കുട്ടികളെയും കൂട്ടി ചാവാന്‍ ഷൈനിയോട് ഭര്‍ത്താവ് നോബി; മകള്‍ക്ക് താങ്ങാകേണ്ട പിതാവ് കുര്യാക്കോസ് ആശ്വാസ വാക്കുകള്‍ക്ക് പകരം പറഞ്ഞത് കുത്തുവാക്കുകള്‍; സ്വന്തം വീട്ടിലും ഷൈനി കഴിഞ്ഞ് മനസ്സമാധാനമില്ലാതെ; ഏറ്റുമാനൂരിലെ അമ്മയും മക്കളും റെയില്‍വേ പാളയത്തില്‍ ജീവനൊടുക്കിയതിന്റെ കാരണങ്ങള്‍ പുറത്തേക്ക്
കുട്ടികളെയും കൂട്ടി ചാവാന്‍ ഷൈനിയോട് ഭര്‍ത്താവ് നോബി
കോട്ടയം: ഏറ്റുമാനൂരില്‍ മക്കള്‍ക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെയും മക്കളുടെയും മരണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഭര്‍തൃപീഡനമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത്. ആത്മഹത്യാ പ്രേരണാ കേസില്‍ അറസ്റ്റിലായ ഷൈനിയുടെ ഭര്‍ത്താവ് നോബി കുര്യാക്കോസ് ജയിലില്‍ കഴിയുകയാണ്. ഭര്‍ത്താവിന്റെ നിരന്തര പീഡനങ്ങളാണ് കൂട്ട ആത്മഹത്യയിലേക്ക് ഇവരെ തള്ളിവിട്ടതെന്ന പൊതുവികാരം ഉയരുന്നുണ്ട്. ഇതിനിടെ സ്വന്തം വീട്ടിലെ സാഹചര്യങ്ങളും ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിലേക്ക് നയിച്ചതെന്ന ആക്ഷേപങ്ങളും ശക്തമാകുകയാണ്.
ഷൈനിയുടെ പിതാവ് കുര്യാക്കോസിന് സ്വന്തം മകളെ ആവശ്യമായ സമയത്ത് ചേര്‍ത്തു നിര്‍ത്താന്‍ സാധിക്കാതെ പോയെന്ന ആക്ഷേപമാണ് ശക്തമാകുന്നത്. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ അയല്‍വാസികളായ ചിലര്‍ നേരത്തെ തന്നെ മാധ്യമങ്ങളില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഷൈനിയുടെ പിതാവില്‍ നിന്നും വേണ്ടത്ര പിന്തുണ ഷൈനിക്ക് കിട്ടാതെ പോയി. എന്നാല്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടി വന്നതാണ് അവളെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് ഷൈനിയെയും മക്കളെയും അറിയാവുന്നവര്‍ പറയുന്നതും.
കസ്റ്റംസില്‍ നിന്നും റിട്ടയറായ ജോര്‍ജ്ജ് പുല്ലാട്ട് എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സാമൂഹ്യപ്രവര്‍ത്തക ദയാബായിയുടെ സഹോദരനാണ് ജോര്‍ജ്ജ് പുല്ലാട്ട്. ഈ കുറിപ്പില്‍ ഷൈനി അനുഭവിച്ച മാനസിക സംഘര്‍ഷങ്ങളെ കുറിച്ചാണ് തുറന്നു പറയുന്നത്. ഷൈനിയുടെ മരണത്തില്‍ ഭര്‍ത്താവും അവരുടെ വീട്ടുകാരും എത്രകണ്ട് കുറ്റക്കാരാണോ അത്രയും പങ്ക് സ്വന്തം പിതാവിനും ഉണ്ടെന്ന് ആരോപണമാണ് ജോര്‍ജ്ജ് പുല്ലാട്ട് ആരോപിക്കുന്നത്.
