കാത്തു നിന്ന് മടുത്ത് ഓട്ടോയ്ക്ക് അടുത്ത് എത്തി; ഹനുമാന്‍ ക്ഷേത്രത്തിലേക്ക് ഓട്ടം പോകുമോ എന്ന് ചോദ്യം; പിന്നെ മണ്ണാറശ്ശാലയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ കേന്ദ്രമന്ത്രിയുടെ ഡ്രൈവര്‍; കുമരകത്ത് പോകാന്‍ പറഞ്ഞെന്നത് കള്ളം; സുരേഷ് ഗോപി അദ്വൈത് ഓട്ടോയില്‍ കയറിയത് എന്തിന്? ഹരിപ്പാട്ടെ സുനില്‍ കഥ പറയുമ്പോള്‍
ഹരിപ്പാട്: അദ്വൈത് എന്ന ഓട്ടോയും സുനില്‍ എന്ന ഡ്രൈവറും ഹരിപ്പാട് താരങ്ങളാണ് ഇന്ന്. മണ്ണാറശ്ശാല ആയില്യ ഉത്സവത്തിനിടെ നാട്ടുകാര്‍ക്ക് കിട്ടിയ 'ആക്ഷന്‍ ഹീറോ'. മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ ഓട്ടോ ഡ്രൈവറായി മാറിയാണ് സുനില്‍ ശ്രദ്ധേയനായത്. എല്ലാം ഈ ഡ്രൈവര്‍ക്ക് അവിചാരിതമായി തേടിയെത്തിയ ഭാഗ്യം. അതില്‍ സന്തോഷമുണ്ടെന്ന് സുനില്‍ മറുനാടനോട് പറഞ്ഞു.
മണ്ണാറശാല ക്ഷേത്ര ദര്‍ശനത്തിന് ശേഷം ഇറങ്ങി വന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് അവിടെയൊന്നും തന്റെ ഔദ്യോഗിക വാഹനം കാണാനായില്ല. കുറച്ചകലെയുള്ള ഹനുമാന്‍ ക്ഷേത്രത്തിലും പോകണം. കാത്തു നിന്ന സുരേഷ് ഗോപി ക്ഷമ പോകും മുമ്പ് അടുത്തുള്ള ഓട്ടോയെ സമീപിച്ചു. ഓട്ടം പോകാമോ എന്ന് ചോദിച്ചു. ആദ്യമൊന്ന് പകച്ച സുനില്‍ തന്റെ ജോലി ഡ്രൈവിംഗാണെന്ന് തിരഞ്ഞറിഞ്ഞ് അതിവേഗം സമ്മതം മൂളി. നടനും കേന്ദ്രമന്ത്രിയുമായ താരം അങ്ങനെ ഓട്ടോയില്‍ കയറി. ലക്ഷ്യസ്ഥാനത്ത് എത്തിച്ചപ്പോള്‍ 200 രൂപ സുരേഷ് ഗോപി നല്‍കി. അമ്പത് രൂപ പോയിട്ട് ബാക്കി നല്‍കിയപ്പോള്‍ സ്‌നേഹ പൂര്‍വ്വം നടന്‍ വേണ്ടെന്ന് പറഞ്ഞു. അങ്ങനെ കേന്ദ്രമന്ത്രിയുടെ ഓട്ടോ ഡ്രൈവറായി ഹരിപ്പാട്ടെ സുനില്‍.
ഓട്ടോയ്ക്ക് അരികിലേക്ക് എത്തിയ സുരേഷ് ഗോപി ഹരിപ്പാട്ട് തന്നെയുള്ള ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകാനാണ് പറഞ്ഞത്. കുമരകത്തേക്കാണ് പോകാന്‍ പറഞ്ഞത് എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അത് ശരിയല്ലെന്ന് സുനില്‍ മറുനാടനോട് പ്രതികരിച്ചു. എല്ലാം അറിഞ്ഞ ഭാര്യയും സുഹൃത്തുക്കളുമെല്ലാം സെല്‍ഫിയെടുക്കാത്തതിനെ പറ്റി സുനിലിനോട് ചോദിച്ചു. എന്നാല്‍ അതിനൊന്നും സുനില്‍ ശ്രമിച്ചില്ലെന്നതാണ് വസ്തുത. യാത്രക്കാരനെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക മാത്രമായിരുന്നു മനസ്സില്‍. ഓട്ടോയില്‍ യാത്ര ചെയ്യുമ്പോള്‍ സുരേഷ് ഗോപി ഒന്നും സംസാരിച്ചില്ലെന്നും സുനില്‍ വിശദീകരിച്ചു. സുരേഷ് ഗോപിയുടെ ഡ്രൈവറാകാന്‍ കഴിഞ്ഞതില്‍ സന്തോഷം മാത്രം.
