ഇറാന്റെ സാമ്പത്തിക നട്ടെല്ല് വെറും 20 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ ദ്വീപ്; ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും ഇവിടെ; ഇറാഖ് യുദ്ധത്തെ അതിജീവിച്ചു; മിസൈല്‍ പ്രതിരോധ സംവിധാനമുള്ള രാവണന്‍കോട്ട പിടിക്കാന്‍ ട്രംപ്; ഖാര്‍ഗ് ദ്വീപ് അമേരിക്കയുടെ രണ്ടാം വിയറ്റ്നാം ആവുമോ?

ഖാര്‍ഗ് ദ്വീപ് അമേരിക്കയുടെ രണ്ടാം വിയറ്റ്നാം ആവുമോ?

Update: 2026-03-31 10:27 GMT

'എന്റെ നാട്ടിലെ ചില മഠയന്‍മാര്‍ എന്തിനാണതു ചെയ്യുന്നതെന്ന് ചോദിക്കും. ഒരുപക്ഷേ, ഞങ്ങള്‍ ഖാര്‍ഖ് ദ്വീപ് പിടിച്ചെടുക്കും. ചിലപ്പോള്‍ ചെയ്യില്ല. നമുക്കു മുന്നില്‍ കുറച്ചധികം ഓപ്ഷനുകളുണ്ട്... പിടിച്ചെടുത്താല്‍ കുറച്ചുകാലം അവിടെ തുടരേണ്ടിവരും''- അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകളാണിത്. കമിഴ്ന്നു വീണാലും കാല്‍പ്പണം എന്നാണ് ട്രംപിന്റെ ലൈന്‍. ഇറാന്‍ യുദ്ധത്തിന്റെ മവില്‍ വെനിസ്വേലന്‍ എണ്ണ വിറ്റ് കോടികള്‍ നേടിയെടുത്തവനാണ് അയാള്‍. നേരത്തെ ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുത്ത് അമേരിക്കയുടെ ഭാഗമാക്കും എന്ന് ഭീഷണിപ്പെടുത്തിയതുപോലെ, ഇപ്പോള്‍, ഇറാന്റെ എണ്ണ കയറ്റുമതിയുടെ ഏകദേശം 90 ശതമാനവും നടക്കുന്നത് ഖാര്‍ഖ് ദ്വീപ് പിടിക്കുമെന്നാണ് ട്രംപ് പറയുന്നത്. (ദൃഷ്ടി പതിയുന്നിടമൊക്കെ സ്വന്തമാക്കുന്ന, ആറാം തമ്പുരാന്‍ ജഗന്നാഥനെ ഓര്‍മ്മവരുന്നു!)



ഖാര്‍ഗിലൂടെ വരുന്ന കോടിക്കണക്കിന് ഡോളറിന്റെ എണ്ണയില്‍ മാത്രല്ല ട്രംപിന്റെ കണ്ണ്. ഖാര്‍ഗ് വീണാല്‍ ഇറാന്‍ സമ്മര്‍ദത്തിലാവും. ഹോര്‍മുസ് കടലിടുക്ക് തുറക്കാനടക്കം അവര്‍ നിര്‍ബന്ധിതരാവും. ദ്വീപ് പിടിച്ചെടുക്കുന്നത് ഇറാനെതിരായ മറ്റ് സൈനിക നീക്കങ്ങള്‍ക്കുള്ള ഒരു താവളമായി ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് സാധിക്കും. ഇറാന്റെ എണ്ണ ഉത്പാദനം നിയന്ത്രിക്കുന്നതിലൂടെ ആഗോള വിപണിയില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനും ട്രംപ് ശ്രമിക്കുന്നു. ഇറാനുമായി ഒരു പുതിയ സമാധാന കരാറിലെത്താന്‍ ഈ ദ്വീപിനെ ഒരു വിലപേശല്‍ ഉപാധിയായി ഇത് ഉപയോഗിക്കാമെന്നും ട്രംപ് കരുതുന്നു. ഒരു നിശ്ചിത സമയത്തിനുള്ളില്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ ഖാര്‍ഗ് ദ്വീപ് പൂര്‍ണ്ണമായും തകര്‍ക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



പക്ഷേ വെനിസ്വേലയല്ല ഇറാന്‍. ആയിരക്കണക്കിന് മായാവികള്‍ കാവല്‍നില്‍ക്കുന്ന അറബിക്കഥയിലെ ഒരു അത്ഭുത ലോകംപോലെയാണ് ഖാര്‍ഗ് ദ്വീപിന്റെ കിടപ്പ്. ആ രാവണ്‍കോട്ട ഒരു കെണികൂടിയാണ്. ഖാര്‍ഗ് ദ്വീപ് പിടിക്കാനിറങ്ങിയാല്‍, പഴയ വിയറ്റ്നാം യുദ്ധത്തിന്റെ അവസ്ഥയാണ് അമേരിക്കക്ക് ഉണ്ടാവുകയെന്നും പലരും വിലയിരുത്തുന്നു.

