സ്വര്‍ണ്ണതാലിയും മോതിരവും പട്ടുസാരിയും, ഒപ്പം 6 ഗ്യാസ് സിലിണ്ടറും; സൗജന്യ പെരുമഴയുമായി വിജയ്; ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ 8,000 രൂപയുടെ കൂപ്പണുമായി സ്റ്റാലിന്‍; പുരുഷന്‍മാര്‍ക്കും സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച് എടപ്പാടി; ഡിഎംകെയുടെ വോട്ട് ടിവികെ പിടിക്കുമോ; സ്റ്റാലിന്‍ യുഗത്തിന് മങ്ങലോ?

ഡിഎംകെയുടെ വോട്ട് ടിവികെ പിടിക്കുമോ; സ്റ്റാലിന്‍ യുഗത്തിന് മങ്ങലോ?

Update: 2026-03-30 09:28 GMT

ആടി സെയില്‍ എന്നൊക്കെപ്പറയുന്നതുപോലെയുള്ള, വലിയ സൗജന്യമഹാമേളയാണ്, തമിഴ്നാട്ടില്‍ ജയലളിത -കരുണാനിധി കാലത്തു തന്നെയുള്ള ഇലക്ഷന്‍. കരുണാനിധി സൗജന്യമായി ടീവി നല്‍കൂമെന്ന് പ്രഖ്യാപിച്ചാല്‍ ജയ ഫ്രീയായ കമ്പ്യൂട്ടര്‍ നല്‍കും! ഇത്തവണയും ആ ട്രെന്‍ഡ് തുടരുകയാണ്. റഫ്രിജറേറ്റര്‍, തൊട്ട് ഗ്യാസ് സിലിണ്ടര്‍വരെ സൗജന്യമായി നല്‍കുന്ന മോഹന വാഗ്ദാനങ്ങളാണ്, മുന്നണികള്‍ മുന്നോട്ടുവെക്കുന്നത്. ഒരു പവന്‍ സ്വര്‍ണ്ണം, പട്ടുസാരി, സ്ത്രീകള്‍ക്കും മാത്രമല്ല പുരുഷന്‍മ്മാര്‍ക്കും സൗജന്യ ബസ് യാത്ര.... അങ്ങനെ നീളുകയാണ് സൗജന്യങ്ങളുടെ പട്ടിക. ( ഇത്തരത്തില്‍ തമിഴ്നാട്ടില്‍ നല്‍കിയ ലാപ്പ്ടോപ്പടക്കമുള്ള പല സാധനങ്ങളും ബ്ലാക്കില്‍ കേരളത്തിലെത്തിയെന്നത് വേറെ കാര്യം)

കഴിഞ്ഞ ഒന്നരവര്‍ഷം മുമ്പുവരെയുള്ള രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിക്കയാണെങ്കില്‍, ഡിഎംകെക്കും മുഖ്യമന്ത്രി മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന എം കെ സ്റ്റാലിനും എതിരാളികള്‍ പോലും ഇല്ലാത്ത അവസ്ഥയായിരുന്നു. 2024-ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും, പുതുച്ചേരിയിലെ ഒരു സീറ്റിലും ഉള്‍പ്പെടെ ആകെ 40 സീറ്റുകളിലും ഡി.എം.കെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യം ഉജ്ജ്വല വിജയം നേടിയത്.

എന്നാല്‍ അവിടെനിന്നങ്ങോട്ട് വളരെ പെട്ടന്ന് രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറുകയാണ്. തമിഴ്നാട്ടിലെ ഏറ്റവും ജനപ്രീതിയുള്ള നടന്‍ വിജയ്, ടി വി കെ എന്ന പുതിയ പാര്‍ട്ടിയുണ്ടാക്കിയിരിക്കയാണ്. അവര്‍ ഒറ്റക്കാണ് മത്സരിക്കുന്നത്. അതോടെ ശരിക്കും ത്രികോണ മത്സരമാണ് തമിഴ്നാട്ടില്‍ എമ്പാടും ഉണ്ടാവുന്നത്. ഈ ത്രികോണത്തില്‍ ശരിക്കും ചങ്കിടിക്കുന്നത് ഡിഎംകെക്ക് തന്നെയാണ്. കാരണം അവരുടെ വോട്ട് ബാങ്കാണ് വിജയുടെ പാര്‍ട്ടി ചോര്‍ത്തുന്നത്. പുതിയ അഭിപ്രായ സര്‍വേകള്‍ പ്രകാരം തമിഴകത്ത് ഇക്കുറി കടുത്ത മത്സരമാണ്.

