'ഈ ജാതിക്കാരെ പൂജയ്ക്ക് വിളിക്കരുത്, പ്രസാദവും വേണ്ട!' മെറിറ്റില്‍ ജോലി കിട്ടിയിട്ടും ജാതിവിവേചനവും കള്ളക്കേസ് ഭീഷണിയും; മുക്കുപണ്ടം പിടിച്ചതിന് രാഷ്ട്രീയ പകപോക്കലും; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ദളിത് ശാന്തിക്കാരന്‍ ജോലി രാജിവെച്ചു; രാഷ്ട്രീയ യൂണിയനുകള്‍ വേട്ടയാടിയ കഥ തുറന്നുപറഞ്ഞ് വിഷ്ണു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ദളിത് ശാന്തിക്കാരന്‍ ജോലി രാജിവെച്ചു

Update: 2026-02-16 16:12 GMT

കൊച്ചി: നവോത്ഥാന കേരളത്തിന്റെ മുഖത്തേറ്റ അടിയായി മാറുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പട്ടികജാതിക്കാരനായ ശാന്തിക്കാരന്റെ രാജി. പി.എസ്.സി പരീക്ഷയും ഇന്റര്‍വ്യൂവും കടന്ന് മെറിറ്റ് അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച പി.ആര്‍ വിഷ്ണു എന്ന ശാന്തിക്കാരനാണ്, കേവലം നാല് മാസത്തിനുള്ളില്‍ കണ്ണീരോടെ പടിയിറങ്ങുന്നത്. പറവൂര്‍ വാതുറക്കാവ് ക്ഷേത്രത്തിലെ ശാന്തിക്കാരനായ പി.ആര്‍. വിഷ്ണുവാണ് ഈ കടുത്ത തീരുമാനമെടുത്തത്.


Full View

തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ പകരക്കാരനായി ജോലി ചെയ്യുന്നതിനിടെ പ്രസാദം വാങ്ങാനെത്തിയ ആള്‍ ജാതി ചോദിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതോടെയാണ് വിഷ്ണുവിന്റെ ദുരനുഭവങ്ങള്‍ തുടങ്ങുന്നത്. ഈ സംഭവത്തില്‍ കേസ് നല്‍കിയതോടെ ബോര്‍ഡിലെ രാഷ്ട്രീയ യൂണിയനുകളും ചില ഉദ്യോഗസ്ഥരും വിഷ്ണുവിനെ ശത്രുവായി പ്രഖ്യാപിക്കുകയായിരുന്നു.

'2024 നവംബര്‍ 14-ന് ഞാന്‍ തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തില്‍ പകരക്കാരനായി ജോലിക്ക് പോയിരുന്നു. അന്ന് രാവിലെ തൊഴാന്‍ വന്ന ഒരു വ്യക്തി എന്നോട് നേരിട്ട് ജാതി ചോദിക്കുകയും, 'ഈ ജാതിയിലുള്ള ആളെ ക്ഷേത്രത്തില്‍ പൂജയ്ക്ക് വിളിക്കരുത്' എന്ന് അവിടത്തെ മറ്റൊരു ജീവനക്കാരനോട് പറയുകയും ചെയ്തു. പ്രസാദം വാങ്ങാന്‍ പോലും അദ്ദേഹം തയ്യാറായില്ല. ഇത് എനിക്ക് വലിയ മാനസിക വിഷമമുണ്ടാക്കി. ഇതിനെതിരെ ഞാന്‍ കോടതിയില്‍ കേസ് നല്‍കി, അത് ഇപ്പോഴും നടക്കുകയാണ്.

'ഞാന്‍ സര്‍വീസില്‍ കയറിയപ്പോള്‍, മുന്‍പ് ജോലി ചെയ്ത സ്ഥലത്ത് എനിക്കെതിരെ വ്യാജ പരാതി ഉണ്ടെന്ന് പറഞ്ഞ് അധികൃതര്‍ രംഗത്തെത്തി. അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ചെന്നപ്പോള്‍, അവര്‍ എന്നോട് ആവശ്യപ്പെട്ടത് ആദ്യം പറഞ്ഞ ജാതി അധിക്ഷേപ കേസ് പിന്‍വലിക്കാനാണ്. കേസ് പിന്‍വലിക്കില്ലെന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നോട് മോശമായി പെരുമാറി. ഈ വ്യാജ പരാതിക്ക് പിന്നില്‍ ദേവസ്വം ബോര്‍ഡിലെ ഒരു പ്രമുഖ ഇടതുപക്ഷ സംഘടനയാണ്. അവരുടെ യൂണിയനില്‍ ചേരണമെന്ന് എന്നെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് വഴങ്ങാത്തതാണ് അവരെ പ്രകോപിപ്പിച്ചത്.

ക്ഷേത്രത്തിലെ അഴിമതി പുറത്തുകൊണ്ടുവന്നതാണ് വിഷ്ണുവിനെതിരെ നീങ്ങാന്‍ ഒരു വിഭാഗത്തെ പ്രേരിപ്പിച്ചത്. വാതുറക്കാവ് ക്ഷേത്രത്തില്‍ ചുമതലയേറ്റ വിഷ്ണു, വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മാലകള്‍ പരിശോധിച്ചപ്പോള്‍ അവ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയും ഇത് അധികൃതരെ അറിയിക്കുകയും ചെയ്തു.

