പഴയ വിമാനഭാഗങ്ങള്‍ പെയിന്റടിച്ച് വില്‍ക്കുന്ന റഷ്യ; സാങ്കേതികവിദ്യ കൈമാറാന്‍ തയ്യാറല്ലാത്ത അമേരിക്ക; ട്രംപിനെയും പുടിനെയും ഞെട്ടിച്ച് ഫ്രാന്‍സുമായി 3.25 ലക്ഷം കോടി രൂപയുടെ കരാര്‍; റഷ്യയെയും യുഎസിനെയും തഴഞ്ഞതിന് പിന്നിലെന്ത്? അത് മോദിയുടെ മധുരപ്രതികാരമോ?

അത് മോദിയുടെ മധുരപ്രതികാരമോ?

Update: 2026-02-20 10:28 GMT

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാട്്. ഒന്നും രണ്ടും കോടിയടേതല്ല, 3.25 ലക്ഷം കോടി രൂപയുടെതാണ്! ഫ്രാന്‍സില്‍ നിന്ന് 4.5 തലമുറ യുദ്ധവിമാനമായ 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിലൂടെ, വ്യോമസേനയുടെ ആധുനികവല്‍ക്കരണ പ്രക്രിയയിലെ ഏറ്റവും നിര്‍ണായകമായ ഒരു ഘട്ടമാണ് കടക്കുന്നത്. മൊത്തം വിമാനങ്ങളില്‍ 18 എണ്ണം ഫ്രാന്‍സില്‍ നിന്ന് നേരിട്ട് വാങ്ങുകയും ബാക്കി 96 എണ്ണം 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ നിര്‍മ്മിക്കുകയും ചെയ്യാനാണ് പദ്ധതി.

നിലവിലുള്ള റഫാല്‍ എഫ്3-ആര്‍ പതിപ്പിനേക്കാള്‍ കൂടുതല്‍ കരുത്തുള്ള റഫാല്‍ എഫ് 4 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. ഇവയില്‍ ആധുനിക റഡാറുകളും വിദേശ സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് ഏവിയേഷനും ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസും സംയുക്തമായി ഇന്ത്യയില്‍ ഉല്‍പ്പാദന സൗകര്യങ്ങള്‍ ഒരുക്കും. 60 ശതമാനംവരെ സ്വദേശി ഉല്‍പ്പന്നങ്ങള്‍ ഈ വിമാനങ്ങളില്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനു പുറമെ, ഇന്ത്യന്‍ നാവികസേനയ്ക്കായി 26 റഫാല്‍-എം വിമാനങ്ങള്‍ വാങ്ങാനുള്ള 63,000 കോടി രൂപയുടെ കരാര്‍ 2025 ഏപ്രിലില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു. നിലവില്‍ ഇന്ത്യന്‍ വ്യോമസേനയ്ക്ക് 36 റഫാല്‍ വിമാനങ്ങളാണുള്ളത്. പുതിയ 114 വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഇന്ത്യയുടെ വ്യോമപ്രതിരോധ ശേഷി ഗണ്യമായി വര്‍ദ്ധിക്കും. ഇതോടെ ഇസ്രയേല്‍പോലെ ആരും ഭയക്കുന്ന എയര്‍ഫോഴ്സിന്റെ ഉടമകളായി നമ്മുടെ രാജ്യം മാറും.




 പക്ഷേ ഈ കുതിച്ച് ചാട്ടത്തിനിടയിലും ചില മുറുമറുപ്പുകള്‍ രാജ്യത്ത് ഉയരുന്നുണ്ട്. റഷ്യയുടെയും അമേരിക്കയുടെയും മറികടന്ന് ഇന്ത്യ എന്തിനാണ്, ഫ്രാന്‍സില്‍നിന്ന് വിമാനങ്ങള്‍ വാങ്ങുന്നത് എന്നാണ് ചോദ്യം. നേരത്തെ റഫാല്‍ ഇടപാടില്‍ നടന്ന അഴിമതി ആരോപണവും അവര്‍ എടുത്തുകാട്ടുന്നു. എന്താണ് അമേരിക്കയയോടും റഷ്യയോടും ഇല്ലാത്ത രീതിയാല്‍ ഫ്രാന്‍സിനോട് ഇന്ത്യക്ക് സ്നേഹമുള്ളത്. എന്താണ് നാം റഫാല്‍ തന്നെ വാങ്ങുന്നത്?

