വെടിവെച്ച് കൊന്നശേഷം മൃതദേഹം വിട്ടുകിട്ടാന്‍ ലക്ഷങ്ങളുടെ ബുള്ളറ്റ് ടാക്‌സ്; ജനനേന്ദ്രിയത്തില്‍ പൈപ്പുകള്‍ കുത്തിക്കയറ്റി ജയില്‍ പീഡനം; കുട്ടികള്‍ക്കും വധശിക്ഷ; കമ്യൂണിസ്റ്റുകാരെയും സുന്നികളെ കൂട്ടക്കൊല ചെയ്തു; ഖമേനിയുടെ ഇസ്ലാമിക ഭരണത്തില്‍ നടന്നത് കൊടുംക്രൂരതകള്‍!
ഖമേനിയുടെ ഇസ്ലാമിക ഭരണത്തില്‍ നടന്നത് കൊടുംക്രൂരതകള്‍!
നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ? നീ പാര്‍ട്ടി ഉപേക്ഷിക്കുമോ?... വെറും രണ്ടേ രണ്ട് ചോദ്യങ്ങള്‍ മാത്രമേ തടവുകാരായി പിടിച്ച ആ കമ്യുണിസ്റ്റ് നേതാക്കളോട് ചോദിച്ചത്. ഇല്ല എന്ന് മറുപടി കൊടുത്ത മനുഷ്യരെയൊക്കെ തല്‍ക്ഷണം വെടിവെച്ചു കൊന്നു! അതാണ് 1988-ല്‍ ഇറാനില്‍ നടന്ന ജയില്‍ക്കൊല. ഖുമേനി- ഖമനേയി ഭരണത്തില്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. എന്നിട്ടും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടപ്പോള്‍, കേരള കമ്മികള്‍ ആ നരാധമനുവേണ്ടി കണ്ണീര്‍ വാര്‍ക്കയാണ്!
ഖുമേനി മരിച്ച് ഖമനേയി പരമോന്നത നേതാവായപ്പോള്‍, 'പിടിച്ചതിലും വലുത് മാളത്തില്‍ എന്ന അവസ്ഥയാണ് ഇറാനില്‍ ഉണ്ടായത്'. ഖുര്‍ആന്‍ ഓതിയും തഫസീറുകള്‍ വ്യഖാനിച്ചും ജീവിതം ചെലവിടുന്ന ഒരു സാധാരണ മൗലവിയായി ഒതുങ്ങാന്‍ ഖമനേയി തയ്യാറായിരുന്നില്ല. അയാള്‍ ഇംഗ്ലീഷും, പേര്‍ഷ്യനും, അറബിയുമെല്ലാം പഠിച്ചതുപോലെ യുദ്ധതന്ത്രങ്ങളും, സൈനിക രീതികളും പഠിച്ചു. തോക്കെടുത്ത പുരോഹിതന്‍ എന്നാണ് അയാള്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. അയാള്‍ക്ക് അധികാരം കിട്ടിയതോടെ ഇറാനിനെ സ്ത്രീകളുടെ അവസ്ഥ ഒന്നുകൂടി മോശമായി. ഒരുകാലത്ത് സംസ്‌ക്കാരങ്ങളുടെ കളിത്തൊട്ടിലായി അറിയപ്പെട്ടിരുന്നു ഇറാനെ ഒരു ഭ്രാന്തന്‍ രാജ്യമാക്കി അവര്‍ മാറ്റിയെടുത്തു. ഇപ്പോള്‍ ഖമനേയിയുടെ രക്തസാക്ഷിത്വത്തില്‍ വിലപിക്കുന്ന, കേരളത്തിടലക്കമുള്ളവര്‍ അറിയണം, എന്താണ് ഖമനേയി ഇറാനിലെ സ്ത്രീകളോട് ചെയ്തതന്ന്. 85-ാം വയസ്സിലും ലോകത്തെ വിറപ്പിച്ച ഈ കടല്‍ക്കിഴവന്റെ, കുപ്രസിദ്ധമായ ഫത്വകളിലൂടെ ഒന്ന് കടന്നുപോയാല്‍ കാര്യം പിടികിട്ടും. കണ്ണില്ലാ ക്രൂരതകളാണ് ഖമനേയി ഭരണത്തില്‍ ഇറാനില്‍ നടന്നത്.
