'അബോര്‍ഷന്‍ പാടില്ല, 13വയസ്സില്‍ വിവാഹം; ഒരു മുടിയിഴപോലും പുറത്തുകാണരുത്; സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടരുത്, സയന്‍സ് പഠിക്കരുത്; കന്യകമാരായ തടവുകാരെ വധിക്കുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തിരിക്കണം'; കേരളത്തിലെ ഖമനേയി ആരാധകര്‍ വായിക്കേണ്ട വിവാദ ഫത്വകള്‍ ഇതാ!

കേരളത്തിലെ ഖമനേയി ആരാധകര്‍ വായിക്കേണ്ട വിവാദ ഫത്വകള്‍ ഇതാ!

Update: 2026-03-02 10:04 GMT

1980-കളില്‍ ഇറാന്റെ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കന്യകമാരായ പെണ്‍കുട്ടികളെ ശിക്ഷ നടപ്പാക്കുന്നതിന് തലേദിവസം വിചിത്രമായ ഒരു ആചാരമുണ്ടായിരുന്നു. അവരെ കാവല്‍ക്കാര്‍ നിര്‍ബന്ധിതമായി 'വിവാഹം' കഴിക്കുകയും ബലാത്സംഗത്തിനിരയാക്കുകയും ചെയ്യും! മുന്‍ ജയില്‍ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലുകള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഐക്യരാഷ്ട്രസഭയില്‍ വരെ വിഷയവും ചര്‍ച്ചയായി. ഈ ക്രൂര കൃത്യത്തിന് കാരണം ഒരു വിശ്വാസമായിരുന്നു. കന്യകമാരായി മരിക്കുന്നവര്‍ നേരിട്ട് സ്വര്‍ഗ്ഗത്തില്‍ പോകുമെന്ന ഒരു വിശ്വാസം അക്കാലത്ത് ചില മതമൗലികവാദികള്‍ക്കിടയില്‍ ഉണ്ടായിരുന്നു. വധിക്കപ്പെടുന്നത് ദൈവത്തിന്റെ ശത്രുക്കളായതിനാല്‍ അവര്‍ സ്വര്‍ഗ്ഗത്തില്‍ പോകാന്‍ പാടില്ലെന്ന ദുര്‍വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ക്രൂരത നടന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പല കേസുകളിലും, പെണ്‍കുട്ടിയെ വധിച്ച ശേഷം ജയില്‍ അധികൃതര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി അവര്‍ ജയില്‍ കാവല്‍ക്കാരനെ വിവാഹം കഴിച്ചു എന്ന് അവകാശപ്പെടുകയും 'വിവാഹ സമ്മാനമായി' ഒരു പെട്ടി മധുരപലഹാരമോ ചെറിയ തുകയോ നല്‍കുകയും ചെയ്തിരുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ അന്തരിച്ച ഇറാന്റെ പരമോന്നത നേതാവ്, അയത്തുള്ള അലിഖമനേയിക്ക് മുമ്പ് ഇറാന്റെ പരമോന്നത നേതാവായിരുന്നു, ആയത്തുള്ള ഖുമേനി ഇത് ഒരു ഫത്വയാക്കിയിരുന്നു എന്നാണ് പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണത്രേ സൈന്യം ഈ ക്രൂരതകാട്ടുന്നത്!



1989 ഫെബ്രുവരിയിയിലാണ്, ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള ഖുമേനി, 'ദ സാത്താനിക് വേഴ്സസ്' എന്ന പുസ്തകം ഇസ്ലാം വിരുദ്ധമാണെന്ന് ആരോപിച്ച് എഴുത്തുകാരല്‍ സല്‍മാന്‍ റുഷ്ദിയെ കൊല്ലാന്‍ ഫത്വ നല്‍കിയത്. ഇതിന്റെപേരില്‍ വര്‍ഷങ്ങളോളം ഒളിവില്‍ കഴിഞ്ഞ റുഷ്ദി 2022 ഓഗസ്റ്റ് 12-ന് അതിക്രൂരമായി ആക്രമിക്കപ്പെട്ടു. ഒരു കണ്ണിന്റെ കാഴ്ച തന്നെ നഷ്ടപ്പെട്ടു. അതാണ് ഫത്വയുടെ കരുത്ത്. എത്രകാലം കഴിഞ്ഞാലും അത് നടപ്പാക്കാന്‍ ആളുണ്ടാവും.




