'കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും?'; 400 കോടി ആസ്തിയുള്ള ഭാര്യയുടെ ഡിവോഴ്സ് നോട്ടീസില്‍ കുരുങ്ങി വിജയ്; എംജിആറും ജയലളിതയും കരുണാധിയും നേരിട്ടത് സമാന പരീക്ഷണങ്ങള്‍; കനകം, കാമിനി, കലഹം! തമിഴക രാഷ്ട്രീയത്തില്‍ തനിയാവര്‍ത്തനം

'കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും?

Update: 2026-02-28 10:39 GMT

സിനിമയും രാഷ്ട്രീയവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് തമിഴകത്ത്. അല്ലെങ്കില്‍ സിനിമതന്നെയാണ് ഇവിടെ രാഷ്ട്രീയവും. എംജിആറും, ജയലളിതയും, കരുണാനിധിയും, വിജയകാന്തും തൊട്ട് ഉദയനിധി സ്റ്റാലിന്‍വരെ എത്തിനില്‍ക്കുന്ന ഒരു നീണ്ട താര നിരയുണ്ട് തമിഴക രാഷ്ട്രീയത്തില്‍. ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ നാളത്തെ മുഖ്യമന്ത്രിയാവാം. അതുതന്നെയാണ്, ഒറ്റപ്പടത്തിന് 250 കോടിരൂപ പ്രതിഫലം വാങ്ങി സര്‍വകാല റെക്കോര്‍ഡിട്ട, ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച താരം ജോസഫ് വിജയ് രാഷ്ട്രീയത്തിലിറങ്ങുമ്പോള്‍ ലക്ഷ്യമിട്ടതും.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടിയേക്കാള്‍ ശക്തിയുള്ള, സംസ്ഥാനത്തിന്റെ മുക്കിലും മൂലയിലും യൂണിറ്റുള്ള ഫാന്‍സ് അസോസിയേഷനായിരുന്നു, വിജയ് മക്കള്‍ ഇയക്കം (വി എംഐ). രജനി, കമല്‍ ഫാന്‍സ് അസോസിയേഷനുകള്‍ പിറകോട്ട് അടിച്ചതോടെ യുവാക്കള്‍ക്കിടയില്‍ വിജയ് തരംഗമായി. അതാണ് തമിഴക വെട്രി കഴകം' എന്ന പാര്‍ട്ടിയായത്. അതോടെ ഫാന്‍സ് അസോസിയേഷന്‍ യൂണിറ്റുകള്‍ പാര്‍ട്ടി ഘടകങ്ങളായി മാറി. അതോടെ തമിഴ്നാട്ടിന്റെ കുഗ്രാമങ്ങളില്‍പോലും യൂണിറ്റുള്ള പാര്‍ട്ടിയായി അത് മാറി. ഈ ഗ്രാസ് റൂട്ട് പവര്‍ തന്നെയാണ്, തമിഴ്നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്നതും.

വിജയ് അങ്ങനെ കത്തിക്കയറി വരുമ്പോഴാണ്, താരത്തിനുമേല്‍ ഇടിത്തീയെന്നോണം ഡിവോഴ്സ് കേസ് വരുന്നത്. തമിഴ് സൂപ്പര്‍താരം വിജയും ഭാര്യ സംഗീത സ്വര്‍ണലിംഗവും 25 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങുകയാണ് എന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരിക്കയാണ്. ഇപ്പോള്‍ വിജയിനെതിരെ പരസ്ത്രീ ബന്ധവും ക്രൂരതയും ആരോപിച്ച് സംഗീത കുടുംബ കോടതിയില്‍ ഡിവോഴ്‌സ് ഹര്‍ജി ഫയല്‍ ചെയ്തു. 1999 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. ഒരു പ്രമുഖ നടിയുമായി വിജയിന് അവിഹിത ബന്ധമുണ്ടെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം. 2021-ലാണ് താന്‍ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞതെന്ന് സംഗീത ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പുനല്‍കിയിരുന്നുവെങ്കിലും അത് ലംഘിക്കപ്പെട്ടുവെന്നും താരം യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ലെന്നും സംഗീത ആരോപിക്കുന്നു. സ്‌പെഷ്യല്‍ മാരേജ് ആക്ടിലെ സെക്ഷന്‍ 27(1)(എ), 27(1)(ഡി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.