കിരാതമായ ബുള്ളറ്റ് ടാക്സ്
വെടിവെച്ചുകൊല്ലപ്പെട്ടവന്റെ ശരീരത്തിലെ ഉണ്ടക്ക് ലക്ഷങ്ങള്‍ വിലയിടുന്ന ഒരു രാജ്യത്തെക്കുറിച്ച്സങ്കല്‍പ്പിക്കാന്‍ കഴിയുമോ? പക്ഷേ ആയത്തുള്ള അലി ഖമനേയി നേതൃത്വം കൊടുത്ത ഇറാന്‍ എന്ന ഇസ്ലാമിക് റിപ്പബ്ലിക്കില്‍ അതൊരു പുതിയ കാര്യമല്ല. കഴിഞ്ഞമാസം നടന്ന പ്രക്ഷോഭത്തിലും അതുകണ്ടു. പരിക്കേറ്റ പ്രതിഷേധക്കാരെ ആശുപത്രികളില്‍ എത്തിക്കാന്‍ സുരക്ഷാ സേന തടസ്സങ്ങള്‍ സൃഷ്ടിച്ചു.ആശുപത്രികളില്‍ എത്തിയവരെ അവിടെ നിന്ന് തന്നെ അറസ്റ്റ് ചെയ്തു. ചിലരെ ആശുപത്രി കിടക്കയിലിട്ട് വെടിവെച്ചു കൊന്നു!
കൊല്ലപ്പെട്ടവരുടെ മൃതദേഹം വിട്ടുകിട്ടാന്‍ ബന്ധുക്കളോട് ഭരണകൂടം പണം ആവശ്യപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകള്‍ ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനെ 'ബുള്ളറ്റ് ടാക്സ്'എന്നാണ് മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും വിശേഷിപ്പിക്കുന്നത്. വെടിയുണ്ടയുടെ പണം നല്‍കിയാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കൂ എന്ന് ഇറാനിയന്‍ സുരക്ഷാ സേന ആവശ്യപ്പെട്ടതായി ആനംസ്റ്റി ഇന്റര്‍നാഷണലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെറിയ തുകയൊന്നുമല്ല ഇത്. ഇതിനായി ഓരോ കുടുംബത്തോടും ലക്ഷക്കണക്കിന് രൂപയ്ക്ക് തുല്യമായ തുക (ഏകദേശം 3 ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ) ആവശ്യപ്പെട്ടതായാണ് വിവരങ്ങള്‍.
ഇതിനുപുറമേ കൊല്ലപ്പെട്ട വ്യക്തി സര്‍ക്കാര്‍ അനുകൂലിയാണെന്നോ അല്ലെങ്കില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതാണെന്നോ സമ്മതിച്ചുകൊണ്ടുള്ള കരാറുകളില്‍ ഒപ്പിടാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുന്നുണ്ട്. കുടുംബങ്ങളെ സാമ്പത്തികമായി തകര്‍ക്കുന്നതിലുപരി, അവരെ മാനസികമായി തളര്‍ത്താനും പ്രതിഷേധങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുമുള്ള ഒരു ക്രൂരമായ മാര്‍ഗ്ഗമായാണ് മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ കാണുന്നത്. ഈ കിരാതമായ നടപടി പുതിയതല്ല. 2019-ലെയും 2022-ലെയും പ്രക്ഷോഭ സമയത്തും സമാനമായ രീതിയില്‍ 'ബുള്ളറ്റ് ഫീ' ഈടാക്കിയതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ പരമോന്നത നേതാവ് എന്ന നിലയില്‍ രാജ്യത്തെ സൈന്യവും സുരക്ഷാ സംവിധാനങ്ങളും ഖമനേയിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. അതുകൊണ്ടുതന്നെ, ഇത്തരം ക്രൂരമായ നടപടികള്‍ അദ്ദേഹത്തിന്റെ അറിവോടും സമ്മതത്തോടും കൂടിയാണ് നടക്കുന്നത് എന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഈ രീതി 1980-കളിലെ ഇസ്ലാമിക് വിപ്ലവത്തിന് ശേഷമുള്ള കാലം മുതല്‍ക്കേ ഇറാനില്‍ നിലവിലുണ്ട്. അക്കാലത്തും രാഷ്ട്രീയ തടവുകാരെ വധിച്ച ശേഷം അവരുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ ബുള്ളറ്റ് മണി വാങ്ങിയരുന്നതായി ആനംസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ളവര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇത് കേവലം സാമ്പത്തിക ലാഭത്തിന് വേണ്ടിയുള്ളതല്ല. ഒപ്പം മരിച്ചവര്‍ക്ക് വേണ്ടി പൊതുവായ വിലാപയാത്രകളോ ചടങ്ങുകളോ പാടില്ലെന്ന നിബന്ധനയും ഉണ്ടെന്ന് ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് മോണിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്ന് ഓര്‍ത്തുനോക്കുക, ലോകത്തിലെ ഏതെങ്കിലും ഒരു രാഷ്ട്രം പ്രതിഷേധിക്കുന്ന സ്വന്തം ജനതക്കെതിരെ ഈ രീതിയില്‍ പെരുമാറിയിട്ടുണ്ടോ?
