പോലീസുകാരനെതിരെയുള്ള കേസ് റദ്ദാക്കാന്‍ നിര്‍ദ്ദേശിച്ച് കമ്മീഷണറുടെ ഇടപെടല്‍; 24 മണിക്കൂറിനുള്ളില്‍ വീഴ്ചയില്‍ ശംഖുമുഖം എസി വിശദീകരണം നല്‍കണം; സര്‍ക്കാരിന്റെ പ്രതിശ്ചായ തകര്‍ക്കാനുള്ള ഗൂഢ ശ്രമമെന്ന് വിലയിരുത്തി സിപിഎമ്മും ആഭ്യന്തര വകുപ്പും; മിഥുന്‍ റോയിയ്ക്കും സഹോദരിക്കും എതിരെയുള്ള കേസ് ഇല്ലാതാകും; മാള്‍ ഓഫ് ട്രാവന്‍കൂറിലേത് ഏകപക്ഷീയ എസ് എഫ് ഐ ആക്രമണം തന്നെ
തിരുവനന്തപുരം: തിരുവനന്തപുരത്തെ മാളില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനമേറ്റ എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കും. മിഥുനെയും സഹോദരിയേയും പ്രതികളാക്കി തയ്യാറാക്കിയ എഫ്.ഐ.ആര്‍ അടിയന്തരമായി റദ്ദാക്കാനാണ് നിര്‍ദ്ദേശം. പോലീസുകാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുക്കാനും കമ്മീഷണര്‍ കെ കാര്‍ത്തിക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.. രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്വന്തം സഹപ്രവര്‍ത്തകനെ ഒറ്റുുകൊടുത്ത പോലീസ് നടപടിക്കേറ്റ തിരിച്ചടിയായി ഇത് മാറി.
മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് കമ്മീഷണര്‍ അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചില ബാഹ്യശക്തികള്‍ പോലീസിനുള്ളില്‍ ഇരുന്ന് ചരടുവലിച്ചതായി വിലയിരുത്തലുണ്ട്. സര്‍ക്കാരില്‍ നിന്നും കടുത്ത നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തില്‍, കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച സംഭവത്തില്‍ ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറോട് 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടു. ഗുരുതരമായ വീഴ്ച വരുത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ പോലും കര്‍ശന നടപടിയുണ്ടാകുമെന്ന് ഉറപ്പായിട്ടുണ്ട്. എസിയുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടികള്‍ എടുക്കും.
പുതുവത്സര തലേന്ന് ശംഖുമുഖത്ത് നടന്ന സംഘര്‍ഷത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനോടുള്ള വ്യക്തിപരമായ പകയാണ് മാളിലെ അക്രമത്തില്‍ കലാശിച്ചത്. അന്ന് നിയമലംഘനം നടത്തിയ എസ്.എഫ്.ഐക്കാരെ തടഞ്ഞ പോലീസുകാരെ 'കണ്ടോളാം' എന്ന് ഭീഷണി മുഴക്കിയിരുന്നു. ഇത് നടപ്പിലാക്കാന്‍ ആസൂത്രിതമായി മാളിലെത്തി മിഥുനെയും കുടുംബത്തെയും വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍, ഇതിനു പിന്നാലെ എസ്.എഫ്.ഐക്കാരന്‍ നല്‍കിയ പരാതിയില്‍ മിഥുന്‍ ഇടിവള ഉപയോഗിച്ച് ഇടിച്ചെന്ന വ്യാജ ആരോപണം ഉന്നയിച്ച് കേസെടുത്തത് സേനയ്ക്കുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. എന്നാല്‍ പുറത്തു വന്ന ദൃശ്യങ്ങളില്‍ ഏകപക്ഷീയ ആക്രമണമാണ് നടന്നത് എന്ന് വ്യക്തമായിരുന്നു.
ഔദ്യോഗിക ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനെ കുടുംബത്തിന് മുന്നിലിട്ട് വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരള പോലീസ് അസോസിയേഷന്‍ വ്യക്തമാക്കി. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒത്താശ ചെയ്യുന്ന രീതി മാറണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. കമ്മീഷണര്‍ക്ക് എതിരെ പോലും ഗ്രൂപ്പുകളില്‍ ട്രോളുകള്‍ പ്രത്യക്ഷപ്പെട്ടതോടെ പോലീസ് വലിയ നാണക്കേടിലായിരുന്നു. ഒടുവില്‍ കമ്മീഷണറുടെ അടിയന്തര ഇടപെടല്‍ വന്നതോടെ നീതി നടപ്പാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് സേന.