ജോര്‍ജ്ജ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ:
ഷൈനിയും മക്കളും : കഥ മറ്റൊരു വഴിയേ
ജോര്‍ജ് പുല്ലാട്ട്
പാഞ്ചോ എന്ന് വീട്ടുകാര്‍ വിളിക്കുന്ന ഏറ്റുമാനൂര്‍ക്കാരന്‍ ഫ്രാന്‍സിസ്, സ്വിറ്റ്സര്‍ലണ്ടിലും ഓസ്ട്രിയയിലുമായി പതിനാറു വര്‍ഷം നഴ്‌സിങ്ങ് സേവനം ചെയ്ത ശേഷം യൂറോപ്പിലെ തണുത്ത കാലാവസ്ഥ മകന് അലര്‍ജിയുണ്ടാക്കുന്നത് മൂലം ആറു വര്‍ഷം മുന്‍പ് നാട്ടിലേക്ക് മടങ്ങി . എന്നാല്‍ ആതുരസേവനം തുടരാനും ഉപജീവനത്തിനുമായി പാഞ്ചോ വീടിനു സമീപം ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍, 'റോസാ മിസ്റ്റിക്ക' എന്നൊരു പാലിയേറ്റീവ് കെയര്‍ ഹോം ആരംഭിച്ചു.
ഏറ്റവും ആധുനിക സൗകര്യങ്ങളും രാജ്യാന്തര നിലവാരവുമുള്ള രോഗീപരിചരണ കേന്ദ്രമായ റോസാ മിസ്റ്റിക്കയില്‍ ഇപ്പോള്‍ നാല്പത് അന്തേവാസികളുണ്ട്. സ്വദേശത്തും വിദേശത്തുമായി ഇതേ മേഖലയില്‍ ദീര്‍ഘകാലത്തെ സേവനപരിചയമുള്ള പതിനെട്ടു നഴ്‌സുമാര്‍ ഉള്‍പ്പെടെ 43 ജോലിക്കാരുള്ള സ്ഥാപനം. 40 അന്തേവാസികളെ ശുശ്രുഷിക്കാന്‍ 43 പേരുണ്ട് എന്ന് എടുത്തു പറയുന്നത്, അത് സ്ഥാപനത്തിന്റെ നിലവാരത്തിന്റെ സൂചകമായതുകൊണ്ടാണ്.
രോഗികള്‍ക്കായി പാഞ്ചോ ഹൈഡ്രോളിക്ക് ചക്രങ്ങളുള്ള കട്ടിലുകളും ചക്രക്കസേരകളും ആധുനിക ക്‌ളോസറ്റുകളും ഇറക്കുമതി ചെയ്തു. യൂറോപ്പിലേതുപോലെ എല്ലാ അത്യാധുനിക സൗകര്യങ്ങളുമൊരുക്കി. എങ്കിലും ശുചീകരണ വിഭാഗത്തിലെ ചില ജോലിക്കാര്‍ക്ക് ഇതെല്ലാമൊന്ന് പഠിച്ചു പ്രാവര്‍ത്തികമാക്കാന്‍ തുടക്കത്തില്‍ കഴിഞ്ഞില്ല. വലിയ വിദ്യാഭ്യാസമോ ഇത്തരം തൊഴില്‍ പരിചയമോ ഇല്ലാത്ത സാധാരണ ഗ്രാമീണരാണ് പലരും. ബയോവേസ്റ്റ് (അടുക്കളമാലിന്യം ) മാത്രമേ ബയോഗ്യാസ് പ്ലാന്റില്‍ നിക്ഷേപിക്കാവൂ എന്ന് ആവര്‍ത്തിച്ചു നിഷ്‌കര്‍ഷിച്ചിട്ടും അത് ശ്രദ്ധിക്കാതെയും കുഴപ്പങ്ങള്‍ അറിയാതെയും ജോലിക്കാര്‍ പ്ലാസ്റ്റിക്കും ഇലകളുമുള്‍പ്പെടെ പലതും അതില്‍ നിക്ഷേപിച്ചത് കൊണ്ട് പ്ലാന്റിന്റെ പ്രവര്‍ത്തനം തകരാറിലായി. ഡ്രെയ്‌നേജ് ബ്ലോക്കായി. ഗ്യാസിന് പകരം ടാങ്കില്‍ നിന്ന് മാലിന്യം തന്നെ പുറത്തേയ്‌ക്കൊഴുകി ദുര്‍ഗ്ഗന്ധം പരന്നു. പ്ലാന്റ് ഉണ്ടാക്കിയവരെ പാഞ്ചോ കാര്യമറിയിച്ചു. അവര്‍ വന്നു പറഞ്ഞു, 'അതേയ് എല്ലാംകൂടി അകത്ത് വീണു കട്ടപിടിച്ചു. അതെല്ലാം വാരിക്കളഞ്ഞിട്ട് പുതിയതുണ്ടാക്കണം. രണ്ടുമൂന്നു ദിവസം പിടിക്കും.''
