ഒരു തവണ ഡ്രഗ് വലിച്ചുകേറ്റിയാല്‍ പിന്നെ മണിക്കുറുകളോളം തലതാഴ്ത്തി ഒറ്റ നില്‍പ്പ്! തല ഉയര്‍ന്നാല്‍ അടുത്ത ഡോസ് എടുക്കണം; പ്രേത സിനിമകളില്‍ കാണുന്നതുപോലെയുള്ള നൂറുകണക്കിന് മനുഷ്യര്‍; ആറുമാസത്തിനുള്ളില്‍ 30കാരന്‍ 70കാരനാവും; പല്ലും എല്ലും പൊടിഞ്ഞ് പുഴുത്ത് മരണം; അമേരിക്കയുടെ കറുത്ത മുഖമായ സോംബി സ്ട്രീറ്റുകളുടെ കഥ

അമേരിക്കയുടെ കറുത്ത മുഖമായ സോംബി സ്ട്രീറ്റുകളുടെ കഥ

Update: 2025-11-27 09:48 GMT

ഒരേ സിറിഞ്ച് ധൃതിയില്‍ ഉപയോഗിച്ച് കുത്തിവെപ്പ് എടുത്തതിനെ തുടര്‍ന്ന് ഇടതുകൈത്തണ്ടയിലെ ഒരു ചെറിയ മുറിവായിട്ടായിരുന്നു തുടക്കം. ക്രമേണേ ആ മുറിവ് വളര്‍ന്നു. കൈത്തണ്ട പഴുത്ത് ചീയുന്ന അവസ്ഥയിലെത്തി. അപ്പോള്‍ അയാള്‍ കുത്തിവെപ്പ് ഇടതുകാലിലേക്ക് മാറ്റി. ക്രമേണെ കാല് പഴുത്ത് ചീയാന്‍ തുടങ്ങി. ഒപ്പം പല്ലുകൊഴിയലും തൊലിയുടെ നിറം മാറ്റവും. വെറും 30 വയസ്സുള്ള അയാളെ ഇപ്പോള്‍ കണ്ടാല്‍ 70 വയസ്സ് പ്രായം തോന്നും. സദാ കൂനിക്കൂടിയാണ് നടപ്പ്. ഒരു തവണ ഡ്രഗ് വലിച്ചുകേറ്റിയാല്‍ പിന്നെ മണിക്കുറുകളോളം തലതാഴ്ത്തി ഒറ്റ നില്‍പ്പാണ്! തല ഉയര്‍ന്നാല്‍ അടുത്ത ഡോസ് എടുക്കണം. പിന്നെയും തല താഴ്ത്തി അങ്ങനെ നിദ്രാവസ്ഥയില്‍. സോംബി സിനിമകളില്‍ കാണുന്നതുപോലെയുള്ള നൂറുകണക്കിന് മനുഷ്യരെ നിങ്ങള്‍ക്ക് ഈ തെരുവില്‍ കാണാം.

2022-ലെ കോവിഡ് കാലത്ത് അമേരിക്കയിലെ ഫിലോഡല്‍ഫിയയിലെ കെന്‍സിംഗ്ടണ്‍ നഗരത്തിലെ സോംബി സ്ട്രീറ്റിലെത്തി, അവിടെ കണ്ട മൈക്കിള്‍ എന്ന ഡ്രഗ് അഡിക്്റ്റിനെ കുറിച്ച് സ്‌കൈ ന്യൂസ് എഴുതിയ വാര്‍ത്തയാണിത്. പേര് വ്യാജമാണെന്ന് അവര്‍ പ്രത്യേകം കൊടുത്തിരുന്നു. ന്യൂയോര്‍ക്കിലെ ഐ ടി മേഖലയില്‍ നല്ല ശമ്പളുമുണ്ടായിരുന്ന മൈക്കള്‍, തനിക്കുണ്ടായ ഒരു എക്സ്ട്രാ മാരിറ്റല്‍ അഫയറിനെ തുടര്‍ന്ന് പങ്കാളി പരിഞ്ഞുപോയതോടെ മാനസിക തകര്‍ച്ചയിലായാണ് ഇവിടേക്ക് എത്തിയത്. കുടുംബ പ്രശ്നങ്ങളും, സാമ്പത്തിക തകര്‍ച്ചയും മറ്റുമായി ജീവിതം വെറുത്തുപോയ പലവും ഇങ്ങനെ മയക്കുമരുന്ന് മാത്രം ഉപയോഗിച്ച് നീര്‍വാണ സമാനമായ ജീവിതത്തിലേക്ക് എത്താന്‍, കെന്‍സിംഗ്ടണ്‍ സ്ട്രീറ്റില്‍ എത്തുന്നുണ്ടത്ര! പഴയ ഹിപ്പികാലം പോലെ ഒരു തരം കള്‍ട്ട് സമാനമായ അവസ്ഥ.

