സര്‍വ്വകലാശാല അംഗീകാരങ്ങളിലെ കാര്യത്തില്‍ അനിശ്ചിതത്വം; കേരള സര്‍വകലാശാല അംഗീകാരം നല്‍കിയത് അഞ്ചു വര്‍ഷത്തിനു ശേഷം; സെമസ്റ്റര്‍ പരീക്ഷാ നടത്തിപ്പുകള്‍ ആശയക്കുഴപ്പത്തില്‍; ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് നല്ലകാലം വരുമോ?

Update: 2025-08-30 03:09 GMT

തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അഞ്ചുവര്‍ഷത്തിനു മുന്‍പ് കൊട്ടിഘോഷിച്ചു നടപ്പിലാക്കിയ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കോഴ്സുകളുടെ അംഗീകാരം സംബന്ധിച്ച് ആശങ്കകള്‍ ഉയരുന്നു. കോഴ്സുകള്‍ ആരംഭിച്ച് അഞ്ചുവര്‍ഷത്തിനു ശേഷം, കഴിഞ്ഞ മാസമാണ് കേരള സര്‍വകലാശാല അംഗീകാരം നല്‍കിയത്. 2024 ജൂലൈയില്‍ പ്രവേശനം നേടിയ യു.ജി- പി.ജി വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷാ നടത്തിപ്പുകള്‍ സംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പം.

സര്‍വകലാശാലയുടെ കോഴ്സുകള്‍ക്ക് ഏതെല്ലാം യൂണിവേഴ്സിറ്റികളുടെ അംഗീകാരമുണ്ടെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ 2020 ലാണ് മറ്റ് സര്‍വകലാശാലകളുടെ വിദൂര വിദ്യാഭ്യാസ വിഭാഗത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ കീഴില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ അഞ്ചുവര്‍ഷം പിന്നിട്ടിട്ടും സര്‍വകലാശാലയുടെ പ്രവര്‍ത്തനം തുടങ്ങിയിടത്തു തന്നെ നില്‍ക്കുകയാണ്. കോഴ്സുകള്‍ക്ക് യു.ജി സി അംഗീകാരമുണ്ടെന്നും ജോലിക്കിടയില്‍ പഠിക്കാനാവുമെന്നുമുള്ള വാഗ്ദാനം നല്‍കിയാണ് സര്‍വകലാശാല പഠിതാക്കളെ ആകര്‍ഷിച്ചത്. 2024 ല്‍ പ്രവേശനം നേടിയവരുടെ യുജി/പിജി കോഴ്സുകളുടെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ 2025 ജനുവരിക്ക് മുന്‍പേ നടത്തേണ്ടതായിരുന്നു. എന്നാല്‍, സര്‍വകലാശാലയുടെ പിടിപ്പുകേട് മൂലം പരീക്ഷ 2025 ഏപ്രില്‍ മാസത്തില്‍ തുടങ്ങി മെയ് മാസത്തില്‍ അവസാനിക്കുകയായിരുന്നു. ഈ പരീക്ഷയുടെ ഫലപ്രഖ്യാപനവും നിലവില്‍ അനിശ്ചിതത്വത്തിലാണ്.

