മഞ്ചേരിയിലെ പച്ചക്കോട്ട പിടിച്ച ഹംസ; വിഎസിന് ഷോക്കായ മാരാരിക്കുളം; എന്‍ഡിഎക്ക് ആദ്യവിജയം നല്‍കിയ പി സി തോമസ്; മുന്നില്‍ നിന്ന് കുത്തേറ്റ കരുണാകരന്‍; കുറ്റിപ്പുറത്ത് വീണ കുഞ്ഞാപ്പ; മന്ത്രിയായിട്ടും ഉപതിരഞ്ഞെടുപ്പില്‍ തോറ്റ മുരളി; കേരളത്തെ ഞെട്ടിച്ച ഇലക്ഷന്‍ അട്ടിമറികളിലൂടെ....
കേരളത്തെ ഞെട്ടിച്ച ഇലക്ഷന്‍ അട്ടിമറികളിലൂടെ....
77-ല്‍ അടിയന്തരാവസ്ഥക്കുശേഷം നടന്ന തിരഞ്ഞെടുപ്പില്‍, റായ്ബറേലിയില്‍, 55,000-ത്തിലധികം വോട്ടുകള്‍ക്ക് ഇന്ദിരാഗാന്ധി തോറ്റമ്പുമെന്ന് അന്നത്തെ രാഷ്ട്രീയ നിരീക്ഷകര്‍ക്കോ, പത്രങ്ങള്‍ക്കോ, വിലയിരുത്താന്‍ കഴിഞ്ഞിരുന്നില്ല. ഭൂരിപക്ഷം കുറഞ്ഞാലും ഇന്ദിര ജയിച്ചുകയറുമെന്നായിരുന്നു, പൊതുവിലയിരുത്തല്‍. പക്ഷേ ജനം അവരെ ശിക്ഷിച്ചു. അതാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പുകള്‍ ഒളിപ്പിച്ച്വെക്കുന്ന ചുഴികളും കെണികളും. ഒരു സര്‍വേയിലും പിടികിട്ടാത്തതാണ്് ഈ അടിയൊഴുക്കുകള്‍ എന്നാണ്, ഇലക്ഷകന്‍ പ്രവചന വിദഗ്ധന്‍ പ്രണോയ് റോയ് ഒരിക്കല്‍ പറഞ്ഞത്.
1952-ല്‍ ബോംബെ നോര്‍ത്ത് സെന്‍ട്രലില്‍നിന്ന് ബി ആര്‍ അംബേദ്ക്കര്‍ തോറ്റത് മുതലുള്ള വലിയ ഒരു അട്ടിമറിയുടെ ചരിത്രമുണ്ട് നമ്മുടെ രാജ്യത്തിന്. ഇന്ദിരയും, വാജ്പേയിയും, രാഹുല്‍ ഗാന്ധിയും തൊട്ട് അപ്രതീക്ഷിത തോല്‍വി നേരിട്ടവരുടെ ഒരു വലിയ ചരിത്രമുണ്ട് നമ്മുടെ നാടിന് പറയാന്‍. കേരളത്തിലും സ്ഥിതി ഒട്ടും ഭിന്നമല്ല. ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ ഒരുപാട് പേര്‍, ഇവിടെ ജയിച്ച് വിസ്മയങ്ങളായിട്ടുണ്ട്. അപരാജിതരെന്ന് അഹങ്കരിച്ചിരുന്നവര്‍ തോറ്റ് തൊപ്പിയിട്ട ചരിത്രവുമേറെ. കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, ഈ നാട്ടില്‍ നടന്ന അപ്രതീക്ഷിത അട്ടിമറികളുടെ കഥയും കൗതുകകരമാണ്.
മഞ്ചേരി പിടിച്ച ഹംസ
'മക്കത്ത് എന്ത് അയ്യപ്പന്‍ വിളക്ക്' എന്നാണത്രേ സിപിഎം സ്ഥാനാത്ഥികള്‍ മലപ്പുറം ജില്ലയില്‍ മത്സരിക്കാനെത്തുമ്പോള്‍ ലീഗുകാര്‍ കളിയാക്കാറുള്ളതെന്ന് പറഞ്ഞതും, സാക്ഷാല്‍ ടി കെ ഹംസയാണ്. മക്കയില്‍ പോയി അയ്യപ്പന്‍ വിളക്ക് നടത്തുന്നതുപോലുള്ള മഠയത്തമാണ്, മലപ്പുറത്ത് മത്സരിക്കുന്നത് എന്ന് സാരം. ലീഗിന്റെ പൊന്നാപുരം കോട്ടയായിരുന്നു, മഞ്ചേരി ലോക്സഭാ മണ്ഡലം. ഇലക്ഷന്‍ കാലത്തുമാത്രം ദേശാടനക്കിളികളെപ്പോലെ വന്നിട്ടും, മുസ്ലീം ലീഗ് നേതാക്കളായ, ഇബ്രാഹീം സുലൈമാന്‍ സേട്ടും, ബനാത്തുവാലയുമൊക്കെ മഞ്ചേരിയില്‍ നിന്നും പൊന്നാനിയില്‍ നിന്നുമായി ലക്ഷങ്ങളുടെ വോട്ടിന് ജയിച്ചുകയറി.
