പാക്കിസ്ഥാനില്‍ പട്ടിണിയുടെ റമദാന്‍; കൊറിയ തൊട്ട് കേരളത്തില്‍വരെ ഗ്യാസ് ക്ഷാമം; ഓഹരി വിപണിക്ക് നഷ്ടം 3.2 ട്രില്യണ്‍; എണ്ണ കയറ്റുമതി നിരോധിച്ച് ചൈന; യൂറോപ്പിലും പ്രതിസന്ധി; അമേരിക്കക്കും ഇസ്രയേലിനും ശതകോടികളുടെ നഷ്ടം; പശ്ചിമേഷ്യന്‍ യുദ്ധം ആഗോള മാന്ദ്യമുണ്ടാക്കുമോ?
അമേരിക്കക്കും ഇസ്രയേലിനും ശതകോടികളുടെ നഷ്ടം; പശ്ചിമേഷ്യന്‍ യുദ്ധം ആഗോള മാന്ദ്യമുണ്ടാക്കുമോ?
രണ്ടാഴ്ചക്കുള്ളില്‍, ആഗോള സമ്പദ് വ്യവസ്ഥക്ക് 275 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായ ഒരു യുദ്ധം! ഓഹരി വിപണിയിലെ തകര്‍ച്ച വഴി നഷ്ടം 265 ലക്ഷം കോടി, അമേരിക്കയുടെ സൈനിക ചെലവ് വഴി 94,000 കോടി, ഇസ്രയേലിന്റെ പ്രതിവാര നഷ്ടം വഴി24,000 കോടി, കപ്പല്‍/വിമാന ഗതാഗത തടസ്സം വഴി 83,000 കോടി.... അങ്ങനെ ആ നഷ്ടങ്ങളുടെ കണക്ക് പെരുകുകയാണ്. ഇറാനെ, അമേരിക്കയും ഇസ്രയേലും ആക്രമിച്ചതുവഴി ആഗോള സമ്പദ് വ്യവസ്ഥക്ക് ഉണ്ടായിരിക്കുന്നത് വലിയ നഷ്ടമാണ്. കൊറിയ മുതല്‍ കേരളംവരെയുള്ള മുഴുവന്‍ പ്രദേശങ്ങളെയും അത് ബാധിക്കയാണ്. ഹോര്‍മുസ് കടലിടക്കിലുടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ ലോകമെങ്ങുമുള്ള ഓയില്‍ & ഗ്യാസ് സപ്ലൈ താറുമാറായി. ക്രൂഡ് ഓയില്‍, എല്‍.പി.ജി നിരക്കുകള്‍ ഇതോടെ പറന്നു കയറി.
ഇന്ത്യയിലെ എല്‍.പി.ജി നിരക്കുകള്‍ വര്‍ധിച്ചത് കഴിഞ്ഞ ദിവസമാണ്. തുടരുന്ന യുദ്ധം വരും ദിവസങ്ങളില്‍ സാധാരണക്കാരെയടക്കം ബാധിക്കും. നമ്മുടെ നാട്ടില്‍ ഗ്യാസ് സിലണ്ടര്‍ കിട്ടാതായതോടെ ഹോട്ടലുകള്‍ പൂട്ടുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഓഹരി വിപണിയിലെ ഇടിവ് വഴി മാത്രം നിക്ഷേപകര്‍ക്ക് 22.40 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഇതിനോടകം സംഭവിച്ചിരിക്കുന്നത്. കൂടാതെ എണ്ണവില വര്‍ദ്ധനവ് മൂലം ഇറക്കുമതി ചെലവ് കുത്തനെ കൂടുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു.
പലരും കരുതുന്നതുപോലെ അമേരിക്കക്കും ഇസ്രയേലിനും ആയുധങ്ങള്‍ വിറ്റ് ലാഭം കിട്ടുന്ന പരിപാടിയല്ല ഇത്. ശതകോടികളുടെ നഷ്ടമാണ് ആ രാജ്യങ്ങള്‍ക്കും ഉണ്ടായിരിക്കുന്നത്. എന്നിട്ടും ഇറാന്‍ എന്ന ആഗോള വിപണത്തിനെ തടയാന്‍ അവര്‍ കൈയില്‍നിന്ന് കാശ് ചെലവിട്ട് യുദ്ധം ചെയ്യുകയാണ്. കാരണം ഇറാന്‍ ആണവശക്തിയായാല്‍ പിന്നെ ഈ ഭൂമുഖത്ത് അമേരിക്കയും ഇസ്രയേലും ഉണ്ടാവില്ല എന്ന് അവര്‍ക്ക് നല്ല നിശ്ചയമാണ്.
3.2 ട്രില്യണ്‍ ധൂളിയായ ഷെയര്‍ മാര്‍ക്കറ്റ്!
