കൊറിയയും ജപ്പാനും ഇസ്രയേലും ഇന്ത്യയും ഒന്നിക്കുമോ? ഒപ്പം എത്യോപ്യയും ദക്ഷിണ സുഡാനും; ഷിയാ- സുന്നി ഭീകരതയെ ഒരുപോലെ എതിര്‍ക്കും; ഇസ്ലാമിക നാറ്റോക്ക് ബദല്‍; മുസ്ലീം ഉമ്മത്തിനെ വിഭജിക്കാനുള്ള നീക്കം; ഇസ്ലാമിക രാജ്യങ്ങളുടെ ഉറക്കം കെടുത്താന്‍ ഹെക്‌സഗണ്‍ സഖ്യം!
ഒരുഭാഗത്ത ഇറാന്‍ നേതൃത്വം നല്‍കുന്ന റാഡിക്കല്‍ ഷിയാ അച്ചുതണ്ട്. മറുഭാഗത്ത് ഐസിസുമായി ബന്ധപ്പെട്ട റാഡിക്കല്‍ സുന്നി അച്ചുതണ്ട്. ലോകത്തിന്റെ അര്‍ബുദമായി കണക്കാക്കപ്പെടുന്ന ഈ രണ്ട് ഇസ്ലാമിക ഭീകരതാ അച്ചുതണ്ടുകളെയും എതിര്‍ക്കാനായി മൂന്നാമത് ഒരു സഖ്യം. ഐക്യരാഷ്ട്ര സഭയും, നാറ്റോയും, ബ്രിക്സും തൊട്ട് ഒരുപാട് സഖ്യങ്ങളുള്ള ഒരു ലോകക്രമത്തിലേക്കാണ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു പുതിയ ഒരു കൂട്ടായ്മയുടെ സാധ്യത മുന്നോട്ടുവെക്കുന്നതാണ്. ഈ രണ്ട് ഭീകരതാ അച്ചുതണ്ടിനെയും തകര്‍ക്കാനുള്ള പോംവഴിയായി, അദ്ദേഹം ഒരു ഹെക്സഗണ്‍ സഖ്യമാണ് മുന്നോട്ടുവെക്കുന്നത്.
തീവ്രവാദ സ്വഭാവമുള്ള 'ഷിയ' 'സുന്നി' അച്ചുതണ്ടുകളെ പ്രതിരോധിക്കാനായി രൂപീകരിക്കുന്ന, ഒരു പ്രാദേശിക സുരക്ഷാ-സാമ്പത്തിക കൂട്ടായ്മയാണിതെന്ന് നെതന്യാഹു തുറന്നു പറഞ്ഞു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നെതന്യാഹു ഈ 'ആറ് വശങ്ങളുള്ള' സഖ്യത്തെക്കുറിച്ച് സംസാരിച്ചത്. തീവ്രവാദ വിരുദ്ധ നീക്കങ്ങള്‍, ഇന്റലിജന്‍സ് കൈമാറ്റം, സാങ്കേതിക സഹകരണം എന്നിവയില്‍ ഇസ്രായേലുമായി യോജിച്ചു പോകുന്ന സമാന ചിന്താഗതിയുള്ള രാജ്യങ്ങളെയാണ് ഈ സഖ്യം ലക്ഷ്യമിടുന്നത്.
ഹെക്‌സഗണ്‍ സഖ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി നെതന്യാഹു വിശേഷിപ്പിച്ചത് ഇന്ത്യയെയാണ്. ഇസ്രായേല്‍ തന്നെയാണ് സഖ്യത്തിന്റെ കേന്ദ്രബിന്ദു. മെഡിറ്ററേനിയന്‍ മേഖലയില്‍ നിന്നുള്ള പ്രധാന രാജ്യങ്ങളായ ഗ്രീസ്, സൈപ്രസ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. മിതവാദികളായ അറബ് രാഷ്ട്രങ്ങളെ സഖ്യത്തില്‍ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നുണ്ട്. ആഫ്രിക്കയില്‍ നിന്നുള്ള ചില രാജ്യങ്ങളും ഈ സഖ്യത്തിന്റെ ഭാഗമാകും. ചില ഏഷ്യന്‍ രാജ്യങ്ങളും ഇതിന്റെ ഭാഗമാവുമെങ്കിലും അവയുടെ പേര് നെതന്യാഹു വെളിപ്പെടുത്തിയിട്ടില്ല. ചരുക്കിപ്പറഞ്ഞാല്‍ വെറും ആറ് രാജ്യങ്ങളുടെ കൂട്ടായ്മയല്ല, ഏകദേശം ഇരുപതോളം രാജ്യങ്ങളുള്ള തന്ത്രപ്രധാനമായ സഖ്യമാണ് ഇസ്രയേല്‍ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ വരുമ്പോള്‍ തന്നെ ഇസ്ലാമിക രാജ്യങ്ങള്‍ ഭയക്കുകയാണ്.