റഫാല്‍ എന്ന ഒമ്നിറോള്‍

വ്യോമസേനയുടെ അംഗീകൃത സ്‌ക്വാഡ്രണ്‍ ശക്തി 42 ആണ്. എന്നാല്‍ നിലവില്‍ ഇത് 29 മുതല്‍ 31 വരെയായി കുറഞ്ഞിരിക്കുന്നു. പഴയ സോവിയറ്റ് കാലഘട്ടത്തിലെ മിഗ്-21, മിഗ്-27 എന്നിവ ഇല്ലാതായതോടെയുണ്ടായ ഈ വിടവ് ഇന്ത്യയുടെ പ്രതിരോധ സുരക്ഷയില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ഇത് പരിഹരിക്കുന്നത് റഫാലിലൂടെയാണ്.

റഫാല്‍ വിമാനങ്ങള്‍ വെറുമൊരു യുദ്ധവിമാനമല്ല, മറിച്ച് ഒരേസമയം പല ദൗത്യങ്ങള്‍ നിര്‍വഹിക്കാന്‍ ശേഷിയുള്ള ഒരു 'ഒമ്‌നിറോള്‍' വിമാനമാണ്. ഇന്ത്യ റഫാലിന് മുന്‍ഗണന നല്‍കാനുള്ള പ്രധാനകാരണം ഇതാണെന്നാണ് പ്രതിരോധ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. അത്യന്താധുനിക ആയുധശേഷിയുള്ള വിമാനമാണിത്. ലോകത്തിലെ ഏറ്റവും മികച്ച വായു-വായു മിസൈലുകളില്‍ ഒന്നായ 'മീറ്റിയോര്‍', ശത്രുതാവളങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള 'സ്‌കാല്‍പ്', 'ഹാമര്‍' എന്നീ മിസൈലുകള്‍ റഫാലിന്റെ കരുത്താണ്.

വിമാനത്തിന് ചുറ്റുമുള്ള ഭീഷണികള്‍ തിരിച്ചറിയാനും ശത്രു റഡാറുകളെ ജാം ചെയ്യാനും സഹായിക്കുന്ന ലോകോത്തര ഇലക്ട്രോണിക് വാര്‍ഫെയര്‍ സംവിധാനമായ സ്പെക്ട്ര ഇതിലുണ്ട്.ഒരേ ദൗത്യത്തിനിടയില്‍ തന്നെ ആകാശ പോരാട്ടം, ഭൂതല ആക്രമണം, നിരീക്ഷണം എന്നിവയിലേക്ക് മാറാന്‍ റഫാലിന് കഴിയും. ഇതിനെല്ലാമുപരി ഇന്ത്യക്ക് പറ്റിയ വിമാനം എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. ഉയരത്തിലുള്ള ലഡാക്ക് പോലുള്ള തണുപ്പേറിയ മേഖലകളില്‍ എന്‍ജിന്‍ പെട്ടെന്ന് സ്റ്റാര്‍ട്ട് ചെയ്യാനുള്ള ശേഷി ഉള്‍പ്പെടെ 13-ഓളം പ്രത്യേക മാറ്റങ്ങള്‍ ഇതില്‍ നമ്മള്‍ വരുത്തിയിട്ടുമുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മിറാഷ് വിമാനങ്ങള്‍ നിര്‍മ്മിച്ച ദസ്സാള്‍ട്ട് കമ്പനിയുടേതാണ് റഫാലും. ഇത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇവ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ എളുപ്പമാക്കുന്നു.

ഈ ഓപ്പറേഷന്‍ സിന്ദൂറിന്റെ 'റിയല്‍ ഹീറോ' എന്നാണ് വ്യോമസേന റഫാലിനെ വിശേഷിപ്പിച്ചത്. അതിര്‍ത്തി കടക്കാതെ തന്നെ ശത്രുതാവളങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള സ്‌കാല്‍പ് ക്രൂയിസ് മിസൈലുകളും ഹാമര്‍ പ്രിസിഷന്‍ ബോംബുകളും പ്രയോഗിച്ചത് റഫാല്‍ വിമാനങ്ങളാണ്. 2020ല്‍ ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമായ സമയത്താണ് ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയത്. തൊട്ടുപിന്നാലെ തന്നെ ലഡാക്കിലെ ഉയര്‍ന്ന മലനിരകളില്‍ റഫാല്‍ വിമാനങ്ങള്‍ പട്രോളിംഗ് ആരംഭിച്ചു. രാത്രികാലങ്ങളിലും പ്രതികൂല കാലാവസ്ഥയിലും ഹിമാലയന്‍ അതിര്‍ത്തിയില്‍ റഫാല്‍ നടത്തിയ നിരീക്ഷണം ചൈനയ്ക്ക് ശക്തമായ താക്കീതായിരുന്നു. ഇന്ത്യയുടെ ആത്മവിശ്വാസം ഇത് വല്ലാതെ വര്‍ധിപ്പിച്ചു.