ഇറാന്റെ സാമ്പത്തിക നട്ടെല്ല്

പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപ്രധാന ദ്വീപായ ഖാര്‍ഗ് ദ്വീപ് ഇറാന്റെ സാമ്പത്തിക നട്ടെല്ലായാണ്് അറിയപ്പെടുന്നത്. ഇറാന്റെ തീരത്തുനിന്ന് ഏകദേശം 25 കിലോമീറ്റര്‍ അകലെഹോര്‍മുസ് കടലിടുക്കിന്റെ 483 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് ഇതിന്റെ സ്ഥാനം. ബുഷെഹര്‍ പ്രവിശ്യയുടെ ഭാഗമായാണ് ഖാര്‍ഗ് ദ്വീപ് ഭരിക്കപ്പെടുന്നത്. .ഏകദേശം 95 കോടി ബാരല്‍ എണ്ണ ഈ ദ്വീപ് വഴി കടന്നുപോകുന്നു. ഏകദേശം 3 കോടി ബാരല്‍ എണ്ണ സംഭരിക്കാനുള്ള ശേഷി ഈ ദ്വീപിനുണ്ട്. 20 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ ദ്വീപിന്റെ വിസ്തീര്‍ണ്ണം. (ഏകദേശം 6 കിലോമീറ്റര്‍ നീളവും 4 കിലോമീറ്റര്‍ വീതിയും).

2016-ലെ കണക്കനുസരിച്ച് ഏകദേശം 8,196 ആളുകള്‍ ഇവിടെ വസിക്കുന്നു. ഇവിടെയുള്ള ജനങ്ങളില്‍ ഭൂരിഭാഗവും എണ്ണക്കമ്പനികളിലെ ജീവനക്കാരോ അവരുടെ കുടുംബാംഗങ്ങളോ ആണ്. കൂടാതെ ഇറാന്റെ നാവികസേനയുടെയും വ്യോമസേനയുടെയും ശക്തമായ സാന്നിധ്യം ഇവിടെയുള്ളതിനാല്‍ സൈനികരും ഈ ജനസംഖ്യയുടെ ഭാഗമാണ്. ഇറാന്റെ പ്രധാന തീരപ്രദേശങ്ങളില്‍ കടലിന് ആഴം കുറവായതിനാല്‍ വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ കഴിയില്ല. എന്നാല്‍ ഖാര്‍ഖ് ദ്വീപിന് ചുറ്റുമുള്ള കടലിന് നല്ല ആഴമുള്ളതിനാല്‍ കൂറ്റന്‍ ടാങ്കറുകള്‍ക്ക് ഇവിടെ എളുപ്പത്തില്‍ അടുക്കാനും എണ്ണ നിറയ്ക്കാനും സാധിക്കും.കനത്ത സൈനിക സുരക്ഷയുള്ളതിനാല്‍ ഇതിനെ 'നിരോധിത ദ്വീപ്' എന്നും വിളിക്കാറുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റ് ദ്വീപുകളില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ പ്രകൃതിദത്തമായ ശുദ്ധജല സ്രോതസ്സുകളുണ്ട്. ഇറാന്റെ പ്രധാന കരയിലുള്ള എണ്ണപ്പാടങ്ങളില്‍ (ഉദാഹരണത്തിന് അഹ്വാസ്, മാരൂണ്‍, ഗച്ച്സാരന്‍) നിന്നുള്ള എണ്ണ കടലിനടിയിലൂടെയുള്ള കൂറ്റന്‍ പൈപ്പ് ലൈനുകള്‍ വഴിയാണ് ഖാര്‍ഗ് ദ്വീപിലെത്തിക്കുന്നത്. കൂടാതെ അബൂസര്‍, ഫോറൂസാന്‍ തുടങ്ങിയ ഓഫ്‌ഷോര്‍ എണ്ണപ്പാടങ്ങളില്‍ നിന്നും എണ്ണ ഇവിടെ എത്തുന്നു.




