ക്ഷമയും സ്‌കില്ലും കൈമുതല്‍; ഷെരീഷ് ചേട്ടന്‍ വഴികാട്ടിയായി; ജോളി റോവേഴ്സും വിജയന്‍ കോച്ചും വളര്‍ത്തി; അണ്ടര്‍ 14 ടീമിലെ ഷൈന്‍ കോച്ച് പ്രോത്സാഹനമായി; ആലപ്പി റിപ്പിള്‍സില്‍ പ്രശാന്തും; മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിലെ മികവിന് ജയവര്‍ദ്ദനെ കൈയ്യടിച്ചു; ഇത് പെരിന്തല്‍മണ്ണിയിലെ ഓട്ടോ ഡ്രൈവറുടെ മകന്‍; വിഘ്നേഷ് പുത്തൂര്‍ 'ചൈനാമാനില്‍' ഐപിഎല്‍ അത്ഭുതമാകുമോ?
പെരിന്തല്‍മണ്ണ: ഗോഡ് ഫാദര്‍മാരില്ല.... ക്ഷമയും സ്‌കില്ലും ആണ് കൈമുതല്‍. വീട്ടിനടുത്ത ഷെരീഫ് ചേട്ടന്റെ ആഗ്രഹത്തിന് അനുസരിച്ച് പന്തും ബാറ്റും കൈയ്യിലെടുക്കുമ്പോള്‍ ഈ കൊച്ചു മിടുക്കാന്‍ മനസ്സില്‍ കാണാത്തതെല്ലാം ഈ വര്‍ഷം നടന്നു. പ്രതിഭ കൊണ്ടുമാത്രം സംഭവിച്ചതാണ് ഇതെല്ലാം. ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മഹേല ജയവര്‍ദ്ദനയും പൊള്ളാര്‍ഡും ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈ ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ ട്രയല്‍സില്‍ പെരിന്തല്‍മണ്ണയിലെ മിടുക്കന്‍ പന്തെറിയുന്നത് കണ്ട് കൈയ്യടിച്ചു. പിന്നെ രചിച്ചത് ചരിത്രം. കേരളാ ക്രിക്കറ്റില്‍ നിന്നും ഒരു കൊച്ചു മിടുക്കന്‍ ഐപിഎല്‍ ടീമില്‍. ചൈനമാന്‍ ബൗളറായ വിഘ്‌നേഷ് പുത്തൂര്‍ ഇതുവരെ കേരളത്തിന്റെ സീനിയര്‍ ടീമില്‍ പോലും കളിച്ചിട്ടില്ല. എന്നിട്ടും ഐപിഎല്‍ ടീമിലെത്തി. ഐപിഎല്‍ ലേലത്തിന് മുന്‍പ് തന്നെ വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ടീം ട്രയല്‍സിന് ക്ഷണിച്ചിരുന്നു. അതാണ് വഴിത്തിരിവായത്.
കൈക്കുഴകൊണ്ട് പന്ത് തിരിക്കുന്ന ഇടംകയ്യന്‍ ലെഗ് സ്പിന്നര്‍മാരെയാണ് ചൈനമാന്‍ എന്ന് വിളിക്കുന്നത്. അത്തരത്തിലൊരു ബൗളറാണ് വിഘ്‌നേഷ്. വലംകൈ ലെഗ് സ്പിന്നര്‍മാര്‍ ബാറ്റ്സ്മാനില്‍ നിന്നും പുറത്തേക്ക് പന്ത് തിരിക്കുമ്പോള്‍ ചൈനമാന്‍ ബൗളര്‍മാര്‍ അകത്തേക്കാണ് പന്ത് തിരിക്കുക എന്നതാണ് ഇത്തരത്തിലുള്ള ബൗളര്‍മാരുടെ പ്രത്യേകത. വലംകൈ ബാറ്റ്സ്മാന്മാര്‍ക്ക് ഇത്തരത്തില്‍ കുത്തി തിരിഞ്ഞ് അകത്തേക്ക് വരുന്ന പന്തുകള്‍ കൂടുതല്‍ വെല്ലുവിളിയാകാറുണ്ട്. കൈക്കുഴകൊണ്ടാണ് പന്ത് തിരിക്കുന്നത് എന്നതുകൊണ്ട് തന്നെ പന്തിന്റെ വേഗം വായുവിലുള്ള ചലനവും ഇത്തരം ബൗളര്‍മാരുടെ പന്തുകളില്‍ കൂടുതലായിരിക്കും. ലെഫ്റ്റ് ആം അണ്‍ഓര്‍ത്തഡോക്സ് സ്പിന്‍ എന്നും ചൈനമാന്‍ ബൗളര്‍മാരെ വിശേഷിപ്പിക്കാറുണ്ട്. കുല്‍ദീപ് യാദവിനെയും ബ്രാഡ് ഹോഗിനേയും പന്തെറിയുന്ന മലയാളി.