സര്‍വേകളിലും തീപാറുന്നു

2026ലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പുറത്തുവന്ന സര്‍വേ ഫലങ്ങള്‍ കടുത്ത മത്സരം എന്നാണ് വിലയിരുത്തുന്നത്. ഐഎന്‍എസ്- മാട്രിസ് സര്‍വേ ഭരണമാറ്റമാണ് പ്രവചിക്കുന്നത്. ആകെയുള്ള 234 സീറ്റുകളില്‍ എ.ഐ.എ.ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 114 മുതല്‍ 127 വരെ സീറ്റുകള്‍ നേടി ഭരണം പിടിക്കുമെന്നാണ് ഐഎന്‍എസ്- മാട്രിസ് സര്‍വേ സൂചിപ്പിക്കുന്നത്. ഡി.എം.കെ സഖ്യത്തിന് 104 മുതല്‍ 114 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പ്രവചനം. എ.ഐ.എ.ഡി.എം.കെ സഖ്യം 39-40% വോട്ട് വിഹിതം നേടുമെന്ന് കണക്കാക്കുന്നു. ഡി.എം.കെ സഖ്യത്തിന് 37-38% വോട്ട് ലഭിച്ചേക്കാം. നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം 6 മുതല്‍ 12 വരെ സീറ്റുകള്‍ നേടി നിര്‍ണ്ണായക സ്വാധീനമാകുമെന്ന് സര്‍വേ കരുതുന്നു. ടി.വി.കെക്ക് ഏകദേശം 13-15% വരെ വോട്ട് വിഹിതം ലഭിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍, മധ്യതമിഴ്‌നാട് ഒഴികെയുള്ള മറ്റെല്ലാ മേഖലകളിലും എ.ഐ.എ.ഡി.എം.കെ സഖ്യം മുന്നേറ്റം നടത്തുമെന്ന് മാട്രിസ് സര്‍വേ പ്രവചിക്കുന്നു.




 


എന്നാല്‍ പാരാവീല്‍ നടത്തിയ സര്‍വേ ഫലങ്ങള്‍ പ്രകാരം നിലവിലെ ഭരണകക്ഷിയായ ഡി.എം.കെ സഖ്യം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. 'ദ വയറില്‍' പ്രസിദ്ധീകരിച്ച സര്‍വേയില്‍, 41.5% വോട്ട് വിഹിതത്തോടെ ഡി.എം.കെ ഒന്നാം സ്ഥാനത്ത് തുടരുമെന്ന് പ്രവചിക്കുന്നു. ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടെങ്കിലും ജനകീയ ക്ഷേമ പദ്ധതികള്‍ സര്‍ക്കാരിന് തുണയാകുമെന്ന് ഈ സര്‍വേ പറയുന്നു. 36.2% വോട്ട് വിഹിതത്തോടെ പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ രണ്ടാമതെത്തും. നടന്‍ വിജയിന്റെ പാര്‍ട്ടി 13.6% വോട്ട് വിഹിതത്തോടെ തമിഴ് രാഷ്ട്രീയത്തിലെ നിര്‍ണ്ണായകമായ മൂന്നാം ശക്തിയായി മാറും. യുവാക്കള്‍ക്കിടയിലും കന്നി വോട്ടര്‍മാര്‍ക്കിടയിലും ടി.വി.കെയ്ക്ക് വലിയ സ്വാധീനമുണ്ടെന്ന് സര്‍വേ പറയുന്നു. സീമാന്റെ നേതൃത്വത്തിലുള്ള എന്‍.ടി.കെ എന്ന നാം തമിഴര്‍ കച്ചി 7.9% വോട്ട് വിഹിതം നേടുമെന്നും സര്‍വേ കണക്കാക്കുന്നു. ഇതും നിര്‍ണ്ണായകമായ വോട്ടാണ്. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരമേഖലകളില്‍ ടി.വി.കെ പലയിടത്തും രണ്ടാം സ്ഥാനത്ത് എത്താന്‍ സാധ്യതയുണ്ടെന്നും പാരാവീല്‍ സര്‍വേ സൂചിപ്പിക്കുന്നു.