പിജി കോഴ്സുകള്‍ക്ക് ആകെ അഞ്ച് പേപ്പറുകളാണുള്ളത്. 15 മാര്‍ക്കുവീതമുള്ള അനലറ്റിക്, ഡിസ്‌ക്രിപ്റ്റീവ് എന്നീ രണ്ട് അസൈന്‍മെന്റുകള്‍ ഓരോ പേപ്പറിനുമുണ്ട്. അഞ്ച് പേപ്പറുകളിലായി പത്ത് അസൈന്‍മെന്റുകള്‍ പഠിതാക്കള്‍ സമര്‍പ്പിക്കണം. പൂര്‍ത്തിയാക്കിയ അസൈന്‍മെന്റുകള്‍ അതത് ലേണേഴ്സ് സപ്പോര്‍ട്ടിംഗ് സെന്ററുകളില്‍ നേരിട്ടെത്തി നല്‍കണമെന്നായിരുന്നു സര്‍വകലാശാലയുടെ നിര്‍ദ്ദേശം. എന്നാല്‍ നേരിട്ടുള്ള അസൈന്‍മെന്റ് സമര്‍പ്പണം വേണ്ടെന്ന് അറിയിച്ച് സര്‍വകലാശാല പൊടുന്നനേ ഉത്തരവിറക്കി. ആശയക്കുഴപ്പത്തിലായ പഠിതാക്കളില്‍ ചിലര്‍ ഓണ്‍ലൈനായും മറ്റ് ചിലര്‍ ഓഫ് ലൈനായും അസൈന്‍മെന്റുകള്‍ സമര്‍പ്പിച്ചു. തിരുവനന്തപുരം സെന്ററിലെ ഓണ്‍ലൈന്‍ വഴി അസൈന്‍മെന്റ് സമര്‍പ്പിച്ചവരുടെ ഫലമാണ് ആദ്യം പുറത്തുവന്നത്. മറ്റ് ജില്ലകളില്‍ ഫലപ്രഖ്യാപനം അനിശ്ചിതമായി നീണ്ടതോടെ കൂട്ടപരാതി ഉയര്‍ന്നു. പഠിതാക്കളുടെ സമ്മര്‍ദ്ദം ഏറിയതോടെ മിക്കവര്‍ക്കും മുഴുവന്‍ മാര്‍ക്കോ ഉയര്‍ന്ന മാര്‍ക്കോ നല്‍കി പ്രശ്നം പരിഹരിക്കാനായി സര്‍വകലാശാലയുടെ ശ്രമം. ഈ നടപടിയും സര്‍വകലാശാലക്ക് തന്നെ തിരിച്ചടിയായി. മാര്‍ക്ക് കുറഞ്ഞവര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. മാര്‍ക്കിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്നും തങ്ങളുടെ അസൈന്‍മെന്റുകള്‍ പുന:പരിശോധിക്കണമെന്നും മാര്‍ക്ക് കുറഞ്ഞവര്‍ ആവശ്യപ്പെട്ടു.

ഒരു സെമസ്റ്ററിന്റെ കാലാവധി ആറുമാസമാണെന്നിരിക്കേ രണ്ടരമാസത്തിനുള്ളില്‍ തിരക്കിട്ട് രണ്ടാം സെമസ്റ്റര്‍ പരീക്ഷ നടത്താനും സര്‍വകലാശാല തീരുമാനിച്ചു. സര്‍വകലാശാല ഒന്നാം സെമസ്റ്റര്‍ പരീക്ഷ നിശ്ചിതകാലയളവില്‍ നടത്തിയിരുന്നുവെങ്കില്‍ പ്രശ്നം ഉണ്ടാകുമായിരുന്നില്ല. അതിനിടെ, പഠിതാക്കളെ കൂടുതല്‍ കുഴപ്പത്തിലാക്കിക്കൊണ്ട് മൂന്നാം സെമസ്റ്ററിന്റെ ക്ളാസ് ഓഗസ്റ്റ് മൂന്നിന് ആരംഭിക്കുകയും ചെയ്തു. രണ്ടരമാസ കാലാവധിക്കുള്ളില്‍ പത്ത് അസൈന്‍മെന്റുകള്‍ സമര്‍പ്പിക്കുക, പരീക്ഷ എഴുതുക, മൂന്നാം സെമസ്റ്ററിന്റെ ക്ളാസുകളില്‍ പങ്കെടുക്കുക എന്നീ ദുഷ്‌കരമായ ദൗത്യമാണ് നിലവില്‍ പഠിതാക്കള്‍ നേരിടുന്നത്. സമയപരിമിതി മൂലം ഓഗസ്റ്റ് 24 ന് ഞായറാഴ്ച തുടങ്ങേണ്ട പരീക്ഷയുടെ രജിസ്ട്രേഷന്‍ നടപടികള്‍ പലരും പൂര്‍ത്തിയാക്കിയിരുന്നില്ല. എന്നാല്‍, പരീക്ഷാ രജിസ്ട്രേഷന് ഓഗസ്റ്റ് 22 ന് വൈകിട്ട് മൂന്ന് മണി മുതല്‍ നാല് വരെ സമയം അനുവദിച്ചുകൊണ്ട് സര്‍വകലാശാല മറ്റൊരു വിചിത്ര ഉത്തരവും പുറത്തിറക്കി. 22 നാണ് ഈ ഉത്തരവിറക്കിയത്. ഒരുമണിക്കൂറിനുള്ളില്‍ ഫീസ് അടക്കല്‍ ഉള്‍പ്പെടെയുള്ള സാങ്കേതിക പ്രശ്നങ്ങളെ അതിജീവിച്ച് പരീക്ഷാ രജിസ്ട്രേഷന്‍ നടത്തുകയെന്നത് അസാധ്യമായതിനാല്‍ പലരും പരീക്ഷ എഴുതുന്നില്ലെന്ന തീരുമാനത്തിലുമെത്തി.