ഖാര്‍ഗ് ദ്വീപ് ഭൂമിശാസ്ത്രപരമായി ഇറാന്റെ ഭൂപ്രദേശത്തിന്റെ ഭാഗമാണ്. പണ്ട് കാലം മുതലേ പേര്‍ഷ്യന്‍ സാമ്രാജ്യങ്ങളുടെ നിയന്ത്രണത്തിലായിരുന്നു ഈ പ്രദേശം. എണ്ണ കണ്ടെത്തുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഖാര്‍ഗ് ദ്വീപ് ഒരു പ്രധാന വ്യാപാര കേന്ദ്രമായിരുന്നു. പഴയകാലത്ത് കപ്പലുകള്‍ക്ക് നങ്കൂരമിടാനും ശുദ്ധജലം ശേഖരിക്കാനും പേര്‍ഷ്യന്‍ ഗള്‍ഫിലെ ഏറ്റവും സുരക്ഷിതമായ ഇടമായിരുന്നു ഖാര്‍ഗ്. 2007-ല്‍ കണ്ടെത്തിയ 2400 വര്‍ഷം പഴക്കമുള്ള ശിലാലിഖിതമാണ് ഇവിടുത്തെ ഏറ്റവും വലിയ ചരിത്രരേഖ. അക്കീമെനിഡ് സാമ്രാജ്യകാലത്തെ ഈ രേഖ 'പേര്‍ഷ്യന്‍ ഗള്‍ഫ്' എന്ന പേരിന്റെ പുരാതന തെളിവായി ഇറാന്‍ ഉയര്‍ത്തിക്കാട്ടുന്നു.18-ാം നൂറ്റാണ്ടില്‍ (1753) ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇവിടെ 'ഫോര്‍ട്ട് മോസ്സല്‍സ്റ്റീന്‍' എന്ന പേരില്‍ ഒരു കോട്ട നിര്‍മ്മിച്ചു. പേര്‍ഷ്യന്‍ ഗള്‍ഫിലെ മുത്തുവ്യാപാരവും മറ്റും നിയന്ത്രിക്കാനായിരുന്നു ഇത്. എന്നാല്‍ 1766-ല്‍ മിര്‍ മഹ്ന എന്ന പ്രാദേശിക ഭരണാധികാരി ഡച്ചുകാരെ ഇവിടെ നിന്ന് പുറത്താക്കി. ദ്വീപില്‍ പുരാതനമായ ഒരു ക്രിസ്ത്യന്‍ ദേവാലയത്തിന്റെയും ആശ്രമത്തിന്റെയും അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.



ഇത് എ.ഡി 5-ാം നൂറ്റാണ്ടിലേതാണെന്ന് കരുതപ്പെടുന്നു. ഇസ്ലാം മതത്തിന് മുമ്പുള്ള കാലത്തെ സൗരാഷ്ട്രിയന്‍ ശ്മശാനങ്ങളും ഇവിടെ കാണാം. 18-ാം നൂറ്റാണ്ടില്‍ ഡച്ചുകാര്‍ ഇവിടെ ഒരു കോട്ട നിര്‍മ്മിച്ച് താവളമാക്കിയിരുന്നെങ്കിലും പിന്നീട് ഇറാന്‍ അത് തിരിച്ചുപിടിച്ചു. 1960-കളിലാണ് ഇറാന്‍ ഈ ദ്വീപിനെ ഒരു പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായി വികസിപ്പിച്ചത്.

സദ്ദാമിന്റെ കോപം അതിജീവിച്ചു

1980-88 കാലഘട്ടത്തിലെ ഇറാന്‍-ഇറാഖ് യുദ്ധസമയത്ത് ഖാര്‍ഗ് ദ്വീപ് നേരിട്ടത് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും കഠിനമായ വ്യോമാക്രമണങ്ങളില്‍ ഒന്നായിരുന്നു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ എണ്ണ കയറ്റുമതി തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ സദ്ദാം ഹുസൈന്‍ ഈ ദ്വീപിനെ നിരന്തരം ലക്ഷ്യം വെച്ചു.

1980 സെപ്റ്റംബറില്‍ സദ്ദാം ഹുസൈന്റെ ഉത്തരവനുസരിച്ചാണ് ഇറാഖ് സൈന്യം ഇറാനിലെ എണ്ണ സമ്പന്നമായ പ്രവിശ്യകള്‍ ലക്ഷ്യം വെച്ച് ആക്രമണം തുടങ്ങിയത്. ഇറാന്റെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കുക, പേര്‍ഷ്യന്‍ ഗള്‍ഫിലെ മേധാവിത്വം ഉറപ്പിക്കുക, ഇറാനിലെ ഇസ്ലാമിക വിപ്ലവം ഇറാഖിലേക്ക് പടരുന്നത് തടയുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.




