അന്ന് തോളോട് തോള്‍ ചേര്‍ന്ന് ഷായെ മറിച്ചിട്ടത് കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും; പക്ഷേ അധികാരം കിട്ടിയപ്പോള്‍ ആദ്യം ഉരുണ്ടത് കമ്മികളുടെ തല; ഇന്ന് ചെഗുവേരയുടെ ടീ ഷര്‍ട്ട് ഇട്ട് ഇറങ്ങിയാല്‍ പോലും അറസ്റ്റിലാവുന്ന അവസ്ഥ; ഇറാനിലെ ഞെട്ടിപ്പിക്കുന്ന കമ്യൂണിസ്റ്റ് വേട്ടയുടെ കഥ!
ഇറാനിലെ ഞെട്ടിപ്പിക്കുന്ന കമ്യൂണിസ്റ്റ് വേട്ടയുടെ കഥ!
തന്റെ തന്നെ തലയറുക്കാന്‍ പോകുന്ന കത്തിക്ക് മൂര്‍ച്ച കൂട്ടികൊടുത്ത പൊട്ടന്‍മാരുടെ കഥ! സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അത്തരത്തിലുള്ള കുറിപ്പുകള്‍ പ്രചരിക്കുന്നത്, ഇറാനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസ്ഥ വെച്ചാണ്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അല ഖമനേയി കൊല്ലപ്പെട്ടപ്പോള്‍, കേരളത്തിലെ കമ്യൂണിസ്റ്റ് നേതാക്കളും, അണികളും, സോഷ്യല്‍മീഡിയാ സംഘങ്ങളും, നരാധമനായ ആ മതനേതാവിനെ വാഴ്ത്തുകയാണ്. അമേരിക്കന്‍ വിരുദ്ധത എന്ന ഒറ്റ ലേബലില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍ ഈ മത ഏകാധിപത്യത്തെ പിന്തുണയ്ക്കുമ്പോള്‍, അവര്‍ യഥാര്‍ത്ഥത്തില്‍ ഇറാനില്‍ ക്രൂരമായി കൊല്ലപ്പെട്ട ആയിരക്കണക്കിന് സഖാക്കളുടെയും സ്ത്രീകളുടെയും ഓര്‍മ്മകളെ അവഹേളിക്കുകയാണ് ചെയ്യുന്നത്.
നീലക്കുറുക്കന്‍മാരെപ്പോലയാണ് മതമൗലികവാദ സംഘടനകള്‍. അവര്‍ വേഷംമാറിയാണ് സമൂഹത്തില്‍ പ്രവര്‍ത്തിക്കുക. ആദ്യംപുരോഗമനവും സോഷ്യലിസവും പറഞ്ഞുവരുന്ന അവര്‍ അധികാരം കിട്ടിയാല്‍ പിന്നെ കളിമാറ്റും. 1979-ലെ ഇറാന്‍ വിപ്ലവം ലോകചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചതിയുടെ കഥയാണ്. കൂടെ നിന്ന് പോരാടിയ കമ്യൂണിസ്റ്റുകളോട് ഇസ്ലാമിസ്റ്റുകള്‍ കാട്ടിയ കൊടും ക്രൂരതയുടെ കഥ എന്ന രീതിയില്‍ അത് ഇന്ന് വിലയിരുത്തപ്പെടുന്നു. എന്നിട്ടും അതില്‍നിന്നു ഒരു പാഠവും കമ്യൂണിസ്റ്റുകള്‍ പഠിക്കുന്നില്ല എന്നതാണ് ദുഖകരം.