ജനനേന്ദ്രിയത്തില്‍ പൈപ്പുകള്‍ കുത്തിക്കയറ്റും
ഇറാനിലെ ജയിലുകളില്‍ തടവുകാര്‍ക്കെതിരെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും, ഐക്യരാഷ്ട്രസഭയും പലപ്പോഴായി പുറത്തുവിട്ടിട്ടുണ്ട്. 2022-ലെ 'വിമന്‍ ലൈഫ് ഫ്രീഡം' പ്രക്ഷോഭകാലത്തും അതിനുശേഷവും പുറത്തുവന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. തടവിലാക്കപ്പെട്ട സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും സുരക്ഷാ സേന ബലാത്സംഗം ചെയ്തതായി ആംനസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാത്തികള്‍, കുപ്പികള്‍, ഹോസ് പൈപ്പുകള്‍ എന്നിവ യോനിയില്‍ കുത്തിക്കയറ്റിയാണ് പീഡനം! വനിത തടവുകാരുടെ മനോവീര്യം തകര്‍ക്കാനും കുറ്റസമ്മതം നടത്തിപ്പിക്കാനും റേപ്പ് ആയുധമായി ഭരണകൂടം ഉപയോഗിക്കുന്നു എന്ന് യുന്‍ ഫാക്റ്റ് ഫൈന്‍ഡിങ് മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രിക് ഷോക്ക് നല്‍കുക, നഖങ്ങള്‍ക്കിടയില്‍ സൂചി കയറ്റുക, ചാട്ടവാറടി, കഠിനമായ മര്‍ദ്ദനം എന്നിവ സാധാരണമാണ്. തടവുകാരെ തലകീഴായി കെട്ടിത്തൂക്കുന്ന രീതിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.വൈറ്റ് ടോര്‍ച്ചറും ഇവിടെ വ്യാപകമാണ്. തടവുകാരെ പൂര്‍ണ്ണമായും വെളുത്ത നിറമുള്ള, ജനാലകളില്ലാത്ത ഇടുങ്ങിയ മുറികളില്‍ മാസങ്ങളോളം ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്ന രീതിയാണിത്. ഇത് തടവുകാരെ മാനസികമായി ഭ്രാന്തിന്റെ വക്കിലെത്തിക്കാന്‍ കാരണമാകുന്നു. ക്രൂരമായ പീഡനങ്ങളിലൂടെ നിര്‍ബന്ധപൂര്‍വ്വം എഴുതിവാങ്ങുന്ന കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് ആളുകളെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റുന്നത്.
