മതമാണ്, മതമാണ്, മതമാണ് പ്രശ്നം! ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യം പതുക്കെ ഇസ്ലാമിന് മേല്‍ക്കൈയുള്ള രാജ്യമാവുന്നു; പഴയ കള്‍ച്ചറല്‍ ക്യാപിറ്റല്‍ ഇന്ന് ഭീകരതാകേന്ദ്രം; ഹിസ്ബുള്ളയെ തകര്‍ക്കാന്‍ കരയാക്രമണം നടത്തി ഇസ്രയേല്‍; പലായനം ചെയ്തത് 10 ലക്ഷംപേര്‍; ലെബനന്‍ വീണ്ടും കത്തുമ്പോള്‍
ലെബനന്‍ വീണ്ടും കത്തുമ്പോള്‍
പശ്ചിമേഷ്യന്‍ ജിയോപൊളിറ്റിക്സ് പ്രശ്നങ്ങള്‍ മൂലം ജീവിതം തുലഞ്ഞുപോയ ഒരു ജനതയാണ് ലെബനനിലേത്. പ്രണയത്തിന്റെ കവിയായി ലോകമാകെ വാഴ്ത്തുന്ന ഖലീല്‍ ജിബ്രാന്റെ ജന്മദേശം. മിഡില്‍ ഈസ്റ്റിലെ സ്വിറ്റ്സര്‍ലാന്‍ഡ് എന്നൊക്കെ ഒരുകാലത്ത് പ്രകീര്‍ത്തിക്കപ്പെട്ട നാട്.
പക്ഷേ ഇന്ന് ലെബനന്‍ അറിയപ്പെുടന്നത് ഖലീല്‍ ജിബ്രാന്റെ പേരിലോ, ലെബനീസ് സുന്ദരികളുടെ പേരിലോ, ചലച്ചിത്രകാരന്‍മാരുടെയോ കലാകാരന്‍മാരുടേയോ, പേരിലല്ല. ഹിസ്ബുള്ള എന്ന ഭീകരസംഘടനയുടെ പേരിലാണ്!
പശ്ചിമേഷ്യയിലെ അതിപുരാതന രാജ്യമായ ലെബനന്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ വിവിധ സംസ്‌കാരങ്ങളുടെ സംഗമഭൂമിയായിരുന്നു. എ.ഡി.ഒന്നാം നൂറ്റാണ്ടില്‍ തന്നെ ക്രിസ്തുമതം കടന്നു വന്നിരുന്നു. 13ാം നൂറ്റാണ്ടില്‍ ലെബനന്‍ മുസ്ലീം നിയന്ത്രണത്തിലായി 1516-ല്‍ ഓട്ടോമന്‍ തുര്‍ക്കി സാമ്രാജ്യം ലെബനന്‍ കൈവശപ്പെടുത്തി. ഈ സമയത്തൊക്കെ ഒരുപാട് ചോര ഈ മണ്ണിലുടെ ഒലിച്ചുപോയി. ഒന്നാം ലോക മഹായുദ്ധത്തില്‍ തുര്‍ക്കി പരാജയപ്പെടുന്നതു വരെ ലെബനനിലെ ഓട്ടോമന്‍ വാഴ്ച തുടര്‍ന്നു. യുദ്ധാനന്തരം ലീഗ് ഓഫ് നേഷന്‍സിന്റെ തീരുമാനപ്രകാരം ലെബനന്‍ ഫ്രഞ്ച് നിയന്ത്രണത്തിലായി. 1946- ലാണ് സ്വാതന്ത്ര്യം നേടിയത്. ക്രൈസ്തവ, ഇസ്ലാമിക വിഭാഗങ്ങള്‍ക്കിടയില്‍ അധികാരം പങ്കിടുന്ന രീതിയിലുള്ള ഭരണഘടനയോടു കൂടിയ ലെബനന്‍ റിപ്പബ്ലിക്ക് 1943 നവംബര്‍ 22-ന് അംഗീകരിക്കപ്പെട്ടു. 128 അംഗ പാര്‍ലമെന്റില്‍ ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും 64 സീറ്റുവീതമുണ്ട്. പ്രസിഡന്റ് മാരണൈറ്റ് ക്രിസ്ത്യാനിയും പ്രധാനമന്ത്രി സുന്നി മുസ്ലിമും പാര്‍ലമെന്റ് സ്പീക്കര്‍ ഷിയാ മുസ്ലിമുമായിരിക്കും. വല്ലാത്ത മതസൗഹാര്‍ദം തന്നെ!