പെരിന്തല്‍മണ്ണയിലായിരുന്നു കളിയുടെ തുടക്കം. 11-ാം വയസ്സില്‍ ബാറ്റും പന്തുമെടുത്തു. സാധാരണ നിലയില്‍ പന്തെറിഞ്ഞ വിഘ്‌നേഷിനെ ചൈനാമന്‍ എറിയാന്‍ പ്രേരിപ്പിച്ചത് ഷെരീഫായിരുന്നു. പെരിന്തല്‍മണ്ണയിലെ വിജയന്‍ സാറില്‍ നിന്നാണ് കോച്ചിംഗിന്റെ ബാലപാഠം പഠിച്ചത്. അവിടെ നിന്ന് ക്രിക്കറ്റ് അക്കാദമിയില്‍. കേരള ക്രിക്കറ്റിലെ മികച്ച സംഘാടകനായി അറിയപ്പെടുന്ന ഹരിദാസിന്റെ ജോളി റോവേഴ്‌സില്‍ ലീഗ് കളിയും തുടങ്ങി. അതിനിടെ കേരളാ ക്രിക്കറ്റ് അക്കാദമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലപ്പുറം സ്റ്റേറ്റ് അക്കാദമിയില്‍ നിരവധി കോച്ചുമാരുടെ കീഴില്‍ കളി പഠിച്ചു. പിന്നെ തൃശൂരിലേക്ക് മാറി. ശശിധരന്‍ സാറായിരുന്നു അവിടെ കളി പറഞ്ഞു കൊടുത്തു. ഇതിനിടെ കേരളാ അണ്ടര്‍ 14ന്‍ ടീമില്‍ ഇടം നേടി. അണ്ടര്‍ 19 ടീമിലും കളിച്ചു. അണ്ടര്‍ 23 ടീമില്‍ കളിച്ചെങ്കിലും അതൊരു ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റായിരുന്നു. സ്റ്റേറ്റ് മാച്ചായിരുന്നില്ല.
അണ്ടര്‍ 14 ടീമിലെ അനുഭവം വേറിട്ടതായി. കേരളാ ടീമിന്റെ കോച്ച് ഷൈനായിരുന്നു. കുടുതല്‍ അവസരങ്ങള്‍ ബാറ്റിംഗിലും ബൗളിംഗിലും നല്‍കി. ഗോവയ്‌ക്കെതിരായ ഒരു മത്സരത്തില്‍ സമാനതകളില്ലാത്ത പ്രകടനമാണ് വിഘ്‌നേഷ് ബാറ്റു കൊണ്ട് കാഴ്ച വച്ചത്. 170ലേറെ പന്തുകള്‍ നേരിട്ട് പത്ത് റണ്‍സായിരുന്നു ആ കളിയില്‍ വിഘ്‌നേഷ് നേടിയത്. ക്ഷമാപൂര്‍വ്വമുള്ള ബാറ്റിംഗ് കേരളത്തിന് നല്‍കിയത് വിജയത്തിന് സമാനമായ സമനിലയാണ്. കേരളാ പ്രിമിയര്‍ ലീഗിലെ പ്രകടനം കണ്ടാണ് മുംബൈ ഇന്ത്യന്‍സിന്റെ സെലക്ഷന് വിഘ്‌നേഷിനെ വിളിച്ചത്.
ജൂനിയര്‍ ക്രിക്കറ്റിലെ മാത്രം അനുഭവ കരുത്തുമായാണ് ഐപിഎല്‍ ട്രയല്‍സിന് പോയത്. അത് വെറുതെയായില്ല. ട്രയല്‍സിലെ പ്രകടനം വിലയിരുത്തി മുംബൈ ഇന്ത്യന്‍സ് താരത്തെ ഒപ്പം കൂട്ടുകയായിരുന്നു. കേരള ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിന്റെ താരമായിരുന്നു വിഘ്‌നേഷ്. പത്തൊന്‍പതുകാരനായ വിഘ്‌നേഷ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്. പന്ത്രണ്ട് കേരള താരങ്ങളാണ് ഐപിഎല്‍ ലേലപട്ടികയില്‍ ഉണ്ടായിരുന്നത്. അതില്‍ നിന്നും വിഷ്ണു വനോദിനും സച്ചിന്‍ ബേബിക്കും പുറമേ വിഘ്‌നേഷും ടീമിലെത്തി. കേരളാ പ്രിമിയര്‍ ലീഗ് അങ്ങനെ ഒരു താരത്തെ ഐപിഎല്ലിന് നല്‍കുകയാണ്. ആലപ്പി റിപ്പിള്‍സിന്റെ ടീമില്‍ വിഘ്‌നേഷ് എത്തിയതും യാദൃശ്ചികമായാണ്. ടീമിന്റെ കോച്ചും മുന്‍ ഐപിഎല്‍ താരവുമായ പ്രശാന്ത് പരമേശ്വരനാണ് വിഘ്‌നേഷിന്റെ മികവ് തിരിച്ചറിഞ്ഞത്. തൃശൂരിലെ ട്രയല്‍സാണ് നിര്‍ണ്ണായകമായത്.