 



പങ്കാളിക്ക് അവിഹിത ബന്ധമുണ്ടാവുക, ക്രൂരമായി പെരുമാറുക തുടങ്ങിയ കാരണങ്ങളാല്‍ വിവാഹമോചനം തേടാന്‍ ഈ വകുപ്പുകള്‍ അനുമതി നല്‍കുന്നുണ്ട്. നിലവില്‍ ചെന്നൈയിലെ ഡിസ്ട്രിക്റ്റ് കോടതിയുടെ പരിഗണനയിലാണ് ഈ കേസ്. കഴിഞ്ഞ കുറച്ചു കാലമായി വിജയില്‍നിന്നും സംഗീത വിട്ടുനില്‍ക്കുകയായിരുന്നു. ഇത് ആരാധകര്‍ക്കിടയില്‍ സംശയങ്ങള്‍ക്കിടയാക്കിയിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് സജീവമാകുന്നതിനിടെ പുറത്തുവന്ന ഈ വിവാഹമോചനക്കേസ് അയാളുടെ മുഖ്യമന്ത്രി സ്വപ്നങ്ങളെ ബാധിക്കുമോ എന്നാണ് ചര്‍ച്ച.


ലണ്ടനില്‍ വളര്‍ന്ന കോടീശ്വര പുത്രി

ലണ്ടന്‍ ആസ്ഥാനമായുള്ള വ്യവസായി സ്വര്‍ണ്ണലിംഗത്തിന്റെ മകളും ശ്രീലങ്കന്‍ തമിഴ് വംശജയുമാണ് വിജയുടെ ഭാര്യ സംഗീത. ഇവര്‍ ജനിച്ചതും വളര്‍ന്നതും യുകെയിലാണ്. 5000 കോടിയോളം വരുന്ന വലിയൊരു വ്യവസായ സാമ്രാജ്യത്തിന്റെ ഉടമയാണ് സ്വര്‍ണ്ണലിംഗം. അമ്മ നിര്‍മ്മല സ്വര്‍ണ്ണലിംഗം വീട്ടമ്മയാണ്. കുടുംബ കാര്യങ്ങളിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. സംഗീതയുടെ കുടുംബം പൊതുവേ മാധ്യമങ്ങളില്‍ നിന്നും പ്രശസ്തിയില്‍ നിന്നും അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ്. നടന്‍ വിജയുടെ അമ്മായിഅപ്പനെന്നും, അമ്മായിയമ്മയെന്നും പറഞ് ഒരു വേദിയിലും അവര്‍ പ്രത്യക്ഷപ്പെട്ടില്ല. ഒരു അഭിമുഖങ്ങളും കൊടുത്തില്ല. അതിനൊന്നും അവര്‍ക്ക് സമയവും ഉണ്ടായിരുന്നില്ല.

ഒരു മള്‍ട്ടി-സെക്ടര്‍ ഇന്‍ഡസ്ട്രിയലിസ്റ്റാണ് സ്വര്‍ണ്ണലിംഗം. ഇതില്‍ റിയല്‍ എസ്റ്റേറ്റിനും ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗിനുമാണ് മുന്‍തൂക്കം. യുകെയില്‍ ഇദ്ദേഹത്തിന് വലിയ തോതിലുള്ള ഭൂസ്വത്തുക്കളും കെട്ടിടങ്ങളുമുണ്ട്. നിരവധി വ്യവസായ ശാലകളും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ട്. വിദേശ ത്തെ വ്യാപാരവും, ലോജിസ്റ്റിക്സ് മേഖലയിലും അദ്ദേഹത്തിന്റെ വരുമാന മാര്‍ഗമാണ്.

ശ്രീലങ്കയിനിന്ന് കൗമാരകാലത്ത് ലണ്ടനിലേക്ക് കുടിയേറിയതാണ് സ്വര്‍ണ്ണലിംഗം. സംഗീത ജനിക്കുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുന്‍പേ അദ്ദേഹം അവിടെ സ്ഥിരതാമസമാക്കിയിരുന്നു. ലണ്ടനിലെ തമിഴ് സമൂഹത്തിനിടയില്‍ വലിയ സ്വാധീനമുള്ള വ്യക്തികൂടിയാണ് അദ്ദേഹം. സംഗീതയ്ക്ക് മാത്രമായി ഏകദേശം 400 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് സംഗീത ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.