അഗ്നി ന്യൂസ് സര്‍വീസ് എന്ന എ എന്‍ എസ് പുറത്തുവിട്ട അഭിപ്രായ സര്‍വേ ഭരണകക്ഷിയായ ഡി.എം.കെ സഖ്യം വന്‍ വിജയം നേടുമെന്നാണ് പ്രവചിക്കുന്നത്. ആകെയുള്ള 234 സീറ്റുകളില്‍ 180 സീറ്റുകള്‍ വരെ നേടി ഡി.എം.കെ സഖ്യം അധികാരം നിലനിര്‍ത്തുമെന്ന് സര്‍വേ പറയുന്നു. ഇവര്‍ക്ക് ഏകദേശം 44.9% വോട്ട് വിഹിതം ലഭിക്കുമെന്നും കരുതപ്പെടുന്നു. പ്രകാരം തെക്കന്‍ ജില്ലകളിലും പടിഞ്ഞാറന്‍ മേഖലകളിലും ഡി.എം.കെ വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നുണ്ട് സര്‍വേ പറയുന്നു. പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെ സഖ്യത്തിന് 54 സീറ്റുകള്‍ മാത്രമേ ലഭിക്കൂ എന്ന് സര്‍വേ പറയുന്നു. ഇവര്‍ക്ക് ഏകദേശം 38.5% വോട്ട് ലഭിച്ചേക്കാം. ചെന്നൈ നഗരത്തില്‍ എ.ഐ.എ.ഡി.എം.കെയ്ക്ക് വലിയ തിരിച്ചടി നേരിടുമെന്നും പ്രവചനമുണ്ട്.

വിജയിന്റെ തമിഴക വെട്രി കഴകം 9.7% വോട്ട് വിഹിതം നേടുമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും സീറ്റുകളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം പ്രവചിക്കുന്നില്ല.സീമാന്റെ നാം തമിഴര്‍ കച്ചി 4.8% വോട്ടും മറ്റുള്ളവര്‍ 2.1% വോട്ടും നേടുമെന്ന് അഗ്നി ന്യൂസ് സര്‍വേ വ്യക്തമാക്കുന്നു. ഈ സര്‍വേ മാത്രമാണ് ഡിഎംകെ സഖ്യത്തിന് കൃത്യമായ ഭുരിപക്ഷം പ്രവചിക്കുന്നത്.

ന്യൂസ് 18 സര്‍വേയില്‍ ഡിഎംകെ സഖ്യത്തിന് നേരിയ ഭൂരിപക്ഷം മാത്രമേയുള്ളു. ഡിഎംകെ സഖ്യത്തിന് 113 മുതല്‍ 123 വരെ സീറ്റുകള്‍ നേടാം. വോട്ട് വിഹിതം ഏകദേശം 40.1% ആയിരിക്കുമെന്നും കണക്കാക്കുന്നു. ശക്തമായ പോരാട്ടം കാഴ്ചവെക്കുന്ന എഐഎഡിഎംകെ സഖ്യം 106 മുതല്‍ 116 വരെ സീറ്റുകള്‍ നേടാന്‍ സാധ്യതയുണ്ട്. ഇവരുടെ വോട്ട് വിഹിതം 38.1% ആയിരിക്കുമെന്നും സര്‍വേ പ്രവചിക്കുന്നു. നടന്‍ വിജയിന്റെ പാര്‍ട്ടി 2 മുതല്‍ 8 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. എങ്കിലും, ഏകദേശം 14.8% വോട്ട് വിഹിതം നേടിക്കൊണ്ട് ഒരു നിര്‍ണ്ണായക മൂന്നാം ശക്തിയായി ടിവികെ മാറുമെന്ന് സര്‍വേ ചൂണ്ടിക്കാട്ടുന്നു.

സ്വര്‍ണ്ണവും മോതിരവും പട്ടുസാരിയും...

ഗ്രൗണ്ടറിഞ്ഞ്, കളിക്കാന്‍ കഴിയുന്ന രാഷ്ട്രീയക്കാരനായി വിജയ് അധിവേഗം വളരുകയാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഭാഗമായി വന്ന ഗ്യാസ് സിലിണ്ടര്‍ ക്ഷാമം നിലനില്‍ക്കുമ്പോള്‍, പ്രതിവര്‍ഷം ആറ് ഗ്യാസ് സിലണ്ടര്‍ സൗജന്യമായി നല്‍കുമെന്ന് വിജയുടെ വാഗ്ദാനം വീട്ടമ്മമാരെ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്. കുടുംബനാഥകളായ സ്ത്രീകള്‍ക്ക് (60 വയസ്സ് വരെ, സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെ) പ്രതിമാസം 2,500 സഹായധനം നല്‍കുമെന്നും വിജയ് പറയുന്നു.