മിസൈലുകള്‍ വഹിച്ചുകൊണ്ടുള്ള വിന്യാസം പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തികളില്‍ ഇന്ത്യയുടെ പ്രതിരോധ കവചം ശക്തമാക്കി. ഫ്രാന്‍സുമായി ചേര്‍ന്ന് നടത്തിയ ഡെസേര്‍ട്ട് നൈറ്റ് കൂടാതെ യു.എ.ഇ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളുമായി ചേര്‍ന്ന് നടത്തിയ വ്യോമാഭ്യാസങ്ങളില്‍ റഫാല്‍ അതിന്റെ കരുത്ത് തെളിയിച്ചിട്ടുണ്ട്. റഫാല്‍ വിമാനങ്ങള്‍ വരുന്നതിന് മുന്‍പ് നടന്ന ബാലാക്കോട്ട് എയര്‍ സ്ട്രൈക്കില്‍ (ഓപ്പറേഷന്‍ ബന്ദര്‍) മിറാഷ് 2000 വിമാനങ്ങളാണ് നാം ഉപയോഗിച്ചത്. എന്നാല്‍ ഇനി അത്തരമൊരു സാഹചര്യം വന്നാല്‍ റഫാല്‍ ആയിരിക്കും ഇന്ത്യയുടെ പ്രധാന ആയുധം.

അമേരിക്കയെ ഒഴിവാക്കിയതെന്തിന്?

ഫ്രാന്‍സുമായുള്ള അമേരിക്കയുടെ ഈ കരാര്‍ ഏറ്റവും വലിയ ഞെട്ടലുണ്ടാക്കിയിരുക്കന്നത്, യുഎസ് പ്രസിഡന്റ് ട്രംപിനായിരിക്കും. കാരണം മോദിയുടെയും, ഇന്ത്യയുടെയും സുഹൃത്തായും നടിക്കുന്ന ട്രംപിന് കോടികളുടെ കച്ചവടം നഷ്ടമാവുന്നത് ഒരിക്കലും സഹിക്കാന്‍ കഴിയില്ല.

അമേരിക്കയുടെ എഫ്-16 വിമാനങ്ങള്‍ പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതിനാല്‍ ആ സാങ്കേതികവിദ്യയെക്കാള്‍ മികച്ചതും വ്യത്യസ്തവുമായ ഒന്ന് ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്. ഇതിനായി അമേരിക്കയുടെ എഫ്-35 വിമാനമാണ് തിരഞ്ഞെടുക്കപ്പെടിരുന്നത്. പക്ഷേ അതിനുപകരം ഫ്രാന്‍സിലേക്ക് പോയതിന്, പിന്നില്‍ സാങ്കേതികവും തന്ത്രപരവുമായ പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് റഷ്യന്‍ നിര്‍മ്മിത എസ്-400 മിസൈല്‍ പ്രതിരോധ സംവിധാനം. ഇത് ഇന്ത്യ വാങ്ങിയിട്ടുണ്ട്. അമേരിക്കയുടെ ഏറ്റവും ആധുനികമായ അഞ്ചാം തലമുറ സ്റ്റെല്‍ത്ത് വിമാനമാണ് എഫ്-35. റഷ്യയുടെ എസ്-400 ആകട്ടെ, ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നും. ഒരു രാജ്യം ഒരേസമയം എസ്-400 ഉം എഫ്-35 ഉം ഉപയോഗിച്ചാല്‍, എസ്-400-ന്റെ റഡാറുകള്‍ക്ക് എഫ്-35 വിമാനത്തിന്റെ 'സ്റ്റെല്‍ത്ത്' രഹസ്യങ്ങള്‍ (അതായത് വിമാനം എങ്ങനെ റഡാറില്‍ നിന്ന് ഒളിക്കുന്നു എന്നത്) പഠിക്കാന്‍ സാധിക്കുമെന്ന് അമേരിക്ക ഭയപ്പെടുന്നു. ഈ വിവരങ്ങള്‍ റഷ്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് ലഭിച്ചാല്‍ എഫ്-35 വിമാനങ്ങളെ കണ്ടെത്താന്‍ റഷ്യക്ക് എളുപ്പമാകും. ഇക്കാരണത്താല്‍, എസ്-400 വാങ്ങിയ തുര്‍ക്കിയെ അമേരിക്ക എഫ്-35 പദ്ധതിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇന്ത്യ എസ്-400 വാങ്ങിയതും എഫ്-35 ഇടപാടിന് വലിയൊരു തടസ്സമാണ്.




