ഡെര്‍ബി കാര്‍ അപകടത്തില്‍ റിമാന്‍ഡിലായ സന്ധു പൊന്നച്ചനെ ഭീകരവാദിയാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അത്യുത്സാഹം; ഫോട്ടോഗ്രാഫറായ സന്ധു കൗതുകത്തിനെടുത്ത നഗര ദൃശ്യങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ അപകടമുണ്ടാക്കാന്‍ ലക്ഷ്യമിട്ടായിരുന്നോ എന്ന് സോഷ്യല്‍ മീഡിയയില്‍ ''നിഷ്‌കളങ്ക ചോദ്യങ്ങള്‍''; പുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ ബ്രിട്ടീഷുകാരും പിന്നിലല്ല; എന്തും ഏതും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നവര്‍ പലതിനും സ്വയം വിലക്ക് നല്‍കണമെന്ന് നിലയിലേക്ക് കാര്യങ്ങള്‍
സന്ധു പൊന്നച്ചനെ ഭീകരവാദിയാക്കാന്‍ ബ്രിട്ടീഷുകാര്‍ക്ക് അത്യുത്സാഹം
ലണ്ടന്‍: ഡെര്‍ബിയിലെ കാര്‍ അപകടത്തില്‍ അനേകം പേര്‍ക്ക് പരുക്കേല്‍ക്കാന്‍ ഇടയായ സാഹചര്യത്തില്‍ പ്രതിയായ മലയാളി യുവാവിന് നേരെ സൈബര്‍ ആക്രമണം. പ്രതിയുടെ പേരും വിവരങ്ങളും പോലീസ് പുറത്തു വിട്ടതോടെ മാധ്യമങ്ങളില്‍ വാര്‍ത്ത ആയ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് വംശജരുടെ സോഷ്യല്‍ മീഡിയ ആക്രമണം സജീവമായിരിക്കുന്നത്. ഇടുക്കിയിലെ മലയോര പ്രദേശത്തുള്ള പട്ടണത്തില്‍ നിന്നും യുകെയില്‍ എത്തിയ സന്ധുവിന് മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നു ബ്രിട്ടനിലെ ദേശീയ പത്രങ്ങള്‍ സൂചന നല്‍കിയിട്ടും സോഷ്യല്‍ മീഡിയ യുവാവിനെ ഭീകരവാദി എന്നവിധമാണ് കൈകാര്യം ചെയ്യുന്നത്. ഇയാളുടെ ദൃശ്യങ്ങള്‍ അടക്കം പുറത്തു വന്ന സാഹചര്യത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞു പുറത്തു വന്നാലും സുരക്ഷിതത്വം സംബന്ധിച്ച ആശങ്കയും ഇപ്പോള്‍ ഉയരുകയാണ്.
ഫോട്ടോഗ്രാഫിയില്‍ കമ്പമുണ്ടായിരുന്ന സന്ധു യുകെയില്‍ എത്തുന്നിടത്തു നിന്നെല്ലാം ചിത്രങ്ങള്‍ പകര്‍ത്തുന്ന പതിവ് ഉണ്ടായിരുന്നത് ഇപ്പോള്‍ വിനയായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഇയാള്‍ ലിവര്‍പൂളില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ മനസില്‍ വച്ച് അവിടെയും ആക്രമണം നടത്താന്‍ പദ്ധതി ഉണ്ടായിരുന്നോ എന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്. ഒരാള്‍ ഉദ്ദേശിക്കാത്ത കാര്യങ്ങള്‍ പോലും വളച്ചൊടിച്ചു വക്രീകരിക്കാനുള്ള സോഷ്യല്‍ മീഡിയയുടെ സാധ്യതയാണ് ഇപ്പോള്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയ അപകട ശേഷം സോഷ്യല്‍ മീഡിയയില്‍ കാണുന്ന ട്രെന്‍ഡ് ഓര്‍മ്മിപ്പിക്കുന്നതും. മറ്റൊരാള്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് എടുത്തു നടത്തിയ ശേഷം പ്രതികരിച്ചിരിക്കുന്നത് ഇയാള്‍ ടാക്‌സ് അടയ്ക്കാത്ത വാഹനമാണ് ഉപയോഗിച്ചത് എന്നാണ്.