 



അണ്ണന്‍ സീര്‍ പദ്ധതി പ്രകാരം, വധുക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണ്ണവും പട്ടുസാരിയും നല്‍കും. ഓരോ നവജാത ശിശുവിനും സ്വര്‍ണ്ണ മോതിരവും ബേബി വെല്‍ക്കം കിറ്റും നല്‍കുന്നതാണ് തായ്മാമന്‍ തങ്ക മോതിരം പദ്ധതി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ മാതാപിതാക്കള്‍ക്കോ രക്ഷാകര്‍ത്താക്കള്‍ക്കോ പ്രതിവര്‍ഷം 15,000 സഹായം നല്‍കും.സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസ്സുകളില്‍ സൗജന്യ യാത്ര അനുവദിക്കും. കൂടാതെ സ്ത്രീ സുരക്ഷയ്ക്കായി 'റാണി വേലു നാച്ചിയാര്‍' സേന രൂപീകരിക്കും. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ആദ്യമായി പോരാടിയ ഇന്ത്യന്‍ രാജ്ഞിയായ റാണി വേലു നാച്ചിയാരുടെ (ശിവഗംഗയിലെ രാജ്ഞി) സ്മരണാര്‍ത്ഥമാണ് ഈ പേര് നല്‍കിയിരിക്കുന്നത്. തമിഴ് ജനത 'വീരമംഗൈ' (ധീരയായ സ്ത്രീ) എന്ന് വിളിക്കുന്ന വേലു നാച്ചിയാര്‍, സ്ത്രീകളെ ഉള്‍പ്പെടുത്തി ഒരു സായുധ സൈന്യത്തെ രൂപീകരിച്ച് ബ്രിട്ടീഷുകാരെ യുദ്ധത്തില്‍ തോല്‍പ്പിച്ചിരുന്നു. ഇതേ ആവേശവും ധീരതയും സ്ത്രീ സുരക്ഷാ സേനയ്ക്ക് നല്‍കാനാണ് ടി.വി.കെ ലക്ഷ്യമിടുന്നത്.

ഗ്യാസ് സിലണ്ടുകള്‍ കേന്ദ്രമല്ലേ നല്‍കുന്നത് സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ സൗജന്യമായി നല്‍കും എന്ന ചോദ്യത്തിനും വിജയക്ക് മറുപടിയുണ്ട്. സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ ആണെങ്കിലും, അതിന്റെ വിലയില്‍ സബ്‌സിഡി നല്‍കാനോ ഗുണഭോക്താക്കള്‍ക്ക് തുക തിരികെ നല്‍കാനോ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. ഉപഭോക്താക്കള്‍ നിലവിലുള്ള രീതിയില്‍ ഗ്യാസ് ഏജന്‍സികളില്‍ നിന്ന് സിലിണ്ടറുകള്‍ വാങ്ങണം. ഇതിനായി ചെലവാകുന്ന തുക സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

കേന്ദ്ര പദ്ധതിയായ 'ഉജ്ജ്വല' യോടൊപ്പമോ അല്ലാതെയോ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ഈ അധിക ബാധ്യത ഏറ്റെടുക്കുമെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഏകദേശം 2.3 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ ആനുകൂല്യം നല്‍കുന്നതിലൂടെ വരുന്ന വലിയ സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ചെലവുകള്‍ ചുരുക്കിയും നികുതി വരുമാനം കാര്യക്ഷമമാക്കിയും കണ്ടെത്തുമെന്നാണ് പാര്‍ട്ടിയുടെ വാദം. നിലവില്‍ ആന്ധ്രാപ്രദേശ് ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ സമാനമായ രീതിയില്‍ സൗജന്യ സിലിണ്ടറുകള്‍ നല്‍കുന്നുണ്ട്. അത് തങ്ങളും നടപ്പാക്കുമെന്നാണ് വിജയ് പറയുന്നത്.

