പിതാവ് സാംസണ്‍ മോഹിച്ചത് മകനെ ലോകം അറിയുന്ന ക്രിക്കറ്ററാക്കാന്‍; സഞ്ജുവിലെ ബാറ്ററെ തേച്ചുമിനുക്കിയത് പരിശീലകന്‍ ബിജു ജോര്‍ജ്ജ്; ദ്രാവിഡിനോട് ശ്രീശാന്ത് പറഞ്ഞ ആ കള്ളം ക്രിക്കറ്റ് ജീവിതത്തില്‍ വഴിത്തിരിവായി; ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗ് തലവരമാറ്റി; ക്രിക്കറ്റിനൊപ്പം പ്രണയിച്ചത് ചാരുവിനെ; 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' അണിഞ്ഞ് നേടിത്തന്നത് മലയാളത്തിന്റെ മോഹക്കപ്പ്; ആരാധകരുടെ 'ചേട്ടന്‍' സഞ്ജു സാംസന്റെ ജീവിതകഥ
ചില കാത്തിരിപ്പുകള്‍ അങ്ങനെയാണ്.... കഴിഞ്ഞ ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാതെ, ഒരു പന്തു പോലും നേരിടാതെ കിരീടവിജയത്തില്‍ പങ്കാളിയായെങ്കില്‍ രണ്ട് വര്‍ഷത്തിനിപ്പുറം സ്വന്തം വിയര്‍പ്പും ചോരയും കൊണ്ട് കിരീടവിജയത്തിലേക്ക് ഇന്ത്യയെ നയിച്ച് ആരാധക ഹൃദയം കീഴടക്കിയിരിക്കുന്നു. പറഞ്ഞുവന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ മലയാളം പറയാന്‍ പഠിപ്പിച്ച പ്രിയപ്പെട്ട നമ്മുടെ ചേട്ടനെക്കുറിച്ചാണ്. സഞ്ജു സാംസണെക്കുറിച്ച്. വിഴിഞ്ഞത്തുനിന്ന് ഇന്ത്യന്‍ ടീമിന്റെ 'വിയര്‍പ്പു തുന്നിയിട്ട കുപ്പായം' അണിഞ്ഞ നമ്മുടെ സഞ്ജു എല്ലാ രീതിയിലും പൊരുതി നേടിത്തന്ന കപ്പാണിത്. മലയാളികള്‍ക്ക് എല്ലാം കൊണ്ടും അവകാശപ്പെടാവുന്ന ഒരു മോഹകപ്പ്. തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചറിയുമായി ലോകകപ്പിലെ റെക്കോര്‍ഡുകള്‍ വെട്ടിപ്പിടിച്ച് ഇന്ത്യക്ക് കിരീടം സമ്മാനിക്കുമ്പോള്‍ മലയാളികള്‍ക്ക് ഏറെ അഭിമാനിക്കാം. ദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചു മത്സരങ്ങളിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഇന്ത്യന്‍ ടീമിലെ സഞ്ജുവിന്റെ കാലം കിവീസ് താരങ്ങള്‍ അവസാനിപ്പിച്ചെന്ന് കരുതിയവര്‍ക്ക് മുന്നില്‍ ലോകകപ്പിലെ കിവികളുടെ കന്നിക്കിരീടമെന്ന സ്വപ്‌നങ്ങള്‍ തച്ചുടച്ച് ഇന്ത്യക്ക് കിരീടം സമ്മാനിച്ചവന്റെ കഥ ഇവിടെ തുടങ്ങുന്നു. ഒരു കാലത്ത് സഞ്ജുവിന്റെ ടീമിലെ സ്ഥാനം ചോദ്യം ചെയ്തവര്‍ക്കും, കിവീസ് പരമ്പരയിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിധി എഴുതിയവര്‍ക്കും മുന്നില്‍ വിശ്വരൂപം പൂണ്ടിരിക്കുകയാണ് മലയാളി താരം സഞ്ജു വിശ്വനാഥ് സാംസണ്‍. ഇത് വെറുമൊരു കിരീടവിജയമല്ല; അവഗണനകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും മേല്‍ സഞ്ജു പൊരുതി നേടിയ 'മലയാളി മധുരം' കൂടിയാണ്.
ഒരു സിനിമാക്കഥ പോലെ....
സഞ്ജു സാംസണ്‍ എന്ന വിഴിഞ്ഞംകാരന്റെ കാര്യത്തില്‍ ഒരു ത്രില്ലര്‍ സിനിമകഥ പോലെയാണ് ഈ തിരിച്ചുവരവും കിരീടനേട്ടവും എല്ലാം. മൈതാനത്തിന് പുറത്തെ പരിഹാസങ്ങളും ടീമിനുള്ളിലെ അനിശ്ചിതത്വങ്ങളും കരിയറിന് നിഴല്‍ വീഴ്ത്തിയപ്പോഴും ആ ചുണ്ടിലെ പുഞ്ചിരി മാഞ്ഞില്ല. തഴയപ്പെട്ട നാളുകളില്‍ അയാള്‍ വാക്കുകള്‍ കൊണ്ട് പ്രതികരിച്ചില്ല. ഓരോ തവണയും അവസരം നിഷേധിക്കപ്പെടുമ്പോള്‍, തന്റെ ബാറ്റിന്റെ മൂര്‍ച്ച കൂട്ടുകയായിരുന്നു സഞ്ജു. ഫൈനലില്‍ ഓരോ തവണ പന്ത് അതിര്‍ത്തി കടക്കുമ്പോഴും അത് വര്‍ഷങ്ങളായി അനുഭവിച്ച വേദനകള്‍ക്കുള്ള മധുരപ്രതികാരമായിരുന്നു. ഒരു പുഴ പാറക്കെട്ടിനെ അലിയിച്ചു കളയുന്നത് പോലെ, തന്റെ സ്ഥിരതയാര്‍ന്ന പ്രകടനം കൊണ്ട് സഞ്ജു ഇന്ന് സംശയങ്ങളുടെ എല്ലാ കോട്ടകളെയും തകര്‍ത്തിരിക്കുന്നു. ഇന്ന് ലോകകപ്പ് കിരീടം നെഞ്ചോട് ചേര്‍ത്ത് നില്‍ക്കുമ്പോള്‍ സഞ്ജു നല്‍കുന്നത് ഒരു മറുപടിയല്ല, ചരിത്രമാണ്.
ലോകകപ്പിന് തൊട്ടുമുന്‍പ് നടന്ന ന്യൂസീലന്‍ഡ് പരമ്പരയില്‍ സഞ്ജുവിന് അടിതെറ്റിയിരുന്നു. സ്വന്തം നാടായ തിരുവനന്തപുരത്ത് പോലും 6 റണ്‍സിന് പുറത്തായി നിരാശപ്പെടുത്തിയ സഞ്ജുവിനെ ടീമില്‍ നിന്ന് മാറ്റാന്‍ പലരും മുറവിളി കൂട്ടി. എന്നാല്‍ ഫൈനലില്‍ കിവികളുടെ കന്നിക്കിരീട മോഹം തല്ലിക്കെടുത്തിക്കൊണ്ട് സഞ്ജു ആ കണക്ക് പലിശ സഹിതം വീട്ടി. അന്ന് സ്വന്തം മണ്ണില്‍ വിതുമ്പിപ്പോയ ആരാധകര്‍ക്ക്, ഇന്ന് ലോകവേദിയില്‍ സഞ്ജു നല്‍കിയത് ലോകകിരീടമെന്ന മധുരപ്രതികാരമാണ്. തുടക്കത്തില്‍ ബെഞ്ചിലിരിക്കേണ്ടി വന്നെങ്കിലും, അഭിഷേക് ശര്‍മ്മയ്ക്ക് പകരക്കാരനായി കിട്ടിയ അവസരം സഞ്ജു പാഴാക്കിയില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരെ സൂപ്പര്‍ 8 മത്സരത്തില്‍ സമ്മര്‍ദ്ദഘട്ടത്തിലെ മാസ്റ്റര്‍ ക്ലാസ് ഇന്നിംഗ്‌സ്, 50 പന്തില്‍ പുറത്താകാതെ 97* റണ്‍സ്. ഇംഗ്ലണ്ടിനെതിരെ സെമി ഫൈനലില്‍ 42 പന്തില്‍ 89 റണ്‍സ്. ജോഫ്ര ആര്‍ച്ചറെപ്പോലെയുള്ള ലോകോത്തര ബൗളര്‍മാരെ നിലംപരിശാക്കിയ മാസ്മരിക ഇന്നിങ്സ്. ഒടുവില്‍ കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ ചിത്രത്തില്‍ തന്നെ ഇല്ലാതാക്കിയ അതിവേഗ ഇന്നിംഗ്‌സും. അര്‍ഹിച്ച സെഞ്ചുറി 11 റണ്‍സ് അകലെ കൈവിട്ടെങ്കിലും ആരാധകര്‍ക്ക് എക്കാലവും ഓര്‍മിക്കാനുള്ളത് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തായിരുന്നു സഞ്ജു മടങ്ങിയത്. 46 പന്തില്‍ എട്ട് സിക്‌സറുകളും അഞ്ച് ബൗണ്ടറികളുമടക്കം 89 റണ്‍സ്. വെറുമൊരു ലോകകപ്പ് വിജയമല്ല, വ്യക്തിഗത റെക്കോര്‍ഡുകളുടെ ഒരു മഹാസമുദ്രം തന്നെയാണ് സഞ്ജു ഈ ടൂര്‍ണമെന്റില്‍ തീര്‍ത്തത്. വെറും അഞ്ച് മത്സരങ്ങള്‍, 321 റണ്‍സ്, 80.25 ശരാശരി, കൂടെ 199.37 എന്ന മിന്നല്‍ സ്‌ട്രൈക്ക് റേറ്റ്!
