ബ്രണ്ണനില്‍ പിണറായിയെ ചവിട്ടിവീഴ്ത്തി? നാല്‍പ്പാടി വാസു കൊലക്കേസ് തൊട്ടുള്ള ചോരക്കളി; അതിജീവിച്ചത് ആറോളം വധശ്രമങ്ങള്‍; കണ്ണിന് കണ്ണ് പല്ലിന് പല്ല് എന്ന രീതിയില്‍ തിരിച്ചടി; തള്ളക്കോഴിയെപ്പോലെ പ്രവര്‍ത്തകരെ സംരക്ഷിച്ച നേതാവ്; ഒടുവില്‍ കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്‍

കണ്ണൂര്‍ സിംഹം പാര്‍ട്ടിക്ക് വിധേയനാവുമ്പോള്‍

Update: 2026-03-19 16:06 GMT

'ള്ളക്കോഴി ചിറകിനടില്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ണൂരില്‍ സംരക്ഷിച്ച നേതാവ്'- കുമ്പക്കുടി സുധാകരന്‍ എന്ന കെ സുധാകരനെ അണികള്‍ കണ്ണൂര്‍ സിംഹം എന്ന് വിളിക്കുന്നത്, വെറുതെയായിരുന്നില്ല. സിപിഎമ്മിന്റെ സമഗ്രാധിപത്യമുള്ള കണ്ണൂരില്‍, സുധാകരന് കാലുറച്ചതോടെയാണ്, തല്ലുവാങ്ങി ഓടിയിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തര്‍ തലയുയര്‍ത്തി നില്‍ക്കാന്‍ തുടങ്ങിയത്. പരുക്കന്‍ രാഷ്ട്രീയ ശൈലിയും, ഭയമില്ലാത്ത സംസാരരീതിയും, ശത്രുക്കളുടെ മുന്നില്‍ തലകുനിക്കാത്ത നിലപാടുകളുമുള്ള ഈ കണ്ണൂര്‍ സിംഹത്തിന് ഈ 77-ാം വയസ്സിലും സട കൊഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെപ്പോലും മൂള്‍മുനയില്‍നിര്‍ത്തി, സുധാകരന്‍ കണ്ണൂര്‍ സീറ്റിനുവേണ്ടി ഏറെ നേരം പൊരുതി. ഇപ്പോള്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് സുധാകരന്‍ കലാപശ്രമങ്ങള്‍ മാറ്റി വച്ച് പാര്‍ട്ടിക്ക് വിധേയനായിരിക്കുകയാണ്.

സി.പി.ഐ.എമ്മിന്റെ കോട്ടയായ കണ്ണൂരില്‍ അവര്‍ക്കെതിരെ സന്ധിയില്ലാതെ പോരാടുന്ന ഏക കോണ്‍ഗ്രസ് നേതാവായാണ് സുധാകരന്‍ അറിയപ്പെടുന്നത്. ഓരോ സി.പി.എം നേതാവിനെയും അവരുടെ ശൈലിയില്‍ തന്നെ നേരിടാനുള്ള അദ്ദേഹത്തിന്റെ ആര്‍ജ്ജവം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നു. കണ്ണൂരിലെ ഓരോ മുക്കിലും മൂലയിലും തനിക്ക് നേരിട്ട് ബന്ധമുള്ള പ്രവര്‍ത്തകരുണ്ടെന്നും അവര്‍ക്കൊപ്പമാണ് താന്‍ വളര്‍ന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഇത് ശരിയാണെന്ന് ശത്രുക്കള്‍ പോലും അംഗീകരിക്കും.

1948 മെയ് 11-ന് കണ്ണൂരിലെ നടാലില്‍ വി. രാമുണ്ണിയുടെയും മാധവിയുടെയും മകനായി ജനിച്ച സുധാകരന്‍, തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും, തുടര്‍ന്ന് ബിരുദാനന്തര ബിരുദവും എല്‍.എല്‍.ബി പഠനവും പൂര്‍ത്തിയാക്കി. കെ.എസ്.യു വഴിയാണ് സജീവ രാഷ്ട്രീയത്തിലേക്ക് വരുന്നത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകളുടെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ 2001 വരെ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായി പ്രവര്‍ത്തിച്ചു. 1996 മുതല്‍ 2009 വരെ കണ്ണൂര്‍ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് കേരള നിയമസഭയില്‍ അംഗമായിരുന്നു. 2001-2004 കാലഘട്ടത്തില്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ വനം-കായിക വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2009, 2019, 2024 വര്‍ഷങ്ങളില്‍ കണ്ണൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി. എന്നും വധ ഭീഷണികള്‍ക്കും, തിരിച്ചടികള്‍ക്കും ഇടയിലൂടെയാണ് സുധാകരന്‍ കടന്നുപോയത്. അസാധാരണമാണ് ആ ജീവിത കഥ.



