അയ്മനത്തെ പരിപ്പ് ദേവസത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറായിരുന്നപ്പോള്‍ ആത്മമിത്രമായിരുന്നത് 'ഡൈമണ്ട്'! 'ഡൈമണ്ടും' കൂട്ടരും ആ യുവതിയെ കൊന്ന് കുളത്തില്‍ തള്ളിയത് 37 കൊല്ലം മുമ്പ്; കൊലക്കേസിലെ രണ്ടു പ്രതികളും ദൃക്‌സാക്ഷിയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചപ്പോള്‍ കേസും ആവിയായി; സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊല വീണ്ടും ചര്‍ച്ചകളില്‍; സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ 'ഡൈമണ്ട്' ഇഫക്ടോ?

Update: 2025-11-08 03:33 GMT

തിരുവനന്തപുരം: സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ ശബരിമല ദേവസ്വം മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം അതിദൂരഹം. തിരുവിതാംകൂര്‍ദേവസ്വം ബോര്‍ഡില്‍ പോലും അന്ന് ഇതൊരു കൊലപാതകമെന്നായിരുന്നു പ്രചരിച്ചത്. ഇതു സംബന്ധിച്ച് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പഴയ കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി. സിപിഎം നേതാവാണ് നിലവില്‍ സുധീഷ് കുമാര്‍. അന്ന് അയ്മനത്തുണ്ടായിരുന്ന ദേവസ്വം മാഫിയയ്ക്ക് സ്വര്‍ണ്ണ കടത്തില്‍ പങ്കുണ്ടോ എന്നാണ് ഇപ്പോഴത്തെ പരിശോധന.

അയ്മനം പരിപ്പ് ദേവസ്വത്തില്‍ 1988-89 വര്‍ഷത്തില്‍ സുധീഷ് സബ് ഗ്രൂപ്പ് ഓഫിസര്‍ ആയി ജോലി നോക്കുമ്പോഴാണ് ആദ്യ ഭാര്യയുടെ മരണം. വാടകവീടിനു സമീപം തോട്ടിലെ കുളിക്കടവിന്റെ കരയില്‍ ഭാര്യയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ രണ്ടു പേരും, സംഭവത്തിനു ദൃക്‌സാക്ഷിയായിരുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാരനും പിന്നീട് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. സുധീഷിന്റെ സുഹൃത്തായിരുന്ന ഒരു പൊലീസുകാരനും മകനും കേസില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് സൂചന. ശബരിമല സ്വര്‍ണ്ണ കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ആദ്യ ഭാര്യയും ദുരൂഹ സാഹചര്യത്തില്‍ മരിച്ചിരുന്നു. സിപിഎമ്മുമായി ചേര്‍ന്നു നില്‍ക്കുന്ന വ്യക്തിയാണ് സുധീഷ് കുമാര്‍. അടൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായി പോലും സുധീഷിനെ പരിഗണിച്ചിരുന്നു.

ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന ഡൈമണ്ട് എന്ന അപരനാമമുള്ള വ്യക്തിയുടെ അടുത്ത സുഹൃത്തായിരുന്നു ഈ സമയത്ത് സൂധീഷ് കുമാര്‍. ആ സമയത്ത് അയ്മനത്ത് സുധീഷ് കുമാറിന്റെ വീട് കേന്ദ്രീകരിച്ച് ചില സംവിധാനങ്ങളുണ്ടായിരുന്നു. ഈ വീട്ടിലെ പ്രശ്‌നമാണ് ഭാര്യയുടെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പല നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ഈ വീട്ടില്‍ നടന്നിരുന്നു. ഇതിനിടെയില്‍ പെട്ടു പോയ ഭാര്യയെ ചിലര്‍ കൊലപ്പെടുത്തുകയായിരുന്നു. പക്ഷേ സ്വാധീനത്തില്‍ കേസൊന്നും എത്താതെ പോവുകയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 'അയ്മനം' ഗ്രൂപ്പ് പിടിമുറുക്കി.

തിരുവിതാംകൂര്‍ ക്ഷേത്രങ്ങളിലെ ഒന്നിലധികം കൊടിമരം വിവാദത്തില്‍ പെട്ട ഉദ്യോഗസ്ഥനാണ് ഡൈമണ്ട് എന്ന് ദേവസ്വം ബോര്‍ഡില്‍ വിളിപ്പേരുള്ള വ്യക്തി. ശബരിമലയിലെ കൊടിമരത്തെ ആദ്യം നോട്ടമിട്ടതും ഈ ഉദ്യോഗസ്ഥനാണ്. ഈ ഉദ്യോഗസ്ഥനുമായി സുധീഷ് കുമാര്‍ അടുക്കുന്നത് അയ്മനത്ത് ജോലി ചെയ്യുമ്പോഴാണ്. ഈ കളങ്കിത വ്യക്തിത്വം ശബരിമലയിലും ജോലി നോക്കി. അന്ന് ദേവസ്വം ബോര്‍ഡ് അറിയാതെ പലതും സന്നിധാനത്ത് നടത്തി. പോലീസില്‍ നിന്നും വിരമിച്ച് ഡിവൈഎസ്പിയായ ഒരു വ്യക്തിയും അന്ന് ഇതിന്റെ എല്ലാം ഭാഗമായി. ലെയ്‌സണ്‍ ഓഫീസറായി ശമ്പളമില്ലാ ജോലി നോക്കിയ ഈ ഉദ്യോഗസ്ഥനെ അന്ന് ദേവസ്വം ബോര്‍ഡ് മാറ്റുകയും ചെയ്തു.

ബോര്‍ഡ് അറിയാതെ പലതും സന്നിധാനത്ത് നിന്ന് മാറ്റാന്‍ ഗൂഡാലോചന നടത്തിയ ദേവസ്വം ഉദ്യോഗസ്ഥനെതിരേയും നടപടി വന്നു. അന്ന് പുറത്താക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇയാള്‍ സര്‍വ്വീസില്‍ തിരിച്ചെത്തി. ഈ ഉദ്യോഗസ്ഥനും സുധീഷ് കുമാറുമായുള്ള അടുപ്പത്തിലേക്കും അന്വേഷണം നീളുകയാണ്. എന്‍ വാസു അടക്കമുള്ളവരുമായി ഈ ഉദ്യോഗസ്ഥനും ബന്ധമുണ്ട്. സിപിഎമ്മിന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന വക്കീലിന്റെ അടുത്ത അനുയായിയുമാണ് ഇദ്ദേഹം. എകെജി സെന്ററുമായി അടുപ്പമുള്ള ഈ വക്കീല്‍ പക്ഷേ ശബരിമയിലെ തട്ടിപ്പുകള്‍ക്കൊന്നും കൂട്ടു നിന്നിട്ടില്ല. ഈ വക്കീലിനെ മറ്റൊരു തരത്തില്‍ അടിമയാക്കിയായിരുന്നു 'ഡൈമണ്ടും' കൂട്ടരും ദേവസ്വം ബോര്‍ഡിനെ കൈപ്പിടിയില്‍ ഒതുക്കിയത്.

സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ കൊലക്കേസ് അന്വേഷണം നേര്‍ വഴിക്ക് നടക്കാത്തതാണ് ഈ ഗ്രൂപ്പിനെ ദേവസ്വം ബോര്‍ഡില്‍ വളര്‍ത്തിയത്. ഈ കേസാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ വീണ്ടും എത്തുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കേസില്‍ മൂന്നാം പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടാണ് റിമാന്‍ഡ് ചെയ്തത്. പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരം ഈഞ്ചക്കല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ സുധീഷ് കുമാറിനെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Tags:    

Similar News