കറുത്ത സണ്‍ഗ്ലാസും ജീന്‍സും ധരിച്ച ഫ്രീക്കന്‍ പ്രൈംമിനിസ്റ്റര്‍! റാപ്പിലൂടെ യുവതലമുറയുടെ ഹരമായ മുന്‍ എഞ്ചിനീയര്‍; സ്വതന്ത്രനായി മത്സരിച്ച് മേയറായി ചരിത്രം കുറിച്ചു; ഇപ്പോള്‍ വെറും 35-ാം വയസ്സില്‍ നേപ്പാള്‍ പ്രധാനമന്ത്രി; ഒറ്റക്ക് വഴിവെട്ടിവന്ന രാഷ്ട്രീയ അത്ഭുതം ബലേന്ദ്ര ഷായുടെ ജീവിത കഥ

കറുത്ത സണ്‍ഗ്ലാസും ജീന്‍സും ധരിച്ച ഫ്രീക്കന്‍ പ്രൈംമിനിസ്റ്റര്‍!

Update: 2026-03-14 10:13 GMT

എവിടെപ്പോയാലും മുഖത്ത് കറുത്ത സണ്‍ഗ്ലാസുണ്ടാവും. ടീഷര്‍ട്ടും ജീന്‍സും ധരിക്കുന്ന ഒരു കുള്‍ ഫ്രീക്കന്‍! പരമ്പരാഗതമായി വെള്ളയും വെള്ളയുമുള്ള 'യൂണിഫോമിട്ടു'വരുന്ന, രാഷ്ട്രീയക്കാരെ മാത്രം കണ്ടുശീലിച്ചവര്‍ക്ക് വെറും 35 വയസ് മാത്രമുള്ള ഒരു മോഡേന്‍ യൂത്ത്, ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയാവുക എന്നത് താങ്ങാന്‍ പറ്റുന്ന കാര്യമല്ല. പക്ഷേ സംഗതി സത്യമാണ്. അതും ഒരു പ്രത്യയശാസ്ത്ര പിന്‍ബലവുമില്ലാത്ത ഒരു പാര്‍ട്ടിയിലുടെയാണ് അയാള്‍ അധികാരം പിടിച്ചിരിക്കുന്നത്. അങ്ങനെ, ഒറ്റക്ക് വഴിവെട്ടിവന്നവനാണ് നേപ്പാളുകാരുടെ പുതിയ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അഥവാ റാപ്പര്‍ ബലേന്‍. ആദ്യം ആദ്യം സംഗീതത്തിലൂടെയും പിന്നെ ഭരണത്തിലൂടെയും യുവത്വത്തിന്റ മനംകവര്‍ന്ന നേതാവ്!

ഇന്ത്യയുമായി ഏറെ വൈകാരിക ബന്ധമുള്ള നാടുകൂടിയാണ് നേപ്പാള്‍. 2008-ന് മുമ്പ്, ലോകത്തിലെ ഏക ഔദ്യോഗിക ഹിന്ദു രാഷ്ട്രമായിരുന്നു ഇത്. ഇന്നും ഇവിടുത്തെ ഭൂരിപക്ഷം ജനങ്ങളും (ഏകദേശം 81% പേര്‍) ഹിന്ദുക്കളാണ്. 2008-ല്‍ രാജഭരണം അവസാനിച്ചതോടെ നേപ്പാള്‍ ഹിന്ദു രാഷ്ട്രം എന്ന പദവി ഉപേക്ഷിക്കുകയും, ഔദ്യോഗികമായി മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായി മാറുകയും ചെയ്തു. 2015-ല്‍ അംഗീകരിച്ച പുതിയ ഭരണഘടന, നേപ്പാളിനെ ഒരു സെക്കുലര്‍ രാജ്യമായാണ് നിര്‍വചിച്ചിരിക്കുന്നത്. പക്ഷേ രാഷ്ട്രീയ അസ്ഥിരതയും, കൊട്ടാരവിപ്ലവവും, നക്സല്‍ കാര്‍ക്കശ്യവുമൊക്കെയായി ഒരുപാട് ചോര ഒഴുകിയ മണ്ണുകൂടിയാണ് നേപ്പാള്‍.