2026 ഫെബ്രുവരിയില്‍ പശ്ചിമേഷ്യയില്‍ ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ആഗോള ഓഹരി വിപണികളില്‍ നിന്ന് ഏകദേശം 3.2 ട്രില്യണ്‍ ഡോളറിലധികം (ഏകദേശം 265 ലക്ഷം കോടി രൂപ) മൂല്യം തുടച്ചുനീക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയയില്‍ ഒറ്റ ദിവസം കൊണ്ട് വിപണി മൂല്യത്തിന്റെ 8% ഇടിഞ്ഞു.
ജപ്പാനിലെ പ്രധാന സൂചികകളില്‍ 6% വരെ ഇടിവ് രേഖപ്പെടുത്തി. ജര്‍മ്മനി, സ്പെയിന്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ വിപണികള്‍ 4-5% വരെ താഴ്ന്നു. എംഎസ്സിഐ ഏഷ്യ പസഫിക് ഇന്‍ഡക്സ്, യുദ്ധം തുടങ്ങിയ ശേഷം ഈ സൂചികയില്‍ മാത്രം 7.5% ഇടിവുണ്ടായി. ഇന്ത്യന്‍ ഓഹരി വിപണിയിലും നിക്ഷേപകര്‍ക്ക് 22.40 ലക്ഷം കോടി രൂപയിലധികം നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു.സെന്‍സെക്‌സ് അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ നിന്ന് 10% ലധികം താഴേക്ക് പോയി. ചില ദിവസങ്ങളില്‍ മാത്രം 2,400 മുതല്‍ 2,700 വരെ പോയിന്റുകളുടെ വലിയ ഇടിവുകള്‍ രേഖപ്പെടുത്തി.
യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്യന്‍ ഓഹരി വിപണികളിലും വന്‍തോതിലുള്ള സാമ്പത്തിക തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ആദ്യ ദിവസങ്ങളില്‍ തന്നെ യൂറോപ്യന്‍ വിപണികളില്‍ നിന്ന് ഏകദേശം 500 ബില്യണ്‍ ഡോളറിലധികം (ഏകദേശം 41 ലക്ഷം കോടി രൂപ) നിക്ഷേപകരുടെ സമ്പത്ത് നഷ്ടപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മാര്‍ച്ച് ആദ്യവാരത്തില്‍ ഒരു ഘട്ടത്തില്‍ പാന്‍-യൂറോപ്യന്‍ സൂചികയായ സ്റ്റോക്ക്സ 600, ഒറ്റയടിക്ക് 3.1% വരെ ഇടിഞ്ഞു.
പ്രമുഖ വിപണികളായ ജര്‍മ്മനിയുടെ ഡിഎഎക്സ്, ഫ്രാന്‍സിന്റെ സിഎസി 40, സ്പെയിനിന്റെ ഐബിഇഎക്സ് 35 എന്നിവയില്‍ 2.4% മുതല്‍ 3.4% വരെ ഇടിവ് രേഖപ്പെടുത്തി. യുദ്ധം നീളുമെന്ന സൂചനകള്‍ വന്നതോടെ ജര്‍മ്മന്‍ ആയുധ നിര്‍മ്മാതാക്കളായ റൈന്‍മെറ്റല്‍ പോലുള്ള കമ്പനികളുടെ ഓഹരികളില്‍ പോലും 8% വരെ ചാഞ്ചാട്ടം പ്രകടമായി. ഇന്ധന വിലക്കയറ്റം യൂറോപ്യന്‍ രാജ്യങ്ങളില്‍ പണപ്പെരുപ്പത്തിന് കാരണമാകുമെന്ന ആശങ്ക നിക്ഷേപകരെ ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരായ എല്‍.ഐ.സി യുടെ ഇക്വിറ്റി പോര്‍ട്ട്‌ഫോളിയോയില്‍ നിന്ന് മാത്രം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 70,000 കോടി രൂപ നഷ്ടമായി. രൂപയുടെ മൂല്യം ഡോളറിനെതിരെ റെക്കോര്‍ഡ് താഴ്ചയായ 92 ലേക്ക് എത്തിയത് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിക്കാന്‍ കാരണമായി. പണപ്പെരുപ്പ ഭീഷണി വര്‍ധിച്ചതോടെ ഓഹരികളില്‍ നിന്ന് പണം പിന്‍വലിച്ച് നിക്ഷേപകര്‍ സ്വര്‍ണ്ണം, യു.എസ് ട്രഷറി ബോണ്ടുകള്‍ എന്നിവയിലേക്ക് മാറിയത് വിപണിയെ തളര്‍ത്തി.
