ഭാഷയുടെ മാറിമറിച്ചിലുകള്‍ കാട്ടിത്തരുന്ന അസാധാരണമായ ഉറുപ്പയുടെ നോവലിസ്റ്റ്; നിയമസഭയിലെ സെക്രട്ടറിയായും തിളങ്ങി; മുല്ലൂര്‍ത്തോട്ടം ക്രൂരതയ്ക്ക് അമ്മയ്ക്കും മകനും കൂട്ടുകാരനും കൊലക്കയര്‍ നല്‍കിയ അതേ ന്യായാധിപന്‍; രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ പ്രതീക്ഷകളും വെറുതെയായി; നാലു പേരെ ക്യാപിറ്റല്‍ പണിഷ്മെന്റിന് അയച്ച ജഡ്ജ് എഎം ബഷീര്‍; നെയ്യാറ്റിന്‍കരയില്‍ വടക്കാഞ്ചേരിക്കാരന്‍ നീതി ഉറപ്പാക്കുമ്പോള്‍

Update: 2025-01-20 06:41 GMT

നെയ്യാറ്റിന്‍കര: വല്ല്യൊളം ചെകുത്താന്മാര്‍ കുത്തിയതാണ്. കൂള്‍ള രാമൈശന്റെ വെട്ടുപോത്തുകള്‍ കെടന്ന് പൊളഞ്ഞ് ചെളിക്കുണ്ടാക്കിയതാണ്. വെള്ളക്കുണ്ട് ഒറ്റരാത്രി കൊണ്ട് ചെകുത്താന്‍മാര്‍ കുത്തിക്കൊളമാക്കി. കൊളം കവിഞ്ഞ് വെള്ളക്കെട്ട് പൊട്ടി തോടായി. അത് നീല്യാറ തോട് വരെ ഒഴുകിച്ചെന്നു നിന്നു. അത് മനുഷ്യസാധ്യല്ല. ഒരണമൊട്ക്ക്ല്ല്യ..... ഒരാള്‍ടേം അധ്വാനല്ല്യാ.....കൂള്‍ളരാമൈശന്റെ ഏട്ടന്‍ കെടാതി ഐശനാണ് ആദ്യം കണ്ടത്. തോടിന്റെ പടിഞ്ഞാറ് ഞാറ്റുവട്ടി ഒഴിച്ചിട്ടത് അങ്ങനെ കുളമായി... ഭാഷയുടെ മാറിമറിച്ചലുകള്‍ കാട്ടിത്തരുന്ന അസാധാരണമായ ഒരു നോവല്‍ എഴുതിയ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് എഎം ബഷീര്‍. കേരള നിയമസഭയുടെ പഴയ സെക്രട്ടറി. സാഹിത്യകാരന്‍. ഉറൂപ്പ എന്ന നോവലിന് പിന്നിലെ ന്യായാധിപന്‍ ഗ്രീഷ്മയ്ക്ക് കൊലക്കയര്‍ വിധിച്ച് ചരിത്രത്തിലേക്ക് നടന്നു കയറുകയാണ്. നോവലി