എന്നാല്‍ ആറുമാസത്തിനുശേഷം മൈക്കിള്‍ എന്ന സ്യൂഡോ നെയിമില്‍ സ്‌കൈ ന്യൂസ് അവതരിപ്പിച്ച 30കാരന്റെ അതീവ ദുരന്തവാര്‍ത്ത ഒരു ഫ്രഞ്ച് യുട്യൂബര്‍ പുറത്തുവിട്ടു. പഴുപ്പുമൂത്ത് അയാളുടെ കൈയും കാലും ഓപ്പറേറ്റ് ചെയ്ത കളയേണ്ടിവന്നു. എന്നിട്ടും ഒരു സന്നദ്ധ സംഘടന കൊടുത്ത വീല്‍ചെയറില്‍ ഈ തെരുവിലെത്തിയ അയാള്‍ വീണ്ടും അവശേഷിക്കുന്ന കൈകാലുകളില്‍ മയക്കുമരുന്ന് കുത്തിവെച്ചു! ഒടുവില്‍ പല്ലും എല്ലും പൊടിഞ്ഞ് ശരീരം പഴുത്തൊലിച്ച് ഒരു പട്ടിയെപ്പോലെ തെരുവില്‍ മരിച്ചുവീണു.

സാങ്കേതിക വിദ്യയുടെയും, സൈനിക ശക്തിയുടെയുമൊക്കെ ലോക തലസ്ഥാനമായ അമേരിക്കയുടെ കറുത്ത മുഖമാണ് ഇവിടെ വെളിപ്പെടുന്നത്. അതാണ് സാന്‍ഫ്രാന്‍സിസ്‌ക്കോയിലും, ഫിലാഡെല്‍ഫിയയിലും, എന്തിന് ന്യൂയോര്‍ക്കിന്റെ ഉള്‍ഭാഗങ്ങളിലുമെല്ലാമുള്ള സോംബി സ്ട്രീറ്റ്സ് എന്ന വിളിക്കുന്ന ലഹരിത്തെരുവുകള്‍. ഈയിടെ പ്രശസ്ത മലയാളി യൂട്യൂബര്‍ സുജിത് ഭക്തന്‍ ഫിലോഡല്‍ഫിയയിലെ കെന്‍സിംഗ്ടണ്‍ തെരുവിലെത്തി, ഈ സോബി തെരുവുകള്‍ ചിത്രീകരിച്ച് ഞെട്ടിച്ചിരുന്നു. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയുമാക്കി.


 



എന്തുകൊണ്ട് അമേരിക്കപോലുള്ള ഒരു രാജ്യത്ത് ഇങ്ങനെ മയക്കുമരുന്ന് അടിച്ച് മനുഷ്യര്‍ സോബികളാവുന്നു. ലോക പൊലീസ് എന്ന് വിളിക്കപ്പെടുന്ന, എല്ലാ ആധുനിക സംവിധാനങ്ങളുമുള്ള ഈ രാജ്യത്തിന് എന്തുകൊണ്ട് ഈ ലഹരി വിപത്ത് തടയാന്‍ കഴിയുന്നില്ല? അത് ശരിക്കുമൊരു വല്ലാത്ത കഥയാണ്.

ലഹരിബാധിത തെരുവുകള്‍

ഹോളിവുഡ് സിനിമകള്‍ വഴി നമുക്ക് ഏറെ പരിചിതരാണ് സോംബികള്‍. വ്രണങ്ങളും മുറിവുകളും നിറഞ്ഞ വിചിത്രരൂപികളായി സോംബികളുടെ കടിയേറ്റാല്‍ നമ്മളും അവരില്‍ ഒരാളായി തീരും. അങ്ങനെ ആയിരിക്കണക്കിന് സോംബികള്‍ അലറി വരുന്ന സിനിമകള്‍ പിന്നീട് ഹോല്‍വുഡില്‍നിന്ന് ബോളിവുഡിലും എന്തിന് തമിഴിലും തെലുഗിലും വരെയെത്തി. പക്ഷേ ആ സോംബി സിനിമകളില്‍ നിങ്ങള്‍ കണ്ട കാര്യങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കാണമെങ്കില്‍, അമേരിക്കയിലെ ലഹരിത്തെരുവുകളിലേക്ക് വരണം. ദേഹമാസകലം മറിവുമായി നൂറുകണക്കിന്പേര്‍, സോംബികളെപ്പോലെ ഒരേ സ്ഥലത്തേക്ക് നോക്കിയും, തലതാഴ്ത്തിയുമൊക്കെ മണിക്കുറുകള്‍ ഒറ്റ നില്‍പ്പാണ്. തെരുവുകളില്‍ വെട്ടുക്കിളി കൂട്ടംപോലെയെത്തി, ലഹരി കുത്തിവെക്കുന്നവരും ധാരാളം. അത് തുടക്കമാണ്. ക്രമേണെ മയങ്ങി മയങ്ങി റോഡില്‍ തൂങ്ങി നില്‍ക്കും. ഒരു ദിവസം മരിച്ചു വീഴും.

അമേരിക്കയില്‍ സാന്‍ഫ്രാന്‍സിക്കേയിലും, ഫിലാഡെല്‍ഫിയയിലുമാണ് ഏറ്റവും കുപ്രസിന്ധമായ സോംബി തെരവുള്ളത്. ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്താല്‍ ഇതുസംബന്ധിച്ച് ധാരാളം വീഡിയോകള്‍ കാണാം. 2023 ബംഗളൂരു യൂട്യൂബര്‍ ഇഷാന്‍ ശര്‍മ സാന്‍ഫ്രാന്‍സിസ്‌ക്കോയിലെത്തി 'സോംബികളെപ്പോലെയുള്ള ആളുകള്‍' എന്ന കാപ്ഷനോടെ ഒരു വീഡിയോ എക്സില്‍ പങ്കുവെച്ചത് വൈറലായിരുന്നു. വീഡിയോയില്‍ തെരുവുകളില്‍ തളര്‍ന്നുവീണു കിടക്കുന്ന നിരവധിയായ മനുഷ്യരെയും എഴുന്നേറ്റ് നടക്കാന്‍ ശേഷിയില്ലാതെ നിലത്തുകൂടി ഇഴയുന്നവരെയും കാണാം.