 



ലോകത്ത് എവിടെപോയാലും തന്റെ മക്കള്‍ തമിഴ് സംസ്‌ക്കാരം മറുന്നപോവരുത് എന്ന് നിര്‍ബന്ധമുള്ളയാളായിരുന്നു സംഗീതയുടെ അമ്മ. പാശ്ചാത്യ വസ്ത്രങ്ങള്‍ അണിഞ്ഞ ഒരു ലണ്ടന്‍കാരിയായല്ല, ഒരു തമിഴ്നാടന്‍ പെണ്‍കുട്ടിയായി തന്നെയാണ് അവള്‍ വളര്‍ത്തപ്പെട്ടത്. ഹോളിവുഡ് സിനിമകളായിരുന്നില്ല, തമിഴ് സിനിമകളും ഗാനങ്ങളുമായിരുന്നു ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ ആ പെണ്‍കുട്ടി നെഞ്ചിലേറ്റിയത്. അങ്ങനെയാണ് വിജയ് അവളുടെ ഹൃദയത്തിലേക്ക് കയറിവരുന്നത്.

ഫാന്‍ഗേള്‍ ജീവിത സഖിയാവുന്നു

വിജയുടെ ഫാന്‍ ഗേളായിരുന്നു സംഗീത. 1996-ലാണ് ഇരുവരും ആദ്യമായി കാണുന്നത്. വിജയുടെ കരിയര്‍ മാറ്റിമറിച്ച 'പൂവേ ഉനക്കാഗ' എന്ന ചിത്രം കണ്ട സംഗീത, വല്ലാതെ ആകൃഷ്ടയായി. ലണ്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ സംഗീത, ഫിലിം സിറ്റിയിലെ സെറ്റില്‍ വച്ചാണ് വിജയെ നേരിട്ട് കണ്ടത്. സംഗീത സ്വയം പരിചയപ്പെടുത്തുകയും വലിയൊരു ആരാധകിയാണെന്ന് അറിയിക്കുകയും ചെയ്തു. ലണ്ടനില്‍ നിന്ന് തന്നെ കാണാന്‍ എത്തിയ ആത്മാര്‍ത്ഥത വിജയെയും ആകര്‍ഷിച്ചു. ആ ബന്ധം ആദ്യം സൗഹൃദം പിന്നീട് പ്രണയമായി മാറി. പക്ഷേ വിജയുടെ വീട്ടുകാര്‍ക്കും സംഗീതയുടെ ലാളിത്യം ഏറെ ആകര്‍ഷിച്ചു.

പിന്നീട് വിജയുടെ വീട്ടുകാര്‍ സംഗീതയെ അവരുടെ വീട്ടിലേക്ക് ക്ഷണിച്ചു. സംഗീതയുടെ പെരുമാറ്റത്തില്‍ ആകൃഷ്ടനായ വിജയുടെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ തന്നെയാണ് വിവാഹാലോചന ആദ്യം മുന്നോട്ടുവെച്ചത്. വിജയ് ഒരു ക്രിസ്ത്യന്‍ കുടുംബാംഗവും സംഗീത ഹിന്ദു കുടുംബാംഗവുമായതിനാല്‍ ചടങ്ങുകള്‍ വേറെ വേറെ നടത്തേണ്ടിവന്നു. ലണ്ടനില്‍ വച്ച് ക്രൈസ്തവ ആചാരപ്രകാരവും തമിഴ്‌നാട്ടില്‍ വച്ച് ഹൈന്ദവ ആചാരപ്രകാരവും വിവാഹം നടന്നു.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കുമ്പോഴായിരുന്നു വിജയ് വിവാഹിതനായത്. അന്ന് അദ്ദേഹത്തിന് 25 വയസ്സ് മാത്രമായിരുന്നു പ്രായം. 1990-കളുടെ പകുതിയോടെ വിജയ് തമിഴ് സിനിമയില്‍ ഒരു മുന്‍നിര നായകനായി മാറിക്കഴിഞ്ഞിരുന്നു. 1996-ല്‍ പുറത്തിറങ്ങിയ 'പൂവേ ഉനക്കാഗെ' എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയം അദ്ദേഹത്തെ യൂത്ത് ഐക്കണാക്കി. പിന്നീട് 'കാതലുക്ക് മര്യാദൈ' (1997), 'തുള്ളാത മനവും തുള്ളും' (1999) തുടങ്ങിയ വമ്പന്‍ വിജയ് സമ്മാനിച്ചിരുന്നു ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന് വലിയൊരു വനിതാ ആരാധകവൃന്ദത്തെയും നേടിക്കൊടുത്തു. വിവാഹസമയത്ത് പ്രധാനമായും റൊമാന്റിക് ഹീറോ പരിവേഷമായിരുന്നെങ്കിലും, തൊട്ടടുത്ത വര്‍ഷങ്ങളില്‍ പുറത്തിറങ്ങിയ 'ഖുഷി', 'പ്രിയമാനവളെ' തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ താരമൂല്യം കുത്തനെ ഉയര്‍ത്തി. ഇതെല്ലാം തന്റെ ഭാര്യയുടെ ഐശ്വര്യമാണെന്നാണ് വിജയ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നത്.

