ഒരു കൊല്ലം മുമ്പ് 'മലപ്പുറം കണക്കുകള്‍' മുഖ്യമന്ത്രിയുടെ 'ദ ഹിന്ദു' പത്രത്തിന്റെ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ വഴിയൊരുക്കിയത് ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രഹ്‌മണ്യന്‍; 2025ല്‍ ദേവകുമാറിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ താക്കോല്‍ സ്ഥാനം കിട്ടുമോ? നാളെ നിര്‍ണ്ണായക തീരുമാനം വന്നേക്കും; ഹരിപ്പാട്ടെ മുന്‍ എംഎല്‍എയുടെ മകനോടുള്ള പിണറായി സ്‌നേഹം വീണ്ടും ചര്‍ച്ചകളില്‍
തിരുവനന്തപുരം: ടികെ ദേവകുമാറിനെ തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റായി സിപിഎം പരിഗണിക്കുമ്പോള്‍ ഓര്‍മ്മയിലേക്ക് വരുന്നത് പഴയ പിആര്‍ വിവാദം. സര്‍ക്കാരിന് പിആര്‍ ഏജന്‍സിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ആവര്‍ത്തിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കം രംഗത്തു വന്ന വിവാദമാണ് അത്. ടികെ ദേവകുമാറിന്റെ മകനായിരുന്നു ആ വിവാദത്തിലെ പ്രധാന കാതല്‍. 'ദ് ഹിന്ദു' പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ് സിപിഎം ക്ലോസ് ചെയ്ത വിവാദമായിരുന്നു അത്. പിആര്‍ ഏജന്‍സി ബന്ധം നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. 'മലപ്പുറം കണക്കുകള്‍' മുഖ്യമന്ത്രിയുടെ 'ദ ഹിന്ദു' പത്രത്തിന്റെ അഭിമുഖത്തില്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിക്കാന്‍ വഴിയൊരുക്കിയത് ദേവകുമാറിന്റെ മകന്‍ ടി.ഡി.സുബ്രഹ്‌മണ്യന്‍ ആയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദ അഭിമുഖത്തിലെ 'പിആര്‍ പ്രതിനിധി' ടി.ഡി.സുബ്രഹ്‌മണ്യന്‍ മുന്‍ എസ്എഫ്‌ഐ നേതാവ് കൂടിയായിരുന്നു. ദേശീയ തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ സംഘാംഗമായിരുന്ന സുബ്രഹ്‌മണ്യന്‍ വിവിധ ദേശീയ പാര്‍ട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു. കേരളത്തില്‍ എല്‍ഡിഎഫിലെ ഒരു പ്രധാന ഘടകകക്ഷിയെ 'രാഷ്ട്രീയപരമായി റീബ്രാന്‍ഡ്' ചെയ്യുന്നതില്‍ മുഖ്യപങ്ക് വഹിച്ചതും സുബ്രഹ്‌മണ്യനാണ്. തുടര്‍ന്ന് പ്രശാന്ത് കിഷോറിന്റെ ഉടമസ്ഥതയിലുള്ള തിരഞ്ഞെടുപ്പു നയതന്ത്ര സ്ഥാപനമായ ഐ പാക്കിന്റെ സ്ട്രാറ്റജി റിസര്‍ച് ടീം മേധാവിയായി പ്രവര്‍ത്തിച്ചു. ഇക്കാലയളവില്‍ വിവിധ പാര്‍ട്ടികള്‍ക്കായി തിരഞ്ഞെടുപ്പു തന്ത്രമൊരുക്കുന്ന സംഘത്തിലും സുബ്രഹ്‌മണ്യന്‍ അംഗമായിരുന്നു. 2019 ല്‍ ഡല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിനൊപ്പം പ്രവര്‍ത്തിച്ചു. കൂടാതെ ബംഗാളില്‍ മമതാ ബാനര്‍ജിക്കായും തെലങ്കാനയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സംഘം, തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്കു വേണ്ടിയും ഗോവ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനു വേണ്ടിയും മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നു.