ഒരു മതില്‍ പങ്കിടുന്ന അയല്‍ക്കാരന്‍ കുര്യാക്കോസ് എന്ന മധ്യ വയസ്‌ക്കന്‍ അന്ന് പാഞ്ചോയോട് പറഞ്ഞു, 'നിന്റെ ഈ പ്രസ്ഥാനം ഞാന്‍ പൂട്ടിച്ചിരിക്കും. ഡെല്‍ഹീല്‍ പോയിട്ടായാലും ഞാന്‍ പൂട്ടിക്കും നോക്കിക്കോ ' പാന്‍ജോ പറഞ്ഞു, 'ചേട്ടാ, ജോലിക്കാര്‍ക്ക് അബദ്ധം പറ്റിയതാ. ഉടനെ നന്നാക്കും.'' എത്രയും വേഗം അത് ശരിയാക്കാനുള്ള പണികള്‍ തുടങ്ങിയപ്പോഴേക്കും അതിരമ്പുഴ ഹെല്‍ത്ത് വകുപ്പിന്റെ ഉദ്യോഗസ്ഥരെത്തി . വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാന്‍ജോയോട് പറഞ്ഞു, ''നിങ്ങളുടെ സ്ഥാപനത്തിലെ ടാങ്ക് പൊട്ടിയൊഴുകിയിട്ട് ദുര്‍ഗന്ധം പരക്കുന്നതായി പരാതി വന്നിട്ടുണ്ട്. അന്വേഷിക്കാന്‍ വന്നതാ.'' ''ആരാ പരാതിക്കാരന്‍?'' ''അടുത്തൊള്ളോരല്ലാതെ ആരാ ?' എന്ന് പറഞ്ഞ് അവര്‍ തൊട്ടടുത്ത വീട്ടിലേക്ക് കണ്ണു നീട്ടി . പാന്‍ജോ ഞെട്ടിപ്പോയി.
തൊട്ടടുത്ത വടകരയില്‍ വീട്ടിലെ കുര്യാക്കോസ് തന്നെ.
റോസാ മിസ്റ്റിക്കയുടെ ആരംഭകാലം മുതല്‍ തന്നെ അയാള്‍ ശത്രുത പുലര്‍ത്തിയിരുന്നെങ്കിലും ഇങ്ങനെയൊരു പരാതിയുണ്ടാകുമെന്ന് പാന്‍ജോ പ്രതീക്ഷിച്ചിരുന്നില്ല. അവിടെ കാര്യമായ കുഴപ്പമൊന്നുമില്ലെന്ന് ബോധ്യമായ ഹെല്‍ത്കാര്‍ മടങ്ങിപ്പോയി. ദുര്‍ഗന്ധം പരത്തുന്നു എന്ന് മാത്രമല്ല, അന്തേവാസികള്‍ക്ക് തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് കൊടുക്കുന്നത് എന്ന് കൂടി കുറേ ആള്‍ക്കാരെ കൂട്ടി അയാള്‍ പരാതി കൊടുത്തു! അങ്ങനെ ഹെല്‍ത്കാര്‍ വീണ്ടും വന്നു. ഹെല്‍ത് ഇന്‍സ്പെക്ടറും സംഘവും എല്ലായിടവും കര്‍ശനമായി പരിശോധിച്ചു. ഫ്രിഡ്ജും ഫ്രീസറും അടുക്കളയും പരിശോധിച്ച അവര്‍ക്കൊപ്പം നിന്ന് പാന്‍ജോ കാര്യങ്ങള്‍ വിശദീകരിച്ചു. പരാതിയില്‍ കഴമ്പില്ലെന്ന് ബോധ്യമായ അവര്‍ നടപടികളെടുക്കാതെ പുഞ്ചിരിയോടെ മടങ്ങിപ്പോയി.
