ഇന്റലിജന്‍സ് എന്നാല്‍ സര്‍വം രഹസ്യമയം: ഓഫീസും വാഹനവും ഉദ്യോഗസ്ഥരും വരെ പൊതുജനത്തിന് അജ്ഞാതം: ഭരണം നിലനിര്‍ത്താനുള്ള ആക്രാന്തത്തിനിടെ അതും പരസ്യമാക്കി സര്‍ക്കാര്‍: പത്തനംതിട്ട എസ്എസ്ബി ഓഫീസ് നിര്‍മാണ ഉദ്ഘാടനം നടത്തുന്നത് ആഘോഷമാക്കി: ഉദ്ഘാടകന്‍ മുഖ്യമന്ത്രി; ഇതൊരു അപൂര്‍വ്വ രഹസ്യ പോലീസ് ഓപ്പറേഷന്‍!

Update: 2026-01-22 06:10 GMT

പത്തനംതിട്ട: സംസ്ഥാന ഇന്റലിജന്‍സ് അഥവാ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്(എസ്എസ്ബി) സര്‍ക്കാരിന്റെ സ്വന്തം രഹസ്യപ്പോലീസാണ്. കേരള പോലീസില്‍ സ്പെഷല്‍ ബ്രാഞ്ച് രണ്ടു വിഭാഗമാണ്. ഒന്ന് ജില്ലാ സ്പെഷല്‍ ബ്രാഞ്ച്. ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. എന്ത് വിവരവും അന്വേഷിച്ച് ജില്ലാ പോലീസ് മേധാവിയെ അറിയിക്കുക എന്നതാണ് ജില്ലാ സ്പെഷല്‍ ബ്രാഞ്ചിന്റെ ചുമതല. ജില്ലാ പോലീസ് ആസ്ഥാനത്ത് തന്നെയാണ് ഓഫീസ്. ഒരു ഡിവൈ.എസ്.പിയാകും തലവന്‍.

അടുത്തത് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചാണ്. സര്‍ക്കാര്‍ നേരിട്ട് നയിക്കുന്ന ഇന്റലിജന്‍സ് വിഭാഗമാണ് സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച്. സര്‍ക്കാരിന്റെ പ്രതികരണങ്ങള്‍ എല്ലാം എസ്എസ്ബി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ്. സര്‍ക്കാരിന്റെ സ്വന്തം രഹസ്യപ്പോലീസാണ് ഇത്. മുഖ്യമന്ത്രിക്ക് അടക്കം നിര്‍ണായക വിവരങ്ങള്‍ എടുത്തു നല്‍കുന്നത് ഇന്റലിജന്‍സാണ്. പലപ്പോഴും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാകും മുഖ്യമന്ത്രി പ്രതികരിക്കുക. സര്‍ക്കാരിന്റെ ഭരണ സംവിധാനം മുന്നോട്ട് നീക്കുന്നതില്‍ മുഖ്യപങ്കും എസ്എസ്ബിയാണ് വഹിക്കുന്നത്. ഇതിന് ലോക്കല്‍ പോലീസുമായി ബന്ധമില്ല. അതാത് ജില്ലകളിലെ ഇന്റലിജന്‍സ് ഡിവൈ.എസ്.പിമാര്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇന്റലിജന്‍സ് എഡിജിപിക്കോ മേധാവിക്കോ മുന്‍പാകെയാണ്.

ജനങ്ങള്‍ക്കിടയില്‍ അതീവരഹസ്യമായിട്ടാണ് ഇന്റലിജന്‍സ് പ്രവര്‍ത്തിക്കുന്നത്. ഫീല്‍ഡ് ഉദ്യോഗസ്ഥനെ പൊതുജനങ്ങള്‍ തിരിച്ചറിയാന്‍ പാടില്ല. രഹസ്യമായി വിവരങ്ങള്‍ ശേഖരിക്കണം. സ്വന്തമായി ഓഫീസ് ഉണ്ടെങ്കിലും അതെവിടെയാണെന്ന് അറിയാന്‍ പാടില്ല. വാഹനത്തില്‍ പോലീസ് സ്റ്റിക്കര്‍ ഒന്നുമുണ്ടാകില്ല. ഓഫീസ് പ്രവര്‍ത്തിക്കുന്നത് ഏതെങ്കിലും ആളൊഴിഞ്ഞ മൂലയിലാകും. അങ്ങനെ ഒരു ഓഫീസ് പ്രവര്‍ത്തിക്കുന്ന കാര്യം ആര്‍ക്കും അറിയാനുള്ള സാഹചര്യവും നല്‍കില്ല.

അങ്ങനെ പരമരഹസ്യമായി പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് സംവിധാനത്തെ നാട്ടുകാര്‍ക്ക് മുന്നില്‍ പാട്ടാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍. പത്തനംതിട്ടയിലെ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ച് യൂണിറ്റ് മന്ദിരം ഓഫീസ് നിര്‍മാണ ഉദ്ഘാടനം നാലാള്‍ അറിയെ നടത്താനാണ് ഒരുങ്ങുന്നത്. സ്ഥലം എംഎല്‍എയും മന്ത്രിയുമായ വീണാ ജോര്‍ജിന്റെ ഭരണനേട്ടമായി കൊട്ടിഘോഷിക്കുന്നതിന് വേണ്ടിയാണ് ആഘോഷമായ ഓഫീസ് ഉദ്ഘാടനം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനിടെ ഇക്കാര്യം നാട്ടുകാര്‍ അറിയേണ്ടതല്ല എന്നുള്ള കാര്യമൊക്കെ സര്‍ക്കാര്‍ മറന്നു.

ജനുവരി 24 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം നിര്‍വഹിക്കും. നഗരമധ്യത്തില്‍ മാര്‍ത്തോമ്മ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം ജില്ലാ പോലീസ് ട്രെയിനിങ് സെന്ററിനോട് ചേര്‍ന്നുള്ള ഭൂമിയിലാണ് ഓഫീസ് നിര്‍മിക്കുന്നത്. നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി, ജില്ലയില്‍ നിന്നുള്ള എംഎല്‍എമാരായ മാത്യു ടി. തോമസ്, കെ.യു. ജനീഷ്‌കുമാര്‍, പ്രമോദ് നാരായണന്‍, ഇന്റലിജന്‍സ് എഡിജിപി പി. വിജയന്‍, എസ്.പി ജി.എല്‍. അജിത്കുമാര്‍, പോലീസ് സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. ജില്ലാ പോലീസ് മേധാവിയെ ഉള്‍ക്കൊള്ളിച്ചിട്ടില്ല.

രഹസ്യപ്പോലീസ് സംവിധാനം സര്‍ക്കാര്‍ തന്നെ പരസ്യമാക്കുന്നത് കണ്ട് ഞെട്ടിത്തരിച്ച് നില്‍ക്കുകയാണ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍. ഈ സംവിധാനത്തിന്റെ രഹസ്യാത്മകത പോയാല്‍ പിന്നെ എന്തു പ്രയോജനം എന്നാണ് അവര്‍ ചോദിക്കുന്നത്. ഭരണനേട്ടങ്ങള്‍ പി.ആര്‍ വര്‍ക്കിലൂടെ എത്തിക്കാന്‍ പാടുപെടുന്ന സര്‍ക്കാര്‍ എന്തും ചെയ്യുമെന്നാണ് ഇത് തെളിയിക്കുന്നത്.

Similar News