ഊഹകഥ പ്രചരിപ്പിക്കരുതെന്നു ജനങ്ങളോട് പോലീസ് മുന്നറിയിപ്പ്
എന്നാല്‍ ഇതില്‍ എത്രമാത്രം വാസ്തവം ഉണ്ടെന്നത് പോലീസ് പുറത്തു വിടുന്ന വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തിയേ സ്ഥിരീകരിക്കാനാകൂ. സോഷ്യല്‍ മീഡിയയുടെ അതിരു വിട്ട പ്രതികരണം മനസില്‍ കണ്ടു ജനങ്ങള്‍ സംയമനത്തോടെ സോഷ്യല്‍ മീഡിയ പ്രതികരണം നടത്തണമെന്നു ഡെര്‍ബി പോലീസ് ചീഫ് സൂപ്രണ്ടന്റ് എമ്മ അല്‍ഡ്രെഡ് അഭ്യര്‍ത്ഥിച്ചു. ഭീകരവാദം സംബന്ധിച്ച സംശയം പോലീസ് തള്ളിക്കളഞ്ഞിട്ടും സോഷ്യല്‍ മീഡിയ ഇത്തരം വാദമുഖം ആവര്‍ത്തിക്കുന്നത് മനസില്‍ കണ്ടാണ് പോലീസ് വീണ്ടും ഊഹകഥ പ്രചരിപ്പിക്കരുത് എന്ന പരസ്യ പ്രസ്താവന ഇറക്കിയിരിക്കുന്നത്.
ആസൂത്രിതമെന്ന് സംശയിക്കും വിധം നടന്ന അപകടത്തില്‍ സന്ധു വീട്ടില്‍ നിന്നും ടൗണ്‍ സെന്ററിലേക്കുള്ള യാത്രയില്‍ ആയിരുന്നു എന്നാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായ സീമ മിസ്ത്രി കോടതിയില്‍ അറിയിച്ചത്. അഞ്ചു മിനിറ്റ് മാത്രം നീണ്ട കോടതി നടപടികള്‍ പേരും അഡ്രസും ജനന തീയതിയും കോടതിയില്‍ രേഖപ്പെടുത്തിയ ശേഷം ഈ വാസം അവസാനം വാദം കേള്‍ക്കാന്‍ കോടതി നടപടികള്‍ നീട്ടിവയ്ക്കുക ആയിരുന്നു. അതുവരെ പ്രതിയായ സന്ധു ജയിലില്‍ തുടരും. അപകടത്തിന്റെ സ്വഭാവം വിലയിരുത്തി തുടര്‍ നടപടികള്‍ വാദം കേള്‍ക്കേണ്ടത് ക്രൗണ്‍ കോടതിയാണ് എന്നും ജഡ്ജി വ്യക്തമാക്കി.
സ്വകാര്യത ഇന്ത്യയ്ക്ക് വെളിയില്‍ വലിയ മാനങ്ങളുള്ള വാക്കാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെടുമ്പോള്‍
അടുത്ത കാലത്തു യുകെയിലും യൂറോപ്പിലും എത്തിയ മലയാളികള്‍ നാട്ടിലെ ശീലങ്ങള്‍ അതേപടി പൊതു ജീവിതത്തില്‍ പകര്‍ത്തുന്നതിനെ പലവട്ടം വിമര്‍ശ ബുദ്ധിയോടെ മുന്‍പും മറുനാടന്‍ മലയാളി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ഇപ്പോള്‍ ലിവര്‍പൂള്‍ നഗരം സന്ദര്‍ശിക്കവേ കൗതുകത്തിനു സന്ധു പൊന്നച്ചന്‍ എടുത്ത ചിത്രങ്ങള്‍ പോലും ദുരുദ്ദേശത്തോടെ നടത്തിയ നഗര സന്ദര്‍ശനം ആണെന്ന് സോഷ്യല്‍ മീഡിയ കമന്റ് ചെയ്തതും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടതിനാലാണ്.
സമാനമാണ് ഇപ്പോള്‍ ജര്‍മനിയില്‍ നിന്നും എത്തുന്ന വാര്‍ത്ത. ഡ്യൂട്ടിക്കിടയില്‍ ടിക് ടോക് വീഡിയോ അറിയാതെ അപ്ലോഡ് ആകുകയും ജോലിക്കിടയില്‍ അസുഖകരമായ പരാമര്‍ശം ജീവനക്കാര്‍ നടത്തിയതിനും നഴ്സിംഗ് വിദ്യാര്‍ത്ഥിയെയും ജോലിയില്‍ ഉണ്ടായിരുന്നവരെയും പിരിച്ചു വിട്ടെന്ന വാര്‍ത്തയും ഞെട്ടിക്കുന്നതാണ്. സ്വകാര്യ ജീവിതത്തിലെയും പൊതു ജീവിതത്തിലെയും ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കുന്ന പുതു തലമുറക്ക് കൃത്യമായ മുന്നറിയിപ്പാണ് ഇത്തരം സംഭവങ്ങള്‍. യുകെയിലും യൂറോപ്പിലും സ്വകാര്യതയ്ക്ക് ലഭിക്കുന്ന സ്വീകാര്യത എത്ര വലുതാണ് എന്നത് തിരിച്ചറിഞ്ഞു ജീവിച്ചില്ലെങ്കില്‍ ചെറിയ കൈയബദ്ധം പോലും വലിയ വില കൊടുക്കേണ്ട നിലയിലേക്ക് എത്തിച്ചേരും എന്നുറപ്പ്.