കൊറിയയും ജപ്പാനും കളംമാറ്റുമോ?
ഹെക്‌സഗണ്‍ സഖ്യത്തിലെ 'ഏഷ്യന്‍ രാജ്യങ്ങള്‍' ഏതൊക്കെയെന്നത് ബെഞ്ചമിന്‍ നെതന്യാഹു തന്റെ പ്രസംഗത്തില്‍ കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. 'ഇപ്പോള്‍ വിശദീകരിക്കാത്ത മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍' എന്നാണ് അദ്ദേഹം അവരെ വിശേഷിപ്പിച്ചത്. എന്നിരുന്നാലും, ഇസ്രായേലുമായി അടുത്ത നയതന്ത്ര-പ്രതിരോധ ബന്ധമുള്ള ദക്ഷിണ കൊറിയയാണ് ഇതെന്നാണ്, ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ പറയുന്നത്. വടക്കന്‍ കൊറിയയില്‍ നിന്ന്് ആണവാക്രമണ ഭീഷണിവരെ നേരിട്ടുകൊണ്ടിരിക്കുന്ന രാജ്യമാണിത്.
ഇസ്രായേലുമായി ശക്തമായ സാങ്കേതിക-സാമ്പത്തിക ബന്ധമുള്ള രാജ്യമാണ് സൗത്ത് കൊറിയ. മേഖലയിലെ സുരക്ഷാ വെല്ലുവിളികളില്‍ ഇവര്‍ക്ക് സമാനമായ കാഴ്ചപ്പാടുകളുണ്ട്. അതുപോലെ തന്നെയാണ് ജപ്പാനും. ഭാവിയില്‍ ജപ്പാനും സഖ്യത്തില്‍ ചേരാനുള്ള സാധ്യത വിദൂരമല്ല. ഇസ്രായേലിന്റെ ഏഷ്യയിലെ ഏറ്റവും പഴയ പ്രതിരോധ പങ്കാളികളില്‍ ഒന്നാണ് സിംഗപ്പൂര്‍. അതുപോലെ വിയറ്റ്നാമിനും ഇസ്രയേലുമായി നല്ല ബന്ധമാണ്. അടുത്ത കാലത്തായി ഇസ്രായേലില്‍ നിന്നുള്ള ആയുധ ഇറക്കുമതിയിലും പ്രതിരോധ സഹകരണത്തിലും വിയറ്റ്നാം വലിയ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഇസ്രായേലുമായി അടുത്ത പ്രതിരോധ ബന്ധം പുലര്‍ത്തുന്ന മറ്റൊരു തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് ഫിലിപ്പീന്‍സ്. പക്ഷേ അവര്‍ പ്രതിരോധ സഖ്യത്തിന്റെ ഭാഗമാവാനുള്ള സാധ്യത വിരളമാണ്.
നെതന്യാഹു തന്റെ പ്രസംഗത്തില്‍, മിതവാദികളായ അറബ് രാഷ്ട്രങ്ങളെക്കൂടി ഈ സഖ്യത്തിലേക്ക് പരിഗണിക്കുന്നുവെന്ന് എന്ന് പറഞ്ഞുവെങ്കിലും, ആ രാജ്യങ്ങളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും, മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇസ്രായേലിന്റെ മുന്‍കാല ബന്ധങ്ങളും വെച്ച് യുഎഇയുടെ പേരാണ് എവിടെയും കേള്‍ക്കുന്നത്. നിലവില്‍ ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രധാന രാജ്യമാണ് യു എ ഇ. അതുപോലെ അബ്രഹാം ഉടമ്പടി വഴി ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച രാജ്യമാണ് ബഹസൈന്‍. .ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങും ഇസ്രായേലുമായി നേരത്തെ തന്നെ സമാധാന കരാറുകളുള്ള രാജ്യങ്ങളാണ്. ഭാവിയില്‍ ഇവരും സഖ്യത്തിന്റെ ഭാഗമാവാം.
