ഇന്നലെ ആക്രമണ ഭീഷണി ഇന്ന് ചര്‍ച്ച; ഫ്ളിപ്പ്-ഫ്ളോപ്പ് ഡിപ്ലോമസി ഫ്ളോപ്പെന്ന് മാധ്യമങ്ങള്‍; പണപ്പെരുപ്പത്തില്‍ യുഎസില്‍ രോഷം; പ്രസിഡന്റിന്റെ ജനപ്രീതി ഇടിയുന്നു; പാക്കിസ്ഥാനെ മധ്യസ്ഥനാക്കിയതിലും പ്രതിഷേധം; നെതന്യാഹുവുമായും തെറ്റുന്നു; ഇറാന്‍ യുദ്ധത്തില്‍ പുലിവാലുപിടിച്ച് ട്രംപ്!

നെതന്യാഹുവുമായും തെറ്റുന്നു; ഇറാന്‍ യുദ്ധത്തില്‍ പുലിവാലുപിടിച്ച് ട്രംപ്!

Update: 2026-04-10 09:38 GMT

നായരുപിടിച്ച് പുലിവാല് എന്നൊരു ചൊല്ലുണ്ടല്ലോ? അതുപോലെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാനില്‍ ഒന്നാന്തരം പുലിവാല് പിടിച്ചിരിക്കയാണ്. യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ സ്വന്തം ജനത തിരിയും. അവസാനിപ്പിച്ചാല്‍, ഒന്നും നേടാതെ പോന്ന ഭീരുവെന്നും വാചകമടി വീരനുമെന്ന പേരുദോഷം കേള്‍ക്കേണ്ടി വരും. തന്റെ രാഷ്ട്രീയ ജീവതത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെയാണ്, ട്രംപ് കടുന്നുപോവുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നത്!

ഇറാനുമായുള്ള യുദ്ധം നീളുന്നതും അമേരിക്കന്‍ ആഭ്യന്തര വിപണിയില്‍ അനുഭവപ്പെടുന്ന കടുത്ത പണപ്പെരുപ്പവും ട്രംപിന്റെ ജനപ്രീതിക്ക് കനത്ത തിരിച്ചടിയാവുകയാണ്. ഡെയ്ലി മെയില്‍-ജെ.എല്‍ പാര്‍ട്ണേഴ്സ് സംയുക്തമായി നടത്തിയ ഏറ്റവും പുതിയ സര്‍വ്വേ ഫലങ്ങള്‍ പ്രകാരം ട്രംപിന്റെ പിന്തുണയില്‍ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ചിലെ സര്‍വ്വേയില്‍ 46 ശതമാനമായിരുന്ന ജനപിന്തുണ ഏപ്രില്‍ ആദ്യവാരത്തോടെ 43 ശതമാനമായി താഴ്ന്നു. രണ്ടാം വട്ടവും അധികാരത്തിലെത്തിയ ട്രംപിന്റെ ഭരണകാലത്തെ ഏറ്റവും കുറഞ്ഞ ജനപ്രീതിയാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്താനായി എന്തും ചെയ്യുന്ന വ്യക്തിയെന്നും, നാക്കുകൊണ്ട് യുദ്ധം ചെയ്ത് കാര്യം നേടാന്‍ സമര്‍ത്ഥന്‍ എന്നൊക്കെയാണ് ട്രംപ് നേരത്തെ അറിയപ്പെട്ടിരുന്നത്. യുദ്ധം ചെയ്യാതെ ഭീഷണിപ്പെടുത്തി കാര്യം നേടുക എന്ന നയം പക്ഷേ ഇറാനില്‍ പൊളിയുകയാണ്. ഫ്ളിപ്പ്-ഫ്ളോപ്പ് ഡിപ്ലോമസി എന്ന, ഒരു വശത്ത് അതിശക്തമായ ബോംബിംഗും ആക്രമണ ഭീഷണിയും നടത്തുകയും, പെട്ടെന്ന് തന്നെ വെടിനിര്‍ത്തലിന് തയ്യാറാവുകയും ചെയ്യുന്ന ട്രംപിന്റെ രീതി ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു. അതുപോലെ സാമ്പത്തികമായി പൊളിഞ്ഞ് പാപ്പരായ, ഇന്നും ഭീകരതയ്ക്ക് വഴിമരുന്നിടുന്ന പാക്കിസ്ഥാനെ ഇറാന്‍ യുദ്ധത്തിന്റെ മധ്യസ്ഥത ട്രംപ്, എല്‍പ്പിച്ചതും അമേരിക്കന്‍ മാധ്യമങ്ങള്‍ വിമര്‍ശന വിധേയമാക്കുകയാണ്. ചരുക്കിപ്പറഞ്ഞാല്‍ താന്‍ നേടിയ എല്ലാ കീര്‍ത്തിയും ഇറാനില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ട്രംപിനുള്ളത്.