തീപ്പൊരി ബാറ്റിങ്, പിറന്നത് ഒട്ടേറെ റെക്കോര്‍ഡുകള്‍
ലോകകപ്പില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷന്‍ ഉള്‍പ്പടെയുള്ള പ്രധാന ബാറ്റര്‍മാരെല്ലാം എട്ടും ഒന്‍പതും മത്സരങ്ങള്‍ കളിച്ചപ്പോള്‍ ഇന്ത്യക്കാരില്‍ ടോപ് സ്‌കോററായ സഞ്ജു കളിച്ചത് അഞ്ച് മത്സരങ്ങള്‍ മാത്രമാണ്. ഇത്രയും കളികളില്‍നിന്ന് മൂന്ന് അര്‍ധസെഞ്ചറികളുള്‍പ്പടെ 321 റണ്‍സ് സഞ്ജു അടിച്ചുകൂട്ടി. ട്വന്റി20 ലോകകപ്പിലെ ടോപ് സ്‌കോറര്‍മാരില്‍ മൂന്നാം സ്ഥാനം. പാക്കിസ്ഥാന്റെ സഹിബ്‌സദ ഫര്‍ഹാനും (383), ന്യൂസീലന്‍ഡ് താരം ടിം സെയ്ഫര്‍ട്ടും (326) മാത്രമാണു സഞ്ജുവിനു മുന്നിലുള്ളത്. ലോകകപ്പിന്റെ ഒരു സീസണില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡില്‍ 2014ല്‍ വിരാട് കോലി നേടിയ 319 റണ്‍സെന്ന നേട്ടത്തെയും സാംസണ്‍ പഴങ്കഥയാക്കി.
വേറെയുമുണ്ട് സഞ്ജുവിന്റെ പേരില്‍ റെക്കോര്‍ഡുകള്‍. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഒരു താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡ് ഇനി സഞ്ജുവിന് സ്വന്തമാണ്. 2016 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ 85 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസ് താരം മാര്‍ലന്‍ സാമുവല്‍സിന്റെ റെക്കോര്‍ഡാണ് സഞ്ജു തകര്‍ത്തത്. ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിക്കും പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ലോകകപ്പിന്റെ സെമി ഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചറി നേടുന്ന താരമായി. ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനമെന്ന റെക്കോര്‍ഡില്‍ 2014 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കോലി നേടിയ 77 റണ്‍സിനെയും സഞ്ജു പിന്തള്ളി. ലോകകപ്പിനു മുന്‍പ് ടീമില്‍ വന്നും പോയും ഇരുന്ന ബാറ്ററെന്ന നിലയില്‍നിന്ന്, കുറച്ചു വര്‍ഷത്തേക്കെങ്കിലും ട്വന്റി20 ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ സ്ഥാനത്തെ വെല്ലുവിളിക്കാന്‍ ആളുണ്ടാകില്ലെന്നുറപ്പ്. 2024-ല്‍ ഒരു മത്സരം പോലും കളിക്കാതെ ഭാഗ്യമായി ലോകകപ്പ് തൊട്ട സഞ്ജുവല്ല ഇത്. സ്വന്തം വിയര്‍പ്പും ചോരയും കൊണ്ട് കിരീടം ഇന്ത്യയിലേക്ക് എത്തിച്ച സഞ്ജുവാണ് ഇനി ആരാധകരുടെ മനസില്‍ എക്കാലവും ഉണ്ടാകുക.
നാടകീയം ഈ തിരിച്ചുവരവ്
ലോകകപ്പിനു മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ക്ക് അവസാനവട്ട മുന്നൊരുക്കത്തിനായി ന്യൂസീലന്‍ഡിനെ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കായി വിളിച്ചുവരുത്തുമ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല, അതേ ടീമുമായി ലോകകപ്പിന്റെ ഫൈനല്‍ കളിക്കുന്നതിനെക്കുറിച്ച്. എന്നാല്‍ ആ പരമ്പര പൂര്‍ത്തിയാകുമ്പോള്‍ സംഭവിച്ചത് ലോകകപ്പില്‍ സഞ്ജു സാംസണിന്റെ ലോകകപ്പിലെ മോഹങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്ന നാടകീയ സംഭവങ്ങള്‍ക്കായിരുന്നു. ഇന്ത്യയിലെ അഞ്ചു വേദികളില്‍ നടന്ന മത്സരങ്ങളിലെല്ലാം ഓപ്പണറായി ഇറങ്ങിയെങ്കിലും സഞ്ജു രണ്ടക്കം കടന്നത് വിശാഖപട്ടണത്തു മാത്രം. അതും നേടിയത് 24 റണ്‍സ്. നാഗ്പുരിലും (10), റായ്പുരിലും (ആറ്), ഗുവാഹത്തിയിലും (പൂജ്യം) താരം നിരാശപ്പെടുത്തി. ജന്മനാടായ തിരുവനന്തപുരത്ത് ആദ്യമായി ബാറ്റിങ്ങിനിറങ്ങിയപ്പോഴും സഞ്ജു ആറു റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. ഈ മത്സരത്തില്‍ വണ്‍ഡൗണായിറങ്ങിയ ഇഷാന്‍ കിഷന്‍ സെഞ്ചറി നേടുകയും ചെയ്തു. ആഭ്യന്തര ക്രിക്കറ്റിലും തകര്‍പ്പന്‍ ഫോമില്‍ കളിച്ച ഇഷാന്‍ കിഷനെ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറാക്കാന്‍ ബിസിസിഐയ്ക്ക് ഇതോടെ രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. സ്വാഭാവികമായും ലോകകപ്പ് പ്ലേയിങ് ഇലവനില്‍നിന്ന് പ്രധാന വിക്കറ്റ് കീപ്പറായ സഞ്ജു പുറത്തായി.
ഗ്രൂപ്പ് ഘട്ടത്തില്‍ ഏറക്കുറെ എല്ലാ മത്സരങ്ങളിലും സഞ്ജു പുറത്തിരിക്കുമെന്ന അവസ്ഥയിലായിരുന്നു കാര്യങ്ങള്‍. എന്നാല്‍ യുഎസിനെതിരായ മത്സരത്തിനു പിന്നാലെ ഓപ്പണര്‍ അഭിഷേകിന് ഭക്ഷ്യവിഷബാധയേറ്റതോടെ കാര്യങ്ങള്‍ മാറി. അഭിഷേകിന് വിശ്രമം ആവശ്യമായതുകൊണ്ടു മാത്രം സഞ്ജു ടീമിലെത്തി. പക്ഷേ ദുര്‍ബലരായ നമീബിയയ്‌ക്കെതിരെ വലിയ സ്‌കോര്‍ കണ്ടെത്താന്‍ മലയാളി താരത്തിനു സാധിച്ചില്ല. മൂന്നു സിക്‌സറുകളും ഒരു ഫോറും നേടി വമ്പനടികളുമായി തുടങ്ങിയെങ്കിലും എട്ടു പന്തില്‍ 22 റണ്‍സുമായി താരം പുറത്തായി. അഭിഷേക് ടീമിലേക്കു തിരിച്ചെത്തിയതോടെ സ്വാഭാവികമായും സഞ്ജു പുറത്തായി. ഗ്രൂപ്പ് ഘട്ടമത്സരങ്ങളില്‍ അഭിഷേക് തുടര്‍ച്ചയായി മൂന്നു തവണ പൂജ്യത്തിനു പുറത്തായിട്ടും സഞ്ജുവിനെ പരീക്ഷിച്ചുനോക്കാന്‍ ബിസിസിഐ തയാറായിരുന്നില്ല.