അവിടെയിപ്പോള്‍ ജെന്‍ സീ പ്രക്ഷോഭത്തിന്റെ ഉപോല്‍പ്പന്നം എന്നോണം ഒരു പുതിയ നേതാവ് ഉദയം കൊണ്ടിരിക്കയാണ്. ഫ്രാന്‍സില്‍ എന്‍മാര്‍ഷെ പാര്‍ട്ടിയുടെ ചിറകിലേറി ഇമ്മാനുവേല്‍ മാക്രാണ്‍ ഉദയം കൊണ്ടതുപോലെ, ഇന്ത്യയില്‍ ആം ആദ്മിയും അരവിന്ദ് കെജിരാവാളും ഉദിച്ചതുപോലെ, അഴിമതിക്കെതിരായ തരംഗത്തിലുടെ നേപ്പാളില്‍ ഒരു ഫ്രീക്കനായ റാപ്പര്‍ പ്രധാനമന്ത്രിയാവുകയാണ്. അസാധാരണമാണ് ആ ജീവിതം.

പ്രണയം കവിതയോടും സംഗീതത്തോടും

1990 ഏപ്രില്‍ 27-ന് കാഠ്മണ്ഡുവിലെ നരദേവിയില്‍ ഒരു സാധാരണ മധ്യവര്‍ഗ കുടുംബത്തിലാണ് ബാലെന്‍ എന്ന വിളിപ്പേരുള്ള ബലേന്ദ്ര ഷാ ജനിച്ചത്. നാല് മക്കളില്‍ ഏറ്റവും ഇളയവനായിരുന്നു. അച്ഛന്‍ രാം നാരായണ്‍ ഷാ ആയുര്‍വേദ ഡോക്ടറായിരുന്നു. അമ്മ ധ്രുവദേവി ഷാ വീട്ടമ്മയും. കുട്ടിക്കാലത്ത് അന്തര്‍മുഖനായിരുന്നു ആ ബാലന്‍. അക്കാലത്ത് കവിതകള്‍ എഴുതുമായിരുന്നുവെന്നും, പിതാവ് അനുസ്മരിച്ചിട്ടുണ്ട്. തന്റെ അച്ഛനും കവിതകള്‍ എഴുതുന്ന ശീലമുണ്ടായിരുന്നതായും അത് മകനിലേക്കും എത്തിയതായും പിതാവ് ഒരഭിമുഖത്തില്‍ അനുസ്മരിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠനകാലത്ത് തന്നെ അവന്‍ പാട്ടുകള്‍ എഴുതിത്തുടങ്ങിയിരുന്നു. കവിതകളോടുള്ള ഈ താല്‍പ്പര്യമാണ് പിന്നീട് ബലേന്ദ്ര ഷായെ നേപ്പാളിലെ അറിയപ്പെടുന്ന റാപ്പര്‍ എന്ന നിലയിലേക്ക് വളര്‍ത്തിയത്.


 



കാഠ്മണ്ഡുവിലെ അലയന്‍സ് അക്കാദമിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന് ഹിമാലയന്‍ വൈറ്റ്ഹൗസ് ഇന്റര്‍നാഷണല്‍ കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ഉപരിപഠനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം ബംഗളൂരുവിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് സ്ട്രക്ചറല്‍ എഞ്ചിനീയറിംഗില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ റാപ്പ് സംഗീതത്തില്‍ അദ്ദേഹം സജീവമായിരുന്നു. കോളജ് കാലത്തെ അധ്യാപകര്‍ പറയുന്നത്, അദ്ദേഹം വളരെ അച്ചടക്കമുള്ളതും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നതുമായ വിദ്യാര്‍ത്ഥിയായിരുന്നു എന്നാണ്. ബംഗളൂരുവിലെ എന്‍ജിനീയറിങ് പഠനകാലത്ത് ബലേന്ദ്ര ഷാ ഒരു രാഷ്ട്രീയ ചായ്വും പ്രകടിപ്പിച്ചിരുന്നില്ല. പക്ഷേ റാപ്പര്‍ എന്ന നിലയില്‍ അന്നേ പ്രശസ്തിയുണ്ടായിരുന്നു.