എന്തുകൊണ്ട് പാക്കിസ്ഥാന്‍?

ഇറാനും, അമേരിക്കയും ഇസ്രയേലും തമ്മില്‍ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന രൂക്ഷമായ സംഘര്‍ഷങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ പാക്കിസ്ഥാന്‍ മുന്നോട്ടുവന്നതിന് പിന്നില്‍ ട്രംപാണെന്ന് പകല്‍പോലെ വ്യക്തമാണ്. അമേരിക്കയുമായുള്ള ദീര്‍ഘകാല സൗഹൃദവും, അയല്‍രാജ്യമായ ഇറാനുമായുള്ള അടുത്ത ബന്ധവും പാക്കിസ്ഥാന് തുണയായി. യുദ്ധം മൂലം തകര്‍ന്നുകൊണ്ടിരിക്കുന്ന സ്വന്തം രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ സംരക്ഷിക്കാനും രാജ്യാന്തര തലത്തില്‍ പ്രസക്തി നിലനിര്‍ത്താനും ഈ നീക്കം സഹായിക്കുമെന്ന് പാക്കിസ്ഥാന്‍ കണക്കുകൂട്ടുന്നു. സൗദി അറേബ്യയുമായുള്ള പ്രതിരോധ ഉടമ്പടി പ്രകാരം, ഇറാന്‍ സൗദിയെ ആക്രമിച്ചാല്‍ പാക്കിസ്ഥാന്‍ യുദ്ധത്തില്‍ പങ്കുചേരേണ്ടി വരും. ഇത് ഒഴിവാക്കാന്‍ സമാധാന ശ്രമങ്ങള്‍ അനിവാര്യമാണെന്ന് ഇസ്ലാമാബാദ് കരുതുന്നു. യുഎസ് സൈനിക താവളങ്ങള്‍ ഇല്ലാത്തതും, ഇറാനുമായി അതിര്‍ത്തി പങ്കിടുന്നതുമായ പാക്കിസ്ഥാന്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ ഒരു നിഷ്പക്ഷ വേദിയായും വിലയിരുത്തപ്പെട്ടു.


 



നേരിട്ട് ചര്‍ച്ചകള്‍ നടത്താന്‍ കഴിയാത്ത അമേരിക്കയ്ക്കും ഇറാനുമിടയില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ റോയിട്ടേഴ്സ്, റിപ്പോര്‍ട്ട് ചെയ്യുന്നതുപോലെ പാക്കിസ്ഥാന്‍ ഒരു 'ബാക്ക് ചാനല്‍' ആയി പ്രവര്‍ത്തിക്കുന്നു. ഇറാന്റെ അയല്‍രാജ്യം എന്ന നിലയില്‍ ചര്‍ച്ചകള്‍ സുഗമമാക്കാന്‍ ഇസ്ലാമാബാദിന് എളുപ്പത്തില്‍ സാധിക്കും. ഇറാന്‍ ഒരു പുതിയ പത്തിന സമാധാന നിര്‍ദ്ദേശം മുന്നോട്ടുവെച്ചതിനെത്തുടര്‍ന്ന്, സംഘര്‍ഷം ലഘൂകരിക്കാന്‍ ട്രംപ് ഭരണകൂടം പാക്കിസ്ഥാനെ ഉപയോഗപ്പെടുത്തുകയായിരുന്നു. ട്രംപിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവര്‍ ഈ മധ്യസ്ഥ ദൗത്യം ഏറ്റെടുത്തതെന്ന വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് പങ്കുവെച്ച എക്സ് പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചു. 2026 ഏപ്രില്‍ 8-ന് അദ്ദേഹം പങ്കുവെച്ച പോസ്റ്റിന്റെ തുടക്കത്തില്‍, 'ഡ്രാഫ്റ്റ് -പാക്കിസ്ഥാന്‍സ് പി എം മെസേജ് ഓണ്‍ എക്സ്' എന്ന തലക്കെട്ടുണ്ടായിരുന്നു. പോസ്റ്റ് തയ്യാറാക്കിയത് പാക്കിസഥാന്‍ സ്വന്തമായല്ലെന്നും, ട്രംപിന്റെ ടീമോ മറ്റ് വിദേശ പ്രതിനിധികളോ നല്‍കിയ ഡ്രാഫ്റ്റ് മാറ്റങ്ങള്‍ വരുത്താതെ കോപ്പിപേസ്റ്റ് ചെയ്തതാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഈ ഭാഗം നീക്കം ചെയ്തുകൊണ്ട് പോസ്റ്റ് എഡിറ്റ് ചെയ്യപ്പെട്ടെങ്കിലും, അതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായിക്കഴിഞ്ഞിരുന്നു. ഈ സാങ്കേതിക പിഴവ് പാക്കിസ്ഥാന്‍ ഭരണകൂടത്തിന് വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടാക്കിയിട്ടുണ്ട്. എങ്കിലും നിലവില്‍ നിശ്ചയിച്ച പ്രകാരം ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കുകയാണ്.