യുദ്ധം അമേരിക്കന്‍ ഓഹരി വിപണിയെയും ബാധിച്ചു. ആദ്യ ആഴ്ചകളില്‍ തന്നെ അമേരിക്കന്‍ വിപണിയിലെ പ്രധാന സൂചികകളില്‍ നിന്നായി ഏകദേശം 1 ട്രില്യണ്‍ ഡോളറിനടുത്ത് (ഏകദേശം 83 ലക്ഷം കോടി രൂപ) വിപണി മൂല്യം ഇടിഞ്ഞു. മാര്‍ച്ച് ആദ്യവാരത്തില്‍ ഒരു ഘട്ടത്തില്‍ ഡൗ ജോണ്‍സ് സൂചിക 800 പോയിന്റോളം ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞു. എസ് ആന്‍ഡ് പി 500 സൂചിക യുദ്ധം തുടങ്ങിയതിനുശേഷം ഏകദേശം 1.5% മുതല്‍ 2% വരെ പ്രതിവാര നഷ്ടം രേഖപ്പെടുത്തി. മാര്‍ച്ച് 6-ന് അവസാനിച്ച വാരം, കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിവാര തകര്‍ച്ചയ്ക്കാണ് വാള്‍സ്ട്രീറ്റ് സാക്ഷ്യം വഹിച്ചത്.
യുദ്ധം മൂലം വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടത് യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെല്‍റ്റ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ 10-13% വരെ ഇടിയാന്‍ കാരണമായി.യുദ്ധത്തിനായി അമേരിക്ക ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ 11 ബില്യണ്‍ ഡോളറിലധികം (ഏകദേശം 91,000 കോടി രൂപ) ചെലവാക്കിയതായും കണക്കാക്കപ്പെടുന്നു. ഇതും സാമ്പത്തിക അസ്ഥിരതക്ക് കാരണമാക്കി.നിലവില്‍ വിപണിയില്‍ വലിയ അസ്ഥിരത തുടരുകയാണ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം യുദ്ധം ഉടന്‍ അവസാനിക്കുമെന്ന സൂചനകള്‍ നല്‍കിയതിനെത്തുടര്‍ന്ന് വിപണി നേരിയ തോതില്‍ തിരിച്ചുകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍ ഇപ്പോഴും ഭീഷണിയായി തുടരുന്നു.
കൊറിയ മുതല്‍ ജപ്പാനും ചൈനയും വരെ
ഒരുകാലത്തും കുലുങ്ങാത്ത ദക്ഷിണ കൊറിയയും, ജപ്പാനും ചൈനയുംപോലുളള രാജ്യങ്ങളെയും ഇപ്പോള്‍ ഈ പ്രതിസന്ധി ബാധിച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈനയും ഹോര്‍മുസ് കടലിടുക്കിലെ തടസ്സം മൂലം വലിയ ഊര്‍ജ്ജ സുരക്ഷാ ഭീഷണി നേരിടുകയാണ്. ചൈനയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ ഏകദേശം 45-50% കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അവരുടെ പ്രധാന എണ്ണ സ്രോതസും ഇറാനാണ്്. ആഭ്യന്തര വിപണിയില്‍ ഇന്ധനക്ഷാമം ഉണ്ടാകാതിരിക്കാന്‍ 2026 മാര്‍ച്ച് 12-ന് ചൈനീസ് സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ഇന്ധനം എന്നിവയുടെ കയറ്റുമതി അടിയന്തരമായി നിരോധിച്ചു. കസ്റ്റംസ് ക്ലിയറന്‍സ് ലഭിക്കാത്ത എല്ലാ ചരക്കുകളും തടഞ്ഞുവെക്കാന്‍ നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോം കമ്മീഷന്‍ ഉത്തരവിട്ടു.മുന്‍കൂട്ടി ഒപ്പിട്ട കയറ്റുമതി കരാറുകള്‍ പോലും റദ്ദാക്കാന്‍ റിഫൈനറികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിതരണത്തിലെ കുറവ് പരിഹരിക്കാന്‍ ചൈനയിലെ പ്രധാന എണ്ണ കമ്പനികളായ സിനോപെക് സെജിയാങ് പെട്രോകെമിക്കല്‍ എന്നിവ ഉല്‍പ്പാദനം ക്രമീകരിച്ചിട്ടുണ്ട്. ചൈനയ്ക്ക് ഏകദേശം 139 കോടി ബാരല്‍ എണ്ണയുടെ കരുതല്‍ ശേഖരം ഉള്ളതിനാല്‍ കുറച്ചു മാസത്തേക്ക് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ കഴിയുമെന്ന് കരുതപ്പെടുന്നു. ഇത് ഏകദേശം 120 ദിവസത്തെ ആവശ്യത്തിന് തികയുന്നതാണ്. കൂടാതെ, ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ചൈനയുടെ മാറ്റം ഇന്ധനക്ഷാമത്തിന്റെ ആഘാതം കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജപ്പാന്‍ന്റെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 90 ശതമാനത്തിലധികം പശ്ചിമേഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരം വിപണിയിലിറക്കാന്‍ ജപ്പാന്‍ തീരുമാനിച്ചിരിക്കയാണ്. ഏകദേശം 80 മില്യണ്‍ ബാരല്‍ (45 ദിവസത്തെ ഉപയോഗത്തിന് തുല്യം) എണ്ണയാണ് ജപ്പാന്‍ പുറത്തെടുക്കുന്നത്. പെട്രോള്‍ വില ലിറ്ററിന് 170 യെന്‍ എന്ന പരിധിയില്‍ നിലനിര്‍ത്താന്‍ സബ്‌സിഡികള്‍ നല്‍കുമെന്ന് പ്രധാനമന്ത്രി സാനേ തക്കായിച്ചി പ്രഖ്യാപിച്ചു.
കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ആദ്യമായി പെട്രോളിനും ഡീസലിനും ദക്ഷിണ കൊറിയ വില പരിധി ഏര്‍പ്പെടുത്തി. പ്രസിഡന്റ് ലീ ജെ-മ്യുങ് ആണ് ഈ അടിയന്തര പ്രഖ്യാപനം നടത്തിയത്. ഇന്ധനക്ഷാമം മറികടക്കാന്‍ അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിവെച്ചിരുന്ന ആണവ റിയാക്ടറുകള്‍ അടിയന്തരമായി വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. പ്രകൃതിവാതകത്തിന്റെ കാര്യത്തിലാണ് ദക്ഷിണ കൊറിയ കൂടുതല്‍ വെല്ലുവിളി നേരിടുന്നത്. നിലവിലുള്ള വാതക ശേഖരം ഏകദേശം 9 ദിവസത്തെ ആവശ്യത്തിന് മാത്രമേ തികയുകയുള്ളൂ. സാമ്പത്തിക ആഘാതം കുറയ്ക്കാന്‍ 100 ട്രില്യണ്‍ വോണ്‍മൂല്യമുള്ള ഒരു സ്റ്റെബിലൈസേഷന്‍ ഫണ്ടും സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്.
യൂറോപ്പിലെ പ്രകൃതിവാതക വില ഒറ്റ ദിവസം കൊണ്ട് 30% വരെ വര്‍ധിച്ചു. യുദ്ധം മൂലം വിതരണ ശൃംഖല തടസ്സപ്പെടുന്നത് യൂറോപ്യന്‍ സമ്പദ്വ്യവസ്ഥയെ സ്റ്റാഗ്ഫ്ലേഷന്‍ അതായത് സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഒരുമിച്ചു വരുന്ന അവസ്ഥലേക്ക് നയിച്ചേക്കാമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഊര്‍ജ്ജ ഇറക്കുമതിയെ ആശ്രയിക്കുന്ന ഗ്രീസ്, ക്രൊയേഷ്യ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ധന വില കുതിച്ചുയരുകയാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍: സിംബാബ്വെ, ഉഗാണ്ട, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്ധന വിലയില്‍ 16% വരെ വര്‍ദ്ധനവ് രേഖപ്പെടുത്തി.
ഏഷ്യന്‍ രാജ്യങ്ങളാണ് പ്രതിസന്ധിയുടെ ഏറ്റവും വലിയ ഇരകള്‍. ബംഗ്ലാദേശ് പോലുള്ള, ഇന്ധനത്തിന്റെ 95% ഇറക്കുമതി ചെയ്യുന്ന രാഷ്ട്രങ്ങളിലെ പെട്രോള്‍ പമ്പുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നിശ്ചിത അളവില്‍ മാത്രമേ ഇന്ധനം നല്‍കുന്നുള്ളൂ. കൂടാതെ സര്‍വ്വകലാശാലകള്‍ അടച്ചിടാനും ഉത്തരവിട്ടു. നേരത്തെ തന്നെ സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്ന ശ്രീലങ്കയില്‍ പുതിയ യുദ്ധം ഇന്ധന ക്ഷാമം വീണ്ടും രൂക്ഷമാക്കിയിട്ടുണ്ട്. പല പമ്പുകള്‍ക്ക് മുന്നിലും അടിപിടിയും കശപിശയുമാണ്.