ബ്രണ്ണനില്‍ പിണറായിയെ ചവിട്ടിവീഴ്ത്തി?

ബ്രണ്ണന്‍ കോളജിലെ പഠനകാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും, എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ മുമ്പ് പറഞ്ഞത് വലിയ വിവാദമായിരുന്നു. ക്യാമ്പസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന സഹപാഠി പിണറായി വിജയനെ കത്തി കൊണ്ട് കുത്താന്‍ ശ്രമിച്ചെന്നും ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപ്പെട്ടതെന്നുമായിരുന്നു സുധാകരന്റെ അവകാശവാദം. കോവിഡ് കാലത്താണ് ഈ വിവാദം ഉണ്ടായത്. എന്നാല്‍ മുഖ്യമന്ത്രി അത് നിഷേധിക്കയായിരുന്നു. ഈ അവകാശവാദത്തെ 'സുധാകരന്റെ വെറും സ്വപ്നം' എന്നാണ് പിണറായി വിശേഷിപ്പിച്ചത്. താന്‍ പരീക്ഷ എഴുതാന്‍ പോയപ്പോള്‍ കെഎസ്യുക്കാര്‍ വളഞ്ഞുവെന്നും, അന്ന് താന്‍ ശബ്ദമുണ്ടാക്കി അവരെ പേടിപ്പിക്കുകയാണ് ചെയ്തതെന്നും അദ്ദേഹം മറുപടി നല്‍കി. 'പ്രത്യേക രീതിയിലൊരു ആക്ഷന്‍ ഞാനെടുത്തു. അയാളെ തല്ലിയില്ല, തൊട്ടില്ല' എന്ന് പിണറായി പറഞ്ഞതും വൈറലായി



1960-കളുടെ അവസാനത്തില്‍ ബ്രണ്ണന്‍ കോളേജില്‍ നിലനിന്നിരുന്ന രൂക്ഷമായ വിദ്യാര്‍ത്ഥി രാഷ്ട്രീയമാണ് ഈ വിവാദത്തിന് ആധാരം. പിണറായി വിജയന്‍ അന്നത്തെ കേരള സ്റ്റുഡന്റ്സ് ഫെഡറേഷന്റെ (കെഎസ്എഫ്) കരുത്തുറ്റ നേതാവായിരുന്നു. കെ. സുധാകരന്‍ അന്ന് കേരള സ്റ്റുഡന്റ്സ് യൂണിയന്റെ (കെസ്യു) വളര്‍ന്നുവരുന്ന നേതാവും. കോളേജിലെ രാഷ്ട്രീയ അധീശത്വത്തിനായി ഇരുവിഭാഗങ്ങളും തമ്മില്‍ നിരന്തരം സംഘര്‍ഷങ്ങള്‍ നടന്നിരുന്ന കാലമായിരുന്നു അത്. എന്നാല്‍ പിണറായി ചവിട്ടിവീഴ്ത്തിയെന്നത്, ഒരു തള്ള് മാത്രമാണെന്നാണ് പൊതുവെ പറയുന്നത്. മമ്പറം ദിവാകരന്‍ എന്ന കോണ്‍ഗ്രസ് നേതാവ് പറയുന്നത്, കെ. സുധാകരനും താനും ഒരേ കാലത്താണ് പഠിച്ചതെന്നും, എന്നാല്‍ സുധാകരന്‍ അവകാശപ്പെടുന്നതുപോലൊരു സംഭവം താന്‍ കണ്ടിട്ടില്ലെന്നും കേട്ടിട്ടില്ലെന്നുമാണ്. അന്ന് തന്റെ കൂടെയുണ്ടായിരുന്നതായി സുധാകരന്‍ പറഞ്ഞ ഫ്രാന്‍സിസ് എന്ന നേതാവിന്റെ കുടുംബം, ഈ ആരോപണങ്ങള്‍ ശരിയല്ലെന്നാണ് പ്രതികരിച്ചത്.