വീഡിയോയ്ക്ക് ഒപ്പം ചേര്‍ത്ത കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയായിരുന്നു; 'ഇത് കാണുമ്പോള്‍ എന്റെ ഹൃദയം തകരുന്നു. ഇതാണ് സാന്‍ ഫ്രാന്‍സിസ്‌കോ. അമേരിക്കയുടെ സാങ്കേതിക തലസ്ഥാനം. ലോകത്തിലെ ഏറ്റവും തിളക്കമുള്ള നഗരം. കൂടാതെ ഏറ്റവും വലിയ ടെക് കമ്പനികള്‍ ഉള്ള ഇടം. ഞാന്‍ പോയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുരക്ഷിതമല്ലാത്ത സ്ഥലം കൂടിയാണിത്. തെരുവുകള്‍ ഭവനരഹിതര്‍, മാനസികമായി പ്രശ്നമുള്ളവര്‍, മയക്കുമരുന്നിന് അടിമപ്പെട്ടു പോയവര്‍, അല്ലെങ്കില്‍ ഈ മൂന്ന് അവസ്ഥകളും കൂടിച്ചേര്‍ന്നു പോയവര്‍ എന്നിവരാല്‍ നിറഞ്ഞിരിക്കുന്നു. വെടിവയ്ക്കലും വാഹനങ്ങള്‍ തകര്‍ക്കലും വളരെ സാധാരണമാണ്. മോഷണങ്ങള്‍ സ്ഥിരം കഥയാകുന്നു. തെരുവുകളിലൂടെ നടന്നു നീങ്ങുന്നവര്‍ മുഴുവന്‍ സോംബികളെ പോലെ. സാങ്കേതിക മുതലാളിത്തത്തിന്റെ ഉട്ടോപ്യയാണ് വഴിതെറ്റിപ്പോയത്. എന്തുകൊണ്ട് ഇത് പരിഹരിക്കാന്‍ കഴിയുന്നില്ല?''- ഇഷാന്‍ ശര്‍മയുടെ ചോദ്യം വലിയ ചര്‍ച്ചയാണ് ഉയര്‍ത്തിയത്.

അതുപോലെ ന്യൂയോര്‍ക്കിന്റെ ഉള്‍ഭാഗത്തെ ചില തെരുവുകളിലും ഇതുപോലെ ഗ്രൂപ്പ് ഡ്രഗ് അഡിക്റ്റുകളുടെ പ്രശ്നമുണ്ടായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തെ തുടര്‍ച്ചയായ ശ്രമത്തിന് ഒടുവില്‍, ന്യൂയോര്‍ക്കിനെയും സാന്‍ഫ്രാന്‍സിസ്‌ക്കോയെയും, ഒരുവിധത്തില്‍ ശരിയാക്കിയെടുക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. പക്ഷേ അപ്പോഴും ഒരു രക്ഷയുമില്ലാതിരുന്നത് ഫിലോഡല്‍ഫിയയിലെ കെന്‍സിംഗ്ടണ്‍ സ്ട്രീറ്റാണ്. അവിടെയാണ് നമ്മുടെ സുജിത് ഭക്തന്‍ എത്തി വീഡിയോ ചിത്രീകരിച്ചത്. മയക്കുമരുന്നില്‍ കിറുങ്ങി തലതാഴ്ത്തിനില്‍ക്കുന്ന നിരവധി സോംബി മനുഷ്യരെയാണ് സുജിത്ത് കാണിച്ചുതന്നത്.


 



കെന്‍സിംഗ്ടണ്‍ എന്ന ഡ്രഗ് സിറ്റി

ഇന്ന് അമേരിക്കയിലെ ഡ്രഗ് സിറ്റിയെന്ന് അറിയപ്പെടുന്ന ഫിലാഡല്‍ഫിയയിലെ കെന്‍സിംഗ്ടണ്‍ ഒരു കാലത്ത് സമ്പന്നമായ, സമാധാനമുള്ള ഒരു പ്രദേശമായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ടെക്‌സ്റ്റൈല്‍സ്, കാര്‍പ്പറ്റ് വ്യവസായത്തിന് പേരുകേട്ട പ്രദേശമായിരുന്നു ഇതെന്നാണ് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാവുക. പിന്നീട് ഇരുപതാം നൂറ്റാണ്ടിലും ഒരു പാട് ഫാക്ടറികളുമായി ഇവിടം ഇന്‍ഡസ്ട്രിയല്‍ ഏരിയയായി വികസിച്ചു. പക്ഷേ അവിടെ ഒരു പ്രശ്നമുണ്ടായിരുന്നു. ഫാക്ടറികളിലെ ബാലവേല. ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങളുണ്ടായി. ഒപ്പം മറ്റ് തൊഴില്‍ കുഴപ്പങ്ങളും. 1950-കളില്‍ പല വ്യവസായ സ്ഥാപനങ്ങളും കെന്‍സിംഗ്ടണ്‍ വിട്ടുപോയി. അതോടെ തദ്ദേശീയര്‍ക്ക് തൊഴിലില്ലാതായി. വലിയയൊരു വിഭാഗം ജനത മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. അവശേഷിക്കുന്നവര്‍ക്കിടയില്‍ ദാരിദ്ര്യം വര്‍ധിക്കുകയും ഒരു വിഭാഗം കുറ്റകൃത്യങ്ങളിലേക്ക് തിരിയുകയും ചെയ്തു.