പ്രശാന്ത് കിഷോര്‍ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ പ്രാരംഭ പ്രവര്‍ത്തനങ്ങളിലും സുബ്രഹ്‌മണ്യന്‍ പങ്കാളിയായിയിരുന്നു. പ്രശാന്ത് കിഷോര്‍ പാര്‍ട്ടി രൂപീകരിച്ചതോടെ ഐപാക് വിട്ട സുബ്രഹ്‌മണ്യന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വിഭാഗത്തിലേക്ക് മാറിയിരുന്നു. ഐപാക്കില്‍ പ്രവര്‍ത്തിക്കുന്ന വേളയിലെ രാഷ്ട്രീയ ബന്ധങ്ങള്‍ നിലനിര്‍ത്തിയ സുബ്രഹ്‌മണ്യന്‍ പല രാഷ്ട്രീയ പാര്‍ട്ടികളുമായും ബന്ധപ്പെടാറുണ്ടെന്നാണ് അറിവ്. മുന്‍ ഹരിപ്പാട് എംഎല്‍എയായ ടി.കെ.ദേവകുമാറിന്റെ മകന്‍ എന്ന നിലയില്‍ സിപിഎം നേതാക്കളുമായി സുബ്രഹ്‌മണ്യന് അടുപ്പമുണ്ട്. ഈ അടുപ്പം വച്ചാണ് അന്ന് പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയ മുഖ്യമന്ത്രിയുടെ അഭിമുഖം ഹിന്ദുവിന് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. സെക്കന്ദരാബാദ് 'ഇഫ്‌ളുവില്‍' ( ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂണിവേഴ്‌സിറ്റി) എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്നു. പിന്നീടാണ് ദേശീയ രാഷ്ട്രീയത്തില്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ എന്ന നിലയിലേക്കു ചുവടുമാറ്റിയത്. ഇതേ വ്യക്തിയുടെ അച്ഛനെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധ്യക്ഷനായി പിണറായി വിജയന്‍ പരിഗണിക്കുന്നത്. സിപിഎം നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും.
ഹിന്ദു അഭിമുഖ വിവാദം ഇങ്ങനെ
2024 സെപ്റ്റംബറിലാണ് ഹിന്ദു പത്ര വിവാദം ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അഭിമുഖം വന്നത് ഡല്‍ഹിയിലെ പി ആര്‍ ഏജന്‍സി വഴിയെന്ന് ദ് ഹിന്ദു ദിനപ്പത്രം അറിയിച്ചിരുന്നു. മുഖ്യമന്ത്രി അഭിമുഖത്തിന് തയാറെന്നറിയിച്ചത് പി.ആര്‍.ഏജന്‍സിയാണ്. സ്വര്‍ണക്കടത്ത്, കള്ളപ്പണ ഇടപാട് വിഷയങ്ങളില്‍ ചോദ്യം വേണമെന്ന് ആവശ്യപ്പെട്ടു. വിവാദഭാഗം മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞതല്ല പി ആര്‍ ഏജന്‍സി എഴുതി നല്‍കിയതാണ്. മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണെന്നും ഏജന്‍സി പ്രതിനിധി പറഞ്ഞു. അത് മുഖ്യമന്ത്രിയുടേതായി ഉള്‍പ്പെടുത്തിയതില്‍ ഖേദിക്കുന്നുവെന്ന് ദ് ഹിന്ദു അറിയിക്കുകയും ചെയ്തു. ഹിന്ദു അഭിമുഖത്തില്‍ വന്ന മലപ്പുറം പരാമര്‍ശം മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. വിവാദമായ അഭിമുഖത്തിലെ തെറ്റുകള്‍ തിരുത്തണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ദി ഹിന്ദു പത്രത്തിന് കത്തു നല്‍കിയിരുന്നു. മുഖ്യമന്ത്രി ഒരു പ്രദേശത്ത കുറിച്ചും പേരെടുത്ത് പറഞ്ഞിട്ടില്ല സംസ്ഥാനത്തിന് എതിരായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നോ രാജ്യത്തിന് എതിരായുള്ള പ്രവര്‍ത്തനമെന്നോ മുഖ്യമന്ത്രി പറഞ്ഞിട്ടില്ല-ഇതായിരുന്നു വിശദീകരണം അന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് എത്തിയത്. ഈ വിവാദത്തിലെ കേന്ദ്ര കഥാപാത്രമായിരുന്നു ദേവകുമാറിന്റെ മകന്‍.
അഭിമുഖത്തില്‍ നല്‍കിയിരിക്കുന്ന ഈ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റേയോ അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. മുഖ്യമന്ത്രി പറഞ്ഞു എന്ന രീതിയില്‍ നല്‍കിയ തെറ്റായ പരാമര്‍ശങ്ങള്‍ വിവാദം സൃഷ്ടിച്ചു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. തെറ്റുകള്‍ തിരുത്തുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ ഇക്കാര്യങ്ങളിലെ അഭിപ്രായം വേണ്ടപ്രാധാന്യത്തോടെ നല്‍കണമെന്നും പ്രസ് സെക്രട്ടറി ദി ഹിന്ദുവിന്റെ പത്രാധിപര്‍ക്കയച്ച കത്തില്‍ പറയുന്നു. 123 കോടി ഹവാലപണവും 150 കിലോ സ്വര്‍ണവും കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ മലപ്പുറത്തു നിന്ന് പിടിച്ചു. ഇവ സംസ്ഥാനത്തിനും കേന്ദ്രത്തിനും എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നാണ് മുഖ്യമന്ത്രിയെ ഉദ്ധരിച്ച് ഹിന്ദു നല്‍കിയ അഭിമുഖം. മലപ്പുറത്ത് സ്വര്‍ണക്കടത്തും ഹവാലപണവും കൂടുതലെന്ന് ദ് ഹിന്ദുവിന്റെ അഭിമുഖത്തില്‍ പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ വാദം തള്ളി വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ പിന്നീട് പുറത്തു വരികയും ചെയ്തു. ഹിന്ദു അഭിമുഖത്തിന് മുമ്പ് 21 ാം തീയതി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താസമ്മേളനത്തിലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണവും ഹവാലപണവും പിടിക്കുന്നത് മലപ്പുറത്താണെന്ന്, ജില്ലയുടെ പേരെടുത്ത് പറഞ്ഞ് വിശദീകരിച്ചിരുന്നു.