ഇറാന്റെ പരമോന്നത നേതാവായ ഖമനേയിയുടെ കീഴിലുള്ള റെവല്യൂഷണറി ഗാര്‍ഡ്‌സും ഇന്റലിജന്‍സ് ഏജന്‍സികളുമാണ് ഈ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഈ കുറ്റകൃത്യങ്ങള്‍ 'മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍' എന്ന ഗണത്തിലാണ് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഇറാന്‍ ജയിലുകളില്‍ നിന്ന് മോചിതരായവരും അവിടെ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും നല്‍കിയ സാക്ഷ്യപത്രങ്ങള്‍ ഭരണകൂടത്തിന്റെ ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു. 2022-ലെ പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട യുവതികളെയും യുവാക്കളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ കൂട്ടബലാത്സംഗം ചെയ്തതായി ആനംസ്റ്റി ഇന്‍ര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോബല്‍ സമ്മാന ജേതാവും നിലവില്‍ ഇറാന്‍ ജയിലില്‍ കഴിയുന്നതുമായ നര്‍ഗീസ് മുഹമ്മദി, തടവുകാരായ സ്ത്രീകള്‍ നേരിടുന്ന ലൈംഗികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് നിരന്തരം കത്തുകള്‍ പുറത്തുവിടാറുണ്ട്. ജയിലിനുള്ളിലെ പീഡനങ്ങള്‍ നര്‍ഗീസ് മുഹമ്മദ് ഫൗണ്ടേഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ സെഫിദെ റാഷ്നോ ക്രൂരമായി മര്‍ദ്ദിച്ച് വശപ്പെടുത്തിയ ശേഷം, സ്റ്റേറ്റ് ടെലിവിഷനില്‍ നിര്‍ബന്ധിത കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ച സംഭവം ഇറാനെതിരെ വലിയ പ്രതിഷേധം ഉണ്ടാക്കിയതാണ്. അവരുടെ മുഖത്തുണ്ടായിരുന്ന ചതവുകളും വിളറിയ ഭാവവും വലിയ അന്താരാഷ്ട്ര ചര്‍ച്ചയായിരുന്നു.
പട്ടാളം റേപ്പ് ചെയ്യുന്നു!
തടവുകാര്‍ക്ക് അവരുടെ സമ്മതമില്ലാതെ മയക്കുമരുന്നുകളോ മാനസികാസ്വാസ്ഥ്യം ഉണ്ടാക്കുന്ന മരുന്നുകളോ ഇന്‍ജക്ട് ചെയ്യുന്നതായി ചില മുന്‍ തടവുകാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് അവരെ ചോദ്യം ചെയ്യലിന് വഴങ്ങുന്നവരാക്കി മാറ്റാനാണ് ഉപയോഗിക്കുന്നത്.മരിച്ചവരുടെ കുടുംബങ്ങള്‍ സത്യം വിളിച്ചുപറയാതിരിക്കാന്‍ അവരെ ജയിലിലിടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന രീതിയും നിലവിലുണ്ട്. കൊല്ലപ്പെട്ട ജിന മഹ്സ അമിനിയുടെ കുടുംബം നേരിട്ട പീഡനങ്ങള്‍ ഇതിന് ഉദാഹരണമാണ്. ഇറാനിലെ പ്രസിദ്ധമായ എവിന്‍ ജയില്‍ ഇത്തരം ക്രൂരതകളുടെ പ്രധാന കേന്ദ്രമായാണ് അറിയപ്പെടുന്നത്.