ലെബനീസ് ആഭ്യന്തരയുദ്ധം (1975-1990) വരെ രാജ്യം താരതമ്യേന ശാന്തവും സമൃദ്ധവുമായിരുന്നു. വിനോദസഞ്ചാരം, കൃഷി, ബാങ്കിങ്ങ് വ്യവസായം എന്നിവ ലബനന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അറബ് ലോകത്തിന്റെ ബാങ്കിങ്ങ് തലസ്ഥാനമായും മദ്ധ്യപൂര്‍വ്വദേശത്തെ സ്വിറ്റ്സര്‍ലാന്റ് ആയും ലെബനന്‍ അറിയപ്പെട്ടു. ധാരാളം വിനോദസഞ്ചാരികളെയും ലബനന്‍ ആകര്‍ഷിച്ചു. വിനോദസഞ്ചാരികളുടെ എണ്ണം കാരണം മദ്ധ്യപൂര്‍വ്വദേശത്തെ പാരീസ് എന്ന് ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ട് അറിയപ്പെട്ടു.
സമ്പല്‍സമൃദ്ധമായ ഒരു രാഷ്ട്രം എങ്ങിനെയാണ് നശിക്കുക എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഇന്നത്തെ ലബനന്‍. ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം തന്നെയാണ് ഇവര്‍ക്കും കഷ്ടകാലമായത്. 48-ല്‍ പിറന്നു വീണ ഇസായേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രത്തെ അംഗീകരിക്കാതെ അറബ് ലോകം വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ അഭയാര്‍ത്ഥി പ്രവാഹം ഉണ്ടായത് ഈ രാജ്യയേക്ക് കൂടിയാണ്. ഒരു ലക്ഷത്തിലധികം ഫലസ്തീന്‍കാര്‍ അഭയാര്‍ത്ഥികളായി ലെബനനില്‍ ഈ സമയത്ത് എത്തിയത്.
കാലം കഴിഞ്ഞതോടെ ലബനോനിന്റെ ജനസംഖ്യാക്രമം മാറി. പതുക്കെ ക്രിസ്തന്‍ ഭൂരിപക്ഷ രാ്ഷ്ട്രമയ ലെബനന്‍ മുസ്ലീം ഭുരിപക്ഷമായി. വംശഹത്യയുടെയും കൂട്ട പാലായനത്തിന്റെയും ഫലമായി, 1970ല്‍ 60% ആയിരുന്ന ക്രിസ്ത്യാനികള്‍ ഇന്ന്, അതായത് വെറും 30 വര്‍ഷങ്ങള്‍കൊണ്ട് വെറും 37% ആയി ശോഷിച്ചു. മുസ്ലീം ജനസംഖ്യയാവട്ടെ 50 ശതമാനമായി ഉയര്‍ന്നു. 80കളില്‍ ഹിസ്ബുള്ളയെന്ന ലക്ഷണമൊത്ത തീവ്രവാദ സംഘടനകൂടി ഉണ്ടായതോടെ ലബനനിന്റെ തകര്‍ച്ച പൂര്‍ണ്ണമായി. ഇറാന്‍ നിയന്ത്രിക്കുന്ന ഒരു നിഴല്‍ രാഷ്ട്രമായി അതുമാറി.
ഇപ്പോള്‍ ലബനന്‍ മറ്റൊരു യുദ്ധത്തെ അഭിമുഖീകരിക്കയാണ്. ഇസ്രയേല്‍ സേന നേരിട്ട് ലെബനനില്‍ കയറി കരയുദ്ധം തുടങ്ങിയിരിക്കയാണ്. മതം എങ്ങനെ ഒരു രാഷ്ട്രത്തെ നശിപ്പിക്കുമെന്നതിന്റെ വ്യകതമായ ഉദാഹരണം കൂടിയാണ് ലബനന്‍.