പാക്കിസ്ഥാനില്‍ പട്ടിണിയുടെ റമദാന്‍
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍, ഇന്ധന പ്രതിസന്ധി രൂക്ഷമായതോടെ, പുണ്യമാസമായ റമദാന്‍ പാക്കിസ്ഥാന് പട്ടിണിക്കാലമായിരിക്കയാണ്. സ്‌കൂളുകള്‍ മാര്‍ച്ച് 16 മുതല്‍ രണ്ട് ആഴ്ചത്തേക്ക് അടച്ചിടും. കോളേജുകളും സര്‍വ്വകലാശാലകളും ഇക്കാലയളവില്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ ആഴ്ചയില്‍ നാല് ദിവസം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. കൂടാതെ, 50 ശതമാനം ജീവനക്കാര്‍ക്ക് 'വര്‍ക്ക് ഫ്രം ഹോം' സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വാഹനങ്ങളുടെ ഇന്ധന ക്വാട്ട 50 ശതമാനമായി കുറച്ചു. ഔദ്യോഗിക വിരുന്നുകള്‍ക്കും ഇഫ്താര്‍ സംഗമങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവിലെ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ കാരണം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നതും ഇന്ധന ലഭ്യത കുറഞ്ഞതുമാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് പാകിസ്ഥാനെ നയിച്ചത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കുള്ള എണ്ണ അലവന്‍സുകള്‍ 50 ശതമാനം വെട്ടിക്കുറയ്ക്കാനും ജീവനക്കാരുടെ ശമ്പളം കുറയ്ക്കാനും തീരുമാനിച്ചതായി പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചിട്ടുണ്ട്.
പാകിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് ഏകദേശം 55 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. നിലവില്‍പെട്രോള്‍ ലിറ്ററിന് 321.17 പാകിസ്ഥാന്‍ രൂപയും ഡീസല്‍ ലിറ്ററിന് 335.86 പാകിസ്ഥാന്‍ രൂപയും കൊടുക്കണം.പാകിസ്ഥാന്‍ തങ്ങളുടെ ആവശ്യത്തിനുള്ള എണ്ണയുടെ 80 ശതമാനത്തിലധികം ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്.
പാകിസ്ഥാന്‍ രൂപയുടെ മൂല്യം ഇടിയുന്നതും വിദേശനാണ്യ ശേഖരത്തിലെ കുറവും ഇറക്കുമതി ചിലവ് വര്‍ദ്ധിപ്പിച്ചു. ഐഎംഎഫില്‍നിന്നുള്ള വായ്പ ലഭിക്കുന്നതിനായി സബ്സിഡികള്‍ കുറയ്ക്കാനും പെട്രോളിയം ലെവി വര്‍ദ്ധിപ്പിക്കാനുമുള്ള തീരുമാനവും വിലക്കയറ്റത്തിന് കാരണമായി. ഇന്ധനവിലയിലുണ്ടായ 55 രൂപയുടെ വര്‍ദ്ധനവ് പാകിസ്ഥാനില്‍ 'ഇന്‍ഫ്‌ലേഷന്‍ ബോംബ്'പോലെയാണ് പ്രവര്‍ത്തിക്കുന്നത്. പച്ചക്കറി മുതല്‍ മാംസം വരെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്.
സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനേക്കാള്‍ വളരെ ഉയര്‍ന്ന വിലയ്ക്കാണ് പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വിപണിയില്‍ വില്‍ക്കുന്നത്. ഉദാഹരണത്തിന്, ഒരു ഡസന്‍ ഏത്തപ്പഴത്തിന് സര്‍ക്കാര്‍ വില 240 രൂപയാണെങ്കിലും വിപണിയില്‍ ഇത് 300 രൂപയ്ക്ക് മുകളിലാണ്. തക്കാളി, ഉള്ളി തുടങ്ങിയവയുടെ വിലയിലും വലിയ വര്‍ധനയുണ്ടായിട്ടുണ്ട്. ചിക്കന്‍ വിലയില്‍ ആഴ്ചകള്‍ക്കുള്ളില്‍ 10.46 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി.