സഖാക്കളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ച സമരം
70കളില്‍ ഷാ പഹ്ലവിയുടെ ഭരണകാലത്ത് ഇറാന്‍ സാമ്പത്തികമായി വലിയ വളര്‍ച്ച കൈവരിച്ചിരുന്നു. ഷായുടെ ഭരണം ഇറാനെ ഒരു പാശ്ചാത്യ രാജ്യത്തിന് സമാനമായി മാറ്റി. സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു, അവര്‍ മിനിസ്‌കര്‍ട്ട് ധരിച്ചു നടന്നു, സര്‍വ്വകലാശാലകളില്‍ പെണ്‍കുട്ടികള്‍ നിറഞ്ഞുനിന്നു. സ്ത്രീകള്‍ പുരുഷന്മാര്‍ക്കൊപ്പം തുല്യമായി ജോലി ചെയ്തു. എന്നാല്‍ ഈ വികസനത്തിനൊപ്പം തന്നെ ഷായുടെ ഭരണം അടിച്ചമര്‍ത്തലുകള്‍ ഉള്ളതായിരുന്നു എന്ന് ഒരു വിഭാഗം വിശ്വസിച്ചു. സമ്പത്ത് ഒരു ചെറിയ വിഭാഗത്തില്‍ മാത്രം ഒതുങ്ങുന്നു എന്ന ആക്ഷേപവും ഉയര്‍ന്നുവന്നു. ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റുകളെയും ഇസ്ലാമിസ്റ്റുകളെയും വിദ്യാര്‍ത്ഥികളെയും അന്ന് ഷായ്‌ക്കെതിരെ ഒന്നിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെ ഷായുടെ ഏകാധിപത്യം ഇല്ലാതാക്കാന്‍ ഇറാനിലെ കമ്മ്യൂണിസ്റ്റുകാരും വിദ്യാര്‍ത്ഥികളും കൈകോര്‍ത്തത് ഖൊമേനി എന്ന തന്ത്രശാലിയായ മതനേതാവിനോടായിരുന്നു.
ഷാ വിരുദ്ധ വികാരത്താല്‍ മതനേതാക്കള്‍, കമ്മ്യൂണിസ്റ്റുകള്‍, ലിബറല്‍ നാഷണലിസ്റ്റുകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍ എന്നിവര്‍ ഒന്നിച്ചു. തുഡെ പാര്‍ട്ടി ഓഫ് ഇറാന്‍ ആയിരുന്നു അന്നത്തെ പ്രധാന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഈ പാര്‍ട്ടി മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് പിന്തുടര്‍ന്നിരുന്നത്. തുഡെ പാര്‍ട്ടിയുടെ യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ഏകോപിപ്പിച്ചിരുന്നത് യൂത്ത് ഓര്‍ഗനൈസേഷന്‍ ഓഫ് ദ തുഡെ പാര്‍ട്ടി ഓഫ് ഇറാന്‍ ആയിരുന്നു. കൂടാതെ, വിപ്ലവകാലത്ത് സജീവമായിരുന്ന മറ്റൊരു ഇടതുപക്ഷ ഗറില്ലാ സംഘടനയായ 'ഫദായിന്‍' ഗ്രൂപ്പുകള്‍ക്കും ശക്തമായ വിദ്യാര്‍ത്ഥി പിന്തുണയുണ്ടായിരുന്നു.
ഖൊമേനിയുടെ ആശയങ്ങള്‍ നടപ്പിലാക്കാനും അധികാരം ഉറപ്പിക്കാനും മുന്നിട്ടുനിന്ന പ്രധാന രാഷ്ട്രീയ സംഘടന ഇസ്ലാമിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ) ആയിരുന്നു. വിപ്ലവത്തെ സംരക്ഷിക്കാന്‍ ഖുമേനി തന്നെ രൂപീകരിച്ച ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) ഇതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഖൊമേനിയുടെ ആശയങ്ങള്‍ക്കായി നിലകൊണ്ട ഏറ്റവും പ്രശസ്തമായ വിദ്യാര്‍ത്ഥി കൂട്ടായ്മ മുസ്ലിം സ്റ്റുഡന്റ് ഫോളോവേഴ്സ് ഓഫ് ദ ഇമാംസ് ലൈന്‍ ആയിരുന്നു. 1979-ലെ പ്രശസ്തമായ ഇറാന്‍ ബന്ദി പ്രതിസന്ധിക്ക് നേതൃത്വം നല്‍കിയത് ഈ സംഘടനയായിരുന്നു.
1979- നവംബര്‍ 4-ന് 'മുസ്ലിം സ്റ്റുഡന്റ് ഫോളോവേഴ്സ് ഓഫ് ദ ഇമാംസ് ലൈന്‍' ടെഹ്‌റാനിലുള്ള അമേരിക്കന്‍ എംബസി പിടിച്ചെടുക്കുകയും 52 അമേരിക്കന്‍ നയതന്ത്രജ്ഞരെയും പൗരന്മാരെയും ബന്ദികളാക്കുകയും ചെയ്തു. ഇറാനില്‍ നിന്ന് പുറത്താക്കപ്പെട്ട ഷാ മുഹമ്മദ് റെസാ പഹ്ലവിക്ക് ചികിത്സയ്ക്കായി അമേരിക്ക അഭയം നല്‍കിയതാണ് പ്രക്ഷോഭകാരികളെ പ്രകോപിപ്പിച്ചത്.