ഫ്ളിപ്പ്-ഫ്ളോപ്പ് ഡിപ്ലോമസി ഫളോപ്പ്!

യുദ്ധം നീണ്ടുപോയാല്‍ അമേരിക്കയിലുണ്ടാകുന്ന ഇന്ധനവില വര്‍ദ്ധനവും നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിലെ തിരിച്ചടിയും ഭയന്നാണ് ട്രംപ് വേഗത്തില്‍ സമാധാനത്തിന് ശ്രമിക്കുന്നതെന്ന് യുഎസ് മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ആണവ നിയന്ത്രണമാണ് ട്രംപിന്റെ പ്രധാന ലക്ഷ്യം. ഇറാന്റെ എല്ലാ പ്രധാന ആണവ കേന്ദ്രങ്ങളും തകര്‍ക്കുക, യുറേനിയം സമ്പുഷ്ടീകരണം പൂര്‍ണ്ണമായും നിര്‍ത്തുക, നിലവിലുള്ള സ്റ്റോക്ക് രാജ്യാന്തര ഏജന്‍സികള്‍ക്ക് കൈമാറുക എന്നതാണ് ട്രംപ് പ്രധാനമായും ലക്ഷ്യമിടുന്നത്.


 



ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെ വികസനവും ഡ്രോണ്‍ നിര്‍മ്മാണവും ഇറാന്‍ അവസാനിപ്പിക്കണം. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് കപ്പല്‍ ഗതാഗതത്തിനായി ഉടനടി തുറന്നുകൊടുക്കണണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. ഹിസ്ബുള്ള, ഹൂതികള്‍ തുടങ്ങിയ സായുധ സംഘങ്ങള്‍ക്കുള്ള സാമ്പത്തിക-സൈനിക സഹായം ഇറാന്‍ നിര്‍ത്തലാക്കണമെന്നും ട്രംപ് ആവര്‍ത്തിക്കുന്നു. ഈ നിബന്ധനകള്‍ അംഗീകരിച്ചാല്‍ ഇറാന് മേലുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കാമെന്നും ട്രംപ് വാഗ്ദാനം ചെയ്യുന്നു.

പക്ഷേ ഇതില്‍ എത്രയെണ്ണം നടപ്പാവുമെന്ന് സംശയമുണ്ട്. അതിനിടെ യുഎസ് മാധ്യമങ്ങളില്‍നിന്ന് ട്രംപിനെതിരെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. ഇവര്‍ ട്രംപ് പ്രശ്നം വഷളാക്കിയെന്നാണ് ആരോപിക്കുന്നത്. ഭൂരിഭാഗം അമേരിക്കക്കാരും മറ്റൊരു വലിയ യുദ്ധത്തിലേക്ക് രാജ്യം നീങ്ങുന്നതിനോട് യോജിക്കുന്നില്ല. അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും അനുഭവങ്ങള്‍ അവരെ ഭയപ്പെടുത്തുന്നു. യുദ്ധം മൂലം പണപ്പെരുപ്പം കൂടുമെന്നും ഇന്ധനവില കുതിച്ചുയരുമെന്നും സാധാരണക്കാര്‍ ഭയപ്പെടുന്നു. ഇത് ട്രംപിന്റെ ജനപ്രീതിയെ ബാധിക്കുന്നുണ്ട്.