ബ്രണ്ണന്‍ കോളേജ് വിവാദത്തിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ കെ. സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഒരു സുഹൃത്ത് തന്നോട് വെളിപ്പെടുത്തിയിരുന്നതായി പറഞ്ഞിരുന്നു. താന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ഈ സംഭവം ആസൂത്രണം ചെയ്തതെന്നും, ഒരാള്‍ തന്നെ മുന്‍കൂട്ടി വിവരം അറിയിച്ചതുകൊണ്ട് അത് നടന്നില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. ഈ ആരോപണത്തെ കെ. സുധാകരന്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. താന്‍ ഒരിക്കലും അങ്ങനെയൊരു കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നും, പിണറായി വിജയന്‍ കള്ളം പറയുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്രയും വലിയൊരു ക്രിമിനല്‍ ഗൂഢാലോചനയെക്കുറിച്ച് അറിവുണ്ടായിട്ടും എന്തുകൊണ്ട് അന്ന് പോലീസില്‍ പരാതി നല്‍കിയില്ലെന്ന് സുധാകരന്‍ ചോദിച്ചു. ബ്രണ്ണന്‍ തല്ല് അല്‍പ്പം കയറ്റിപ്പറഞ്ഞതാവും പക്ഷേ സുധാകര യുഗത്തിനുശേഷമാണ് കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ അടി നിന്ന് കൊള്ളുന്നതിന് പകരം തിരിച്ചടിക്കാന്‍ തുടങ്ങിയത് എന്നത് വസ്തുതയാണ്.

അതിജീവിച്ചത് നിരവധി വധശ്രമങ്ങളെ

കെ. സുധാകരനെ വധിക്കാന്‍ സി.പി.ഐ.എം പലതവണ ശ്രമിച്ചുവെന്നത് വെറും ആരോപണമല്ല. വസ്തുതയാണ്. 2023 ജൂലൈയില്‍ നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍, തനിക്കെതിരെ സി.പി.എം ആറോളം തവണ വധശ്രമങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതില്‍ നിന്നെല്ലാം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും സുധാകരന്‍ വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, തഴെ ചൊവ്വ, മേലെ ചൊവ്വ, മട്ടന്നൂര്‍, പേരാവൂര്‍, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വെച്ച് തനിക്ക് നേരെ നേരിട്ടുള്ള ആക്രമണങ്ങള്‍ സുധാകരന്‍ എണ്ണിപ്പറഞ്ഞു. 'ഒരേ റൂട്ടിലൂടെ യാത്ര ചെയ്യാതിരുന്നും, സ്ഥിരമായി കാറുകള്‍ മാറ്റിയും, ചിലപ്പോള്‍ കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ മാറ്റിയമാണ് ഞാന്‍ വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടത്. ചിലപ്പോള്‍ ചില സി.പി.എം പ്രവര്‍ത്തകര്‍ തന്നെ എനിക്ക് വധശ്രമങ്ങളെക്കുറിച്ച് മുന്‍കൂട്ടി രഹസ്യ വിവരം നല്‍കിയിട്ടുണ്ട്. ഒരു പ്രവര്‍ത്തകന്റെ വീട്ടിലെ പാലുകാച്ചലിന് പോകാനിരുന്നപ്പോള്‍ അവിടെ അപകടമുണ്ടെന്ന് ഒരു സി.പി.എം പ്രവര്‍ത്തകന്‍ മുന്നറിയിപ്പ് നല്‍കി. അതിനാലാണ് ഞാന്‍ ജീവിച്ചിരിക്കുന്നത്''- സുധാകരന്‍ പറയുന്നു.