1980-കളില്‍ ഇറാന്റെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കന്യകമാരായ പെണ്‍കുട്ടികളെ ശിക്ഷ നടപ്പാക്കുന്നതിന് തലേദിവസം വിചിത്രമായ ഒരു ആചാരമുണ്ടായിരുന്നു. അവരെ കാവല്‍ക്കാര്‍ നിര്‍ബന്ധിതമായി 'വിവാഹം' കഴിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്യും! മുന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഐക്യരാഷ്ട്ര സഭയില്‍വരെ വിഷയവും ചര്‍ച്ചയായി. ഈ ക്രൂര കൃത്യത്തിന് കാരണം ഒരു വിശ്വാസമായിരുന്നു. കന്യകമാരായി മരിക്കുന്നവര്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന ഒരു വിശ്വാസം അക്കാലത്ത് ചില മതമൗലികവാദികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. വധിക്കപ്പെടുന്നത് ദൈവത്തിന്റെ ശത്രുക്കളാ യതിനാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പാടില്ലെന്ന ദുര്‍വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരത നടന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പല കേസുകളിലും, പെണ്‍കുട്ടിയെ വധിച്ച ശേഷം ജയില്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി അവര്‍ ജയില്‍ കാവല്‍ക്കാരനെ വിവാഹം കഴിച്ചു എന്ന് അവകാശപ്പെടുകയും 'വിവാഹ സമ്മാനമായി' ഒരു പെട്ടി മധുരപലഹാരമോ ചെറിയ തുകയോ നല്‍കുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ്, അയത്തുള്ള അലിഖമനേയിക്ക് മുമ്പ് ഇറാന്റെ പരമോന്നത നേതാവായിരുന്നു, ആയത്തുള്ള ഖുമേനി ഇത് ഒരു ഫത്വയാക്കിയിരുന്നു എന്നാണ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണത്രേ സൈന്യം ഈ ക്രൂരതകാട്ടുന്നത്! ഇത് ഇപ്പോഴും തുടരുന്നുണ്ട്. കഴിഞ്ഞ തവണത്തെ പ്രക്ഷോഭത്തിലെ പല പെണ്‍കുട്ടികളെയും, ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്സ് തന്നെയാണ് ബലാത്സഗം ചെയ്ത് കൊന്നത്! സ്വന്തം പട്ടാളം സ്വന്തം ജനതയെ റേപ്പ് ചെയ്യുന്നു.
കുട്ടികള്‍ക്കും ശിക്ഷ
ഇറാനില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് വധശിക്ഷ നല്‍കുന്നതും ജയിലിനുള്ളില്‍ അവര്‍ അനുഭവിക്കുന്ന ക്രൂരതകളും അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ പ്രകാരം 18 വയസ്സിന് താഴെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇറാന്‍ ഇത് ലംഘിക്കുന്നു. ഇറാനിലെ നിയമപ്രകാരം ആണ്‍കുട്ടികള്‍ക്ക് 15 വയസ്സും പെണ്‍കുട്ടികള്‍ക്ക് 9 വയസ്സും കഴിഞ്ഞാല്‍ അവര്‍ ക്രിമിനല്‍ നടപടികള്‍ക്ക് ഉത്തരവാദികളാണ്. സാധാരണയായി കുട്ടികള്‍ക്ക് വധശിക്ഷ വിധിച്ചാല്‍ അവര്‍ക്ക് 18 വയസ്സ് തികയുന്നത് വരെ ജയിലില്‍ പാര്‍പ്പിക്കുകയും, 18 തികയുന്ന ദിവസം വധശിക്ഷ നടപ്പിലാക്കുകയുമാണ് ചെയ്യുന്നത്. ആംനംസ്റ്റി ഇന്റനാഷണലിന്റെ കണക്കനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ ബാലകുറ്റവാളികളെ വധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇറാന്‍.
2022-ലെ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്ത കുട്ടികളോടും അത്രക്രൂരമായാണ്, ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. അവരെസുരക്ഷാ സേന തടവിലിടുകയും പൈപ്പുകളും ലാത്തികളും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നതും, അവരെക്കൊണ്ട് നിര്‍ബന്ധിതമായി ലൈംഗിക പ്രവൃത്തികള്‍ ചെയ്യിക്കുന്നതും ചോദ്യം ചെയ്യലിന്റെ ഭാഗമായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്നു എന്ന് ഹ്യൂമന്റൈറ്റസ് വാച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് കുട്ടികളുടെ മുന്നില്‍ വെച്ച് മാതാപിതാക്കളെ പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അവരെ മാനസികമായി തകര്‍ക്കുന്ന രീതിയും നിലവിലുണ്ട്. കുട്ടികളെ ഏകാന്ത തടവില്‍ പാര്‍പ്പിക്കുകയും അവര്‍ക്ക് വധശിക്ഷ നല്‍കാന്‍ പോകുകയാണെന്ന് നിരന്തരം ഭയപ്പെടുത്തുകയും ചെയ്യുന്നു. മര്‍ദ്ദനമേറ്റ് പരിക്കേല്‍ക്കുന്ന കുട്ടികള്‍ക്ക് മതിയായ ചികിത്സ നല്‍കാതെ അവരെ മാസങ്ങളോളം വേദനയില്‍ കഴിയാന്‍ വിടുന്നു.ഭരണകൂടത്തിനെതിരെ ഉയരുന്ന യുവതലമുറയുടെ ശബ്ദത്തെ അടിച്ചമര്‍ത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വരും തലമുറയില്‍ ഭയം വിതയ്ക്കുന്നതിലൂടെ പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നുവെന്നും ആനംസ്റ്റി ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നു.
