ഗസ്സക്കുള്ള സഹായത്തിന്റെ മറവില്‍ മസൂദ് അസറിനുവേണ്ടി പള്ളികള്‍ വഴി പണപ്പിരിവ്; ഉപയോഗിക്കുന്നത് ഈസി പൈസ, സാഡാപേ അടക്കം ഡിജിറ്റല്‍ വാലറ്റുകള്‍; ക്രിപ്റ്റോ വഴിയും തീവ്രവാദ ഫണ്ടിങ്; ട്രംപിന് താല്‍പര്യമുള്ളതിനാല്‍ അമേരിക്കക്കും മൗനം; ഡിജിറ്റല്‍ തീവ്രവാദത്തിലേക്ക് ചുവടുമാറ്റി പാക്കിസ്ഥാന്‍!

ഡിജിറ്റല്‍ തീവ്രവാദത്തിലേക്ക് ചുവടുമാറ്റി പാക്കിസ്ഥാന്‍!

Update: 2025-08-26 10:15 GMT

ഡിജിറ്റല്‍ ടെററിസം! ലോകം മുഴവന്‍ ഹൈട്ടെക്കാവുന്ന ഇക്കാലത്ത് ഭീകരവാദികളും സാങ്കേതിക വിദ്യയുടെ സഹായത്തോടെ അടിമുടി മാറുകയാണ്. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്, പാക്കിസ്ഥാനും ഭീകര സംഘടനായ ജെയ്ഷെ മുഹമ്മദും. ആഗോള ഭീകരവാദത്തിന്റെ സാമ്പത്തിക നാഡി അറുക്കുക എന്ന അമേരിക്കയുടെയും, യൂറോപ്യന്‍ യുണിയന്റെയും പ്രഖ്യാപിത നയത്തിന്റെ ഭാഗമായി, ലോകമെമ്പാടുമുള്ള കോടിക്കണക്കിന് അക്കൗണ്ടുകളാണ്, തീവ്രവാദ ബന്ധത്തിന്റെ പേരില്‍ മരവിപ്പിക്കപ്പെട്ടത്. അതോടെ തീവ്രവാദികളും പുതുവഴി തേടാന്‍ തുടങ്ങി. അതാണ് ഡിജിറ്റല്‍ തീവ്രവാദം.

ഇത്തരം കാര്യങ്ങള്‍ പിടിക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ തന്നെ അതിന് കൂട്ടുനില്‍ക്കുകയും ചെയ്താലോ? പാക്കിസ്ഥാനില്‍ സംഭവിക്കുന്നത് അതാണ്. പാക് സൈനിക മേധാവി അസീം മുനീറും, ജെയ്ഷേ മുഹമ്മദ് തലവന്‍ മസൂദ് അസറും ഉള്‍പ്പെട്ട ഈ ഡിജിറ്റല്‍ തീവ്രവാദത്തില്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പേരുകള്‍ കൂടി കടന്നുവരുമ്പോള്‍ ലോകം ഞെട്ടുകയാണ്!

ഓപ്പറേഷന്‍ സിന്ദൂറില്‍ ഞെട്ടിയ ഭീകരര്‍

ഇസ്രയേല്‍ പലതവണ പറഞ്ഞ കാര്യമാണ്, ഗസ്സക്കുവേണ്ടി ലോക വ്യാപകമായി പിരിക്കുന്ന പണം ഫലത്തില്‍ പോകുന്നത് ഇസ്ലാമിക തീവ്രവാദത്തിനാണെന്ന്. അതില്‍ നല്ലൊരു പങ്കും വിഴുങ്ങി തടിച്ചുകൊഴുക്കുന്നവരാണ് ഹമാസ് നേതാക്കാള്‍. പക്ഷേ ഇപ്പോള്‍ പാക്കിസ്ഥാനില്‍ ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഈ പണി തുടങ്ങിയിരിക്കയാണ്. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഒരിക്കലും മറക്കാത്ത മറുപടിയാണ് ഇന്ത്യ ജെയ്ഷെക്ക് നല്‍കിയത്. അതിന്റെ ക്ഷീണം മാറ്റാനും ഭീകരകേന്ദ്രങ്ങള്‍ പുന:സ്ഥാപിക്കാനുമാണ് ഗസ്സയുടെ മറവില്‍ കൂട്ടപ്പിരിവ് നടത്തുന്നതെന്നാണ്, ഇന്ത്യാ ടുഡെ അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്.