എങ്കിലും, 'നിന്റെ പ്രസ്ഥാനം ഞാന്‍ പൂട്ടിക്കും' എന്ന് കുര്യാക്കോസ് ഇടയ്ക്കിടെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നത് പാന്‍ജോയെ അസ്വസ്ഥനാക്കി. കാരണം, വല്ലപ്പോഴുമൊക്കെ അവിടെയെത്തുന്ന രണ്ടു പെണ്‍കുട്ടികള്‍ തന്റെ മക്കളുടെ കൂട്ടുകാരാണ്. തൊടുപുഴയില്‍ ചുങ്കത്തു ചേരിയില്‍ നോബിക്ക് കെട്ടിച്ചു കൊടുത്ത മകള്‍ ഷൈനി വല്ലപ്പോഴുമൊക്കെ സ്വന്തം വീട്ടിലെത്തുമ്പോള്‍ മക്കളെയും കൂട്ടി തന്റെ വീട്ടിലും വരും. അവര്‍ മക്കളോടൊപ്പം കളിക്കും, സൈക്കിള്‍ ചവിട്ടും. തങ്കം പോലുള്ള ആ പെണ്‍കുട്ടികള്‍, അലീനയും ഇവാനയും, പാന്‍ജോയുടെ കുട്ടികളുടെ കൂട്ടുകാരായ ഓമനക്കുട്ടികളായിരുന്നു. പാന്‍ജോയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നോട് പറഞ്ഞ ചില കാര്യങ്ങളാണ് ഞാന്‍ കുറിക്കുന്നത്:
'ഈ കുര്യാക്കോസ് ചേട്ടന്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിരമ്പുഴേന്ന് ഇവിടെ വന്നു താമസമാക്കിയതാ. വടകരേല്‍ന്നാ വീട്ടുപേര്. പണ്ട് ടൈലിന്റെ പണിയൊക്കെ ചെയ്തിരുന്നതാ. പിന്നെ ബസ് മേടിച്ചു. അതെല്ലാം പൊട്ടി. പുള്ളീടെ അഞ്ച് പിള്ളേരില്‍ മൂത്തതാ ഷൈനി. അവര് വല്ലപ്പോഴുമൊക്കെ തൊടുപുഴേന്ന് ഇവിടെ വരുമ്പം ഞങ്ങള് കാണും. എന്തേലും പ്രശ്‌നം ഉള്ളതായി തോന്നീട്ടില്ല. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് അവര് ഇവിടെ വന്നു. റോസാ മിസ്റ്റിക്കയില്‍ ഒരു ജോലി തരാമോന്നു ചോദിച്ചാ വന്നത്. അന്നേരം കുറേ സങ്കടങ്ങളൊക്കെ പറഞ്ഞു. പൊതുവെ ഒത്തിരി വര്‍ത്താനം പറയാത്ത ഷൈനി അന്ന് ഒത്തിരി സങ്കടത്തിലുമായിരുന്നു.