1984-ല്‍ ഇറാഖ് ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യം വെച്ച് 'ടാങ്കര്‍ യുദ്ധം' ശക്തമാക്കി. ദ്വീപിലേക്ക് വരുന്ന എണ്ണക്കപ്പലുകളെ ഇറാഖ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ ഇറാന്‍ തങ്ങളുടെ എണ്ണക്കപ്പലുകള്‍ക്ക് സൈനിക അകമ്പടി നല്‍കുകയും, ഇറാഖിനെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ കപ്പലുകളെ തിരിച്ചാക്രമിക്കുകയും ചെയ്തു. ഖാര്‍ഗ് ദ്വീപിലെ ടെര്‍മിനലുകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചപ്പോള്‍, ഇറാന്‍ തങ്ങളുടെ എണ്ണക്കയറ്റുമതി താല്‍ക്കാലികമായി മറ്റ് ചെറിയ ദ്വീപുകളിലേക്ക് മാറ്റി. ലാവന്‍ ദ്വീപ്, സിറി ദ്വീപ് എന്നിവിടങ്ങളിലെ സൗകര്യങ്ങള്‍ ഉപയോഗിച്ച് കയറ്റുമതി തുടര്‍ന്നു.വലിയ ടാങ്കറുകളില്‍ നിന്ന് ചെറിയ കപ്പലുകളിലേക്ക് എണ്ണ മാറ്റി നിറച്ച് സുരക്ഷിതമായി പുറത്തെത്തിച്ചു.

ഇറാഖിന്റെ ഓരോ ആക്രമണത്തിന് ശേഷവും ഇറാന്‍ വളരെ വേഗത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ദ്വീപിനെ പ്രവര്‍ത്തനസജ്ജമാക്കി. പൈപ്പ് ലൈനുകളിലും സ്റ്റോറേജ് ടാങ്കുകളിലും ഉണ്ടായ കേടുപാടുകള്‍ പരിഹരിക്കാന്‍ പ്രത്യേക എഞ്ചിനീയറിംഗ് സംഘം എപ്പോഴും സന്നദ്ധമായിരുന്നു. ദ്വീപിന് ചുറ്റും ശക്തമായ ആന്റി-എയര്‍ക്രാഫ്റ്റ് മിസൈലുകളും റഡാര്‍ സംവിധാനങ്ങളും ഇറാന്‍ വിന്യസിച്ചു. ഇറാഖി മിസൈലുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കപ്പലുകള്‍ക്കായി പ്രത്യേക പാതകള്‍ നിശ്ചയിച്ചു. എണ്ണ ശേഖരിച്ചു വെക്കുന്ന കൂറ്റന്‍ ടാങ്കുകളെ സംരക്ഷിക്കാന്‍ അവയ്ക്ക് ചുറ്റും കോണ്‍ക്രീറ്റ് ഭിത്തികളും മറ്റ് സുരക്ഷാ കവചങ്ങളും നിര്‍മ്മിച്ചു.

ദ്വീപിന് ചുറ്റുമുള്ള കടലിന്റെ ആഴം കൂടിയ ഭാഗങ്ങള്‍ ടാങ്കറുകള്‍ക്ക് വേഗത്തില്‍ എണ്ണ നിറച്ച് രക്ഷപ്പെടാന്‍ സഹായിച്ചു. 1986-ഓടെ ദ്വീപിന്റെ ഭൂരിഭാഗം സൗകര്യങ്ങളും തകര്‍ക്കപ്പെട്ടെങ്കിലും, പ്രതിദിനം 15 ലക്ഷം ബാരലിലധികം എണ്ണ കയറ്റുമതി ചെയ്യാന്‍ ഇറാന് സാധിച്ചിരുന്നു. ഇന്ന് ഈ ദ്വീപ് പഴയതിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റതാക്കി ഇറാന്‍ മാറ്റിയിട്ടുണ്ട്.

ഒരു വ്യാവസായിക-സൈനിക കേന്ദ്രമാണെങ്കിലും ഖാര്‍ഗ് ദ്വീപിന് മനോഹരമായ ഭൂ പ്രകൃതിയുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിലെ മറ്റ് ദ്വീപുകളില്‍ അപൂര്‍വ്വമായ 'ഗസലുകള്‍' (ഒരിനം ചെറിയ മാനിനങ്ങള്‍) ഇവിടെ ധാരാളമായി കാണപ്പെടുന്നു. പണ്ട് ഭരണാധികാരികള്‍ വേട്ടയാടാനായി കൊണ്ടുവന്ന ഇവ ഇന്ന് ദ്വീപിന്റെ സംരക്ഷിത ഭാഗങ്ങളില്‍ വസിക്കുന്നു.