ഷായെ വിചാരണയ്ക്കായി വിട്ടുനല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ബന്ദികളെ അവര്‍ 444 ദിവസത്തോളം തടഞ്ഞുവെച്ചു. ഈ പ്രതിസന്ധി അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര ബന്ധം പൂര്‍ണ്ണമായും തകരാന്‍ കാരണമായി. അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ ബന്ദികളെ മോചിപ്പിക്കാന്‍ നടത്തിയ 'ഓപ്പറേഷന്‍ ഈഗിള്‍ ക്ലോ' എന്ന സൈനിക നീക്കം പരാജയപ്പെട്ടു.
നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍, 1981 ജനുവരി 20-ന് പുതിയ അമേരിക്കന്‍ പ്രസിഡന്റായി റൊണാള്‍ഡ് റീഗന്‍ സത്യപ്രതിജ്ഞ ചെയ്തതിന് മിനിറ്റുകള്‍ക്ക് ശേഷം ബന്ദികളെ ഇറാന്‍ മോചിപ്പിച്ചു. ഈ സംഭവം ലോക രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കുകയും 1980-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജിമ്മി കാര്‍ട്ടറുടെ തോല്‍വിക്ക് പ്രധാന കാരണമാവുകയും ചെയ്തു. ഈ രീതിയില്‍ ശക്തരായ വിദ്യാര്‍ത്ഥി സംഘടനുമായാണ് കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കൈ കോര്‍ത്തത്. പക്ഷേ വിപ്ലവാനന്തരം ഇതേ വിദ്യാര്‍ത്ഥി സംഘടന തന്നെ കമ്യൂണിസ്റ്റുകളെ വേട്ടയാടാനും തുടങ്ങി. ഓരോ കാമ്പസിലെയും കമ്യൂണിസ്റ്റുകാരുടെ കണക്കെടുപ്പിച്ച് അവര്‍ പൊലീസിനെ കൊണ്ട് പിടിപ്പിച്ചു. അങ്ങനെ കാമ്പസുകള്‍ ഇസ്ലാമികവത്ക്കരിക്കപ്പെട്ടു. ഇടതുപക്ഷം തുടച്ചുനീക്കപ്പെട്ടു.
ഖൊമേനി എന്ന നീലക്കുറുക്കന്‍
ആയത്തുള്ള റൂഹാന്‍ ഖൊമേനിയെന്ന മതനേതാവിനെ ഒരു സോഷ്യലിസ്റ്റും, ഒരു സാമ്രാജ്യത്വ വിരുദ്ധ പോരാളിയുമായിട്ടാണ് അന്നത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ കണ്ടത്. കുറ്റം പറയാന്‍ പറ്റില്ല, ആ രീതിയിലായിരുന്നു മധുരം പൊതിഞ്ഞ അയാളുടെ പ്രഭാഷണങ്ങള്‍. പക്ഷേ അയാള്‍ ആരാണെന്ന് ഇറാന്‍ പിന്നീടാണ് അറിഞ്ഞത്.
1979ലെ വിപ്ലവത്തിന്റെ അവസാന ഘട്ടത്തില്‍ ആയത്തുള്ള ഖൊമേനി പാരീസിലായിരുന്നു താമസം. 1978 ഒക്ടോബര്‍ മുതല്‍ 1979 ഫെബ്രുവരിയില്‍ ഇറാനിലേക്ക് തിരിച്ചെത്തുന്നതുവരെയുള്ള ഏകദേശം നാല് മാസക്കാലം അദ്ദേഹം ഫ്രാന്‍സിലുണ്ടായിരുന്നു. 1965 മുതല്‍ ഇറാഖിലെ നജാഫിലായിരുന്നു ഖൊമേനി താമസിച്ചിരുന്നത്. എന്നാല്‍ 1978-ല്‍ ഷായുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സദ്ദാം ഹുസൈന്‍ ഖൊമേനിയോട് ഇറാഖ് വിടാന്‍ ആവശ്യപ്പെട്ടു. ഇറാഖില്‍ നിന്ന് പുറത്തായ ഖൊമേനി ആദ്യം കുവൈത്തിലേക്ക് കടക്കാന്‍ ശ്രമിച്ചെങ്കിലും അവിടുത്തെ സര്‍ക്കാര്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് തന്റെ സഹായികളുടെ നിര്‍ദ്ദേശപ്രകാരം വിസ ആവശ്യമില്ലാതിരുന്ന ഫ്രാന്‍സിലേക്ക് പോകാന്‍ അദ്ദേഹം തീരുമാനിച്ചു. 1978 ഒക്ടോബര്‍ 6-ന് അദ്ദേഹം പാരീസിലെ ഓര്‍ലി വിമാനത്താവളത്തില്‍ ഇറങ്ങി.
പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള ഈ ചെറിയ ഗ്രാമത്തിലായിരുന്നു ഖൊമേനി താമസിച്ചിരുന്നത്. ഇവിടെയുള്ള ഒരു ചെറിയ വീട്ടിലിരുന്നാണ് അദ്ദേഹം വിപ്ലവ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ഈ ഗ്രാമം വിപ്ലവകാലത്ത് ലോകശ്രദ്ധയാകര്‍ഷിച്ച ഒരു കേന്ദ്രമായി മാറി. അവിടെയിരുന്ന് ഖൊമേനി നല്‍കിയ പ്രസംഗങ്ങള്‍ കാസറ്റുകളിലാക്കി ഇറാനിലേക്ക് കടത്തുകയും അത് വിപ്ലവകാരികള്‍ക്കിടയില്‍ വലിയ ആവേശം ഉണ്ടാക്കുകയും ചെയ്തു. അന്താരാഷ്ട്ര മാധ്യമങ്ങളുമായി അദ്ദേഹം നിരന്തരം സംവദിച്ചിരുന്നതും ഇവിടെ വെച്ചാണ്. അന്നത്തെ ഖൊമേനിയുടെ പ്രസംഗത്തിലൊന്നും മതമൗലികവാദം ഇല്ലായിരുന്നു. നമ്മുടെ നാട്ടിലെ ജമാഅത്തെ ഇസ്ലാമിക്കാരെപ്പോലെ അഴിമതി, ഏകാധിപത്യം, ചൂഷണം എന്നിവക്കെതിരെയൊക്കെ സംസാരിച്ച് ഖൊമേനി, ഇടതുപക്ഷത്തുള്ള ചെറുപ്പക്കാരുടെവരെ കൈയടി നേടി. ഖൊമേനി അവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ അത്രമേല്‍ മോഹിപ്പിക്കുന്നതായിരുന്നു. 'മതനേതാക്കള്‍ അധികാരം കൈയാളില്ല, ജനാധിപത്യം വരും, എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടാകും' എന്നൊക്കെയായിരുന്നു ആ പ്രഖ്യാപനങ്ങള്‍. പക്ഷേ ഇത് അയാളുടെ ഒരു തന്ത്രം മാത്രമായിരുന്നുവെന്ന് അവര്‍ അറിഞ്ഞില്ല.
1979 ജനുവരി 16-നാണ് ഷാ മുഹമ്മദ് റെസാ പഹ്ലവി ഇറാന്‍ വിട്ടത്. രാജ്യത്തുടനീളം പടര്‍ന്ന പ്രക്ഷോഭങ്ങള്‍ നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍, ഷാ തന്നെ നിയമിച്ച പ്രധാനമന്ത്രി ഷാപൂര്‍ ബക്തിയാറിന്റെ ഉപദേശപ്രകാരമാണ് അദ്ദേഹം രാജ്യം വിട്ടത്. 'വിശ്രമത്തിനായി പുറപ്പെടുന്നു' എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. സ്വന്തം വിമാനം പൈലറ്റ് ചെയ്താണ് അദ്ദേഹം ഈജിപ്തിലേക്ക് പോയത്. ടെഹ്‌റാന്‍ സര്‍വകലാശാലയിലെ ഇടത് വിദ്യാര്‍ത്ഥികള്‍ വിപ്ലവത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നു. പ്രകടനങ്ങള്‍ സംഘടിപ്പിക്കുന്നതിലും ലഘുലേഖകള്‍ വിതരണം ചെയ്യുന്നതിലും അവര്‍ സജീവമായിരുന്നു. ഖൊമേനിയുടെ നേതൃത്വത്തിലുള്ള ശിയാ പൗരോഹിത്യം താഴെത്തട്ടിലുള്ള ജനങ്ങളെ ഷായ്‌ക്കെതിരെ ഒന്നിപ്പിച്ചു. പെട്രോളിയം മേഖലയിലെ തൊഴിലാളികള്‍ നടത്തിയ പണിമുടക്ക് ഇറാന്റെ സമ്പദ്വ്യവസ്ഥയെ തളര്‍ത്തുകയും ഭരണകൂടത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ചെയ്തു. ബസാറികള്‍ എന്ന ഇറാനിലെ പരമ്പരാഗത വ്യാപാരി സമൂഹം വിപ്ലവത്തിന് സാമ്പത്തിക സഹായം നല്‍കി. അവസാനം സൈന്യം രാഷ്ട്രീയത്തില്‍ നിന്ന് നിഷ്പക്ഷത പ്രഖ്യാപിച്ചത് ഷായുടെ അധികാരം പൂര്‍ണ്ണമായും ഇല്ലാതാക്കി. അതോടെയാണ് അയാള്‍ നാടുവിട്ടത്.