ഇവിടെ ആളുകള്‍ വിട്ടുപോയ പ്രദേശങ്ങളില്‍ മയക്കുമരുന്ന് മാഫിയ തമ്പടിച്ചു. 1970-കളില്‍ കെന്‍സിംഗ്ടണില്‍ ലഹരിമരുന്നു മാഫിയാകേന്ദ്രമായി. മെക്സിക്കന്‍ ഡ്രഗ് കാര്‍ട്ടലിന്റെ സുവര്‍ണ്ണകാലമായിരുന്നു അത്. അന്നുതൊട്ടെ, കെന്‍സിംഗ്ടണ്‍ കുപ്രസിദ്ധമായിരുന്നുവെങ്കിലും, ഇന്നുകാണുന്നതുപോലെ സോംബി തെരുവായത് ഒരു 2015 മുതലാണെന്നാണ് പറയുന്നത്. അതായത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ നാടും വീടും വിട്ട് ഇവിടെയെത്തുന്നു. അവര്‍ക്ക് ഒരു അജണ്ടയയേ ഉള്ളു. ലഹരി. അത് ഇവിടെ വലിയ ചെലവില്ലാതെ കിട്ടും. കിക്കില്‍ അന്തം വിട്ട് തെരുവുകളില്‍ മനുഷ്യര്‍ തൂങ്ങി നിന്നു. അക്രമങ്ങളും കശപിശകളും കൂടി. ഇതോടെ കൂടുതല്‍ നാട്ടുകാര്‍ ആ പ്രദേശം ഉപേക്ഷിച്ചു. കോവിഡ് കാലത്ത് ഡ്രഗ് ഉപയോഗം വ്യാപകമായി. തദ്ദേശീയര്‍ ഉപേക്ഷിച്ച് പോയ കെട്ടിടങ്ങള്‍ സോംബികള്‍ താവളമാക്കി. അങ്ങനെ ഇതൊരു സോംബി സ്ട്രീറ്റായി.

പൊതുസ്ഥലത്ത് യാതൊരു മറയുമില്ലാതെയാണ് ഇവര്‍ ലഹരി ഉപയോഗിക്കുന്നത് എന്ന് സുജിത് ഭക്തന്റെ വീഡിയോയില്‍നിന്നടക്കം വ്യക്തമാണ്. സിറിഞ്ചില്‍ നിറച്ച ലഹരി പരസ്പരം കുത്തിവെച്ച് സഹായിക്കുന്നതും ഈ തെരുവുകളില്‍ കാണാന്‍ സാധിക്കും. വഴിവക്കിലും പാലത്തിനടിയിലും നൂറ് കണക്കിന് സിറിഞ്ചുകള്‍ കാണാമെന്ന് സുജിത് സാക്ഷ്യപ്പെടുത്തുന്നു.

മാംസം തിന്നുന്ന സൈലസീന്‍

സാധാരണ ഡ്രഗ് ഉപയോഗിക്കുന്നവര്‍ ഇങ്ങനെ, ശരീരം മൊത്തം പഴുത്ത് വ്രണമായി മരിക്കാറില്ലല്ലോ? പക്ഷേ സോംബി തെരുവില്‍ എത്തുന്നവരെ അതി ദയീനീയമായ അന്ത്യമാണ് കാത്തിരിക്കുന്നത്. അതിന്റെ കാരണം, സാധാരണ ഉപയോഗിക്കുന്ന ഡ്രഗ്സ് അല്ല കുതിരക്ക് കൊടുക്കുന്ന ഒരു തരം മരുന്നാണ് ഇവിടെ ഉപയോഗിക്കുന്നത്. അതാണ് മാസം തിന്നുന്ന മരുന്ന് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സൈലസീന്‍! കുതിര, പശു തുടങ്ങിയ നാല്‍ക്കാലികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സൈലസീന്‍ എന്ന ട്രാന്‍ക്വലൈസറാണ് ഇവിടെ മുനുഷ്യനില്‍ കുത്തിവെക്കുന്നത്. താരതമ്യേന വില കുറവായതിനാലും ഒട്ടുമിക്ക പ്രദേശങ്ങളിലും ലഭ്യമായതിനാലും സാമ്പത്തികമായി താഴെത്തട്ടില്‍ നില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങളുടെ ഇടയിലേക്ക് ഇവ ഒഴുകുകയാണ്. കുതിരയെ മയക്കാനുള്ള മരുന്നായതിനാല്‍ അമേരിക്കയില്‍ ഇത് നിരോധിക്കപ്പെട്ടിട്ടില്ല. അതിനാല്‍ സൈലസീന്‍ കൈവശം വെച്ചുവെന്നതിന്റെ പേരില്‍ ഒരാളെ ശിക്ഷിക്കാനും കഴിയില്ല.


