മഞ്ഞില്‍ രൂപകൊള്ളുന്ന ശിവലിംഗം കാണാന്‍ 12,729 അടി ഉയരമുള്ള ഗിരിശൃംഗത്തിലേക്ക് ഒരു യാത്ര; ഹിമാലയത്തില്‍ പ്രകൃതി നിര്‍മ്മിച്ച ഗുഹാക്ഷേത്രം; സൈന്യം നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ ഏക യാത്ര; ലോകത്തിലെ ഏറ്റവും അപകടം പിടിച്ച തീര്‍ത്ഥയാത്ര; ആഗോള വിസ്മയമായി അമര്‍നാഥ് യാത്ര!
മഞ്ഞില്‍ രൂപകൊള്ളുന്ന ശിവലിംഗം കാണാന്‍ 12,729 അടി ഉയരമുള്ള ഗിരിശൃംഗത്തിലേക്ക് ഒരു യാത്ര
ലോകത്തിലെ ഏറ്റവും അപകടകരവും, ആനന്ദദായകവുമായ തീര്‍ത്ഥയാത്ര ഏതെന്ന് ചോദിച്ചാല്‍, അതിന് ഉത്തരം തേടി രണ്ടാമത് ഒരു കാര്യം കൂടി സേര്‍ച്ച് ചെയ്യേണ്ട കാര്യമില്ല. മഞ്ഞില്‍ രൂപം കൊള്ളുന്ന ശിവലിംഗം സ്ഥിതി ചെയ്യുന്ന, സമുദ്രനിരപ്പില്‍ നിന്ന് 12,756 അടി ഉയരത്തിലുള്ള, ഹിമാന്റെ മടിത്തട്ടിലുള്ള ആ ക്ഷേത്രം കാണാനായുള്ള ഒരു യാത്ര. ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം. ഒരു ഭാഗത്ത് ഭീകരാക്രമണ ഭീതി, മറുഭാഗത്ത് ഹിമാവന്റെ ചെങ്കുത്തായ മലനിരകളില്‍ കാലു തെന്നുമോ എന്ന ഭീതി, ഒപ്പം മഞ്ഞുവീഴ്ചയും ഹിമാനികളും സൃഷ്ടിക്കുന്ന തടസ്സങ്ങളും. മരണം ഏത് നിമിഷവും ഒപ്പമുളള യാത്ര. തിരിച്ചുവരുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത യാത്ര! എന്നിട്ടും അവര്‍ ശിവശക്തിയില്‍ വിശ്വസിച്ച് ആ മഹായാത്രയില്‍ പങ്കെടുക്കുന്നു. അതാണ് ഹിമാലയത്തിലുടെയുള്ള അമര്‍നാഥ് യാത്ര! ഇസ്ലാം മതവിശ്വാസികളുടെ ഹജ്ജ് കര്‍മ്മംപോലെ, ഹിന്ദുമത വിശ്വാസികളുടെ സമ്പുര്‍ണ്ണമോക്ഷയാത്ര.
ശ്രീനഗറില്‍ നിന്ന് 141 കിലോമീറ്റര്‍ അകലെ ഹിമാലയന്‍ മലനിരകളില്‍ 3,880 മീറ്റര്‍ ഉയരത്തിലാണ് അമര്‍നാഥ് ഗുഹാക്ഷേത്രം. ജമ്മു കശ്മീരിലെ അനന്ദനാഗ് ജില്ലയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഠിനമായ കാലാവസ്ഥയും ഹിമാലയന്‍ ഭൂപ്രകൃതിയും കാരണം ഇന്ത്യയിലെ തന്നെ ഏറ്റവും അപകടകരമായ യാത്രകളിലൊന്ന് കൂടിയാണിത്. പ്രകൃതി നിര്‍മിതമായ ഈ ഗുഹാ ക്ഷേത്രം വര്‍ഷത്തില്‍ കൂടുതല്‍ സമയവും മഞ്ഞു മൂടിയ നിലയിലാണു കാണപ്പെടുന്നത്. സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി പ്രത്യേക അനുമതി ലഭിച്ചവര്‍ക്കു മാത്രമേ ഇവിടം സന്ദര്‍ശിക്കാന്‍ അനുമതിയുള്ളൂ. വര്‍ഷത്തില്‍ മുപ്പത് മുതല്‍ 40 ദിവസം വരെയാണ് ഇവിടെ തീര്‍ഥാടനത്തിനെത്തുവാന്‍ സാധിക്കുക.