മെയ് ഏഴിന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കനത്ത പ്രഹരമാണ് പാക്ക് ഭീകരവാദികള്‍ക്കുണ്ടായത്. പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിലും സാധാരണക്കാരേയും ഇന്ത്യ ലക്ഷ്യം വെച്ചിട്ടില്ല. ഒമ്പത് ഭീകര കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇതിന്റെ തെളിവുകളും ഇന്ത്യ പുറത്തുവിട്ടിരുന്നു. പാക് അധിനിവേശ കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇന്ത്യ ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണ്. ഒമ്പത് തീവ്രവാദ ക്യാംപുകളിലാണ് തീവ്രവാദികളുള്ളതെന്ന് നേരത്തെ ഇന്ത്യ കണ്ടെത്തിയിരുന്നു. ഇതില്‍ പലതും പാക് അധീന കശ്മീരിലായിരുന്നു.




മുരിദ്‌കെ, ബഹല്‍പൂര്‍ എന്നിവടങ്ങളിലെ ഭീകരവാദ കേന്ദ്രങ്ങളാണ് പ്രധാനമായും ഇന്ത്യ ലക്ഷ്യമിട്ടത്. മുരിദ്‌കെയിലെ ലഷ്‌കറെ ത്വയ്ബ ആസ്ഥാനത്ത് രണ്ട് തവണ ആക്രമണം നടത്തി. ബഹല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് മൂന്ന് പോയിന്റുകളിലാണ് ആക്രമണം നടത്തിയത്. ഗുജ്രന്‍വാലയിലെ റഡാര്‍ സ്റ്റേഷനും ആക്രമിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച രണ്ട് പോയിന്റുകളിലാണ് ആക്രമണം നടത്തിയത്. നൂറിലധികം ഭീകരരെ വധിക്കാനായി. കൊല്ലപ്പെട്ടവരില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ ഭീകരരും ഉള്‍പ്പെടും. കാണ്ഡഹാര്‍ വിമാന റാഞ്ചലിനും പുല്‍വാമ ആക്രമണത്തിലും പങ്കുള്ള തീവ്രവാദികളായ യൂസഫ് അസര്‍, അബ്ദുല്‍ മാലിക് റൗഫ്, മുദസ്സര്‍ അഹമ്മദ് എന്നിവരടക്കമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത്. ഇതോടെ പാക് തീവ്രവാദികള്‍ ശരിക്കും ഭയന്നുപോയി എന്നാണ് ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇനിയും തിരിച്ചടിയുണ്ടാവുമെന്ന് ഭയന്ന് പല ക്യാംപുകളും തീവ്രവാദികള്‍ ഉപേക്ഷിച്ചു.

പാക്കിസ്ഥാനും ജെയ്ഷെ മുഹമ്മദിനും ലഷ്‌കറെ ത്വയ്ബക്കുമൊന്നും തീവ്രവാദത്തില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. പാക് പട്ടാള മേധാവി അസീം മുനീര്‍ ആവട്ടെ, ബിന്‍ലാദന് സമാനമായി തീവ്രവാദം മനസില്‍ പേറുന്ന വ്യക്തിയാണ്. കടുത്ത ഇന്ത്യവിരുദ്ധന്‍ കൂടിയായ അസിം മുനീറിന്റെ നിര്‍ദേശപ്രകാരം, പാക് ചാരസംഘടനയായ ഐഎസ്ഐ വീണ്ടും ഭീകരവാദികള്‍ക്ക് എങ്ങനെ കരുത്തുപകരാം എന്ന ചിന്തയിലാണ്. പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന് സത്യത്തില്‍ ഇതിലൊന്നും വലിയ താല്‍പ്പര്യമില്ല. മാത്രമല്ല പാക്കിസ്ഥാനാവട്ടെ സാമ്പത്തികമായി ആകെ തകര്‍ന്ന് പാപ്പരായി ഇരിക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ പാക് സര്‍ക്കാറിന് ഐഎസ്ഐക്കുള്ള തുകയും വെട്ടിച്ചുരുക്കേണ്ടി വന്നു. ഭീകരവാദത്തിന് പഴതയുപോലെ ഫണ്ട് ചെയ്യാനുള്ള ശേഷി ജിന്നയുടെ വിശുദ്ധ നാടിനില്ല. അപ്പോള്‍ അവര്‍ കണ്ടെത്തിയ വഴിയാണ് ഗസ്സയുടെ മറവിലുള്ള ക്രൗഡ് ഫണ്ടിങ്ങ്!