1990 മുതല്‍ 2024 അവസാനം വരെ 122 കുട്ടികുറ്റവാളികളെയാണ് ഇറാന്‍ വധിച്ചത്. 2010-നും 2024-നും ഇടയില്‍ കുറഞ്ഞത് 71 ബാലകുറ്റവാളികളെ വധിച്ചതായി ഇറാന്‍ ഹ്യൂമന്‍ റൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2025-ല്‍ മാത്രം ഇതുവരെ 6 പേരെ ഇത്തരത്തില്‍ വധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഏകദേശം 85-ഓളം കുട്ടികള്‍ ഇറാന്‍ ജയിലുകളില്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.
ഹ്യൂമന്‍ റൈറ്റ്സ് വാച്ചും ആംനസ്റ്റിയും പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ കുട്ടികള്‍ നേരിട്ട അതിക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. 12 വയസ്സുള്ള കുട്ടികളെപ്പോലും വൈദ്യുത ആഘാതം ഏല്‍പ്പിക്കുക, തലകീഴായി കെട്ടിത്തൂക്കുക, ലാത്തികൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുക തുടങ്ങിയ പീഡനങ്ങള്‍ക്ക് ഇരയാക്കിയതായി ആനംസ്റ്റി സാക്ഷ്യപ്പെടുത്തുന്നു. ഒരു തടവുകാരന്റെ അമ്മ നല്‍കിയ മൊഴി പ്രകാരം, ഹോസ് പൈപ്പ് ഉപയോഗിച്ച് തന്റെ മകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തു. ചോദ്യം ചെയ്യലിനിടെ ജനനേന്ദ്രിയങ്ങളില്‍ ഷോക്ക് ഏല്‍പ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
വധശിക്ഷയ്ക്ക് പുറമെ, തെരുവിലെ പ്രതിഷേധങ്ങള്‍ക്കിടെ സുരക്ഷാ സേനയുടെ വെടിയേറ്റ് നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ജവാദ് പൗഷെ എന്ന 11 വയസുകാരന്‍ സാഹെദാനില്‍ നടന്ന പ്രതിഷേധത്തിനിടെ തലയ്ക്ക് പിന്നില്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. റക്ഷാനി 12 വയസ്സുള്ള മഹുമ്മദ് റക്ഷാനി, പ്രതിഷേധങ്ങള്‍ക്കിടെ കൊല്ലപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണെന്ന് ബിബിസി പറയുന്നു. നിക ഷാകരാമി ,സരിന എസ്മയില്‍സാദെ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് സുരക്ഷാ സേനയുടെ മര്‍ദ്ദനമേറ്റ് മരിച്ച കുട്ടികളാണ്. പക്ഷേ അവരെക്കുറിച്ചൊന്നും, 'ഡോക്ടര്‍ എഞ്ചിനീയര്‍' എന്ന് പറഞ്ഞ് കരയാന്‍ കേരളത്തിലും ആരുമില്ല.
കമ്യൂണിസ്റ്റ്- സുന്നി കൂട്ടക്കൊല
കേരളത്തിലടക്കം കമ്യൂണിസ്റ്റുകള്‍ ഖമനേയിക്കും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനും വേണ്ടി പ്രതികരിക്കുന്നവരാണ്. എന്നാല്‍ അധികാരം കിട്ടയപ്പോള്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കുകയാണ് ഇറാനിലെ ഇസ്ലാമിക ഭരണകുടം ചെയ്തത്. 1979-ല്‍ ഷാ ഭരണകൂടത്തിനെതിരെ കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ചാണ് പൊരുതിയത്. എന്നാല്‍ ഇസ്ലാമിക ഭരണകൂടം വന്നതോടെ കമ്യൂണിസ്റ്റുകളുടെ തലകള്‍ ഉരുണ്ടു. വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരെ കൂടെ നിര്‍ത്തിയെങ്കിലും അധികാരം ലഭിച്ചതോടെ ഖൊമേനി അവരെ 'അവിശ്വാസികള്‍' എന്ന് മുദ്രകുത്തി വേട്ടയാടി. 1981-82 കാലഘട്ടത്തില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരെ 'ദൈവത്തിന്റെ ശത്രുക്കള്‍' എന്നാരോപിച്ച് വെടിവെച്ചുകൊന്നു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെ തടവിലിടുകയും ടിവിയിലൂടെ നിര്‍ബന്ധിത കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു.
