വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍; ഭാര്യയും മകളും ഉളളത് ഏറ്റുമാനൂരിലെ അവരുടെ വീട്ടില്‍; ലോഡ്ജില്‍ മുറിയെടുത്ത് താമസം ആഗ്രഹിക്കുന്ന 'അമ്മാവന്‍'; 2018ല്‍ കീഴടങ്ങും മുമ്പ് ഒളിവില്‍ കഴിഞ്ഞത് ഭാര്യയുടെ ബന്ധു ബോണിക്കൊപ്പം; ആള്‍മാറാട്ടക്കാരി മിനി ഇപ്പോള്‍ എവിടെ? സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട മനോജിന്റെ ആത്മഹത്യയും സംശയത്തില്‍; സൈക്കോ കില്ലറെ വളര്‍ത്തിയത് പോലീസോ?
ആലപ്പുഴ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ സെബാസ്റ്റിയന്റെ ചങ്ങത്തറ വീട്. രണ്ട് സ്ത്രീകളുടെ തിരോധാനക്കേസില്‍ പൊലീസ് തെളിവുതേടി ഇവിടെയാണ് എത്തിയത്. വിവാഹിതനെങ്കിലും ഒറ്റയാന് സമാന ജീവിതമാണ് സെബാസ്റ്റ്യന്റേത്. വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍. ഭാര്യയെയും മകളെയും നാട്ടുകാര്‍ ചേര്‍ത്തല വീട്ടില്‍ അവസാനം കണ്ടത് അഞ്ച് വര്‍ഷംമുമ്പാണ്. ഏറ്റുമാനൂരിലെ വീട്ടിലാണ് അവരുടെ താമസം. ലോഡ്ജ് മുറിയെടുത്ത് താമസിക്കുക ശീലമാക്കിയ സെബാസ്റ്റിയന്‍ വീട്ടിലും എത്താറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. പലയിടങ്ങളില്‍നിന്നും എത്തുന്നവര്‍ ഇവിടെ ഒത്തുകൂടാറുണ്ട്. ബിന്ദു പത്മനാഭന്‍ കേസില്‍ 2018ല്‍ സെബാസ്റ്റ്യന്‍ അറിസ്റ്റിലായിരുന്നുവെന്നതാണ് വസ്തുത. സെബാസ്റ്റ്യനെ നാട്ടുകാര്‍ 'അമ്മാവന്‍' എന്നാണ് വിളിച്ചിരുന്നത്.
കോടികളുടെ സ്വത്തിനുടമ കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട് 2018ല്‍ ആണ് ചേര്‍ത്തല വീട്ടില്‍ പോലീസ് ആദ്യം എത്തുന്നത്. ജെയ്‌നമ്മയുടെ തിരോധാനത്തില്‍ വീണ്ടും ഇൗ വീട് കുപ്രസിദ്ധമായി. ബിന്ദു മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതിരുന്നതും സെബാസ്റ്റിയന്‍ നുണപരിശോധനയ്ക്ക് വിസമ്മതിച്ചതും കാരണം തെളിവ് ശേഖരിക്കാനാകാതെ അന്വേഷണം പ്രതിസന്ധയിയിലായി. അതിനിടെയാണ് ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മയുടെ തിരോധാനവും അന്വേഷണവും. ജെയ്‌നമ്മ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചിരുന്നത് കാരണമാണ് സെബാസ്റ്റിയനിലേക്ക് സംശയം നീണ്ടത്. വാരനാട് സ്വദേശിനി ഐഷയുടെ തിരോധാനത്തിലും സെബാസ്റ്റിയനാണെന്ന സൂചന ശക്തമാണ്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചാണ് ഐഷ തിരോധാനം അന്വേഷിക്കുന്നത്. ബിന്ദു പത്മനാഭന്‍ തിരോധാനം അന്വേഷിക്കുന്നത് സംസ്ഥാന ക്രൈംബ്രാഞ്ചാണ്. ജെയ്‌നമ്മയെ കൊന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും സെബാസ്റ്റിയന്‍ കൈക്കലാക്കിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. അത് സ്ഥിരീകരിക്കുന്ന ശാസ്ത്രീയ തെളിവുകളും മൊഴിയും ശേഖരിച്ചാണ് സെബാസ്റ്റിയനെതിരെ കൊലക്കുറ്റം ചുമത്തിയത്.
