ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പുറത്തുവന്നതോടെ ആവേശത്തിലായ രാഷ്ട്രീയ കേരളം; സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി മുന്നണികൾ; കൂടെ വലിയൊരു പ്രഖ്യാപനത്തിന് കോൺഗ്രസ്

Update: 2026-03-16 00:35 GMT

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് 2026 ഏപ്രിൽ ഒമ്പതിന് നടക്കും, വോട്ടെണ്ണൽ മെയ് നാലിനാണ് നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുമ്പോൾ, പ്രധാന മുന്നണികൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി കഴിഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ, സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിട്ടുണ്ട്.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) സിപിഎമ്മും സിപിഐയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയും ഒമ്പത് മന്ത്രിമാരും ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും ഉൾപ്പെടെ പ്രമുഖരുടെ വലിയ നിരതന്നെ മത്സരരംഗത്തുണ്ട്. പാലക്കാട് ഉൾപ്പെടെ അഞ്ച് മണ്ഡലങ്ങൾ സിപിഎം പൊതു സ്വതന്ത്രർക്കായി ഒഴിച്ചിട്ടിരിക്കുകയാണ്.

ഐക്യജനാധിപത്യ മുന്നണിയിൽ (യുഡിഎഫ്) സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാണ്. കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടേക്കും. വൈകിട്ട് നാല് മണിക്ക് ചേരുന്ന തെരഞ്ഞെടുപ്പ് സമിതി പട്ടികയ്ക്ക് അംഗീകാരം നൽകും. കൂടുതൽ മണ്ഡലങ്ങളിൽ ഒറ്റപ്പേരിൽ എത്താനായി കേരളത്തിൽ നിന്നുള്ള നേതാക്കൾ ഇന്ന് രാവിലെ ദില്ലിയിൽ ചർച്ച നടത്തും. കോൺഗ്രസ് ഹൈക്കമാൻഡ് നേതാക്കൾ കെ. സുധാകരനുമായി കൂടിക്കാഴ്ച നടത്തും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ തുടരുകയാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായെന്നും തർക്കങ്ങളില്ലെന്നും തീരുമാനം നാളെയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ രാത്രി പ്രതികരിച്ചിരുന്നു. എന്നാൽ, ഈ വാദങ്ങളെ തള്ളി പി.ജെ. ജോസഫ് രംഗത്തെത്തി. സീറ്റ് ചർച്ചകളിൽ ധാരണയായിട്ടില്ലെന്നും രണ്ടോ മൂന്നോ ദിവസത്തിനകം അന്തിമ തീരുമാനമുണ്ടാകുമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

മുസ്ലിം ലീഗിന്‍റെ നേതൃയോഗം മലപ്പുറത്ത് രാവിലെ പതിനൊന്നിന് ചേരും. യുഡിഎഫിലെ സീറ്റ് വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിലെ തീരുമാനം പി.കെ. കുഞ്ഞാലിക്കുട്ടി യോഗത്തിൽ നേതാക്കളെ അറിയിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിലെ അന്തിമ തീരുമാനവും ഇന്നുണ്ടാകുമെന്നാണ് സൂചന. സംസ്ഥാന പ്രസിഡന്‍റ് സാദിഖ് തങ്ങൾ ചൊവ്വാഴ്ച സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചേക്കുമെന്നും വിവരമുണ്ട്.

"മതിയായി മാറ്റാം തുടങ്ങാം" എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് എൻഡിഎ മുന്നണിയും ബിജെപിയും നിർണായക പോരാട്ടത്തിന് ഒരുങ്ങുകയാണ്. സംസ്ഥാനത്ത് എല്ലാ മുന്നണികളും പ്രചാരണവും സ്ഥാനാർത്ഥി നിർണയവും ശക്തമാക്കുമ്പോൾ, വരും ദിവസങ്ങളിൽ തെരഞ്ഞെടുപ്പ് രംഗം കൂടുതൽ ചൂടുപിടിക്കും.

Tags:    

Similar News