പുള്ളിക്കാരീടെ കഴുത്തേല്‍ കരിനീല പാടുകള്‍ ഒണ്ടാരുന്നു. 'അച്ചാച്ചന്‍ അമ്മേ നിലത്തൂടെ വലിച്ചിഴച്ചു അടിച്ചു എന്നൊക്കെ പിള്ളേര് പറഞ്ഞു. ഇവിടെ വേക്കന്‍സി ഇല്ലാഞ്ഞിട്ടും അവരുടെ അവസ്ഥ കണ്ടിട്ട് ഞാന്‍ ജോലി കൊടുത്തു. ആദ്യമൊക്കെ ഷൈനി അപ്പച്ചമ്മാരേം അമ്മച്ചിമാരേം നല്ലപോലെ നോക്കുമെങ്കിലും എപ്പോഴും ഒരു മൗനമാ. ഒരു മാസം കഴിഞ്ഞപ്പഴേക്കും എല്ലാര്‍ക്കും ഷൈനിയെ വെല്യ കാര്യമായി. ഷൈനിയും എല്ലാരുമായി കൂട്ടായി.'' ഇടയ്ക്ക് കയറി ഞാന്‍ ചോദിച്ചു, 'പാന്‍ജോ ഒന്ന് ചോദിച്ചോട്ടെ, ഷൈനിയ്ക്ക് എത്ര ശമ്പളമുണ്ടായിരുന്നു?
'പതിനാറായിരം രൂപ അന്ന് ശമ്പളം കൊടുക്കുമായിരുന്നു. ആ ജോലിക്ക് സാധാരണ തുടക്കക്കാര്‍ക്ക് കൊടുക്കുന്നതിലും ആയിരം കൂടുതല്‍ കൊടുത്തിരുന്നു. സ്വന്തം വീട്ടിലായതുകൊണ്ട് വേറെ വെല്യ ചെലവില്ലല്ലോ. കുറച്ചു പരിചയം ആയിക്കഴിഞ്ഞു പ്രൊമോഷന്‍ കൊടുക്കാമെന്നും ശമ്പളം കൂട്ടിക്കൊടുക്കാമെന്നുമൊക്കെ വിചാരിച്ചതാ. റോസാ മിസ്റ്റിക്കയുടെ കുറച്ചൂടെ വലിയ ഒരു യൂണിറ്റ് കോട്ടയത്തു തുടങ്ങാന്‍ പണി നടക്കുന്നുണ്ട്. മൂന്നാല് മാസം കഴിഞ്ഞ് അത് സ്റ്റാര്‍ട്ട് ചെയ്യും. അന്നേരം ഷൈനിയെ അവിടെ നേഴ്‌സ് ആയി വെക്കാന്‍ ഉദ്ദേശിച്ചതാ. അപ്പപ്പിന്നെ ഈ കുര്യാക്കോസിനെക്കൊണ്ട് സമയമില്ലല്ലോ. എന്തു ചെയ്യാനാ!
അങ്ങനെ നാലു മാസം കഴിഞ്ഞ് ഒരു ദിവസം ഷൈനി പറഞ്ഞു, 'അവനെതിരെ ഞാന്‍ കേസ് കൊടുത്തിരിക്കുവാ, അതുകൊണ്ട് നീയവിടെ ജോലിക്ക് പോകണ്ടാന്ന് അപ്പച്ചന്‍ പറഞ്ഞു. അതുകൊണ്ട് സാറേ എനിക്കിനി ജോലിക്ക് വരാന്‍ പറ്റില്ല.'' ഞങ്ങള് ഞായറാഴ്ച പള്ളീല്‍ പോയിട്ട് വേദപാഠം കഴിഞ്ഞു വരുമ്പം ഷൈനീടെ പിള്ളേരും ഞങ്ങടെ കൂടെ കാറേല്‍ പോരും. കുറേനാള്‍ അങ്ങനെയായിരുന്നു. പക്ഷേ ഒരു ദിവസം ആ പിള്ളേര് വണ്ടിയില്‍ കേറാന്‍ മടിച്ചു നിന്നു.