പ്രധാന യുഎസ് മാധ്യമങ്ങളായ സിഎന്‍എന്‍, ദ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംങ്്ടണ്‍ പോസ്റ്റ് തുടങ്ങിയവര്‍ ട്രംപിന്റെ സമീപനത്തെ ശക്തമായാണ് വിമര്‍ശിക്കുന്നത്. ഒരു വശത്ത് അതിശക്തമായ ബോംബിംഗും ആക്രമണ ഭീഷണിയും നടത്തുകയും, പെട്ടെന്ന് തന്നെ വെടിനിര്‍ത്തലിന് തയ്യാറാവുകയും ചെയ്യുന്ന ട്രംപിന്റെ രീതി (ഫ്ളിപ്പ്-ഫ്ളോപ്പ് ഡിപ്ലോമസി) ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് മാധ്യമങ്ങള്‍ പറയുന്നു.

ട്രംപിന്റെ നയങ്ങള്‍ അമേരിക്കയുടെ താല്‍പ്പര്യത്തേക്കാള്‍ ഇസ്രായേലിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന വിമര്‍ശനവും ശക്തമാണ്. പാക്കിസ്ഥാനെപ്പോലെ സാമ്പത്തികമായി തകര്‍ന്ന ഒരു രാജ്യത്തെ മധ്യസ്ഥനാക്കിയത് അമേരിക്കയുടെ നയതന്ത്ര പരാജയമാണെന്ന് ചില രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു. ചുരുക്കത്തില്‍, ട്രംപിന്റെ 'മാക്സിമം പ്രഷര്‍ നയം' മേഖലയെ യുദ്ധത്തിന്റെ വക്കിലെത്തിച്ചുവെന്നും, ഇപ്പോള്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുന്നത് സ്വന്തം രാഷ്ട്രീയ രക്ഷയ്ക്കുവേണ്ടിയാണെന്നുമാണ് അമേരിക്കയിലെ പ്രബല മാധ്യമങ്ങളുടെ പക്ഷം.

ട്രംപിന്റെ ജനപ്രീതി ഇടിയുന്നു


 



ഇറാനെ ബോംബിട്ട് തകര്‍ക്കുമെന്ന ഭീഷണിക്ക് പിന്നാലെ പ്രഖ്യാപിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ വോട്ടര്‍മാരിലുണ്ടായ ആശങ്ക പരിഹരിക്കാന്‍ പര്യാപ്തമായില്ലെന്നാണ് ഡെയ്ലി മെയില്‍-ജെ.എല്‍ പാര്‍ട്ണേഴ്സ് സര്‍വേഫലം, സൂചിപ്പിക്കുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 43 ശതമാനം പേരും ട്രംപിനെതിരെയുള്ള നിലപാടിന് കാരണമായി ചൂണ്ടിക്കാട്ടുന്നത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും വര്‍ധിച്ചുവരുന്ന ജീവിതച്ചെലവുമാണ്. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം അമേരിക്കയിലെ ഇന്ധനവിലയില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത്. മുന്‍പ് ഗാലന് 2.98 ഡോളറായിരുന്ന പെട്രോള്‍ വില ഇപ്പോള്‍ 4.17 ഡോളറില്‍ എത്തിനില്‍ക്കുന്നു. ഇത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരാന്‍ ഇടയാക്കി.

ഇറാന്‍ വിഷയത്തിലെ ട്രംപിന്റെ കര്‍ക്കശമായ വിദേശനയമാണ് ജനപ്രീതി കുറയാനുള്ള മറ്റൊരു പ്രധാന ഘടകം. സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായില്ലെങ്കില്‍ ഇറാന്റെ നാഗരികത തന്നെ തകര്‍ക്കുമെന്ന ട്രംപിന്റെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് വിദേശനയങ്ങളില്‍ അതൃപ്തിയുള്ളവരുടെ എണ്ണം കഴിഞ്ഞ മാസത്തേക്കാള്‍ എട്ട് ശതമാനം വര്‍ധിച്ചു. ട്രംപിന്റെ ഭരണരീതികളോട് സര്‍വ്വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ 41 ശതമാനം പേരും ട്രംപ് നയങ്ങളുടെ കടുത്ത വിരോധികളാണ്.