ഖിയാം പിടിക്കാന്‍ പോരാട്ടം
ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെയാണ് ഹിസ്ബുള്ള ഇസ്രയേലിലേക്ക് മിസൈല്‍ അയച്ചത്. തൊട്ടുപിന്നാലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം തുടങ്ങി. അതോടെയാണ് ലെബനന്‍ യുദ്ധത്തിന് തുടക്കമായത്. ഹിസ്ബുള്ളയുടെ പുതിയ തലവന്‍ നയീം ഖാസിമിനെ വധിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് പരസ്യമായി മുന്നറിയിപ്പ് നല്‍കി. ഖാസിം ഇപ്പോള്‍ ഇസ്രായേലിന്റെ ഹിറ്റ്‌ലിസ്റ്റിലുണ്ടെന്നും കാറ്റ്സ് പറഞ്ഞു. ഖമനേയിയുടെ പാത പിന്തുടരുന്നവര്‍ വൈകാതെ നരകത്തില്‍ ഖമേനിക്കൊപ്പം എത്തുമെന്നും, തിന്മയുടെ അച്ചുതണ്ടിനെ ഇല്ലാതാക്കുമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി.
2026 മാര്‍ച്ച് 16-നാണ് ഇസ്രയേല്‍ സൈന്യം തെക്കന്‍ ലെബനനില്‍ കരയാക്രമണം ആരംഭിച്ചത്. നേരത്തെ 2024 ഒക്ടോബറിലും ഇത്തരമൊരു നീക്കം ഉണ്ടായിരുന്നുവെന്നു. പക്ഷേ അത് ഇത്ര ശക്തമായിരുന്നില്ല. തെക്കന്‍ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ സൈന്യം കരയാക്രമണവും വ്യോമാക്രമണവും വ്യാപിപ്പിച്ചിരിക്കുകയാണ്. ഹിസ്ബുള്ളയുടെ കമാന്‍ഡ് സെന്ററുകളെയും ആയുധശേഖരത്തെയുമാണ് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. ഇസ്രയേല്‍ സൈന്യത്തിന്റെ മുന്നേറ്റത്തെ തടയാന്‍ അതിര്‍ത്തി മേഖലകളില്‍ ഹിസ്ബുള്ള ശക്തമായി പോരാടുന്നുണ്ട്. ഇസ്രയേലിന് നേരെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങളും അവര്‍ തുടരുകയാണ്.
ലെബനനിലെ തന്ത്രപ്രധാനമായ ഖിയാം നഗരത്തില്‍ ഇസ്രയേല്‍ സൈന്യവും ഹിസ്ബുള്ളയും തമ്മില്‍ അതിശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഖിയാം പിടിച്ചെടുക്കാന്‍ ഇസ്രയേല്‍ നടത്തുന്ന നീക്കങ്ങളെ ഹിസ്ബുള്ള ശക്തമായി പ്രതിരോധിക്കുന്നുവെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖിയാം നഗരത്തിന്റെ തെരുവുകളില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ അതിശക്തമായ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ നടക്കുകയാണ്. മെഷീന്‍ ഗണ്ണുകളും മറ്റ് ലഘു ആയുധങ്ങളും ഉപയോഗിച്ചാണ് ഈ പോരാട്ടം നടക്കുന്നത്.
തെക്കന്‍ ലെബനനിലെ ഒരു കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഖിയാം നഗരത്തിന് വലിയ തന്ത്രപ്രധാന പ്രാധാന്യമുണ്ട്. ഇസ്രയേലിലേക്ക് റോക്കറ്റുകള്‍ തൊടുക്കാന്‍ ഹിസ്ബുള്ള ഈ പ്രദേശം ഉപയോഗിക്കുന്നു എന്നതിനാലാണ് ഇസ്രയേല്‍ ഇവിടെ കേന്ദ്രീകരിക്കുന്നത്. ഖിയാമിന്റെ കിഴക്കന്‍, വടക്കന്‍ അതിര്‍ത്തികളില്‍ പോരാട്ടം രൂക്ഷമാണ്. കരസേനയുടെ മുന്നേറ്റത്തിന് മുന്നോടിയായി ഇസ്രയേല്‍ ഖിയാമില്‍ വലിയ തോതിലുള്ള വ്യോമാക്രമണങ്ങളും പീരങ്കി ആക്രമണങ്ങളും നടത്തിവരുന്നു. ഖിയാമിലെ മുന്‍ തടങ്കല്‍ കേന്ദ്രത്തിന് സമീപം ഇസ്രയേല്‍ സൈന്യം നടത്തിയ മുന്നേറ്റത്തെ തങ്ങള്‍ വിജയകരമായി പ്രതിരോധിച്ചതായും അവരെ പിന്തിരിപ്പിച്ചതായും ഹിസ്ബുള്ള പ്രസ്താവനയില്‍ പറഞ്ഞു. പക്ഷേ ഇസ്രയേല്‍ ഇത് തള്ളുകയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഖിയാം നഗരം പിടിക്കുമെന്നാണ് അവരുടെ വാദം.