2004-ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ ടി കെ ഹംസ, മഞ്ചേരിയില്‍ സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കുമ്പോഴും, യുഡിഎഫിന്റെ ഭൂരിപക്ഷം അല്‍പ്പം കുറയ്ക്കാം എന്നല്ലാതെ എല്‍ഡിഎഫിന്റെ അട്ടിമറി വിജയമൊന്നും ആരും പ്രതീക്ഷിച്ചില്ല. അപ്പുറത്ത് മുതിര്‍ന്ന ലീഗ് നേതാവ് കെ പി എ മജീദാണ്. മജീദല്ല, ലീഗ് ഏത് കുറ്റിച്ചൂലിനെ നിര്‍ത്തിയാലും ജയിക്കുന്ന മണ്ഡലമായിരുന്ന മഞ്ചേരി. 1999-ല്‍ മുസ്ലിം ലീഗില ഇ. അഹമ്മദ് 1,21,323 വോട്ടുകള്‍ക്കാണ് ഇവിടെ നിന്ന് ജയിച്ചത്. പക്ഷേ ഫലം വന്നപ്പോള്‍ കേരളം മൊത്തം ഞെട്ടി. 47,743 വോട്ടുകള്‍ക്ക് ടി കെ ഹംസ ജയിച്ചു. കേരളം മൊത്തം ഇടതുതരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. യുഡിഎഫിന് അന്ന് പൊന്നാനി സീറ്റ് മാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസിലെ ആന്റണി- കരുണാകരന്‍ ഗ്രൂപ്പിസവും, ലീഗിന്റെ അധികാരമുഷ്‌ക്കുമൊക്കെ ജനത്തെ ഏറെ വെറുപ്പിച്ചിരുന്നു.
മത്സരം തുടങ്ങുമ്പോള്‍ തനിക്ക് വിജയ പ്രതീക്ഷ ഇല്ലായിരുന്നെങ്കിലും, പ്രചാരണം പകുതി പിന്നിട്ടപ്പോള്‍ കാറ്റ് അനുകൂലമായി മാറിയെന്നാണ് ടി കെ ഹംസ പിന്നീട് പ്രതികരിച്ചത്. മുസ്ലീം ലീഗിന്റെ അഹങ്കാരത്തിന് ഏറ്റതിരിച്ചടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍ പിന്നീട് മലപ്പുറം ജില്ലയില്‍ മുസ്ലീം ലീഗ അതിശക്തമായി തിരിച്ചുവന്നു. മഞ്ചേരി മണ്ഡലം തന്നെ പിന്നീടുള്ള മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ ഇല്ലാതായി. എന്നാലും ഒരു സീറ്റും ആരുടെയും കുത്തകയല്ലെന്ന ബോധം ഉണ്ടാക്കാന്‍ മഞ്ചേരിയിലെ ടി കെ ഹംസയുടെ വിജയത്തിനായി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി വിജയമായി കരുതുന്നതും ഇതുതന്നെ.
വിഎസിന് കിട്ടിയ ഷോക്ക്
1996-ല്‍ കേരളം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോവുമ്പോള്‍, ആരാവും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് പത്രങ്ങള്‍ എഴുതിയത് ഏറെയും വി എസ് അച്യുതാനന്ദന്റെ പേരായിരുന്നു. അന്ന് സിപിഎമ്മിന്റെ ഉറച്ചകോട്ടയായിരുന്നു ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം. യുഡിഎഫ് ഭരണത്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന സമയം. പക്ഷേ ചെങ്കോട്ടയായ മാരാരിക്കുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പി.ജെ. ഫ്രാന്‍സിസിനോട് 1,965 വോട്ടുകള്‍ക്ക് വി എസ് പരാജയപ്പെട്ടു എന്ന വാര്‍ത്ത റേഡിയോവിലൂടെ വന്നപ്പോള്‍, കേരളം അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങി. എതിരാളികള്‍ പോലും വിഎസിന്റെ പതനം പ്രതീക്ഷിച്ചില്ല.