തോല്‍വിയറിയാതെ ഗ്രൂപ്പ് ചാംപ്യന്‍മാരായി സൂപ്പര്‍ എട്ടില്‍ എത്തിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിത അടിയായിരുന്നു ദക്ഷിണാഫ്രിക്കയില്‍നിന്ന് ഏറ്റത്. 76 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ഇന്ത്യ അടുത്ത മത്സരത്തില്‍ സിംബാബ്‌വെയ്‌ക്കെതിരെ പ്ലേയിങ് ഇലവന്‍ പൊളിച്ചു. അഭിഷേകിനൊപ്പം സഞ്ജു ഓപ്പണിങ് ബാറ്ററായി വന്നു, ഇഷാന്‍ കിഷന്‍ വണ്‍ഡൗണിലേക്ക് ഇറങ്ങി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയശേഷം 'ഹോം ഗ്രൗണ്ടില്‍' സഞ്ജുവിന്റെ ആദ്യ പോരാട്ടമായിരുന്നു ഇത്. ചെപ്പോക്കില്‍ 15 പന്തുകള്‍ നേരിട്ട സഞ്ജു 24 റണ്‍സെടുത്തു പുറത്തായി. ബൗണ്ടറി കടന്നത് രണ്ടു സിക്‌സും ഒരു ഫോറും. ഈ മത്സരം ഇന്ത്യ 72 റണ്‍സിനു വിജയിച്ചതോടെ ടീമില്‍ പിന്നീട് മാറ്റങ്ങളുണ്ടായില്ല.
'നോക്കൗട്ടില്‍' മാച്ച് വിന്നിംഗ് ഇന്നിംഗ്‌സ്
സെമി ഫൈനലിലെത്താന്‍ വെസ്റ്റിന്‍ഡീസിനെതിരെ വിജയിച്ചേ മതിയാകൂ എന്ന ഘട്ടത്തിലാണ് ലോകകപ്പിലെ ഏറ്റവും മൂല്യമേറിയ ഇന്നിങ്‌സിലൊരെണ്ണം സഞ്ജുവില്‍നിന്നും ഉണ്ടായത്. 50 പന്തില്‍ 97 റണ്‍സ് നേടിയ സഞ്ജു 12 ഫോറുകളും നാല് സിക്‌സുകളും ബൗണ്ടറി കടത്തി പുറത്താകാതെനിന്നു. സമ്മര്‍ദം കാരണം സഹതാരങ്ങള്‍ ചെറിയ സ്‌കോറുകളില്‍ പുറത്തായപ്പോഴും സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് അഞ്ച് വിക്കറ്റ് വിജയം നേടിക്കൊടുത്തത്. മോശം പന്തുകള്‍ തിരഞ്ഞുപിടിച്ച് ആക്രമിച്ച സഞ്ജു, 26 പന്തില്‍ അര്‍ധ സെഞ്ചറി തികച്ചു. ട്വന്റി20 ലോകകപ്പില്‍ സഞ്ജുവിന്റെ ആദ്യ അര്‍ധ സെഞ്ചറിയായിരുന്നു ഇത്. സൂര്യകുമാര്‍ യാദവുമായി ചേര്‍ന്ന് 35 പന്തില്‍ 58 റണ്‍സ് കൂട്ടുകെട്ടാണ് സഞ്ജു ഉയര്‍ത്തിയത്. സൂര്യയ്ക്കു ശേഷം തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരെല്ലാം ഗ്രൗണ്ടിലെത്തി മടങ്ങിയെങ്കിലും പുറത്താകാതെനിന്ന സഞ്ജുവിന്റെ അപരാജിത കുതിപ്പാണു കളി ജയിപ്പിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. അര്‍ഹിച്ച സെഞ്ചറി 3 റണ്‍സ് അകലെ 'നഷ്ടപ്പെട്ടെങ്കിലും' മുഖം നിറയെ ചിരിയും മനസ്സുനിറയെ സംതൃപ്തിയുമായിരുന്നു മലയാളി താരത്തിന്. സെഞ്ചറി നഷ്ടമായെങ്കിലും കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സഞ്ജു സ്വന്തമാക്കി. സഞ്ജുവും അതേപോലെ ലോകമാകെയുള്ള മലയാളി ആരാധകരും ഏറെ നാളുകളായി കാത്തിരുന്ന ഇന്നിംഗ്‌സ്
സെമിയിലും മിന്നിച്ചു
ഈഡന്‍ ഗാര്‍ഡന്‍സിലെ അര്‍ധ സെഞ്ചറി പ്രകടനം മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന സെമി ഫൈനലിലും സഞ്ജു ആവര്‍ത്തിച്ചു. ബാറ്റിങ് പറുദീസയായ മുംബൈയില്‍ ഇംഗ്ലണ്ടിന്റെ സൂപ്പര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറെയടക്കം സഞ്ജുവിന് കൈപ്പാങ്ങിന് കിട്ടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്കായി 42 പന്തുകള്‍ നേരിട്ട സഞ്ജു 89 റണ്‍സാണ് അടിച്ചുകൂട്ടിയത്. ബൗണ്ടറി കടന്നത് ഏഴു സിക്‌സുകളും എട്ടു ഫോറുകളും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കളിയിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക്, ആദ്യ ഓവറില്‍ തന്നെ മികച്ച തുടക്കമാണ് സഞ്ജു നല്‍കിയത്. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു ഫോറും ഒരു സിക്‌സും സഹിതം 11 റണ്‍സാണ് സഞ്ജു അടിച്ചത്. അഭിഷേക് പുറത്തായതിനു പിന്നാലെയെത്തിയ ഇഷാന്‍ കിഷന്‍ ഉറച്ച പിന്തുണ നല്‍കിയതോടെ സഞ്ജുവിന് സമ്മര്‍ദമില്ലാതെ കളിക്കാനായി. എട്ടാം ഓവറില്‍ ലിയാം ഡോസണെ സിക്‌സറിന് തൂക്കി സഞ്ജു ട്വന്റി20 ലോകകപ്പില്‍ തന്റെ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചറി തികച്ചു. 26 പന്തിലായിരുന്നു നേട്ടം. പത്താം ഓവറില്‍ ഇഷാന്‍ പുറത്താകുമ്പോള്‍ രണ്ടാം വിക്കറ്റില്‍ ഇരുവരും 97 റണ്‍സ് അടിച്ചുകൂട്ടി. 13ാം ഓവറില്‍ ആര്‍ച്ചറിനെ തുടര്‍ച്ചയായി രണ്ടു സിക്‌സര്‍ പറത്തി, അതിവേഗം സെഞ്ചറിയിലേക്ക് കുതിക്കുകയാണെന്ന പ്രതീക്ഷ നല്‍കി. എന്നാല്‍ വില്‍ ജാക്‌സ് എറിഞ്ഞ തൊട്ടടുത്ത പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സഞ്ജുവിനെ ഡീപ് കവറില്‍ ഫില്‍ സോള്‍ട്ട് കയ്യിലൊതുക്കി. അര്‍ഹിച്ച സെഞ്ചറിക്ക് വെറും 11 റണ്‍സകലെയാണ് സഞ്ജു വീണത്. എങ്കിലും ആ മുഖത്ത് ചിരി മാത്രം ബാക്കിയായി.
ലോകക്രിക്കറ്റ് ഭൂപടത്തിലെ വിഴിഞ്ഞം
സഞ്ജു സാംസണിലൂടെ ലോകക്രിക്കറ്റിന്റെ ഭൂപടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ് തിരുവനന്തപുരം ജില്ലയിലെ തീരപ്രദേശമായ വിഴിഞ്ഞം. ക്രിക്കറ്റ് കരിയറിന് സഞ്ജു കുട്ടിക്കാലത്ത് തുടക്കമിട്ടത് അച്ഛന്‍ ജോലിയെടുത്തിരുന്ന ഡല്‍ഹിയില്‍ നിന്നാണെങ്കിലും ദേശീയ ടീമിലേക്കുള്ള പടവുകള്‍ കയറി തുടങ്ങിയത് സ്വന്തം നാടായ തിരുവനന്തപുരത്ത് നിന്നായിരുന്നു. സ്‌കൂളിലും കോളേജിലുമായി തിരുവനന്തപുരത്ത് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനൊപ്പം ക്രിക്കറ്റ് കരിയറും വളരുകയായിരുന്നു. സെന്റ് ജോസഫ്സ് സ്‌കൂളില്‍ നിന്നും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സഞ്ജു, മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടി. ഐ.പി.എസ്. ഓഫീസര്‍ ആവണം എന്നും സ്വപ്നം കണ്ടിരുന്ന സഞ്ജുവിന് നിയോഗം ഇന്ത്യന്‍ ക്രിക്കറ്റ് ജഴ്‌സിയണിഞ്ഞ് നാടിന്റെ അഭിമാനമായി മാറാനായിരുന്നു. ഐ.പി.എസുകാര്‍ പോലും നെഞ്ചേറ്റുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരമായി സഞ്ജു മാറുമ്പോള്‍ കടപ്പാട് തന്നെ വളര്‍ത്തിയ വിഴിഞ്ഞത്തോടും തിരുവനന്തപുരത്തിനോടുമാണ്.
ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക്
സഞ്ജുവിന്റെ ആദ്യ പരിശീലകന്‍ യഥാര്‍ത്ഥത്തില്‍ പിതാവ് വിശ്വനാഥ് സാംസണ്‍ തന്നെയായിരുന്നു. ഒരു കര്‍ക്കശക്കാരനായ പരിശീലകന്‍. ഡല്‍ഹി ജി.ടി.ബി നഗറിലെ പോലീസ് കോളനിയില്‍ ടെന്നീസ് ബോള്‍ കളിക്കുമ്പോള്‍ നേരത്തെ ഔട്ടായാല്‍ സഞ്ജുവിനെ അച്ഛന്‍ വീട്ടിലേക്ക് തിരിച്ചയക്കും. 'പോയി വീട്ടിലിരിക്കൂ' എന്ന് പറയുമ്പോള്‍, ആ ഏഴെട്ടു വയസ്സുകാരന്‍ പയ്യന്‍ തിരിഞ്ഞു നോക്കി ഗേറ്റിനടുത്ത് സങ്കടത്തോടെ നില്‍ക്കുന്ന ചിത്രം ഇന്നും ആ അച്ഛന്റെ മനസിലുണ്ട്. ഒരിക്കല്‍ ക്ലീന്‍ ബൗള്‍ഡായപ്പോള്‍ വീട്ടില്‍ പോകേണ്ടി വരുമെന്ന പേടിയില്‍ 'പന്ത് കുഴിയില്‍ തട്ടി തിരിഞ്ഞതാണ്' എന്ന് സഞ്ജു കള്ളം പറഞ്ഞു. എന്നാല്‍ പിറ്റേന്ന് സഞ്ജു കണ്ടത് ആ വഴിയിലെ കുഴികളെല്ലാം അടച്ച് സിമന്റിട്ട് പാകപ്പെടുത്തിയ അച്ഛനെയാണ്. മക്കള്‍ക്ക് കളിക്കാന്‍ മികച്ച സാഹചര്യം ഒരുക്കാന്‍ അദ്ദേഹം എത്രത്തോളം മുന്‍കൈ എടുത്തു എന്നതിന് ഇതിലും വലിയ ഉദാഹരണമില്ല. ഡല്‍ഹി പോലീസ് ടീമിലെ കരുത്തരായ ബൗളര്‍മാരോട് തന്റെ മക്കള്‍ക്ക് പന്തെറിയാന്‍ വിശ്വനാഥ് ആവശ്യപ്പെടുമായിരുന്നു. വെറും 15 വാര അകലെനിന്ന് അതിവേഗത്തില്‍ വരുന്ന പന്തുകളെ നേരിട്ടാണ് സഞ്ജുവും സഹോദരന്‍ സാലിയും വളര്‍ന്നത്. വലിയ ബൗളര്‍മാരെ ഭയമില്ലാതെ നേരിടാനുള്ള സഞ്ജുവിന്റെ ഇന്നത്തെ കഴിവിന്റെ രഹസ്യം ആ പഴയ പരിശീലനമാണ്.
ക്രിക്കറ്റിന്റെ കേന്ദ്രമായ ഡല്‍ഹിയില്‍ നിന്ന് കേരളലേക്ക് മാറാന്‍ വിശ്വനാഥ് സാംസണ്‍ എടുത്ത തീരുമാനം നിര്‍ണായകമായിരുന്നു. ഡല്‍ഹിയിലെ കടുത്ത രാഷ്ട്രീയവും സ്വാധീനങ്ങളും തന്റെ മക്കളുടെ കരിയറിനെ ബാധിക്കുമെന്ന് ഭയന്നാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. ആ തീരുമാനം സഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവായി. ക്രിക്കറ്റിന്റെ സിരാകേന്ദ്രമായ ഡല്‍ഹിയില്‍ നിന്ന്, അക്കാലത്ത് രഞ്ജി ട്രോഫിയില്‍ 'പഞ്ചിംഗ് ബാഗ്' എന്ന് വിളിക്കപ്പെട്ടിരുന്ന കേരളത്തിലേക്ക് മാറാനുള്ള വിശ്വനാഥ് സാംസണിന്റെ തീരുമാനം വലിയൊരു ചൂതാട്ടമായിരുന്നു. 1957 മുതല്‍ 2002 വരെ വെറും രണ്ട് തവണ മാത്രം രണ്ടാം റൗണ്ടിലെത്തിയ ഒരു ടീമിലേക്കാണ് സഞ്ജു വരുന്നത്. ടിനു യോഹന്നാനും ശ്രീശാന്തും മാത്രം ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞ ആ കാലത്ത്, സഞ്ജുവിന്റെ ഭാവി കേരളത്തില്‍ സുരക്ഷിതമാണെന്ന് വിശ്വസിക്കാന്‍ വലിയൊരു ദീര്‍ഘവീക്ഷണം ആവശ്യമായിരുന്നു.
ബിജു ജോര്‍ജ് എന്ന ക്രിക്കറ്റ് ശില്പി
സഞ്ജുവിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ് സായ് (SAI) കോച്ച് ബിജു ജോര്‍ജ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഗ്രൗണ്ടില്‍ വെച്ചാണ് സഞ്ജു ബിജു ജോര്‍ജ് എന്ന കോച്ചിനെ കണ്ടുമുട്ടുന്നത്. 11-ാം വയസ്സില്‍ സഞ്ജു അദ്ദേഹത്തിന്റെ കൈകളില്‍ എത്തുമ്പോള്‍ തന്നെ അവന്റെ പ്രതിഭ തിരിച്ചറിയാന്‍ ബിജുവിന് കഴിഞ്ഞു. വര്‍ഷങ്ങളോളം നോണ്‍-സ്റ്റോപ്പ് ആയി 'ത്രോ ഡൗണുകള്‍' (Throwdowns) എറിഞ്ഞ് ബിജുവിന്റെ വലതുകൈ ഇടതുകൈയേക്കാള്‍ തടിച്ചുകയറിയ കഥ, ഒരു പരിശീലകന്‍ തന്റെ ശിഷ്യന് വേണ്ടി നടത്തിയ സമര്‍പ്പണത്തിന്റെ അടയാളമാണ്. വെറും 11 വയസ്സുള്ള സഞ്ജുവിനെ സീനിയര്‍ ബൗളര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യിച്ചാണ് ബിജു വളര്‍ത്തിയത്. 'നീ മിടുക്കനാണെങ്കില്‍, നിനക്ക് കളിക്കാന്‍ പ്രായം ഒരു തടസ്സമല്ല' (If you're good enough, you're old enough) എന്നതായിരുന്നു ബിജു ജോര്‍ജിന്റെ നയം. 11 വയസ്സുള്ളപ്പോള്‍ തന്നെ സഞ്ജുവിനെ കേരള ടീമിലെ ഏറ്റവും മികച്ച ബൗളര്‍മാര്‍ക്കെതിരെ ബാറ്റ് ചെയ്യിച്ചാണ് അദ്ദേഹം വളര്‍ത്തിയത്. ഇത് സഞ്ജുവിന് വലിയ ആത്മവിശ്വാസം നല്‍കി.
2013-ലെ ചാമ്പ്യന്‍സ് ലീഗിന് മുന്‍പ് മിച്ചല്‍ ജോണ്‍സന്റെ അതിവേഗ പന്തുകളെ നേരിടാന്‍ സഞ്ജുവും ബിജുവും ചേര്‍ന്ന് നടത്തിയ പരീക്ഷണം അതിശയിപ്പിക്കുന്നതാണ്. സിമന്റ് പിച്ചിന് മുകളില്‍ കയര്‍ മാറ്റും അതിനു മുകളില്‍ പ്ലാസ്റ്റിക് ഷീറ്റും (Flex-board sheets) വിരിച്ച് വെള്ളമൊഴിച്ചു. വെറും 18 വാര അകലെ നിന്ന് സിന്തറ്റിക് പന്തുകള്‍ എറിയാന്‍ ആവശ്യപ്പെട്ടു. പന്തുകള്‍ തീപ്പൊരി വേഗത്തില്‍ സഞ്ജുവിനെ ലക്ഷ്യമാക്കി വന്നു. പലതവണ പന്ത് ശരീരത്തില്‍ കൊണ്ടുവെങ്കിലും സഞ്ജു പിന്മാറിയില്ല. ഈ കഠിനമായ പരിശീലനം കാരണമാണ് ഐപിഎല്ലിലും മറ്റും മിച്ചല്‍ ജോണ്‍സണെ സഞ്ജു വളരെ എളുപ്പത്തില്‍ നേരിട്ടത്. ഐപിഎല്‍ അടുത്തുവരുമ്പോള്‍ പല താരങ്ങളും പരിക്കേല്‍ക്കുമോ എന്ന് ഭയന്ന് കഠിനമായ പരിശീലനങ്ങളില്‍ നിന്ന് മാറിനില്‍ക്കാറുണ്ട്. എന്നാല്‍ സഞ്ജു അങ്ങനെയല്ല. തന്റെ ബാറ്റിംഗിലെ പോരായ്മകള്‍ പരിഹരിക്കാന്‍ എന്ത് സാഹസത്തിനും തയ്യാറായ ആ മനോഭാവമാണ് സഞ്ജുവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്.