 



പക്ഷേ വെറും സൈലസീന്‍ മാത്രമായിട്ടല്ല പലരും ഉപയോഗിക്കുന്നത്. ഫെന്റനില്‍, ഹെറോയിന്‍, കൊക്കെയ്ന്‍ തുടങ്ങിയവയുമായി കൂട്ടിക്കലര്‍ത്തിയുള്ള കോക്ക്‌ടെയ്ല്‍ ഡ്രഗ് ( ട്രാങ്ക്) ആയാണ് ഇവ വില്‍ക്കപ്പെടുന്നത്. ഇതിന് അടിമപ്പെട്ടാല്‍ ജീവിതം തിരിച്ചുപിടിക്കുന്നത് അത്ര എളുപ്പമല്ല. ട്രാങ്കുകള്‍ ഉപയോഗിച്ചു തുടങ്ങുന്നത് 2000 -ന്റെ മധ്യത്തിലണെന്ന് കരുതപ്പെടുന്നു. പോര്‍ട്ടോറിക്കോയിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പിന്നീട് പിന്നീട് അത് ഫിലാഡല്‍ഫിയയിലേക്കും അമേരിക്കയിലെ മറ്റു പ്രദേശങ്ങളിലേക്കും വ്യാപിച്ചു. ഇത് ഇങ്ങോട്ട് ആദ്യം എത്തിച്ചത് മെക്സിക്കന്‍ മാഫിയയാണ്. ഇത്തരക്കാരെ ആദ്യം സൈലസീന്‍ കൊടുത്ത വശത്താക്കും. പിന്നെ കാരിയേഴ്സ് ആക്കുകയാണ് പരിപാടി. പൊലീസ് ശക്തമായ നടപടി എടുത്തതോടെ ഒരു വിധത്തില്‍ ഒതുങ്ങിയ സമയത്താണ് കോവിഡ് വന്നത്. അപ്പോഴാണ് ഈ വ്യവസായം തഴച്ചുവളര്‍ന്നത്.

സൈലസീനൊപ്പം ഫെന്റനില്‍ എന്ന ഓപ്പിയോയ്ഡുകള്‍ ഉപയോഗിക്കുമ്പോഴാണ് അവസ്ഥ കൂടുതല്‍ മാരകമാകുന്നത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഹെറോയിനേക്കാള്‍ അമ്പത് മടങ്ങാണ് ഫെന്റനിലിന്റെ ദൂഷ്യവശം. കോശങ്ങള്‍ നശിച്ച്, തൊലി ചീഞ്ഞളിഞ്ഞ അവസ്ഥയിലേക്ക് മാറും. ഈ പഴുപ്പ് ഗുരുതരമാകുമ്പോള്‍ ശരീരഭാഗങ്ങള്‍ മുറിച്ചുകളയേണ്ടതായി വരും. ഇത് ഉപയോഗിക്കുന്ന വ്യക്തി മണിക്കൂറുകള്‍ നീളുന്ന മയക്കത്തിലേക്ക് വീഴും. ഉണര്‍ന്നാല്‍ വീണ്ടും അടുത്ത ഡോസെടുക്കാനുള്ള പ്രവണത തോന്നും. ഇതുകൊണ്ടാണ് സോബി തെരുവിളില്‍ എപ്പോളും ചുമലുകള്‍ ഒടിഞ്ഞ് തൂങ്ങിയതുപോലെ തല താഴേക്കിട്ട് മണിക്കുറുകള്‍ ഒരേ നില്‍പ്പില്‍ നില്‍ക്കുന്ന മനുഷ്യരെ കാണുന്നത്.

ആറുമാസം തുടര്‍ച്ചയായി ഇതുപയോഗിച്ചാല്‍ 30കാരന്‍ 60കാരന്റെ അവസ്ഥയിലെത്തും. ഇഞ്ചിഞ്ചായുള്ള മരണമാണ് ഉണ്ടാവുന്നത്. ഓവര്‍ഡോസ് മരണങ്ങളും ഒരുപാടുണ്ടായി. 2019 ആയപ്പോഴേക്കും 627 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2020-ല്‍ അത് ഇരട്ടിയിലേറെയായി. 2021-ല്‍ 3,468 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരാണ് സൈലസീന്‍ ഓവര്‍ഡോസില്‍ മരിക്കുന്നത് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

അവര്‍ എങ്ങനെ ജീവിക്കുന്നു?

അമേരിക്കയിലെ സോംബി തെരുവുകളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെയെത്തുന്നവരില്‍ 90 ശതമാനവും, ഹോംലെസ്സ് എന്ന് വിളിക്കാവുന്ന നിര്‍ധനരാണ്. തൊഴിലില്ലായ്മയും ദാരിദ്ര്യവുമാണ് പലരെയും ഈ തെരുവില്‍ എത്തിക്കുന്നത്. അമേരിക്ക അഭിമുഖീകരിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ ഇരുണ്ട വശമാണ് ഇത്തരം തെരുവുകള്‍. സാദാ കഞ്ചാവില്‍ തുടങ്ങി പതുക്കെ സൈലസീനില്‍ എത്തുന്നതാണ് മിക്കവരുടെയും ജീവിതം. പക്ഷേ ഒരു ചെറിയ ശതമാനം വരുന്ന മറ്റൊരു കൂട്ടരുണ്ട്. വലിയ സമ്പന്ന കുടുംബങ്ങളിലൊക്കെ ജനിച്ചിട്ട്, മാനസിക-കുടുംബ- സാമ്പത്തിക പ്രശ്നങ്ങളില്‍പെട്ട് സ്വന്തം ഐഡന്റിറ്റി ഉപേക്ഷിച്ച് ഇവിടെയെത്തുന്നവരുമുണ്ട്. ആത്മഹത്യചെയ്യുന്നതിന് പകരം സൈലസീനില്‍ അഭയം പ്രാപിച്ച് സോംബികളായി അലയാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