ഗസ്സ പിരിവ് പോകുന്നത് മസൂദിന്

ഇപ്പോള്‍, ഇന്ത്യ തകര്‍ത്ത ഭീകര കേന്ദ്രങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഡിജിറ്റല്‍ വാലറ്റുകള്‍ വഴി ജെയ്ഷെ തലവന്‍ മസൂദ് അസര്‍ പണം സമാഹരിക്കുന്നതായി 'മണി കണ്‍ട്രോള്‍' അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ ഗസ്സയ്ക്കുള്ള സഹായം എന്ന പേരില്‍ പാകിസ്ഥാനില്‍ വ്യാപക പണപ്പിരിവ് നടന്നിട്ടുണ്ട്. ഇത് പാക് മാധ്യമങ്ങളും സ്ഥിരീകരിക്കുന്നു. പാക്കിസ്ഥാനില്‍ പള്ളികളും മര്‍ക്കസുകളും സ്ഥാപിക്കാന്‍ എന്ന പേരിലാണ് പണപ്പിരിവ് നടക്കുന്നത്. 390 കോടി സമാഹരിക്കാനാണ് മസൂദ് അസറിന്റെ ലക്ഷ്യം. 313 ക്യാമ്പുകള്‍ ആരംഭിക്കാനുള്ള പദ്ധതി ഐഎസ്ഐയുടെ പിന്തുണയോടെയാണ് മസൂദ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് വിവിധ മാധ്യമങ്ങള്‍ പറയുന്നത്.

ദ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്) അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ ഇപ്പോള്‍ തീവ്രവാദ ഫണ്ടിങ്ങിന്റെ പേരില്‍ അങ്ങേയറ്റം ജാഗത്ര കാട്ടുന്നു. അവര്‍ പല അക്കൗണ്ടുകളും തീവ്രവാദ ബന്ധത്തിന്റെ പേരില്‍ മരവിപ്പിച്ചിട്ടുണ്ട്. അമേരിക്കയും യുറോപ്യന്‍ യൂണിയനുമെല്ലാം തീവ്രവാദ ഫണ്ടിങ്ങിന്റെ പേരില്‍ കടുന്ന ജാഗ്രതതിലാണ്. ഇവരുടെയൊക്കെ കണ്ണ് വെട്ടിക്കാനാണ് പാക്കിസ്ഥാന്‍ ഡിജിറ്റല്‍ തീവ്രവാദത്തിലേക്ക് കടക്കുന്നത്.

ബാങ്ക് അക്കൗണ്ടുകള്‍ക്ക് പകരം പാക് ഡിജിറ്റല്‍ വാലറ്റുകളായ ഈസി പൈസ, സാഡാപേ എന്നിവയാണ് ഇവര്‍ ഉപയോഗിക്കുന്നത്. മസൂദ് അസറിന്റെ സഹോദരന്‍ തല്‍ഹ അല്‍ സെയ്ഫിന്റെ പേരില്‍ സാഡാപേ അക്കൗണ്ട് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇത് പാക് മൊബൈല്‍ നമ്പറുമായാണ് ബന്ധിപ്പിച്ചിട്ടുണ്ട്. ഹരിപൂര്‍ ജില്ലയിലെ ജെയ്‌ഷെ കമാന്‍ഡറായ അഫ്താബ് അഹമ്മദാണ് ഈ നമ്പര്‍ ഉപയോഗിക്കുന്നതെന്ന് ഇന്ത്യാ ടുഡെയും ആജ് തകും ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.