തിരുവനന്തപുരത്തെ മാളില്‍വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത സംഭവത്തില്‍ പൊലീസ് സേനയില്‍ പ്രതിഷേധം കടുത്തിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഇങ്ങോട്ട് ആക്രമിച്ചിട്ടും പൊലീസുകാരനും സഹോദരിയും ചേര്‍ന്ന് ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആര്‍. ഇടിവള കൊണ്ട് നെഞ്ചിലും മുതുകിലും ഇടിച്ചെന്നും അടിച്ച് കൊല്ലാന്‍ സഹോദരി വിളിച്ചു പറഞ്ഞെന്നും എഫ് ഐ ആറിലുണ്ട്. അതേസമയം പുറത്ത് വന്ന വീഡിയോകളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ പിറകെ നടന്ന പ്രകോപിപ്പിക്കുന്നതും വളഞ്ഞിട്ട് മര്‍ദ്ദിക്കുന്നതും വ്യക്തമാണ്. ഈ ദൃശ്യം പുറത്തു വന്നിട്ടും കേസില്‍ മെല്ലെ പൊക്ക് ആണെന്നും പൊലീസികാരനെ ആക്രമിച്ച എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടാത്തിലും സേനയില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ജില്ലാ പൊലീസ് അസോസിയേഷന്‍ വാട്ട്സ് അപ്പ് ഗ്രൂപ്പില്‍ സിറ്റി പൊലീസ് കമീക്ഷണര്‍ക്ക് എതിരെ ട്രോളുകള്‍ വരെ പ്രത്യക്ഷപ്പെട്ടു. ഷോപ്പിംഗ് മാളില്‍ എസ്എഫ്ഐക്കാര്‍ പൊലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ ഇതുവരെ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ദൃശ്യങ്ങള്‍ പരിശോധിച്ച് സാക്ഷി മൊഴി എടുത്തതിനുശേഷമാകും തുടര്‍നടപടി ഉണ്ടാകുകയെന്നാണ് വഞ്ചിയൂര്‍ പൊലീസ് പറയുന്നത്. ഡ്യൂട്ടി നിര്‍വ്വഹിച്ചതിന്റെ പേരില്‍ തിരുവനന്തപുരത്ത് പോലീസ് ഉദ്യോഗസ്ഥനെ പിന്തുടര്‍ന്ന് ആക്രമിച്ച സംഭവം ഞെട്ടിക്കുന്നതാമെന്ന് കേരള പോലീസ് അസോസിയേഷന്‍ വ്യക്തമാക്കി. നാട്ടില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഔദ്യോഗിക ഡ്യൂട്ടി ചെയ്തു എന്നതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാര്‍ച്ച് നടത്തുന്നതും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിച്ച് ഉദ്യോഗസ്ഥരുടെയും കുടുംബത്തിന്റെയും ഫോട്ടോകള്‍ പ്രചരിപ്പിച്ച് അധിക്ഷേപിക്കുന്നതും യൂണിവേഴ്സിറ്റി മാര്‍ച്ചില്‍ ഗുരുതര പരിക്കേറ്റ പോലീസുദ്യോഗസ്ഥന്‍ ചികിത്സയിലിരിക്കെ, അവന്റെ ഒരു കണ്ണേ പോയുള്ളു എന്ന തരത്തില്‍, പരസ്യമായി ആക്ഷേപിച്ചുമൊക്കെ രംഗത്തിറങ്ങിയതിന്റെ തുടര്‍ച്ച തന്നെയാണ് തിരുവനന്തപുരത്തും അരങ്ങേറിയത്.
പുതുവത്സര തലേന്ന് ശംഖുമുഖത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച പൊലീസുകാരനെയാണ് ഷോപ്പിംഗ് മാളില്‍ വച്ച് ആസൂത്രിതമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കഴിഞ്ഞ ഡിസംബര്‍ 31ന് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്തെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകരും പൊലീസുമായി സംഘര്‍ഷം ഉണ്ടായിരുന്നു. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന മിഥുനടക്കമുള്ള പൊലീസുകാര്‍ ലാത്തിവീശി. ഇതില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു. തുച്ഛമായ കൂലിയ്ക്ക് വോളന്റിയര്‍മാരായി നില്ക്കാന്‍ പോയ നിരപരാധികളായ വിദ്യാര്‍ത്ഥികളെ ആണ് പൊലീസ് തല്ലിയതെന്ന് അന്ന് എസ്എഫ്ഐ ആരോപിച്ചിരുന്നു. അകാരണമായി മര്‍ദ്ദിച്ച പൊലീസുകാരെ 'കണ്ടോളാമെന്ന്' അന്നുതന്നെ എസ്എഫ്ഐ ഭീഷണി മുഴക്കിയിരുന്നു.