'അവിഹിതം' പിടിക്കപ്പെടുന്നു

ഒരിക്കലും ഒരു ടോക്സിക്ക് ഭര്‍ത്താവായിരുന്നില്ല വിജയ്. സെറ്റ് കഴിഞ്ഞാല്‍ വീട്ടിലെത്തുന്ന, മൃദുഭാഷിയായ, അനാവശ്യകൂട്ടുകെട്ടുകള്‍ ഒന്നുമില്ലാത്ത വ്യക്തിയായാണ് അദ്ദേഹം വിലയിരുത്തപ്പെട്ടത്. മദ്യപാനം, ലഹരി ഉപയോഗം, നിശാപാര്‍ട്ടികള്‍ അങ്ങനെ ഒന്നിന്റെ പേരിലും അയാളുടെ പേര് വലിച്ചിഴക്കപ്പെട്ടിട്ടില്ല. പക്ഷേ കഴിഞ്ഞ കുറേക്കാലമായി വിജയുടെ പേരിനൊപ്പെം ചേര്‍ക്കപ്പെടുന്നതാണ്, അടുത്ത സുഹൃത്താണെന്ന് പറയുന്ന നടിയുമായുള്ള ബന്ധം. ഇപ്പോള്‍ നാല്‍പ്പത് വയസ്സ് പിന്നിട്ടിട്ടും വിവാഹിതയാവാത്ത ഒരു നടിയാണ്, വിജയുടെ വിവാഹബന്ധത്തിലെ വില്ലത്തിയെന്ന് തമിഴ് മുഖ്യധാരാ മാധ്യമങ്ങളും പറയുന്നു. പക്ഷേ സിനിമാ എക്സ്പ്രസ് പോലുള്ള തമിഴ് സിനിമാ മാസികകള്‍ അത് തൃഷയാണ് എന്ന് തുറന്ന് എഴുതുന്നുണ്ട്. നേരത്തെ നമ്മുടെ ദിലീപ്- കാവ്യമാധവന്‍ ബന്ധംപോലെ, തമിഴ് ഓണ്‍ലൈന്‍ മാഗസിനുകള്‍ക്ക് ചാകരയാണ് വിജയ്- തൃഷ ബന്ധം.


 



'ഗില്ലി', 'തിരുപ്പാച്ചി' തുടങ്ങിയ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ച കാലം മുതല്‍ക്കേ ഇവര്‍ക്കിടയില്‍ പ്രണയമുണ്ടെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 'ലിയോ' എന്ന ചിത്രത്തില്‍ വീണ്ടും ഒന്നിച്ചതോടെ ഈ ചര്‍ച്ചകള്‍ വീണ്ടും സജീവമായി.ഈ വിവാദങ്ങളോട് വിജയോ തൃഷയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. തങ്ങള്‍ വെറും സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇവര്‍ മുന്‍പ് പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളത്. പക്ഷേ തൃഷ വിജയ്‌ക്കൊപ്പം പങ്കുവെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആരാധകര്‍ക്കിടയില്‍ സംശയത്തിന് കാരണമായി. പ്രത്യേകിച്ച് വിജയുടെ ജന്മദിനത്തില്‍ തൃഷ പങ്കുവെച്ച മിറര്‍ സെല്‍ഫിയും വലിയ ചര്‍ച്ചയായിരുന്നു.