കൂടാതെ, മസൂദ് അസ്ഹറിന്റെ മകന്‍ അബ്ദുള്ള അസ്ഹറിന്റെ എന്ന മൊബൈല്‍ നമ്പറുമായി ഒരു ഈസിപൈസ വാലറ്റ് ബന്ധിപ്പിട്ടുണ്ട്. കൂടാതെ, ഗസ്സയില്‍ സഹായം നല്‍കാന്‍ എന്ന പേരിലും ഒരു വാലറ്റ് സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി ലഭിക്കുന്ന പണവും ഭീകര കേന്ദ്രങ്ങളുടെ നിര്‍മ്മാണത്തിനാണ് ഉപയോഗിക്കുന്നതെന്ന് 'മണി കണ്‍ട്രോള്‍' റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രവാസികളായ പാക് പൗരന്‍മാരില്‍ നിന്നും വലിയ തുക പിരിക്കാനാണ് ലക്ഷ്യം. മസൂദ് അസറും കൂട്ടാളികളും നിയന്ത്രിക്കുന്ന 'അല്‍-റഹ്‌മത്ത്'' എന്ന ട്രസ്റ്റും വഴിയും പണം എത്തുന്നുണ്ട്. നാഷണല്‍ ബാങ്ക് ഓഫ് പാകിസ്ഥാനിലെ അക്കൗണ്ട് വഴിയാണ് ട്രസ്റ്റ് ഫണ്ട് സ്വീകരിക്കുന്നത്. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി പാക് രൂപ ജെയ്‌ഷെ മുഹമ്മദിലേക്ക് എത്തുന്നുണ്ട്. ഇതിനെല്ലാം പിന്നാലെയാണ് ഗസ്സയുടെ പട്ടിണിയുടെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയുള്ള വികാരപരമായ പിരിവ്. ഫലത്തില്‍ ഭീകരവാദത്തെ എതിര്‍ക്കുന്ന പാക്കിസ്ഥാനികളുടെ ഫണ്ടുകൂടി പോവുന്നത്, തീവ്രവാദത്തിലേക്കാണ്.

ക്രിപ്റ്റോ വഴിയും തീവ്രവാദ ഫണ്ടിങ്

ബിറ്റ്കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സികളിലൂടെ വന്‍ തോതിലുള്ള തീവ്രവാദ പ്രവര്‍ത്തനത്തിന് ഫണ്ടുപോകുന്നുവെന്ന് നേരത്തെ തന്നെ അന്താരാഷ്ട്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ പൊടുന്നനെ ഒരു ക്രിപ്റ്റോ വിപ്ലവം ഉണ്ടായതിന് പിന്നിലും, ജെയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ള പാക് പട്ടാള മേധാവി അസീം മുനീറിന്റെ താല്‍പ്പര്യമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

അസീം മുനീറുമായി നല്ല ബന്ധമുള്ളയാളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. രണ്ടുമാസം മുമ്പ് ട്രംപ്, അസീം മുനീറിനെ വൈറ്റ്ഹൗസില്‍ വിളിച്ച് ഉച്ചഭക്ഷണം കൊടുക്കുകയും ദീര്‍ഘനേരം ചര്‍ച്ച നടത്തുകയും ചെയ്ത് ലോകത്തെ ഞെട്ടിച്ചിരുന്നു. ഇതാദ്യമാണ് രാഷ്ട്രീയ അധികാരമില്ലാത്ത ഒരു പാക്കിസ്ഥാന്‍ സൈന്യത്തലവനെ അമേരിക്കന്‍ പ്രസിഡണ്ട് വൈറ്റ്ഹൗസിലേക്ക് ക്ഷണിച്ചത്. പണ്ട് അയൂബ് ഖാനും സിയാ ഉള്‍ ഹഖും, പര്‍വേസ് മുഷറഫുമൊക്കെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കപ്പെട്ടിട്ടുണ്ട്, അവരൊക്കെ പാക്കിസ്ഥാന്‍ പ്രസിഡന്റുമാരായിരുന്നു എന്നോര്‍ക്കണം. പക്ഷേ പാക്കിസ്ഥാനെ സംബന്ധിച്ച് സൈനിക മേധാവി എല്ലാവര്‍ക്കും മുകളിലാണെന്ന് ട്രംപിനു നന്നായി അറിയാം.

മാത്രമല്ല പാക്കിസ്ഥാനിലെ ക്രിപ്്റ്റോ വിപണി വഴി ട്രംപ് വ്യക്തിപരമായി പണമുണ്ടാക്കുന്നതായും ആരോപണമുണ്ട്. ട്രംപ് വെറുമൊരു രാഷ്ട്രീയക്കാരന്‍ മാത്രമല്ല, ശതകോടീശ്വരനായ ഒരു ബിസിനസ്മാന്‍ കൂടിയാണ്. കമിഴ്ന്നുവീണാല്‍ കാല്‍പ്പണം എന്നതാണ് അദ്ദേഹത്തിന്റെ ലൈന്‍. ഫോബ്സിന്റെ കണക്കുപ്രകാരം 6.7 ബില്യണ്‍ ഡോളറാണ് ട്രംപിന്റെ ആസ്തി. എന്നിട്ടും ഇനിയും എങ്ങനെ കീശ വീര്‍പ്പിക്കാമെന്നും അദ്ദേഹത്തിന് നോട്ടമുണ്ട്. ഖത്തര്‍ അദ്ദേഹത്തിന് 400 മില്യന്‍ ഡോളറിന്റെ ആകാശക്കൊട്ടാരം സമ്മാനിച്ചത് പണത്തോടുള്ള അദ്ദേഹത്തിന്റെ ആര്‍ത്തി മുന്നില്‍ കണ്ടാണ്.