എഫ്-35 വിമാനത്തിന്റെ സാങ്കേതികവിദ്യ കൈമാറാന്‍ അമേരിക്ക തയ്യാറല്ലാത്തതും പ്രശ്നമാണ്. ഇന്ത്യയുടെ ഇപ്പോഴത്തെ നയം 'മേക്ക് ഇന്‍ ഇന്ത്യ' വഴിയുള്ള സാങ്കേതികവിദ്യ കൈമാറ്റമാണ്. എന്നാല്‍ ഫ്രാന്‍സ് റഫാല്‍ വിമാനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയുമായി സാങ്കേതിക സഹകരണത്തിന് തയ്യാറായിട്ടുണ്ട്. അമേരിക്കന്‍ വിമാനങ്ങള്‍ വാങ്ങുമ്പോള്‍ അവയുടെ അറ്റകുറ്റപ്പണികള്‍ക്കും സോഫ്‌റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്കും എപ്പോഴും അമേരിക്കയെ ആശ്രയിക്കേണ്ടി വരും.

അമേരിക്കന്‍ പ്രതിരോധ നിയമ പ്രകാരം റഷ്യയുമായി വലിയ ഇടപാടുകള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. എഫ്-35 വാങ്ങിയാല്‍ ഭാവിയില്‍ അമേരിക്കയുമായി എന്തെങ്കിലും അഭിപ്രായ വ്യത്യാസമുണ്ടായാല്‍ വിമാനങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു. എഫ്-35 വിമാനങ്ങളുടെ വാങ്ങല്‍ വില മാത്രമല്ല, അവയുടെ പ്രവര്‍ത്തന ചിലവും വളരെ കൂടുതലാണ്. റഫാല്‍ പോലുള്ള നാലര തലമുറ വിമാനങ്ങള്‍ ഇന്ത്യയുടെ ഇപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് (ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളില്‍) കൂടുതല്‍ അനുയോജ്യമാണെന്ന് വ്യോമസേന കരുതുന്നു. മറ്റൊരു രാജ്യത്ത് നിന്ന് അഞ്ചാം തലമുറ വിമാനം വാങ്ങുന്നതിന് പകരം, ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന എഎംസിഎ എന്ന അഡ്വാന്‍സ്സ് മീഡിയം കോമ്പാറ്റ് എയര്‍ക്രാഫ്റ്റ് എന്ന പദ്ധതിയിലാണ് ഇന്ത്യ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് സ്വന്തം കാലില്‍ നില്‍ക്കാനാണ്, അങ്കിള്‍ സാമിനെ തഴഞ്ഞത് എന്ന് വ്യക്തം. തീര്‍ച്ചയായും മോദി സര്‍ക്കാറിന് കൈയടി കൊടുക്കേണ്ട തീരുമാനമാണിത്.



പുടിനുമായുള്ള സൗഹൃദം നോക്കിയില്ല

ട്രംപിനെപ്പോലെ തന്നെ മോദിയുടെ അടുത്ത സുഹൃത്താണ് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുട്ടിനും. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഇരുവരും തമ്മില്‍ ബന്ധമുണ്ട്. 2001-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദി പുടിനെ സന്ദര്‍ശിച്ചിരുന്നു. 2024 ജൂലൈയില്‍ റഷ്യയിലെ പുടിന്റെ സ്വകാര്യ വസതിയില്‍ മോദിക്കായി ഒരുക്കിയ വിരുന്ന് ഇരുവരും തമ്മിലുള്ള ആത്മബന്ധം വ്യക്തമാക്കുന്നതായിരുന്നു. മോദിയെ പലപ്പോഴും 'യഥാര്‍ത്ഥ സുഹൃത്ത്' എന്നാണ് പുടിന്‍ വിശേഷിപ്പിക്കാറുള്ളത്. ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ആരുടെ മുന്നിലും വഴങ്ങാത്ത കരുത്തനായ നേതാവാണ് മോദിയെന്ന് പുടിന്‍ പല വേദികളിലും പുകഴ്ത്തിയിട്ടുണ്ട്.2024 ജൂലൈയില്‍ റഷ്യ സന്ദര്‍ശിച്ചപ്പോള്‍ പുടിന്‍, മോദിക്ക് റഷ്യയുടെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സെന്റ് ആന്‍ഡ്രൂ ദ അപ്പോസ്തല്‍ അവാര്‍ഡ് നല്‍കി ആദരിച്ചു.