സംഗീത പൊതുവേ മാധ്യമശ്രദ്ധയില്‍ നിന്നും മാറിനില്‍ക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. ഒരു അഭിമുഖത്തില്‍പോലും വരാതെ ടിപ്പിക്കല്‍ വീട്ടമ്മയായി അവര്‍ ഒതുങ്ങിക്കൂടി. ഭര്‍ത്താവിനുവേണ്ടി തന്റെ ബിസിനസ് കരിയര്‍പോലും മാറ്റിവെച്ച് അവര്‍ വീട്ടമ്മയായി ഒപ്പം നിന്നു. ( ഇവിടെയൊക്കെ മഞ്ജുവാര്യരുമായി അസാധാരണ സാദൃശ്യം കാണാം) ദമ്പതികള്‍ക്ക് ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ഇവരുടെ പിതാവിന്റെ വഴിയേ സിനിമയിലുണ്ട്. തമിഴ് സിനിമാ ഓണ്‍ലൈന്‍ മാഗസിനുകളുടെ റിപ്പോര്‍ട്ട് പ്രകാരം, ഈയിടെ ഭാര്യയെ ലണ്ടനിലേക്ക് മടക്കിയക്കാന്‍ വിജയ് നടത്തിയ ശ്രമമാണ് അവളില്‍ സംശയം ഉയര്‍ത്തിയത്. തുടര്‍ന്ന് സംഗീത നടത്തിയ അന്വേഷണത്തിലാണ്, ചില സംശയാസ്പദമായ ഫോട്ടോഗ്രാഫുകള്‍ കിട്ടുന്നത്. ഇതോടെ അവര്‍ വീണ്ടും അന്വേഷണം തുടര്‍ന്നു. സിനിമാരംഗത്തെ സുഹൃത്തുക്കളില്‍നിന്നൊക്കെ അവര്‍ എടുത്ത മൊഴികളുടെയും ഡിജിറ്റല്‍ എവിഡന്‍സിന്റെയും അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അവര്‍ ഡിവോഴ്സ് പെറ്റീഷന്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ജന്റില്‍മാന്‍ ഇമേജ് ഇല്ലാതാവുന്നു

വിജയ്-സംഗീത വിവാഹമോചന വാര്‍ത്ത തമിഴക രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷടിച്ചിരിക്കയാണ്. ദളപതിയുടെ മുഖ്യമന്ത്രി മോഹത്തിന് വന്‍ തിരിച്ചടിയാണിത്. 'കുടുംബം സംരക്ഷിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെ നാട് സംരക്ഷിക്കും?' എന്ന ചോദ്യം ഇപ്പോള്‍ തന്നെ എതിരാളികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. വലിയ തോതില്‍ ലേഡി ഫാന്‍സുള്ള നടനാണ് അദ്ദേഹം. സ്ത്രീകളും യുവാക്കളുമാണ് വിജയുടെ വോട്ട് ബാങ്ക്. പുതിയ സാഹചര്യത്തില്‍ അത് എങ്ങനെ മാറുമെന്ന് കണ്ടറിയണം. മിസ്റ്റര്‍ ക്ലീന്‍ എന്നുള്ള വിജയുടെ ഇമേജിന് വലിയ തിരിച്ചടിയാണിത്. മലയാളത്തില്‍ മമ്മൂട്ടിക്കുള്ളതുപോലെ, സല്‍ഗുണ സമ്പന്നനായ ഒരു കുടുംബപുരുഷന്‍ എന്ന വിജയുടെ ഇമേജിന് സാരമായ പരിക്ക് ഈ വിവാദത്തിലൂടെ ഉണ്ടായിട്ടുണ്ട്.

തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായി സംസ്ഥാന ഭരണത്തിലേക്ക് ഉന്നമിടുന്ന വിജയ്ക്ക് തന്റെ കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് ഈ വിവാഹമോചന കേസ് എന്ന് മാധ്യമങ്ങള്‍ പറയുന്നു. കേവലം ഒരു കുടുംബപ്രശ്‌നമെന്നതിലുപരി, ഇത് വിജയുടെ രാഷ്ട്രീയ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി തമിഴ് രാഷ്ട്രീയ വൃത്തങ്ങളിലും ചര്‍ച്ചവരികയാണ്.

മാത്രമല്ല, ഇന്നും സദാചാരമൂല്യങ്ങള്‍ മുറകെ പിടിക്കുന്ന ഒരു പാട്രിയാര്‍ക്കല്‍ സൊസൈറ്റി തന്നെയാണ് തമിഴകം. ഇവിടെ നേതാക്കളുടെ സ്വഭാവശുദ്ധിയും കുടുംബജീവിതവും തിരഞ്ഞെടുപ്പുകളില്‍ വലിയ സ്വാധീനം ചെലുത്താറുണ്ട്. ഭാര്യയെ വഞ്ചിച്ചു എന്ന ആരോപണം കുടുംബ വോട്ടര്‍മാര്‍ക്കിടയില്‍ വിജയുടെ പ്രതിഛായയെ എങ്ങനെ ബാധിക്കുമെന്ന് കണ്ടറിയണം. കലൈഞ്ജര്‍ കരുണാനിധിയെയോ എം.ജി.ആറിനെയോ പോലെ ഒരു യുഗപുരുഷനാകാന്‍ ശ്രമിക്കുന്ന വിജയ്ക്ക് വന്ന വല്ലാത്ത തിരിച്ചടിതന്നെയാണിത്.

എംജിആര്‍ മുതല്‍ ആരോപിതന്‍



 



്തമിഴ്‌നാട്ടില്‍ രണ്ട് രാഷ്ട്രീയമാണ് ശക്തം. ദ്രാവിഡരുടെയും ഹിന്ദുത്വരുടെയും. വിജയ് ആണെങ്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ കൃത്യമായ ദലിത്- ന്യൂനപക്ഷ അംബേദ്ക്കറെറ്റ് രാഷ്ട്രീയവും അദ്ദേഹം പയറ്റുന്നുണ്ട്. പക്ഷേ ഇവിടെയൊക്കെ വ്യക്തിശുദ്ധിയെന്നത് പ്രധാനമാണ്. പക്ഷേ ഡിവോഴ്സ കേസുകളൊന്നും ഒരാളുടെയും ഇമേജിനെ ബാധിക്കില്ലെന്നും, വ്യക്തപരമായ പ്രശ്നങ്ങള്‍ ചര്‍ച്ചയായിരുന്നെങ്കില്‍ എംജിആറും കരുണാനിധിയും, ജയലളിതയുമൊക്കേ എന്നേ നിഷ്‌ക്കാസിതര്‍ ആയേനെയെന്നും പലരും ചൂണ്ടിക്കാട്ടപ്പെടുന്നു.

എം.ജി.ആറും, ജയലളിതയും തമ്മിലുള്ള ബന്ധം ഒരുകാലത്ത് മദിരാശി പത്രങ്ങളുടെ ഗോസിപ്പുകോളങ്ങള്‍ നിറച്ചിരുന്നു. ഇവര്‍ വിവാഹിതരായിരുന്നില്ലെങ്കിലും ദശകങ്ങള്‍ നീണ്ട ഇവരുടെ ആത്മബന്ധം എന്നും ചര്‍ച്ചയായിരുന്നു. 1965-ല്‍ 'ആയിരത്തില്‍ ഒരുവന്‍' എന്ന ചിത്രത്തിലൂടെയാണ് ഇവര്‍ ഒന്നിക്കുന്നത്. തുടര്‍ന്ന് 28 ഓളം ചിത്രങ്ങളില്‍ ഇവര്‍ ജോഡികളായി. എം.ജി.ആറിന്റെ വ്യക്തിജീവിതത്തിലും രാഷ്ട്രീയ തീരുമാനങ്ങളിലും ജയലളിതയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നു. എം.ജി.ആര്‍ വിവാഹിതനായിരിക്കെ ജയലളിതയുമായുള്ള ബന്ധം വലിയ വിവാദങ്ങള്‍ക്കും കുടുംബകലഹങ്ങള്‍ക്കും വഴിവെച്ചു. 1970-കളില്‍ ജയലളിതയെ സിനിമയില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ എം.ജി.ആറിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. പക്ഷേ അദ്ദേഹം അത് കേട്ടില്ല. ജയുമായി ബന്ധമുണ്ട് എന്ന് സംശയിച്ച നടന്‍മ്മാരെ എംജിആര്‍ ആളെവിട്ട് തല്ലിച്ച കഥവരെ അന്ന് കേട്ടിട്ടുണ്ട്!