സി.പി.എമ്മില്‍ അന്ന് നിലനിന്നിരുന്ന രൂക്ഷമായ വിഭാഗീയതയാണ് തോല്‍വിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വി.എസ് പക്ഷവും ഇ.കെ. നായനാരെ അനുകൂലിക്കുന്ന സി.ഐ.ടി.യു പക്ഷവും തമ്മിലുള്ള ശീതയുദ്ധം പ്രകടമായിരുന്നു. പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരു വിഭാഗം വി.എസ് തോല്‍ക്കണമെന്ന് ആഗ്രഹിക്കുകയും വോട്ടുകള്‍ മറിക്കുകയും ചെയ്തു എന്ന ആരോപണം ശക്തമായിരുന്നു. വി.എസ് മുഖ്യമന്ത്രിയാകുന്നത് തടയാന്‍ ചില നേതാക്കള്‍ ബോധപൂര്‍വം ശ്രമിച്ചു എന്ന പരാതികള്‍ പിന്നീട് ഉയര്‍ന്നു. പ്രചാരണത്തിന് നേതൃത്വം നല്‍കിയ ചില പ്രാദേശിക നേതാക്കള്‍ പ്രവര്‍ത്തനം ഉഴപ്പിയതായി പിന്നീട് നടന്ന പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തി.
ബൂത്ത് കമ്മിറ്റികളില്‍ നിന്ന് വി.എസ് തോല്‍ക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടും അത് തിരുത്താനുള്ള നടപടികള്‍ മുകളിലെ നേതാക്കള്‍ സ്വീകരിച്ചില്ലെന്ന് പറയപ്പെടുന്നു. മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഏകീകരിച്ചതും തോല്‍വിക്ക് ആക്കം കൂട്ടി. കെ.ആര്‍. ഗൗരിയമ്മയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് രൂപീകരിക്കപ്പെട്ട ജെ.എസ്.എസ് അക്കാലത്ത് ആലപ്പുഴ ജില്ലയിലെ സിപിഎം വോട്ടുകളില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഈ തോല്‍വിയെത്തുടര്‍ന്ന് വി.എസിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന ടി.കെ. പളനി, മണ്ഡലം സെക്രട്ടറി സി.കെ. ഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ പാര്‍ട്ടി പിന്നീട് നടപടിയെടുത്തിരുന്നു.
പക്ഷേ ഈ ഷോക്ക് ഫലത്തില്‍ വി എസിന് ഗുണം ചെയ്യുകയാണ് ഉണ്ടായത്. ഈ തിരിച്ചടിക്ക് ശേഷമാണ് വി.എസ് ഒരു പാര്‍ട്ടിക്കാരന്‍ എന്നതിലുപരി ഒരു ജനകീയ നേതാവ് എന്ന നിലയിലേക്ക് തന്റെ പ്രതിച്ഛായ മാറ്റിയെടുത്തത്.
എന്‍ഡിഎക്ക് ആദ്യവിജയം നല്‍കിയ പി സി
കേരളത്തിലെ എന്‍ഡിഎ സഖ്യത്തിന്റെ ആദ്യ എം പി, കഴിഞ്ഞ തവണ ജയിച്ച സുരേഷ് ഗോപിയാണെന്നാണ്, പലരുടെയും ധാരണ. എന്നാല്‍ അതിന് എത്രയോ മുമ്പ് എന്‍ഡിഎ ഇവിടെ ഒരു ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ജയിച്ചിരുന്നു എന്ന കാര്യം ഇന്ന് ബിജെപിക്കാര്‍പോലും പ്രചരിപ്പിക്കാറില്ല. കാരണം അത് പൂര്‍ണ്ണമായും പി സി തോമസിന്റെ മിടുക്കുകൊണ്ടായിരുന്നു. കെ എം മാണിയോടെ തെറ്റി പി സി തോമസ് ഐഎഫ്ഡിപി എന്ന ഒരു പുതിയ പാര്‍ട്ടിയുണ്ടാക്കി, 2004-ല്‍ മൂവാറ്റുപുഴയില്‍ യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ മത്സരിക്കുമ്പോള്‍ ജയം വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ പി സി തോമസിന് ബിജെപി പിന്തുണ കൊടുത്തു.