ഇപ്പോഴുള്ള ട്രംപിന്റെ പാക് പ്രേമത്തിനുപിന്നിലും കൃത്യമായ സാമ്പത്തിക താല്‍പ്പര്യങ്ങളുണ്ടെന്നാണ് വിലയിരുത്തല്‍. ട്രംപ് കുടുംബത്തിന് ഭൂരിപക്ഷം ഓഹരികളുള്ള ക്രിപ്റ്റോ കമ്പനിയില്‍ പാക് സൈന്യം പണം മുടക്കിയതുമൊക്കെയാണ് നിലപാടു മാറ്റത്തിനു പിന്നിലെന്നു കരുതുന്നവരുണ്ട്. ട്രംപിന്റെ കുടുംബത്തിന് ബന്ധമുള്ള വേള്‍ഡ് ലിബേര്‍ട്ടി ഫിനാന്‍ഷ്യല്‍ എന്ന ക്രിപ്റ്റോ കറന്‍സി സ്ഥാപനം പാക്കിസ്ഥാനുമായി ക്രിപ്റ്റോ വിനിമയത്തില്‍ ധാരണയായിട്ടുണ്ട്. ഇത് അമേരിക്കയില്‍ വന്‍ വിവാദമായിട്ടുണ്ട്. ട്രംപിന്റെ ഉടമസ്ഥതയിലുള്ള ക്രിപ്റ്റോ കറന്‍സി കമ്പനി പാകിസ്ഥാനിലെ കമ്പനിയുമായി വന്‍ ഡീലുണ്ടാക്കിയത് അമേരിക്കന്‍ സെനറ്റിനെ ഞെട്ടിച്ചിരിക്കുകയാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.




പൊതൂവെ എല്ലാവരും കരുതിയിരുന്നത് ട്രംപ് വീണ്ടും അധികാരത്തിലേറുന്ന് പാക്കിസ്ഥാന് വലിയ ഭീഷണിയാവുമെന്നാണ്. കാരണം തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹത്തിന്. എന്നാല്‍ പൊടുന്നനെ ട്രംപ് പാക്കിസ്ഥാനുമായി അടുക്കുന്നുതും, അസീം മുനീറിനെ വിരുന്നിന് വിളിക്കുന്നതുമൊക്കെയാണ് ലോകം കണ്ടത്. ഇറാനെയും ചൈനയെയും അടിക്കാനുള്ള വടിയായാണ് അമേരിക്ക പാക്കിസ്ഥാനെ കാണുന്നതതെന്നും, അതുകൊണ്ടാണ് പഴയ നയം മാറ്റിയത് എന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷേ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ഈ മാറ്റത്തിന് പിന്നില്‍ കൃത്യമായ സാമ്പത്തിക താല്‍പ്പര്യവുമുണ്ടെന്നാണ്.

ട്രംപിന്റെ ആര്‍ത്തി പണത്തോട്

ട്രംപിന്റെ 'ക്രിപ്റ്റോ പ്രേമം' രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് അന്വേഷിക്കാന്‍ അമേരിക്കന്‍ സെനറ്റ് ഉത്തരവിട്ടു കഴിഞ്ഞു. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലുമായി ഏപ്രില്‍ 26-നാണ് ധാരണാപത്രം ഒപ്പുവെച്ചത്. അപ്പോള്‍ പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സില്‍ രൂപീകരിച്ചിട്ട് ഒരു മാസം പോലും തികഞ്ഞിരുന്നില്ല എന്നതും സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യല്‍ ഇന്‍ക് നേതൃനിരയില്‍ ട്രംപിനെയും മക്കളായ ഡോണാള്‍ഡ് ജൂനിയര്‍, എറിക്, കൊച്ചുമകന്‍ ബാരണ്‍ എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ 'ചീഫ് ക്രിപ്റ്റോ അഡ്വക്കേറ്റ്' എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിപ്റ്റോ ലോകത്ത് ട്രംപിന്റെ സ്വാധീനം എത്രത്തോളം വലുതാണെന്ന് ഇത് വ്യക്തമാക്കുന്നു.