രാജ്യത്തിലെ പലഭാഗത്തുനിന്ന് നാടുവിട്ടവരെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ചിലരെയൊക്കെ മടക്കിക്കൊണ്ടുപോകനായി. പക്ഷേ ഭൂരിഭാഗത്തിനും ഒരു തിരിച്ചുപോക്കില്ല. ഇത് ഒരു കള്‍ട്ട് കള്‍ച്ചര്‍പോലെ ആവാതിരിക്കാന്‍ അമേരിക്കന്‍ സാമൂഹിക വകുപ്പ് പരമാവധി ശ്രദ്ധിക്കുന്നുണ്ട്. കവര്‍ച്ചയും കൊലപാതകവും നടത്തിയ ചില ക്രിമിനലുകളും പ്രഛന്നവേഷത്തില്‍ ഇവിടെ ജീവിക്കാന്‍ ശ്രമിച്ചിരുന്നു. അവരെ കൃത്യമായി പൊലീസ് പൊക്കുകയും ചെയ്യും. പുറമെനിന്ന് നോക്കുന്നതുപോലെയല്ല കാര്യങ്ങള്‍. പൊലീസ് സര്‍വയലന്‍സ് ഇവിടെയുണ്ട്. പക്ഷേ വ്യക്തി സ്വാതന്ത്ര്യത്തില്‍ അവര്‍ ഇടപെടുന്നില്ല.


 



അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവിടെയെത്തുന്ന ആളുകള്‍ എങ്ങനെ ജീവിക്കുന്നു എന്നതും ഒരു ചോദ്യമാണ്. നമ്മുടെ നാട്ടിലെ ഭിക്ഷക്കാരെപ്പോലെ തന്നെയാണ് ഇവരില്‍ ഭൂരിഭാഗവും. തെരുവുകളില്‍ അവര്‍ ഉറങ്ങുന്നു. ചിലര്‍ പ്രാദേശിക വസ്തുക്കള്‍കൊണ്ട് ടെന്റ് അടിക്കുന്നു. സന്നദ്ധ പ്രവര്‍ത്തകരും അവിടെ വരുന്ന ഉദാരമതികളും കൊടുക്കുന്ന ഭക്ഷണം കഴിക്കുന്നു. കൈയിലുള്ളതുകൊണ്ട് സൈലസീന്‍ വാങ്ങുന്നു. മറ്റ് ചിലര്‍ മയക്കുമരുന്നിന്റെ കാരിയേഴ്സായും പണം കണ്ടെത്തുന്നുണ്ട്. ചിലര്‍ അല്ലറ ചില്ലറ മോഷ്ടാക്കള്‍ കൂടിയാണ്. പ്രദേശത്തുള്ള പൈപ്പ് തൊട്ട് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍വെച്ച കമ്പികളും മറ്റും അടിച്ചുമാറ്റി ആക്രിയാക്കി വില്‍ക്കും. എന്നാല്‍ ചില്ലറ മോഷണങ്ങള്‍ അല്ലാതെ വലിയ കവര്‍ച്ചകള്‍ നടത്താറില്ല. എന്നാലും പ്രദേശവാസികള്‍ക്ക് പേടിയുണ്ട്. കുട്ടികള്‍ സ്‌കൂള്‍വിട്ട് വരുമ്പോഴൊക്കെ ഭയന്നുപോയ നിരവധി സംഭവങ്ങള്‍ അവര്‍ക്ക് പറയാനുണ്ട്. സോംബികളുടെ വഴക്കും ബഹളവും കാരണം അവരുടെ സ്വസ്ഥതതപോയിരിക്കയാണ്. അതുകൊണ്ടുതന്നെ കിട്ടിയ വിലക്ക് ഇവര്‍ വീടുവിറ്റ് മറ്റിടങ്ങളിലേക്ക് ചേക്കേറുകയാണ്.

ഇനി മറ്റൊരു അപകടകരമായ ഒരു കാര്യവും ഇവിടെ നടക്കുന്നുണ്ടെന്ന് പറയുന്നു. ഡ്രഗ് മാഫിയയുടെ ഒരു പരീക്ഷണ ശാല കൂടിയാണത്രേ ഇവിടം. അതായത് എത്ര കൂടി ഡോസില്‍ മയക്കുമരുന്ന് കോക്ക് ടെയില്‍ ഉണ്ടാക്കാമെന്നത് ഇവരുടെ ശരീരത്തിലാണത്രേ പരീക്ഷിക്കുന്നത്! ഡോസ് കൂടി തട്ടിപ്പോയാലും ആര്‍ക്കും പ്രശ്നമില്ലല്ലോ. ചോദിക്കാനും പരാതിപ്പെടാനും ഇവര്‍ക്ക് ആരുമില്ലല്ലോ? പൊലീസിന്റെ മുന്നില്‍വെച്ച് ലഹരി ഉപയോഗിക്കുന്ന മനുഷ്യരെ നിങ്ങള്‍ക്ക് ലോകത്ത് എവിടെയെങ്കിലും കാണാന്‍ കഴിയുമോ? പക്ഷേ അമേരിക്കയിലെ സോംബി തെരുവുകളില്‍നിങ്ങള്‍ക്കത് കാണാം. പൊലീസിനും നന്നായി അറിയാം ഇവരെ പിടിച്ചിട്ടോ, വെടിവെച്ചിട്ടോ, ഡീ അഡിക്ഷന്‍ സെന്റിലേക്ക് വിട്ടിട്ടോ യാതൊരു കാര്യവുമില്ലെന്ന്.