ബീഫ് കിലോക്ക് 1,800 രൂപ വരെയായും, പാല്‍ ലിറ്ററിന് 300 രൂപ വരെയായും ചിലയിടങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഗോതമ്പ് പൊടിയുടെ വിലയില്‍ ഏകദേശം 26 ശതമാനം മുതല്‍ 35 ശതമാനം വരെ വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണക്കാരുടെ പ്രധാന ആഹാരമായ റൊട്ടിയുടെ വില വര്‍ദ്ധിക്കാനും കാരണമായി. പാചകവാതകത്തിന്റെ വില കിലോയ്ക്ക് 350 മുതല്‍ 450 രൂപ വരെയായി ഉയര്‍ന്നിട്ടുണ്ട്. വിശുദ്ധ മാസമായ റംസാന്‍ അവസാന ഘട്ടത്തിലും ഈദ് ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ക്കിടയിലുമാണ് ഈ പ്രതിസന്ധി ഉണ്ടായത്. ഇത് കുടുംബങ്ങളുടെ ബജറ്റിനെ തകിടം മറിക്കയാണെന്ന് ദ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ധന ലഭ്യത കുറഞ്ഞതോടെ ചരക്ക് നീക്കം സാവധാനത്തിലാവുകയും വിപണിയില്‍ സാധനങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. എല്ലാ വീടുകളിലും ഒരു പ്രധാന ഇനമായ പഞ്ചസാരയ്ക്ക് പാക്കിസ്ഥാനില്‍ നാടകീയമായ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. പാക്കിസ്ഥാനികള്‍ പഞ്ചസാര കിലോഗ്രാമിന് 180 രൂപ വരെ നല്‍കുന്നു. കറാച്ചിയില്‍ വില കിലോഗ്രാമിന് 200 രൂപയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ക്വറ്റപോലുള്ള ഉള്‍പ്രദേശങ്ങളില്‍ പഞ്ചസാര കിട്ടാനേയില്ല. അവിടെ കരിഞ്ചന്തയില്‍ ഒരു കിലോ പഞ്ചസാരക്ക് 650 രൂപ കൊടുക്കണം. ഒരുകാലത്ത് പഞ്ചസാരയുടെ ലോക തലസ്ഥാനമായിരുന്നു പാക്കിസ്ഥാനെന്ന് ഓര്‍ക്കണം.
ഒരു കിലോ ആട്ടക്ക് 400രൂപയാണ്. ചായപ്പൊടിയില്ലാതെ ജനം ചായകുടി നിര്‍ത്തി. 9 മണിക്കുശേഷം കറന്റില്ല. ഇതാണ് പാക്കിസ്ഥാനിലെ അവസ്ഥ. ഇപ്പോള്‍ ചെറുനാരങ്ങയും വിലകൂടിയ ഒരു വസ്തുവായി മാറിയിരിക്കുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, 250 ഗ്രാം ചെറുനാരങ്ങ ഇപ്പോള്‍ 234 പാകിസ്ഥാന്‍ രൂപയ്ക്ക് വില്‍ക്കുന്നു. അതേസമയം, തേനിന്റെ വിലയും കുതിച്ചുയര്‍ന്നു. 500 ഗ്രാമിന് 550 മുതല്‍ 770 രൂപ വരെ വില. വിലക്കയറ്റം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ നട്ടെല്ല് ഒടിച്ചിരിക്കയാണ് എന്നാണ് പാക് പത്രങ്ങള്‍ പറയുന്നത്.
ഇന്ത്യയിലും പ്രതിസന്ധി
ഇന്ത്യയുടെ എല്‍.പി.ജി ഇറക്കുമതിയുടെ 80-85% ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണം തടസ്സപ്പെട്ടത് രാജ്യത്തെ പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചിരിക്കയാണ്. ഗ്യാസ് സിലിണ്ടര്‍ ലഭ്യമല്ലാതയതോടെ ഹോട്ടലുകള്‍ പൂട്ടുകയാണ്. കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം തടസ്സപ്പെടാതിരിക്കാന്‍ വിറകടുപ്പിലേക്ക് മാറാന്‍, സ്‌കുളുകള്‍ അധികൃതരോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതിസന്ധി രൂക്ഷമായതോടെ, കേന്ദ്ര സര്‍ക്കാര്‍ എസന്‍ഷ്യല്‍ സര്‍വീസസ് മെയിന്റനന്‍സ് ആക്ട് പ്രകാരം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പാചകവാതകം ഉറപ്പാക്കാന്‍ മുന്‍ഗണന നല്‍കി.പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്‍.പി.ജി പൂര്‍ണ്ണമായും ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായി മാറ്റിവെക്കണമെന്ന് പെട്രോളിയം മന്ത്രാലയം ഉത്തരവിട്ടു. ഇതിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ വിതരണം മിക്കയിടത്തും നിശ്ചലമായി.നിലവില്‍ ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ക്കാണ് വാണിജ്യ സിലിണ്ടറുകള്‍ നല്‍കുന്നതില്‍ മുന്‍ഗണന. ഹോട്ടലുകള്‍ക്ക് ആവശ്യമായ സിലിണ്ടറുകളുടെ പകുതി പോലും ലഭിക്കാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഇതോടെ രാജ്യവ്യാപകമായി ഹോട്ടലുകള്‍ക്ക് താഴുവീഴുകയാണ്.