യുഡിഎഫിലെ ജോസ് കെ മാണിയും, എല്‍ഡിഎഫിലെ പി.എം. ഇസ്മയിലുമായിരുന്നു പ്രധാന എതിരാളികള്‍. ഫലം വന്നപ്പോള്‍ പി സി തോമസ്, 529 വോട്ടിന് ജയിച്ചു. ജോസ് കെ മാണി മൂന്നാം സ്ഥാനത്തേക്ക് പോയി. പക്ഷേ ഈ വിജയം കോടതി കയറി. മതം പറഞ്ഞാണ് പി സി വോട്ടുപിടിച്ചതെന്ന് എതിരാളി ഇസ്മയിലിന് തെളിയിക്കാനായി. ഇതോടെ സുപ്രീം കോടതി പി സിയുടെ വിജയം റദ്ദാക്കി.
പക്ഷേ അപ്പോഴേക്കും ആ അഞ്ചുവര്‍ഷത്തെ ലോക്സഭയുടെ കാലവധി അവസാനിച്ചിരുന്നു. മതപരമായ ചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് പി സി തോമസ് മത്സരിക്കുന്നത് മൂന്ന് വര്‍ഷത്തേക്ക് സുപ്രീം കോടതി വിലക്കി. അതിനിടെ പി സി തോമസ് എന്‍ഡിഎ വിട്ട് എല്‍ഡിഎഫിലെത്തി. വീണ്ടു കറങ്ങിത്തിരിഞ്ഞ് യുഡിഎഫിലെത്തി. 2021 മാര്‍ച്ചില്‍ അദ്ദേഹം തന്റെ പാര്‍ട്ടി പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസുമായി ലയിച്ചു. പക്ഷേ ഇന്നും അത്ഭുതമാണ് പി സി എങ്ങനെ ജയിച്ചുവെന്നത്. കുപ്പിയും കോഴിയും കൊടുത്ത് യുവാക്കളെ ചാക്കിട്ടുവെന്നതും, മാര്‍പ്പാപ്പയുടെ ചിത്രംവെച്ച് മതവികാരം ഇളക്കിവിട്ടുവെന്നതുമൊക്കെ ആ തിരഞ്ഞെടുപ്പിലെ കുറേ മോശം ഓര്‍മ്മകളായി നിലനില്‍ക്കുന്നു.
മുന്നില്‍ നിന്ന് കുത്തേറ്റ കരുണാകരന്‍
1996-ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍, കേരളരാഷ്ട്രീയത്തിലെ അതികായനായ കെ കരുണാകരന്‍ തൃശൂരില്‍, സിപിഐയിലെ വി.വി. രാഘവനോട് പരാജയപ്പെട്ടതും കേരളം കണ്ട ഏറ്റവും വലിയ തിരഞ്ഞെടുപ്പ് അട്ടിമറികളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. 1,480 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കരുണാകരന്‍ പരാജയപ്പെട്ടത്. അന്ന് 'എന്നെ മുന്നില്‍നിന്ന് കുത്തി' എന്ന് കരുണാകരന്‍ പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പിസമാണ് ലീഡറുടെ തോല്‍വിയിലേക്ക് നയിച്ചത്.
ഗ്രൂപ്പിസത്തെ തുടര്‍ന്ന് കെ കരുണാകരന്റെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന്, എം പിയായി സീറ്റ് കൊടുത്തത്. 1994-ല്‍ ഉയര്‍ന്നുവന്ന ഐ.എസ്.ആര്‍.ഒ ചാരക്കേസ് അദ്ദേഹത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിച്ചിരുന്നു. ഇതേതുടര്‍ന്ന് എ.കെ. ആന്റണി പക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവന്നു. ഇത് കരുണാകരന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെടുന്നതിലേക്കും പകരം എ.കെ. ആന്റണി ആ സ്ഥാനത്തേക്ക് എത്തുന്നതിലേക്കും നയിച്ചു. കരുണാകരന്റെ മകന്‍ കെ. മുരളീധരന്റെ രാഷ്ട്രീയ ഇടപെടലുകളും 'കിച്ചണ്‍ കാബിനറ്റ്' ഭരണവും അന്ന് കോണ്‍ഗ്രസിനുള്ളിലെ എ പക്ഷത്തിനെ ചൊടിപ്പിച്ചിരുന്നു. ഇത് തിരഞ്ഞെടുപ്പില്‍ കരുണാകരനെതിരെ വോട്ടുകള്‍ മറിയാന്‍ കാരണമായതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. കേന്ദ്രത്തിലെ നരസിംഹറാവു സര്‍ക്കാരിനെതിരെയുള്ള പൊതുവികാരവും കേരളത്തിലെ ഭരണവിരുദ്ധ വികാരവും അദ്ദേഹത്തിന്റെ തോല്‍വിയെ സ്വാധീനിച്ചു.