ചോദിച്ചപ്പം അവര് പറഞ്ഞു, 'ഇനി മേലാല്‍ നിങ്ങള് അങ്കിളിന്റെ വണ്ടിയേല്‍ കേറരുതെന്ന് വെല്യപ്പാ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞേച്ച് അവര് ഊടുവഴീക്കൂടെ ഓടിപ്പോയി. അങ്ങനെ കുര്യാക്കോസ് ആ പിള്ളേരേം ഒറ്റപ്പെടുത്തി. ഞങ്ങളോട് മിണ്ടാന്‍ പോലും പിള്ളേര് നിക്കുകേല. കാരണം വെല്യപ്പയെ പേടിയാ. അത്രയ്ക്ക് ദുഷ്ടനാ അയാള്. സത്യത്തില്‍ ഒന്‍പത് മാസമായിട്ട് സ്വന്തം വീട്ടില്‍ നിന്നിട്ട് പോലും അവര്‍ക്കൊരു സമാധാനോം ഇല്ലായിരുന്നു.'' ഇത്രയുമൊക്കെ കേട്ടപ്പോള്‍ ഞാന്‍ ആകെ അസ്വസ്ഥനായി. കൊച്ചുമക്കള്‍ കൂടെയുള്ളപ്പോഴാണല്ലോ അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊക്കെ ഏറ്റവും സന്തോഷം. എന്നിട്ടും ആ മാലാഖക്കുഞ്ഞുങ്ങളെ ഒരു ഭാരമായി കണ്ട ആ ദുഷ്ടന്‍ മകളോട് പറഞ്ഞു, 'നീ എവിടേലും ജോലിക്ക് പോകുവാണേല്‍ പിള്ളേരെ വല്ല ഹോസ്റ്റലിലും ആക്കിക്കോണം.''
വല്യപ്പനെന്ന നിലയില്‍ അയാള്‍ എന്തായിരുന്നു പറയേണ്ടത്? 'ഷൈനീ നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട. നിനക്ക് പഠിക്കാനോ ജോലിക്കോ എവിടെ വേണേലും പൊക്കോ മോളേ, ഈ കുഞ്ഞുങ്ങളെ ഞങ്ങള്‍ നോക്കിക്കോളാം.'' അങ്ങനെയൊരു കരുതലിന്റെ വാക്ക് കേള്‍ക്കാന്‍ ആ പാവം മോള്‍ക്കും കുഞ്ഞു മക്കള്‍ക്കും ഭാഗ്യമുണ്ടായില്ല. പാന്‍ജോ പറഞ്ഞു, 'എന്റെ ഭാര്യ ലൂസിക്ക് ഷൈനിയോട് അര മണിക്കൂര്‍ മിണ്ടാന്‍ കിട്ടിയിരുന്നെങ്കില്‍ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. പക്ഷേ. അതിനുള്ള സ്വാതന്ത്ര്യമില്ലല്ലോ. അവസരവും കിട്ടിയില്ല.
ഒടുവിലവള്‍ അപ്പച്ചന്‍ പറഞ്ഞപോലെ ഹോസ്റ്റല്‍ തേടിയിറങ്ങി. അവരെ എവിടെയെങ്കിലും ആക്കിയിട്ടു വേണം പഠിക്കാന്‍. എന്നിട്ട് വേണം ജോലിക്ക് പോകാന്‍.
ഹോസ്റ്റല് കാര്‍ പറഞ്ഞു, 'ഇത്രേം ചെറിയ പിള്ളേരെ നോക്കാന്‍ ഇവിടെ പറ്റത്തില്ല. കൊറച്ചൂടെ കഴിഞ്ഞിട്ട് നോക്കാം.''
പിള്ളേര്‍ വളര്‍ന്നു വലുതാകുന്നത് വരെ ഷൈനി എവിടെപ്പോകും? അന്നവള്‍ കൂട്ടുകാരി ജെസിക്ക് (റോസാ മിസ്റ്റിക്കയിലെ കൂട്ടുകാരി) ശബ്ദസന്ദേശം അയച്ചു, രഹസ്യം പറയുന്നത് പോലെ തീരെ ശബ്ദം താഴ്ത്തിയാണവള്‍ പറഞ്ഞത്. വീട്ടില്‍ ആരെങ്കിലും കേള്‍ക്കുമോ എന്ന് ആ സാധു പേടിച്ചു കാണും.