സൗദി അറേബ്യയെ സഖ്യത്തിന്റെ ഭാഗമാകാന്‍ സാധ്യതയില്ലാത്ത രാജ്യമായാണ് വിലയിരുത്തപ്പെടുന്നത്. സൗദി അടുത്തിടെ പാകിസ്ഥാനുമായി ചേര്‍ന്ന് മറ്റൊരു പ്രതിരോധ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പക്ഷേ സൗദിയുമായിപ്പോലും ഇസ്രയേലിന്റെ ബന്ധങ്ങള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷേ നിലവിലുള്ള സ്ഥിതി അനുസരിച്ച് ഇവര്‍ സഖ്യത്തില്‍ ചേരാനുള്ള സാധ്യത വിരളമാണ്. മാത്രമല്ല, ഈ രാജ്യങ്ങള്‍ പാക്കിസ്ഥാനുപിന്നാലെ ഹെക്സഗണ്‍ സഖ്യത്തെ വിമര്‍ശിച്ച് പ്രസ്താവന ഇറക്കിയിട്ടുമുണ്ട്.
എത്യോപ്യ മുതല്‍ ദക്ഷിണ സുഡാന്‍ വരെ
എത്യോപ്യ അടക്കമുള്ള ആഫ്രിക്കന്‍ ശക്തികളെയും ഇസ്രയേല്‍ ഈ സഖ്യത്തില്‍ ലക്ഷ്യമിടുന്നുണ്ട്. നെതന്യാഹു സഖ്യം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ് എത്യോപ്യ സന്ദര്‍ശിച്ചത് ഈ സാധ്യതയ്ക്ക് ബലം നല്‍കുന്നു. ചെങ്കടല്‍ മേഖലയിലെ സുരക്ഷയില്‍ എത്യോപ്യയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇസ്രായേലുമായി ഇതിനകം തന്നെ വിപുലമായ പ്രതിരോധ കരാറുകളിലും ഇന്റലിജന്‍സ് കൈമാറ്റത്തിലും ഏര്‍പ്പെട്ടിട്ടുള്ള രാജ്യമാണ് മൊറോക്കോ. 'അബ്രഹാം ഉടമ്പടി'യുടെ ഭാഗമായ മൊറോക്കോയുമായി ഇസ്രായേല്‍ 2026-ലേക്കുള്ള പുതിയ സൈനിക പദ്ധതികളില്‍ ഒപ്പുവെച്ചിട്ടുണ്ട്. കെനിയ,റുവാണ്ട, ഉഗാണ്ട, ദക്ഷിണ സുഡാന്‍ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഇസ്രയേലുമായി നല്ല ബന്ധമാണ്.
തീവ്രവാദ വിരുദ്ധ പോരാട്ടത്തിലും സൈബര്‍ സുരക്ഷയിലും ഇസ്രായേലിന്റെ ദീര്‍ഘകാല പങ്കാളിയാണ് കെനിയ. സുരക്ഷാ മേഖലയിലും കൃഷി-സാങ്കേതിക വിദ്യകളിലും റുവാണ്ട ഇസ്രായേലുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന രാജ്യമാണ്. പ്രതിരോധ മേഖലയില്‍ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇസ്രായേലുമായി ധാരണാപത്രം ഒപ്പിട്ട മറ്റൊരു കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമാണ് ഉഗാണ്ട. ഇസ്രായേലിന്റെ മറ്റൊരു തന്ത്രപ്രധാന സഖ്യകക്ഷിയാണ് ദക്ഷിണ സുഡാന്‍. ദക്ഷിണ സുഡാന്‍ വിഘടിച്ചപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ ആ രാജ്യത്തെ അംഗീകരിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇസ്രയേല്‍. അതോടെ ഇസ്രയേല്‍ പതാക വീശിയാണ് ജനം ആഘോഷിച്ചത്. തലസ്ഥാനമായ ജൂബയില്‍ കാറുകളിലും കടകളിലും ഇസ്രയേല്‍ പതാകകള്‍ സാധാരണമായി കാണാറുണ്ട്. തങ്ങളുടെ സ്വാതന്ത്ര്യ സമരത്തിന് ഇസ്രയേല്‍ നല്‍കിയ സഹായങ്ങള്‍ കണക്കിലെടുത്ത് അവിടുത്തെ ജനങ്ങള്‍ ഇസ്രയേലിനെ ഒരു 'മാതൃരാജ്യം' അല്ലെങ്കില്‍ 'ദൈവത്തിന്റെ ജനത' എന്ന രീതിയില്‍ ബഹുമാനിക്കുന്നുവെന്നാണഎ ബിബിസിയടക്കം എഴുതുന്നുത്.