പക്ഷേ അന്ന് ജയിച്ച് മുതിര്‍ന്ന സിപിഐ നേതാവ്, വി വി രാഘവന്‍ പറഞ്ഞത് മറ്റൊന്നായിരുന്നു. 'എന്റെയും കെ കരുണാകരന്റെയും ജീവിതം തുലനം ചെയ്താല്‍ നിങ്ങള്‍ക്ക് അത് മനസ്സിലാവും' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കൊടിവെച്ച കാറില്‍ ഹൈ സ്പീഡില്‍ പായുന്ന കെ കരുണാകരനും, തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തുകൂടെ നടന്നുപോയി, ജനങ്ങളോട കുശലം പറയുന്ന വി വി രാഘവനും തമ്മിലുള്ള ഒരു താരതമ്യം, ഈ തോല്‍വിയെ തുടര്‍ന്ന് 'കലാകൗമുദിയില്‍' എഴുതിയ ലേഖനത്തില്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ വിജു വി നായര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതായിരുന്നു സത്യവും.
കുറ്റിപ്പുറത്ത് വീണ 'പുലി'!
ഞെട്ടിക്കുന്നത് എന്ന് പറയാനാവില്ലെങ്കിലും ചരിത്ര പ്രധാന്യമുള്ള ഒരു തോല്‍വിയായിരുന്നു 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കുറ്റിപ്പുറം മണ്ഡലത്തില്‍, ലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി പരാജയപ്പെട്ടത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ആരോപിതനായി, മന്ത്രിസ്ഥാനം നഷ്ടപ്പെട്ട് കുഞ്ഞാലിക്കൂട്ടി മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയമായിരുന്നു അത്. അതിനിടെയാണ് ലീഗ് പിരിച്ച സൂനാമിഫണ്ടിന്റെ കണക്ക് ചോദിച്ച ഡോ കെ ടി ജലീലിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത്. ഇതോടെ കെ ടി ജലീല്‍ ഇടതുപക്ഷത്തേക്ക് പോവുകയും, കുറ്റിപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ രാജമാണിക്യം സിനിമ ഹിറ്റായ സമയമായിരുന്നു അത്. അതിലെ 'യവന്‍ പുലിയാണ് കേട്ടോ' എന്ന മമ്മൂട്ടിയുടെ ഡയലോഗ് അനുകരിച്ച്, കുഞ്ഞാലിക്കുട്ടി ആരാധകര്‍ 'കുഞ്ഞാപ്പ പുലിയാണ്' എന്ന് പറഞ്ഞ് കേരളം എമ്പാടും ബോര്‍ഡുവെച്ചു. കോടികളാണ് ആ മണ്ഡലത്തിലേക്ക് ഒഴുകിയത്. ബൈക്കിനും, കാറിനും എന്തിന് വീടുംവരെ ബെറ്റ് വെച്ചവരുണ്ട്. കുഞ്ഞാലിക്കുട്ടിക്കെതിരെ വിഎസ് കുറ്റിപ്പുറത്ത് വന്ന് പ്രസംഗിച്ചു. 'പെണ്‍വാണിഭക്കാരെ കൈയാമംവെച്ച് റോഡിലുടെ നടത്തിക്കുമെന്നായിരുന്നു' സംഗീതംപോലെ വി എസ് ആര്‍ത്തലയ്ക്കുന്ന ജനത്തിനുമുന്നില്‍ ആവര്‍ത്തിച്ചത്. സംസ്ഥാനത്ത് അന്ന് നിലനിന്നിരുന്ന ഇടതുപക്ഷ അനുകൂല തരംഗവും ഭരണവിരുദ്ധവികാരവും, കുഞ്ഞാലിക്കുട്ടിയുടെ അടപ്പിളക്കി. ഫലം വന്നപ്പോള്‍, 8,781 വോട്ടുകള്‍ക്ക് കെ.ടി. ജലീലില്‍ ജയിച്ചുകയറി. പിറ്റേന്ന് മാതൃഭൂമിയില്‍ ഗോപീകൃഷ്ണന്റെ കാര്‍ട്ടുണ്‍, വെടിയേറ്റ് വീണ കുഞ്ഞാലിക്കുട്ടി എന്ന പുലിയെ ജലീലും വിഎസും ചേര്‍ന്ന് എടുത്തുകൊണ്ട് പോവുന്നതായിരുന്നു!