ഇത്രയും നിസ്സഹായയായ, ഒറ്റപ്പെട്ടും അവഗണിക്കപ്പെട്ടും പോയ ഒരു സാധു വീട്ടമ്മ സ്വന്തം വീട്ടില്‍ പോലും അപ്പനെയും അമ്മയെയും പേടിച്ചാണ് ജീവിച്ചത് എന്ന് വേണം കരുതാന്‍. ആരൊക്കെ പുറന്തള്ളിയാലും ആത്മവിശ്വാസത്തോടെ കേറിച്ചെല്ലാവുന്ന ഇടമാണ് പിറന്നുവീണ വീട് എന്ന സാമാന്യ ധാരണ അവളുടെ കാര്യത്തില്‍ തെറ്റായിപ്പോയി. അതോടെ പ്രത്യാശകളെല്ലാം അന്നവസാനിച്ചു.
'പിള്ളേരേം കൊണ്ട് പോയി ചാകെടീ' എന്ന് അന്ന് രാത്രിയില്‍ ഭര്‍ത്താവും കൂടി പറഞ്ഞത് ഏറെനാളായി ഷൈനി ചിന്തയില്‍ കൊണ്ടുനടന്നെന്ന് വിചാരിക്കാവുന്ന കടുംകൈയ്ക്ക് മേല്‍ ആണിയടിയ്ക്കലുമായി. അക്കാര്യം രാത്രിയില്‍ത്തന്നെ പിഞ്ചോമനകളോടും പറഞ്ഞുകാണും . അവരെക്കൊണ്ട് മകന്‍ എഡ്വിനെ വിളിപ്പിച്ച് പറയിപ്പിച്ചു, 'ഞങ്ങള്‍ പോകുന്നു ചേട്ടായീ. ഇനി നമ്മള്‍ തമ്മില്‍ കാണില്ല. 'എന്താണുദ്ദേശമെന്ന് അവനപ്പോള്‍ പിടികിട്ടിക്കാണില്ല. വെളുപ്പിന് 4.43 ന് ഷൈനിയും മക്കളും പുറത്തിറങ്ങി നീങ്ങുന്ന ആ സി സി ടി വി ദൃശ്യം ലോകത്തിനു കിട്ടിയത് കുര്യാക്കോസ് ശത്രുവായി കണ്ട പാന്‍ജോയുടെ ക്യാമറ യില്‍ നിന്നാണ്.
ഈ സംഭവപരമ്പരയിലെ ഏറ്റവും ഹൃദയഭേദകമായ ദൃശ്യമിതാണ് . ചുരുണ്ടുകൂടി മൂടിപ്പുതച്ചു കിടന്നുറങ്ങാന്‍ ഏതൊരു കുഞ്ഞും ഏറ്റവും ഇഷ്ടപ്പെടുന്ന ആ കുളിരുള്ള പുലര്‍ച്ചയ്ക്ക് സ്വന്തം അമ്മ തന്നെ പിഞ്ചു കുഞ്ഞുങ്ങളെ ബലമായി പിടിച്ചു വലിച്ചു മരണത്തിലേക്ക് കൊണ്ടുപോകുന്ന കാഴ്ച ഇനിയെന്നും നോവായി, നീറ്റലായി , വിങ്ങലായി, ഉണങ്ങാത്ത വ്രണമായി നമുക്കൊപ്പമുണ്ടാകണം..
ആ രാത്രിയില്‍ ഷൈനി ഒരു പോള കണ്ണടച്ചിട്ടുണ്ടാവില്ല. കുട്ടികള്‍ ഒന്നുമറിയാതെ ഉറങ്ങിയിരിക്കാം. പുലരും മുന്‍പേ അമ്മ വിളിച്ചുണര്‍ത്തിയത് അവര്‍ക്ക് ഇഷ്ടപ്പെട്ട് കാണില്ല. എപ്പോഴെങ്കിലും ഷൈനിയുടെ ഉള്ളില്‍ കുടിയേറിയ ആ കടുംകൈ വിചാരത്തെ പുറത്താക്കാന്‍ ഒരു പരിശുദ്ധത്മാവ് പറന്നിറങ്ങിയില്ലല്ലോ എന്നോര്‍ത്തു നാം ദൈവത്തോട് പോലും പരിഭവിച്ചു പോകുന്നു.