ആ സ്റ്റേജെല്ലാം കഴിഞ്ഞവരാണ് ഇത്തരം തെരുവുകളില്‍ എത്തുന്നത്. പൊലീസിങ്ങല്ല, സന്നദ്ധ ആരോഗ്യ പ്രവര്‍ത്തകരെ വിട്ടുകൊണ്ടുള്ള ശാസ്ത്രീയമായ ബോധവത്ക്കരണത്തിനാണ് സര്‍ക്കാര്‍ ഇവിടെ ശ്രമിക്കുന്നത്. പക്ഷേ പൊലീസ് ഇവിടെ പ്രായപൂര്‍ത്തിയാവാത്തര്‍ എത്തിയാല്‍ കര്‍ശന നടപടി എടുക്കും. അതുപോലെ സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങളും പൊറുപ്പിക്കില്ല. ഏറ്റവും വിചിത്രം ഈ സോംബി സംഘത്തില്‍ നിരവധി സ്ത്രീകളുമുണ്ടെന്നാണ്. എന്നാല്‍ റേപ്പ് സംബന്ധമായ പരാതികള്‍ ഇവിടെ നിന്ന് കുറവാണ്. അതുണ്ടാവുന്നത് കാരിയേഴ്സായി പ്രവര്‍ത്തിക്കുന്നവരുടെ ഭാഗത്തുനിന്നാണ്.

പലര്‍ക്കും തങ്ങള്‍ കഴിക്കുന്ന ഡ്രഗിന്റെ ഡോസേജിനെപ്പറ്റിയും വലിയ ധാരണയില്ല. കൈകളിലും കാലുകളിലും മറ്റും വലിയ മുറിവുകള്‍ വന്ന് പഴുത്ത് ചീയുന്ന അവസ്ഥയിലെത്തുമ്പോഴാണ് പലരും ഇത് സ്വാഭാവികമല്ലെന്ന് മനസ്സിലാക്കുന്നത്. വേദന സഹിക്കാനാവരുമ്പോള്‍ ചിലര്‍ വീണ്ടും സോംബി ഡ്രഗില്‍ തന്നെ അഭയം തേടും. വളരെ ന്യൂനപക്ഷമാണ് ചികിത്സതേടി വരുന്നത്. അപ്പോഴേക്കും അവരില്‍ പലരുടെയും അവയവങ്ങള്‍ മുറിച്ചുകളയേണ്ട അവസ്ഥയിലെത്തിയിരിക്കും.

ഒരുപാട് സന്നദ്ധ പ്രവര്‍ത്തകര്‍ ഇവിടെയുണ്ട്. അവരാണ് സോംബികളുടെ മുറിവെച്ച് കെട്ടുന്നതും, വീല്‍ചെയര്‍ കൊടുക്കുന്നതും, ഭക്ഷണവും വെള്ളവും കൊടുക്കുന്നതുമെല്ലാം. ചിലരെയാക്കെ ചികില്‍സാകേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി പുനരധിവസിപ്പിക്കാനും അവര്‍ക്ക് കഴിഞ്ഞു. പക്ഷേ ഇങ്ങനെ ഭക്ഷണവും, വെള്ളവും കൊടുക്കുന്നതുകൊണ്ടാണ് ഇവര്‍ ഇവിടെനിന്ന് ഒഴിഞ്ഞ് പോവാത്തത് എന്ന അഭിപ്രായമുള്ളവരുമുണ്ട്. ഡ്രഗ് ഉപയോഗിക്കുന്നവരെയല്ല, അതിന്റെ സപ്ലൈ ചെയിന്‍ തകര്‍ക്കാനാണ് അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ 2022 കാലത്തെ വെച്ചുനോക്കുമ്പോള്‍, സോംബി തെരുവുകളിലെ 'അന്തേവാസികളുടെ' എണ്ണം ഗണ്യമായി കുറയ്്ക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ അവകാശപ്പെടുന്നു.

സോംബി ടൂറിസം പടരുമ്പോള്‍

ചില സ്ഥലങ്ങളില്‍ പ്രശസ്തമാവുന്നത് അവിടുത്തെ കാഴ്ച ബംഗ്ലാവ് കൊണ്ടായിരിക്കും. എന്നാല്‍ ഫിലാഡല്‍ഫിയയിലെ കെന്‍സിംഗ്ടണ്‍ സ്ട്രീറ്റ് കുപ്രസിദ്ധമായിരിക്കുന്നത് മനുഷ്യരുടെ കാഴ്ചബംഗ്ലാവ് എന്നതിലുടെയാണ്. മയക്കുമരുന്നടിച്ച് കിളിപോയി തലതാഴ്ത്തി നില്‍ക്കുന്ന, സ്വബോധം നഷ്ടപ്പെട്ട് തെരുവിലൂടെ ഇഴഞ്ഞുനടക്കുന്ന, നടപ്പാതയില്‍ സിറിഞ്ചുമായി ഇരിക്കുന്ന തൊലി ചുക്കിച്ചുളിഞ്ഞിഞ്ഞ് വ്രണങ്ങള്‍ പഴുത്ത് പൊട്ടിയൊലിക്കുന്ന, കണ്ണുകള്‍ മിഴിച്ചിരിക്കുന്നുണ്ടെങ്കിലും ദൃഷ്ടിയുറക്കാത്ത സോംബി മനുഷ്യരെ കാണാന്‍ ഇങ്ങോട്ട് ടൂറിസ്റ്റുകളും, വ്ളോഗര്‍മാരും, യുട്യൂബര്‍മാരും ധാരാളം എത്തുകയാണ്! സോംബി ടൂറിസം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് അധാര്‍മ്മികമായ ഒന്നാണ് എന്ന വിമര്‍ശനം അമേരിക്കന്‍ മാധ്യമങ്ങള്‍ നിരന്തരം ഉയര്‍ത്തുന്നുണ്ട്. സോംബി മനുഷ്യരെ ചിത്രീകരിക്കുക എന്നതും, അങ്ങേയറ്റം കുഴപ്പം പിടിച്ച പരിപാടിയാണ്. അവര്‍ എപ്പോഴാണ് പ്രകോപിതരാവുകയെന്നും ആക്രമിക്കുകയെന്നും ആര്‍ക്കും പറയാന്‍ കഴിയില്ല. അങ്ങനെ അടിയേറ്റ് ആശുപത്രിലായവര്‍വരെയുണ്ട്.