പേര്‍ഷ്യന്‍ ഗള്‍ഫിലെ മിക്ക ദ്വീപുകളും ഉപ്പുവെള്ളത്താല്‍ ചുറ്റപ്പെട്ടതും വരണ്ടതുമാണ്. എന്നാല്‍ ഖാര്‍ഗ് ദ്വീപിന് നടുവില്‍ പ്രകൃതിദത്തമായ ശുദ്ധജല ഉറവകളുണ്ട്. പണ്ട് കാലം മുതലേ കപ്പലുകള്‍ ഇവിടെ അടുക്കാന്‍ പ്രധാന കാരണവും ഇതായിരുന്നു. ദ്വീപിന് ചുറ്റുമുള്ള കടല്‍ത്തീരങ്ങളില്‍ സമൃദ്ധമായ പവിഴപ്പുറ്റുകളുണ്ട്. ഇവ ഒട്ടനവധി കടല്‍ ജീവികളുടെ ആവാസകേന്ദ്രമാണ്. എന്നാല്‍ എണ്ണക്കപ്പലുകളുടെ തിരക്കും എണ്ണച്ചോര്‍ച്ചയ്ക്കുള്ള സാധ്യതയും ഇവയ്ക്ക് വലിയ വെല്ലുവിളിയാണ്. ദ്വീപില്‍ ധാരാളം ആല്‍മരങ്ങളും ഈന്തപ്പനകളും കാണാം. ഇവിടുത്തെ പഴയ ആല്‍മരങ്ങള്‍ക്ക് നൂറുകണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് പറയപ്പെടുന്നു.




എണ്ണ വ്യവസായം ഈ ദ്വീപിന്റെ പരിസ്ഥിതിക്ക് വലിയ ആഘാതം ഏല്‍പ്പിക്കുന്നുണ്ട്. വായു മലിനീകരണവും കടല്‍ ജലത്തിലെ രാസമാറ്റങ്ങളും ഇവിടുത്തെ സസ്യങ്ങള്‍ക്കും ജീവജാലങ്ങള്‍ക്കും ഭീഷണിയാകാറുണ്ട്. എങ്കിലും ഇറാന്‍ സര്‍ക്കാര്‍ ഇവിടുത്തെ പരിസ്ഥിതിയും കാത്തുസൂക്ഷിക്കുന്നുണ്ടെന്നാണ്, പൊതുവെയുള്ള വിലയിരുത്തല്‍.

വ്യോമ പ്രതിരോധമുള്ള ഉരുക്കുകോട്ട

കടല്‍ കടന്നുള്ള ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാനായി ഇറാന്‍ ഇന്ന് ഖാര്‍ഗ് ദ്വീപിനെ ഒരു 'ഉരുക്ക് കോട്ട'യായാണ് മാറ്റിയിരിക്കുന്നത്.

ഇറാന്റെ സാമ്പത്തിക ഭദ്രത ഈ ദ്വീപിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍, ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനങ്ങളിലൊന്നാണ് ഇവിടെയുള്ളത്. ദ്വീപിന് ചുറ്റും റഷ്യന്‍ നിര്‍മ്മിത എസ് 300, ഇറാന്റെ സ്വന്തം ബാവര്‍-373 തുടങ്ങിയ അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകളെയും മിസൈലുകളെയും തകര്‍ക്കാന്‍ ഇവയ്ക്ക് സാധിക്കും.ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ (ഐആര്‍ജിസി) നാവിക വിഭാഗം 24 മണിക്കൂറും ദ്വീപിന് ചുറ്റും പട്രോളിംഗ് നടത്തുന്നു. കൂടാതെ കടലിനടിയില്‍ നിന്നുള്ള ആക്രമണങ്ങള്‍ തടയാന്‍ അത്യാധുനിക സെന്‍സറുകളും ഇവിടെയുണ്ട്.

എണ്ണ സംഭരണികളും സൈനിക കേന്ദ്രങ്ങളും വലിയൊരളവ് വരെ ഭൂമിക്കടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് വ്യോമാക്രമണങ്ങളില്‍ നിന്നുള്ള ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഏത് നീക്കവും നിരീക്ഷിക്കാന്‍ സാധിക്കുന്ന ലോങ്ങ് റേഞ്ച് റഡാറുകള്‍ ദ്വീപിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.സാധാരണ എണ്ണ ടാങ്കുകള്‍ക്ക് പുറമെ, സുരക്ഷാ കാരണങ്ങളാല്‍ ഇറാന്‍ ഇവിടെ വിപുലമായ ഭൂഗര്‍ഭ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ശത്രുരാജ്യങ്ങളുടെ മിസൈല്‍ ആക്രമണങ്ങളില്‍ നിന്നോ ബോംബാക്രമണങ്ങളില്‍ നിന്നോ എണ്ണ ശേഖരത്തെ സംരക്ഷിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.