പക്ഷേ ഇതിനേക്കാളൊക്കെ ഗൗരവമുള്ളത്, ദേശാഭിമാനിയുടെ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്‍ പറഞ്ഞതാണ്്. സുധാകരനെ വധിക്കാന്‍ സി.പി.എം വാടകക്കൊലയാളികളെ അയച്ചിരുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അദ്ദേഹം ഉന്നയിച്ചത്. ഈ ഗൂഢാലോചന നടന്ന കാലത്ത് താനും ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നുവെന്ന് ശക്തിധരന്‍ പറയുന്നു. കൊലയാളി സംഘം സുധാകരനെ വളരെ എളുപ്പത്തില്‍ പിന്തുടര്‍ന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍, ആ സംഘത്തിലെ ഒരാള്‍ പദ്ധതി ചോര്‍ത്തി നല്‍കിയതിനാല്‍ രക്ഷപ്പെടുകയായിരുന്നു. സുധാകരന്‍ കൊല്ലപ്പെടേണ്ടവനാണെന്ന ചിന്ത പാര്‍ട്ടി പ്രവര്‍ത്തകരിലും ഒരു വിഭാഗം ജനങ്ങളിലും വളര്‍ത്താന്‍ സി.പി.എം ബോധപൂര്‍വ്വം ശ്രമിച്ചുവെന്നും ശക്തിധരന്‍ ആരോപിച്ചു. പാര്‍ട്ടിയുടെ എല്ലാ തെറ്റായ പ്രവര്‍ത്തികളെയും ന്യായീകരിക്കുന്ന ഒരു അടിമ സമൂഹത്തെ സൃഷ്ടിക്കുന്നതില്‍ സി.പി..എം വിജയിച്ചുവെന്നും, കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായ വാടിക്കല്‍ രാമകൃഷ്ണന്‍ കൊലക്കേസ് മുഖ്യപ്രതിയെ താന്‍ അന്ധമായി പിന്തുണക്കുകയായിരുന്നുവെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ശക്തിധരന്‍ പറഞ്ഞിരുന്നു.




ഇപ്പോള്‍, സ്ഥാനാര്‍ത്ഥി വിവാദങ്ങള്‍ക്കിടെ, അന്തരിച്ച കോണ്‍ഗ്രസ് നേതാവും മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായ കാപ്പാടന്‍ രമേശന്റെ അനുസ്മരണ ചടങ്ങില്‍ അതി വൈകാരികമായാണ് കെ സുധാകരന്‍ സംസകാരിച്ചത്. താന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടന്റെ കാവല്‍ കൊണ്ടാണെന്നും അത് പലര്‍ക്കും അത്ഭുതമായി തോന്നാമെങ്കിലും സത്യമാണെന്നും അദ്ദേഹം വിതുമ്പിക്കൊണ്ട് പറഞ്ഞു. രമേശന്റെ കുടുംബത്തിന് വീട് നിര്‍മിച്ചുനല്‍കുന്ന ചടങ്ങിലാണ് സുധാകരന്‍ വികാരാധീനനായത്. സംസാരിക്കുന്നതിനിടെ തൊണ്ടയിടറുകയും കണ്ണ് നിറയുകയും ചെയ്തു.

സ്ഥാനാര്‍ത്ഥിത്വ വിവാദങ്ങള്‍ക്കിടെ മൂന്ന് ദിവസത്തിനുശേഷമാണ് കെ സുധാകരന്‍ പൊതുവേദിയിയില്‍ എത്തിയത്. കപ്പാടന്‍ രമേശന്റെ കുടുംബത്തിന് നിര്‍മ്മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനത്തിനാണ് സുധാകരന്‍ എത്തിയത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും പരിപാടിയില്‍ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും അദ്ദേഹം എത്തിയില്ല. സാധാരണയായി സിപിഎമ്മിനെതിരെയുള്ള പ്രസംഗങ്ങളില്‍ ആവേശത്തോടെ സംസാരിക്കാറുള്ള സുധാകരന്‍, ഇത്തവണ തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വാക്കുകള്‍ കിട്ടാതെ വികാരാധീനനാവുകയായിരുന്നു. ഇതാണ് സുധാകരനെ വ്യത്യസ്തമാക്കുന്നതും. പാര്‍ട്ടി പ്രവര്‍ത്തകരുമായി ഇത്രയേറെ ബന്ധമുള്ള മറ്റൊരു നേതാവുമില്ല.