പാര്‍ട്ടി അനുഭാവികള്‍ക്കിടയില്‍ ട്രംപിന് ഇപ്പോഴും 79 ശതമാനംപിന്തുണയുണ്ടെങ്കിലും, തിരഞ്ഞെടുപ്പുകളില്‍ നിര്‍ണ്ണായകമാകുന്ന സ്വതന്ത്ര വോട്ടര്‍മാരുടെ പിന്തുണ 34-ല്‍ നിന്ന് 30 ശതമാനമായി കുറഞ്ഞു. കൂടുതല്‍ കണ്ടെത്തുക സിനിമ ടിക്കറ്റുകള്‍ ദേശീയ വാര്‍ത്തകള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വരും മാസങ്ങളില്‍ ഇറാന്‍ വിഷയത്തില്‍ ശാശ്വതമായ പരിഹാരം കണ്ടെത്താനോ വിലക്കയറ്റം നിയന്ത്രിക്കാനോ കഴിഞ്ഞില്ലെങ്കില്‍ ട്രംപ് കൂടുതല്‍ വെട്ടിലാകുമെന്ന് ഉറപ്പാണ്.

ഭരണകൂടത്തിനുള്ളിലെ ആഭ്യന്തര കലഹങ്ങളും ട്രംപിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. അടുത്തിടെ അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി, ഡി.എച്ച്.എസ് സെക്രട്ടറി ക്രിസ്റ്റി നോം എന്നീ വനിതാ അംഗങ്ങളെ ട്രംപ് പുറത്താക്കിയിരുന്നു. ഇവരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു. എപ്സ്റ്റീന്റെ ലൈംഗിക കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ ബോണ്ടിക്ക് വലിയ വീഴ്ച പറ്റിയെന്ന് ട്രംപ് വിശ്വസിക്കുന്നു. തന്റെ രാഷ്ട്രീയ ശത്രുക്കളെ പ്രോസിക്യൂട്ട് ചെയ്യുന്നതില്‍ ബോണ്ടി പരാജയപ്പെട്ടുവെന്ന് ട്രംപ് കരുതുന്നു. ഇവര്‍, കോണ്‍ഗ്രസ് ഹിയറിംഗുകളില്‍ നിയമസഭാംഗങ്ങളോട് ആക്രോശിച്ചതും അപമര്യാദയായി പെരുമാറിയതും സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന് ബിബിസി പറയുന്നു. ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ മാനേജ്‌മെന്റിലും ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിലും ഉണ്ടായ വീഴ്ചകളാണ് നോമിന് തിരിച്ചടിയായത്. മിനസോട്ടയില്‍ രണ്ട് ഫെഡറല്‍ ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതും തിരിച്ചടിയായി.

സഹായിയായ കോറി ലെവന്‍ഡോവ്സ്‌കിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള വാര്‍ത്തകളും ട്രംപിനെ ചൊടിപ്പിച്ചു. തന്റെ കാബിനറ്റിലെ ഏറ്റവും പ്രമുഖരായ രണ്ട് വനിതാ നേതാക്കളെ മാസങ്ങള്‍ക്കുള്ളില്‍ പുറത്താക്കിയത് 'സ്ത്രീവിരുദ്ധ ഭരണകൂടം' എന്ന വിമര്‍ശനം വിളിച്ചുവരുത്തിയെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാം ബോണ്ടിക്ക് പകരമായി തന്റെ മുന്‍ വ്യക്തിഗത അഭിഭാഷകനായിരുന്ന ടോഡ് ബ്ലാഞ്ചിനെയാണ് ട്രംപ് താല്‍ക്കാലികമായി നിയമിച്ചിരിക്കുന്നത്. ഇറാന്‍ യുദ്ധം പോലെയുള്ള പ്രതിസന്ധികള്‍ക്കിടയില്‍ ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധ തിരിക്കുമെന്നും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

വിയറ്റ്നാം യുദ്ധപ്പേടിയില്‍ അമേരിക്ക


 



അതിനിടെ, വിയറ്റ്‌നാം യുദ്ധവും നിലവിലെ ഇറാന്‍ സംഘര്‍ഷവും തമ്മിലുള്ള സമാനതകളെക്കുറിച്ച് അമേരിക്കന്‍ മാധ്യമങ്ങള്‍ വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ രണ്ട് യുദ്ധങ്ങളെയും താരതമ്യം ചെയ്തുകൊണ്ട് മാധ്യമങ്ങളുടെ വിമര്‍ശനം. വിയറ്റ്‌നാം യുദ്ധം പോലെ തന്നെ, ഇറാന്‍ യുദ്ധവുും ഒരു 'മിന്നലാക്രമണത്തിലൂടെ, അവസാനിപ്പിക്കാമെന്ന അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയതായി മാധ്യമങ്ങള്‍ വിലയിരുത്തുന്നു. വിയറ്റ്‌നാമിലേത് പോലെ ഇതൊരു ദീര്‍ഘകാല യുദ്ധമായി മാറുമോ എന്ന ആശങ്ക ശക്തമാണ്.വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം നല്‍കിയിരുന്ന ശുഭാപ്തിവിശ്വാസം നിറഞ്ഞ ബ്രീഫിംഗുകളെ, 'ഫൈവ് ഒ ക്ലോക്ക് ഫൂളീസ്' എന്നാണ് വിളിച്ചിരുന്നത്. ഇതിനു സമാനമായി, ഇപ്പോള്‍ ഇറാനില്‍ തങ്ങള്‍ വലിയ വിജയം നേടുന്നുവെന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ അവകാശവാദങ്ങളും യുദ്ധക്കളത്തിലെ യാഥാര്‍ത്ഥ്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നു.