ദക്ഷിണ സുഡാനിലെ വിമതരെ ഇസ്രയേല്‍ പിന്തുണച്ചതും പിന്നീട് ആ രാജ്യത്തെ അംഗീകരിച്ചതും ദീര്‍ഘകാലത്തെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമാണ്. അറബ് രാജ്യങ്ങള്‍ക്ക് ചുറ്റുമുള്ള അറബികളല്ലാത്തവരുമായി സഖ്യമുണ്ടാക്കി അറബ് വിരുദ്ധ വലയം സൃഷ്ടിക്കുക എന്നതായിരുന്നു ഇസ്രയേലിന്റെ പ്രധാന തന്ത്രം. ഉത്തര സുഡാന്‍ ഇസ്രയേലിനോട് ശത്രുത പുലര്‍ത്തിയിരുന്ന രാജ്യമായിരുന്നു. ദക്ഷിണ സുഡാനിലെ വിമതര്‍ക്ക് സൈനിക സഹായം നല്‍കുന്നതിലൂടെ ഉത്തര സുഡാന്റെ ശ്രദ്ധയും സൈനിക ശക്തിയും ആഭ്യന്തര യുദ്ധത്തില്‍ തളച്ചിടാന്‍ ഇസ്രയേലിന് കഴിഞ്ഞു. ഇത് ഈജിപ്ത് പോലുള്ള രാജ്യങ്ങള്‍ക്കെതിരെയുള്ള യുദ്ധങ്ങളില്‍ സുഡാന്‍ സൈന്യം പങ്കെടുക്കുന്നത് തടയാനും സഹായിച്ചു. സുഡാന്‍ വഴി ഗാസയിലേക്ക് ഇറാനില്‍ നിന്ന് ആയുധങ്ങള്‍ എത്തുന്നത് തടയാനും ചെങ്കടല്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനും ദക്ഷിണ സുഡാനുമായുള്ള സഖ്യം ഇസ്രയേലിനെ സഹായിക്കുന്നു.
ഇസ്ലാമിക്ക് നാറ്റോക്ക് ബദല്‍
സൗദി അറേബ്യയും പാകിസ്താനും ചേര്‍ന്ന് 'നാറ്റോ' മാതൃകയില്‍ പുതിയ സൈനിക സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇസ്രയേല്‍ ഭാരതത്തെ മുന്‍നിര്‍ത്തി പ്രതിരോധം തീര്‍ക്കുന്നത്. സൗദിക്ക് പണമുണ്ട്, പാക്കിസ്ഥാന് അണ്വായുധമുണ്ട്, തുര്‍ക്കിക്ക് സാങ്കേതിക വിദ്യയുണ്ട്. മൂവരും ഒന്നിച്ചാലുള്ള ശക്തി ഭീകരമാണെന്നാണ് വിലയിരുത്തല്‍. ഒരുത്തനെ തൊട്ടാല്‍ എല്ലാവരും ചേര്‍ന്ന് തിരിച്ച് ആക്രമിക്കുമെന്ന ഇസ്ലാമിക് നാറ്റോ എന്ന ആശയമാണ് ഇവര്‍ മുന്നോട്ട് വെക്കുന്നത്. ഇത് വളരെക്കാലം മുമ്പുതന്നെ ലോകത്ത് നിലനില്‍പ്പുണ്ടായിരുന്നു. ഈജിപ്തും ഇറാനും തുര്‍ക്കിയുമൊക്കെ പ്രതാപിയായി വാണ ഒരുകാലത്തിന്റെ ഒരു തരം ഗൃഹാതുരത്വവും, ഇന്ന് ആഗോള ഇസ്ലാമിക നേതൃത്വത്തിനുണ്ടായ തിരിച്ചടിയുമൊക്കെ പലപ്പോഴും ചര്‍ച്ചയാവാറുണ്ട്. ഇസ്ലാമിക് മിലിട്ടറി കൗണ്ടര്‍ ടെററിസം കോളിഷന്‍ (ഐഎംസിടിസി) എന്ന സൈറ്റ് വഴിയാണ് ഇത്തരം ചര്‍ച്ചകള്‍ വരുന്നത്.