' ഞാന്‍ വാതുറക്കാവില്‍ ജോയിന്‍ ചെയ്ത ദിവസം ചാര്‍ജ് എടുക്കുമ്പോള്‍ അവിടെ നാല് മാലകളാണ് ഉണ്ടായിരുന്നത്. പരിശോധിച്ചപ്പോള്‍ അതില്‍ രണ്ട് മാലകള്‍ മുക്കുപണ്ടമാണെന്ന് എനിക്ക് സംശയം തോന്നി. തട്ടാനെ വിളിച്ചു നോക്കിയപ്പോള്‍ അത് ശരിയാണെന്ന് തെളിഞ്ഞു. ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഞാന്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പിന്നീട് യൂണിയന്‍ ഇടപെട്ട് ആ കേസ് ഒത്തുതീര്‍പ്പാക്കി. അഴിമതി പുറത്തുകൊണ്ടുവന്നതോടെ എന്നെ എങ്ങനെയെങ്കിലും ഒതുക്കണമെന്ന നിലപാടിലായി അവര്‍.'

എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, ഈ അഴിമതി പുറത്തുകൊണ്ടുവന്ന വിഷ്ണുവിനെതിരെ വ്യാജ പരാതികള്‍ ചമയ്ക്കാനാണ് ഉദ്യോഗസ്ഥര്‍ തുനിഞ്ഞത്. ഒപ്പം ഒരു പ്രമുഖ ഇടതുപക്ഷ സംഘടനയില്‍ അംഗത്വമെടുക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനൊന്നും വഴങ്ങാത്ത വിഷ്ണുവിനെ മാനസികമായി പീഡിപ്പിക്കുന്നത് തുടര്‍ന്നു.

ഏറ്റവും ശ്രദ്ധേയമായ കാര്യം, ബ്രാഹ്‌മണ സമൂഹത്തില്‍ നിന്നുള്ള പൂജാരിമാര്‍ തനിക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയപ്പോള്‍, പുരോഗമനം പറയുന്ന രാഷ്ട്രീയ സംഘടനകളാണ് തന്നെ വേട്ടയാടിയതെന്ന് വിഷ്ണു വെളിപ്പെടുത്തുന്നു എന്നതാണ്.

'ജാതി അധിക്ഷേപം ഉണ്ടായപ്പോള്‍ എന്നെ പിന്തുണച്ച് വീട്ടില്‍ വന്നത് ബ്രാഹ്‌മണ സമൂഹത്തിലെ ആളുകളാണ്. ഞാന്‍ ജോലി ചെയ്യുന്ന സമയത്ത് എന്നെ കാണാതാകുമ്പോള്‍ 'എവിടെ വിഷ്ണു?' എന്ന് അന്വേഷിക്കുന്ന തിരുമേനിമാരുണ്ട്. എനിക്ക് പ്രശ്‌നങ്ങളുണ്ടാക്കുന്നത് ഈ പറയുന്ന രാഷ്ട്രീയ സംഘടനകളാണ്.'

തന്റെ കേസ് പിന്‍വലിക്കാന്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും അദ്ദേഹം ആരോപിക്കുന്നു. ഭാവിയില്‍ തന്നെ സ്വര്‍ണ്ണ മോഷണം പോലുള്ള കള്ളക്കേസുകളില്‍ കുടുക്കി ജീവിതം നശിപ്പിക്കാന്‍ ഇക്കൂട്ടര്‍ മടിക്കില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് വിഷ്ണു രാജി തീരുമാനമെടുത്തത്.

അഭിമാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍, ഒരു കള്ളക്കേസില്‍ പ്രതിയായി മാനം കളയുന്നതിനേക്കാള്‍ നല്ലത് ഇറങ്ങിപ്പോകുന്നതാണെന്ന് വിഷ്ണു 'മറുനാടന്‍ മലയാളി'യോട് പറഞ്ഞു.

'എനിക്ക് ഭയമുണ്ട്. ഈ സംഘടനകള്‍ എന്നെ വെറുതെ വിടില്ല. ഭാവിയില്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണം മോഷ്ടിച്ചു എന്നോ മറ്റോ ഉള്ള കള്ളക്കേസുകളില്‍ അവര്‍ എന്നെ കുടുക്കാന്‍ സാധ്യതയുണ്ട്. ഒരു ദളിത് ശാന്തിക്കാരനെ സ്വര്‍ണ്ണക്കേസില്‍ കുടുക്കിയാല്‍ ആരും വിശ്വസിച്ചു പോകും. ആ ഭഗവതിയുടെ അനുഗ്രഹം കൊണ്ടാണ് മുക്കുപണ്ടം കേസില്‍ ഞാന്‍ രക്ഷപ്പെട്ടത്. ഇനിയും അവിടെ തുടര്‍ന്നാല്‍ എന്റെ ജീവിതം അവര്‍ നശിപ്പിക്കും. അതുകൊണ്ട് അഭിമാനത്തോടെ ഞാന്‍ പടിയിറങ്ങുന്നു.'

യോഗ്യതയുണ്ടായിട്ടും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ഒരു യുവാവിന് തന്റെ ജോലി ഉപേക്ഷിക്കേണ്ടി വരുന്നത് പ്രബുദ്ധ കേരളത്തിന് വലിയൊരു നാണക്കേടായി മാറിയിരിക്കുകയാണ്.

Tags:    

Similar News