ആ മോഡവും പിണറായി പോലീസ് കൊണ്ടു പോയി! മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ വാര്‍ത്ത ചെയ്തു; ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസില്‍ റെയ്ഡ് നടത്തി; കംപ്യൂട്ടറുകളും ക്യാമറകളും അടക്കം എല്ലാം പെറുക്കിയെടുത്ത് പോലീസ്: വിമര്‍ശകരെ വെറുതെ വിടില്ലെന്ന് പ്രഖ്യാപിച്ച് വീണ്ടും പിണറായി

Update: 2024-10-24 12:30 GMT

തിരുവനന്തപുരം: വീണ്ടും പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാധ്യമ വേട്ട. ഓണ്‍ലൈന്‍ ചാനല്‍ ഉടമ സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസിലാണ് അസാധാരണ റെയ്ഡ് പോലീസ് നടത്തിയത്. കമ്പ്യൂട്ടറും ക്യാമറയുമെല്ലാം പോലീസ് എടുത്തു കൊണ്ടു പോയി. ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് ഈ നടപടികള്‍ക്ക് ആധാരം. ഒരു കൊല്ലം മുമ്പ് മറുനാടന്‍ മലായളിയുടെ ഓഫീസില്‍ നടന്നതിന് സമാനമാണ് ഈ റെയ്ഡും. യൂട്യൂബില്‍ വന്ന വീഡിയോ പോലീസിന്റെ കൈയ്യിലുണ്ട്. എന്നിട്ടും ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ വേണ്ടി കമ്പ്യൂട്ടറുകളും ക്യാമറകളും പോലീസ് കൊണ്ടു പോകുന്നു. ഓഫീസ് പൂട്ടിക്കുകയെന്ന ലക്ഷ്യമാണ് ഇതിലൂടെ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.

ഡിഎന്‍എ ന്യൂസ് എന്ന യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്തയാണ് സര്‍ക്കാരിനെ പ്രകോപിതരാക്കിയത്. സ്വമേധയായാണ് കേസെടുത്തത്. സൈബര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട വാര്‍ത്ത യൂട്യൂബില്‍ വന്നത് കണ്ടതെന്ന് എഫ് ഐ ആറില്‍ തന്നെ വ്യക്തമാണ്. തിരുവനന്തപുരത്തെ സുമേഷ് മാര്‍ക്കോ പോളയുടെ ഓഫീസിലാണ് റെയ്ഡ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പാണെന്ന് പറഞ്ഞ് വാര്‍ത്ത കൊടുത്തുവെന്നാണ് ആരോപണം. സെപ്റ്റംബര്‍ 17ന് കൊടുത്ത 27 മിനിറ്റ് വീഡിയോയാണ് പ്രശ്‌നം. ഈ കേസില്‍ സുമേഷ് മാര്‍ക്കോപോളോ പോലീസിന് മൊഴി നല്‍കിയിരുന്നു. തെളിവെടുപ്പും നടത്തി. എന്നാല്‍ അതിന് ശേഷവും ഓഫീസില്‍ റെയ്ഡ് നടത്തി.