 



എന്നിട്ടും യുട്യൂബര്‍മാരെക്കൊണ്ട് ഒരു രക്ഷയുമില്ല എന്നാണ് പ്രദേശവാസികളും പറയുന്നത്. വ്യക്തിയുടെ സ്വകാര്യത ഒട്ടും മാനിക്കാതെ സോംബി മനുഷ്യരുടെ മുഖംപോലം, ഇവര്‍ ബ്ലര്‍ ചെയ്യാതെ കാണിക്കുന്നു. മാത്രമല്ല പണം കൊടുത്ത് സോംബി മനുഷ്യരെ പോസ് ചെയ്യിക്കുന്ന രീതിയുമുണ്ട്. ഇതുസംബന്ധിച്ച് ദ ഗാര്‍ഡിയന്‍ നടത്തിയ ഒരു അന്വേഷണത്തില്‍, 50 ഡോളറിനാണ് ഞാന്‍ ഫോട്ടോക്ക് പോസ് ചെയ്തത് എന്ന് ഒരു സോംബി മനുഷ്യന്‍ സമ്മതിക്കുന്നുണ്ട്.

ടിക് ടോക്ക് പോലുള്ളവയില്‍ അപ്ലോഡ് ചെയ്ത വൈറല്‍ വീഡിയോകള്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഗാര്‍ഡിയന്‍ എഴുതുന്നു. ഡ്രഗ് ഉപയോക്താക്കള്‍ ശാരീരികമായി സമ്മതം നല്‍കാന്‍ സാധ്യതയില്ലാത്ത അവസ്ഥയിലായിരിക്കുമ്പോള്‍ അവരെ ചിത്രീകരിക്കുന്നത് അധാര്‍മ്മികമാണെന്നാണ് അവര്‍ പറയുന്നത്. ചില യൂട്യൂബര്‍മാര്‍ അവരുടെ സ്വകാര്യ ജീവിതവും ചോദിച്ചറിയുന്നു. എന്നാല്‍ ഇവര്‍ക്കാരും തങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗംപോലും, ഇത്തരക്കാരെ കുളിപ്പിക്കുകയും മുറിവ് വെച്ചുകെട്ടുകയും ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൊടുക്കാറുമില്ല. തങ്ങള്‍ മയക്കുമരുന്നിനെതിരെ അവബോധം സൃഷ്ടിക്കയാണെന്ന് പറഞ്ഞ് തുടങ്ങുന്ന യു ട്യുബര്‍മാര്‍, ആ പണിയല്ല എടുക്കുന്നതെന്നും ഗാര്‍ഡിയന്‍ വിമര്‍ശിക്കുന്നു.

അമേരിക്കയെക്കുറിച്ച് വളരെ മോശം ചിത്രമാണ് ഇത്തരം യുട്യുബര്‍മാര്‍ ഉണ്ടാക്കുന്നത് എന്നും വിമര്‍ശനമുണ്ട്. അതുകൊണ്ട് ഈ പ്രദേശങ്ങളിലേക്ക് പ്രവേശന നിയന്ത്രണം വേണമെന്നും ചിത്രീകരണം അനുവദിക്കരുതെന്നും, നേരത്തെ ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യവും, മാധ്യമ സ്വാതന്ത്ര്യവും, സഞ്ചാര സ്വാതന്ത്ര്യവുമുള്ള ഒരു നാടാണെന്നും, അതൊന്നും തടയാന്‍ കഴിയില്ലെന്നുമാണ്, യുഎസ് അധികൃതര്‍ എടുത്ത നിലപാട്.

വാല്‍ക്കഷ്ണം: ഒന്നോര്‍ത്താല്‍ യുഎസ് ലിബറല്‍ സിവില്‍ സമൂഹത്തിന്റെ വിശാലത തന്നെയല്ലെ ഈ സോംബി തെരുവിന്റെ കാര്യത്തിലും കാണുന്നത്. അമേരിക്ക വിചാരിച്ചാല്‍ സെക്കന്‍ഡുകള്‍കൊണ്ട് ഇവ ഇടിച്ച് നിരത്താന്‍ കഴിയും. അവര്‍ അത് ചെയ്യുന്നില്ല. പകരം ഡ്രഗ് അഡിക്റ്റുകള്‍ക്കുപോലും വൈദ്യസഹായവും ഭക്ഷണവും എത്തിക്കുന്നു. സൗദി അറേബ്യയിലൊക്കെയായിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ!

Tags:    

Similar News