എന്നാലും പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളെ വെച്ചുനോക്കുമ്പോള്‍ ഇന്ത്യ പിടിച്ചു നില്‍ക്കയാണ്. ഇവിടെ പ്രെട്രോള്‍ ഡീസല്‍ പ്രതിസന്ധിയില്ല.. ഇതിന് പ്രധാന കാരണം ഇറക്കുമതിയിലെ വൈവിധ്യമാണ്. പാകിസ്ഥാന്‍ തങ്ങളുടെ എണ്ണയുടെ ഭൂരിഭാഗവും പശ്ചിമേഷ്യന്‍ രാജ്യങ്ങളെയും ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള പാതയെയും ആണ് ആശ്രയിക്കുന്നത്. എന്നാല്‍ ഇന്ത്യ റഷ്യയില്‍ നിന്നും മറ്റ് മേഖലകളില്‍ നിന്നും വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. ഹോര്‍മുസ് കടലിടുക്ക് ഒഴിവാക്കിയുള്ള ഇതര പാതകള്‍ വഴി എണ്ണ എത്തിക്കാനുള്ള സൗകര്യം ഇന്ത്യക്കുണ്ട്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഇന്ത്യക്ക് ഏകദേശം 6 മുതല്‍ 8 ആഴ്ച വരെ നീണ്ടുനില്‍ക്കുന്ന എണ്ണ ശേഖരമുണ്ട്. കൂടാതെ ശുദ്ധീകരിച്ച ഇന്ധനത്തിന്റെ വലിയൊരു കയറ്റുമതി രാജ്യം കൂടിയാണ് ഇന്ത്യ. ആവശ്യമെങ്കില്‍ ഈ കയറ്റുമതി കുറച്ച് ആഭ്യന്തര വിപണിയിലേക്ക് ഇന്ധനം തിരിച്ചുവിടാന്‍ ഇന്ത്യക്ക് സാധിക്കും.പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും കുറഞ്ഞ നിരക്കില്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യക്ക് സാധിക്കുന്നുണ്ട്. അടുത്തിടെ യുദ്ധസാഹചര്യത്തില്‍ അമേരിക്ക ഇതിനായി ഇന്ത്യക്ക് പ്രത്യേക ഇളവുകള്‍ അനുവദിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.
ഇത് ആഗോള വിപണിയിലെ വിലക്കയറ്റം ഇന്ത്യയിലെ പൗരന്മാരെ നേരിട്ട് ബാധിക്കാതെ കാക്കുന്നു.പാകിസ്ഥാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും ഐ.എം.എഫ് നിബന്ധനകളിലുമാണ്. അതിനാല്‍ അന്താരാഷ്ട്ര വിപണിയില്‍ വില കൂടുമ്പോള്‍ അവര്‍ക്ക് ജനങ്ങള്‍ക്ക് സബ്സിഡി നല്‍കാന്‍ കഴിയില്ല. എന്നാലും യുദ്ധം നീണ്ടുപോയാല്‍ അത് നമ്മെയും ബാധിക്കാനിടയുണ്ട്.
ഇസ്രയേലിന് ശതകോടികളുടെ നഷ്ടം
കേരളത്തില്‍ ചിലര്‍ തള്ളിമറിക്കുന്നത് കേട്ടാല്‍ തോന്നുക, അമേരിക്കയും ഇസ്രയേലും ചുമ്മാകേറി അങ്ങോട്ട് ആക്രമിച്ചതാണ് എന്നാണ്. എന്നാല്‍ ശതകോടികള്‍ തങ്ങളുടെ കൈയില്‍നിന്ന് മുടക്കിയാണ് അവര്‍ ഇത് ചെയ്യുന്നത്. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നെ തങ്ങള്‍ അതിജീവിക്കില്ല എന്ന തിരിച്ചറിവാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. കാരണം ഇസ്രയേലിന്റെയും അമേരിക്കയുള്ള നാശം പരസ്യമായി പ്രഖ്യാപിച്ച് ഇറാനില്‍, ക്ലോക്ക് സ്ഥാപിച്ച നേതാവാണ് ആയത്തുള്ള അലി ഖമീനി. അങ്ങനെ ഒരു രാജ്യം അണുബോംബ് നിര്‍മ്മിച്ചാല്‍ അത് ആദ്യം ആരുടെ തലയിലാണ് വീഴുക എന്ന നല്ല ധാരണ അവര്‍ക്കുണ്ട്. അതുകൊണ്ടാണ് ഇത്രയും വലിയ നഷ്ടം സഹിച്ചും അവര്‍ പോരിനിറങ്ങുന്നത്.