സൗദി അറേബ്യ, പാക്കിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ചേര്‍ന്നുള്ള ഒരു പുതിയ പ്രതിരോധ സഖ്യം പക്ഷേ നാറ്റോ പോലെ ഒരു ഔദ്യോഗിക സംഘടനയല്ല. പക്ഷേ നാറ്റോയെപ്പോലെ, കൂട്ടായ പ്രതിരോധം എന്ന ആശയത്തിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഈ സഖ്യത്തിലെ ഒരു രാജ്യത്തിനെതിരെ ആക്രമണമുണ്ടായാല്‍ അത് എല്ലാ അംഗങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി നേരിടുക എന്ന നാറ്റോയുടെ 'ആര്‍ട്ടിക്കിള്‍ 5' എന്ന തത്വത്തിന് സമാനമാണ് ഇവരുടെ പ്രവര്‍ത്തനം.
ഇതില്‍ ഓരോ രാജ്യത്തിനും കൃത്യമായ പങ്കുണ്ട്. സൗദി അറേബ്യ, സാമ്പത്തിക സഹായം നല്‍കുന്നു. പാക്കിസ്ഥാന്‍, സൈനിക ശേഷിയും ആണവായുധ സുരക്ഷയും വാഗ്ദാനം ചെയ്യുന്നു. തുര്‍ക്കി, അത്യാധുനിക സൈനിക സാങ്കേതികവിദ്യയും ഡ്രോണുകളും ലഭ്യമാക്കുന്നു. ഈ സഖ്യം യാഥാര്‍ത്ഥ്യമാകുന്നതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ട്. 2025 സെപ്റ്റംബറില്‍ സൗദി അറേബ്യയും പാക്കിസ്ഥാനും ഒരു 'തന്ത്രപരമായ സംയുക്ത പ്രതിരോധ കരാറില്‍' ഒപ്പുവെച്ചതാണ് ഇത്തരം ചിന്തകള്‍ക്ക് തുടക്കംം. 2026 ജനുവരിയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, തുര്‍ക്കി ഈ കരാറില്‍ ചേരാനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വരികയാണ്.
കഴിഞ്ഞ സെപ്റ്റംബറില്‍ അറബ് ലീഗും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും സംഘടിപ്പിച്ച ഉച്ചകോടിയില്‍ അറബ് രാജ്യങ്ങള്‍ക്കായി നാറ്റോ ശൈലിയിലുള്ള ഒരു സംയുക്ത ടാസ്‌ക്‌ഫോഴ്‌സ് ഈജിപ്ത് ശുപാര്‍ശ ചെയ്തിരുന്നു. ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ (ജിസിസി) ആറ് അംഗങ്ങള്‍- ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ)- 2000-ല്‍ ഒപ്പുവച്ച സംയുക്ത പ്രതിരോധ കരാറിലെ ഒരു വ്യവസ്ഥ പാലിക്കുമെന്ന് വാഗ്ദാനം ചെയ്തു.
ഉച്ചകോടിയില്‍ ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍-സുഡാനിയും പ്രാദേശിക സുരക്ഷയ്ക്കുള്ള കൂട്ടായ സമീപനം എന്ന ആശയത്തെ പിന്തുണച്ചു. 'മേഖലയിലെ ഇസ്രായേലി പദ്ധതികള്‍ നിരീക്ഷിക്കുന്നതിനും ഇസ്രായേലിന്റെ പദ്ധതികളെ ചെറുക്കുന്നതിന് ഫലപ്രദമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും' ഒരു സംയുക്ത ടാസ്‌ക് ഫോഴ്‌സിന് പാക്കിസ്ഥാനും, ആഹ്വാനം ചെയ്തു. മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയില്‍ ഇസ്രയേല്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് ശേഷമായിരുന്നു ഈ നീക്കം. അതേമാസം തന്നെ, സൗദി അറേബ്യ പാക്കിസ്ഥാനുമായി ഒരു 'തന്ത്രപരമായ പരസ്പര പ്രതിരോധ കരാര്‍' പ്രഖ്യാപിച്ചു.