നാല്‍പ്പാടി വാസുവിന്റെ ചോരക്ക് പിന്നില്‍

പ്രവര്‍ത്തകര്‍ക്ക് ജീവനാണെങ്കിലും, എതിരാളികള്‍ക്ക് കാലനാണ് സുധാകരന്‍. നിരവധി അക്രമസംഭവങ്ങളും സുധാകരന്റെ പേരിലുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ കണ്ണൂരിലെ അക്രമങ്ങളുടെ സൂത്രധാരത്വം സുധാകരന്റെമേല്‍ ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് നാല്‍പ്പാടി വാസു കൊലക്കേസ്. 1993 മാര്‍ച്ച് 4ന് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂരിനടുത്തുള്ള പുലിയങ്ങോട്ടാണ് സംഭവം നടന്നത്. അന്ന് കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റായിരുന്ന കെ. സുധാകരന്‍ നയിച്ചിരുന്ന ഒരു പ്രചാരണ ജാഥയ്ക്കിടെയാണ് അക്രമം ഉണ്ടായത്. സി.പി.ഐം പ്രവര്‍ത്തകനായിരുന്ന നാല്‍പ്പാടി വാസു, സുധാകരന്റെ ഗണ്‍മാന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്.

സി.പി.എം പ്രവര്‍ത്തകര്‍ തന്റെ കാര്‍ തടഞ്ഞ് ബോംബെറിയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍, തന്നെ സംരക്ഷിക്കാന്‍ ഗണ്‍മാന്‍ നടത്തിയ വെടിവെപ്പിലാണ് വാസു കൊല്ലപ്പെട്ടതെന്നാണ് സുധാകരന്‍ അവകാശപ്പെട്ടത്. 'ഗണ്‍മാന് തോക്ക് നല്‍കിയിരിക്കുന്നത് തന്നെ ആക്രമിക്കുന്നവരെ വെടിവെക്കാനാണ്, അല്ലാതെ കാക്കയെ വെടിവെക്കാനല്ല' എന്ന സുധാകരന്റെ പ്രസ്താവന അക്കാലത്ത് വലിയ വിവാദമായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി നിന്നിരുന്ന വാസുവിനെ സുധാകരന്റെ നിര്‍ദ്ദേശപ്രകാരം മനപ്പൂര്‍വ്വം വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് സി.പി.എം ആരോപിക്കുന്നത്. ഈ കേസില്‍ കെ. സുധാകരന്‍ ഒന്നാം പ്രതിയായിരുന്നു. എന്നാല്‍ 2000 നവംബര്‍ 22-ന് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള 12 പ്രതികളെയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കി വെറുതെ വിട്ടു.




2021-ല്‍ കെ. സുധാകരന്‍ നടത്തിയ ഒരു പ്രസംഗത്തില്‍, 'നാല്‍പ്പാടി വാസു തന്നെ ആക്രമിക്കാന്‍ വന്ന സംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നും, മരച്ചുവട്ടില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തിന് അബദ്ധത്തില്‍ വെടിയേറ്റതാണെന്നും' പറഞ്ഞത് വീണ്ടും വിവാദമായി. ഈ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേസില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നാല്‍പ്പാടി വാസുവിന്റെ കുടുംബം രംഗത്തെത്തിയെങ്കിലും, ആഭ്യന്തര വകുപ്പ് പിന്നീട് അത് തള്ളിക്കളഞ്ഞു. കണ്ണൂര്‍ രാഷ്ട്രീയത്തിലെ അക്രമാസക്തമായ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഏടുകളില്‍ ഒന്നായി നാല്‍പ്പാടി വാസു കൊലക്കേസ് ഇന്നും അറിയപ്പെടുന്നു.

ഇ പി വധശ്രമത്തിലും പ്രതി

അതുപോലെ, കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദപരമായ സംഭവങ്ങളിലൊന്നാണ് 1995-ല്‍ ട്രെയിനില്‍ വെച്ച് ഇ.പി. ജയരാജനെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്. ഇതിലും സുധാകരന്‍ പ്രതിചേര്‍ക്കപ്പെട്ടു. 1995 ഏപ്രില്‍ 12-ന് ചണ്ഡിഗഢില്‍ നടന്ന സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് രാജധാനി എക്സ്പ്രസ്സില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇ.പി. ജയരാജന്‍. ആന്ധ്രാപ്രദേശിലെ ഓംങ്കോളിനടുത്തുള്ള ചിരാല സ്റ്റേഷന് സമീപം വെച്ചാണ് ആക്രമണം നടന്നത്. തീവണ്ടിയിലെ വാഷ് ബേസിനില്‍ മുഖം കഴുകുകയായിരുന്ന ജയരാജനെ അക്രമി പിന്നില്‍ നിന്ന് വെടിവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിലാണ് വെടിയേറ്റത്. ഇന്നും തന്റെ കഴുത്തില്‍ ആ വെടിയുണ്ടയുടെ അവശിഷ്ടമുണ്ടെന്ന് ജയരാജന്‍ അവകാശപ്പെടാറുണ്ട്.