ബിന്ദു പത്മനാഭന്റെ കുടുംബവീടിനോടു ചേര്‍ന്ന്, സര്‍ക്കാരിന്റെ ലൈഫ് ഭവനപദ്ധതിക്കായി നീക്കിവച്ച 30 സെന്റ് സ്ഥലം വ്യാജ പ്രമാണം ചമച്ചു കൈമാറ്റം ചെയ്യുകയും ചെയ്തിരുന്നു. ബിന്ദുവിന്റെ പിതാവ് പത്മനാഭന്‍ സര്‍ക്കാരില്‍ വരുത്തിയ അബ്കാരി കുടിശികയിലേക്കു കണ്ടുകെട്ടിയ വസ്തുവാണു വ്യാജ പ്രമാണം ചമച്ചു പോക്കുവരവ് ചെയ്തു ബാങ്കില്‍നിന്നു വായ്പ തരപ്പെടുത്തിയത്. അതിന് 20 വര്‍ഷം മുന്‍പു സര്‍ക്കാര്‍ ജപ്തി ചെയ്ത വസ്തുവാണിത്. ലേലത്തിനു വച്ചെങ്കിലും ആരും ഏറ്റെടുത്തില്ല. തുടര്‍ന്നു സര്‍ക്കാരിലേക്കു കണ്ടുകെട്ടി. ഇതേ വസ്തുവിന്റെ അതിരുകള്‍ കാട്ടി ചേര്‍ത്തല സ്വദേശിയായ ആധാരമെഴുത്തുകാരന്‍ പ്രമാണം റജിസ്റ്റര്‍ ചെയ്തു. എന്നാല്‍, ഇതു വില്ലേജ് ഓഫിസില്‍ ഹാജരാക്കി പോക്കുവരവ് ചെയ്തില്ല. പിന്നീട്, വസ്തു വിറ്റതായി മറ്റൊരു പ്രമാണം ചമച്ച് പോക്കുവരവു ചെയ്യിച്ച് സഹകരണ ബാങ്കില്‍നിന്നു വായ്പയെടുത്തു. വായ്പ കുടിശികയായതോടെ ബാങ്ക് ജപ്തി നടപടിക്കു സ്ഥലത്ത് എത്തിയപ്പോഴാണ് സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലമാണെന്നു കണ്ടെത്തിയത്. റവന്യു അധികൃതര്‍ ഇവിടെ സര്‍ക്കാര്‍ ഭൂമിയെന്നു ബോര്‍ഡ് സ്ഥാപിക്കുകയും പോക്കുവരവു റദ്ദാക്കുകയും ചെയ്തു. വസ്തു സര്‍ക്കാര്‍ അധീനതയില്‍ തന്നെയാണെന്നും പോക്കുവരവ് റദ്ദാക്കിയതായും വ്യാജപ്രമാണം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും കടക്കരപ്പള്ളി വില്ലേജ് ഓഫിസര്‍ അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്വേഷണം എങ്ങും എത്തിയില്ല.
ബിന്ദു പത്മനാഭന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യ പ്രതിയാണ് സെബാസ്റ്റ്യന്റെ എന്ന് അന്ന് തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. അന്ന് അറസ്റ്റിലായ രണ്ടാം പ്രതി ടി.മിനിയെ വ്യാജ ഡ്രൈവിങ് ലൈസന്‍സ് നിര്‍മിച്ച കേസിലും പിടിച്ചിരുന്നു. ബിന്ദുവെന്ന വ്യാജേന മിനിയുടെ ചിത്രം പതിച്ചു തയാറാക്കിയ ലൈസന്‍സിലെ തമിഴ്‌നാട്ടിലെ വിലാസം വ്യാജമായിരുന്നു സെബാസ്റ്റ്യന്റെ വീട്ടില്‍നിന്നു പൊലീസ് കണ്ടെടുത്ത ബിന്ദുവിന്റെ പേരിലുള്ള വ്യാജ എസ്എസ്എല്‍സി ബുക്കിലേക്കും അന്വേഷണം നീണ്ടില്ല. ബിന്ദുവിന്റെ കുടുംബ പെന്‍ഷന്‍ അക്കൗണ്ട് 2005 ഒക്ടോബറില്‍ ആലപ്പുഴ ട്രഷറിയിലേക്കു മാറ്റിയ ശേഷമുള്ള കൂടുതല്‍ വിവരങ്ങളും ആരും പരിശോധിച്ചില്ല. മാവേലിക്കര എണ്ണയ്ക്കാട് സഹകരണ ബാങ്കില്‍ ബിന്ദു പത്മനാഭന് അക്കൗണ്ട് ഉള്ളതായി വിവരം പുറത്തു വന്നിരുന്നു. ചേര്‍ത്തലയിലെ പൊതുമേഖലാ ബാങ്കില്‍ സെബാസ്റ്റ്യനും അക്കൗണ്ട് ഉണ്ടായിരുന്നു. പക്ഷേ ഇത് കേന്ദ്രീകരിച്ചൊന്നും അന്വേഷണം നടന്നില്ല. അമ്പലപ്പുഴയിലെ ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള വസ്തു കൈമാറ്റം സംബന്ധിച്ച അന്വേഷണവും അട്ടിമറിച്ചു. വസ്തു കൈമാറ്റം ചെയ്ത ഉടമയോടും വസ്തു ഇടനിലക്കാരനോടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു. പക്ഷേ തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. ബിന്ദുവിന്റെ 10 സെന്റ് വസ്തുവാണ് ഇവര്‍ക്കു ലഭിച്ചത്.