അധ്യാപകരില്‍ ബഹുഭൂരിപക്ഷവും ഗസ്റ്റ് ലക്ചറര്‍മാരായതിനാല്‍ അവര്‍ക്കും പഠിതാക്കളുടെ പ്രശ്നങ്ങളില്‍ ഇടപെടാനാവുന്നില്ല. പരാതികള്‍ സര്‍വകലാശാലയെ നേരിട്ട് അറിയിക്കുകയെന്ന നിലപാടിലാണ് അധ്യാപകര്‍. സര്‍വകലാശാലാ ആസ്ഥാനത്തേക്ക് വിളിച്ചാല്‍ ഫോണിലൂടെ ഉത്തരം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്. ഓണ്‍ലൈന്‍ ക്ളാസുകളേ ഉണ്ടാവുകയുള്ളൂയെന്നായിരുന്നു സര്‍വകലാശാല തുടക്കത്തില്‍ അറിയിച്ചിരുന്നത്. ഒരു കോഴ്സിന് ഇരുപതിലധികംപേര്‍ ഉണ്ടായാല്‍ മാത്രമേ ഓഫ്ലൈന്‍ കോഴ്സുകള്‍ ഉണ്ടാവുകയുള്ളൂയെന്നും സര്‍വകലാശാല അഡ്മിഷന്‍ സമയത്ത് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പൊന്നുമില്ലാതെ രണ്ട് മാസം മുന്‍പ് പഠിതാക്കളുടെ എണ്ണം നോക്കാതെ ക്ളാസുകള്‍ പൂര്‍ണമായും ഓഫ്ലൈനിലേക്ക് മാറ്റി. പഠിതാക്കളുടെ കൊഴിഞ്ഞുപോക്ക് തടയാനായി ഒരു സെമസ്റ്ററിന്റെ രജിസ്ട്രേഷനോട് അനുബന്ധിച്ച് അടുത്ത സെമസ്റ്ററിന്റെ ഫീസ് കൂടി ഈടാക്കുന്നതാണ് സര്‍വകലാശാലയുടെ രീതി. ഉയര്‍ന്ന ഫീസാണ് സര്‍വകലാശാല ഈടാക്കുന്നതെന്ന പരാതിയും ശക്തമാണ്.

സര്‍വകലാശാലയില്‍ നിന്നും ബിരുദവും ബിരുദാനന്തര ബിരുദവും നേടി കേരള സര്‍വകലാശാലയില്‍ ബി.എഡിന് അപേക്ഷിച്ച വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ തള്ളിയതോടെയാണ് കോഴ്സിന് കേരള സര്‍വകലാശായുടെ അംഗീകാരമില്ലെന്ന വിവരം പുറത്തറിഞ്ഞത്. ഇതേത്തുടര്‍ന്ന് ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. വി.പി ജഗതിരാജും അക്കാദമിക് ആന്റ് റിസര്‍ച്ച് കമ്മറ്റി കണ്‍വീനറും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ. എം. ജയപ്രകാശും കേരളസര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ . മോഹന്‍കുന്നുമ്മേലിനെ നേരില്‍ കണ്ട് കോഴ്സുകള്‍ക്ക് അംഗീകാരം നേടിയെടുക്കുകയായിരുന്നു. ഈ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് കേരളാ സര്‍വകലാശാലയുടെ അടിയന്തിര അക്കാദമക് കൗണ്‍സില്‍ ചേര്‍ന്ന് ഓപ്പണ്‍ സര്‍വകലാശാല കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കിയത്. നിലവില്‍ 31 യു.ജി, പി.ജി പ്രോഗ്രാമുകളും നാലു സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുമാണ് ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല നടത്തുന്നത്. ഇതില്‍ 29 യു.ജി, പി.ജി പ്രോഗ്രാമുകളുടെയും മൂന്നു സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളുടെയും പ്രവേശനം ഇപ്പോള്‍ നടക്കുകയാണ്.

Tags:    

Similar News