ഷാ ഇറാന്‍ വിട്ടതിന് പിന്നാലെ, 1979 ഫെബ്രുവരി 1-ന് പാരീസില്‍ നിന്ന് ഒരു ചാര്‍ട്ടേഡ് എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് ഖൊമേനി തിരികെ ടെഹ്‌റാനിലെത്തിയത്. വന്‍ സ്വീകരമാണ് അദ്ദേഹത്തിന് ലഭിച്ചത്. അതില്‍ കമ്യൂണിസ്റ്റ് നേതാക്കളും ഉണ്ടായിരുന്നു. ഇറാനില്‍ പുതിയ സൂര്യോദയം എന്ന് മാധ്യമങ്ങള്‍ എഴുതി. പക്ഷേ ഉണ്ടായത് അന്ധകാരമാണ്!
റവല്യൂഷനറി ഗാര്‍ഡുകളുടെ വേട്ട
പക്ഷേ തങ്ങള്‍ ആവേശത്തോടെ വരവേല്‍ക്കുന്നത് തങ്ങളുടെ അന്തകനെ ആണെന്ന് ഇടതുപക്ഷം അറിഞ്ഞില്ല. കമ്മ്യൂണിസ്റ്റുകാരും ലിബറല്‍ ചിന്താഗതിക്കാരും കരുതിയത് ഷായെ പുറത്താക്കാന്‍ ഖൊമേനി ഒരു നിമിത്തമാകുമെന്നും, അതിനുശേഷം തങ്ങള്‍ക്ക് അധികാരം പങ്കിടാമെന്നുമാണ്. പാവപ്പെട്ടവര്‍ക്ക് സൗജന്യ വൈദ്യുതിയും വെള്ളവും അദ്ദേഹം വാഗ്ദാനം ചെയ്തു. എന്നാല്‍ അധികാരം ഉറപ്പിച്ച നിമിഷം ഖൊമേനി തന്റെ പൈശാചിക മുഖം പുറത്തെടുത്തു.
വിപ്ലവം വിജയിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഖൊമേനിയുടെ 'വിപ്ലവ ഗാര്‍ഡുകള്‍' തെരുവുകള്‍ കൈയടക്കി. ആദ്യം അവര്‍ വേട്ടയാടിയത് വിപ്ലവത്തിന് കൂടെനിന്ന കമ്മ്യൂണിസ്റ്റുകാരെയും ലിബറലുകളെയും ആയിരുന്നു. 'മതനിന്ദ' ആരോപിച്ച് പതിനായിരക്കണക്കിന് കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകരെ ജയിലിലടച്ചു. വിപ്ലവത്തിന് തോളോടുതോള്‍ ചേര്‍ന്ന് പോരാടിയ സഖാക്കളെ ഖൊമേനിയുടെ വിപ്ലവ കോടതികള്‍ വിചാരണ പോലുമില്ലാതെ വെടിവെച്ചുകൊന്നു. വിപ്ലവത്തിന്റെ ചാലകശക്തിയായിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളെ ഖൊമേനി പൂര്‍ണ്ണമായും തുടച്ചുനീക്കി.