ഈ ഇസ്ലാമിക നാറ്റേക്ക്, മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളുടെയും പിന്തുണയില്ല. ഏറ്റവും പ്രധാനം ഇന്ന്, ആഗോള ഇസ്ലാമിക നേതൃത്വം അവകാശപ്പെടുന്ന ഇറാന്‍ ഉടക്കിനില്‍ക്കുന്നുവെന്നതാണ്. ഇറാന്‍-സൗദി ബന്ധം ഇപ്പോള്‍ ഒട്ടും നല്ല രീതിയിലല്ല. അതുപോലെ ഷിയാ രാഷ്ട്രമായ ഇറാനും, സുന്നി രാഷ്ട്രമായ പാക്കിസ്ഥാനും തമ്മില്‍ നേരത്തെ പ്രശ്നമുണ്ട്. അടുത്തിടെയും ചില സംഘര്‍ഷങ്ങളുണ്ടായിരുന്നു. അതിര്‍ത്തി വഴിയുള്ള പാക്കിസ്ഥന്റെ അനിയന്ത്രിത ഇടപെടല്‍ ആയിരുന്നു തര്‍ക്കത്തിന് കാരണം. അതുകൊണ്ടുതന്നെ ഇറാന്‍ ഇസ്ലാമിക നാറ്റേയില്‍ ഉണ്ടാവില്ല എന്ന് ഉറപ്പാണ്. ഇതുവരെ രൂപപ്പെട്ടില്ലെങ്കിലും ഇവര്‍ ഒരു അനൗദ്യോഗിക സഖ്യമായി നീങ്ങുന്നുണ്ട്.
ഇന്ത്യ ഗ്ലോബല്‍ പവറെന്ന് നെതന്യാഹു
നാറ്റോ സഖ്യം ഒരു മതത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടതല്ല. എന്നാല്‍ ഇസ്ലാമിക നാറ്റോ എന്നതിന്റെ അടിസ്ഥാനം മതമാണ്. അതുതന്നെയാണ് ഏറ്റവും ഭയപ്പെടുത്തുന്നതും. മതത്തിനുവേണ്ടിയുള്ള ഏത് പ്രവര്‍ത്തനവും അവസാനമെത്തുക, അതിലെ എക്‌സ്ട്രീമിസിത്തിലാണ്്. അതുകൊണ്ടാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍, ഇസ്ലാമിക നാറ്റോ ഇസ്ലാമിക തീവ്രവാദത്തിന് വളക്കുറുള്ള മണ്ണൊരുക്കുമെന്ന് ഭയക്കുന്നത്!
ഇസ്ലാമിക നാറ്റോ എന്ന ഈ ആശയത്തില്‍ എറ്റവും സൂക്ഷിക്കേണ്ട രണ്ട് രാജ്യങ്ങള്‍ ഇസ്രയേലും ഇന്ത്യയുമാണ്. ഗള്‍ഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികളും ഇസ്രായേലുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമാണ്, ഇസ്ലാമിക നെസ്റ്റാള്‍ജിയയെ ഉദ്ദീപിക്കുന്നത്. പിറന്നുവീണ അന്നുതന്നെ ഇസ്രയേലുമായി മുട്ടാന്‍ ഇറങ്ങിയതാണ് ഗള്‍ഫിലെ ഇസ്ലാമിക രാജ്യങ്ങള്‍. അതുപോലെ ഇന്ത്യക്കും ഏറെ പേടിക്കാനുണ്ട്. പാക്കിസ്ഥാനെ പുതിയ സൈനിക മേധാവിയായ അസീം മുനീര്‍, തീവ്രവാദികള്‍ക്കുള്ള രഹസ്യഫണ്ടിങ്ങ് വരെ പുനരാംരംഭിച്ച് കഴിഞ്ഞു. പാക്കിസ്ഥാന്‍ സൈന്യത്തിനുവേണ്ട എല്ലാ ആയുധങ്ങളും ഇപ്പോള്‍ തന്നെ കൊടുക്കുന്നത് തുര്‍ക്കിയാണ്.
ഇന്ത്യ വാങ്ങാന്‍ ആവശ്യപ്പെട്ടിട്ടും കൊടുക്കാത്ത ആയുധങ്ങള്‍ തുര്‍ക്കി പാക്കിസ്ഥാന് കൊടുത്തിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച രാജ്യമാണ് തുര്‍ക്കി. അതുകൊണ്ടുതന്നെയാണ് ഇവരൊക്കെ ചേര്‍ന്ന് ഒരു സഖ്യമുണ്ടാവുമ്പോള്‍ ഇന്ത്യ, ഇസ്രയേലിനൊപ്പമുള്ള മറുസഖ്യത്തിലും ചേരണം എന്ന് ആവശ്യമുയരുന്നത്.