ഈ വര്‍ഷത്തെ അമര്‍നാഥ് യാത്രയ്ക്ക് ജൂലൈ 3ന് ഔദ്യോഗികമായി തുടക്കമായി. ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ ജമ്മുവില്‍ നിന്നുള്ള 5,880-ലധികം തീര്‍ത്ഥാടകരുടെ ആദ്യ ബാച്ചിനെ ഫ്ളാഗ് ഓഫ് ചെയ്തു. ശക്തമായ സുരക്ഷാ ക്രമീകരണത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്. തീര്‍ത്ഥാടകരെ 3,880 മീറ്റര്‍ ഉയരമുള്ള അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് രണ്ട് വഴികളിലൂടെയാണ് കടത്തിവിടുക. അനന്ത്നാഗ് ജില്ലയിലെ നുന്‍വാന്‍-പഹല്‍ഗാം റൂട്ടും ഗാന്‍ഡര്‍ബാല്‍ ജില്ലയിലെ ബാല്‍ട്ടാല്‍ റൂട്ടുമാണ് അമര്‍നാഥിലേയ്ക്കുള്ള വഴികള്‍. ഇതില്‍ നുന്‍വാന്‍-പഹല്‍ഗാം റൂട്ട് 48 കിലോമീറ്റര്‍ ദൈര്‍ഘ്യമേറിയ പാതയാണ്. താരതമ്യേന എളുപ്പമുള്ള റൂട്ടാണിത്. എന്നാല്‍, ബാല്‍ട്ടാല്‍ റൂട്ടിന് 14 കിലോമീറ്റര്‍ നീളം മാത്രമേ ഉള്ളൂവെങ്കിലും കഠിനമേറിയ പാതയാണിത്. സമയക്കുറവുള്ളവര്‍ ഈ റൂട്ടാണ് സാധാരണയായി തിരഞ്ഞെടുക്കാറുള്ളത്.
2025ലെ അമര്‍നാഥ് യാത്രയ്ക്കായി ഇതുവരെ 3.31 ലക്ഷത്തിലധികം ഭക്തര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെയും തിരക്ക് നിയന്ത്രിക്കുന്നതിന്റെയും ഭാഗമായി പ്രതിദിനം 15,000 തീര്‍ത്ഥാടകരെ മാത്രമേ കയറ്റിവിടൂ. ആരോഗ്യ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച ശേഷം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മാത്രമേ യാത്രയ്ക്ക് അനുവാദം ലഭിക്കുകയുള്ളൂ. ഒരാള്‍ക്ക് 220 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ജൂലൈ 1 മുതല്‍ ഓഗസ്റ്റ് 10 വരെ യാത്രയുടെ എല്ലാ റൂട്ടുകളും 'നോ ഫ്ലൈയിംഗ് സോണ്‍' ആയി പ്രഖ്യാപിച്ചതിനാല്‍ ഈ വര്‍ഷം യാത്രക്കാര്‍ക്ക് ഹെലികോപ്റ്റര്‍ സേവനങ്ങള്‍ ലഭ്യമാകില്ല. രാജ്ഭവനിലെ ഇന്റഗ്രേറ്റഡ് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററും പൊലീസ് കണ്‍ട്രോള്‍ റൂമും 24 മണിക്കൂറും നിരീക്ഷണം നടത്തും. പക്ഷേ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തതലത്തില്‍ ഇത്തവണ ഇരട്ടി സുരക്ഷയാണ് അമര്‍നാഥ് യാത്രക്ക് ഒരുക്കിയിരിക്കുന്നത്.
അത്ഭുതമായി മഞ്ഞിലെ ശിവലിംഗം
മഞ്ഞുകൊണ്ടുള്ള ശിവലിംഗമാണ് അമര്‍നാഥ് ക്ഷേത്രത്തിലെ പത്യേകത. അമര്‍നാഥ് ഗുഹാക്ഷേത്രം മനുഷ്യനിര്‍മ്മിതമല്ല, പ്രകൃതിയുടെ സംഭാവനയാണ്. മുകളില്‍ നിന്ന് തുടര്‍ച്ചയായി വീണുകൊണ്ടിരിക്കുന്ന വെള്ളം ഉറഞ്ഞാണ് ശിവലിംഗത്തിന്റെ രൂപം ഉണ്ടായത്. ജൂലൈ ആദ്യ ദിവസങ്ങളില്‍ രൂപപ്പെട്ട് ആഗസ്റ്റ് അവസാനമാകുമ്പോഴേക്കും അപ്രത്യക്ഷമാകുന്ന അത്ഭുത പ്രതിഭാസമാണിത്. ഇതിനെയാണ് ഹിമലിംഗം എന്നു പറയുന്നത്. ഈ ഗുഹാക്ഷേത്രത്തിനു ചുറ്റും ഉയര്‍ന്ന മലകളുണ്ട്. ഉഷ്ണകാലത്തുപോലും അവയുടെ കൊടുമുടികള്‍ മഞ്ഞുകൊണ്ടുമൂടപ്പെട്ടിരിക്കും.
400 വര്‍ഷം മുമ്പാണ് ഈ ഗുഹയും ലിംഗവും ശ്രദ്ധയില്‍പ്പെടുകയും ആരാധനനടത്താനാരംഭിക്കുകയും ചെയ്തത്. ശിവന്റെ ജഡാമുടിയില്‍നിന്നും വീണ വെള്ളത്തിന്റെ തുള്ളികള്‍ അഞ്ച് നദികളായി രൂപമെടുത്ത് പഞ്ചധരണി എന്ന് പേര്‍ നേടിയെന്നാണ് ഐതീഹ്യം. പഞ്ചധരണിയില്‍ നിന്നും എട്ട് കിലോമീറ്റര്‍ അകലെയാണ് അമര്‍നാഥ് ഹിമലിംഗക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 12,729 അടി ഉയരമുള്ള ഗിരിശൃംഗമാണ് അമര്‍നാഥ്. അമര്‍നാഥ് ഗുഹയ്ക്ക് നൂറടി ഉയരവും നൂറ്റി അമ്പത് അടി ആഴവുമുണ്ട്. ശിവന്റെ തലയിലെ ചന്ദ്രക്കല പിഴിഞ്ഞ് എടുത്ത അമൃതംകൊണ്ട് ശിവന്‍ ദേവന്‍മാരെ അമര്‍ത്ത്യര്‍ ആക്കി എന്നാണ് ഐതിഹ്യം. ഈ ദേവന്‍മാരുടെ അപേക്ഷപ്രകാരം ശിവന്‍ ഹിമലിംഗമായി അവിടെ പാര്‍പ്പ് ഉറപ്പിച്ചു എന്നും ദേവന്‍മാരെ 'അമര്‍ത്ത്യ'രാക്കിയതുകൊണ്ടാണ് ശിവന് 'അമര്‍നാഥ്' എന്ന് പേരുണ്ടായതെന്നും വിശ്വസിക്കപ്പെടുന്നു.