1988-ലെ ജയില്‍ കൂട്ടക്കൊലയൊക്കെ ഞെട്ടിക്കുന്നതാണ്. ഇറാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. അയത്തൊള്ള ഖൊമേനിയുടെ പ്രത്യേക ഫത്വയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് നടന്നത്. പ്രധാനമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ അംഗങ്ങളും ഇടതുപക്ഷ സംഘടനയായ മെക്കിന്റെയും പ്രവര്‍ത്തകരുമായിരുന്നു ഇതിന്റെ ഇരകള്‍. തടവുകാരെ വിചാരണ ചെയ്യാന്‍ മൂന്നംഗ 'ഡെത്ത് കമ്മിറ്റികള്‍' രൂപീകരിച്ചു. 'നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?', 'നീ പാര്‍ട്ടി ഉപേക്ഷിക്കുമോ?' തുടങ്ങിയ ലളിതമായ ചോദ്യങ്ങള്‍ ചോദിച്ച ശേഷം മറുപടി തൃപ്തികരമല്ലെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പിലാക്കി! ഔദ്യോഗികമായി 5,000 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്കാക്കുമ്പോള്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇത് 30,000 വരെ ആകാമെന്ന് ചൂണ്ടിക്കാട്ടുന്നു. പരേതനായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ ഡെത്ത് കമ്മീഷനിലെ അംഗമായിരുന്നു.
സുന്നികളും സ്വന്തം മതമായിട്ടുപോലും ഇറാനില്‍ വേട്ടയാടപ്പെട്ടു. ഇറാനിലെ സുന്നി ന്യൂനപക്ഷങ്ങള്‍ (പ്രത്യേകിച്ച് ബലൂചികള്‍, കുര്‍ദുകള്‍) ദശകങ്ങളായി വിവേചനവും പീഡനവും അനുഭവിക്കുന്നുണ്ട്. പലഘട്ടങ്ങളിലും ഷിയാ ഭരണകൂടം അവരെ വേട്ടയാടി. 2022-ല്‍ സഹേദാനിലെ സുന്നി പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ കുട്ടികളടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ബ്ലഡി ഫ്രൈഡേ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇറാനില്‍ വധിക്കപ്പെടുന്നവരില്‍ പകുതിയിലധികവും സുന്നി ബലൂച് വിഭാഗക്കാരാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന്‍ പോലുള്ള പ്രധാന നഗരങ്ങളില്‍ സുന്നി പള്ളികള്‍ നിര്‍മ്മിക്കുന്നതിന് ഭരണകൂടം ഇന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സ്വന്തം ജനതയെവരെ അങ്ങേയറ്റം ദ്രോഹിച്ച ഒരു ഭരണത്തിന്റെ നേതാവായ ഖമനേയിയാണ്, ഇസ്രയേല്‍- അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വാല്‍ക്കഷ്ണം: ഇത്രയും ക്രൂരതകള്‍ സ്വന്തം ജനതയോടു ചെയ്ത, ഇറാനിലെ കമ്യൂണിസ്റ്റുകളുടെ കൂട്ടക്കൊല ചെയ്ത ഖമേനിയിക്കുവേണ്ടി, സിപിഎം അടക്കം രംഗത്തെത്തുമ്പോള്‍, അമ്പരന്നുപോവുകയാണ്. എന്തായാലും സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന ദിവസത്തേതുപോലെ, ഖമനേയിയുടെ പേരില്‍ ഹര്‍ത്താലൊന്നും നടത്തിയില്ലല്ലോ? അതില്‍ കേരളം സിപിഎമ്മിനോട് കടപ്പെട്ടിരിക്കുന്നു!