യുക്രെയ്ന്‍ യുദ്ധത്തിന്റെ പേരില്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയപ്പോഴും റഷ്യയെ പരസ്യമായി തള്ളിപ്പറയാന്‍ ഇന്ത്യ തയ്യാറായില്ല. ഉപരോധങ്ങള്‍ക്കിടയിലും റഷ്യയില്‍ നിന്ന് വലിയ തോതില്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതും പുടിന് വലിയ ആശ്വാസമായി. പക്ഷേ രാഷ്ട്രതാല്‍പ്പര്യത്തിന് മുന്നില്‍ സൗഹൃദം ഒന്നുമല്ലെന്ന നിലപാടാണ് മോദി വീണ്ടും എടുക്കുന്നത്. ഇപ്പോള്‍ ഫ്രാന്‍സുമായി ഇന്ത്യ കരാര്‍ ഉണ്ടാക്കിയത് റഷ്യന്‍ സാങ്കേതികവിദ്യയില്‍ വിശ്വാസമില്ലാത്തതുകൊണ്ട് തന്നെയാണെന്നാണ് വിലയിരുത്തല്‍.

റഷ്യയുമായുള്ള അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ (എഫ്ജിഎഫ്എ) നിന്ന് ഇന്ത്യ 2018-ല്‍ ഇന്ത്യന്‍ പിന്മാറുകയായിരുന്നു. ഇതിന് കാരണം എസ്.യു-57 വിമാനത്തിന്റെ വികസനത്തിലെ പോരായ്മകള്‍ മൂലമായിരുന്നു. വിമാനം റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കാനുള്ള 'സ്റ്റെല്‍ത്ത്' സാങ്കേതികവിദ്യ അമേരിക്കയുടെ എഫ്-22, എഫ്-35 എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് കുറവാണെന്ന് ഇന്ത്യ കണ്ടെത്തി. പുതിയ തലമുറയ്ക്ക് ആവശ്യമായ കരുത്തുള്ള എഞ്ചിനുകള്‍ വികസിപ്പിക്കുന്നതില്‍ ഉണ്ടായ താമസം പദ്ധതിയെ ബാധിച്ചു. ഇന്ത്യ വലിയൊരു തുക മുന്‍കൂറായി നല്‍കേണ്ടി വരുമായിരുന്നു. എന്നാല്‍ ലഭിക്കുന്ന സാങ്കേതികവിദ്യ ആ തുകയ്ക്ക് ആനുപാതികമായിരുന്നില്ല.

റഷ്യന്‍ ആയുധങ്ങളില്‍ ചൈനീസ് നിര്‍മ്മിത ഇലക്ട്രോണിക് ചിപ്പുകളും ഭാഗങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ഇന്ത്യയെ ഗൗരവമായി ചിന്തിപ്പിച്ചിട്ടുണ്ട്. ചൈനയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, റഷ്യന്‍ വിമാനങ്ങളിലെ ചൈനീസ് ഭാഗങ്ങള്‍ ഇന്ത്യയുടെ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയുള്ള 'ബാക്ക് ഡോറുകള്‍' ആയേക്കുമെന്ന് ഇന്ത്യ ഭയപ്പെടുന്നു. യുക്രെയ്ന്‍ യുദ്ധത്തിന് ശേഷം പാശ്ചാത്യ ഉപരോധങ്ങള്‍ കാരണം റഷ്യയ്ക്ക് ആധുനിക ചിപ്പുകള്‍ ലഭിക്കാന്‍ ചൈനയെ കൂടുതല്‍ ആശ്രയിക്കേണ്ടി വരുന്നു. ഇതും ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു സുരക്ഷാ വെല്ലുവിളിയാണ്. കാരണം റഷ്യന്‍ ആയുധങ്ങള്‍ വാങ്ങുന്ന ഇന്ത്യക്ക് അതിയുടെയും ഒരു ചൈനീസ് സ്പൈവര്‍ക്ക് ഭയക്കാം. മാത്രമല്ല, ഒരു യുദ്ധമുണ്ടായാല്‍ ചൈന ഈ വിതരണ ശൃംഖല തടസ്സപ്പെടുത്തിയാല്‍ ഇന്ത്യയുടെ എസ്.യു-57 വിമാനങ്ങള്‍ നിശ്ചലമാകും. മാത്രമല്ല റഷ്യയുടെ പല സാങ്കേതിവിദ്യയും തുര്‍ക്കിയുടെ കൈയിലുണ്ട്. ഇതും ഒരു ഭീഷണിയായാണ് ഇന്ത്യ കാണുന്നത്.