വിയറ്റ്‌നാം യുദ്ധകാലത്ത് അമേരിക്കയിലുണ്ടായതുപോലെ വലിയ രീതിയിലുള്ള യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് മാധ്യമങ്ങള്‍ എടുത്തുകാട്ടുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് മേലുള്ള ജനകീയ സമ്മര്‍ദ്ദം ഇതിന് ഉദാഹരണമാണ്.വിയറ്റ്‌നാമിന് റഷ്യയും ചൈനയും നല്‍കിയ പിന്തുണയ്ക്ക് സമാനമായി, ഇറാനും ഇപ്പോള്‍ ഈ രാജ്യങ്ങളില്‍ നിന്ന് രഹസ്യമായും പരസ്യമായും സഹായം ലഭിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമര്‍ശനങ്ങള്‍ക്കിടയിലും, ട്രംപ് ഈ താരതമ്യങ്ങളെ തന്റെ രീതിയില്‍ ന്യായീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. വിയറ്റ്‌നാം, കൊറിയ, ഇറാഖ് യുദ്ധങ്ങള്‍ വര്‍ഷങ്ങളോളം നീണ്ടുനിന്നവയാണെന്നും എന്നാല്‍ ഇറാനിലെ തന്റെ ഇടപെടല്‍ അതിനേക്കാള്‍ വേഗത്തില്‍ സമാധാനത്തിലേക്ക് നയിക്കുമെന്നുമാണ് ട്രംപ് അവകാശപ്പെടുന്നത്. മാധ്യമങ്ങള്‍ ഇതിനെ 'അമേരിക്കയുടെ രണ്ടാമത്തെ വിയറ്റ്‌നാം' ആകാനുള്ള സാധ്യതയായാണ് കാണുന്നത്. ഇറാന്‍ വലിയ ജനസംഖ്യയുള്ളതും ഭൂമിശാസ്ത്രപരമായി സങ്കീര്‍ണ്ണവുമായ രാജ്യമായതുകൊണ്ട് ഒരു സമ്പൂര്‍ണ്ണ യുദ്ധം അമേരിക്കയ്ക്ക് വലിയ ആള്‍നാശവും സാമ്പത്തിക തകര്‍ച്ചയും ഉണ്ടാക്കുമെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതുകൊണ്ടുതന്നെയാണ് ഇറാനിലെ ഖാര്‍ഖ് ദ്വീപ് പിടിച്ചെടുക്കുമെന്നൊക്കെ ട്രംപ് അവകാശപ്പെടുമ്പോള്‍, അത് ഒരു കെണിയായി മാറുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ പറയുന്നത്. വിയറ്റ്‌നാമിലും അമേരിക്ക ഇതുപോലെ കെണിയില്‍ പെടുകയായിരുന്നു. ഗറില്ലായുദ്ധമായിരുന്നു ആ കെണി. വിയറ്റ്നാം യുദ്ധം, അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക തിരിച്ചടികളിലൊന്നാണ്. യുഎസ്, വിയറ്റ്നാം യുദ്ധത്തില്‍ ഇടപെട്ടത് പ്രധാനമായും കമ്മ്യൂണിസത്തിന്റെ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ്. ഒരു രാജ്യം കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴിലായാല്‍ അയല്‍രാജ്യങ്ങളും ഒന്നിനുപുറകെ ഒന്നായി കമ്മ്യൂണിസത്തിലേക്ക് വീഴും എന്നതായിരുന്നു അമേരിക്കയുടെ ഭയം. കമ്മ്യൂണിസ്റ്റ് ഭരണമുള്ള ഉത്തര വിയറ്റ്നാം ദക്ഷിണ വിയറ്റ്നാമിനെ പിടിച്ചെടുക്കുന്നത് തടയാന്‍ അമേരിക്ക ഇടപെട്ടു.