കോടതി ഉത്തരവുണ്ടെന്ന് പറഞ്ഞ് ഓഫീസിലെത്തുകയായിരുന്നു പോലീസ്. അതിന് ശേഷം എല്ലാ ഉപകരണവും പോലീസ് എടുത്തു കൊണ്ടു പോയി. വീഡിയോ ആണ് പ്രശ്‌നമെങ്കില്‍ അതുണ്ടാക്കിയ ക്യാമറ മാത്രം കൊണ്ടു പോയാല്‍ മതി. എന്നാല്‍ അതൊന്നുമല്ല സംഭവിക്കുന്നത്. മുമ്പ് മറുനാടന്‍ മലയാളിയില്‍ സംഭവിച്ചതു പോലെ എല്ലാം പോലീസ് കൊണ്ടു പോയി. ഇതോടെ ആ സ്ഥാപനം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പിക്കുകയാണ് പോലീസ്. ഒരു മാധ്യമ സ്ഥാപനം കൂടി പൂട്ടിക്കുന്നതാണ് ഇടപെടല്‍. രാവിലെ പത്ത് മണി കഴിഞ്ഞതോടെ പോലീസ് ഇരച്ചെത്തുകയായിരുന്നു. അതിന് ശേഷം റെയ്ഡിലേക്ക് കടന്നു. ആദ്യം ഒരു കേസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പരാതിയുണ്ടായിരുന്നു. അതിന് മൊഴിയും നല്‍കി. അതിന് ശേഷമാണ് വീണ്ടും പുതിയ കേസുമായി വന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് ലോകായുക്തയില്‍ കേസുണ്ടെന്നാണ് വാര്‍ത്ത നല്‍കിയതെന്ന് മാര്‍ക്കോപോളോ പറഞ്ഞു. രണ്ട് കമ്പ്യൂട്ടറും ലോപ് ടോപ്പും അടക്കം എല്ലാം പോലീസ് കൊണ്ടു പോയി. രാവിലെ തുടങ്ങിയ റെയ്ഡ് മൂന്നരയോടെയാണ് തീര്‍ന്നത്. ഓഫീസ് പ്രവര്‍ത്തിക്കരുതെന്ന ഉദ്ദേശത്തോടെയാണ് പോലീസ് നടപടിയെന്നും സുമേഷ് പറയുന്നു. എടുത്തു കൊണ്ടു പോയ സാധനത്തിന്റെ വിവരങ്ങള്‍ പോലും സുമേഷിന് നല്‍കിയില്ല. സ്ഥാപനം വാടകയ്ക്കാണ് പ്രവര്‍ത്തിക്കുന്നത്. ഈ കെട്ടിട ഉടമയ്ക്കാണ് ആ ലിസ്റ്റ് നല്‍കിയതെന്ന് സുമേഷ് പറയുന്നു. കമ്പ്യൂട്ടറിന്റെ മോഡം ഉള്‍പ്പെടെയാണ് കൊണ്ടു പോയത്.

നാട്ടുകാരുടെ മുന്നില്‍ ഭീകരത സൃഷ്ടിക്കും പോലെയാണ് പോലീസ് പെരുമാറിയതെന്ന് സുമേഷ് പറയുന്നു. കടവും ലോണുമെല്ലാം എടുത്താണ് മുമ്പോട്ട് പോയത്. ഇനി എങ്ങനെ മുമ്പോട്ട് പോകുമെന്ന് അറിയില്ലെന്നും സുമേഷ് പറയുന്നു. മറുനാടന്‍ മലയാളിയുടെ ഓഫീസില്‍ റെയ്ഡ് നടന്നപ്പോഴും എല്ലാ ഇല്‌ക്ട്രോണിക് ഉപകരണങ്ങളും പോലീസ് റെയ്‌ഡെന്ന് പറഞ്ഞു കൊണ്ടു പോയി. അടുത്ത ദിവസം മുതല്‍ സ്ഥാപനം പ്രവര്‍ത്തിക്കാതിരിക്കാനുള്ള കരുതലായിരുന്നു അവരെടുത്തത്. എന്നാല്‍ അതിനെ അതിജീവിച്ച് കേസുകളെ നിയമവഴിയില്‍ നേരിട്ട് മറുനാടന്‍ മുമ്പോട്ട് കുതിച്ചു. ആ സംഭവം പോലീസിന് വലിയ വിമര്‍ശനമുണ്ടാക്കി. ഇതേ രീതിയിലാണ് സുമേഷ് മാര്‍ക്കോപോളോയുടെ ഓഫീസിലെ റെയ്ഡിലും പോലീസ് സ്വീകരിക്കുന്നത്.

വിമര്‍ശകരെ അടിച്ചമര്‍ത്തുമെന്ന സന്ദേശമാണ് പോലീസ് നല്‍കുന്നത്. വീഡിയോ സ്‌റ്റോറിയില്‍ ആരും പരാതി നല്‍കുന്നില്ല. പോലീസ് സ്വയം കേസെടുക്കുന്നു. അതിന് ശേഷം സ്ഥാപനം പൂ്ട്ടുന്ന തരത്തിലേക്ക് നിയമ നടപടികളും എത്തിക്കുകയാണ്.

ഈ വാര്‍ത്തയുടെ വിശദ വീഡിയോ സ്‌റ്റോറി ചുവടെ


Full View


Tags:    

Similar News