ലെബനനിലെ ലിറ്റാനി നദിക്ക് കുറുകെയുള്ള തന്ത്രപ്രധാനമായ ഖാസ്മിയെ പാലം മാര്‍ച്ച് 22 ഞായറാഴ്ച ഇസ്രയേല്‍ സൈന്യം വ്യോമാക്രമണത്തിലൂടെ തകര്‍ത്തു. തെക്കന്‍ ലെബനനിലെ ടൈര്‍ നഗരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഈ പാലത്തിന് നേരെ ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ മൂന്ന് തവണ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ പാലം പൂര്‍ണ്ണമായും ഉപയോഗശൂന്യമായി. ഹിസ്ബുള്ള ഭീകരര്‍ക്ക് ആയുധങ്ങള്‍ കടത്താനും, തെക്കന്‍ ലെബനനിലേക്ക് നീങ്ങാനുള്ള തന്ത്രപ്രധാനമായ വഴിയാണിതെന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് അവകാശപ്പെട്ടത്. ഹിസ്ബുള്ളയുടെ വിതരണ ശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ലിറ്റാനി നദിക്ക് കുറുകെയുള്ള എല്ലാ പാലങ്ങളും തകര്‍ക്കാന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടക്കുന്നതിന് ഏകദേശം ഒരു മണിക്കൂര്‍ മുമ്പ് ഇസ്രയേല്‍ സൈന്യം ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.
തെക്കന്‍ ലെബനനെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗ്ഗമാണിത്. പാലം തകര്‍ന്നതോടെ പ്രദേശവാസികളുടെ യാത്രകളും ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിതരണവും തടസ്സപ്പെടുമെന്ന ആശങ്ക ശക്തമാണ്. ഇത് ലെബനന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് പ്രസിഡന്റ് ജോസഫ് ഔണ്‍ വിശേഷിപ്പിച്ചു. ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള ഒരു വലിയ കരയുദ്ധത്തിന്റെ മുന്നോടിയായാണ് ഈ ആക്രമണത്തെ ലെബനന്‍ കാണുന്നത്.
പലായനം ചെയ്തത് 10 ലക്ഷത്തോളം
യുദ്ധത്തില്‍ തങ്ങള്‍ പിടിച്ചുനില്‍ക്കുന്നുവെന്നൊക്കെ അവകാശപ്പെടുന്നുണ്ടെങ്കിലും, ആകെ വിറച്ചിരിക്കയാണ് ഹിസ്ബുള്ള. അവരുടെ കമാന്‍ഡര്‍മാര്‍ ഒന്നൊന്നായി കൊല്ലപ്പെടുകയാണ്. ഹിസ്ബുള്ളയുടെ കരുത്തുറ്റ വിഭാഗമായ റദ്വാന്‍ സേനയുടെ പ്രധാന കമാന്‍ഡര്‍മാരെ വധിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
2026 മാര്‍ച്ച് 21-ന് തെക്കന്‍ ലബനനിലെ മജ്ദല്‍ സെലം എന്ന സ്ഥലത്ത് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ റദ്വാന്‍ സേനയുടെ പ്രത്യേക വിഭാഗം കമാന്‍ഡറായ അബു ഖലീല്‍ ബര്‍ജി കൊല്ലപ്പെട്ടു. റദ്വാന്‍ സേനയുടെ സ്‌പെഷ്യല്‍ ഫോഴ്‌സ് യൂണിറ്റിന്റെ ചുമതലകൂടിയുള്ള കമാന്‍ഡറായിരുന്നു ഇദ്ദേഹം. മജ്ദല്‍ സെലമിലെ ഒരു വാഹനത്തിന് നേരെ ഇസ്രയേല്‍ നടത്തിയ കൃത്യമായ ഡ്രോണ്‍ ആക്രമണത്തിലാണ് ബര്‍ജിയും മറ്റ് രണ്ട് ഹിസ്ബുള്ള അംഗങ്ങളും കൊല്ലപ്പെട്ടത്. മാര്‍ച്ച് 12-ന് നടന്ന ആക്രമണത്തില്‍ തെക്കന്‍ ലബനനിലെ റദ്വാന്‍ സേനയുടെ കോംബാറ്റ് കമാന്‍ഡറായ അബു അലി റിയാന്‍ കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും, പുതിയ പോരാളികളെ റിക്രൂട്ട് ചെയ്യുന്നതിലും, ആയുധ വിതരണ ശൃംഖല നിയന്ത്രിക്കുന്നതിലും ഇദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.