കവിതയോടും പാട്ടിനോടുമുള്ള കമ്പമാണ് ബലേന്ദ്രയുടെ പ്രണയത്തിലും വിവാഹത്തിനുംവരെ ഇടയാക്കിയത്. സോഷ്യല്‍ മീഡിയയിലൂടെ സബീന പങ്കുവെച്ച കവിതകളിലൂടെയാണ് ബലേന്ദ്ര അവരെ ശ്രദ്ധിക്കുന്നത്. 2017-ല്‍ ഒരു സാഹിത്യ പരിപാടിക്കിടെയാണ് ഇവര്‍ നേരിട്ട് കണ്ടുമുട്ടുന്നത്. കവിതകളോടും എഴുത്തിനോടുമുള്ള താല്‍പ്പര്യമാണ് ഇവരെ തമ്മില്‍ അടുപ്പിച്ചു. ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിക്കുകയായിരുന്നു. 2018 ഫെബ്രുവരിയിലാണ് ഇവര്‍ വിവാഹിതരായത്. സബീന ഒരു എഴുത്തുകാരിയും പബ്ലിക് ഹെല്‍ത്ത് പ്രൊഫഷണലുമാണ്. ലളിതമായ രീതിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇവര്‍ക്ക് ഒരു മകളുണ്ട്.

സാമൂഹിക പ്രതിബന്ധതയുള്ള റാപ്പര്‍

സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ റാപ്പിലുടെ പ്രതികരിച്ച അപുര്‍വ വ്യക്തിത്വതമാണ്, ബലേന്ദ്ര. 2012-ല്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എഴുതിയ 'സഡക് ബാലക്' എന്ന പാട്ടാണ് ആദ്യം വൈറലാവുന്നത്. തെരുവുക്കുട്ടികളുടെ ദയനീയാവസ്ഥ വിവരിക്കുന്നതായിരുന്നു ഈ ഗാനം. പിന്നീട് അഴിമതിക്കും വിവേചനത്തിനുമെതിരെ സംഗീതത്തിലൂടെ അവന്‍ ശബ്ദമുയര്‍ത്തി. 2010-കളുടെ തുടക്കത്തിലാണ് നേപ്പാളിലെ 'നെഫ്രോപ്പ്' എന്ന നേപ്പാളി ഹിപ്പ്ഹോപ്പ് സംഗീതത്തിലേക്ക് അദ്ദേഹം കടന്നുവരുന്നത്.



 



2013-ല്‍ യൂട്യൂബിലെ പ്രശസ്തമായ 'റോ ബാര്‍സ്' എന്ന റാപ്പ് ബാറ്റില്‍ പരമ്പരയില്‍ പങ്കെടുത്തതോടെ അദ്ദേഹം രാജ്യവ്യാപകമായി ശ്രദ്ധിക്കപ്പെട്ടു. കൃത്യമായ വാക്കുകളും വേഗതയേറിയ അവതരണ ശൈലിയും അദ്ദേഹത്തെ യുവാക്കളുടെ പ്രിയങ്കരനാക്കി. കേവലം വിനോദത്തിന് അപ്പുറം രാഷ്ട്രീയ അഴിമതി, ദാരിദ്ര്യം, സാമൂഹിക അസമത്വം എന്നിവയ്‌ക്കെതിരായ ശക്തമായ പ്രതികരണങ്ങളായി ബലേന്ദ്ര ഗാനങ്ങള്‍ മാറി. പല പാട്ടുകളും ലക്ഷക്കണക്കിന് ആളുകളാണ് യൂട്യൂബില്‍ കണ്ടിട്ടുള്ളത്.

ബലിദാന്‍ എന്ന ഗാനമാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി കണക്കാക്കുന്നത്. അഴിമതിക്കാരായ രാഷ്ട്രീയക്കാരെ രൂക്ഷമായി വിമര്‍ശിക്കുന്ന ഈ ഗാനം ലക്ഷങ്ങളാണ് കണ്ടത്. തുടന്നിറങ്ങിയ ഹാന്‍ഡെ എന്ന ഗാനവുംരാഷ്ട്രീയ നേതൃത്വത്തിനെതിരായ ആക്രോശമായി വിലയിരുത്തപ്പെട്ടു. നമ്മുടെ നാട്ടില്‍ അമിതാബച്ചന്‍ മുതല്‍ സുരേഷ് ഗോപിവരെയുള്ളവര്‍ സിനിമാ ഡയലോഗിലൂടെ സൃഷ്ടിച്ചെടുത്ത 'ആംഗ്രി യങ്്മാന്‍' തരംഗം, ബലേന്ദ്ര ഷാ പാട്ടിലുടെ സൃഷ്ടിച്ചു. നേപ്പാളിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗാനമാണ് തഥ. നേപ്പാള്‍ ഹസേകോ എന്ന 2025ല്‍ പുറത്തിറങ്ങിയ ഗാനവും. മ്യൂസിക് ചാര്‍ട്ടുകളില്‍ ട്രെന്‍ഡിങായി. മര്‍ഫാ കോ മദിര എന്ന ഗാനത്തിനും യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരം ലഭിച്ചു.