നെതന്യാഹുവിന്റെ ഹെക്‌സഗണ്‍ സഖ്യത്തില്‍ ഇന്ത്യയെ ഒരു ഗ്ലോബല്‍ പവര്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. മധ്യേഷ്യയെയും മെഡിറ്ററേനിയന്‍ മേഖലയെയും ഏഷ്യയുമായി ബന്ധിപ്പിക്കുന്ന പാലമായിട്ടാണ് ഇന്ത്യയെ ഇസ്രായേല്‍ കണക്കാക്കുന്നത്. ഇസ്രായേലിന്റെ പ്രതിരോധ ഉപകരണങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളില്‍ ഒന്നാണ് ഇന്ത്യ. പുതിയ സഖ്യത്തിലൂടെ സംയുക്ത ആയുധ നിര്‍മ്മാണത്തിനും സാങ്കേതിക കൈമാറ്റത്തിനും കൂടുതല്‍ പ്രാധാന്യം ലഭിക്കും.
ഇന്ത്യയെയും മിഡില്‍ ഈസ്റ്റിനെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ ഈ സഖ്യത്തിന് വലിയ പങ്കുണ്ട്. മേഖലയിലെ തീവ്രവാദ ഗ്രൂപ്പുകളെയും ഇറാന്‍ ഉള്‍പ്പെടുന്ന 'ഷിയ' അച്ചുതണ്ടിനെയും പ്രതിരോധിക്കാന്‍ ഇന്ത്യയുടെ സഹകരണം ഇസ്രായേല്‍ ആഗ്രഹിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ക്വാണ്ടം കമ്പ്യൂട്ടിംഗ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ ഇന്ത്യയുടെ മനുഷ്യവിഭവശേഷിയും ഇസ്രായേലിന്റെ സാങ്കേതിക വിദ്യയും ഒന്നിപ്പിക്കാന്‍ ഈ സഖ്യം ലക്ഷ്യമിടുന്നു.
എന്നിരുന്നാലും, ഇറാനുമായും അറബ് രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ദീര്‍ഘകാലമായുള്ള നല്ല ബന്ധം നിലനില്‍ക്കുന്നതിനാല്‍, ഏതെങ്കിലും ഒരു പക്ഷം ചേരാതെ നിലനില്‍ക്കാനായിരിക്കും ഇന്ത്യ ശ്രമിക്കുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
പേടിച്ച് ഇസ്ലാമിക രാജ്യങ്ങള്‍
നെതന്യാഹു പ്രഖ്യാപിച്ച 'ഹെക്‌സഗണ്‍ സഖ്യത്തെ' പ്രമുഖ ഇസ്ലാമിക രാജ്യങ്ങള്‍ എതിര്‍ക്കയാണ്.പാക്കിസ്ഥാന്‍ സഖ്യത്തെ അപലപിച്ചതിന് പിന്നാലെ 13-ഓളം രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചു. ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് , ഖത്തര്‍, തുര്‍ക്കി, ഇന്തോനേഷ്യ, കുവൈറ്റ്, ഒമാന്‍, ബഹ്‌റൈന്‍, ലെബനന്‍, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ ഹെക്‌സഗണ്‍ സഖ്യത്തിനെതിരെ രംഗത്തുവന്നു.ഒഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോപ്പറേഷന്‍ (ഒഐസി), അറബ് ലീഗ്, ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ (ജിസിസി) എന്നീ സംഘടനകളും നെതന്യാഹുവിന്റെ പ്രസ്താവനയില്‍ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചു.നെതന്യാഹുവിന്റെ 'ഏകീകൃത ഇസ്രായേല്‍' എന്ന ഭൂപടം തങ്ങളുടെ ഭൂപ്രദേശങ്ങളെക്കൂടി ഇല്ലാതാക്കുന്നതാണെന്ന് ഈജിപ്ത്, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ ആരോപിച്ചു.ഇസ്ലാമിക രാജ്യങ്ങളുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ഇസ്രായേല്‍ തുരങ്കം വെക്കുന്നുവെന്ന് പാക് സെനറ്റ് പാസാക്കിയ പ്രമേയത്തില്‍ ആരോപിക്കുന്നു.