ഇതേ തുടര്‍ന്നാണ് ലേലത്തില്‍ വിഘ്‌നേഷിനെ ആലപ്പി റിപ്പിള്‍ സ്വന്തമാക്കിയത്. അവിടെയുള്ള കളി മുംബൈ ഇന്ത്യന്‍സിന്റെ കണ്ണില്‍ പെട്ടു. ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനം അടിസ്ഥാന വിലയായ 30 ലക്ഷം നല്‍കിയാണ് മുംബൈ വിഗ്‌നേഷിനെ സ്വന്തമാക്കിയത്. പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനായ വിഘ്നേഷിന് ക്രിക്കറ്റില്‍ പാരമ്പര്യങ്ങളൊന്നും പറയാനില്ല. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെന്റ് കോളേജില്‍ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്. ലേലത്തിനുമുമ്പ് വിഘ്നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തതോടെ ടീമിനൊപ്പം കൂട്ടുകയായിരുന്നു. ഇനി രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമാകും വിഘ്നേഷും കളിക്കും.
ആലപ്പി റിപ്പിള്‍സിനായി പുറത്തെടുത്ത പ്രകടനം മുംബൈ ഇന്ത്യന്‍സിന്റെ 'സ്‌കൗട്ടു'കളുടെ ശ്രദ്ധയിലെത്തി. അങ്ങനെയാണ് മുംബൈ ഇന്ത്യന്‍സിലേക്ക് ട്രയല്‍സിനായി വിളിയെത്തുന്നത്. മൂന്നു തവണയാണ് ട്രയല്‍സിനായി മുംബൈയിലേക്കു പോയത്. ശ്രീലങ്കയുടെ ഇതിഹാസ താരം മഹേള ജയവര്‍ധനെ, ഐപിഎല്‍ സൂപ്പര്‍താരം കയ്‌റന്‍ പൊള്ളാര്‍ഡ്, മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവര്‍ക്കു മുന്നിലായിരുന്ന ട്രയല്‍സ്. ഒരു തവണ ട്രയല്‍സിനു ശേഷം 'നന്നായി ചെയ്തു'വെന്ന് സാക്ഷാല്‍ ഹാര്‍ദിക് പാണ്ഡ്യ നേരിട്ട് അഭിനന്ദിച്ചു. ട്രയല്‍സില്‍ നന്നായി ചെയ്യാനായെന്ന് ആത്മവിശ്വാസമുണ്ടായിരുന്നെങ്കിലും, ടീമിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് വിഘ്‌നേഷ് പറയുന്നു.
ഇത്തവണ 12 മലയാളി താരങ്ങളാണ് ലേലത്തില്‍ പങ്കെടുത്തത്. വിഷ്ണു വിനോദിനെ 95 ലക്ഷത്തിന് പഞ്ചാബ് കിങ്സും സച്ചിന്‍ ബേബിയെ 30 ലക്ഷത്തിന് സണ്‍റൈസേഴ്സ് ഹൈദരാബാദും ടീമിലെടുത്തു. അതേസമയം രോഹന്‍ എസ് കുന്നുമ്മലിനേയും മുഹമ്മദ് അസ്ഹറുദ്ദീനേയും അബ്ദുല്‍ ബാസിത്തിനേയും സല്‍മാന്‍ നിസാറിനേയും ആരും ലേലത്തില്‍ വിളിച്ചില്ല. തമിഴ്നാടിനുവേണ്ടി കളിക്കുന്ന മലയാളി താരം സന്ദീപ് വാര്യര്‍ രണ്ട് വട്ടം ലേലത്തില്‍ വന്നെങ്കിലും ആരും വിളിച്ചില്ല. കര്‍ണാടകയുടെ മലയാളിതാരം ദേവ്ദത്ത് പടിക്കലിനെ രണ്ടു കോടി രൂപയ്ക്ക് ബെംഗളൂരു ടീമിലെടുത്തു.