സ്ത്രീകള്‍ക്ക് നേരെ നടന്നത് വിവരണാതീതമായ ക്രൂരതകളായിരുന്നു. ഒന്‍പത് വയസ്സായ പെണ്‍കുട്ടികളെ വിവാഹം കഴിക്കാനുള്ള അനുമതി നല്‍കിക്കൊണ്ട് വിവാഹ പ്രായം കുറച്ചു. ജോലിസ്ഥലങ്ങളില്‍ നിന്നും പൊതുവിടങ്ങളില്‍ നിന്നും സ്ത്രീകള്‍ ആട്ടിയോടിക്കപ്പെട്ടു. വിപ്ലവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ സ്ത്രീകള്‍ക്ക് മേല്‍ ഹിജാബ് അടിച്ചേല്‍പ്പിച്ചു. ഇതിനെതിരെ തെരുവിലിറങ്ങിയ പെണ്‍കുട്ടികളെ സൈന്യം മൃഗീയമായി വേട്ടയാടി. വിപ്ലവവിരുദ്ധര്‍ എന്ന് മുദ്രകുത്തപ്പെട്ട പെണ്‍കുട്ടികളെ വധശിക്ഷയ്ക്ക് വിധിക്കുകയും, അവരെ തൂക്കിലേറ്റുന്നതിന് മുന്‍പ് ജയില്‍ അധികൃതര്‍ നിര്‍ബന്ധപൂര്‍വ്വം ബലാത്സംഗം ചെയ്യണമെന്ന പൈശാചികമായ ഫത്വ ഖൊമേനി പുറപ്പെടുവിച്ചു. കന്യകകളായി മരിച്ചാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും, ഭരണകൂടത്തിന്റെ ശത്രുക്കള്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പാടില്ലെന്നുമുള്ള വിചിത്രമായ യുക്തിയായിരുന്നു ഇതിന് പിന്നില്‍.
വധശിക്ഷ നടപ്പിലാക്കിയ ശേഷം ആ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അധികൃതര്‍ ഒരു കത്തയക്കും; 'നിങ്ങളുടെ മകളെ ഞങ്ങള്‍ വിവാഹം കഴിപ്പിച്ചു' എന്ന പരിഹാസം നിറഞ്ഞ സന്ദേശം. കൂടെ 'മഹര്‍' എന്ന പേരില്‍ കുറച്ച് പണവും. സ്വന്തം മകളെ ഭരണകൂടം ബലാത്സംഗം ചെയ്ത് കൊന്നു എന്നറിഞ്ഞിട്ടും ഒന്ന് പ്രതികരിക്കാന്‍ പോലും കഴിയാത്ത മാതാപിതാക്കളുടെ വേദന വാക്കുകള്‍ക്ക് അപ്പുറമായിരുന്നു. ഇറാനിലെ ജയിലുകളില്‍ കൊടിയ ക്രൂരതാണ് ഉണ്ടായത്. തടവിലാക്കപ്പെട്ട സ്ത്രീകളെയും പുരുഷന്മാരെയും കുട്ടികളെയും സുരക്ഷാ സേന ബലാത്സംഗം ചെയ്തതായി ആംനസ്റ്റി ഇന്റര്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലാത്തികള്‍, കുപ്പികള്‍, ഹോസ് പൈപ്പുകള്‍ എന്നിവ യോനിയില്‍ കുത്തിക്കയറ്റിയാണ് പീഡനം! വനിത തടവുകാരുടെ മനോവീര്യം തകര്‍ക്കാനും കുറ്റസമ്മതം നടത്തിപ്പിക്കാനും റേപ്പ് ആയുധമായി ഭരണകൂടം ഉപയോഗിക്കുന്നു എന്ന് യു എന്‍ ഫാക്റ്റ് ഫൈന്‍ഡിങ് മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രിക് ഷോക്ക് നല്‍കുക, നഖങ്ങള്‍ക്കിടയില്‍ സൂചി കയറ്റുക, ചാട്ടവാറടി, കഠിനമായ മര്‍ദ്ദനം എന്നിവ സാധാരണമാണ്. തടവുകാരെ തലകീഴായി കെട്ടിത്തൂക്കുന്ന രീതിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.വൈറ്റ് ടോര്‍ച്ചറും ഇവിടെ വ്യാപകമാണ്. തടവുകാരെ പൂര്‍ണ്ണമായും വെളുത്ത നിറമുള്ള, ജനാലകളില്ലാത്ത ഇടുങ്ങിയ മുറികളില്‍ മാസങ്ങളോളം ഏകാന്ത തടവില്‍ പാര്‍പ്പിക്കുന്ന രീതിയാണിത്. ഇത് തടവുകാരെ മാനസികമായി ഭ്രാന്തിന്റെ വക്കിലെത്തിക്കാന്‍ കാരണമാകുന്നു. ക്രൂരമായ പീഡനങ്ങളിലൂടെ നിര്‍ബന്ധപൂര്‍വ്വം എഴുതിവാങ്ങുന്ന കുറ്റസമ്മത മൊഴികളുടെ അടിസ്ഥാനത്തില്‍ നൂറുകണക്കിന് ആളുകളെയാണ് ഇറാന്‍ ഭരണകൂടം തൂക്കിലേറ്റുന്നത്. ഇതില്‍ ഏറെയും കമ്യൂണിസ്റ്റുകാരും ലിബറലുകളും ആയിരുന്നു.
