അര്‍ധരാത്രിയില്‍ വനിതാ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് ഒരു വാട്സാപ്പ് മെസേജ് എത്തും-പ്ലീസ് കാള്‍ മി; പ്രതികരിച്ചില്ലെങ്കില്‍ പിറ്റേന്ന് മുതല്‍ പ്രതികാരം; കോണ്‍ഫറന്‍സുകളില്‍ താറടിക്കും; വനിതാ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും ദുരനുഭവം: പരാതിയിലെ ആ എസ്.പി മന്ത്രി വാസവന്റെ അരുമയായ വി.ജി. വിനോദ്കുമാര്‍; കേരളാ പോലീസിലെ 'ചാറ്റര്‍ജി' വിവാദ നായകന്‍!

Update: 2025-08-24 04:31 GMT

പത്തനംതിട്ട: വനിത എസ്ഐമാര്‍ക്ക് മോശം സന്ദേശമയച്ചുവെന്ന പരാതിയില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് മുന്‍ പത്തനംതിട്ട എസ്.പി വി.ജി. വിനോദ്കുമാര്‍. ഇദ്ദേഹം പത്തനംതിട്ടയില്‍ ജോലി ചെയ്യുന്ന കാലത്ത് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരേ മോശം മെസേജ് അയച്ചുവെന്നാണ് പരാതി. ഇദ്ദേഹത്തിനെതിരേ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല ജില്ലാ പോലീസ് ആസ്ഥാനത്തെ വനിതാ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്കും പരാതി ഉണ്ട്. മന്ത്രി വി.എന്‍. വാസവന്റെ സംരക്ഷണയിലുള്ള വിനോദിനെതിരേ പരാതി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയായിരുന്നു.

ആറന്മുള പോക്സോ കേസ് അട്ടിമറി, കോയിപ്രം കസ്റ്റഡി പീഡനം, എഡിജിപി എംആര്‍ അജിത്കുമാറിന്റെ ട്രാക്ടര്‍ യാത്ര, ക്രിമിനല്‍ കേസ് പ്രതിയായ, റൗഡി ലിസ്റ്റില്‍ പേരുള്ള അഭിഭാഷകനെ കരിക്കിനേത്ത് കേസില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ആക്കാനുള്ള നീക്കം, കോന്നിയില്‍ പോക്സോ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച വനിതാ എസ്ഐക്ക് സംരക്ഷണം തുടങ്ങി ഒരു പിടി വിവാദങ്ങള്‍ 10 മാസം പത്തനംതിട്ടയില്‍ ജോലി ചെയ്യുമ്പോള്‍ വിനോദ്കുമാര്‍ ഉണ്ടാക്കിയിട്ടുണ്ട്. നിരന്തരമായ മാധ്യമ വാര്‍ത്തകള്‍ക്കൊടുവില്‍ വിനോദിനെ പത്തനംതിട്ടയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ തയാറായെങ്കിലും ക്രമസമാധാന ചുമതലയുളള എഡിജിപിയുടെ ഓഫീസില്‍ നിര്‍ണായക തസ്തിക നല്‍കിയാണ് മാറ്റിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മന്ത്രി വി.എന്‍. വാസവന്‍ ആണെന്ന ആക്ഷേപവും ശക്തമാണ്.

വനിത എസ്ഐമാര്‍ നേരിട്ട് പരാതി നല്‍കുകയായിരുന്നില്ലെന്നാണ് അറിയുന്നത്. ഇവര്‍ക്ക് എസ്പി നിരന്തരം ശല്യമായിരുന്നു. രാത്രി 11 ന് ശേഷം പ്ലീസ് കാള്‍ മി എന്ന് വാട്സാപ്പിലേക്ക് എസ്പി നിരന്തരം മെസേജ് അയച്ചിരുന്നു. വനിതാ എസ്ഐമാര്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം സഹപ്രവര്‍ത്തകരോട് പറഞ്ഞു. പരാതി നല്‍കാന്‍ പലരും ഉപദേശിച്ചെങ്കിലും ഇവര്‍ക്ക് ഭയമായിരുന്നു. മന്ത്രിയുടെ നോമിനിയായ, സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമുള്ള വിനോദ്കുമാറിനെതിരേ പരാതി നല്‍കിയാല്‍ അത് തങ്ങളുടെ തുടര്‍ന്നുളള സര്‍വീസിനെ ബാധിക്കുമെന്ന് ഇവര്‍ക്ക് ഭയമുണ്ടായിരുന്നു. മാത്രവുമല്ല, പിന്തുടര്‍ന്ന് ഉന്മൂലനം ചെയ്യുന്നതാണ് വിനോദിന്റെ രീതി എന്നുള്ളത് കേരള പോലീസിന് മൊത്തം അറിയാവുന്ന കാര്യമാണ്.