എന്നാല്‍, ഈ പ്രഖ്യാപനങ്ങള്‍ക്ക് പിന്നില്‍ അമേരിക്കന്‍ സെനറ്റ് കടുത്ത ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. മെയ് 6 മുതല്‍ ഇന്ത്യന്‍ വ്യോമാക്രമണം പാക് ഭീകരകേന്ദ്രങ്ങളില്‍ നടന്ന അതേ സമയം സെനറ്റ് പെര്‍മനന്റ് സബ്കമ്മിറ്റി ഓണ്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വേള്‍ഡ് ലിബര്‍ട്ടി ഫിനാന്‍ഷ്യലിനോട്് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി നടത്തിയ എല്ലാ ആശയവിനിമയങ്ങളും കൈമാറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സെനറ്റര്‍ റിച്ചാര്‍ഡ് ബ്ലൂമെന്‍താലിന്റെ നേതൃത്വത്തിലുള്ള ഈ അന്വേഷണം, ട്രംപിന്റെ വിദേശ ക്രിപ്റ്റോ ഇടപാടുകളിലെ വൈരുദ്ധ്യങ്ങളും നിയമലംഘനങ്ങളും പരിശോധിക്കും. എന്നാല്‍, കമ്പനി ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ലാസ് വെഗാസില്‍ നടന്ന ആഗോള ക്രിപ്റ്റോ ഉച്ചകോടിയില്‍, പാകിസ്ഥാന്‍ ക്രിപ്റ്റോ കൗണ്‍സിലിന്റെ സ്ഥാപക സി.ഇ.ഒ. ബിലാല്‍ ബിന്‍ സാഖിബ് നടത്തിയ പ്രസ്താവനയും ശ്രദ്ധേയമാണ്. പാകിസ്ഥാനും ബിറ്റ്കോയിനും 'മോശം പി.ആറിന്റെ ഇരകളാണെന്ന്' അദ്ദേഹം പറഞ്ഞു. 'ഞങ്ങളെ അപകടകാരികളും, റിസ്‌കുള്ളവരും, അസ്ഥിരരുമായാണ് കാണുന്നത്. പക്ഷേ, ഇവിടെ കഴിവും സാധ്യതയുമുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാന്‍ ഒരു 'തന്ത്രപരമായ ബിറ്റ്കോയിന്‍ റിസര്‍വ്' സ്ഥാപിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതും ട്രംപിനെ ആകര്‍ഷിച്ചുവെന്നു പറയുന്നു.


ഇതെല്ലാം ട്രംപിനെ സ്വാധീനിച്ചുവെന്ന് കരുതേണ്ടിവരും. പ്രസിഡന്റായി ചുതമലയേല്‍ക്കുന്നതിന് തൊട്ടു മുമ്പ് ട്രംപ് തന്റെ എന്ന പേരില്‍ ക്രിപ്റ്റോ ടോക്കണ്‍ അവതരിപ്പിച്ചിരുന്നു. ട്രംപ് അധികാരമേറ്റതോടെ ട്രംപ് മീം കോയിനിന്റെ വിപണി മൂല്യം 10 ബില്യണ് ഡോളറിലധികമായാണ് വര്‍ധിച്ചത്. ഭാര്യ മെലാനിയ ട്രംപും സ്വന്തം പേരില്‍ കോയിന്‍ പുറത്തിറക്കിയിട്ടുണ്ട്. 'ട്രംപ് കോയിനുമായി ബന്ധപ്പെട്ട വെബ്സൈറ്റ് പ്രകാരം, 80 ശതമാനം ക്രിപ്റ്റോയും ട്രംപുമായി ബന്ധപ്പെട്ട സിഐസി ഡിജിറ്റലിന്റെ കൈവശമാണ്. ട്രംപിന്റെ ക്രിപ്റ്റോ ഹോള്‍ഡിങ് 58 ബില്യണ്‍ ഡോളറാണെന്നാണ് കണക്ക്. അതിലേക്ക് പാക്കിസ്ഥാന്റെ നിക്ഷേപം കൂടി വന്നാല്‍ ട്രംപ് ക്രിപ്റ്റോ വിപണിയിലെ രാജാവാകും.