ഡെത്ത് കമ്മറ്റി വരുന്നു
1981-82 കാലഘട്ടത്തില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരെ 'ദൈവത്തിന്റെ ശത്രുക്കള്‍' എന്നാരോപിച്ച് വെടിവെച്ചുകൊന്നു. പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെ തടവിലിടുകയും ടിവിയിലൂടെ നിര്‍ബന്ധിത കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. 1988-ലെ വേനല്‍ക്കാലത്ത് ഖുമേനിയുടെ ഒരൊറ്റ ഉത്തരവ് വഴി അയ്യായിരത്തിലധികം കമ്യൂണിസ്റ്റുകാരായ രാഷ്ട്രീയ തടവുകാരെയാണ് വെറും അഞ്ച് മാസത്തിനുള്ളില്‍ തൂക്കിലേറ്റിയത്. 'ഡെത്ത് കമ്മിറ്റി' എന്ന് വിളിക്കപ്പെട്ട കൊലയാളി സംഘം ജയിലുകളില്‍ കയറിയിറങ്ങി ഇസ്ലാമികവിരുദ്ധരെ കൂട്ടക്കൊല ചെയ്തു.
1988-ല്‍ ഇറാഖുമായുള്ള യുദ്ധം അവസാനിച്ചതിന് പിന്നാലെ, ജയിലുകളില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരെ ഇല്ലാതാക്കാന്‍ ഖുമേനി പുറപ്പെടുവിച്ച ഫത്വയെ തുടര്‍ന്നാണ് ഡെത്ത്കമ്മറ്റി രൂപീകരിച്ചത്. പ്രധാനമായും മുജാഹിദീന്‍-ഇ-ഖല്‍ഖ് പ്രവര്‍ത്തകരെയും, തുഡെ പാര്‍ട്ടി പോലുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളിലെ അംഗങ്ങളെയുമാണ് ഈ കമ്മിറ്റികള്‍ ലക്ഷ്യമിട്ടത്. ജയിലില്‍ കഴിയുന്നവര്‍ ഇപ്പോഴും തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു ഇവരുടെ പണി. ഇവര്‍ ഓരോ നഗരത്തിലും മൂന്നോ നാലോ പേരടങ്ങുന്ന പാനലുകള്‍ രൂപീകരിച്ചു. മതവിധികര്‍ത്താക്കള്‍, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍, പ്രോസിക്യൂട്ടര്‍മാര്‍ എന്നിവരായിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. മിനിറ്റുകള്‍ മാത്രം നീണ്ടുനില്‍ക്കുന്ന വിചാരണയില്‍ തടവുകാരോട് തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കാനും സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിക്കാനും ആവശ്യപ്പെട്ടു. ഇതിന് തയ്യാറാകാത്ത ആയിരക്കണക്കിന് ആളുകളെ ഉടനടി വധശിക്ഷയ്ക്ക് വിധിച്ചു.
88-ലെ ജയില്‍ കൂട്ടക്കൊലയൊക്കുറിച്ച് പിന്നീട് ഇറാനില്‍നിന്ന് രക്ഷപ്പെട്ട ഒരു ജയില്‍ സൂപ്രണ്ട് സവാദ് നവാസ് എഴുതിയിട്ടുണ്ട്. 'പ്രധാനമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ അംഗങ്ങളും ഇടതുപക്ഷ സംഘടനയായ മെക്കിന്റെയും പ്രവര്‍ത്തകരുമായിരുന്നു അവരുടെ ഇരകള്‍. തടവുകാരെ വിചാരണ ചെയ്യാന്‍ മൂന്നംഗ 'ഡെത്ത് കമ്മിറ്റികള്‍' രൂപീകരിച്ചു. 'നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?', 'നീ പാര്‍ട്ടി ഉപേക്ഷിക്കുമോ?' തുടങ്ങിയ ലളിതമായ ചോദ്യങ്ങള്‍ ചോദിച്ച ശേഷം മറുപടി തൃപ്തികരമല്ലെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പിലാക്കി! ''- സവാദ് എഴുതി.