ബലേന്ദ്ര ഷായുടെ സംഗീതം കേവലം ശബ്ദത്തേക്കാള്‍ ഉപരി ഒരു രാഷ്ട്രീയ മുന്നേറ്റമായിട്ടാണ് നേപ്പാളിലെ യുവാക്കള്‍ ഏറ്റെടുത്തത്. അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ശബ്ദമുയര്‍ത്താന്‍ അദ്ദേഹത്തിന്റെ വരികള്‍ യുവാക്കളെ പ്രേരിപ്പിച്ചു. പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെട്ട യുവതലമുറ ബാലനെ തങ്ങളുടെ പ്രതിനിധിയായി കണ്ടു. സംഗീതത്തെ സാമൂഹിക മാറ്റത്തിനുള്ള ആയുധമായി ഉപയോഗിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ഇത് നേപ്പാളിലെ യുവജനതയ്ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള വലിയ ആത്മവിശ്വാസം നല്‍കി. സംഗീതത്തിലൂടെ രൂപപ്പെട്ട ഈ പിന്തുണയാണ് പിന്നീട് കാഠ്മണ്ഡു മേയര്‍ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് നിര്‍ണ്ണായക വിജയം സമ്മാനിച്ചത്.

സ്വതന്ത്രനായി മത്സരിച്ച് മേയറാവുന്നു

ബലേന്ദ്ര ഷായുടെ രാഷ്ട്രീയ ജീവിതം വളരെ വേഗത്തിലായിരുന്നുവെന്ന്, 'ഒരു അപൂര്‍വ രാഷ്ട്രീയ ജീവിതം' എന്ന് തലക്കെട്ടിട്ട ലേഖനത്തില്‍ ബിബിസി പ്രതിനിധി വ്യക്തമാക്കുന്നു. 2022-ല്‍ ഒരു പാര്‍ട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കാഠ്മണ്ഡു നഗരത്തിന്റെ മേയറായി അയാള്‍ ചരിത്രം കുറിച്ചു. പ്രമുഖ പാര്‍ട്ടികളെ പരാജയപ്പെടുത്തിയ ഈ വിജയം ഒരു 'ബാലെന്‍ ഇഫക്റ്റ്' തന്നെ സൃഷ്ടിച്ചു.



 



ബലേന്ദ്ര ഷായ്ക്ക് ഒരു പ്രത്യേക വ്യക്തിയെ 'രാഷ്ട്രീയ ഗുരു' എന്ന് വിശേഷിപ്പിക്കാനില്ലെങ്കിലും, അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ സ്വാധീനിച്ചവരുമുണ്ട്. നേപ്പാളിലെ 'വിവേകശീല്‍ നേപ്പാളി' പാര്‍ട്ടിയുടെ സ്ഥാപകനായ പരേതനായ ഉജ്ജ്വല്‍ താപ്പയുടെ രാഷ്ട്രീയശൈലിയുടെ തുടര്‍ച്ചയായാണ് ബലേന്റെ രാഷ്ട്രീയ പ്രവേശനം വിലയിരുത്തപ്പെടുന്നത്. താപ്പയുടെ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന പലരും ബലേന്ദ്രയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു. ബംഗളൂരുവിലെ പഠനകാലത്ത് അംബേദ്കറിസം, നവ-ബുദ്ധിസം എന്നീ ആശയങ്ങള്‍ സ്വാധീനിച്ചിരുന്നു. അതിന്റെ അനുരണനങ്ങള്‍ ഇപ്പോഴും അദ്ദേഹത്തിന്റെ ആശയങ്ങളിലുണ്ട്.