ഹിസ്ബുള്ളയുടെ ഏറ്റവും മികച്ച ഗറില്ലാ പോരാളികള്‍ ഉള്‍പ്പെടുന്ന റദ്വാന്‍ സേനയുടെ കമാന്‍ഡ്-ആന്‍ഡ്-കണ്‍ട്രോള്‍ സംവിധാനം തകര്‍ക്കുക എന്നതാണ് ഈ നീക്കങ്ങളിലൂടെ ഇസ്രയേല്‍ ലക്ഷ്യമിടുന്നത്. ഇസ്രയേലിന്റെ വടക്കന്‍ അതിര്‍ത്തി നഗരങ്ങളിലേക്ക് കടന്നുകയറി ആക്രമണം നടത്താന്‍ പരിശീലിപ്പിക്കപ്പെട്ട വിഭാഗമാണ് റദ്വാന്‍ സേന.
യുദ്ധം രൂക്ഷമായതോടെ ലെബനനിലെ ഏകദേശം പത്ത് ലക്ഷത്തോളം ആളുകള്‍ വീടുകള്‍ ഉപേക്ഷിച്ചു പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭയും വിവിധ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നു. തെക്കന്‍ ലെബനനിലെ പല റോഡുകളും പാലങ്ങളും തകര്‍ന്നത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മാര്‍ച്ചില്‍ യുദ്ധം ആരംഭിച്ച ശേഷം ഇതുവരെ 1,039-ലധികം പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ഏകദേശം 2,800-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
കരയാക്രമണത്തിനിടെ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ബൈയ്‌റൂട്ട് ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങള്‍ക്ക് സമീപവും ആക്രമണം തുടരുന്നതിനാല്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.
'വൈറ്റ് ഫോസ്ഫറസ്' ഉപയോഗിച്ചോ?
അതിനിടെ തെക്കന്‍ ലെബനനിലെ യഹ്‌മോര്‍ ഗ്രാമത്തില്‍ ഇസ്രയേല്‍ സൈന്യം 'വൈറ്റ് ഫോസ്ഫറസ്' ഉപയോഗിച്ച് അതിശക്തമായ ആക്രമണം നടത്തിയതായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തു. ഏഴ് ചിത്രങ്ങള്‍ പരിശോധിച്ചും സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തിയുമാണ് ഇസ്രയേല്‍ നിരോധിക്കപ്പെട്ട ആയുധംഉപയോഗിച്ചുവെന്ന് മനുഷ്യാവകാശ സംഘടന സ്ഥിരീകരിച്ചു.
യഹ്‌മോര്‍ ഉള്‍പ്പെടെയുള്ള തെക്കന്‍ ലെബനനിലെ നിരവധി ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിയാന്‍ ഇസ്രയേല്‍ സൈന്യം മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ ആക്രമണം ഉണ്ടായത്. എന്നാല്‍, ആക്രമണ സമയത്ത് അവിടെ സാധാരണക്കാര്‍ ബാക്കിയുണ്ടായിരുന്നോ എന്നോ ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്നോ സ്വതന്ത്രമായി സ്ഥിരീകരിക്കാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന് കഴിഞ്ഞിട്ടില്ല. ഹിസ്ബുള്ളയുമായി മുന്‍പ് നടന്ന ഏറ്റുമുട്ടലുകളിലും ഇസ്രയേല്‍ ഇത്തരത്തില്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ജനങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കി. ഓക്സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ സ്വയം കത്തുന്ന രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. ആര്‍ട്ടിലറി ഷെല്ലുകളിലും ബോംബുകളിലും റോക്കറ്റുകളിലുമാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും തീപിടിക്കാന്‍ ഇത് കാരണമാകുന്നു. ഇതിനേക്കാള്‍ ഭയാനകമായി, മനുഷ്യശരീരത്തില്‍ അസ്ഥികളോളം എത്തുന്ന അതിശക്തമായ പൊള്ളലുകള്‍ സൃഷ്ടിക്കാന്‍ ഇതിന് ശേഷിയുണ്ട്. കൂടാതെ അണുബാധകള്‍ക്കും ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതിനും ശ്വാസതടസ്സത്തിനും ഇത് കാരണമായേക്കാം. ഈ ആക്രമണം അത്യന്തം ആശങ്കാജനകമാണെന്നും സാധാരണക്കാര്‍ക്ക് ഇത് വലിയ ദുരന്തങ്ങള്‍ സമ്മാനിക്കുമെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിലെ ലെബനന്‍ ഗവേഷകന്‍ റംസി കൈസ് പറഞ്ഞു.