ഏകദേശം 2,800 മുതല്‍ 5,000 വരെ തടവുകാര്‍ ഇത്തരത്തില്‍ കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള സംഘടനകളുടെ കണക്ക്. കൊല്ലപ്പെട്ടവരെ രഹസ്യമായി കൂട്ടക്കുഴിമാടങ്ങളില്‍ അടക്കം ചെയ്തു. ടെഹ്‌റാനിലെ ഡെത്ത് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന മുന്‍ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അടക്കമുള്ള പ്രമുഖര്‍ ഉണ്ടായിരുന്നു. 'ടെഹ്‌റാനിലെ കശാപ്പുകാരന്‍' എന്നാണ് റെയ്സി പിന്നീട അറിയപ്പെട്ടത്.
ഈ കൂട്ടക്കൊലകള്‍ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. മൃതദേഹങ്ങള്‍ ട്രക്കുകളില്‍ കയറ്റി അജ്ഞാത കുഴികളില്‍ തള്ളി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മൃതദേഹം വിട്ടുകൊടുത്തില്ലെന്ന് മാത്രമല്ല, അവര്‍ക്കായി കരയാനോ പ്രാര്‍ത്ഥിക്കാനോ പോലും അനുവാദമുണ്ടായിരുന്നില്ല.
ഇറാനില്‍ നിലവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന അനുമതിയില്ല. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നിയമമനുസരിച്ച് ഇത്തരം പാര്‍ട്ടികള്‍ നിരോധിക്കപ്പെട്ടവയാണ്. ഒരുകാലത്ത് ഖുമേനിയോടൊപ്പം അധികാരം പങ്കിടാനിരുന്നവര്‍, ഇപ്പോള്‍ ഒളിച്ച് പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണ്. 1980-കളില്‍ നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തുഡെ പാര്‍ട്ടി ഓഫ് ഇറാന്‍ പ്രവര്‍ത്തകര്‍ വിദേശത്തിരുന്നാണ് പ്രവര്‍ത്തിക്കുന്നു. 1983-ല്‍ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇഇറാന്‍ കുര്‍ദിസ്ഥാന്‍ മേഖലയില്‍ സാന്നിധ്യമാണ്. 1991-ല്‍ രൂപീകൃതമായ വര്‍ക്കര്‍ എന്ന ഈ സംഘടനയും ഇറാനില്‍ നിരോധിക്കപ്പെട്ടിട്ടുള്ളതാണ്.
ഇതിലേ, അംഗങ്ങളോ അനുഭാവികളോ പിടിക്കപ്പെട്ടാല്‍ കടുത്ത തടവുശിക്ഷയ്ക്കും മര്‍ദ്ദനങ്ങള്‍ക്കും വിധേയരാകേണ്ടി വരാറുണ്ട്. ചരുക്കിപ്പറഞ്ഞാല്‍ നമ്മുടെ നാട്ടിലേതുപോലെ, ചെഗുവേരയുടെ ടീ ഷര്‍ട്ട് ഇട്ട് ഇറങ്ങിയാല്‍പ്പോലും ഇറാനില്‍ അറസ്്റ്റിലാവുന്ന അവസ്ഥയാണ്. മതപാര്‍ട്ടികളെ വിശ്വസിച്ച് കമ്യൂണിസ്റ്റുകള്‍ മതേതരത്വത്തില്‍ വെളളം ചേര്‍ത്താല്‍ എന്തുസംഭവിക്കുമെന്നതിന്റെ ക്ലാസിക്ക് ഉദാഹരണം കൂടിയാണിത്.
വാല്‍ക്കഷ്ണം: മതമൗലികവാദം ജനാധിപത്യത്തിന്റെ മുഖംമൂടി അണിഞ്ഞെത്തിയാല്‍ വിശ്വസിക്കരുത് എന്നതാണ് ഇറാനില്‍ നിന്ന് കമ്യൂണിസ്റ്റുകള്‍ക്ക് കിട്ടിയ പാഠം. അവര്‍ ആദ്യമെടുക്കുന്ന തല കമ്യൂണിസ്റ്റുകളുടേതായിരിക്കും. എന്നിട്ടും 'ഖേരാള കമ്മികള്‍' ഖമനേയിക്ക് ജയ് വിളിക്കുമ്പോള്‍ 'ഇവര്‍ ശരിക്കും പൊട്ടന്‍മാരാണോ അതേ അഭിനയിക്കയാണോ' എന്ന് സലീം കുമാര്‍ ഒരു സിനിമയില്‍ ചോദിച്ചതാണ് ഓര്‍മ്മവരുന്നത്.