ആ ജഡ്ജിയാണ് കേരളത്തെ പല വിധ ചോദ്യങ്ങളിലേക്ക് എത്തിക്കുന്ന തരത്തില്‍ ഗ്രീഷ്മയെന്ന പെണ്‍കുട്ടിക്ക് വധശിക്ഷ നല്‍കുന്നത്. ഗ്രീഷ്മയുടെ തട്ടിപ്പുകളെല്ലാം എണ്ണി പറഞ്ഞ് ഷാരോണ്‍ രാജിന്റെ കൊലയാളിയ്ക്ക് വധ ശിക്ഷ നല്‍കുന്നു. ഷാരോണിന്റെ അച്ഛനേയും അമ്മയേയും ചെമ്പറിലേക്ക് വളിച്ചു വരുത്തി നീതി ഉറപ്പ് നല്‍കിയ ജഡ്ജി. കേരള നിയമസഭയുടെ സെക്രട്ടറിയെന്ന നിലയില്‍ പലവിധ നിയമങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച വ്യക്തികൂടിയാണ് എഎം ബഷീര്‍. നിയമത്തെ കൃത്യമായി വ്യാഖ്യാനിക്കാനുള്ള ന്യായാധിപന്റെ കഴിവ് ഗ്രീഷ്മയ്‌ക്കെതിരായ വിധിയിലും കാണാം. ബഷീറിന്റെ വിധി ന്യായത്തിലൂടെ വധശിക്ഷയിലേക്ക് പോകുന്ന ആദ്യ വ്യക്തിയല്ല ഗ്രീഷ്മ. ഇതിന് മുമ്പ് മൂന്ന് പേര്‍ ബഷീറിന്റെ വിധിയുടെ ചൂടില്‍ കൊലക്കയര്‍ കാത്ത് കിടക്കുകയാണ്. ഒറ്റയ്ക്കു താമസിച്ചിരുന്ന വയോധികയെ സ്വര്‍ണാഭരണങ്ങള്‍ക്കായി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം വാടക വീടിന്റെ തട്ടിന്‍പുറത്ത് ഒളിപ്പിച്ച കേസില്‍ അമ്മയ്ക്കും മകനും മകന്റെ സുഹൃത്തിനും വധശിക്ഷ നല്‍കിയതും ഇതേ ജഡ്ജിയാണ്. അമ്മയ്ക്കും മകനും തൂക്കുകയര്‍ വിധിക്കുന്നത് സംസ്ഥാനത്ത് ആദ്യമായിരുന്നു. വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷവും. വീണ്ടും ഒരു സ്ത്രീയ്ക്ക് കൊലക്കയര്‍ വിധിക്കുകയാണ് ഷാരോണ്‍ കേസില്‍ വീണ്ടും ബഷീര്‍ എന്ന ന്യായാധിപന്‍.

തൃശൂര്‍ വടക്കാഞ്ചേരിയില്‍ മച്ചാട് അമ്മണത്ത് മൊയ്തുണ്ണിയുടേയും ഹവ്വാവുമ്മ ഹജ്ജുമ്മയുടെയും മകനാണ്. വടക്കാഞ്ചേരിയില്‍ അഭിഭാഷകനായിരിക്കെ 2002ല്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റായി. തുടര്‍ന്ന് എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, ചങ്ങനാശേരി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ജോലി ചെയ്തു. എറണാകുളം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിട്ടി സെക്രട്ടറിയായിരിക്കെ 2018ലെ പ്രളയ കാലത്ത് നടത്തിയ ഇടപെടല്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. കോഴിക്കോട് ഗവ. ലാ കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പ്രസിദ്ധീകരിച്ച ഒരു പോരാളി ജനിക്കുന്നു (കഥാസമാഹാരം), ഉറുപ്പ (നോവല്‍), റയട്ട് വിഡോസ് (ഇംഗ്ലീഷ് നോവല്‍), പച്ച മനുഷ്യന്‍ (നോവല്‍), ജംറ (സഞ്ചാര സാഹിത്യം), ജെ കേസ് (ഇംഗ്ലീഷ് കേസ് സ്റ്റഡി) എന്നീ കൃതികളുടെ രചയിതാവാണ്. ഭാര്യ: സുമ. മക്കള്‍ അസ്മിന്‍ നയാര, ആസിം ബഷീര്‍. മക്കളും നിയമ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.

2022 ജനുവരി 14നു രാവിലെ 9ന് വിഴിഞ്ഞം മുല്ലൂര്‍ത്തോട്ടം ആലുമൂട് വീട്ടില്‍ ശാന്തകുമാരിയെ (74) കൊലപ്പെടുത്തിയ കേസിലാണ് വിഴിഞ്ഞം ടൗണ്‍ഷിപ് കോളനി ഹൗസ് നമ്പര്‍ 44ല്‍ റഫീക്ക (51), പാലക്കാട് പട്ടാമ്പി വിളയൂര്‍ വള്ളികുന്നത്ത് വീട്ടില്‍ അല്‍ അമീന്‍ (27), റഫീക്കയുടെ മകന്‍ ഷെഫീക്ക് (25) എന്നിവരെ നെയ്യാറ്റിന്‍കര അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എ.എം.ബഷീര്‍ ഇതിന് മുമ്പ് വധ ശിക്ഷയ്ക്ക് ശിക്ഷിച്ചത്. 2024 മേയിലായിരുന്നു ആ വിധി. ഏഴു മാസം കഴിയുമ്പോള്‍ അതേ കോടതി മുറിയില്‍ വിധി കേട്ട് ഗ്രീഷ്മയും കരഞ്ഞു. ശാന്തകുമാരി കേസില്‍ വധശിക്ഷ കൊടുത്ത ജഡ്ജിയെ എല്ലാ വിധത്തിലും സ്വാധീനിക്കാനായിരുന്നു ഗ്രീഷ്മയുടെ ശ്രമം. സ്ത്രീയെന്ന പരിഗണനയും പ്രായവും പഠിക്കാനുള്ള ആഗ്രവുമെല്ലാം ചര്‍ച്ചയാക്കി. പക്ഷേ ഇതൊന്നും ന്യായാധിപിനെ സ്വാധീനിച്ചില്ല. കുറ്റവാളിക്ക് പ്രായത്തിന്റേയും ജെന്‍ഡറിന്റേയും പരിഗണനയില്ലെന്ന് കോടതി വിശദീകരിച്ചു. ശാന്താ കൊലക്കേസില്‍ ശാന്തകുമാരിയുടെ അയല്‍വീട്ടില്‍ വാടകയ്ക്കു താമസിച്ചവരായിരുന്നു പ്രതികള്‍. സ്വര്‍ണം കൈക്കലാക്കാന്‍ വേണ്ടിയുള്ള കൊലപാതകത്തില്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍, കവര്‍ച്ച എന്നിവ കോടതി കണ്ടെത്തിയിരുന്നു.