ഉപരിതലത്തിലുള്ള ടാങ്കുകള്‍ തകര്‍ക്കപ്പെട്ടാലും കയറ്റുമതി തടസ്സപ്പെടാതിരിക്കാന്‍ ഇത് സഹായിക്കുന്നു. ഏകദേശം 3 കോടി ബാരലിലധികം ക്രൂഡ് ഓയില്‍ ഖാര്‍ഗ് ദ്വീപില്‍ ഒരേസമയം സൂക്ഷിക്കാന്‍ സാധിക്കും. ഇതില്‍ വലിയൊരു ഭാഗം അതീവ സുരക്ഷയുള്ള കോണ്‍ക്രീറ്റ് കവചങ്ങളാല്‍ സംരക്ഷിക്കപ്പെട്ടവയാണ്. അതുകൊണ്ടുതന്നെ ഖാര്‍ഖെ ദ്വീപിനെ ആക്രമിച്ച് കീഴടക്കുക, എന്നത് ട്രംപ് കരുതുന്നതുപോലെ എത്ര എളുപ്പമുള്ള കാര്യമല്ല.

അത് 'ഡ്രോണ്‍ കില്ലര്‍ സോണ്‍'

ചില സൈനിക വിദഗ്ധര്‍ ഖാര്‍ഖ് പിടിക്കാനുള്ള അമേരിക്കയുടെ 'അടുത്ത വിയറ്റ്നാം' എന്ന് വിശേഷിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. വെനസ്വേല പോലെ എളുപ്പത്തില്‍ ജയിക്കാന്‍ പറ്റുന്നതല്ല ഇവിടം. കരയുദ്ധത്തിനായി പതിനായിരം സൈനികരെ ഇറാനിലെത്തിക്കാനാണത്രെ ഉദ്ദേശ്യം. കഴിഞ്ഞയാഴ്ച 2,200 മറീനുകളടക്കം 3,500 സൈനികര്‍ എത്തിയിരുന്നു. 82-ാം എയര്‍ബോണ്‍ ഡിവിഷനിന്നും ആയിരങ്ങള്‍ അങ്ങോട്ടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. നേരത്തേ, മേഖലയില്‍ നിലയുറപ്പിച്ചിരുന്ന പടുകൂറ്റന്‍ വിമാനവാഹിനി കപ്പലുകളായ യുഎസ്എസ് ഫോര്‍ഡും ലിങ്കണും സാരമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.

ഇത് തങ്ങളുടെ ബാലിസ്റ്റിക്, കപ്പല്‍വേധ മിസൈലുകളുടെ ആക്രമണമൂലമാണെന്ന് ഇറാന്‍, പറയുമ്പോള്‍ അമേരിക്ക അത് നിഷേധിക്കയാണ്. ഗ്രീസിലെ ക്രീറ്റില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്ന ഫോര്‍ഡ് വീണ്ടും പടക്കളത്തിലിറങ്ങാന്‍ ഒരു വര്‍ഷമെടുക്കുമെന്നാണ് ഊഹം. ലിങ്കണ്‍, ഇറാനില്‍നിന്ന്ആയിരം കിലോമീറ്റര്‍ പിന്‍വലിഞ്ഞു. ഇവരുടെ പകുതി മാത്രം വലിപ്പമുള്ള യുഎസ്എസ് ട്രിപ്പൊളിക്കും ബോക്സറിനും ഇറാനിയന്‍ മിസൈലുകളെ എത്രത്തോളം ചെറുത്തുനില്‍ക്കാനാവുമെന്ന് കണ്ടറിയണം.



കുറച്ചുകാലം കൂടി ബോംബിടല്‍ തുടര്‍ന്ന് ഇറാനെ നിലംപരിശാക്കിയ ശേഷം മറീനുകളെ ഖാര്‍ഗ് പിടിക്കാന്‍ രംഗത്തിറക്കാമെന്നാവും അമേരിക്ക കരുതുന്നത്. പക്ഷേ, അമേരിക്കന്‍ സൈനികരെ കാത്ത് ഇറാഖിന്റെ അതിശക്തമായ സൈന്യമുണ്ട്. ഇറാന്‍ പ്രധാന കരയില്‍ നിന്നും വെറും 25-30 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇത് ഇറാന്റെ മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും ആര്‍ട്ടിലറിക്കും എളുപ്പത്തില്‍ ലക്ഷ്യം വെക്കാവുന്ന ദൂരപരിധിയിലാണ്.പേര്‍ഷ്യന്‍ ഗള്‍ഫിന്റെ വടക്കേ അറ്റത്തായതിനാല്‍, അമേരിക്കന്‍ കപ്പലുകള്‍ക്ക് ഇവിടേക്ക് എത്തണമെങ്കില്‍ ഇടുങ്ങിയ ഹോര്‍മുസ് കടലിടുക്ക് കടന്നു വരണമെന്നത് വലിയ വെല്ലുവിളിയാണ്.