വനിത എസ്ഐമാര്‍ക്ക് നേരിട്ട ദുരനുഭവം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണമേഖല റേഞ്ച് ഐജി അജിതാ ബീഗം എസ്ഐമാരെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി മൊഴി എടുക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ ചുമതല ഡിഐജി മെറിന്‍ ജോസഫിന് കൈമാറി. തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കാന്‍ വനിതാ എസ്ഐമാരെ മോശമാക്കി ചിത്രീകരിക്കുന്ന പ്രവണതയും വിനോദ്കുമാറിനുണ്ട്. വിനോദിന്റെ വലം കൈയായി അറിയപ്പെടുന്ന ഒരു വനിതാ എസ്ഐ പത്തനംതിട്ടയില്‍ ഉണ്ടായിരുന്നു. കോണ്‍ഫറന്‍സുകളില്‍ ഇവരെ പുകഴ്ത്തി കാണിക്കും. മറ്റുള്ള എസ്ഐമാരൊന്നും പോരാ എന്ന തരത്തില്‍ അപമാനിക്കും. ഡ്യൂട്ടിയുടെയും സര്‍വീസിന്റെയും കാര്യത്തില്‍ പല വിധത്തിലുള്ള ദ്രോഹവും ചെയ്യും. വനിതാ പോലീസുകാര്‍ക്കും ദുരനുഭവം നേരിട്ടിട്ടുണ്ട്.

വനിതാ മിനിസ്റ്റീരിയല്‍ സ്റ്റാഫിനെയും വെറുതേ വിടില്ല. രാവിലെ വന്നാലുടന്‍ ഇവരില്‍ ചിലരെ തന്റെ ഓഫീസലേക്ക് വിളിപ്പിച്ച് അവിടെ ഇരുത്തും. പിന്നെ കുശലവും കിന്നാരവുമാണ്. വൈകിട്ട് അഞ്ചിന് ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ നേരം വീണ്ടും വിളിപ്പിച്ച് അവിടെ ഇരുത്തി കിന്നാരം പറയും. എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ മുട്ടന്‍ പണി കിട്ടുമെന്നത് കാരണം പലരും സഹിച്ചു പോരുകയായിരുന്നു. സര്‍ക്കാര്‍ തലത്തില്‍ വിനോദിനുള്ള പിടിയും മന്ത്രി വാസവന്റെ പ്രൊട്ടക്ഷനും ഭയന്നാണ് പലരും പരാതി നല്‍കാന്‍ തയാറാകാതിരുന്നത്. വിനോദ്കുമാര്‍ പോയതിന് ശേഷമാണ് ജില്ലയില്‍ പോലീസ് സേനയ്ക്ക് ആത്മവിശ്വാസം കൈവന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണത്തേക്കാള്‍ ഉപരി തനിക്കെതിരേ നീങ്ങുന്നവരെ തകര്‍ക്കുക എന്നതു മാത്രമായിരുന്നു വിനോദിന്റെ ജോലി. നിരവധി പോലീസുകാരെ സ്ഥലം മാറ്റി. ഡിവൈ.എസ്.പിമാര്‍ക്കെതിരേ റിപ്പോര്‍ട്ട് അയച്ചു.

ആറന്മുള പോലീസ് അന്വേഷണ വീഴ്ച വരുത്തിയ പോക്സോ കേസിന്റെ പേരില്‍ കോന്നി ഡിവൈ.എസ്.പിയെയും എസ്എച്ച്ഓയെയും സസ്പെന്‍ഡ് ചെയ്യിപ്പിച്ചു. ഇവര്‍ സര്‍വീസില്‍ തിരിച്ചു കയറാതിരിക്കാന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി തലത്തില്‍ തന്നെ ഓപ്പറേഷന്‍സ് നടത്തി വരികയാണ്. പായയില്‍ നിന്ന് എടുത്ത് മെത്തയിലേക്ക് എന്നു പറയുന്നതു പോലെയായിരുന്നു പത്തനംതിട്ടയില്‍ നിന്ന് വിനോദിന്റെ മാറ്റം. ആരോപണവും വിവാദങ്ങളുമേറ്റ് വലഞ്ഞ വിനോദിനെ പത്തനംതിട്ട എസ്പി സ്ഥാനത്ത് നിന്ന് മാറ്റാതെ സര്‍ക്കാരിന് രക്ഷയില്ലെന്ന് വന്നു. അപ്പോള്‍ കൊടുത്തത് നിര്‍ണായക തസ്തികയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഓഫീസിലെ എഐജി. കണ്‍ഫേര്‍ഡ് ഐപിഎസുകാരനായ വിനോദിന് നിര്‍ണായക തസ്തിക നല്‍കിയതിനാണ് നേരിട്ടുള്ള ഐപിഎസുകാര്‍ക്ക് അതൃപ്തി.

Similar News