ഈ ആക്രമണത്തിന് പിന്നില്‍ കെ. സുധാകരന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സി.പി..എം ആരോപിച്ചു. തിരുവനന്തപുരത്തെ തൈക്കാട് ഗസ്റ്റ് ഹൗസില്‍ വെച്ചാണ് ഇതിനായുള്ള പദ്ധതി തയ്യാറാക്കിയതെന്നായിരുന്നു പ്രധാനആരോപണം. കൊലപാതകം നടപ്പിലാക്കാന്‍ സുധാകരന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ വാടകക്കൊലയാളികളെ അയച്ചു എന്നായിരുന്നു ജയരാജന്റെ വാദം. പേട്ട ദിനേശന്‍, വിക്രംചാലില്‍ ശശി എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികള്‍. പിണറായി വിജയനെയായിരുന്നു അക്രമികള്‍ ലക്ഷ്യം വെച്ചിരുന്നതെന്നും, എന്നാല്‍ അദ്ദേഹം ആ ട്രെയിനില്‍ ഇല്ലാതിരുന്നതിനാലാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്നും ജയരാജന്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു. സംഭവത്തെക്കുറിച്ച് ആദ്യം അന്വേഷിച്ച ആന്ധ്രാപ്രദേശ് പോലീസ് കെ. സുധാകരനെതിരെ തെളിവുകളില്ലെന്ന് കണ്ട് അദ്ദേഹത്തെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് ഇ.പി. ജയരാജന്റെ പരാതിയില്‍ കേരള പോലീസ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തു. ഇതിലാണ് സുധാകരനെ ഗൂഢാലോചനാ കുറ്റം ചുമത്തി പ്രതി ചേര്‍ത്തത്.





മൂന്ന് പതിറ്റാണ്ട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ 2024 മെയ് 21-ന് കേരള ഹൈക്കോടതി കെ. സുധാകരനെ കുറ്റവിമുക്തനാക്കി. ഒരു സംഭവത്തില്‍ ഒരേ ആരോപണങ്ങള്‍ വെച്ച് രണ്ട് തവണ എഫ്.ഐ.ആര്‍ ഇടാന്‍ നിയമപരമായി കഴിയില്ലെന്നും, സുധാകരനെതിരെ വ്യക്തമായ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു. തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സി.പി.എം കെട്ടിച്ചമച്ച കേസായിരുന്നു ഇതെന്നാണ് ഹൈക്കോടതി വിധിക്ക് ശേഷം സുധാകരന്‍ പ്രതികരിച്ചത്.

കൈവിട്ട വാക്ക് വാ വിട്ട ജീവിതം

കെ. സുധാകരന്റെ രാഷ്ട്രീയ ജീവിതം നിരവധി വിവാദങ്ങളാല്‍ നിറഞ്ഞതാണ്. കൈ വിട്ട വാക്കുകളിലൂടെ എന്നും അദ്ദേഹം തലക്കെട്ടുകളില്‍ നിറഞ്ഞു. വിവിധ പ്രസംഗങ്ങളില്‍ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നതിനിടയില്‍, അദ്ദേഹം 'പെണ്ണിനേക്കാള്‍ മോശമായി പ്രവര്‍ത്തിക്കുന്നു' എന്ന സുധാകരന്റെ പ്രസ്താവന സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വലിയ പ്രതിഷേധം ഉയര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബ പശ്ചാത്തലത്തെ (ചെത്തുതൊഴിലാളി കുടുംബം) സൂചിപ്പിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശം ജാതീയമായ അധിക്ഷേപമാണെന്ന് സി.പി..എം ആരോപിച്ചു.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ മുഖ്യമന്ത്രിയെ ചങ്ങലയ്ക്കിടാത്ത പട്ടിയോട് ഉപമിച്ചത് കേസെടുക്കുന്നതിലേക്ക് നയിച്ചു.