കാഠ്മണ്ഡു മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബലേന്ദ്രയെ പ്രേരിപ്പിച്ച പ്രധാന ഘടകംഭരണപരമായ അതൃപ്തിയായിരുന്നു. നഗരം ഭരിച്ചിരുന്നവരുടെ കെടുകാര്യസ്ഥതയിലും വികസന മുരടിപ്പിലും അദ്ദേഹത്തിന് വലിയ അമര്‍ഷമുണ്ടായിരുന്നു. അതൃപ്തിയുണ്ടായിരുന്നു. 'മാറ്റത്തിനുള്ള സമയം' എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രചാരണ മുദ്രാവാക്യം. തന്റെ റാപ്പ് പാട്ടുകളിലൂടെ താന്‍ ഉന്നയിച്ച അഴിമതി, ദാരിദ്ര്യം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഒരു കലാകാരന്‍ എന്നതിലുപരി ഒരു ഭരണാധികാരി എന്ന നിലയില്‍ പരിഹാരം കാണാന്‍ ബലേന്ദ്ര ഷാ ആഗ്രഹിച്ചു.

ഇന്ത്യയിലേപ്പോലെയല്ല, നേപ്പാളിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇന്ത്യയിലെ മിക്ക നഗരങ്ങളിലും കൗണ്‍സിലര്‍മാരാണ് മേയറെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ നേപ്പാളില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും നഗരത്തിലെ മുഴുവന്‍ വോട്ടര്‍മാരും ചേര്‍ന്ന് നേരിട്ടാണ് തിരഞ്ഞെടുക്കുന്നത്. കാഠ്മണ്ഡുവിലെ ഓരോ വാര്‍ഡിലേക്കും കൗണ്‍സിലര്‍മാരെ തിരഞ്ഞെടുക്കുന്നതിനൊപ്പം തന്നെ, മേയര്‍ സ്ഥാനത്തേക്ക് മാത്രമായി പ്രത്യേക വോട്ടെടുപ്പ് നടക്കുന്നു. ബലേന്ദ്ര ഷാ മത്സരിച്ചത് ഈ ഒരു 'മേയര്‍ സീറ്റിലേക്കാണ്.


 



2022-ലെ തിരഞ്ഞെടുപ്പില്‍ കാഠ്മണ്ഡുവിലെ 32 വാര്‍ഡുകളില്‍ വിവിധ പാര്‍ട്ടികളിലെ കൗണ്‍സിലര്‍മാര്‍ ജയിച്ചെങ്കിലും, മേയര്‍ സ്ഥാനത്തേക്ക് നടന്ന നേരിട്ടുള്ള മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് (61,767 വോട്ടുകള്‍) ലഭിച്ചത് ബലേന്ദ്ര ഷായ്ക്കായിരുന്നു. അതിനാല്‍ മറ്റ് കൗണ്‍സിലര്‍മാരുടെ പിന്തുണയില്ലാതെ തന്നെ അദ്ദേഹം നേരിട്ട് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഒരു പാര്‍ട്ടി പിന്‍ബലവുമില്ലാത്ത ഒരു സ്വതന്ത്രന്‍ മേയറായി! വാക്കിങ്ങ് സ്റ്റിക്കായിരുന്നു ചിഹ്നം. പോഡ്കാസ്റ്റുകളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും യുവാക്കളുമായി നേരിട്ട് സംവദിച്ച് വോട്ടുചോദിക്കുന്ന ശൈലിയാിരുന്നു അദ്ദേഹത്തിന്റെത്. ഭരണകക്ഷിയായ നേപ്പാളി കോണ്‍ഗ്രസിന്റെ സിര്‍ജന സിങ്ങിനെയും, മുന്‍ മേയറും സിപിഎന്‍-യുഎംഎല്‍, സ്ഥാനാര്‍ത്ഥിയുമായ കേശവ് സ്ഥാപിതിനെയും വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് അദ്ദേഹം മേയറായത്.