1982-ല്‍ എം.ജി.ആര്‍,ജയലളിതയെ എ.ഐ.എ.ഡി.എം.കെയില്‍ എത്തിച്ചു. അവരെ പാര്‍ട്ടിയിലെ പ്രചാരണ സെക്രട്ടറി ആക്കിയതും രാജ്യസഭയിലേക്ക് അയച്ചതും പാര്‍ട്ടിക്കുള്ളിലെ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചു. ഇത് എം.ജി.ആര്‍ - ജയലളിത ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കി. എം.ജി.ആറിന്റെ ജീവിതത്തിന്റെ അവസാന വര്‍ഷങ്ങളില്‍ ഇവര്‍ തമ്മില്‍ പിണക്കത്തിലായിരുന്നു എന്ന് പറയപ്പെടുന്നു. അദ്ദേഹം അസുഖ ബാധിതനായിരുന്നപ്പോള്‍ ജയലളിതയെ കാണാന്‍ അനുവദിച്ചിരുന്നില്ല.

1987-ല്‍ എം.ജി.ആര്‍ അന്തരിച്ചപ്പോള്‍, ഭൗതികശരീരം വഹിച്ചുള്ള വാഹനത്തില്‍ കയറാന്‍ ശ്രമിച്ച ജയലളിതയെ ജാനകി രാമചന്ദ്രന്റെ ബന്ധുക്കള്‍ തള്ളിയിട്ടത് തമിഴ്നാട് രാഷ്ട്രീയത്തിലെ മറക്കാനാവാത്ത ദൃശ്യമാണ്. ഇത് എം.ജി.ആറിന്റെ പിന്‍ഗാമിയാകാനുള്ള വലിയ പോരാട്ടത്തിന് തുടക്കമിട്ടു. അതുപോലെ ജയലളിതയും ശശികലയുമായുള്ള ബന്ധവും വിവാദമായിരുന്നു.

ഡി.എം.കെ നേതാവ് കരുണാനിധിയുടെ വ്യക്തിജീവിതം വലിയ ചര്‍ച്ചയായിരുന്നു. ഒരേസമയം രണ്ട് ഭാര്യമാരുമായി (ദയാലു അമ്മാള്‍, രാജാത്തി അമ്മാള്‍) ബന്ധം പുലര്‍ത്തിയത് രാഷ്ട്രീയ എതിരാളികള്‍ പലപ്പോഴും ആയുധമാക്കിയിട്ടുണ്ട്. എന്നിട്ടും അവരെല്ലാം രാഷ്ട്രീയമായി അതിജീവിച്ചവരാണ്. പിന്നെ ഒരു ഡിവോഴ്സ് കേസിന്റെ പേരില്‍ വിജയ് മാത്രം ക്രൂശിക്കപ്പെടുമോ എന്നുമാണ് അദ്ദേഹത്തിന്റെ ആരാധകര്‍ ചോദിക്കുന്നത്.

വാല്‍ക്കഷ്ണം: 51 വയസേ ആയേട്ടിള്ളൂ വിജയക്ക്. ഇത്രയും പെട്ടന്ന് സിനിമയില്‍നിന്ന് ഒരു വിരമിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങണമായിരുന്നോ എന്ന ചര്‍ച്ചയും ഇപ്പോള്‍ ഉയരുന്നുണ്ട്. ഇന്ത്യയില്‍ ഒരു നടനും കിട്ടിയിട്ടില്ലാത്ത ഇനീഷ്യന്‍ കളക്ഷനാണ് വിജയ് ചിത്രങ്ങള്‍ക്ക് കിട്ടിയിരുന്നത്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ രജനിയേക്കാള്‍ മുകളിലായിരുന്നൂ, ദളപതി!

Tags:    

Similar News