മണ്ണാറശ്ശാല നാഗരാജ ക്ഷേത്രത്തില്‍ പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ച കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നു. ചടങ്ങ് കഴിഞ്ഞ് ക്ഷേത്രത്തിലെ ദീപക്കാഴ്ചയിലും പങ്കെടുത്ത് മടങ്ങിയ മന്ത്രി ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ ഒദ്യോഗിക വാഹനം കാത്ത് അഞ്ചുമിനിറ്റിലധികം റോഡില്‍ നിന്നു. ഈ സമയം വാഹന വ്യൂഹം പടിഞ്ഞാറേ നടയില്‍ അദ്ദേഹത്തെ കാത്തുനില്‍ക്കുകയായിരുന്നു. പോലീസ് ഏകോപനമാണ് ഇത്തരത്തില്‍ കാത്തു നില്‍പ്പിന് വഴിയൊരുക്കിയത്. ഇക്കാര്യത്തിലാകും വിശദ പരിശോധനകള്‍ നടത്തുക. കാത്തു നിന്ന ശേഷമാണ് സുനിലിന്റെ ഓട്ടോയില്‍ കയറിയത്.
ഇതി സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും തെറ്റായിരുന്നുവെന്ന് സുനില്‍ പറയുന്നു. സുരേഷ് ഗോപി അവിടെക്കിടന്ന ഓട്ടോയില്‍ കയറി കുമരകത്തുപോകാന്‍ ആവശ്യപ്പെട്ടതോടെ ഓട്ടോക്കാരന്‍ പരുങ്ങി. രണ്ടുകിലോമീറ്ററോളം പിന്നിട്ട് ഹരിപ്പാട് സുബ്രഹ്‌മണ്യക്ഷേത്രത്തിനു സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോഴേക്കും വാഹനവ്യൂഹം കുതിച്ചെത്തി. ഗണ്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ പിറകെയുള്ള വാഹനത്തിലാണ് എത്തിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ ഓടിയെത്തിയപ്പോള്‍ കുമരകത്തേക്കുള്ള റൂട്ട് ഓട്ടോ ഡ്രൈവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ നീരസത്തോടെ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ശാന്തനായി ഒദ്യോഗിക വാഹനത്തില്‍ കുമരകത്തേക്ക് പോവുകയായിരുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ അങ്ങനൊന്നും സംഭവിച്ചില്ലെന്നും ഹനുമാന്‍ ക്ഷേത്രത്തില്‍ പോകാന്‍ മാത്രമേ ആവശ്യപ്പെട്ടിരുന്നുള്ളൂവെന്നും സുനില്‍ പറയുന്നു.
ആദ്യം പാര്‍ക്ക് ചെയ്തിടത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് വാഹനം മാറ്റിയിട്ടതാണ് പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയത്. സംഭവിച്ചത് വലിയ സുരക്ഷാ വീഴ്ചയാണെന്ന ആരോപണവുമായി ബി ജെ പി രംഗത്ത് വന്നു. അതേസമയം പരിപാടിയോട് അനുബന്ധിച്ച് ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഈ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാഹനം മാറ്റിയിട്ടതാണ് ആശയക്കുഴപ്പത്തിന് ഇടായക്കിയതെന്ന വാദവും ഉയരുന്നുണ്ട്. അപ്പോഴും വിപിഐ വാഹനങ്ങള്‍ക്ക് പരിഗണന കൊടുക്കാറുണ്ട്. എന്നാല്‍ സുരേഷ് ഗോപിയുടെ വാഹനത്തിന് അത് കിട്ടിയില്ല.