മേയറില്‍നിന്ന് പ്രധാനമന്ത്രിയിലേക്ക്

മേയര്‍ എന്ന നിലയില്‍ ബലേന്ദ്ര ജീവിച്ചത് ജനഹൃദയങ്ങളിയാണ്. മാലിന്യ സംസ്‌കരണം, ഗതാഗത നിയന്ത്രണം, അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കല്‍ തുടങ്ങിയ വിപ്ലവകരമായ നടപടികളിലൂടെ അദ്ദേഹം ജനപ്രിയനായി. ഇതോടെയാണ് അഴിമതിയില്‍ മുങ്ങിക്കുളിച്ച നേപ്പാളിനെ രക്ഷിക്കണമെന്നും, ബലേന്ദ്ര ഷാ ദേശീയ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നും വ്യാപകമായ ആവശ്യം ഉയരുന്നത്. 2026 ജനുവരിയില്‍ മേയര്‍ സ്ഥാനം രാജിവെച്ച് രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി എന്ന ആര്‍എസ്പിയില്‍ ചേര്‍ന്നു. 2025 സെപ്റ്റംബറില്‍ നേപ്പാളിലുണ്ടായ ജെന്‍ സീ പ്രക്ഷോഭം പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെയുള്ള വലിയൊരു ജനരോഷമായിരുന്നു. ഈ തരംഗത്തെ രാഷ്ട്രീയമായി ഏകോപിപ്പിക്കാന്‍ ഒരു പാര്‍ട്ടി പ്ലാറ്റ്‌ഫോം ആവശ്യമാണെന്ന് അദ്ദേഹം കരുതി.

മുന്‍ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകനായ രവി ലാമിച്ചാനെയാണ് 2022 ജൂലൈ 1-ന് ആര്‍എസ്പി എന്ന പാര്‍ട്ടി സ്ഥാപിച്ചത്. ( നമ്മുടെ നാട്ടിലെ ആര്‍എസ്പിയുമായി ഇതിന് യാതൊരു ബന്ധവുമില്ല) പരമ്പരാഗത ഇടത്-വലത് പ്രത്യയശാസ്ത്രങ്ങള്‍ക്ക് പകരം സുതാര്യമായ ഭരണം, അഴിമതി വിരുദ്ധത എന്നീ ലക്ഷ്യങ്ങളിലാണ് ഈ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുവാക്കള്‍ക്കും സാങ്കേതിക വിദഗ്ധര്‍ക്കും പ്രാധാന്യം നല്‍കുന്ന ഒരു 'സെന്‍ട്രിസ്റ്റ്' പാര്‍ട്ടിയാണിത്. അഴിമതിക്കെതിരെയും വ്യവസ്ഥാപിത രാഷ്ട്രീയത്തിനെതിരെയും രവി ലാമിച്ചാനെയും ബലേന്ദ്ര ഷായും പുലര്‍ത്തിയിരുന്ന സമാനമായ നിലപാടുകള്‍ ഇവരെ ഒന്നിപ്പിച്ചു. നേപ്പാളിലെ ജെന്‍ സീ തലമുറയുടെ വലിയ പിന്തുണയുള്ള പാര്‍ട്ടിയാണ് ആര്‍എസ്പി. തന്റെ റാപ്പ് സംഗീതത്തിലൂടെ താന്‍ ലക്ഷ്യം വെച്ച അതേ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയായതിനാലാണ് ബലേന്ദ്ര ഷാ ഇത് തിരഞ്ഞെടുത്തത്.

ആര്‍എസ്പിയുടെതിരഞ്ഞെടുപ്പ് ചിഹ്നമായ ബെല്‍ അടയാളത്തിലാണ് അദ്ദേഹം മത്സരിച്ചത്. നേരത്തെയുണ്ടാക്കിയ കരാര്‍ പ്രകാരം, തിരഞ്ഞെടുപ്പിന് ശേഷം ബലേന്ദ്ര ഷായെ പാര്‍ട്ടിയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായും ഉയര്‍ത്തിക്കാട്ടാന്‍ ധാരണയായിരുന്നു. തിരഞ്ഞെടുപ്പിയാവട്ടെ, സോഷ്യല്‍ മീഡിയയെ മുന്‍ നിര്‍ത്തി പ്രചണ്ഡമായ പ്രചാരണമാണ് അവര്‍ അഴിച്ചുവിട്ടത്. യുവാക്കളുടെ 99 ശതമാനം വോട്ടും ആര്‍എസ്പിക്ക് അനുകൂലമായി വീണു. 2026 മാര്‍ച്ചില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ 182 സീറ്റുകള്‍ നേടി ആര്‍എസ്പി വന്‍ ഭൂരിപക്ഷം ഉറപ്പാക്കി. ഈ വിജയത്തോടെ 35-ാം വയസ്സില്‍ ബലേന്ദ്ര ഷാ നേപ്പാളിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുകയാണ്.