വെളുത്ത പക്ഷത്തിലെ ആദ്യദിവസങ്ങളില്‍ ഹിമക്കട്ടകള്‍ ശിവലിംഗത്തിന്റെ രൂപം പ്രാപിക്കുമെന്നും, പൗര്‍ണമി ദിവസം ശിവലിംഗം പൂര്‍ണരൂപത്തില്‍ എത്തുമെന്നുമാണ് വിശ്വാസം. കൃഷ്ണപക്ഷത്തിലെ ആദ്യദിവസം മുതല്‍ മഞ്ഞ് ഉരുകിത്തുടങ്ങുകയും അമാവാസിദിനത്തില്‍ ശിവലിംഗം അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഓരോ മാസത്തിലും ഈ പ്രക്രിയ ആവര്‍ത്തിക്കുന്നു.
ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ ശിവന്‍ ഈ ഗുഹയില്‍ പ്രത്യക്ഷപ്പെട്ടുവെന്നാണ് ഐതിഹ്യം. അതുകൊണ്ട് ആ പ്രത്യേക ദിവസം ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നത് കൂടുതല്‍ പുണ്യമാണെന്ന് കരുതപ്പെടുന്നു. ശ്രാവണമാസം കഴിഞ്ഞാല്‍ ഉടനെ മഞ്ഞുകാലമാകും. അതുകൊണ്ട് ക്ഷേത്രം സന്ദര്‍ശിക്കുന്നതിന് ഏറ്റവും സൗകര്യപ്രദമായ കാലം ശ്രാവണമാസമാണ്.
അമര്‍നാഥ്ഗുഹാക്ഷേത്രത്തിന് 150 അടി ഉയരവും 90 അടി വീതിയും ഉണ്ട്. ഈ ഗുഹയുടെ ഭിത്തികള്‍ ചുണ്ണാമ്പുകല്ലുകൊണ്ടുള്ളവയാണ്. ഗുഹയുടെ മുകളില്‍ ഒരു ചെറിയ സ്ഥലം ഒഴികെ എല്ലായിടത്തും ചോര്‍ച്ച ഉണ്ട്. വടക്കു ഭാഗത്തെ ഭിത്തിയില്‍ ഉള്ള രണ്ടു ദ്വാരങ്ങളില്‍ നിന്ന് തുടര്‍ച്ചയായി വെള്ളം വീണുകൊണ്ടിരിക്കും. ഈ വെള്ളം പെട്ടെന്ന് ശിവലിംഗത്തിന്റെ ആകൃതിയില്‍ ഹിമമായിത്തീരുകയും ചെയ്യുന്നു. ഈ ശിവലിംഗത്തിന്റെ ഇടതുഭാഗത്ത് ഗണേശന്റേയും വലതുഭാഗത്ത് പാര്‍വതിയുടെയും ഭൈരവന്റെയും ഹിമവിഗ്രഹങ്ങള്‍ കാണാം. ഈ ഗുഹയുടെ മുഖം തെക്കോട്ടായതുകൊണ്ട് സൂര്യരശ്മി ഒരുകാലത്തും ശിവലിംഗത്തില്‍ തട്ടുകയില്ല. അതുകൊണ്ട് വേനല്‍ക്കാലത്തുപോലും അതിലെ മഞ്ഞ് ഉരുകുകയില്ല. ഈ ഗുഹയ്ക്കടുത്തുള്ള അമരാവതി എന്ന മലയിലെ വെളുത്ത ചെളി ശരീരത്ത് പുരട്ടുന്നത് മംഗളകരമാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഹിന്ദു-മുസ്ലീം മതമൈത്രിയുടെ പ്രതീകം
ശാസ്ത്ര ദൃഷ്ടിയില്‍ പക്ഷേ ഈ ശിവലംഗത്തില്‍ വലിയ അത്ഭുതമൊന്നുമില്ല. അത് പ്രകൃതിയിലെ ഒരു സ്വാഭാവിക പ്രതിഭാസം മാത്രമാണ്. ഗുഹയില്‍ ജലം ഇറ്റു വീണ് ഉറഞ്ഞ് ശിവലിംഗത്തിന്റെ രൂപത്തില്‍ കാണപ്പെടുകയാണ്.