സഞ്ജുവിന്റെ വഴികാട്ടിയായി റൈഫി ഗോമസ്
ബിജു ജോര്‍ജിന്റെ അക്കാദമിയില്‍ എത്തിയ കാലം മുതല്‍ സഞ്ജുവിനെ കൈപിടിച്ചുയര്‍ത്തിയത് കേരള ക്രിക്കറ്റ് താരം റൈഫി ഗോമസ് ആണ്. വെറുമൊരു സീനിയര്‍ താരം എന്നതിലുപരി സഞ്ജുവിന്റെ സ്വഭാവവും കളിശൈലിയും കൃത്യമായി അറിയുന്ന ഒരാളാണ് അദ്ദേഹം. ഓരോ മത്സരത്തിന് മുന്‍പും സഞ്ജു റൈഫിയെ വിളിച്ച് ഉപദേശങ്ങള്‍ തേടാറുണ്ട്. സഞ്ജു ഒരു ബാഴ്‌സലോണ ആരാധകനായത് പോലും റൈഫി കാരണമാണെന്നത് ഇവരുടെ ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു.
ഹര്‍ഷ ഭോഗ്ലെയെ ഞെട്ടിച്ച ആ സിക്‌സര്‍
2013-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഇക്ബാല്‍ അബ്ദുള്ളയെ സഞ്ജു സിക്‌സറിന് പറത്തിയത് കൃത്യമായ പ്ലാനിംഗോടെയായിരുന്നു. കൊല്‍ക്കത്തയിലെ പിച്ചിലെ സ്ലോ സ്വഭാവത്തെക്കുറിച്ച് റൈഫി നല്‍കിയ അറിവ് സഞ്ജുവിനെ സഹായിച്ചു. പന്ത് വരുന്നത് വരെ കാത്തുനിന്ന് മിഡ് വിക്കറ്റിന് മുകളിലൂടെ പറത്താനുള്ള റൈഫിയുടെ ഉപദേശം സഞ്ജു അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കി. ആ സിക്‌സര്‍ കണ്ടപ്പോള്‍ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ അമ്പരന്നുപോയി. 'ഹാ ഹാ' എന്ന ചിരിയോടെയാണ് അദ്ദേഹം ആ ഷോട്ടിനെ സ്വീകരിച്ചത്. സഞ്ജുവിന്റെ ബാറ്റിംഗിലെ പ്രധാന പ്രത്യേകതയായ 'ശാന്തത' (Calmness) അദ്ദേഹം അവിടെ എടുത്തുപറഞ്ഞു. പന്തിനായി അവസാന നിമിഷം വരെ കാത്തുനില്‍ക്കാനുള്ള (Wait for the ball) സഞ്ജുവിന്റെ ആ കഴിവ് ലോകോത്തര താരങ്ങളില്‍ മാത്രം കാണുന്ന ഒന്നാണ്.
ഷോട്ടുകളുടെ നിലവാരം
സിക്‌സറുകളുടെ എണ്ണത്തേക്കാള്‍ ഉപരിയായി, സഞ്ജു അവ അടിക്കുന്ന രീതിയാണ് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുന്നത്. ഡെയ്ല്‍ സ്റ്റെയ്നെപ്പോലെയുള്ള ഒരു ലോകോത്തര പേസര്‍ അതിവേഗത്തില്‍ എറിയുന്ന പന്തിനെ, വെറുമൊരു സ്‌ട്രൈറ്റ് ഡ്രൈവിലൂടെ തലയ്ക്ക് മുകളിലൂടെ 81 മീറ്റര്‍ ദൂരേക്ക് പറത്താന്‍ സഞ്ജുവിന് കഴിയുന്നു. ആ ഷോട്ടിന്റെ ലാളിത്യവും കൈമുട്ടിന്റെ സ്ഥാനവും (High elbow) സഞ്ജുവിന്റെ ബാറ്റിംഗ് മികവിന്റെ അടയാളമാണ്. സഞ്ജുവിന്റെ ബാറ്റിംഗിലെ ഏറ്റവും വലിയ പ്രത്യേകതയായി കാണാവുന്നത് അവന്റെ തലയുടെ നിശ്ചലതയാണ് (Still head). പന്ത് വരുന്നത് മുന്‍കൂട്ടി കണ്ട് ശരീരം അനാവശ്യമായി ചലിപ്പിക്കാതെ (No premeditated movements), കൃത്യമായ സമയത്ത് മാത്രം പ്രതികരിക്കാനുള്ള കഴിവ് സഞ്ജുവിനെ വ്യത്യസ്തനാക്കുന്നു. അവന്റെ ബാക്ക്ലിഫ്റ്റ് ഒരു 'ഡയമണ്ട്' ആകൃതിയിലാണെന്നും, ഭാരം രണ്ട് കാലുകളിലും തുല്യമായി വിതരണം ചെയ്തിരിക്കുകയാണെന്നും ക്രിക്കറ്റ് വിദഗ്ധന്‍ ചൂണ്ടിക്കാട്ടുന്നു.
ചെസ്റ്റ് ഹൈറ്റില്‍ വന്ന പന്തിനെ ലോങ്ങ്-ഓഫിന് മുകളിലൂടെ സഞ്ജു പറത്തിയത് ഒരു ടെന്നീസ് ഷോട്ടായ 'ടോപ് സ്പിന്‍ ഫോര്‍ഹാന്‍ഡ്' പോലെയാണെന്നാണ് വിശേഷണം. കാണാന്‍ വളരെ ലളിതമെന്ന് തോന്നുമെങ്കിലും സാങ്കേതികമായി ഏറെ പ്രയാസകരമായ ഇത്തരം ഷോട്ടുകള്‍ സഞ്ജു അനായാസം കളിക്കുന്നു. ഹര്‍ഷ ഭോഗ്ലെയെപ്പോലെയുള്ള പ്രശസ്തനായ ഒരു കമന്റേറ്റര്‍ സഞ്ജുവിനെ സച്ചിന്‍ ടെണ്ടുല്‍ക്കറോടും സൗരവ് ഗാംഗുലിയോടും ഉപമിച്ചത് വലിയൊരു അംഗീകാരമാണ്. സച്ചിനും ഗാംഗുലിയും ഇന്ത്യന്‍ ടീമില്‍ എത്തുന്നതിന് മുന്‍പ് അവരുടെ ബാറ്റിംഗ് കണ്ടപ്പോള്‍ തനിക്ക് തോന്നിയ അതേ വികാരം, സഞ്ജുവിന്റെ ആദ്യത്തെ കവര്‍ ഡ്രൈവ് കണ്ടപ്പോള്‍ തനിക്കുണ്ടായി എന്നാണ് ഭോഗ്ലെ കുറിച്ചത്.
ഐപിഎല്ലിലെ ആ 'ഫസ്റ്റ് ബോള്‍' മാജിക്
2008-ല്‍ ബ്രണ്ടന്‍ മക്കല്ലം അടിച്ചുതകര്‍ത്ത ആ 158 റണ്‍സ് കണ്ടാണ് സഞ്ജുവും കൂട്ടുകാരും ഐപിഎല്‍ സ്വപ്നം കണ്ടു തുടങ്ങിയത്. വര്‍ഷങ്ങള്‍ക്കിപ്പുറം അതേ മക്കല്ലം കളിച്ച അതേ ഷോട്ടുകള്‍ (Short balls over long-off) അതിനേക്കാള്‍ മികച്ച രീതിയില്‍, തികഞ്ഞ ശാന്തതയോടെ സഞ്ജു കളിച്ചു കാണിക്കുന്നു. സഞ്ജുവിന്റെ നാലാമത്തെ ഐപിഎല്‍ മത്സരത്തില്‍, പുണെ വാരിയേഴ്‌സിനെതിരെ നേരിട്ട ആദ്യ പന്തില്‍ തന്നെ വെയ്ന്‍ പാര്‍ണലിനെതിരെ ബാക്ക് ഫൂട്ടില്‍ അടിച്ച ആ കവര്‍ ഡ്രൈവ് അവന്റെ ആത്മവിശ്വാസത്തിന്റെ അടയാളമായിരുന്നു. സമ്മര്‍ദ്ദഘട്ടത്തിലും (Royals needing 29 from 17) അനായാസമായി ബാറ്റ് ചെയ്യാന്‍ അവന് കഴിയുമെന്ന് അന്ന് ലോകം തിരിച്ചറിഞ്ഞു. കരിയറില്‍ ഒരു നീണ്ട പരാജയ പരമ്പരയ്ക്ക് (Prolonged slump) ശേഷം സഞ്ജു തലശ്ശേരിയില്‍ സര്‍വീസസിനെതിരെ കളിക്കുമ്പോള്‍ നടത്തിയ തിരിച്ചുവരവ് അവിശ്വസനീയമായിരുന്നു. ആ മത്സരത്തില്‍ തുടക്കത്തില്‍ ഒരു ക്യാച്ച് കൈവിട്ടത് സഞ്ജുവിന് ലഭിച്ച രണ്ടാമത്തെ ജന്മമായിരുന്നു. ആ അവസരം മുതലെടുത്ത സഞ്ജു തന്റെ അഞ്ചാം ഫസ്റ്റ് ക്ലാസ് സെഞ്ചുറി തികച്ചു. ആ സെഞ്ചുറിക്ക് ശേഷം സഞ്ജു നടത്തിയ ആവേശകരമായ പ്രതികരണം (Punch and a roar) ഉള്ളില്‍ അടക്കിവെച്ച നിരാശയുടെ പുറത്തുവിടലായിരുന്നു.