35ലക്ഷം സൗജന്യ ലാപ്പ്ടോപ്പ്

്നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പുറത്തിറക്കിയ ഡി.എം.കെ പ്രകടനപത്രികയിലും വമ്പന്‍ സൗജന്യങ്ങളാണുള്ളത്. ഇല്ലത്തരസി കൂപ്പണാണ് ഇതില്‍ പ്രധാനം. ആദായനികുതി പരിധിയില്‍ വരാത്ത കുടുംബങ്ങളിലെ വീട്ടമ്മമാര്‍ക്ക് ഗൃഹോപകരണങ്ങള്‍ (ടിവി, വാഷിംഗ് മെഷീന്‍, ഫ്രിഡ്ജ് തുടങ്ങിയവ) വാങ്ങുന്നതിനായി 8,000 വിലയുള്ള ഒറ്റത്തവണ കൂപ്പണ്‍ നല്‍കുകയാണ് ഈ പദ്ധതി. 'കലൈഞ്ജര്‍ മഗളീര്‍ ഉറിമൈ തൊകൈ' പദ്ധതി പ്രകാരം സ്ത്രീകള്‍ക്ക് നല്‍കുന്ന പ്രതിമാസ സഹായധനം 1,000-ല്‍ നിന്ന് 2,000 ആയി ഉയര്‍ത്തും.സര്‍ക്കാര്‍ സ്‌കൂളുകളിലെ സൗജന്യ പ്രഭാതഭക്ഷണ പദ്ധതി എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി വ്യാപിപ്പിക്കുമെന്നും ഡിഎംകെ പ്രകടന പത്രിക പറയുന്നു.


 



മുതിര്‍ന്ന പൗരന്മാര്‍, വിധവകള്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിതരായ സ്ത്രീകള്‍ എന്നിവര്‍ക്കുള്ള പെന്‍ഷന്‍ 2,000 ആയും, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ 2,500 ആയും വര്‍ധിപ്പിക്കും. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 35 ലക്ഷം സൗജന്യ ലാപ്ടോപ്പുകള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ വിതരണം ചെയ്യും. 'പുതുമൈ പെണ്‍', 'തമിഴ് പുതല്‍വന്‍' പദ്ധതികള്‍ പ്രകാരമുള്ള പ്രതിമാസ സ്റ്റൈപ്പന്‍ഡ് 1,000-ല്‍ നിന്ന് 1,500 ആക്കി വര്‍ധിപ്പിക്കും.കര്‍ഷകര്‍ക്ക് മീറ്ററില്ലാത്ത അത്യാധുനിക ഇലക്ട്രിക് പമ്പ് സെറ്റുകള്‍ സൗജന്യമായി നല്‍കും. നെല്ലിന്റെ സംഭരണവില ക്വിന്റലിന് 3,500 ആയും കരിമ്പിന്റേത് ടണ്ണിന് 4,500 ആയും ഉയര്‍ത്തും.

അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ലക്ഷം പുതിയ വീടുകള്‍ (കലൈഞ്ജര്‍ കനവ് ഇല്ലം പദ്ധതി) നിര്‍മ്മിച്ച് നല്‍കും. മുഖ്യമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പരിധി 10 ലക്ഷം ആയി ഉയര്‍ത്തും. ഇതിനായുള്ള കുടുംബ വാര്‍ഷിക വരുമാന പരിധി 5 ലക്ഷമാക്കി വര്‍ധിപ്പിച്ചു. ഇതൊക്കെയാണ് ഡിഎംകെയും സ്റ്റാലിനും പ്രഖ്യാപിച്ചിരിക്കുന്നത്.

ഗ്യാസും പയറും ഫ്രിഡ്ജും സൗജന്യയാത്രയും!

എന്നാല്‍ സൗജന്യങ്ങളുടെ കാര്യത്തില്‍ എഐഎഡിഎംകെ -ബി.ജെ.പി സഖ്യം എല്ലാവരെയും കടത്തിവെട്ടിയിരിക്കയാണ്. റേഷന്‍ കാര്‍ഡുള്ള ഏകദേശം 2.22 കോടി കുടുംബങ്ങള്‍ക്ക് സൗജന്യമായി റഫ്രിജറേറ്റര്‍ നല്‍കുമെന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. അതിനുപുമെ കുടുംബനാഥകളായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 സാമ്പത്തിക സഹായം നല്‍കും. റേഷന്‍ കടകള്‍ വഴി സൗജന്യമായി ഒരു കിലോ പയര്‍ വര്‍ഗ്ഗങ്ങളും ഒരു ലിറ്റര്‍ പാചക എണ്ണയും വിതരണം ചെയ്യും. ഓരോ കുടുംബത്തിനും പ്രതിവര്‍ഷം 3 ഗ്യാസ് സിലിണ്ടറുകള്‍ സൗജന്യമായി നല്‍കും. വിലക്കയറ്റം നേരിടുന്നതിനായി ഓരോ കുടുംബത്തിനും ഒറ്റത്തവണ സഹായമായി 10,000 നല്‍കും. സ്ത്രീകള്‍ക്ക് നിലവിലുള്ള സൗജന്യ ബസ് യാത്രയ്ക്ക് പുറമെ, പുരുഷന്മാര്‍ക്കും സൗജന്യ ബസ് യാത്ര അനുവദിക്കമെന്നും എഐഎഡിഎംകെ പറയുന്നു.

വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ വായ്പകള്‍ പൂര്‍ണ്ണമായും എഴുതിത്തള്ളും. നീറ്റ് പരീക്ഷ പാസാകുന്ന സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ സംവരണം 7.5 ശതമാനത്തില്‍ നിന്ന് 10.5 ശതമാനമായി ഉയര്‍ത്തും. മുതിര്‍ന്ന പൗരന്മാര്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള സാമൂഹിക സുരക്ഷാ പെന്‍ഷന്‍ 2,000 ആയി വര്‍ദ്ധിപ്പിക്കും. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുകയും വൈദ്യുതി ബില്‍ പഴയതുപോലെ മാസത്തിലൊരിക്കലാക്കുകയും ചെയ്യും. എംജിഎന്‍ആര്‍ഇജിഎ തൊഴില്‍ ദിനങ്ങള്‍ 150 ദിവസമായി വര്‍ദ്ധിപ്പിക്കും, എന്നിങ്ങനെയൊക്കെയാണ് എഐഡിഎംകെ- ബിജെപി സഖ്യത്തിന്റെ പ്രകടന പത്രിക.

ഇപിഎസിന്റെയും ജനപ്രീതി ഉയരുന്നു

2026ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വിവിധ അഭിപ്രായ സര്‍വേകള്‍ പ്രകാരം, നിവലിലെ പ്രതിപക്ഷ നേതാവായ എടപ്പാടി കെ. പളനിസ്വാമിയുടെ (ഇപിഎസ്) ജനപ്രീതി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതുവരെ മുഖ്യമന്ത്രി സ്റ്റാലിനൊപ്പം തലപ്പൊക്കമുള്ള ഒരു നേതാവിനെ കണ്ടെത്താനും, കഴിഞ്ഞിരുന്നില്ല. മുഖ്യമന്ത്രി സ്ഥാനത്തേക്ക് എം.കെ. സ്റ്റാലിന് 39.9% പേരുടെ പിന്തുണ ലഭിച്ചപ്പോള്‍, എടപ്പാടി പളനിസ്വാമിക്ക് 37.5% പേരുടെ പിന്തുണയുണ്ടെന്ന് ന്യൂസ് 18 സര്‍വേ വ്യക്തമാക്കുന്നു. ലഹരിമരുന്നിന്റെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം, സ്ത്രീ സുരക്ഷയുമയി ബന്ധപ്പെട്ട ആശങ്കകള്‍ എന്നിവ ഉന്നയിച്ചുകൊണ്ടുള്ള ഇ.പി.എസ്സിന്റെ പ്രചാരണം വോട്ടര്‍മാരെ ചിന്തിപ്പിക്കുന്നുണ്ട്. താന്‍ ഒരു കര്‍ഷകനാണെന്ന് ഉയര്‍ത്തിക്കാട്ടുന്ന ഇ.പി.എസ്സിന്റെ ശൈലിയും അത്തിക്കടവ്-അവിനാശി തുടങ്ങിയ ജലസേചന പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന ഉറപ്പും ഗ്രാമീണ മേഖലകളില്‍ അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചു.