സ്വാഭാവിക സ്റ്റാലാഗ്മൈറ്റ് രൂപീകരണമാണ് ഈ ലിംഗം. ഗുഹയുടെ മേല്‍ക്കൂരയില്‍ നിന്ന് തറയിലേക്ക് വീഴുന്ന വെള്ളത്തുള്ളികള്‍ മരവിപ്പിക്കുന്നതിലൂടെയാണ് സ്റ്റാലാഗ്മൈറ്റ് രൂപപ്പെടുന്നത്. ഇതിനടുത്തുള്ള രണ്ട് ചെറിയ സ്റ്റാലാഗ്മൈറ്റുകളാണ് പാര്‍വതിയെയും ഗണേശനെയും പ്രതിനിധീകരിക്കുന്നതായി കരുതുന്നത്. ചുണ്ണാമ്പുകല്ലും ജിപ്സവും കൊണ്ട് നിര്‍മ്മിക്കപ്പെട്ട ഇത്തരം ഗുഹകളില്‍, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇതുപോലുള്ള പ്രതിഭാസങ്ങള്‍ കാണാറുണ്ട്.
പഹല്‍ഗാമില്‍ പാക് പിന്തുണയോടെ നടന്ന ഭീകരാക്രമണത്തില്‍ മതം ചോദിച്ചായിരുന്നു കൊല നടന്നത്. എന്നാല്‍ ഹിന്ദവും മുസ്ലീമും ഒന്നാകുന്ന, ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വത്തിന്റെ കഥയാണ്, അമര്‍നാഥ് ക്ഷേത്രത്തിന് പറയാനുള്ളത്. ഈ തീര്‍ത്ഥാടനത്തിനുള്ള എല്ലാ സൗകര്യവും ചെയ്തുകൊടുക്കുന്നത് മുസലീങ്ങളാണ്. ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങളാണ് അമര്‍നാഥ് ക്ഷേത്രത്തിലെ വഴിപാടുകളുടെ മൂന്നിലൊരുഭാഗത്തിന് അവകാശികള്‍. അമര്‍നാഥിലേക്കുള്ള വഴി വെട്ടിത്തെളിച്ച് സുഗമമാക്കിയെടുക്കുന്നതിന് ബത്കൂതിലെ ഇസ്ലാംമതക്കാര്‍ ചെയ്ത പ്രയത്നങ്ങള്‍ക്കു പ്രതിഫലമായിട്ടാണ് ഈ അവകാശങ്ങള്‍ നല്‍കിയത് എന്നാണ് ചരിത്രം. അത് ഇന്നും തുടര്‍ന്നുപോവുന്നു.
അമര്‍നാഥ് ഗുഹാക്ഷേത്രത്തിനകത്തായി മറ്റൊരു ചെറിയ ഗുഹയുണ്ട്. ഈ ഗുഹയ്ക്കകത്തുനിന്നെടുക്കുന്ന ഒരുതരം വെളുത്ത പൊടി അമര്‍നാഥിലെ വിഭൂതിയായി ഭക്തന്‍മാര്‍ക്ക് നല്‍കുന്നതിനുള്ള അവകാശം ബത്കൂത് ഗ്രാമത്തിലെ മുസ്ലിങ്ങള്‍ക്കാണ്. ഈ വെളുത്തപൊടി കാല്‍സിയം സള്‍ഫേറ്റിന്റേയും കാല്‍സിയംക്ളോറൈഡിന്റേയും ഒരു മിശ്രിതമാണ്. അമര്‍നാഥ് ഗുഹയുടെ പടിഞ്ഞാറു വശത്തുകൂടി ഒഴുകുന്ന അമരഗംഗ എന്ന പുഴയിലാണ് ഭക്തന്‍മാര്‍ സ്നാനം ചെയ്യുന്നത്. ഇതിന്റെ കരയിലുള്ള വെളുത്ത ഒരു പദാര്‍ഥം തീര്‍ത്ഥാടകര്‍ സ്നാനത്തിനുശേഷം ശരീരത്ത് പൂശാന്‍ ഉപയോഗിക്കുന്നു. പുഴയില്‍ കുളിച്ചശേഷം ഈ പൊടി പൂശുന്നതുകൊണ്ട് കൊടിയ തണുപ്പില്‍നിന്ന് അവര്‍ക്ക് രക്ഷകിട്ടുന്നു.ഇവിടെ കണ്ടുവരുന്ന പ്രാവുകളെ തീര്‍ഥാടകര്‍ ശിവനും പാര്‍വതിയുമായിട്ടാണ് കണക്കാക്കുന്നത്. മറ്റു പക്ഷികളൊന്നും കാണപ്പെടാത്ത കൊടും തണുപ്പിലും രണ്ടു പ്രാവുകള്‍ അവിടെയുള്ളത് ഒരു അത്ഭുതമാണ് എന്ന് പല സഞ്ചാരികളും എഴുതിയിട്ടുണ്ട്.