കേരളത്തിനായി മിന്നിച്ചു
വെറും 20 വയസ്സുള്ളപ്പോള്‍ തന്നെ സഞ്ജു കേരള ക്രിക്കറ്റിലെ കരുത്തനായി മാറിയിരുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ രണ്ട് ഇരട്ട സെഞ്ചുറികള്‍ നേടുന്ന ഏക കേരള താരം എന്ന റെക്കോര്‍ഡ് അന്ന് സഞ്ജുവിന് സ്വന്തമായിരുന്നു. മറ്റ് വലിയ ടീമുകള്‍ക്ക് (മുംബൈ, കര്‍ണാടക) വേണ്ടി കളിക്കുന്നതിനേക്കാള്‍ സഞ്ജു ഇഷ്ടപ്പെടുന്നത് കേരളത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. 'ഒരു ചാമ്പ്യന്‍ ടീമിന് വേണ്ടി കളിക്കുന്നത് നിങ്ങളിലെ മികച്ച പ്രകടനത്തെ പുറത്തെടുക്കണമെന്നില്ല, എന്നാല്‍ കേരളം പോലെ പ്രൊമോഷന് വേണ്ടി കൊതിക്കുന്ന ഒരു ടീമിന് വേണ്ടി കളിക്കുമ്പോള്‍ അത് എന്നിലെ ഏറ്റവും മികച്ച പോരാളിയെ പുറത്തുകൊണ്ടുവരുന്നു' എന്ന സഞ്ജുവിന്റെ വാക്കുകള്‍ അവന്റെ പ്രാദേശിക പ്രതിബദ്ധതയെ കാണിക്കുന്നു. രോഹിത് ശര്‍മ്മയോ പുജാരയോ ആഭ്യന്തര ക്രിക്കറ്റില്‍ പുലര്‍ത്തുന്ന 60-ന് മുകളിലുള്ള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ സഞ്ജുവിന്റെ 44.70 കുറവായി തോന്നാം. എന്നാല്‍ കേരള ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 40-ന് മുകളില്‍ ശരാശരിയുള്ള ഏക താരം സഞ്ജു മാത്രമായിരുന്നു എന്നത് അവന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കുന്നു.
ശ്രീശാന്ത് 'വഴികാട്ടി' ദ്രാവിഡ് വാതില്‍ തുറന്നു
സഞ്ജുവിന്റെ വളര്‍ച്ചയില്‍ മുന്‍ ഇന്ത്യന്‍ താരം ശാന്തകുമാരന്‍ ശ്രീശാന്ത് നല്‍കിയ സംഭാവന എടുത്ത് പറയേണ്ടതാണ്. 2013-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) സഞ്ജുവിനെ ഒഴിവാക്കിയപ്പോള്‍, അവനെ രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സിലേക്ക് കൊണ്ടുപോയത് ശ്രീശാന്താണ്. സഞ്ജുവിന് മുന്നില്‍ ഐപിഎല്‍ എന്ന വലിയ വാതില്‍ തുറന്നുകൊടുത്തത് ആ ഒരു ഇടപെടലായിരുന്നു.
ട്രയല്‍സില്‍ ബാറ്റ് ചെയ്യുമ്പോള്‍ തന്റെ മുന്നിലുള്ളത് ഇതിഹാസ താരമായ രാഹുല്‍ ദ്രാവിഡാണെന്ന ഭയമൊന്നും സഞ്ജുവിനുണ്ടായിരുന്നില്ല. തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഷോട്ടുകള്‍ ഉതിര്‍ത്ത സഞ്ജുവിനെ കണ്ട് ദ്രാവിഡ് അത്ഭുതപ്പെട്ടു. 'നിനക്ക് സവിശേഷമായ ഒരു പ്രതിഭയുണ്ട് (Special Talent), എന്റെ ടീമിന് വേണ്ടി കളിക്കാമോ?' എന്ന് ദ്രാവിഡ് നേരിട്ട് വന്ന് ചോദിച്ചത് സഞ്ജുവിനെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ ഒരു നിമിഷമായിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗിനേക്കാള്‍ ദ്രാവിഡിനെ ആകര്‍ഷിച്ചത് അവന്റെ സ്വഭാവമായിരുന്നു. വിജയിക്കുമ്പോള്‍ അമിതമായി ആഹ്ലാദിക്കാത്ത, പരാജയപ്പെടുമ്പോള്‍ തളരാത്ത ആ മനസ്സ് ഒരു വലിയ താരത്തിന് വേണ്ട ലക്ഷണമാണെന്ന് ദ്രാവിഡ് അന്നേ തിരിച്ചറിഞ്ഞു. ഷോണ്‍ ടെയ്റ്റിനെപ്പോലെയുള്ള അതിവേഗ ബൗളര്‍മാര്‍ക്കെതിരെ നെറ്റ്‌സില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജുവിന് അവസരം നല്‍കിയതിലൂടെ 150 കിലോമീറ്റര്‍ വേഗതയെ നേരിടാനുള്ള ആത്മവിശ്വാസം സഞ്ജുവിനുണ്ടായി.
ബ്രാന്‍ഡ്‌നെയ്മായി സഞ്ജു
2013ല്‍ രാജസ്ഥാന്‍ റോയല്‍സ് അന്നത്തെ മികച്ച പ്രതിഫലമായ എട്ടു ലക്ഷത്തിനായിരുന്നു സഞ്ജുവിനെ സ്വന്തമാക്കിയത്. ഇന്നത്തെ നിലയില്‍ ഈ തുക അത്രവലുതല്ലെങ്കിലും, സഞ്ജുവിന്റെ സാമ്പത്തിക അടിത്തറയ്ക്ക് ആദ്യ വലിയ ചുവടുവയ്പ്പെന്ന നിലയില്‍ ഈ തുകയ്ക്ക് പ്രാധാന്യമുണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ സഞ്ജു രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാന കളിക്കാരില്‍ ഒരാളായി. 2025 ഐ.പിഎല്‍. സീസണില്‍ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്തിയത്. ഐ.പിഎല്ലിന് പുറമേ, ബി.സി.സി.ഐയില്‍ നിന്നുള്ള സഞ്ജുവിന്റെ വരുമാനം വേറെയുമുണ്ട്. ബംഗ്‌ളാദേശിനും ദക്ഷിണാഫ്രിക്കയ്ക്കും എതിരെ സഞ്ജു തുടരെത്തുടരെ അടിച്ചുകൂട്ടിയ സെഞ്ചുറികള്‍ ഏറ്റവും മികച്ച പ്രതിഫലം നേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന നിലയിലും സഞ്ജുവിന്റെ സ്ഥാനം ഉറപ്പിക്കുന്നതായി. പല ബ്രാന്‍ഡുകള്‍ക്കും സഞ്ജു മുഖമായി മാറിയെങ്കില്‍, അതിന്റെ കാരണം മറ്റൊന്നല്ല. ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് വഴി സഞ്ജുവിന് വന്നുചേരുന്ന വരുമാനം എത്രയെന്ന കൃത്യമായ വിവരമില്ലെങ്കിലും, ക്രിക്കറ്റ് മേഖലയില്‍ നിന്നും ഒരു താരത്തെ വേണമെങ്കില്‍ കണ്ണുമടച്ചു സഞ്ജുവിന്റെ പേര് പറയാന്‍ ബ്രാന്‍ഡുകള്‍ക്ക് മടിയില്ല. സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരെ സഞ്ജുവിന്റെ മുഖമുണ്ട്. വന്‍ തുകയുടെ ഡീലുകളാണ് സഞ്ജു ഇത്തരത്തില്‍ സ്വന്തമാക്കാറുള്ളത് എന്നാണ് ലഭ്യമായ വിവരം. ബ്രാന്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ് വഴി സഞ്ജുവിന് വന്നുചേരുന്ന വരുമാനം എത്രയെന്ന കൃത്യമായ വിവരമില്ലെങ്കിലും, ക്രിക്കറ്റ് മേഖലയില്‍ നിന്നും ഒരു താരത്തെ വേണമെങ്കില്‍ കണ്ണുമടച്ചു സഞ്ജുവിന്റെ പേര് പറയാന്‍ ബ്രാന്‍ഡുകള്‍ക്ക് മടിയില്ല. സ്‌പോര്‍ട്‌സ് ഉല്‍പ്പന്നങ്ങള്‍ മുതല്‍ ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വരെ സഞ്ജുവിന്റെ മുഖമുണ്ട്. 2024 ല്‍ ഐ.പി.എല്‍ വരുമാനം എട്ടു ലക്ഷത്തില്‍ നിന്നും സഞ്ജു സാംസന്റെ ആകെ മൂല്യം കണക്കാക്കപ്പെടുന്നത് 75 മുതല്‍ 80 കോടി രൂപ വരെയാണ്. ലോകകപ്പിനു ശേഷം ഇനി വരാനുള്ളത് ഐപിഎലാണ്. 18 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ താരനിരയിലേക്കു കൂടുമാറിയ സഞ്ജു ഇനി ചെപ്പോക്കിന്റെ പുത്രനാകും. അതിനു ശേഷം നടക്കുന്ന ട്വന്റി20 മത്സരങ്ങളില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ട്വന്റി20യിലെ ടീം ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ബാറ്ററായി സഞ്ജു ഉണ്ടാകും.