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായിരുന്നിട്ടും അമേരിക്കയ്ക്ക് വിയറ്റ്നാമില്‍ വലിയ തിരിച്ചടി നേരിട്ടു. ഗറില്ലാ യുദ്ധമുറകളായിരുന്നു യുഎസ് സേനയെ വട്ടം ചുറ്റിച്ചത്. വിയറ്റ്‌നാം സൈനികര്‍ കാടുകളിലും ഭൂഗര്‍ഭ തുരങ്കങ്ങളിലും ഒളിഞ്ഞിരുന്ന് നടത്തിയ ആക്രമണങ്ങളെ നേരിടാന്‍ അത്യാധുനിക ആയുധങ്ങളുണ്ടായിട്ടും അമേരിക്കയ്ക്ക് കഴിഞ്ഞില്ല.

വിയറ്റ്നാമിലെ ഇടതൂര്‍ന്ന കാടുകളും ചതുപ്പുനിലങ്ങളും അമേരിക്കന്‍ സൈനികര്‍ക്ക് പരിചിതമായിരുന്നില്ല. അമേരിക്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ (ഉദാഹരണത്തിന് മൈ ലായ് കൂട്ടക്കൊല) പ്രാദേശിക ജനതയെ അവര്‍ക്കെതിരാക്കി.യുദ്ധം നീണ്ടുപോയതോടെ അമേരിക്കയ്ക്കുള്ളില്‍ തന്നെ ജനങ്ങള്‍ യുദ്ധവിരുദ്ധ സമരങ്ങള്‍ ആരംഭിച്ചു. ഇത് സര്‍ക്കാരിനെ വലിയ സമ്മര്‍ദ്ദത്തിലാക്കി. 1973-ല്‍ അമേരിക്കന്‍ സൈന്യം പിന്മാറിയതോടെ 1975-ല്‍ ഉത്തര വിയറ്റ്നാം ദക്ഷിണ വിയറ്റ്നാമിനെ കീഴടക്കി. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് ഭരണത്തിന് കീഴില്‍ ഒന്നായി മാറി. ഏകദേശം 58,000-ത്തോളം അമേരിക്കന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമാവുകയും സാമ്പത്തികമായി രാജ്യം വലിയ തകര്‍ച്ച നേരിടുകയും ചെയ്തു. സൈനികമായ കരുത്തുണ്ടായിട്ടും ഒരു ജനതയുടെ ആത്മവീര്യത്തിന് മുന്നില്‍ അമേരിക്കയ്ക്ക് പരാജയം സമ്മതിച്ച് പിന്മാറേണ്ടി വന്നു. ട്രംപിന്റെ പിടിവാശിമൂലം രണ്ടാം വിയറ്റനാം ആവര്‍ത്തിക്കുമെന്നാണ്, ന്യൂയോര്‍ക്ക് ടൈംസ് വിമര്‍ശിക്കുന്നത്.

ഇസ്രയേലിനെയും വിരട്ടി ട്രംപ്


 



ഇതുകൊണ്ടെല്ലാമായിരിക്കണം, ഇറാനെ ഭസ്മമാക്കിക്കളയും എന്നൊക്കെയുള്ള വിരട്ടലുകളില്‍നിന്ന് മാറി ട്രംപ് ഇപ്പോള്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത്. മാത്രമല്ല, എന്തുപറഞ്ഞാലും, ഇസ്രയേലിനൊപ്പം നില്‍ക്കുക എന്ന പരിപാടിയും ഇറാന്‍ വിഷയത്തില്‍ ട്രംപ് നിര്‍ത്തി. വെടിനിര്‍ത്തല്‍ കരാറിനെ അട്ടിമറിക്കുന്ന തരത്തില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ട്രംപ് അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ലെബനനിലെ ആക്രമണങ്ങള്‍ കുറയ്ക്കണമെന്നും സമാധാന ചര്‍ച്ചകളുമായി സഹകരിക്കണമെന്നും ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. നെതന്യാഹുവിനോട് താന്‍ സംസാരിച്ചതായും കാര്യങ്ങള്‍ അല്പം ശാന്തമായി കൈകാര്യം ചെയ്യാന്‍ അദ്ദേഹം തയ്യാറാകുമെന്നും തങ്ങള്‍ ഇപ്പോള്‍ കുറച്ചുകൂടി സംയമനം പാലിക്കേണ്ടതുണ്ടെന്നാണ് തന്റെ പക്ഷമെന്നും ട്രംപ് എന്‍.ബി.സി ന്യൂസിനോട് പറഞ്ഞു.