ഈ കളികള്‍ ഒന്നും തന്നെ ഇന്ത്യയില്‍ നടക്കില്ല. എന്നാല്‍ ആകെ തകര്‍ന്നടിഞ്ഞ് കിടക്കുന്ന പാക്കിസ്ഥാനില്‍, അസീം മുനീറിനെപ്പോലെ ഒരു കരുത്തനെ സുഹൃത്തായി കിട്ടിയാല്‍ എന്തും നടക്കും. ഇതുകൊണ്ട് ക്രിപ്റ്റോ വഴിയുള്ള തീവ്രവാദ ഫണ്ടിങ്ങിനുനേരെ ട്രംപ് കണ്ണടക്കുന്നുവെന്ന്, അമേരിക്കന്‍ മാധ്യമങ്ങള്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്.

അസീം- മസുദ് അച്ചുതണ്ട്

അസീം മുനീറും ജയ്ഷെ മുഹമ്മദ് തലവന്‍ മൂസൂദ് അസറും ചേര്‍ന്നുള്ള അച്ചുതണ്ടാണ് ഈ ഫണ്ടിങ്ങിന് പിന്നിലെന്നാണ്, ഇന്ത്യയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. പാക് സൈനിക മേധാവി അസീം മുനീര്‍ വിമര്‍ശിക്കപ്പെടുന്നത്, യൂണിഫോമിട്ട ബിന്‍ ലാദന്‍ എന്നാണ്. കാരണം അയാള്‍ അത്രക്ക് വലിയ തീവ്രവാദ ആശയങ്ങളാണ് പച്ചക്ക് പറയുന്നത്. 'പാക്കിസ്ഥാന്റെ കഴുത്തിലെ രക്തക്കുഴലാണ് കശ്മീര്‍, ഹിന്ദുക്കളില്‍ നിന്ന് വ്യത്യസ്തരാണ് നാം, ഇരുരാജ്യങ്ങളും ഒരിക്കലും യോജിച്ചുപോവില്ല''- അസീം മുനീര്‍ നടത്തിയ ഈ വിഷ പ്രസ്താവന കഴിഞ്ഞ് ഒരാഴ്ച തികയുന്നതിന് മുമ്പാണ് ഇന്ത്യയെ നടുക്കിയ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണം ഉണ്ടായത്. ഏപ്രില്‍ 17 നായിരുന്നു അസീം മുനീര്‍ വിവാദ പരാമര്‍ശം നടത്തിയത്. ഈ വിഷവാക്കുകളാണ് പാക്ക് ഭീകരന്മാര്‍ക്ക് പ്രചോദനമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഖുര്‍ആന്‍ മനപ്പാഠമാക്കിയ മുന്‍ ഇമാം കൂടിയായ മുനീര്‍ തന്റെ എല്ലാം പ്രസംഗങ്ങളിലും മതം എടുത്തിടും. കിട്ടാവുന്നിടത്തൊക്കെ ഇന്ത്യാവിരുദ്ധത കുത്തിത്തിരികും. ആഴ്ചകള്‍ക്ക് മുമ്പ് ഫ്ളോറിഡയില്‍, അമേരിക്കയിലെ പാക്കിസ്ഥാന്‍ വ്യവസായികള്‍ നടത്തിയ അത്താഴവിരുന്നില്‍ സംസാരിക്കവേ മുനീര്‍ ഇന്ത്യക്കെതിരെ ആഞ്ഞടിച്ചിരുന്നു-'ഇന്ത്യ ഒരു ആഡംബര മെഴ്സിഡസ് കാറാണെങ്കില്‍, പാക്കിസ്ഥാന്‍ ചരക്ക് നിറച്ച ഒരുട്രക്കാണ്. ട്രക്ക് കാറിലിടിച്ചാല്‍ ആര്‍ക്കാണ് നഷ്ടം സംഭവിക്കുക? കശ്മീര്‍ പാക്കിസ്ഥാന്റെ ജീവനാഡിയാണ്, സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല, അവിടെ ഇന്ത്യ അണക്കെട്ട് നിര്‍മ്മിച്ചാല്‍ അത് മിസൈലുകള്‍ ഉപയോഗിച്ച് തകര്‍ക്കും. ഞങ്ങള്‍ ഒരു ആണവശക്തിയാണ്. ഞങ്ങളുടെ അസ്തിത്വം അപകടത്തിലായാല്‍, ലോകത്തിന്റെ പകുതിയും ഞങ്ങളോടൊപ്പം ഇല്ലാതാക്കും,''- ഇങ്ങനെ പോവുകയാണ് പാക് സൈനിക മേധാവിയുടെ പ്രകോപനപരമായ വാക്കുകള്‍. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയ പ്രഹരത്തിന് വാചകക്കസര്‍ത്തിലുടെയാണ് ഇയാള്‍ മറുപടി നല്‍കുന്നത്. ആണവ ഭീഷണി വരെ മുനീര്‍ മുഴക്കുന്നത്. ആശയപരമായി നോക്കുമ്പോള്‍ ജെയ്ഷെ തലവന്‍ മസൂദ് അസറും ഇദ്ദേഹവും തമ്മില്‍ യാതൊരു മാറ്റവുമില്ല.