റഷ്യയുടെ 'ചാത്തന്‍'

മാത്രമല്ല, അഴിമതി കൊടികുത്തിവാഴുന്ന രാജ്യമാണ് ഇന്ന് റഷ്യ. റഷ്യന്‍ പ്രതിരോധ മേഖലയില്‍ നിലനില്‍ക്കുന്ന അഴിമതിയും കരാറുകള്‍ ലംഘിക്കുന്ന പ്രവണതയും ഇന്ത്യയെ മടുപ്പിച്ചിട്ടുണ്ട്. റഷ്യയില്‍ നിന്ന് ഐ.എന്‍.എസ് വിക്രമാദിത്യ എന്ന വിമാനവാഹിനിക്കപ്പല്‍ വാങ്ങിയപ്പോള്‍ ഉണ്ടായ തര്‍ക്കങ്ങള്‍ ഇന്ത്യയ്ക്ക് വലിയ പാഠമായിരുന്നു. ആദ്യം ഒപ്പിട്ട കരാര്‍ പ്രകാരം 974 ദശലക്ഷം ഡോളറായിരുന്നു വില. എന്നാല്‍ പണി പൂര്‍ത്തിയാകുമ്പോഴേക്കും റഷ്യ വില കുത്തനെ കൂട്ടി ഏകദേശം 2.35 ബില്യണ്‍ ഡോളറില്‍ എത്തിച്ചു. കരാറിലെ ഈ ലംഘനവും കൈമാറ്റത്തിലുണ്ടായ വര്‍ഷങ്ങളുടെ താമസവും ഇന്ത്യയെ ചൊടിപ്പിച്ചിരുന്നു. ടി-90 ടാങ്കുകളുടെ സാങ്കേതികവിദ്യ കൈമാറുന്നതിലും രാത്രികാലങ്ങളില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള തെര്‍മല്‍ സൈറ്റുകളുടെ അപാകത പരിഹരിക്കുന്നതിലും റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് വേണ്ടത്ര സഹകരണം ലഭിച്ചിരുന്നില്ല. തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള അനുവാദം ലഭിക്കാന്‍ ഇന്ത്യയ്ക്ക് കഠിനമായി പൊരുതേണ്ടി വന്നു.

റഷ്യന്‍ വിമാനങ്ങളുടെ, സ്പെയര്‍ പാര്‍ട്സുകളുടെ ക്ഷാമമാണ് മറ്റൊന്ന്. സുഖോയ്-30 പോലെയുള്ള വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി റഷ്യന്‍ ഭാഗങ്ങള്‍ ലഭിക്കാനുള്ള കാലതാമസം ഇന്ത്യന്‍ വ്യോമസേനയുടെ സജ്ജതയെ ബാധിച്ചിട്ടുണ്ട്. യുക്രെയ്ന്‍ യുദ്ധം തുടങ്ങിയതോടെ ഈ പ്രതിസന്ധി രൂക്ഷമായി. ഇതുമൂലം റഷ്യയുടെ ആയുധവിപണിയിലെ വിശ്വാസ്യത കുറഞ്ഞുവെന്നതും പ്രശ്നമാണ്. പലപ്പോഴും 'ചാത്തന്‍' ആയുധങ്ങളാണ് റഷ്യ കയറ്റുമതി ചെയ്തുകൊണ്ടിരിക്കുന്നത്.




2008-ല്‍ റഷ്യയില്‍ നിന്ന് വാങ്ങിയ മിഗ്-29 വിമാനങ്ങള്‍ പഴയതും ഗുണനിലവാരമില്ലാത്തതുമായ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അല്‍ജീരിയ അവ തിരിച്ചയച്ചിരുന്നു. റഷ്യന്‍ കമ്പനികള്‍ പഴയ വിമാനഭാഗങ്ങള്‍ പെയിന്റ് ചെയ്ത് പുതിയതെന്ന വ്യാജേന നല്‍കിയതായി അന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. റഷ്യന്‍ ആയുധങ്ങള്‍ക്കും വിമാനങ്ങള്‍ക്കും സ്പെയര്‍ പാര്‍ട്സ് ലഭിക്കാന്‍ ബുദ്ധിമുട്ടായതോടെ സെര്‍ബിയ അടുത്തിടെ റഷ്യയെ ഉപേക്ഷിച്ച് ഫ്രാന്‍സിന്റെ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ കരാറൊപ്പിട്ടു.