ഈ ചരിത്രപരമായ പരാജയത്തിന് ശേഷം 2008-ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തോടെ കുറ്റിപ്പുറം മണ്ഡലം ഇല്ലാതാവുകയും ചെയ്തു. ഇപ്പോള്‍ അതിന്റെ ഏറെ ഭാഗങ്ങള്‍ തവനൂര്‍ മണ്ഡലത്തിലാണ്. ഡോ കെ ടി ജലീല്‍ അവിടെനിന്ന് വീണ്ടും ജനവിധി തേടുന്നു.
പരാജയങ്ങളില്‍ നിന്ന് തിരിച്ച് കയറിയ കുഞ്ഞാലിക്കുട്ടിയാവട്ടെ, ഇക്കുറി സുരക്ഷിത മണ്ഡലമായ മലപ്പുറത്തുനിന്നാണ് ജനവിധി തേടുന്നത്.
മന്ത്രി തോറ്റ ഉപതിരഞ്ഞെടുപ്പ്
ഞെട്ടിപ്പിക്കുന്ന വിജയങ്ങളെപ്പോലെ ഞെട്ടിക്കുന്ന പരാജയങ്ങളും ഏറ്റുവാങ്ങിയയാളാണ്, കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കേരള നിയമസഭയില്‍ അംഗമാകാതെ മന്ത്രിയായ ഏക വ്യക്തി എന്ന പേരും, ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്ന ഏക വ്യക്തിയെന്ന ചീത്തപ്പേരും മുരളീധരനുണ്ട്.
2004-ല്‍ ആന്റണി മന്ത്രിസഭയുടെ ഭാഗമാകുമ്പോള്‍ മുരളീധരന്‍ കെ.പി.സി.സി അധ്യക്ഷനായിരുന്നു. നിയമസഭാംഗമല്ലാതിരുന്നിട്ടും 2004 ഫെബ്രുവരിയില്‍ അദ്ദേഹം ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കരുണാകരന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ആന്റണിക്ക് മുരളീധരനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടി വരികയായിരുന്നു. കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമായ കാലമായിരുന്നു അത്. ആറ് മാസത്തിനുള്ളില്‍ എം.എല്‍.എ ആയി തിരഞ്ഞെടുക്കപ്പെടണമെന്ന നിബന്ധനയുള്ളതിനാലാണ് അദ്ദേഹം വടക്കാഞ്ചേരിയില്‍ മത്സരിച്ചത്. അന്ന് സിറ്റിംഗ് എം.എല്‍.എ ആയിരുന്ന വി. ബാലറാം രാജിവെച്ചാണ് മുരളീധരന് മത്സരിക്കാന്‍ അവസരമൊരുക്കിയത്. അന്ന് വടക്കാഞ്ചേരി ഉറച്ച കോണ്‍ഗ്രസ് കോട്ടയാണ്. അതിനാല്‍ മുരളിക്ക് വിജയം ഉറപ്പാണെന്നായിരുന്നു വിലയിരുത്തല്‍.
പക്ഷേ കെ. മുരളീധരന്‍ സിപിഎമ്മിലെ എ.സി. മൊയ്തീനോട് 9,767 വോട്ടുകള്‍ക്കാണ് തോറ്റത്. സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഭരണവിരുദ്ധ വികാരമായിരുന്നു പ്രധാന പ്രശ്നം. 'എ', 'ഐ' ഗ്രൂപ്പുകള്‍ തമ്മിലുള്ള രൂക്ഷമായ തര്‍ക്കം മുരളീധരന്റെ പരാജയത്തിന് പ്രധാന കാരണമായി. കരുണാകരനോടുള്ള പ്രതിഷേധം അദ്ദേഹത്തിന്റെ മകനായ മുരളീധരന്റെ തോല്‍വിയിലേക്ക് നയിച്ചു. അനാവശ്യമായി അടിച്ചേല്‍പ്പിച്ച ഉപതിരഞ്ഞെടുപ്പെന്ന തോന്നല്‍ വോട്ടര്‍മാരില്‍ പ്രതിഷേധമുണ്ടാക്കി. ആ തോല്‍വി ഒരു കണ്ണുതുറപ്പിക്കലായിരുന്നു. ഗ്രൂപ്പ് സമവാക്യങ്ങളുടെ പേരില്‍ എന്ത് ചെയ്താലും, അത് അംഗീകരിക്കപ്പെടുന്ന ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടികൂടിയായി ആ ഉപതിരഞ്ഞെടുപ്പ് ഫലം.
