കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാപരിശോധനയുള്ള മേഖലയില്‍ 100കിലോ ഭാരമുള്ള ആനക്കൊമ്പുകള്‍ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല; കുളം വറ്റിച്ചിട്ടും കൊമ്പ് കിട്ടിയില്ല; കാടെല്ലാം വെട്ടിമാറ്റിയും പോലീസ് അരിച്ചു പെറുക്കി; പാങ്ങോട്ടെ ആനക്കൊമ്പുകള്‍ കണ്ടെത്താന്‍ പോലീസിന് മുന്നില്‍ പരിമിതികള്‍ മാത്രം? സര്‍വ്വത്ര ദരൂഹമായി ഒരു മോഷണം

Update: 2026-02-16 04:55 GMT

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തില്‍ അന്വേഷണം എങ്ങുമെത്തുന്നില്ല. പാങ്ങോട് ക്യാമ്പില്‍ പോലീസ് പരിശോധന കഴിഞ്ഞ ദിവസം നടത്തി. മോഷണം പോയതിന് അടുത്തുള്ള കുളം വറ്റിച്ചും പരിശോധിച്ചു. കാട് വെട്ടിത്തെളിച്ചും പരിശോധിച്ചു. എന്നാല്‍ ആനക്കൊമ്പ് കണ്ടെത്താനായില്ല. ആനകൊമ്പ് ക്യാമ്പ് കടന്നു പോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ് ഇപ്പോഴും. പട്ടാള ക്യാമ്പിലായതു കൊണ്ടു തന്നെ അന്വേഷണത്തിന് പരിമിതികള്‍ ഏറെയാണ്. സിറ്റി പോലീസ് കമ്മീഷണര്‍ കെ കാര്ഡത്തിക് നേരിട്ടാണ് എല്ലാം പരിശോധിക്കുന്നത്.

ഓഫീസേഴ്സ് മെസില്‍ ജോലി ചെയ്യുന്ന 20 പേരുടെ വിരല്‍ അടയാളം രേഖപ്പെടുത്തി. മോഷണം പോയ കൊമ്പുകള്‍ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമില്‍ വിരലടയാളങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി താരതമ്യം ചെയ്യാന്നാണ് ക്യാമ്പിലുള്ളവരുടെ വിരലടയാളം ശേഖരിച്ചിരിക്കുന്നത്. മെസിലെ പാചകക്കാരനെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ക്യാമ്പിലുള്ളവരുടെ പിന്തുണയില്ലാതെ മോഷണം നടക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പാചകക്കാരനെ വിശദമായി ചോദ്യം ചെയ്തു. ഒരു ചില്ലു ഫ്രെയിമിനുള്ളിലായിരുന്നു ആന കൊമ്പ്. ഈ ചില്ലു ഫ്രെയിം മാറ്റി വച്ചിട്ടാണ് ആനക്കൊമ്പ് എടുത്തു കൊണ്ടു പോയത്. ഈ ചില്ലു ഫ്രെയിമിലുള്ള വിരലടയാളങ്ങളാണ് പരിശോധിക്കുന്നത്. ഇവിടുത്തെ ജീവനക്കാരുടെ വിരലടയാളം പലപ്പോഴും ഈ ഫ്രെയിമില്‍ പതിയും. അതിന്റെ പേരില്‍ ഇവരെ സംശയത്തില്ഡ# ആക്കാനും കഴിയില്ല.

ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന രണ്ടുകോടി രൂപയോളം വിലമതിക്കുന്ന ആനക്കൊമ്പുകളാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. 1929ല്‍ അന്നത്തെ സര്‍ക്കാര്‍ കൈമാറിയതാണ് ഈ ആനക്കൊമ്പുകള്‍. നിലവില്‍ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആനക്കൊമ്പുകള്‍ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പോലീസിന്റെ ഇപ്പോഴത്തേയും നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്‌സ് മെസും പരിസരവും സൈനികര്‍ വ്യാപകമായി പരിശോധിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിന് പുറമേയാണ് പോലീസും പ്രദേശം അരിച്ചു പെറുക്കിയത്. വലിയ ദുരൂഹതകള്‍ ഈ കേസിലുണ്ടെന്നതാണ് വസ്തുത.

ക്യാമ്പിനുള്ളില്‍ പരിശോധന നടത്താന്‍ പൊലീസിന് പരിമിതികള്‍ ഉണ്ട്. ഇതിനാല്‍ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്. പാര്‍ട്ടി നടന്ന ദിവസം പരിപാടിയുടെ ഒരുക്കങ്ങള്‍ക്കായി ക്യാമ്പില്‍ എത്തിയ 18 പേരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. മദ്രാസ് റെജിമെന്റിന്റെ ഓഫീസേഴ്‌സ് മെസില്‍ ഡി.ജെ പാര്‍ട്ടിക്കിടെയാണ് രണ്ടുകോടി വിലയുള്ള രണ്ട് ആനക്കൊമ്പുകള്‍ കൊള്ളയടിച്ചത്.

ക്യാമ്പില്‍ നിന്നുള്ളവരുടെ സഹായമില്ലാതെ അകത്തു കയറാനോ ആനക്കൊമ്പെടുത്ത് പുറത്തേക്ക് പോവാനോ കഴിയില്ല. കയറാനും ഇറങ്ങാനും പട്ടാളത്തിന്റെ സുരക്ഷാപരിശോധനയുള്ള മേഖലയില്‍ 100കിലോ ഭാരമുള്ള ആനക്കൊമ്പുകള്‍ എടുത്ത് പുറത്തേക്ക് കൊണ്ടുപോവുക എളുപ്പമല്ല. ക്യാമ്പിലെ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടോ അതിലധികമോ പേര്‍ക്ക് പങ്കുണ്ടാവാമെന്നും പൊലീസ് സംശയിക്കുന്നു.

ഡി.ജെ പാര്‍ട്ടിക്കെത്തിയ ഇവന്റ് മാനേജ്‌മെന്റുകാരുടെ സാധനങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയ കൂട്ടത്തില്‍ കടത്തിയോയെന്നും അന്വേഷിക്കുന്നുണ്ട്. സൈനികരെയും കരാറടിസ്ഥാനത്തിലെ സുരക്ഷാജീവനക്കാരെയും ഓഫീസ്, മെസ് ജീവനക്കാരെയുമടക്കം ചോദ്യംചെയ്തു. മെസ്ഹാളിലെ സ്വീകരണമുറിയില്‍ പ്രത്യേക സ്റ്റാന്‍ഡില്‍ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകള്‍ നേരത്തേ നോട്ടമിട്ടു വച്ചശേഷം, ഡി.ജെ പാര്‍ട്ടിക്കിടെ കടത്തിയെന്നാണ് നിഗമനം.

Similar News