പ്രതികളുടെ ക്രൂരതയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞൊന്നും അര്‍ഹിക്കുന്നില്ലെന്ന് ജഡ്ജി വിധിന്യായത്തില്‍ പറഞ്ഞിരുന്നു. ഭര്‍ത്താവ് നാഗപ്പന്‍ മരിച്ചതിനെ തുടര്‍ന്ന് ഒറ്റയ്ക്കായിരുന്നു ശാന്തകുമാരിയുടെ താമസം. 2 മക്കള്‍ ജോലിക്കായി മറ്റിടങ്ങളിലായിരുന്നു. വാടകവീട് ഒഴിയുന്ന ദിവസം 3 പ്രതികളും ശാന്തകുമാരിയെ വാടക വീട്ടിലേക്കു വിളിച്ചുവരുത്തി. റഫീക്ക ചുറ്റിക ഉപയോഗിച്ച് ആദ്യം ശാന്തകുമാരിയുടെ തലയ്ക്കടിച്ചു. അല്‍അമീന്‍ ചുറ്റിക കൊണ്ട് നെറ്റിയിലും തലയുടെ പിന്‍ഭാഗത്തും വീണ്ടും അടിച്ച് തലയോട്ടി തകര്‍ത്തു. തുടര്‍ന്ന് അല്‍ അമീനും ഷെഫീക്കും ചേര്‍ന്നു കൈലി ഉപയോഗിച്ച് ശാന്തകുമാരിയുടെ കഴുത്തില്‍ കുരുക്കിട്ട് കൊലപ്പെടുത്തി. മൃതദേഹത്തില്‍ നിന്ന് അഞ്ചര പവന്‍ സ്വര്‍ണാഭരണം കവര്‍ന്നു. കുഴിച്ചിടാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ വാടകവീടിന്റെ തട്ടിന്‍പുറത്ത് മൃതദേഹം ഒളിപ്പിച്ച ശേഷം മൂവരും കടന്നുവെന്നായിരുന്നു കേസ്. ശാന്തകുമാരിയെ കൊലപ്പെടുത്തുന്നതിന് ഒരു വര്‍ഷം മുന്‍പ് 2021 ജനുവരി 14ന് കോവളം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മൂവരും പ്രതികളാണ്. ഇതും പരിഗണിച്ചാണ് കോടതി ആ കേസില്‍ വിധി പ്രഖ്യാപിച്ചത്.



മൂന്നുപേര്‍ക്ക് വധശിക്ഷ ലഭിച്ച ശാന്തകുമാരി കൊലപാതകക്കേസില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചത് 34 സാക്ഷികളെയാണ്. 61 രേഖകളും 34 വസ്തുവകകളും കോടതിയില്‍ ഹാജരാക്കി. അമ്മയും മകനും ഉള്‍പ്പെടെ ചേര്‍ന്നു നടത്തിയ കൊലപാതകം ക്രൂരമെന്നു കോടതി കണ്ടെത്തി. ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന ഒരേ ഒരു വനിതയായിരുന്നു റഫീക്ക. ഇനി റഫീക്കയ്ക്ക് കൂട്ടായി ഗ്രീഷ്മയും അതേ കോടതിയില്‍ എത്തുന്നു.

Similar News