ആര്‍.എസ്.എസ് ശാഖകള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. കണ്ണൂരിലെ എടക്കാട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സി.പി..എം അക്രമത്തില്‍ നിന്ന് ആര്‍.എസ്.എസ് ശാഖകളെ സംരക്ഷിക്കാന്‍ താന്‍ ആളെ അയച്ചിട്ടുണ്ടെന്ന് സുധാകരന്‍ കണ്ണൂരില്‍ വെച്ച് പറഞ്ഞതാണ് വിവാദമായത്. നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറായതിനാലാണ് ശ്യാമപ്രസാദ് മുഖര്‍ജിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശവും വിവാദമായി. ഉദുമ നിയോജക മണ്ഡലത്തിലെ പ്രചാരണത്തിനിടെ കള്ളവോട്ട് ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രേരണ നല്‍കിയെന്ന പരാതിയില്‍ അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു.





അടുത്ത കാലത്ത് കെ. സുധാകരനെ ഏറ്റവും അധികം പ്രതിരോധത്തിലാക്കിയ കേസുകളില്‍ ഒന്നാണ്, മോണ്‍സണ്‍ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് വ്യാജ പുരാവസ്തു ഇടപാടുകാരനായ മണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ വെച്ച് സുധാകരന്റെ സാന്നിധ്യത്തില്‍ പരാതിക്കാര്‍ 25 ലക്ഷം രൂപ കൈമാറിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍. ഇതില്‍ 10 ലക്ഷം രൂപ സുധാകരന്‍ കൈപ്പറ്റിയെന്നും ആരോപണമുണ്ട്. ഈ കേസില്‍ സുധാകരന്‍ രണ്ടാം പ്രതിയാണ്. 2023 ജൂണില്‍ അദ്ദേഹത്തെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്യുകയും പിന്നീട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഇടക്കാല ജാമ്യത്തില്‍ വിടുകയും ചെയ്തു.

പക്ഷേ ഇങ്ങനെയൊക്കെ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കിടയില്‍ പൊതു വികാരമാണ് സുധാകരന്‍. പ്രവര്‍ത്തകര്‍ സുധാകരനെ ഒരു വൈകാരിക സാന്നിധ്യമായാണ് കാണുന്നത്. സി.പിഎമ്മിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ കോണ്‍ഗ്രസിനെ പതറാതെ പിടിച്ചുനിര്‍ത്തിയ നേതാവെന്ന നിലയിലാണ് അദ്ദേഹത്തിന് 'കണ്ണൂര്‍ സിംഹം' എന്ന വിശേഷണം ലഭിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ കാലത്ത് തന്റെ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണമൊരുക്കാന്‍ സുധാകരന്‍ എപ്പോഴും മുന്‍പന്തിയിലുണ്ടായിരുന്നു. 'തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ ഒളിപ്പിച്ചു സംരക്ഷിക്കുന്നതുപോലെ താന്‍ തന്റെ സഹപ്രവര്‍ത്തകരെ കാത്തുസൂക്ഷിച്ചു' എന്ന് അദ്ദേഹം തന്നെ പലപ്പോഴും വൈകാരികമായി പറയാറുണ്ട്. അക്രമങ്ങള്‍ക്കിടയില്‍ പതറാതെ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന അദ്ദേഹത്തിന്റെ ശൈലിയാണ് അവരെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്. ഈ ജനശക്തിയാണ് സുധാകരന്റെ കരുത്ത്. അദ്ദേഹം ഇടയുമ്പോള്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്തു സംഭവിക്കുമെന്ന് കണ്ടുതന്നെ അറിയണം.

വാല്‍ക്കഷ്ണം: വിമര്‍ശനങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും പ്രവര്‍ത്തകരുടെ വികാരമാണ് സുധാകരന്‍. സ്വന്തമായി പത്തുപേരെ കുട്ടാന്‍ കഴിയുന്നു, സാധാരണ പ്രവര്‍ത്തകരുമായി ഇതുപോലെ ബന്ധം വെക്കാന്‍ കഴിയുന്ന വേറെ എത്ര നേതാക്കളുണ്ട്.

Tags:    

Similar News