ഇന്ത്യയെ ഈ സഖ്യത്തിന്റെ പ്രധാന പങ്കാളിയായി നെതന്യാഹു ഉയര്‍ത്തിക്കാട്ടുന്നത് പാക്കിസ്ഥാനെപ്പോലെയുള്ള രാജ്യങ്ങളെ അസ്വസ്ഥരാക്കുന്നുണ്ട്. മേഖലയിലെ പുതിയ പ്രതിരോധ നീക്കങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അവര്‍ ഭയപ്പെടുന്നു. 'ഹെക്‌സഗണ്‍ ഓഫ് അലയന്‍സ്' മുസ്ലീം ഉമ്മത്തിനെ വിഭജിക്കാനുള്ള നീക്കമാണെന്നാണ് പാക്കിസ്ഥാന്‍ ആരോപിക്കുന്നത്. ഈ സഖ്യം മുസ്ലീം ഉമ്മത്തിനെരാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും വിഭജിക്കാനും അതിന്റെ ഐക്യം തകര്‍ക്കാനുമുള്ള ശ്രമമാണെന്നാണ് പാക് സെനറ്റ് ആരോപിക്കുന്നത്. നെതന്യാഹുവിന്റെ നീക്കത്തിനെതിരെ പാകിസ്താന്‍ സെനറ്റ് ഐകകണ്‌ഠേന പ്രമേയം പാസാക്കി. ഇസ്രായേലിന്റെ ഈ പദ്ധതി ഒരു മുസ്ലീം വിരുദ്ധ സഖ്യംആണെന്നാണ് പ്രമേയത്തില്‍ ആരോപിക്കുന്നത്. ഭരണകക്ഷിയായ പകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി അംഗം പല്വാഷ മുഹമ്മദ് സായ് ഖാനാണ് പ്രമേയം അവതരിപ്പിച്ചത്.
ഗാസയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം മുതല്‍ സോമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി ഇസ്രയേല്‍ അംഗീകരിച്ചതുവരെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാകിസ്താന്‍ പ്രമേയം കൊണ്ടുവന്നത്. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് ഇസ്രയേലിന്റെ പ്രവര്‍ത്തനമെന്നും ഇതില്‍ ഭാരതം പങ്കാളിയാകുന്നത് ആശങ്കാജനകമാണെന്നും പാകിസ്താന്‍ വാദിക്കുന്നു. എന്നാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതിലും സുരക്ഷാ-പ്രതിരോധ മേഖലകളില്‍ സഹകരിക്കുന്നതിലും ഇന്ത്യയും ഇസ്രയേലും ഒരേ താല്പര്യമുള്ളവരാണെന്ന് നെതന്യാഹു ആവര്‍ത്തിച്ചു. പശ്ചിമേഷ്യയിലെ വെല്ലുവിളികള്‍ ഒരേപോലെ കാണുന്ന രാജ്യങ്ങളുടെ കൂട്ടായ്മയായാണ് ഇസ്രയേല്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇന്ത്യയുടെ ആഗോള സ്വാധീനം വര്‍ദ്ധിക്കുന്നതിലും ഇസ്രയേലുമായുള്ള തന്ത്രപരമായ ബന്ധം ദൃഢമാകുന്നതിലും പാക്കിസ്ഥാന്‍ അനുഭവിക്കുന്ന കടുത്ത നയതന്ത്ര ഒറ്റപ്പെടലാണ് ഈ നിലവിളിക്ക് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
വാല്‍ക്കഷ്ണം: ഇന്ത്യയെ സംബന്ധിച്ച്, അമേരിക്കയേക്കാളും റഷ്യയേക്കാളും ഏറ്റവും വിശ്വസിക്കാവുന്ന പങ്കാളികള്‍ ഇസ്രയേല്‍ തന്നെയാണ്. നേരത്തെ കാര്‍ഗിലില്‍ പാക്കിസ്ഥാന്റെ നുഴഞ്ഞുകയറ്റം, കാണിച്ചുതന്നതും ഇസ്രയേലാണ്. ഇപ്പോള്‍ അയേണ്‍ ഡോം സാങ്കേതിക വിദ്യപോലും അവര്‍ ഇന്ത്യക്കായി കൈമാറുന്നു. പഴയതുപോലെ, ചേരിചേരാ നയം എന്ന് പറഞ്ഞ് നിന്നാല്‍, നാം ഒന്നുമല്ലാതാവുകയാണ് ചെയ്യുക.