എന്നാല്‍, ഇസ്രയേല്‍ സൈന്യം ഈ റിപ്പോര്‍ട്ടുകളോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വൈറ്റ് ഫോസ്ഫറസ് ആളുകളെ ലക്ഷ്യം വയ്ക്കാനല്ല, മറിച്ച് എതിരാളികളുടെ കാഴ്ചമറയ്ക്കാനോ ശ്രദ്ധതിരിക്കാനോ ഉള്ള പുകമറകള്‍ സൃഷ്ടിക്കാനാണ് തങ്ങള്‍ ഉപയോഗിക്കുന്നത് എന്നാണ് മുന്‍പ് ഇത്തരം സാഹചര്യങ്ങളില്‍ ഇസ്രയേല്‍ നല്‍കിയ വിശദീകരണം.
ഹിസ്ബുള്ളയെ തള്ളി ലെബനെന്‍
സത്യത്തില്‍ ലബനീസ് സര്‍ക്കാര്‍ ഹിസ്ബുള്ളയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം അടുത്തിടെ ഇസ്രയേലുമായുള്ള യുദ്ധത്തില്‍ ഹിസ്ബുള്ളയെ പരസ്യമായി വിമര്‍ശിക്കുകയും കടുത്ത നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഹിസ്ബുള്ളയും ലെബനീസ് ഭരണകൂടവും തമ്മിലുള്ള ഭിന്നത പ്രകടമാണ്. ഹിസ്ബുള്ളയുടെ സൈനിക നീക്കങ്ങള്‍ നിയന്ത്രിക്കുന്നത് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് നവാഫ് സലാം ആരോപിക്കുന്നു. വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ച് ഐആര്‍ജിസി അംഗങ്ങള്‍ ലെബനനില്‍ പ്രവേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലെബനനെ ഈ സംഘര്‍ഷത്തിലേക്ക് വലിച്ചിഴച്ചത് ഹിസ്ബുള്ളയാണെന്നും, ഇത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കല്ല മറിച്ച് ഇറാന്റെ താല്‍പ്പര്യങ്ങള്‍ക്കാണെന്നും ലെബനീസ് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഹിസ്ബുള്ളയുടെ സൈനിക-സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നിരോധിക്കുന്നതായി 2026 മാര്‍ച്ച് 2-ന് ലെബനന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പക്ഷേ എന്നിട്ടും രക്ഷയില്ല. ലെബനനിലെ ഔദ്യോഗിക ഗവണ്‍മെന്റ് എതിരായിട്ടും ഹിസ്ബുള്ള ഇപ്പോഴും വന്‍ ശക്തയാണ്. രാജ്യത്തെ ഔദ്യോഗിക സൈന്യത്തേക്കാള്‍ കൂടുതല്‍ ആയുധബലവും പരിശീലനവുമുള്ള ഒരു സ്വതന്ത്ര സൈന്യം ഹിസ്ബുള്ളക്കുണ്ട്. ഇത് അവര്‍ക്ക് ഭരണകൂടത്തെ മറികടന്ന് പ്രവര്‍ത്തിക്കാന്‍ കരുത്ത് നല്‍കുന്നു. തെക്കന്‍ ലെബനനിലും ബെയ്റൂട്ടിന്റെ ചില ഭാഗങ്ങളിലും ഹിസ്ബുള്ള സ്വന്തമായി സ്‌കൂളുകളും ആശുപത്രികളും സാമൂഹിക സുരക്ഷാ പദ്ധതികളും നടത്തുന്നുണ്ട്. ലെബനന്‍ ഗവണ്‍മെന്റിന് നല്‍കാന്‍ കഴിയാത്ത സേവനങ്ങള്‍ അവര്‍ നല്‍കുന്നതിനാല്‍ വലിയൊരു വിഭാഗം ജനങ്ങളുടെ പിന്തുണ അവര്‍ക്കുണ്ട്. ലെബനനിലെ പാര്‍ലമെന്റിലും ഭരണസംവിധാനത്തിലും ഹിസ്ബുള്ളക്കും അവരുടെ സഖ്യകക്ഷികള്‍ക്കും വലിയ സ്വാധീനമുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ വിറ്റോ ചെയ്യാനുള്ള ശേഷി അവര്‍ക്കുണ്ട്.