മരിച്ചവരില്‍ ഏതെങ്കിലുമൊരാള്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നിരുന്നെങ്കില്‍ എന്ന് ഞാന്‍ എന്റെ അപ്പനമ്മമാരെക്കുറിച്ചോ സഹോദരങ്ങളെക്കുറിച്ചോ ആഗ്രഹിച്ചിട്ടോ പ്രാര്‍ത്ഥിച്ചിട്ടോയില്ല. എന്നാല്‍ അടുത്ത കാലത്ത് ഞാന്‍ ചിലരെക്കുറിച്ച് അങ്ങനെ ആഗ്രഹിച്ചു പോകുന്നു. ആദ്യം സിദ്ധാര്‍ഥിനെക്കുറിച്ചാണ്. കാരണങ്ങള്‍ ഞാന്‍ എടുത്തു പറയേണ്ടതില്ല. പിന്നെ ഷൈനി, അലീന, ഇവാനാ എന്നിവരെക്കുറിച്ചും. ജീവിക്കാന്‍ കൊതിച്ച് ഒത്തിരി സ്വപ്നങ്ങള്‍ നെയ്തവരായിരുന്നു അവര്‍. സിദ്ധാര്‍ഥ്‌നെ ഒരുകൂട്ടം പിശാചുക്കള്‍ കൊന്നു. ഷൈനിയെ സാഹചര്യങ്ങള്‍ കൊന്നു. അത് ആത്മഹത്യ യല്ല, കൊലപാതകമാണ്. ഒരു ഭാര്യ, സഹോദരി, മകള്‍ എന്നൊക്കെയുള്ള നിലയില്‍ അവള്‍ അര്‍ഹിച്ചിരുന്നതും അവള്‍ക്ക് ആവശ്യമായിരുന്നതും കൊടുക്കാത്ത കുടുംബങ്ങളും കൂട്ടുകാരും സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന ഈ സമൂഹമാണ് അവരെ കൊന്നത്. കരുണയുടെ, കനിവിന്റെ ഒരു തുള്ളി വീഴ്ത്തണം ലോകമേ?
ജോര്‍ജ് പുല്ലാട്ട്
അതേസമയം ജോര്‍ജ് പുല്ലാട്ടിന്റെ കുറിപ്പും അയല്‍വാസികളില്‍ ചിലര്‍ മാധ്യമങ്ങളോടു പറഞ്ഞ കാര്യങ്ങളും പുറത്തുവന്നതോടെ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യവും ഉയരുന്നുണ്ട്. പിതാവിനെതിരെയും കുടുംബാംഗങ്ങള്‍ക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിതാവ് കുട്ടികളോടടക്കം മോശമായാണ് പെരുമാറിയത് എന്നാണ് ആരോപണം.
ഇതും ആത്മഹത്യയിലേക്ക് നയിച്ചുവെന്ന് പറയപ്പെടുന്നു. അതിനിടെ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ച് കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ശ്രമിക്കുകയാണ് പൊലീസ്. പിതാവ് കുര്യാക്കോസ്, ഷൈനിയുടെ ഭര്‍ത്താവ് നോബിയുടെ സഹോദരനും വൈദികനുമായ ബോബി എന്നിവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്താനും പോലീസ് ഒരുങ്ങുന്നുണ്ട്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ ട്രാക്കിനടുത്തെത്തിയ നാട്ടുകാരാണ് ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. പള്ളിയില്‍ പോകാന്‍ എന്നുപറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി.
ബിഎസ്സി നഴ്സ് ബിരുദധാരിയായിരുന്നു ഷൈനി. ജോലിക്ക് പോകാന്‍ ഷൈനി ഏറെ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മക്കളുമായി ഷൈനി സ്വന്തം വീട്ടിലെത്തിയത്. വിവാഹമാേചനത്തിന് നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബിയുടെ മാനസിക പീഡനം സഹിക്കവയ്യാതെ ഷൈനി മക്കളുമായി ആത്മഹത്യ ചെയ്തു എന്നും പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ നോബിയെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഷൈനിയുടെ പിതാവിനെതിരെയും ആരോപണങ്ങള്‍ ഉയരുന്നത്.