറ്റ്ബോള്‍, ഹോക്കി, കബഡി, ഖൊ-ഖൊ, അത്ലറ്റിക്‌സ്, ഫുട്ബോള്‍ എന്നിവ പരിശീലിക്കാനുള്ള സൗകര്യങ്ങളും ഒരുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

കൊച്ചി സ്പോര്‍ട്സ് സിറ്റി പദ്ധതി സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത് രാജീവ് കുമാറാണ്. മാര്‍ക്കറ്റിംഗ് സ്‌പെഷ്യിസ്റ്റ് എന്നാണ് രാജീവ് കുമാര്‍ ചെരുവാര സ്റ്റുഡന്‍സ് വേള്‍ഡ് കപ്പ് വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രമുഖരുടെ ചിത്രങ്ങളും ആശംസകളും ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. യുണിക് ടൈംസ് എന്ന പേരില്‍ വെബ്‌സൈറ്റില്‍ അടക്കം വാര്‍ത്ത നല്‍കിയും രാജീവ് കായികരംഗത്തെ ഗെയിം ചേഞ്ചറാണ് താനെന്ന് അവകാശപ്പെടുന്നുണ്ട്. സ്പോര്‍ട്സ് സിറ്റി പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനെ കുറിച്ച് മാധ്യമങ്ങളിലും വാര്‍ത്തകളുണ്ട്.

ആപ്പിള്‍ എ ഡേ തട്ടിപ്പിന്റെ സൂത്രധാരന്റെ സാന്നിധ്യം തന്നെയാണ് പദ്ധതിയെ സംശയത്തിലാക്കുന്നത്.് സാമ്പത്തികമായി പണം സമാഹരിക്കാനുള്ള മാര്‍ഗ്ഗാമാണോ പ്രമുഖരെ അടക്കം അണി നിരക്കി കൊണ്ടുള്ള ഉദ്ഘാടന ചടങ്ങ് എന്നതാണ് സംശയം. സമാനമായ നിരവധി തട്ടിപ്പു പദ്ധതികള്‍ കേരളം കണ്ടതാണ്. ഇതിനിടെയാണ് ആപ്പിള്‍ തട്ടിപ്പ് പശ്ചാത്തലമുള്ളവരുടെ രംഗപ്രവേശവും.

സുപ്രീംകോടതി സീനിയര്‍ അഭിഭാഷകര്‍ അടക്കമുള്ളവര്‍ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. എംഎല്‍എമാരായ റോജി എം. ജോണ്‍, എം. മുകേഷ്, എന്നിരവും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയക്കാരെന്ന നിലയില്‍ ക്ഷണം സ്വീകരിച്ചാണ് ഇവര്‍ എത്തിയത്. പദ്ധതിയെ കുറിച്ച് വിശദമായ അറിവുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല.

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് നിരവധിപേര്‍ ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടീസിനെ സമീപിച്ചത്. സ്വന്തമായി പ്രസിദ്ധീകരണങ്ങളും പ്രമുഖരെയും അണിനിരത്തിയായിരുന്നു അന്നും നിക്ഷേപം ആകര്‍ഷിച്ചത്. ഇപ്പോഴത്തെ പദ്ധതിക്ക് പണം കണ്ടെത്തുന്നത് എവിടെ നിന്ന് എന്നതില്‍ അടക്കം ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നു.

തൈക്കാട്ടുശ്ശേരിയില്‍ നാനോ ഹോം എന്ന പേരില്‍ പണിയുന്നത് അടക്കം ആപ്പിള്‍ തട്ടിപ്പുകാര്‍ പണം സ്വന്തമാക്കിയിരുന്നു. പത്തുമുതല്‍ 25 ലക്ഷംരൂപ വരെ ഫ്‌ളാറ്റിനു വേണ്ടി മുന്‍കൂറായി നിരവധിപേര്‍ നല്‍കി. കരാര്‍ പ്രകാരമുള്ള നടപടികളായതിനാല്‍ ആര്‍ക്കും അപ്പോള്‍ സംശയം തോന്നിയിരുന്നില്ല. മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണം ആരംഭിക്കാതിരുന്നതു കൊണ്ടു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ കണ്ടെത്തിയത്.

എറണാകുളം ജില്ലയിലെ തമ്മനം, നെടുമ്പാശ്ശേരി, അരൂര്‍, കാക്കനാട്, വാഴക്കാല, മറ്റൂര്‍, പാടിവട്ടം, പാലാരിവട്ടം എന്നിവിടങ്ങളില്‍ ഈ കമ്പനി ആസൂത്രണം ചെയ്തിരുന്ന പദ്ധതികള്‍ക്കെതിരെയും പൊലീസില്‍ പരാതികള്‍ ലഭിച്ചിരുന്നു. നിക്ഷേപകരില്‍ ഭൂരിഭാഗംപേരും പ്രവാസി മലയാളികളായിരുന്നു. ഇപ്പോള്‍ റിസീവറെ ബന്ധപ്പെട്ടിട്ടും പണം ലഭിക്കുന്നില്ലെന്നാണ് വഞ്ചിക്കപ്പെട്ടവരുടെ പരാതി. ഭൂമി വില്‍പ്പനയിലെ കാലതാമസമാണ് കാരണമെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും അവര്‍ പറയുന്നു. ഇങ്ങനെ 16 വര്‍ഷം മുമ്പ് നടന്ന സാമ്പത്തിക തട്ടിപ്പിലെ ഇരകള്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് രാജീവ് വീണ്ടും തന്ത്രങ്ങളുമായി രംഗത്തുവന്നിരിക്കുന്നത്.

Tags:    

Similar News