സിപിഎം നേതാവായ ദേവകുമാറിന്റെ മകന്‍ ആണ് തന്നെ ബന്ധപ്പെട്ട് ഹിന്ദുവിന് അഭിമുഖത്തിന് താല്‍പര്യമുണ്ടെന്ന് പറഞ്ഞത്. അതിന് സമയം കൊടുത്തു. കൂടുതല്‍ സമയം ഉണ്ടാകില്ല എന്ന് പറഞ്ഞു. സി.പി.എം ആലപ്പുഴ ജില്ലാ കമ്മറ്റി അംഗവും കയര്‍ഫെഡ് ചെയര്‍മാനുമാണ് മുന്‍ എം.എല്‍.എ കൂടിയായ ടി.കെ ദേവകുമാര്‍. അനുമതി നല്‍കിയത് അനുസരിച്ച് ഹിന്ദുവിന്റെ ഒരു ലേഖിക അവിടെ വന്നു. ഒറ്റപ്പാലംകാരിയാണെന്ന് പരിചയപ്പെടുത്തി സംസാരിച്ചു. അന്‍വര്‍ വിഷയം ചോദിച്ചപ്പോള്‍ വിശദമായി നേരത്തെ പറഞ്ഞതാണ് ഇപ്പോള്‍ അത് പറയാന്‍ സമയം തികയില്ലെന്ന് പറഞ്ഞു. അഭിമുഖം നടന്നുകൊണ്ടിരുന്നപ്പോഴാണ് ഒരാള്‍ കൂടി അവിടെ വന്നത്. ഹിന്ദു ലേഖികയ്ക്ക് ഒപ്പം വന്ന ആളാണെന്നാണ് കരുതിയത്. അഭിമുഖം കഴിഞ്ഞ ശേഷമാണ് പിആര്‍ ഏജന്‍സിയുടെ ആളാണെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതെല്ലാം വലിയ ചര്‍ച്ചയായിരുന്നു. ഒരു മുഖ്യമന്ത്രി ഇങ്ങനെ ഒരു അഭിമുഖം നല്‍കുമ്പോള്‍ എങ്ങനെയാണ് മറ്റൊരാള്‍ക്ക് അവിടേക്ക് കടന്നുവരാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് മാദ്ധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം ഒന്നോ രണ്ടോ പേര്‍ കൂടി വരുന്നത് സ്വാഭാവികമാണെന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. സര്‍ക്കാര്‍ ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു പിആര്‍ ഏജന്‍സിയെയും ഞാന്‍ ബന്ധപ്പെട്ടിട്ടില്ല. ഒരു പൈസയും ഒരു ഏജന്‍സിക്കും കൊടുത്തിട്ടുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിയിട്ടില്ല, ഒരു ഏജന്‍സിക്കും ഇതിന്റെ ഉത്തരവാദിത്വം കൊടുത്തിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം മാദ്ധ്യമങ്ങള്‍ തമ്മിലുളള പോരായി ചിത്രീകരിക്കാനും പിണറായി ശ്രമിച്ചു. അതിന് തന്നെ ഇരയാക്കരുതെന്ന അഭ്യര്‍ത്ഥനയും അദ്ദേഹം നടത്തി. ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചത്, അവര്‍ തെറ്റ് തിരുത്തി. നിങ്ങള്‍ ആണെങ്കില്‍ അത് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
'ദ് ഹിന്ദു' പത്രത്തില്‍ വന്ന ചില കാര്യങ്ങള്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്ന് പത്രം വ്യക്തമാക്കിയതോടെ വിവാദം അവസാനിക്കേണ്ടതായിരുന്നു എന്ന് എം.വി.ഗോവിന്ദനും പറഞ്ഞിരുന്നു. ഞങ്ങള്‍ക്കെല്ലാം അറിയാവുന്നയാളാണ് ടി.കെ.ദേവകുമാര്‍. അദ്ദേഹത്തിന്റെ മകന്‍ ടി.ഡി.സുബ്രമണ്യത്തിന് ഞങ്ങളുമായി സൗഹൃദമുണ്ട്. അദ്ദേഹം പറഞ്ഞപ്പോള്‍ ഹിന്ദുവുമായി അഭിമുഖത്തിന് മുഖ്യമന്ത്രി തയാറായി. പക്ഷേ തെറ്റായ കാര്യം വന്നപ്പോള്‍ പത്രം മാപ്പു പറഞ്ഞു-ഇതായിരുന്നു ആ വിവാദം.