ഇപ്പോള്‍ ഏറ്റുമാനൂര്‍ സ്വദേശിനി ജെയ്‌നമ്മ വധക്കേസില്‍ അറസ്റ്റിലായ സെബാസ്റ്റിയന്റെ വീട്ടിലെ ഞായറാഴ്ചത്തെ ക്രൈംബ്രാഞ്ച് തെളിവെടുപ്പ് തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഞായറാഴ്ച കോട്ടയം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സെബാസ്റ്റിയനെ വിശദമായി ചോദ്യംചെയ്‌തെന്നാണ് വിവരം. വീട്ടിലെ തെളിവെടുപ്പിന് സഹായകമായ വിവരങ്ങള്‍ ലഭിക്കാനായിരുന്നു ചോദ്യംചെയ്യല്‍. സമഗ്രപരിശോധനയ്ക്കാണ് അന്വേഷകസംഘം തയ്യാറെടുക്കുന്നത്. വീട് കനത്ത പൊലീസ് സുരക്ഷയിലാക്കി. മുഴുവന്‍ സമയം പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. പരിശോധനയ്ക്ക് മണ്ണുമാന്തിയന്ത്രം ഉള്‍പ്പെടെ ഉപയോഗിക്കും. ജെയ്‌നമ്മയുടേതെന്ന് കരുതുന്ന ആഭരണങ്ങള്‍ ചേര്‍ത്തല നഗരത്തിലെ ജ്വല്ലറിയില്‍നിന്ന് വീണ്ടെടുത്തു. ആഭരണം വില്‍ക്കും മുമ്പ് പണയംവച്ച സ്ഥാപനങ്ങളില്‍നിന്നും തെളിവ് ശേഖരിച്ചു. ശേഷമാണ് പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കുന്നത്.
ബിന്ദു പത്മനാഭനെ കാണാതായ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് കടക്കുന്നതിനിടെയാണ് അന്വേഷണം അട്ടിമറിച്ചത്. ബിന്ദുവിന്റെ പേരില്‍ വ്യാജ ഡ്രൈവിംഗ് ലൈസന്‍സ് സംഘടിപ്പിപ്പിക്കാന്‍ സഹായിച്ച ചേര്‍ത്തല സ്വദേശി തങ്കച്ചനെ അടക്കം പോലീസ് പിടികൂടിയിരുന്നു. ഒടുവില്‍ ബിന്ദു പത്മനാഭനെ കാണാതായ സംഭവത്തില്‍ സെബാസ്റ്റ്യന് നേരിട്ട് പങ്കില്ലെന്ന നിഗമനത്തലേക്ക് പൊലീസ് എത്തി. വ്യാജ പവര്‍ ഓഫ് അറ്റോര്‍ണി അടക്കമുള്ള രേഖകള്‍ സെബാസ്റ്റിയന്‍ നിര്‍മിച്ചതായും കണ്ടെത്തിയിരുന്നു. അന്ന് ആ കേസില്‍ സെബാസ്റ്റ്യന്റെ ഭാര്യയുടെ ബന്ധുവായ ഏറ്റുമാനൂര്‍ സ്വദേശിയായ ബോണിയാണ് ഇയാള്‍ക്ക് ഒളിവില്‍ കഴിയുവാന്‍ കണ്ണൂരിലെ തളിപ്പറമ്പിലും കര്‍ണാടകയിലെ ഷിമോഗയിലും താവളം ഒരുക്കിയത്. വിദേശത്ത് ജോലിയുള്ള ബോണി അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു. ബാംഗ്ലൂരില്‍ ഇയാളോടൊപ്പം എം ബി എ പഠനം നടത്തിയ സുഹൃത്തുക്കളുടെ വീട്ടിലായിരുന്നു ഒളിവില്‍ താമസിച്ചത്.
പിന്നീട് പോലീസിന് മുന്നില്‍ കീഴടങ്ങി. കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച മനോജ് എന്ന ഡ്രൈവര്‍ ആത്മഹത്യ ചെയ്തത് എന്തിനാണെന്നത് ദുരൂഹമായി തുടരുകയാണ്. ആള്‍മാറാട്ടം നടത്തി ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കാന്‍ സെബാസ്റ്റ്യന്‍ വ്യാജ ലൈസന്‍സും എസ്എസ്എല്‍സി ബുക്കും പ്രതി മിനിയുടെ പേരില്‍ ഉണ്ടാക്കിയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. സെബാസ്റ്റിയന്റെ സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട സ്വദേശി മനോജിന്റെ ആത്മഹത്യയില്‍ വ്യക്തമായ അന്വേഷണം ഉണ്ടാകാത്തതും കൂടുതല്‍ തട്ടിപ്പുകള്‍ നടത്താന്‍ സെബാസ്റ്റിയന് തുണയായി. കേരളാ പോലീസിന്റെ ഈ കേസ് അന്വേഷണത്തിലെ വീഴ്ചയാണ് സെബാസ്റ്റിയനെ കൊടും ക്രിമിനലാക്കി മാറ്റിയതെന്നാണ് വിലയിരുത്തല്‍.