സമദാനി തോറ്റ ഗുരുവായൂര്‍
അതുപോലെ കേരളരാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പായിരുന്നു, 1994-ലെ ഗുരുവായൂര്‍ ഉപതിരഞ്ഞെടുപ്പ്. അന്ന് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന അബ്ദുസമദ് സമദാനി പരാജയപ്പെട്ടത്, ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനോടാണ്. മുസ്ലിം ലീഗ് നേതാവ് പി.എം. അബൂബക്കറിന്റെ രാജിയാണ് ഈ ഇലക്ഷനിലേക്ക് നയിച്ചത്. 92-ലെ ബാബറി മസ്ജിദ് തകര്‍ച്ചയെത്തുടര്‍ന്ന് കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന നിലപാടിലായിരുന്നു ലീഗിലെ ഒരു വിഭാഗം. എന്നാല്‍ പാര്‍ട്ടി ഔദ്യോഗികമായി കോണ്‍ഗ്രസിനൊപ്പം തുടരാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ നേതൃത്വത്തില്‍ ഐ.എന്‍.എല്‍ രൂപീകരിക്കപ്പെട്ടു. ഈ പിളര്‍പ്പിനെത്തുടര്‍ന്ന് അന്നത്തെ ഗുരുവായൂര്‍ എം.എ.എ ആയിരുന്ന പി.എം. അബൂബക്കര്‍ മുസ്ലിം ലീഗില്‍ നിന്ന് രാജി വെക്കുകയും സേട്ടിന്റെ നേതൃത്വത്തിലുള്ള ഐ.എന്‍.എല്ലില്‍ ചേരുകയും ചെയ്തു.ഈ ഉപതിരഞ്ഞെടുപ്പിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അബ്ദുസമദ് സമദാനിയും എല്‍.ഡി.എഫ് സ്വതന്ത്രനായി പി.ടി. കുഞ്ഞുമുഹമ്മദും മത്സരിച്ചത്.
മുസ്ലീം ലീഗിനെ സംബന്ധിച്ച് നിര്‍ണ്ണാകമായിരുന്നു ആ തിരഞ്ഞെടുപ്പ്. അതുകൊണ്ടാണ് അവര്‍ തങ്ങളുടെ അന്നത്തെ ഗ്ലാമര്‍ നേതാവായ സമദാനിയെ രംഗത്തിറക്കിയത്. പക്ഷേ അന്ന് നേട്ടമുണ്ടാക്കിയത്, അബ്ദുല്‍ നാസര്‍ മദനിയുടെ പിഡിപിയാണ്. മദനിയുടെ പൊതുയോഗങ്ങള്‍ വലിയ ആള്‍ക്കൂട്ടത്തെ ആകര്‍ഷിച്ചു. മദനിയുടെ പിഡിപി പിടിച്ച വോട്ടാണ് ഫലത്തില്‍ സമദാനിക്ക് പാരയായത്. സമദാനി 2,204 വോട്ടുകള്‍ക്കാണ് തോറ്റത്. 15,000-ത്തിലധികം വോട്ടുകളാണ് പിഡിപി നേടിയത്. മുസ്ലിം ലീഗിന്റെ പാരമ്പര്യ വോട്ടുകള്‍ വലിയ തോതില്‍ പിഡിപി ഭിന്നിപ്പിച്ചു. യു.ഡി.എഫിന്റെ ഉറച്ച കോട്ടയായിരുന്ന ഗുരുവായൂരില്‍ മുസ്ലിം ലീഗിന്റെ ആദ്യത്തെ പരാജയമായിരുന്നു ഇത്. അന്ന് നിലനിന്നിരുന്ന കെ. കരുണാകരന്‍ സര്‍ക്കാരിനെതിരെയുള്ള പൊതുവികാരവും ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചു. ഈ തിരഞ്ഞെടുപ്പ് വിജയം കേരള രാഷ്ട്രീയത്തില്‍ പി.ഡി.പിയുടെയും ഐ.എന്‍.എല്ലിന്റെയും വളര്‍ച്ചയ്ക്ക് അടിത്തറയിട്ട ഒന്നായി കരുതപ്പെടുന്നു.