 



ബി.ജെ.പി, പി.എം.കെ ,ഡി.എം.ഡി.കെ എന്നിവരെ ഉള്‍പ്പെടുത്തി എ.ഐ.എ.ഡി.എം.കെ രൂപീകരിച്ചത് ശക്തമായ പ്രതിപക്ഷ സഖ്യമാണ്. അവരുടെ അനിഷേധ്യ നേതാവായി ഇപിഎസ് ഉയര്‍ന്നു കഴിഞ്ഞു. സംഘപരിവാറിന്റെ ചിരകാല അഭിലാഷങ്ങളിലൊന്നത് തമിഴ്നാട്ടിലേക്ക് കടന്നുകയറണമെന്ന്. എന്നാല്‍ മുഖ്യധാരാ ദ്രാവിഡ പാര്‍ട്ടികളില്‍ തട്ടി അത് തകരുകയായിരുന്നു. എന്നാല്‍ ഇത്തവണ അവര്‍ പ്രതീക്ഷയിലാണ്. എന്നാല്‍ എഐഡിഎംകെ സഖ്യത്തേക്കള്‍, സ്റ്റാലിന്റെയും കൂട്ടരുടെയും ഉറക്കം കെടുത്തുന്നത്, വിജയിന്റെ പാര്‍ട്ടിയാണ്. യുവാക്കളുടെയും ആദ്യമായി വോട്ട് ചെയ്യുന്നവരുടെയും പിന്തുണ ടിവികെക്കാണ്. ടിവികെ പിടിക്കുന്ന വോട്ടുകള്‍ ഡിഎംകെ സഖ്യത്തിന് വെല്ലുവിളിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഡിഎംകെയുടെ പരമ്പരാഗത വോട്ട് ബാങ്കുകളായ യുവാക്കള്‍, ദളിത് വിഭാഗങ്ങള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്കിടയില്‍ വിജയ്ക്ക് വലിയ സ്വാധീനമുണ്ട്. തമിഴ്‌നാട്ടിലെ ഡിഎംകെ-എഐഎഡിഎംകെ എന്ന ദ്വിമുഖ രാഷ്ട്രീയത്തെ മാറ്റിമറിച്ച് ഒരു മൂന്നാം ബദലായി ഉയരാനാണ് വിജയ് ശ്രമിക്കുന്നത്.

നേരത്തെ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള ക്ഷണം വിജയ് നിരസിച്ചിരുന്നു. വിജയ് പെരമ്പൂര്‍, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് മത്സരിക്കുക. വിസിലാണ് ചിഹ്നം. 'വിസിലിനായി വോട്ട് ചെയ്യുക, ഇത് ഒരു വിസില്‍ വിപ്ലവ തിരഞ്ഞെടുപ്പാണ്' തന്റെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിജയ് അഭ്യര്‍ത്ഥിക്കുന്നു. വലിയ ആള്‍ക്കൂട്ടമാണ് താരത്തിന്റെ റോ്ഡ് ഷോക്ക് ഉണ്ടാവാറുള്ളത്.

പക്ഷേ സ്റ്റാലിനും ഡിഎംകെയും ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. 164 സീറ്റുകളിലാണ് ഡി.എം.കെ നേരിട്ട് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 28 സീറ്റുകളിലും, സി.പി.ഐയും സിപിഎമ്മും 5 വീതം സീറ്റുകളിലും, ഡി.എം.ഡി.കെ 10 സീറ്റിലും, വി.സി.കെ, 8 സീറ്റിലും, എം.ഡി.എം.കെ 4 സീറ്റിലും, മുസ്ലീം ലീഗ് 2 സീറ്റിലും മത്സരിക്കുന്നു. ഇതില്‍ ലീഗ് അടക്കമുള്ള ചെറുകക്ഷികള്‍ ഡിഎംകെ ചിഹ്നത്തിലാണ് മത്സരിക്കാറുള്ളത്. ഈ സഖ്യത്തിന്റെ ബലത്തില്‍ ജയിച്ചുകയറാമെന്നാണ്, ഡിഎംകെ പ്രതീക്ഷിക്കുന്നത്. പക്ഷേ ഒരുകാര്യം ഉറപ്പാണ്.

വാല്‍ക്കഷ്ണം: കേരളത്തിലെ കോണ്‍ഗ്രസ് -സിപിഎം പേര് കണ്ട് തമിഴ്നാട്ടിലെത്തിയാല്‍ നാം അമ്പരുന്നുപോവും. അവിടെ കോണ്‍ഗ്രസും, സിപിഎമ്മും, മുസ്ലീം ലീഗുമൊക്കെ സഖ്യകക്ഷികളാണ്. ഇന്ത്യാ മുന്നണിയാണ്. കേരളത്തില്‍ ഗുസ്തി, തൊട്ടടുത്ത തമിഴ്നാട്ടില്‍ ദോസ്തി!

Tags:    

Similar News