സാമ്പത്തികമായും സൈനികമായും ഹിസ്ബുള്ളയുടെ ഏറ്റവും വലിയ കരുത്ത് ഇറാന്‍ നല്‍കുന്ന പിന്തുണയാണ്. ലെബനീസ് ഭരണകൂടം ഹിസ്ബുള്ളയുടെ പ്രവര്‍ത്തനങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, രാജ്യത്തെ ദുര്‍ബലമായ സാമ്പത്തിക സ്ഥിതിയും ഹിസ്ബുള്ളയുടെ സ്വതന്ത്രമായ സൈനിക കരുത്തും കാരണം അവരെ പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ ഗവണ്‍മെന്റിന് സാധിക്കുന്നില്ല.
രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം
സുന്നി സംഘടനായാണ് ഐസിസ് എങ്കില്‍, ക്രൂരതുകൊണ്ട് അതിന്റെ ഷിയാ പതിപ്പാണ് ഹിസ്്ബുള്ള. ഷിയാ ഐസിസ് എന്ന് അതിനെ ചില മാധ്യമങ്ങള്‍ വിളിക്കുന്നതും അതുകൊണ്ടുതന്നെ. പ്രതിരോധ സേന എന്ന് പറയുന്നുണ്ടെങ്കിലും തീവ്രവാദമാണ് ഹിസ്ബുള്ളയുടെയും മുഖ്യം. ഷിയാക്കളുടെ സ്വത്വം എന്ന നിലയില്‍, ഇറാനാണ് ആളും അര്‍ത്ഥവും നല്‍കി ഹിസ്ബുള്ളയെ വളര്‍ത്തിയത്. 'ദൈവത്തിന്റെ സംഘടന' എന്നാണ് ഹിസ്ബുള്ള എന്ന വാക്കിന്റെ അര്‍ഥം. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ള രുപീകരിച്ചത്. ഒരു കൂട്ടം തീവ്ര ഷിയ പുരോഹിതന്മാരാണ് അതിന് നേതൃത്വം കൊടുത്തത്. ഒരു സമയം ഒരു രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ സംഘടനയുമാണ് ഹിസ്ബുള്ള. ഇന്നും ലെബനീസ് പാര്‍ലിമെന്റില്‍ ഹിസ്ബുള്ളക്ക് നിരവധി അംഗങ്ങളുണ്ട്. രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തേക്കാള്‍ കൂടുതല്‍ കരുത്ത് ഹിസ്ബുള്ളയുടെ സൈന്യത്തിനാണ്!