ഉമേഷ് ചള്ളിയില്‍ തൊട്ട് സുരേഷ് ഗോപി വരെ
അതുപോലെ ഒരുരാഷ്ട്രീയ അത്ഭുതമായിരുന്നു, 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലുര്‍ എന്ന ഇടതുപക്ഷ കോട്ടയില്‍ മീനാക്ഷി തമ്പാന്‍ എന്ന സിപിഐയുടെ കരിസ്മാറ്റിക്ക് നേതാവിനെ, ഉമേഷ് ചള്ളിയില്‍ എന്ന പുതുമുഖം അട്ടിമറിച്ചത്. ഗൗരിയമ്മയുടെ ജെഎസ്എസ് എന്ന പാര്‍ട്ടിയുടെ നേതാവായിരുന്നു ഉമേഷ്. 2001-ലെകൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ നിന്ന് 6,715 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ചള്ളിയില്‍ ജയിച്ചപ്പോള്‍ കേരളം ഞെട്ടി. അന്നത്തെ ഇടതുസര്‍ക്കാറിന് എതിരായ ഭരണവിരുദ്ധവികാരമാണ് യുഡിഎഫിനെ തുണച്ചത്. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.പി. രാജേന്ദ്രന്‍ ഉമേഷ് ചള്ളിയിലിനെ പരാജയപ്പെടുത്തി ഈ മണ്ഡലം തിരിച്ചുപിടിച്ചു. ഉമേഷാവട്ടെ പിന്നെ യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ എത്തുകയും ചെയ്തു.
ഇടതുപക്ഷത്തിന്റെ ഉറച്ച മണ്ഡലമായിരുന്ന ചടയമംഗലത്ത് 2001-ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രയാര്‍ ഗോപാലകൃഷ്ണന്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത് അവിടുത്തെ രാഷ്ട്രീയ ചരിത്രത്തിലെ അപൂര്‍വ്വ നിമിഷമായിരുന്നു. ഇത്തവണയും ചടയമംഗലത്ത് കടുത്ത മത്സരം നടക്കയാണ്. മന്ത്രി ചിഞ്ചുറാണിയാണ് സ്ഥാനാര്‍ത്ഥി. കെ.എം. മാണിയുടെ മരണശേഷം നടന്ന 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, മാണി കുടുംബത്തിന്റെ തട്ടകമായ പാലായില്‍ ജോസ് കെ. മാണി മാണി സി. കാപ്പനോട് പരാജയപ്പെട്ടത്, ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ നേമം തിരിച്ചുപിടിക്കാന്‍ എത്തിയ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് എന്നിവയും കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ അട്ടിമറികള്‍ തന്നെയാണ്.
അതുപോലെ 2024-ലെ ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ തൃശുര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപി ജയിക്കുമെന്നതും, മറുനാടന്‍ മലയാളിയുടേത് ഒഴികെയുള്ള ഒരു സര്‍വേകളും പ്രവചിച്ചിരുന്നില്ല. 74,866 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിന്, സുരേഷ് ഗോപി ജയിക്കുമ്പോള്‍, മൂന്നാംസ്ഥാനത്തായിരുന്നു യുഡിഎഫിലെ കെ മുരളീധരന്‍.
അതുപോലെ തന്നെ എക്കാലത്തെയും ഒരു രാഷ്ട്രീയ അത്ഭുതമാണ്, 2016-ല്‍ മൂന്ന് മുന്നണികളെയും ഒറ്റക്ക് എതിരിട്ട് പൂഞ്ഞാറില്‍നിന്ന് ജയിച്ച പി സി ജോര്‍ജ്. 27,821 വോട്ടുകള്‍ക്കാണ് അദ്ദേഹം അന്ന് ജയിച്ചത്. പി.സി. ജോര്‍ജ് 63,621 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ജോര്‍ജ്കുട്ടി ആഗസ്തിക്ക് (കേരള കോണ്‍ഗ്രസ് - എം) 35,800 വോട്ടുകളാണ് ലഭിച്ചത്.എല്‍.ഡി.എഫ്, യു.ഡി.എഫ്, എന്‍.ഡി.എ എന്നീ മൂന്ന് പ്രധാന മുന്നണികളെയും പരാജയപ്പെടുത്തി ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ പി സി ജോര്‍ജ് ഇന്നും ചരിത്രത്തില്‍ ഇടം പിടിക്കുന്നുണ്ട്. അതുപോലെ പാറശ്ശാലയില്‍നിന്ന് സുന്ദരം നാടാരും, കഴക്കൂട്ടത്ത് നിന്ന് എം എ വാഹിദും
വിമതരായും സ്വതന്ത്രരായും മത്സരിച്ച് ജയിച്ചിട്ടുണ്ട്. അതും ചില രാഷ്ട്രീയ വിസ്മയങ്ങള്‍ തന്നെ.
വാല്‍ക്കഷ്ണം: ഓരോ തിരഞ്ഞെടുപ്പുകളും ഒരോ വമ്പന്‍ അട്ടിമറികള്‍ ഒളിപ്പിച്ച് വെക്കാറുണ്ട്. ഇക്കുറി അത് എന്താവുമെന്ന് കണ്ടറിയണം.