ക്രിക്കറ്റിനെ പ്രണയിച്ചു, ഒപ്പം ചാരുവിനെയും
ശ്രദ്ധേയമായ കരിയര്‍ പോല തന്നെ പലരെയും പ്രചോദിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ പ്രണയകഥ കൂടിയുണ്ട് സഞ്ജു സാംസണിന്. ഭാര്യ ചാരുലത രമേശുമായുള്ള ബന്ധം ആരംഭിക്കുന്നത് കലാലയ സൗഹൃദത്തില്‍ നിന്നായിരുന്നു. മാര്‍ ഇവാനിയോസ് കോളേജില്‍ വച്ചാണ് ഇരുവരും ആദ്യമായി കാണുന്നത്. പരസ്പര ബഹുമാനത്തിലൂടെയും അചഞ്ചലമായ പിന്തുണയിലൂടെയും പങ്കിട്ട സ്വപ്നങ്ങളിലൂടെയും ആഴമുള്ള ബന്ധമായി സൗഹൃദം വളര്‍ന്നു. ഫേസ്ബുക്കിലൂടെ സഞ്ജു ചാരുലതയ്ക്ക് ഒരു സന്ദേശമയച്ചു. സംഭാഷണങ്ങള്‍ തുടര്‍ന്നു. അത് ക്രമേണ രണ്ട് കോളേജ് സുഹൃത്തുക്കള്‍ തമ്മിലുള്ള അര്‍ത്ഥവത്തായ ബന്ധമായി രൂപാന്തരപ്പെട്ടു. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറില്‍ ഉടനീളം നിറഞ്ഞ പിന്തുണയുമായി ചാരു കൂടെനിന്നു. ഐപിഎല്‍ മല്‍സരങ്ങളിലും രാജ്യാന്തര വേദികളിലും സഞ്ജു മല്‍സരിക്കുമ്പോള്‍ പങ്കെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.
2018 ഡിസംബര്‍ 22ന് ആണ് ചാരുലത രമേശിനെ സഞ്ജു വിവാഹം ചെയ്യുന്നത്. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം കോവളത്ത് വച്ച് വിവാഹിതരായി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിന് വലിയ മാധ്യമശ്രദ്ധയും ഉണ്ടായിരുന്നില്ല. വ്യത്യസ്ത മതപശ്ചാത്തലങ്ങള്‍ ഉണ്ടായിരുന്നിട്ടും പരസ്പരം മനസിലാക്കി മുന്നോട്ടുപോയപ്പോള്‍ ബന്ധം കൂടുതല്‍ ശക്തമായി. ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്. സഞ്ജുവും ചാരുലതയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. വിദ്യാഭ്യാസ-കായിക വികസനങ്ങളിലും ശ്രദ്ധപതിപ്പിക്കുന്നു.
ഹ്യൂമന്‍ റിസോഴ്‌സില്‍ ബിരുദാനന്തര ബിരുദധാരിയായ ചാരുലത ക്രിക്കറ്റ് താരത്തിന്റെ ജീവിതപങ്കാളി എന്നതിനൊപ്പം പ്രൊഫഷണല്‍ ജീവിതവും മുന്നോട്ടുകൊണ്ടുപോവുന്നു. പ്രശസ്തി ഉണ്ടായിരുന്നിട്ടും സെലിബ്രിറ്റി സ്റ്റാറ്റസ് ആഘോഷിക്കാതെ സ്വന്തം താല്‍പര്യങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും അനുസരിച്ച് ശാന്തമായ ജീവിതം നയിക്കാന്‍ അവര്‍ ഇഷ്ടപ്പെടുന്നു. അവധിക്കാലങ്ങളും കുടുംബ നിമിഷങ്ങളും ഉള്‍പ്പെടെയുള്ള സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ചെറുതും വലുതുമായ നിമിഷങ്ങള്‍ ഒരുമിച്ച് ആഘോഷിക്കുന്നു. വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ബന്ധത്തിന്റെ ഇഴയടുപ്പം ഈ ചിത്രങ്ങളില്‍ കാണാം. സഞ്ജു ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ടാം ടി20 സെഞ്ചുറി നേടിയപ്പോള്‍ ചാരുലതയുടെ ഇന്റസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധിക്കപ്പെട്ടു. 'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായകന്‍' എന്ന വാചകത്തോടെയായിരുന്നു സ്റ്റോറി. സഞ്ജുവിന്റെ പ്രകടനത്തെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ് സമൂഹമാധ്യമത്തിലിട്ട പോസ്റ്റ് പങ്കുവച്ചായിരുന്നു ചാരുവിന്റെ സ്റ്റോറി.
ചേട്ടനെ വിലക്കിയ അനിയന്റെ 'പ്രണയം'
സഞ്ജുവിന്റെ ചേട്ടന്‍ സാലി സാംസണെ പറ്റിച്ചാണ് സഞ്ജു ചാരുവിനെ പ്രണയിച്ചതും വിവാഹം കഴിച്ചതുമെന്നതാണ് കൗതുകകരമായ കാര്യം. ചെറുപ്പം മുതല്‍ രണ്ടുപേരും ക്രിക്കറ്റില്‍ പൂര്‍ണ്ണ ശ്രദ്ധ നല്‍കിയാണ് വളര്‍ന്നത്. അതുകൊണ്ടുതന്നെ മറ്റൊരു കാര്യത്തിലും ശ്രദ്ധ തെറ്റിപ്പോകരുതെന്നും ക്രിക്കറ്റിലായിരിക്കണം മുഴുവന്‍ ശ്രദ്ധയെന്നുമാണ് ഇരുവരും തീരുമാനിച്ചിരുന്നത്. സഞ്ജുവിന്റെ ചേട്ടനാണ് സാലിയെങ്കിലും ചേട്ടനേയും ഉപദേശിച്ചിരുന്നത് സഞ്ജുവാണ്. സാലിയോട് പ്രണയത്തില്‍ ചെന്ന് ചാടരുതെന്ന് പലപ്പോഴും സഞ്ജു ഉപദേശിച്ചിരുന്നു. പ്രണയം ക്രിക്കറ്റില്‍ നിന്നുള്ള ശ്രദ്ധ തിരിക്കുമെന്നും അതുകൊണ്ടു തന്നെ അബദ്ധം കാട്ടരുതെന്നും സാലിയോട് സഞ്ജു മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സാലിയെ സഞ്ജു പറ്റിക്കുകയായിരുന്നു. സാലി സഞ്ജുവിന്റെ വാക്കു വിശ്വസിച്ച് പ്രണയത്തില്‍ നിന്നെല്ലാം മാറി നിന്നപ്പോള്‍ സഞ്ജു ചാരവുമായി കടുത്ത പ്രണയത്തിലായിരുന്നു. ക്യാന്റീനില്‍ വെച്ച് കണ്ട് മുട്ടിയപ്പോള്‍ തുടങ്ങിയ പ്രണയമാണ് സഞ്ജു വിവാഹത്തിലേക്കെത്തിച്ചത്.
ക്രിക്കറ്റിന്റെ തിരക്കുകള്‍ക്കിടയിലും ചാരുവിനോടുള്ള പ്രണയം നിലനിര്‍ത്താന്‍ സഞ്ജു സമയം കണ്ടെത്തിയിരുന്നു. കൈരളി ചാനലിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ വെച്ച് സഞ്ജുവിന്റെ ചേട്ടന്‍ സാലി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്നോട് പ്രേമിക്കരുതെന്ന് വിലക്കിയാണ് സഞ്ജു ചാരുവിനെ പ്രണയിച്ചതെന്നാണ് സാലി പറഞ്ഞത്. ഇതിനോട് സഞ്ജു പ്രതികരിച്ചത് കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താമെന്നാണ്. മലയാളി ക്രിക്കറ്റ് ആരാധകരുടെ ഇഷ്ട കപ്പിള്‍സായി സഞ്ജുവും ചാരുവും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് വളര്‍ന്നെങ്കിലും സാലിക്ക് ക്രിക്കറ്റില്‍ വലിയ ശ്രദ്ധ നേടിയെടുക്കാനായില്ല. ചില ആഭ്യന്തര മത്സരങ്ങള്‍ കളിച്ചതൊഴിച്ചാല്‍ വലിയ പേരെടുക്കാന്‍ സാലിക്കായില്ല. കരിയറില്‍ തുടര്‍ച്ചയായി പരിക്ക് വേട്ടയാടിയതാണ് സാലിക്ക് തിരിച്ചടിയായത്. എന്നാല്‍ ചേട്ടനും അഭിമാനിക്കാവുന്ന നിലയിലാണ് സഞ്ജുവിന്റെ വളര്‍ച്ച.