ഹിമവാന്റെ മടിത്തട്ടിലേക്ക് ഒരു യാത്ര
അമര്‍നാഥില്‍ എത്തിച്ചേരാനുള്ള ഏറ്റവും അടുത്തുള്ള എയര്‍പോര്‍ട്ട് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളമാണ്. അവിടെ നിന്ന് റോഡ് മാര്‍ഗം പഹല്‍ഗാമിലേക്ക് (90 കിലോമീറ്റര്‍) അല്ലെങ്കില്‍ ബാല്‍ടാല്‍/സോണാമാര്‍ഗിലേക്ക് (100 കിലോമീറ്റര്‍) യാത്ര ചെയ്യാം. ട്രെയിന്‍ മാര്‍ഗപോവുമ്പോള്‍ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ജമ്മു താവി ആണ്. ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്കോ നേരിട്ട് പഹല്‍ഗാം/ബാല്‍ത്താലിലേക്കോ ബസുകളിലോ ടാക്സികളിലോ എത്തിച്ചേരാം. ജമ്മു, ശ്രീനഗര്‍, പഹല്‍ഗാം, ബാല്‍താല്‍ എന്നിവിടങ്ങളിലേക്ക് ബസുകളും ടാക്സികളും ലഭ്യമാണ്. പക്ഷേ ആര്‍ക്കും ടൂറുപോവാന്‍ പറ്റുന്നതുപോലെ വന്നുപോവാന്‍ കഴിയുന്നതല്ല ഈ പ്രദേശം. നേരത്തെ അമര്‍നാഥ് യാത്രക്ക് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രവേശനം.
ഭാരതീയ സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടിലായ ഹിമാലയത്തിലേക്ക് പോകാന്‍ ആഗ്രഹിക്കാത്ത ഒരാളും ഉണ്ടാകുമെന്ന് തോന്നുന്നില്ല. അത്രമനോഹരമാണ് ഈ മലകയറ്റം. നാലുപാടും മഞ്ഞ് പുതച്ച് കിടക്കുന്ന മലകളിലൂടെ പതുക്കെ നടന്ന് കയറാം. ഓക്സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സുരക്ഷാ സൗകര്യങ്ങളെല്ലാമായാണ് യാത്രികര്‍ നീങ്ങുന്നത്. മഞ്ഞുവഴുക്കലുമുള്ള ദുര്‍ഘടപാതയില്‍ പലയിടത്തും അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്.
ഒരുപാട് നിയമങ്ങള്‍ പാലിക്കേണ്ട ഒരു യാത്രകൂടിയാണിത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിലടക്കം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ 20 ദിവസങ്ങളില്‍ മാത്രം 200 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. അതിനാല്‍ ഇത്തവണ അമര്‍നാഥിലേയ്ക്ക് പോകുന്നവര്‍ പരിസ്ഥിതി മലിനമാക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ്പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. മദ്യം, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍, പുകവലി എന്നിവ ഒഴിവാക്കണം. ഭക്ഷണം കഴിക്കാതെ ആരും യാത്ര ആരംഭിക്കരുത്. തീര്‍ത്ഥാടകര്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സ്ത്രീകള്‍ ട്രെക്കിംഗിന് പോകുമ്പോള്‍ സാരി ധരിക്കുന്നത് ഒഴിവാക്കണം. പകരം, സല്‍വാര്‍, പാന്റ്, ഷര്‍ട്ട്, ട്രാക്ക് സ്യൂട്ടുകള്‍ മുതലായവ ധരിക്കണം. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും ഉള്ളതിനാല്‍ എല്ലാ തീര്‍ത്ഥാടകരും ട്രെക്കിംഗ് ഷൂസ് ധരിക്കണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
ഓരോ തീര്‍ത്ഥാടകന്റെയും ലൊക്കേഷന്‍ നിരീക്ഷിക്കുന്നതിനായി ഒരു ആര്‍എഫ്ഐഡി അധിഷ്ഠിത ട്രാക്കിംഗ് സംവിധാനം വിന്യസിച്ചിട്ടുണ്ട്. സുരക്ഷയ്ക്കും അടിയന്തര പ്രതികരണത്തിനുമായി തത്സമയ ട്രാക്കിംഗ് ഇതുവഴി ഉറപ്പാക്കാന്‍ സാധിക്കും. ചന്ദന്‍വാരി പഹല്‍ഗാം ബേസ് ക്യാമ്പിലും ബാല്‍താല്‍ ബേസ് ക്യാമ്പിലും ഒഎന്‍ജിസി 100 കിടക്കകളുള്ള ആശുപത്രികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. രണ്ട് ട്രാക്കുകളിലും മൊബൈല്‍ മെഡിക്കല്‍ ടീമുകള്‍, ഓക്സിജന്‍ ബൂത്തുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു വലിയ ടീം വര്‍ക്കാണ് ഈ യാത്ര. അല്ലാതെ ഒരു വെക്കേഷന്‍ ടൂര്‍ അല്ല.