റഷ്യന്‍ ആയുധങ്ങളുടെ സാങ്കേതികവിദ്യ കാലഹരണപ്പെട്ടതാണെന്നും അറ്റകുറ്റപ്പണി അസാധ്യമാണെന്നും പല രാജ്യങ്ങളും പരാതിപ്പെടുന്നു. മലേഷ്യന്‍ വ്യോമസേന തങ്ങളുടെ റഷ്യന്‍ നിര്‍മ്മിത സുഖോയ് വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ കഴിയാതെ വലഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. അവരും ഇപ്പോള്‍, പാശ്ചാത്യ രാജ്യങ്ങളിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചു. ഇത്തരം അനുഭവങ്ങളാണ്, റഷ്യയെ ഉപേക്ഷിച്ച് റഫാല്‍ പോലുള്ള വിശ്വസനീയമായ വിമാനങ്ങള്‍ക്കായി കൂടുതല്‍ പണം മുടക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. ഫലത്തില്‍ അമേരിക്കയും റഷ്യയും ചെയ്ത ചതിക്കുള്ള മധുര പ്രതികാരമാണ് ഫ്രാന്‍സുമായുള്ള കരാര്‍.

ഇന്ത്യാ- ഫ്രാന്‍സ് സൗഹൃദവും ഘടകം

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സൗഹൃദം കേവലം ഒരു പ്രതിരോധ ഇടപാടില്‍ ഒതുങ്ങുന്നതല്ല, മറിച്ച് പതിറ്റാണ്ടുകള്‍ നീണ്ട പരസ്പര വിശ്വാസത്തിന്മേല്‍ കെട്ടിപ്പടുത്തതാണ്. 2026 ഫെബ്രുവരിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ സന്ദര്‍ശനവേളയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'സ്പെഷ്യല്‍ ഗ്ലോബല്‍ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്' എന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടു. റഫാല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനത്തിന് പിന്നില്‍ ഈ സൗഹൃദത്തിന് നിര്‍ണ്ണായക പങ്കുണ്ട്.1998-ലെ ഇന്ത്യയുടെ ആണവ പരീക്ഷണ വേളയില്‍ ലോകരാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും ഇന്ത്യയെ പിന്തുണച്ച ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് ഫ്രാന്‍സ്. കാശ്മീര്‍ പ്രശ്നം ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഫ്രാന്‍സ് ഇടപെടാറില്ല. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി, 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ സാങ്കേതികവിദ്യ കൈമാറാനും ഇന്ത്യയില്‍ വെച്ച് വിമാനങ്ങള്‍ നിര്‍മ്മിക്കാനും ഫ്രാന്‍സ് വലിയ താല്പര്യം കാണിക്കുന്നു.

റഷ്യയെപ്പോലെ തരികിടയല്ല ഫ്രാന്‍സ്. ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ട് ഏവിയേഷന്‍ പറഞ്ഞ സമയത്തിന് മുന്‍പേ വിമാനങ്ങള്‍ കൈമാറുന്നതില്‍ ശ്രദ്ധിച്ചു. റഷ്യന്‍ കരാറുകളിലെ 'സമയക്രമമില്ലായ്മ' ഇവിടെ ഉണ്ടായില്ല. ഫ്രാന്‍സുമായുള്ള കാരാറുകള്‍ കൂടുതല്‍ സുതാര്യമായിരുന്നു. റഷ്യയുടെ ആയുധവിപണിയിലെ വിശ്വാസ്യത കുറഞ്ഞതും ഫ്രാന്‍സിന്റെ പ്രൊഫഷണലിസവും തമ്മിലുള്ള വ്യത്യാസം ഇന്ത്യയുടെ പ്രതിരോധ നയതന്ത്രത്തില്‍ വലിയ മാറ്റമുണ്ടാക്കി. ചുരുക്കത്തില്‍, റഷ്യയുടെ ആയുധ വിപണിയിലുണ്ടായ അനിശ്ചിതത്വങ്ങളും അമേരിക്കന്‍ ഉപരോധങ്ങളെക്കുറിച്ചുള്ള പേടിയും നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഇന്ത്യയ്ക്ക് ഏറ്റവും വിശ്വസിക്കാവുന്ന 'ഓള്‍ വെതര്‍ ഫ്രണ്ട്' ആയി ഫ്രാന്‍സ് മാറിയിരിക്കുന്നു. കോടികളുടെ ഇന്ത്യന്‍ കരാറുകള്‍ അങ്ങോട്ട് ഒഴുകാന്‍ പിന്നെ മറ്റുകാരണങ്ങള്‍ വേണമോ?

