'ദേ..പോയി ദാ വന്നു..'; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇറങ്ങിയത് മേയില്‍; ഒരാഴ്ച കഴിഞ്ഞതും വീണ്ടും തിരുകി കയറ്റല്‍; വെള്ളയമ്പലം അയ്യന്‍കാളി ഭവനില്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ പുനര്‍ നിയമിക്കപ്പെട്ടത് എന്‍ജിഒ യൂണിയന്‍ നേതാവ്; പാവം യുവാക്കള്‍ ജോലി തേടി അലയുമ്പോള്‍ പെന്‍ഷനൊപ്പം ഇടത് സഹയാത്രികര്‍ക്ക് ശമ്പളവും; സ്തുതി പാഠകര്‍ക്ക് ഇത് നല്ലകാലമാകുമ്പോള്‍
തിരുവനന്തപുരം: വെള്ളയമ്പലം അയ്യന്‍കാളി ഭവനില്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ പോസ്റ്റില്‍ പുനര്‍നിയമനത്തിൽ വിവാദം. വിരമിച്ച ആളെ വീണ്ടും അതെ തസ്തികയില്‍ തിരുകി കയറ്റിയെന്നാണ് പരാതി. ഇത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ജോലിക്കായി നിരവധി പേര്‍ കാത്തു നില്‍ക്കുമ്പോഴാണ് പിന്‍വാതില്‍ നിയമനം നൽകിയിരിക്കുന്നത്. എന്‍ജിഒ യൂണിയന്‍ നേതാവിനാണ് ഈ നിയമനം കിട്ടിയത്. വെള്ളായമ്പലം അയ്യങ്കാളിഭവന്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ പോസ്റ്റില്‍ ജോലി ചെയ്തു റിട്ടേഡ് ആയി വ്യക്തിയാണ് ഈ ഇടതു സംഘടനാ നേതാവ്.
ഇടതു നേതാവ് മേയിലാണ് വിരമിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും അതേ തസ്തികയില്‍ തന്നെ ജോലിയില്‍ പ്രവേശിച്ചു. ഇതിന് കാരണം രാഷ്ട്രീയ സ്വാധീനമാണ്. പട്ടിക ജാതി വികസന വകുപ്പില്‍ ഇതുവരെ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കിയിട്ടില്ല. കെ. രാധാകൃഷ്ണന്‍ മന്ത്രി ആയിരുന്നപ്പോള്‍ നിയമസഭയില്‍ ഇത് ഉടന്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിന്നു. പക്ഷെ അതൊന്നും ഇതുവരെ നടപ്പിലാക്കിയിട്ടില്ല. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും അട്ടിമറി നടന്നു. നേരത്തെ മുഖ്യമന്ത്രിക്ക് വേണ്ടി പാട്ടെഴുതിയ ആളിന് വിരമിച്ച ശേഷം സെക്രട്ടറിയേറ്റില്‍ ജോലി നല്‍കിയത് വിവാദമായിരുന്നു. അതിന് സമാനമാണ് ഇതും. ഇടതു നേതാക്കള്‍ക്ക് വിരമിച്ചാലും സര്‍വ്വീസില്‍ തുടരാമെന്ന കീഴ് വഴക്കം സൃഷ്ടിക്കപ്പെടുകയാണ് ഇതിലൂടെ.
യൂണിയന്‍ നേതാക്കളുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കു വേണ്ടി ചിലര്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിനു എതിരെ നിലനിന്നുവെന്നാണ് ആരോപണം. ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ നടപ്പിലാക്കണം എന്ന് കാണിച്ചു ജീവനക്കാര്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനു പരാതി നല്‍കിയിട്ടുണ്ട്. നിരവധി ജീവനക്കാര്‍ അയ്യങ്കാളി ഭവന്‍ ട്രെയിനിങ് ഇന്‍സ്പെക്ടര്‍ പദവിയിലേക്ക് സ്ഥലം മാറ്റത്തിനായി അപേക്ഷിക്കുകയും ചെയ്തു. ഇതൊന്നും ആരും പരിഗണിക്കുന്നില്ല. ഇതിനൊപ്പം നിരവധി പേര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഈ ജോലിക്കായി കാത്തു നില്‍ക്കുമ്പോഴാണ് യൂണിയന്‍ നേതാവ് എന്ന നിലയില്‍ പുനര്‍നിയമനം നടന്നിരിക്കുന്നത്.
35,000 രൂപ മാസശമ്പളം കിട്ടുന്നുണ്ട്. ഇതിനൊപ്പം പെന്‍ഷനും കിട്ടും. സംഭവത്തില്‍ ആരും ഇതുവരെ പരാതി പെട്ടില്ലെന്നും പറയുന്നു. വകുപ്പിനെതിരെയുള്ള ആരോപണമായത് കൊണ്ട് ആണ് എല്ലാവരും പിന്നിലോട്ട് വലിയുന്നത്. ഈ സംഭവത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ വിശദീകരണം മറുനാടന്‍ തേടിയിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് വിളിച്ചപ്പോള്‍ ഇതിനെകുറിച്ച് അറിയണമെങ്കില്‍ ഓഫീസില്‍ നേരിട്ട് എത്തണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ പ്രതികരണം. മറുനാടനില്‍ നിന്നാണ് വിളിക്കുന്നത് എന്ന് പറഞ്ഞപ്പോള്‍ അത് എങ്ങനെ ഞങ്ങള്‍ക്ക് അറിയാന്‍ സാധിക്കുമെന്ന പ്രതികരണമായിരുന്നു വിചിത്ര പ്രതികരണം.