ഇന്ത്യന്‍ ആര്‍മി യാത്രയില്‍ നിങ്ങളുടെ കുടെയുണ്ട്. ''യാത്രയുടെ തുടക്കം മുതല്‍ ഹുങ്കാരം മുഴക്കിക്കൊണ്ട് രണ്ടു ഹെലികോപ്ടറുകള്‍ പറക്കുന്നുണ്ടായിരിന്നു. മലമുകളില്‍ നില്‍ക്കുമ്പോള്‍ താഴെക്കൂടി പറന്നിരുന്നവ ഇപ്പോള്‍ ഞങ്ങള്‍ക്ക് സമാന്തരമായാണ് സഞ്ചരിക്കുന്നത്. എന്നു മാത്രമല്ല തൊട്ടടുത്തെവിടെയോ ലാന്റ് ചെയ്യുന്നുമുണ്ട്. അതിനര്‍ത്ഥം ഏതാനും കിലോമീറ്ററുകള്‍ കൂടി നടന്നാല്‍ പഞ്ച തരണി എത്തുമെന്നാണ്. ഇതിനിടയില്‍ മുന്‍ യാത്രികര്‍ തന്ന വിവരമനുസരിച്ച് ഗുഹാക്ഷേത്രത്തിന് സമീപം ഡ്യൂട്ടി ചെയ്യുന്ന പട്ടാള ഉദ്യോസ്ഥരെ ഫോണില്‍ വിളിക്കുന്നുണ്ടായിരുന്നു. മോശം നെറ്റുവര്‍ക്കു കാരണം മിക്കപ്പോഴും സംസാരം മുറിഞ്ഞു പോകും. എങ്കിലും വോയ്സ് മെസേജു വഴിയും മറ്റും ശ്രമം തുടര്‍ന്നു. നിഖില്‍ എന്ന കോഴിക്കോട്ടുകാരനായ ജവാന്‍ മെസേജുകളിലൂടെ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു.''- 2923-ല്‍ ഇവിടം സന്ദര്‍ശിച്ച യോഗാചാര്യ ശിവചരണ്‍ കൃപാപാത്രി ഇങ്ങനെയാണ് എഴുതുന്നത്.
കളങ്കമായി അമര്‍നാഥ് കൂട്ടക്കൊല
കശ്മീരിലെ ജനങ്ങള്‍ക്ക് യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെങ്കിലം, ലഷ്‌ക്കര്‍ ഇ ത്വയ്യിബയും ജയ്ഷേ മുഹമ്മദും അടക്കമുള്ള പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച ഭീകരരുടെ ഒരു കണ്ണ് എപ്പോഴും അമര്‍നാഥ് തീര്‍ത്ഥാടനത്തിനുനേരെയുണ്ടായിരുന്നു. അതിന്റെ ഏറ്റവും ഭീകരമായ രൂപം കണ്ടത് 2000ത്തിലാണ്. 2000 ആഗസ്റ്റ് 1 നും 2 നും നടന്ന അമര്‍നാഥ് തീര്‍ത്ഥാടന ആക്രമണത്തില്‍ 89 നും 105 നും ഇടയില്‍ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്ക്. അനന്ത്നാഗ് ജില്ലയിലും ദോഡ ജില്ലയിലുമാണ് അഞ്ച് വ്യത്യസ്ത ആക്രമണങ്ങള്‍ ഉണ്ടായത്. 62 പേര്‍ക്ക് പരിക്കേറ്റു .
ഇതില്‍ 32 പേര്‍ 2000 ഓഗസ്റ്റ് 2ന് പഹല്‍ഗാമിലെ നുന്‍വാന്‍ ബേസ് ക്യാമ്പില്‍ നടന്ന കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 21 ഹിന്ദു തീര്‍ത്ഥാടകരും 7 പ്രാദേശിക മുസ്ലീം കടയുടമകളും 3 സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും നിരായുധരായ സാധാരണക്കാരായിരുന്നു. ലോകത്തെ നടുക്കിയ കൂട്ടക്കൊലയെ തുടര്‍ന്ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പഹല്‍ഗാം സന്ദര്‍ശിച്ചിരുന്നു. അന്നും പാക്കിസ്ഥാനിലേക്കാണ് ഈ കൊലയുടെ വേരുകള്‍ നീങ്ങിയത്.
2000 ആഗസ്റ്റ് ഒന്നും കാശ്മീരിന് മറക്കാന്‍ പറ്റാത്ത ദിവസമാണ്. അനന്ത്‌നാഗ് ജില്ലയിലെ മിര്‍ബസാര്‍-ഖാസിഗുണ്ടിലും സന്ദൂ-അച്ചബാലിലും നടന്ന സമാനമായ ഭീകരാക്രമണങ്ങളില്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള 27 കുടിയേറ്റ തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ദോഡ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തില്‍ പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ നിരായുധരായ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കുപ്വാരയിലെ ഒരു വിദൂര ഗ്രാമത്തില്‍ കീഴടങ്ങിയ ഒരു ഇസ്ലാമിക തീവ്രവാദിയുടെ കുടുംബത്തിലെ ഏഴ് പേരെയും ഭീകരര്‍ കൊന്നു. ദോഡ ജില്ലയിലെ കയാര്‍ ഗ്രാമത്തിലെ വില്ലേജ് ഡിഫന്‍സ് കമ്മിറ്റി പട്രോളിംഗ് പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെ തീവ്രവാദികള്‍ നടത്തിയ പതിയിരുന്ന് ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. കാശ്മീരിനെ സംബന്ധിച്ച് തീര്‍ത്തും രക്തരൂക്ഷിതമായ ദിനങ്ങളാണ് കടന്നുപോയത്.