ഇറാന്‍ ഈ ദ്വീപിന് ചുറ്റും റഡാറുകള്‍, വിമാനവിരുദ്ധ മിസൈലുകള്‍ , അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുടെ ഒരു വലയം തന്നെ തീര്‍ത്തിട്ടുണ്ട്. ദ്വീപിന്റെ തീരപ്രദേശങ്ങളില്‍ ടാങ്ക് വിരുദ്ധ മൈനുകളും മനുഷ്യവിരുദ്ധ മൈനുകളും ഇറാന്‍ വ്യാപകമായി പാകിയിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. ദ്വീപിനെ ഒരു 'ഡ്രോണ്‍ കില്ലര്‍ സോണ്‍' ആയി ഇറാന്‍ മാറ്റിയിരിക്കുന്നു. എഫ്.പി.വി കാമികാസെ ഡ്രോണുകളുടെ വലിയ ശേഖരം ഇവിടെ വിന്യസിച്ചിട്ടുണ്ട്.




ദ്വീപ് പിടിച്ചെടുത്താല്‍ തന്നെ, ഇറാന്‍ പ്രധാന കരയില്‍ നിന്നുള്ള നിരന്തരമായ ആക്രമണങ്ങളെ പ്രതിരോധിച്ച് അവിടെ തുടരുന്നത് അമേരിക്കയ്ക്ക് വലിയ സൈനിക നഷ്ടമുണ്ടാക്കും. കിലോമീറ്ററുകള്‍ ദൂരെയുള്ള കപ്പലുകളില്‍ നിന്നും വിമാനങ്ങളില്‍ നിന്നും ദ്വീപിലേക്ക് ഭക്ഷണവും ആയുധങ്ങളും എത്തിക്കുന്നത് ഇറാന്റെ മിസൈലുകള്‍ക്ക് മുന്നില്‍ വലിയ വെല്ലുവിളിയാണ്. ചുരക്കത്തില്‍ ഒരു കെണിയില്‍പെട്ടപോലെയാവും. അതുകൊണ്ടുതന്നെ അമേരിക്ക ഇതില്‍ സൂക്ഷിച്ച് മാത്രമാണ് ഇടപെടുക എന്നത് ഉറപ്പാണ്.

മറ്റൊരു വിയറ്റ്നാം!

ഖാര്‍ഗ് ദ്വീപ് ആക്രമിക്കുന്നതിനോട്, നാറ്റോരാജ്യങ്ങള്‍ക്കോ, ചൈനയടക്കമുള്ള പാശ്ചാത്യശക്തികള്‍ക്കോ യാതൊരു യോജിപ്പുമില്ല. കാരണം അത് എണ്ണവില കുതിക്കുന്നതിന് ഇടയാക്കും. ഖാര്‍ഗ് ദ്വീപ് ആക്രമിക്കപ്പെട്ടാല്‍ ആഗോള വിപണിയില്‍ എണ്ണവില ബാരലിന് 150-200 ഡോളര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. ഇത് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കടുത്ത പണപ്പെരുപ്പത്തിന് കാരണമാക്കുമെന്നാണ് വാഷിങ്്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുത്. എന്തിനു ഏതിനും അമേരിക്കന്‍ താല്‍പ്പര്യം നോക്കുന്ന ട്രംപ്, അമേരിക്കക്കാരെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടുന്ന ഇതുപോലെ ഒരുപരിപാടിക്ക് കൂട്ടുനില്‍ക്കില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അമേരിക്ക ഖാര്‍ഗ് പിടിച്ചാല്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകള്‍ തകര്‍ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ കാരണങ്ങളാല്‍, ഖാര്‍ഗ് ദ്വീപിന് മേലുള്ള സൈനിക നീക്കം അമേരിക്കയ്ക്ക് കെണിയായി മാറാന്‍ സാധ്യതയുണ്ടെന്നാണ് പല വിദഗ്ധരും അഭിപ്രായപ്പെടുന്നത്.