.അമേരിക്കയുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ ലബനനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇറാന്റെ വാദം. എന്നാല്‍ ഹിസ്ബുള്ളയ്‌ക്കെതിരായ നീക്കം ഇതില്‍ ഉള്‍പ്പെടുന്നില്ലെന്ന നിലപാടിലാണ് ഇസ്രായേലും അമേരിക്കന്‍ നയതന്ത്രജ്ഞരും. അതിനിടെ, അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ലബനനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് നെതന്യാഹു തയ്യാറെടുക്കുന്നതായും സൂചയുണ്ട്. അടുത്തയാഴ്ച വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആസ്ഥാനത്ത് ചര്‍ച്ചകള്‍ ആരംഭിക്കും. ഹിസ്ബുള്ളയെ നിരായുധീകരിക്കുക, ഇസ്രായേല്‍-ലബനന്‍ സമാധാനം സ്ഥാപിക്കുക എന്നിവയാകും പ്രധാന ചര്‍ച്ചാവിഷയങ്ങള്‍. പാക്കിസ്ഥാനില്‍ വെച്ച് ഇറാനുമായും വാഷിംഗ്ടണില്‍ വെച്ച് ലബനനുമായും അമേരിക്ക ചര്‍ച്ചകള്‍ നടത്തും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പാക്കിസ്ഥാനിലെ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് ശേഷം ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ ലബനനില്‍ 254 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പക്ഷേ ഈ യുദ്ധത്തില്‍ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും, അമേരിക്കയും -ഇസ്രയേലും തമ്മിലുള്ള ദീര്‍ഘകാല ബന്ധത്തെ തകര്‍ക്കില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ട്രംപിന്റെ സമാധാന പദ്ധതികള്‍ക്ക് വിരുദ്ധമായി ഇസ്രയേല്‍ പ്രവര്‍ത്തിക്കുന്നത് വൈറ്റ് ഹൗസിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. 'തങ്ങളുടെ വിരല്‍ ഇപ്പോഴും ട്രിഗറിലാണ്' എന്നും ഇറാന്‍ കരാര്‍ ലംഘിച്ചാല്‍ വീണ്ടും ആക്രമണം തുടരുമെന്നും നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് വെടിനിര്‍ത്തലിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.

ചുരുക്കത്തില്‍, തന്റെ സമാധാന ശ്രമങ്ങളെ ഇസ്രയേല്‍ അട്ടിമറിക്കുമോ എന്ന ആശങ്ക ട്രംപിനുണ്ട്. എങ്കിലും ഇസ്രയേലിന്റെ സുരക്ഷാ കാര്യങ്ങളില്‍ ട്രംപ് ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ ഇസ്രയേലിനുമേല്‍ വലിയ സമ്മര്‍ദ്ദമാണ് അമേരിക്ക ചെലുത്തുന്നത്. പക്ഷേ ആയുധം താഴെവെച്ചാല്‍ തങ്ങള്‍ അന്ന് തീരുമെന്ന് ഇസ്രയേലിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ അമേരിക്ക എന്ത് നിലപാട് എടുത്താലും ഇസ്രയേല്‍ തങ്ങളുടെ ജോലിയുമായി മുന്നോട്ട് പോവുകയാണ്.

വാല്‍ക്കഷ്ണം: സമയവും സന്ദര്‍ഭവും സാഹചര്യവും നോക്കിക്കളിക്കുന്ന ഒരു പക്കാ രാഷ്ട്രീയക്കാരന്‍ തന്നെയാണ് ട്രംപ്. നാളെ അയാള്‍ ഇറാനുമായി സഖ്യമുണ്ടായാലും അത്ഭുതപ്പെടാനില്ല. പക്ഷേ നെതന്യാഹുവും ഇസ്രയേലും അങ്ങനെയല്ല. അവര്‍ പറയുന്നത് പ്രവര്‍ത്തിക്കും. ഇറാന്റെ ആണവഭീഷണി പുര്‍ണ്ണമായും അവസാനിക്കുന്നതുവരെ തങ്ങള്‍ പിന്നോട്ടില്ല എന്നാണ് നെതന്യാഹുവിന്റെ നിലപാട്. ട്രംപും നെതന്യാഹുവും തമ്മില്‍ നിലപാടുകളുടെ കാര്യത്തില്‍ പ്രകാശവര്‍ഷങ്ങളുടെ ദൂരമുണ്ട്.

Tags:    

Similar News