ചേട്ടന്‍ പുതുചരിത്രമെഴുതി
ഡഗൗട്ടില്‍ ഒരിക്കല്‍ തലതാഴ്ത്തി നിന്ന ഒരു മലയാളി യുവാവ് ലോകക്രിക്കറ്റിന്റെ മഹാമൈതാനത്ത് വീരപരിവേഷമണിഞ്ഞ രാവാണ് കടന്നു പോകുന്നത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ കണ്ണീര്‍ വീണ അതേ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ഉയര്‍ന്ന ജയ് വിളികള്‍..... ക്രിക്കറ്റ് ലോകം ആര്‍ത്തിരമ്പിയ ഞായറാഴ്ച. സഞ്ജുവിന്റെ പോരാട്ടത്തിന്റെ കഥ കൂടി ഇതോടൊപ്പം എഴുതപ്പെടുന്നു ഈ വിശ്വവേദിയില്‍.
ദിവസങ്ങള്‍ക്ക് മുമ്പ് തിരുവന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ സ്വന്തം മണ്ണില്‍ ബാറ്റിങ്ങില്‍ പരാജയപ്പെട്ട്, വിക്കറ്റ് കീപ്പറുടെ ഗ്ലൗ നഷ്ടപ്പെട്ട്, അപമാനഭാരത്താല്‍ ഭൂമിപിളര്‍ന്ന് താഴെപ്പോയാലെന്ന് ആഗ്രഹിക്കുന്ന മുഖഭാവവുമായി നില്‍ക്കുന്ന സഞ്ജു സാംസന്റെ ചിത്രം മലയാളികള്‍ മറന്നിട്ടുണ്ടാകില്ല. ഇന്ത്യയുടെ ലോകകപ്പ് ടീം പ്രഖ്യാപിച്ചപ്പോള്‍ ഒന്നാം നമ്പര്‍ വിക്കറ്റ് വിക്കറ്റ് കീപ്പറായി ലിസ്റ്റില്‍ പേരുണ്ടായിരുന്നത് സഞ്ജുവിന്റേതായിരുന്നു. എന്നാല്‍, പിന്നീട് ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലെ താളപ്പിഴകള്‍ ലോകകപ്പിലെ സഞ്ജുവിന്റെ പ്ലേയിങ് ഇലവനിലെ സ്ഥാനം പോലും ഇല്ലാതാക്കി. കിവീസിനെതിരായ പരമ്പരയില്‍ അഞ്ചു മത്സരങ്ങളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. ഫലമോ ഇഷാന്‍ കിഷന്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി. സഞ്ജു ബെഞ്ചിലും.
നിന്റെ സമയം വരുമെന്ന് അന്ന് സഞ്ജുവിനോട് പറഞ്ഞത് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ്. പിന്നീട് നടന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ ബെഞ്ചില്‍ സ്ഥാനം. അഭിഷേക് ശര്‍മ അസുഖ ബാധിതനായതോടെ നമീബിയക്കെതിരേ കളത്തില്‍. ചെറിയ ഇന്നിങ്‌സായിരുന്നെങ്കിലും ആത്മവിശ്വാസമുണ്ടായിരുന്നു ബാറ്റിങ്ങില്‍. പിന്നീട് വീണ്ടും ബെഞ്ചില്‍. ഒടുവില്‍ എതിര്‍ ടീമിന്റെ ഓഫ് സ്പിന്‍ കെണി പൊളിക്കാന്‍ സിംബാബ്?വെയ്‌ക്കെതിരായ സൂപ്പര്‍ എട്ട് മത്സരത്തില്‍ അവസരം. പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരേ നിര്‍ണായക മത്സരത്തില്‍ 97 റണ്‍സെടുത്ത ഇന്നിങ്‌സ്. സെമിയില്‍ ഇംഗ്ലണ്ടിനെതിരായ 89 റണ്‍സ്. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ കലാശപ്പോരിലും ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായി സഞ്ജു.
ഇന്ത്യയുടെ അഭിമാനതാരം സഞ്ജു സാംസണ്‍ മുന്നില്‍ നിന്ന് നയിച്ച പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെ 96 റണ്‍സിന് തോല്‍പിച്ചതാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് മാത്രം സ്വന്തം. 256 റണ്‍സ് എന്ന ഇന്ത്യയുടെ സ്‌കോറിനെതിരേ 19 ഓവറില്‍159 റണ്‍സ് മാത്രമാണ് കിവീസിന് നേടാനായത്. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ഇതിന് മുന്‍പ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.
ഈ ലോകകപ്പ് നേട്ടം ഒരു സ്വപ്നം പോലെ
ഈ ലോകകപ്പ് നേട്ടം ഒരു സ്വപ്നം പോലെയാണെന്നായിരുന്നു പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം സ്വീകരിച്ച ശേഷം സഞ്ജു സാംസണ്‍ പറഞ്ഞത്. ഇപ്പോള്‍ അനുഭവിക്കുന്ന വികാരം വാക്കുകള്‍ക്ക് അതീതമാണ്. എല്ലാറ്റിനോടും അതിയായ നന്ദിയും കടപ്പാടുമുണ്ട്. സത്യം പറഞ്ഞാല്‍ ഒന്നോ രണ്ടോ വര്‍ഷം മുന്‍പ് മൊട്ടിട്ടതാണ് ഈ സ്വപ്നം. 2024ലെ ലോകകപ്പ് ടീമില്‍ ഇടം നേടുകയും കളിക്കാന്‍ അവസരം ലഭിക്കാതിരിക്കുകയും ചെയ്തതു മുതല്‍ ഞാന്‍ മനസില്‍ കണ്ട നിമിഷമാണിത്. പിന്നീടുള്ള നാളുകള്‍ അതിനുവേണ്ടിയുള്ള പ്രയത്നമായിരുന്നു. ഇതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ന്യൂസീലന്‍ഡിനെതരായ പരമ്പരയ്ക്കുശേഷം ഞാന്‍ ആകെ തകര്‍ന്ന അവസ്ഥയിലായിരുന്നു. എന്റെ സ്വപ്നങ്ങളത്രയും നാമാവശേഷമായി. എന്തു ചെയ്യണമെന്നറിയാതെ ഉഴറിയ ദിവസങ്ങളായിരുന്നു അത്. പക്ഷേ, ദൈവത്തിന് നമുക്ക് മുന്നില്‍ മറ്റൊരു വഴി തുറക്കും. ആ സ്വപ്നത്തെ പിന്തുടരാനുള്ള ചങ്കൂറ്റത്തിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ ലഭിച്ചത്. ഒരുപാട് മുന്‍ താരങ്ങള്‍ എന്നെ പിന്തുണച്ചെത്തി. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ സച്ചിന്‍ സാറുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ പല തവണ അദ്ദേഹവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ ഉപദേശത്തിനപ്പുറം മറ്റെന്താണ് നമുക്ക് വേണ്ടത്. എന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ട്. ഇത് എന്ന സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ നേട്ടമാണ്. ഇതെനിക്ക് ഇപ്പോള്‍ തന്നെ ആഘോഷിക്കണം-വികാരാധീനനായി സഞ്ജു പറഞ്ഞു.
ലോകക്രിക്കറ്റില്‍ അധികമൊന്നും ആഘോഷിക്കപ്പെടാതിരുന്ന ഒരു മലയാളി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായി മാറുന്ന കാഴ്ച. കോലിയേയും ധോനിയേയും പോലെ സഞ്ജുവും ബ്രാന്‍ഡായി മാറുന്നു. മൈതാനങ്ങളില്‍ ആ പേര് കേള്‍ക്കുമ്പോഴെല്ലാം നിലയ്ക്കാത്ത ആരവങ്ങളാണ്. ഇനിയും അത് ഉച്ചത്തില്‍ തന്നെ മുഴങ്ങും. അയാളെ സ്‌നേഹം കൊണ്ട് ചേര്‍ത്തുപിടിക്കുന്ന കോടിക്കണക്കിന് ഹൃദയങ്ങള്‍. ലോകക്രിക്കറ്റിന്റെ കൊടുമുടി താണ്ടി സഞ്ജു കടന്നുപോകുന്നു.