മുന്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയെ അദ്ദേഹത്തിന്റെ തട്ടകമായ ജാപ്പ-5ല്‍ വന്‍ ഭൂരിപക്ഷത്തിനാണ് ഷാ തോല്‍പ്പിച്ചത്. അഴിമതിയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും ഇനിയും മുക്തമായിട്ടില്ലാത്ത ഒരു നാട്, ഈ യുവ പ്രധാനമന്ത്രിയില്‍ ഏറെ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നും ലളിതമായ ജീവിത ശൈലയിയാണ് അദ്ദേഹത്തിന്റെത്. ആഡംബരങ്ങളില്ലാതെ, അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഒരു സാധാരണ ചടങ്ങായിട്ടാണ് അദ്ദേഹം വിവാഹിതനായത്. മേയറായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം സര്‍ക്കാര്‍ നല്‍കുന്ന ആഡംബര സൗകര്യങ്ങളോ സുരക്ഷാ വാഹനങ്ങളോ ഉപയോഗിക്കുന്നതില്‍ അദ്ദേഹം വലിയ താല്‍പ്പര്യമെടുത്തിരുന്നില്ല. പലപ്പോഴും സാധാരണക്കാരെപ്പോലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്.

2025-ലെ യുവജന പ്രക്ഷോഭ സമയത്ത് ഒരു വിഐപി എന്നതിലുപരി സാധാരണ യുവാക്കള്‍ക്കൊപ്പം തെരുവിലിരുന്ന് ചായ കുടിക്കുകയും അവരോട് സംവദിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഔദ്യോഗിക പദവികളില്‍ ഇരിക്കുമ്പോഴും തന്റെ സിഗ്നേച്ചര്‍ ലുക്കായ കറുത്ത സണ്‍ഗ്ലാസും സാധാരണ വസ്ത്രങ്ങളും ധരിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഇത് സാധാരണക്കാരായ യുവാക്കളുമായി അദ്ദേഹത്തെ കൂടുതല്‍ അടുപ്പിച്ചു.

ഇന്ത്യയുടെ സുഹൃത്ത്

എന്തൊക്കെയായാലും ഇന്ത്യക്കും ആശ്വസിക്കാവുന്ന ഒന്നാണ് നേപ്പാളിലെ ഭരണമാറ്റം. പുതിയ ചെറുപ്പക്കാരനായ പ്രധാനമന്ത്രി ഇന്ത്യയുടെ സുഹൃത്തായാണ് അറിയപ്പെടുന്നത്. 'നേപ്പാള്‍ ഫസ്റ്റ്' എന്ന നയമാണ് ബലേന്ദ്ര ഷായുടേത്. ഇന്ത്യയെ ഒരു രാഷ്ട്രീയ അയല്‍ക്കാരന്‍ എന്നതിലുപരി പ്രധാന സാമ്പത്തിക പങ്കാളിയായാണ് അദ്ദേഹം കാണുന്നത്. ഒരു എന്‍ജിനീയര്‍ എന്ന നിലയിലുള്ള തന്റെ അറിവ് ഉപയോഗിച്ച് നേപ്പാളിലെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങളെ ഇന്ത്യയുടെ യുപിഐയുമായി ബന്ധിപ്പിക്കാന്‍ അദ്ദേഹം താല്‍പ്പര്യപ്പെടുന്നു. ഇത് അതിര്‍ത്തി കടന്നുള്ള വ്യാപാരവും ടൂറിസവും എളുപ്പമാക്കും. നേപ്പാളിലെ മിച്ചം വരുന്ന വൈദ്യുതി ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനായി ദീര്‍ഘകാല കരാറുകളില്‍ ഒപ്പിടുക എന്നത് അദ്ദേഹത്തിന്റെ മുന്‍ഗണനയാണ്.

