കരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍; അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് തൊഴില്‍ വകുപ്പ് ഉത്തരവ്; ശമ്പളം 28,000 രൂപയാക്കി ഉയര്‍ത്തും; 800 കിടക്കകള്‍ക്ക് മുകളിലുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കും; കരട് വിജ്ഞാപനം നാളെ പുറത്തിറക്കും; യുഎന്‍എ സമരം വിജയത്തിലേക്ക്; വിജ്ഞാപനത്തിന്റെ കരട് ലഭിച്ചാല്‍ തുടര്‍ നിലപാടെന്ന് ജാസ്മിന്‍ ഷാ
കരുത്തറിയിച്ച സ്വകാര്യ ആശുപത്രി നഴ്‌സുമാരുടെ സമരത്തില്‍ വിറച്ച് സര്‍ക്കാര്‍
തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപ ആക്കാന്‍ സര്‍ക്കാര്‍ തീരുമാനം. 25450 മുതല്‍ 28000 രൂപവരെയാണ് നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം. മറ്റു ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 23,650യാണ്. മുഴുവന്‍ ആശുപത്രി ജീവനക്കാര്‍ക്കും ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. 800 കിടക്ക വരെയുള്ള ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കാനുമാണ് തീരുമാനം. നഴ്സുമാര്‍ക്ക് പ്രത്യേക അലവന്‍സും പ്രഖ്യാപിക്കും.
പുതിയ കരട് നയം ഉടന്‍ പുറത്തിറക്കും. യുഎന്‍എയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിക്കുന്ന അവസ്ഥയിലേക്ക് മാറിയത്. ആക്ഷേപം കേള്‍ക്കാന്‍ 60 ദിവസത്തെ സമയവും കരട് നയത്തില്‍ ഉണ്ടാവും. നഴ്സുമാരുടെ സമരത്തെ തുടര്‍ന്നാണ് ശമ്പളം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം.
തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടറിയേറ്റിലേക്ക് ആയിരത്തോളം വരുന്ന നഴ്‌സുമാര്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു ആവശ്യം. ഈ സമരത്തിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവ് ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ പ്രതികരിച്ചു. 40,000 രൂപ അടിസ്ഥാന ശമ്പളം എന്നതാണ് യുഎന്‍എ മുന്നോട്ടു വെച്ച ആവശ്യം. സര്‍ക്കാര്‍ ഉത്തരവിന്റെ കരട് ലഭിച്ചാല്‍ തുടര്‍ ചര്‍ച്ചകളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
40000 അടിസ്ഥാന ശമ്പളം വേണമെന്നതില്‍ ഉറച്ച് യുഎന്‍എ നാളെ കോഴിക്കോട് സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. തുടര്‍ സമര പരിപാടി യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ തീരുമാനത്തിലുള്ള പ്രതികരണം ഈ യോഗ ശേഷമാണ് ഉണ്ടാകുക. യുഎന്‍എയുടെ സമരത്തിന്റെ ഭാഗമായി ശമ്പള വര്‍ധനവിന് തയ്യാറായി ആശുപത്രികള്‍ രംഗത്തുവന്നിരുന്നു. പ്രതഷേധത്തിന് പിന്നാലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (കിംസ്) നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു. സമാന നിലപാടിലേക്ക മറ്റ് ആശുപത്രികളും രംഗത്തുവന്നിരുന്നു.
വലിയ രീതിയിലുള്ള സമരമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ നഴ്‌സുമാര്‍ സെക്രട്ടറിയേറ്റിനും മാനവീയത്തുമുള്‍പ്പെടെ യുഎന്‍എയുടെ നേതൃത്വത്തില്‍ നടത്തിയത്. തുല്യ ജോലിക്ക് തുല്യ വേതനം ഉള്‍പ്പടെ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ജീവിതച്ചെലവ് കുതിച്ചുയരുന്ന കാലത്ത് കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് അടിസ്ഥാന വേതനം പുതുക്കി നിശ്ചയിക്കണമെന്നാണ് ആവശ്യം.
ആരോഗ്യ മേഖലയിലെ കരാര്‍ നിയമനങ്ങള്‍ നിര്‍ത്തലാക്കുക, ഡോ. ബല്‍റാം കമ്മിറ്റി റിപ്പോര്‍ട്ട്, ജഗദീഷ് പ്രസാദ് കമ്മിറ്റി റിപ്പോര്‍ട്ട് എന്നിവ പൂര്‍ണമായും നടപ്പിലാക്കുക, വീരകുമാര്‍ കമ്മിറ്റി പ്രകാരമുള്ള ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുക, നഴ്സിങ് അധ്യാപകര്‍ക്ക് യുജിസി സ്‌കെയില്‍ നടപ്പിലാക്കുക, എന്‍എച്ച്എം, പാലിയേറ്റീവ് കെയര്‍, എംഎല്‍എസ്പി, എച്ച്ഡിഎസ് ജീവനക്കാരുടെ ശമ്പളം തുല്യ ജോലിക്ക് തുല്യവേതനം എന്ന രീതിയില്‍ നടപ്പിലാക്കുക, രോഗി-നഴ്‌സ് അനുപാതം നിയമാനുസൃതമായി നടപ്പിലാക്കുക, ലേബര്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, പിഎസ്സി വഴി സ്ഥിര നിയമനങ്ങള്‍ നടപ്പിലാക്കുക, സ്റ്റാഫ് നഴ്സ് റാങ്ക് ഹോള്‍ഡേഴ്സിനെ സംരക്ഷിക്കുക എന്നിവയാണ് യുഎന്‍എയുടെ മറ്റ് ആവശ്യങ്ങള്‍.