ഹിസ്ബുള്ളക്ക്, ടിവി സ്റ്റേഷനുകളും ക്ലിനിക്കുകളും സ്‌കൂളുകളും ഉള്‍പ്പെടെയുള്ള സേവനങ്ങളുടെ വിപുലമായ ശൃംഖലയും ഇവര്‍ കൈകാര്യം ചെയ്യുന്നു. നിയമവിരുദ്ധവും അല്ലാത്തതുമായ നിരവധി ബിസിനസുകളിലൂടെ കോടിക്കണക്കിന് ഡോളറുകള്‍ ഹിസ്ബുള്ള ഉണ്ടാക്കുന്നുണ്ട്. 1982 മുതല്‍ 2000 വരെ നീണ്ടുനിന്ന ഇസ്രയേലി അധിനിവേശത്തില്‍ നിന്ന് തെക്കന്‍ ലെബനനെ മോചിപ്പിക്കുക എന്ന പ്രത്യക്ഷ ലക്ഷ്യമായിരുന്നു ഹിസ്ബുള്ളയ്ക്ക് ഉണ്ടായിരുന്നത്. അതിനായി ലെബനനിലും ഇസ്രയേലിലും അന്താരാഷ്ട്ര തലത്തിലും നിരവധി രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ ഹിസ്ബുള്ള നടത്തി. വന്‍തോതിലുള്ള ചാവേര്‍ ആക്രമണങ്ങള്‍ ലോകത്തെ ഞെട്ടിച്ചു. തെക്കന്‍ ബെയ്‌റൂട്ട്, തെക്കന്‍ ലെബനന്‍, കിഴക്കന്‍ ബെക്കാ താഴ്വര തുടങ്ങി ലെബനനിലെ പ്രധാന ഷിയാ കേന്ദ്രങ്ങളെല്ലാം ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണുള്ളത്.
ഭീകരസംഘടനയുടെ പട്ടികയാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ഹിസ്ബുള്ളയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് ആരും ഭയക്കുന്ന സൈനിക ശക്തിയാണ് ഹിസ്ബുള്ള. രാജ്യത്തിനുള്ളില്‍ മറ്റൊരു രാജ്യം എന്ന രീതിയില്‍ അത് മാറിയിരിക്കുന്നു. ഹിസ്ബുള്ളയ്ക്ക് ദീര്‍ഘദൂര മിസൈലുകളുടെ വിപുലമായ ശേഖരം ഉണ്ട് എന്നതും നിര്‍ണ്ണായകമാണ്. അവര്‍ക്ക് ഇന്ന് ഒരു എതിരാളിയേയുള്ളൂ, ഇസ്രയേല്‍.
ഇന്ന് ദരിദ്രരാഷ്ട്രമാണ്, ലബനന്‍. ആഭ്യന്തരവരുമാനം പ്രധാനമായും ടൂറിസം മേഖലയില്‍നിന്നായിരുന്നു. കോവിഡ് വ്യാപനത്തോടെ ടൂറിസം മേഖലയിലുണ്ടാല പ്രതിസന്ധി കടക്കെണി രൂക്ഷമാക്കി. തീവ്രാദം ഭയന്ന് വിദേശികള്‍ ഈ നാടിനെ ഉപക്ഷേിക്കാന്‍ തുടങ്ങി. വിദേശകടം തിരിച്ചടയ്ക്കാന്‍ കഴിയാതെവന്നത് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി. വിലക്കയറ്റവും തൊഴിലില്ലായ്മയും വര്‍ധിച്ചതോടെയാണ് ജനം പലതവണ തെരുവില്‍ ഇറങ്ങിയിരുന്നു.
2019-ല്‍ ആരംഭിച്ച സാമ്പത്തിക മാന്ദ്യത്തില്‍നിന്ന് ലെബനന്‍ ഇനിയും കരകറയിയിട്ടില്ല. ലബനീസ് പൗണ്ടിനുണ്ടായ വിലയിടിവ് രാജ്യത്തിന്റെ സമ്പദ്രംഗം തകരാനിടയാക്കി. ഇന്ന് വിലക്കയറ്റത്താലും നാണയപ്പെരുപ്പത്താലും ബുദ്ധിമുട്ടുകയാണ് രാജ്യം. ഈ സാഹചര്യത്തിലാണ് രാജ്യം ഒരു കരയാക്രമണം നേരിടുന്നത്. അപ്പോള്‍ ലെബനനിലെ സാധാരണക്കാരുടെ അവസ്ഥ ഒന്ന് ചിന്തിച്ചുനോക്കു.
വാല്‍ക്കഷ്ണം: 'മതമാണ്, മതമാണ്, മതമാണ് പ്രശ്നം' എന്ന് മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞത് എറ്റവും കൂടുതല്‍ യോജിക്കുന്ന ഒരു രാജ്യമാണ് ലെബനന്‍. സമ്പല്‍ സമൃദ്ധമായിരുന്നു ഈ രാജ്യത്തെ കുത്തുപാളയെടുപ്പിച്ചത് ആരാനെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. മതം!