അതിനുശേഷമാണ് അമര്‍നാഥ് തീര്‍ത്ഥയാത്രക്ക് ഇത്രയേറെ സുരക്ഷ വര്‍ധിപ്പിച്ചത്. ഇത്തവണ പഗല്‍ഗാമില്‍ വീണ്ടും ചോര വീണതും, ഇന്ത്യ തിരിച്ചടിച്ചതുമായ ഒരുപാട് സംഭവികാസങ്ങള്‍ക്ക് ശേഷം വരുന്ന തീര്‍ത്ഥാടനകാലമാണ്. അതുകൊണ്ടുതന്നെ പഴുതടച്ച സുരക്ഷയാണ്, ഇത്തവണ അമര്‍നാഥ് യാത്രക്ക് ഒരുക്കിയിരിക്കുന്നത്.
ഇത്തവണ ഓപ്പറേഷന്‍ ശിവ
ഇന്ത്യന്‍ സൈന്യത്തിന്റെ പൂര്‍ണ്ണനിയന്ത്രണത്തിലാണ് എല്ലാവര്‍ഷവും അമര്‍നാഥ് യാത്ര നടക്കാറുള്ളത്. ഇത്തവണ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മര്‍നാഥ് യാത്രയ്ക്ക് സുരക്ഷ ഒരുക്കാന്‍ 'ഓപ്പറേഷന്‍ ശിവ 2025' ആരംഭിച്ചിരിക്കയാണ് ഇന്ത്യന്‍ സൈന്യം. ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരര്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഓപ്പറേഷന് കൂടുതല്‍ പ്രാധാന്യം സൈന്യം നല്‍കുന്നത്. സിവില്‍ അഡ്മിനിസ്ട്രേഷനുമായും കേന്ദ്ര സായുധ പോലീസ് സേനകളുമായും ഏകോപിപ്പിച്ച് നടത്തുന്ന ഈ ഓപ്പറേഷന്‍, യാത്രയുടെ വടക്കന്‍, തെക്കന്‍ റൂട്ടുകളില്‍ ശക്തമായ സുരക്ഷാസന്നാഹങ്ങളും ഒരുക്കുന്നു. ഡ്രോണ്‍ ഭീഷണികള്‍ നിര്‍വീര്യമാക്കാനുള്ള സാങ്കേതിക വിദഗ്ധരും ഇതിന്റെ ഭാഗമാണ്.
സമഗ്രമായ സാങ്കേതിക ഉപകരണങ്ങളുടെ പിന്തുണയോടെ 8,500-ലധികം സൈനികരെ ഭക്തര്‍ക്ക്ക് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തീവ്രവാദ വിരുദ്ധ ഗ്രിഡ്, പ്രതിരോധ സുരക്ഷാ വിന്യാസങ്ങള്‍, ഇടനാഴി സംരക്ഷണ തന്ത്രങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്.ഡ്രോണ്‍ ഭീഷണികളെ നിര്‍വീര്യമാക്കുന്നതിന് 50-ലധികം സി-യുഎഎസുകളും ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങളും ഉള്‍ക്കൊള്ളുന്ന ഏരിയല്‍ സിസ്റ്റം (സി-യുഎഎസ്) ഗ്രിഡ് ഒരുക്കിയിട്ടുണ്ട്. ജമ്മുവിനും വിശുദ്ധ അമര്‍നാഥ് ഗുഹയ്ക്കും ഇടയിലുള്ള യാത്രാ വാഹനവ്യൂഹങ്ങളുടെ ചലനം ട്രാക്ക് ചെയ്യുന്നതിന് ഉയര്‍ന്ന റെസല്യൂഷനുള്ള പാന്‍-ടില്‍റ്റ്-സൂം ക്യാമറകളും ലൈവ് ഡ്രോണ്‍ ഫീഡുകളും ഉള്‍പ്പെടെയുള്ള നൂതന നിരീക്ഷണ ഉപകരണങ്ങള്‍, മെഡിക്കല്‍, കമ്മ്യൂണിക്കേഷന്‍ ടീമുകള്‍ എന്നിവയും നിലവിലുണ്ട്.