വിയറ്റ്നാമിലും അമേരിക്ക ഇതുപോലെ കെണിയില്‍ പെടുകയായിരുന്നു. ഷഗറില്ലായുദ്ധമായിരുന്നു ആ കെണി. വിയറ്റ്‌നാം യുദ്ധം, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക തിരിച്ചടികളിലൊന്നാണ്. യുഎസ്, വിയറ്റ്‌നാം യുദ്ധത്തില്‍ ഇടപെട്ടത് പ്രധാനമായും കമ്മ്യൂണിസത്തിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ്. ഒരു രാജ്യം കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായാല്‍ അയല്‍രാജ്യങ്ങളും ഒന്നിനുപുറകെ ഒന്നായി കമ്മ്യൂണിസത്തിലേക്ക് വീഴും എന്നതായിരുന്നു അമേരിക്കയുടെ ഭയം. കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഉത്തര വിയറ്റ്‌നാം ദക്ഷിണ വിയറ്റ്‌നാമിനെ പിടിച്ചെടുക്കുന്നത് തടയാന്‍ അമേരിക്ക ഇടപെട്ടു.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്നിട്ടും അമേരിക്കയ്ക്ക് വിയറ്റ്‌നാമില്‍ വലിയ തിരിച്ചടി നേരിട്ടു. ഗറില്ലാ യുദ്ധമുറകളായിരുന്നു യുഎസ് സേനയെ വട്ടം ചുറ്റിച്ചത്. വിയറ്റ്നാം സൈനികര്‍ കാടുകളിലും ഭൂഗര്‍ഭ തുരങ്കങ്ങളിലും ഒളിഞ്ഞിരുന്ന് നടത്തിയ ആക്രമണങ്ങളെ നേരിടാന്‍ അത്യാധുനിക ആയുധങ്ങളുണ്ടായിട്ടും അമേരിക്കയ്ക്ക് കഴിഞ്ഞില്ല.

വിയറ്റ്‌നാമിലെ ഇടതൂര്‍ന്ന കാടുകളും ചതുപ്പുനിലങ്ങളും അമേരിക്കന്‍ സൈനികര്‍ക്ക് പരിചിതമായിരുന്നില്ല. അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ (ഉദാഹരണത്തിന് മൈ ലായ് കൂട്ടക്കൊല) പ്രാദേശിക ജനതയെ അവര്‍ക്കെതിരാക്കി.യുദ്ധം നീണ്ടുപോയതോടെ അമേരിക്കയ്ക്കുള്ളില്‍ തന്നെ ജനങ്ങള്‍ യുദ്ധവിരുദ്ധ സമരങ്ങള്‍ ആരംഭിച്ചു. ഇത് സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാക്കി. 1973-ല്‍ അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ 1975-ല്‍ ഉത്തര വിയറ്റ്‌നാം ദക്ഷിണ വിയറ്റ്‌നാമിനെ കീഴടക്കി. വിയറ്റ്‌നാം കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഒന്നായി മാറി. ഏകദേശം 58,000-ത്തോളം അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും സാമ്പത്തികമായി രാജ്യം വലിയ തകര്‍ച്ച നേരിടുകയും ചെയ്തു. സൈനികമായ കരുത്തുണ്ടായിട്ടും ഒരു ജനതയുടെ ആത്മവീര്യത്തിന് മുന്നില്‍ അമേരിക്കയ്ക്ക് പരാജയം സമ്മതിച്ച് പിന്മാറേണ്ടി വന്നു. ഖാര്‍ഖ് ദ്വീപ് എന്ന ഇറാന്റെ രാവണന്‍ കോട്ട പിടിച്ചടക്കാന്‍ പോയാല്‍ സമാനമായ വിധിയായിക്കും ഒരുപക്ഷേ അമേരിക്കയെ കാത്തിരിക്കുക. പ്രദേശത്തെ ഭൂമിശാസ്ത്രഘടകങ്ങള്‍ മുഴുവന്‍ ഇറാന് അനുകൂലമാണ്്.

വാല്‍ക്കഷ്ണം: ഇപ്പോഴുള്ള ഹോര്‍മൂസിലെ പ്രശ്നങ്ങള്‍, ഇങ്ങ് കേരളത്തിലെ ചായക്കടകളെപ്പോലും ബാധിച്ചിരിക്കയാണ്. അപ്പോള്‍ പിന്നെ ഖാര്‍ഗ് ദ്വീപുകൂടി ആക്രമിക്കപ്പെട്ടാലുള്ള അവസ്ഥ എന്തായിരിക്കും!

Tags:    

Similar News