ഇന്ത്യയുടെ എതിരാളികളായ ഭീകരരെ വിദേശ രാജ്യങ്ങളില്‍ പോയി വെടിവെച്ചിടുന്ന അജ്ഞാതരാല്‍ ഏത് സമയവും കൊല്ലപ്പെടാവുന്ന അവസ്ഥയിലാണ്, മസുദ് അസര്‍. ആ തീവ്രവാദിക്ക് രഹസ്യമായി ഒളിയിടം ഒരുക്കിക്കൊടുക്കുന്നതും, അസീം മുനീര്‍ നിയന്ത്രിക്കുന്ന ഐഎസ്ഐയാണ്. പാര്‍ലമെന്റ് ആക്രമണം മുതല്‍ പുല്‍വാമ ആക്രമണം വരെ ഇന്ത്യയില്‍ ചോരയൊഴുക്കിയ ഭീകാരാക്രമണങ്ങളിലെല്ലാം ജയ്ഷെ തലവന്റെ പേരുണ്ട്. ഇന്ത്യ കാത്തിരിക്കുന്ന മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ് അയാള്‍. ബഹവല്‍പൂരില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്നിടത്താണ് മസൂദിന്റെ താമസം എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. മോസ്‌കിനും ആശുപത്രിക്കും ഇടയിലായുള്ള വീടിന് സൈനിക കാവലുണ്ടെന്ന് പറയപ്പെടുന്നു. ഐക്യരാഷ്ട്ര രക്ഷാസമിതി ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇയാളെ പാക്കിസ്ഥാന്‍ സംരക്ഷിക്കുന്നു എന്ന ഇന്ത്യയുടെ വാദം ഇസ്ലാമബാദ് ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.

നേരത്തെ പരസ്യമായി മസൂദിനെ സംരക്ഷിക്കുന്ന രീതി പാക്കിസ്ഥാന് ഇല്ലായിരുന്നു. ഇപ്പോള്‍ അസീം മുനീറിന്റെ പിന്തുണയോടെയും, ഗസ്സ ഫണ്ടിലൂടെ കിട്ടുന്ന കോടികളിലൂടെയും അയാള്‍ ശരിക്കും ഇറങ്ങിക്കളിക്കയാണ്. പക്ഷേ റോ അടക്കമുള്ള ഇന്ത്യന്‍ ഏജന്‍സികള്‍ ഈ കളി കണ്ട് വെറുതെയിരിക്കയല്ല. അവരും മൂസൂദിനെ വധിക്കാന്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. ഉപഭൂഖണ്ഡത്തില്‍ ഇനിയുമേറെ ചോര ഒഴുകുമെന്ന് ചുരുക്കം.

വാല്‍ക്കഷ്ണം: കടുത്ത വിലക്കയറ്റത്തിലും സാമ്പത്തിക പ്രതിസന്ധിയിലുമാണ് പാക് ജനത. ഒരുകിലോ നെയ്യ് കിട്ടാന്‍ 2,895 രൂപ കൊടുക്കണം. ആട്ടക്ക് 400 രൂപയായി. പഞ്ചസാര കിട്ടാനില്ല കരിഞ്ചന്തയില്‍ വില 650 പാക് രൂപയാണ്. പെട്രോളിന് ലിറ്ററിന് 252 രൂപയിലെത്തി. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. മരുന്നിനും വളത്തിനും ക്ഷമാമാണ്. ഈ രീതിയിലായിട്ടും പാക്കിസ്ഥാനില്‍ ഒരുകാര്യത്തിന് മുട്ടില്ല. എ കെ 47 തോക്കുകള്‍ക്കും ഭീകരവാദത്തിനും!

Tags:    

Similar News