പാലം നിര്‍മ്മാണം, ട്രാക്ക് വീതി കൂട്ടല്‍, ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഏറ്റെടുക്കുന്നതിന് എഞ്ചിനീയര്‍ ടാസ്‌ക് ഫോഴ്‌സുകളെയും വിന്യസിച്ചു .150-ലധികം ഡോക്ടര്‍മാരും മെഡിക്കല്‍ ജീവനക്കാരും, രണ്ട് അഡ്വാന്‍സ് ഡ്രസ്സിംഗ് സ്റ്റേഷനുകള്‍, ഒമ്പത് മെഡിക്കല്‍ എയ്ഡ് പോസ്റ്റുകള്‍,100 കിടക്കകളുള്ള ഒരു ആശുപത്രി, 2,00,000 ലിറ്റര്‍ ഓക്സിജന്‍ സംഭരിച്ചിരിക്കുന്ന 26 ഓക്സിജന്‍ ബൂത്തുകള്‍ എന്നിവയും സജ്ജീകരിച്ചു.തടസ്സമില്ലാത്ത ആശയവിനിമയത്തിനായി സാങ്കേതിക പിന്തുണയ്ക്കായി ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരുടെ ഡിറ്റാച്ച്മെന്റുകള്‍, ഭീഷണി നിര്‍വീര്യമാക്കുന്നതിനുള്ള ബോംബ് കണ്ടെത്തല്‍, നിര്‍മാര്‍ജന സ്‌ക്വാഡുകള്‍ എന്നിവയും വിന്യസിച്ചിട്ടുണ്ട്.ക്വിക്ക് റിയാക്ഷന്‍ ടീമുകള്‍ (ക്യുആര്‍ടി), ടെന്റ് സിറ്റികള്‍, വാട്ടര്‍ പോയിന്റുകള്‍, ബുള്‍ഡോസറുകള്‍, എക്‌സ്‌കവേറ്ററുകള്‍ തുടങ്ങിയ അവശ്യ പ്ലാന്റ് ഉപകരണങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്കായി 'പോണി ആംബുലന്‍സ്' സേവനവും നിലവിലുണ്ട്. യാത്രക്കിടയില്‍ തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിനുള്ള സംവിധാനമാണ് ഇത്. കുതിരപ്പുറത്ത് മെഡിക്കല്‍ കിറ്റുകളും ഓക്‌സിജന്‍ സിലിണ്ടറുകളും ഉള്‍പ്പെടെയുള്ള എമര്‍ജന്‍സി റെസ്‌പോണ്‍സ് സിസ്റ്റം സജ്ജീകരിച്ച്, ഈ സംവിധാനം ബാള്‍ട്ടല്‍, പഹല്‍ഗാം റൂട്ടുകളില്‍ തീര്‍ഥാടകരെ അനുഗമിക്കുകയാണ്. യാത്രയ്ക്കിടെ തീര്‍ത്ഥാടകര്‍ അഭിമുഖീകരിക്കുന്ന ഏതെങ്കിലും മെഡിക്കല്‍ ആവശ്യകതകളോ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ ഉടന്‍ നേരിടാന്‍ സജ്ജരായ പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ പോണി ആംബുലന്‍സിനെ അങ്ങോട്ട് നയിക്കും.
പക്ഷേ ഇത്രയൊക്കെ സുരക്ഷ ഒരുക്കിയിട്ടും ഹൃദയാഘാതം വന്നും, മഞ്ഞുമല ഇടിഞ്ഞും, ഹിമക്കാറ്റില്‍പെട്ട് മരവിച്ചും ഒരുപാട് പേര്‍ ഈ യാത്രയില്‍ മരിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് പക്ഷേ അതും ഒരു പ്രശ്നമല്ല. ഭഗവാന്‍ ശിവനെതേടിയുള്ള യാത്രയില്‍ മരിക്കുന്നത് ഒരു മോക്ഷമാര്‍ഗമായി അവര്‍ കരുതുന്നു. എന്നാല്‍ ഹിമാലയത്തേയും പ്രകൃതിയെയും അറിയായായി പോവുന്നവരുടെ കാഴ്ചപ്പാട് അങ്ങനെ ആവില്ലല്ലോ. അതുകൊണ്ടുതന്നെയാണ് അമര്‍നാഥ് തീര്‍ത്ഥാടനത്തിനുമുമ്പ് ഇതിന്റെ എല്ലാ അപകടസാധ്യതകളും അധികൃതര്‍ അറിയിക്കാറുണ്ട്. സ്വ മനസ്സാലെയാണ് ഇത്തരം ഒരു യാത്രക്ക് വരുന്നത് എന്ന സമ്മതപത്രം ഒപ്പിട്ടാലേ നിങ്ങള്‍ക്ക് ഈ മഹായാനത്തില്‍ പങ്കെടുക്കാന്‍ കഴിയൂ. ആദ്യകാലത്ത് ഉത്തരേന്ത്യയില്‍നിന്ന് വരുന്ന തീര്‍ത്ഥാടകരൊക്കെയും തങ്ങളുടെ വില്‍പ്പത്രമൊക്കെ എഴുതിവെച്ചായിരുന്നു അമര്‍നാഥ് യാത്രക്ക് എത്താറുള്ളത്!
വാല്‍ക്കഷ്ണം: ഇന്ന് സൈന്യത്തിന്റെ സഹായത്തോടെ നടത്തുന്ന ഈ യാത്ര, 80കളില്‍ പുതയ്ക്കാന്‍ ഒരു കരിമ്പടം പോലുമില്ലാതെ കടുത്ത ശൈത്യത്തെ വെല്ലുവിളിച്ച്, ഏകനായി ഒരു മലയാളി നടത്തിയെന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയുമോ! അതാണ് രാജന്‍ കാക്കനാടന്‍ എന്ന നടനും, എഴുത്തുകാരനും, സഞ്ചാരിയുമായ അപുര്‍വ പ്രതിഭ. എഴുത്തുകാരന്‍ കാക്കനാടന്റെ സഹോദരന് ഇത്തരം ഭ്രാന്തന്‍ യാത്രകള്‍ ഹരമായിരുന്നു. 'അമര്‍നാഥ് ഗുഹയിലേക്ക്' എന്ന രാജന്‍ എഴുതിയ കൃതിയും മനോഹരമാണ്. കഴിക്കാന്‍ ഭക്ഷണംപോലുമില്ലാതെ അതുപോലെ ഒരു യാത്ര നടത്താന്‍ ഇനി ലോകത്തില്‍ ആര്‍ക്കും കഴിയുമെന്നും തോനുന്നില്ല.