ചരിത്രപരമായ ബന്ധങ്ങളെ വിലമതിക്കുമ്പോഴും, നിലവിലെ സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ 1950-ലെ ഇന്ത്യ-നേപ്പാള്‍ സമാധാന സൗഹൃദ കരാര്‍ പരിഷ്‌കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. നേപ്പാളിന്റെ പരമാധികാരത്തെ മാനിച്ചുകൊണ്ടുള്ള ബന്ധമാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഒരു റാപ്പര്‍ എന്ന നിലയില്‍ നേപ്പാളിലെയും ഇന്ത്യയിലെയും യുവതലമുറയ്ക്കിടയില്‍ ബലേന്ദ്ര ഷായ്ക്ക് വലിയ സ്വാധീനമുണ്ട്. ഇത് ഇരുരാജ്യങ്ങളിലെയും യുവാക്കളെ തമ്മില്‍ അടുപ്പിക്കാന്‍ സഹായിക്കുന്നു. ജനക്പൂരിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന രാമായണ സര്‍ക്യൂട്ടും ബുദ്ധ സര്‍ക്യൂട്ടും വികസിപ്പിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നു.

കാലാപാനി, ലിപുലേഖ് തുടങ്ങിയ അതിര്‍ത്തി തര്‍ക്കങ്ങള്‍ രാഷ്ട്രീയമായ പ്രസംഗങ്ങളിലൂടെയല്ലാതെ, നയതന്ത്ര ചര്‍ച്ചകളിലൂടെയും സാങ്കേതിക സമിതികളിലൂടെയും പരിഹരിക്കാനാണ് ഷാ താല്‍പ്പര്യപ്പെടുന്നത്. ഇടയ്ക്കിടെ സര്‍ക്കാരുകള്‍ മാറിവന്നിരുന്ന നേപ്പാളില്‍, ആര്‍.എസ്.പി സര്‍ക്കാരിന്റെ ഭൂരിപക്ഷം ഇന്ത്യയ്ക്ക് ഒരു സുസ്ഥിരമായ പങ്കാളിയെ നല്‍കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യയുടെ സഹായത്തോടെ കൂടുതല്‍ റോഡ്-റെയില്‍ പദ്ധതികളും പുതിയ നേപ്പാള്‍ പ്രധാനമന്ത്രി ലക്ഷ്യമിടുന്നുണ്ട്.

വിജയിച്ച വാര്‍ത്ത വന്നതിനുശേഷമുള്ള ആദ്യ അഭിമുഖത്തില്‍ ബലേന്ദ്ര ഷാ പറഞ്ഞത് നേപ്പാളിലെ അഴിമതി തുടച്ചുനീക്കുമെന്നാണ്. 1990 മുതലുള്ള എല്ലാ വലിയ അഴിമതി കേസുകളെക്കുറിച്ചും അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിനായി കാബിനറ്റ് യോഗങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ തീരുമാനിച്ചു. കാഠ്മണ്ഡു മേയറായിരുന്നപ്പോഴും അദ്ദേഹം ഈ രീതി നടപ്പിലാക്കിയിരുന്നു.



 



2025 സെപ്റ്റംബറിലെ യുവജന പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താന്‍ ഉത്തരവിട്ടവര്‍ക്കെതിരെയും പ്രക്ഷോഭകര്‍ക്കിടയില്‍ അക്രമം നടത്തിയവര്‍ക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം ഉത്തരവിടും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 12 ലക്ഷം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കാത്തിരിക്കാം, നമ്മുടെ അയല്‍രാജ്യത്ത് എന്തു സംഭവിക്കുമെന്ന്.

വാല്‍ക്കഷ്ണം: നമ്മള്‍ പാല്‍ക്കുപ്പികള്‍ എന്ന് പരിഹസിക്കുന്ന, നേപ്പാളിലെ ജെന്‍ സീയുടെ വിജയം തന്നെയാണ് വെറും 35 വയസ്സുള്ള ഈ പ്രധാനമന്ത്രി. 80 വയസ്സുകഴിഞ്ഞാലും അധികാരക്കസേരയില്‍നിന്ന് മാറാത്ത കടല്‍ക്കിഴവന്‍മ്മാക്കുള്ള താക്കീത് കൂടിയാണിത്!

Tags:    

Similar News