യുദ്ധത്തിന്റെ ആദ്യ രണ്ടാഴ്ചയ്ക്കുള്ളിലെ കണക്കുകള്‍ പ്രകാരം ഏകദേശം 1.2 ലക്ഷം കോടി രൂപയിലധികം (14.2 ബില്യന്‍ ഡോളര്‍) നേരിട്ടുള്ള സൈനിക ചെലവായി മാത്രം അമേരിക്കക്കും ഇസ്രയേലിനും വന്നിട്ടുണ്ട്. അമേരിക്കയ്ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായതായി പെന്റഗണ്‍ (റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ 6 ദിവസത്തെ യുദ്ധത്തിന് മാത്രം ഏകദേശം 11.3 ബില്യണ്‍ ഡോളര്‍ (ഏകദേശം 94,000 കോടി രൂപ) അമേരിക്ക ചെലവാക്കി. ഏകദേശം 8,300 കോടി രൂപ ഓരോ ദിവസവും അമേരിക്കയ്ക്ക് യുദ്ധത്തിനായി ചെലവാകുന്നു.ആദ്യ 100 മണിക്കൂറിനുള്ളില്‍ 2,000-ലധികം മിസൈലുകളും മറ്റ് ആയുധങ്ങളും അമേരിക്ക ഉപയോഗിച്ചു. ഇവ വീണ്ടും ശേഖരിക്കാന്‍ മാത്രം 3.1 ബില്യണ്‍ അധികമായി വേണ്ടിവരും. അമേരിക്കയിലെ പെട്രോള്‍ വില ഗാലണിന് 3.48 ഡോളറായി ഉയര്‍ന്നത് ആഭ്യന്തര സമ്പദ്വ്യവസ്ഥയ്ക്കും തിരിച്ചടിയായി.
ഇസ്രയേലിന്റെ സമ്പദ്വ്യവസ്ഥയുടെ അഞ്ചിലൊന്ന് ഭാഗത്തോളം യുദ്ധം ബാധിച്ചതായാണ് ബാങ്ക് ഓഫ് ഇസ്രയേല്‍ നല്‍കുന്ന സൂചന. ഇസ്രയേല്‍ ധനമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം ഓരോ ആഴ്ചയും ഏകദേശം 2.93 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 24,000 കോടി രൂപ) നഷ്ടമുണ്ടാവുന്നു. ഇതിനോടകം തന്നെ ഇസ്രയേലിന്റെ മൊത്തം യുദ്ധച്ചെലവ് 110 ബില്യണ്‍ ഡോളര്‍ കടന്നതായി ചില വിശകലനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ സൈനിക ചെലവുകള്‍ക്ക് പുറമെ സിവിലിയന്‍ നഷ്ടപരിഹാരവും ഉള്‍പ്പെടുന്നു.
യുദ്ധം കാരണം ഇസ്രയേലിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 5.2 ശതമാനത്തില്‍ നിന്ന് 4.7 ശതമാനമായി കുറഞ്ഞു. 2026-ലെ പ്രതിരോധ ബജറ്റ് പ്രകാരം അമേരിക്ക ഇസ്രയേലിന് ഏകദേശം 4 ബില്യണ്‍ ഡോളര്‍ (33,000 കോടി രൂപ) സൈനിക സഹായമായി നല്‍കുന്നുണ്ട്.യുദ്ധം ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയാണെങ്കില്‍ അമേരിക്കയുടെ മാത്രം ആകെ ചെലവ് 100 ബില്യണ്‍ ഡോളര്‍ (8.3 ലക്ഷം കോടി രൂപ) വരെയാകാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നോക്കുക, കേരളത്തില്‍ ഇസ്ലാമോ -ലെഫ്റ്റ് തള്ളിമറക്കുന്നതുപോലെ ഇറാന്റെ എണ്ണ കൊള്ളയിടിക്കാനോ, ധാതുലവണങ്ങള്‍ ചൂഷണം ചെയ്യാനോ ഒന്നും ലക്ഷ്യമിട്ടല്ല ഈ യുദ്ധം നടക്കുന്നത്. ശതകോടികളുടെ നഷ്ടം വരുത്തി അവര്‍ ആയുധമെടുക്കുന്നത് ഒരേ ഒരുകാര്യത്തിനാണ്. 'ഞങ്ങള്‍ക്കും ഈ നാട്ടില്‍ ജീവിക്കണം' എന്ന ഒറ്റ ലക്ഷ്യം. മതവെറികൊണ്ട് വിജ്രംഭിതനായ ആയത്തുള്ള ഖമീനി ജീവിച്ചിരുന്നാല്‍ സമാധാനം എന്ന സാധനം ഉണ്ടാവില്ല എന്നുറപ്പാണ്.
വാല്‍ക്കഷ്ണം: ഉപഭോക്തൃ രാജ്യങ്ങള്‍ക്ക് വന്‍ തോതില്‍ നഷ്ടമാണെങ്കിലും യുദ്ധംമൂലം ലാഭമുണ്ടാക്കുന്നവരുമുണ്ട്. റഷ്യ, കാനഡ, നോര്‍വേ തുടങ്ങിയ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ എണ്ണ വിലക്കയറ്റത്തിലൂടെ സാമ്പത്തികമായി നേട്ടമുണ്ടാക്കുന്നുണ്ട്.