ഇപ്പോള്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും, നരേന്ദ്രമോദിയും തമ്മിലും അടുത്ത ബന്ധമാണുള്ളത്. 'അനിശ്ചിതത്വങ്ങളിലൂടെ കടന്നുപോകുന്ന ലോകക്രമത്തിന് കൂടുതല്‍ ഉറപ്പും സമാധാനവും നല്‍കാന്‍ ഉതകുന്നതാണ് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണമെന്നാണ്' റഫാല്‍ കരാറിനശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായുള്ള മുംബയ് ലോക്ഭവനിലെ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഇരു രാജ്യങ്ങളുടെയും സഹകരണത്തിന്റെ ആഗോള പ്രസക്തി ചൂണ്ടിക്കാട്ടിയത്. 114 റാഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കരാറായതിനു പുറമെ, പരസ്പര നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയും ഫ്രാന്‍സും ഇരട്ട നികുതി ഒഴിവാക്കാനുള്ള സുപ്രധാന കരാറില്‍ ഒപ്പിടുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ഫ്രാന്‍സിനു നല്‍കുന്ന നികുതി ബാദ്ധ്യതയില്‍ വലിയ കുറവുണ്ടാകും. അതേസമയം ട്രംപ് ഇന്ത്യക്ക് കൂടുതല്‍ താരിഫ് ചുമത്തുകയാണുണ്ടായത്. ഇവിടെയും ഇന്ത്യ കണക്കുതീര്‍ത്തു.




പ്രധാനമന്ത്രി മോദിയും ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും വെര്‍ച്വലായി ഉദ്ഘാടനം ചെയ്ത കര്‍ണാടകയിലെ കോളാറില്‍ തുടങ്ങുന്ന എയര്‍ബസ് എച്ച് 125 ഹെലികോപ്റ്ററിന്റെ ഫൈനല്‍ അസംബ്ളി യൂണിറ്റ് ഇന്ത്യയില്‍ സ്വകാര്യ മേഖലയിലെ ആദ്യത്തെ ഹെലികോപ്റ്റര്‍ നിര്‍മ്മാണ സ്ഥാപനമായിരിക്കും. ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസ് ലിമിറ്റഡ് കമ്പനിയുമായാണ് ഫ്രാന്‍സ് ഇതിനുള്ള കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആയിരം കോടിയാണ് ഇതിന് വേണ്ടി വരിക.

പ്രതിരോധ രംഗത്ത് സഹകരണം അടുത്ത പത്തു വര്‍ഷത്തേക്ക് തുടരാനുള്ള കരാറാണ് ഉണ്ടായിരിക്കുന്നത്.ഇതിനു പുറമെ ഇരുസേനകളുടെ യുദ്ധരീതികള്‍ പരസ്പരം പഠിക്കാന്‍ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി മിലിട്ടറി ഉദ്യോഗസ്ഥരെ പരസ്പരം വിന്യസിക്കാനും ധാരണയായി. ഫ്രാന്‍സുമായുള്ള സഹകരണം ഇന്ത്യയുമായി ശത്രുത പുലര്‍ത്തുന്ന ചില രാജ്യങ്ങളുടെ ഉറക്കംകെടുത്താന്‍ പോന്നതാണ്.

വാല്‍ക്കഷ്ണം: എന്‍ഡിഎ സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന്, നമ്മുടെ പ്രതിരോധ മേഖലയുടെ നവീകരണമാണ്. മുമ്പ് നമ്മുടെ എ കെ ആന്റണി പ്രതിരോധമന്ത്രിയായിരുന്നു സമയത്തൊക്കെ ഇന്ത്യന്‍ ആര്‍മി വല്ലാതെ പുറകോട്ടടിച്ചുവെന്ന് പിന്നീട് വിലയിരുത്തലുണ്ടായി. അഴിമതി ആരോപണം ഭയന്ന് ഒരു ആധുനികവത്ക്കരണത്തിനും പര്‍ച്ചേസിനുമൊന്നും ആന്റണി സമ്മതിക്കില്ലത്രേ

Tags:    

Similar News