ഖുമേനി മരിച്ച് ഖമനേയി പരമോന്നത നേതാവായപ്പോള്‍, 'പിടിച്ചതിലും വലുത് മാളത്തില്‍ എന്ന അവസ്ഥയാണ് ഉണ്ടായത്'. ഖുര്‍ആന്‍ ഓതിയും തഫസീറുകള്‍ വ്യഖ്യാനിച്ചും ജീവിതം ചെലവിടുന്ന ഒരു സാധാരണ മൗലവിയായി ഒതുങ്ങാന്‍ ഖാമനേയി തയ്യാറായിരുന്നില്ല. അയാള്‍ ഇംഗ്ലീഷും, പേര്‍ഷ്യനും, അറബിയുമെല്ലാം പഠിച്ചതുപോലെ യുദ്ധതന്ത്രങ്ങളും, സൈനിക രീതികളും പഠിച്ചു. തോക്കെടുത്ത പുരോഹിതന്‍ എന്നാണ് അയാള്‍ ഒരുകാലത്ത് അറിയപ്പെട്ടിരുന്നത്. അയാള്‍ക്ക് അധികാരം കിട്ടിയതോടെ ഇറാനിനെ സ്ത്രീകളുടെ അവസ്ഥ ഒന്നുകൂടി മോശമായി. ഒരുകാലത്ത് സംസ്‌ക്കാരങ്ങളുടെ കളിത്തൊട്ടിലായി അറിയപ്പെട്ടിരുന്നു ഇറാനെ ഒരു ഭ്രാന്തന്‍ രാജ്യമാക്കി അവര്‍ മാറ്റിയെടുത്തു. ഇപ്പോള്‍ ഖമനേയിയുടെ രക്തസാക്ഷിത്വത്തില്‍ വിലപിക്കുന്ന, കേരളത്തിലടക്കമുള്ളവര്‍ അറിയണം, എന്താണ് ഖമനേയി ഇറാനിലെ സ്ത്രീകളോട് ചെയ്തതന്ന്. 85-ാം വയസ്സിലും ലോകത്തെ വിറപ്പിച്ച ഈ കടല്‍ക്കിഴവന്റെ, കുപ്രസിദ്ധമായ ഫത്വകളിലൂടെ ഒന്ന് കടന്നുപോയാല്‍ കാര്യം പിടികിട്ടും.

ഒരു മുടിയിഴ പോലും പുറത്തുകാണരുത്

ഖമനേയിയുടെ ഏറ്റവും പ്രധാന സ്ത്രീവിരുദ്ധ നിലപാടുകളിലൊന്നാണ് നിര്‍ബന്ധിത ഹിജാബ് നിയമം. പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന നിയമം അദ്ദേഹം കര്‍ശനമായി നടപ്പിലാക്കി. ഇത് ലംഘിക്കുന്നവരെ ശിക്ഷിക്കാന്‍ ടമോറാലിറ്റി പോലീസ്' എന്ന വിഭാഗത്തിന് വിപുലമായ അധികാരം നല്‍കി. ഹിജാബ് ധരിക്കുന്നത് സ്ത്രീകള്‍ക്ക് 'പ്രതിരോധശേഷി' നല്‍കുന്നുവെന്നുവരെ ഖമനേയി പറഞ്ഞുവെച്ചു!

2022-ല്‍ മഹ്സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ വലിയ പ്രക്ഷോഭമുണ്ടായത് ലോകത്തെ ഞെട്ടിച്ചിരുന്നു. എറ്റവും വിചിത്രം, മഹ്‌സ അമിനി ഹിജാബ് ധരിച്ചിരുന്നുവെന്നതാണ്. എന്നാല്‍ അത് സര്‍ക്കാരിന്റെ കര്‍ശനമായ മാനദണ്ഡങ്ങള്‍ പാലിച്ചുള്ളതല്ലായിരുന്നു എന്നതായിരുന്നു പ്രശ്നം. 2022 സെപ്റ്റംബര്‍ 13-ന് ടെഹ്‌റാനില്‍ വെച്ചാണ് ഇറാന്റെ 'മോറാലിറ്റി പോലീസ്' മഹ്‌സ അമിനിയെ അറസ്റ്റ് ചെയ്യുന്നത്. ശിരോവസ്ത്രം ശരിയായ രീതിയിലല്ല ധരിച്ചതെന്നും അതിലൂടെ മുടി പുറത്തുകാണുന്നുണ്ടെന്നുമായിരുന്നു അവര്‍ ഉന്നയിച്ച ആരോപണം. ഒരു മുടിപോലും പുറത്തുകാണരുത് എന്നായിരുന്നു ഖമനേയിയുടെ ഫത്വ.



ഹിജാബ് നിയമങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള 'റീ-എഡ്യൂക്കേഷന്‍' ക്ലാസിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് അവളെ പോലീസ് വാനില്‍ കയറ്റിയത്. വാനിനുള്ളില്‍ വെച്ച് പോലീസ് ഉദ്യോഗസ്ഥര്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ ആരോപിക്കുന്നു. തുടര്‍ന്നായിരുന്നു മഹ്സയുടെ മരണം. ഇത് ഇറാനിലുടനീളം വന്‍ പ്രതിഷേധങ്ങള്‍ക്കും 'വുമണ്‍, ലൈഫ്, ഫ്രീഡം' എന്ന മുന്നേറ്റത്തിനും തുടക്കമിട്ടു. പക്ഷേ അലി ഖമനേയി അത് ക്രൂരമായാണ് അടിച്ചമര്‍ത്തിയത്. നൂറുകണക്കിന് സ്ത്രീകളെ പട്ടാളം വെടിവെച്ചുകൊന്നു.

അതിനുശേഷം ഈയിടെ അതായത് 2026-ല്‍ വിലക്കയറ്റത്തിനെതിരെ ഉണ്ടായ പ്രക്ഷോഭത്തെയും ഖാമനേയി ക്രുരമായി അടിച്ചമര്‍ത്തി. ഒന്നരമാസത്തിനുള്ളില്‍ അരലക്ഷത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്്. ശവങ്ങള്‍ കൂന കൂട്ടി സംസ്‌ക്കരിച്ചതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പല സംഘടനകളും പറയുന്നത്, 90,000 ത്തോളം പേര്‍ ഒരു മാസത്തിനുള്ളില്‍ അവിടെ മരിച്ചുവീണുവെന്നാണ്. ഖാമനേയിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് വലിച്ച സ്ത്രീകളെല്ലാം കൊല്ലപ്പെട്ടു കഴിഞ്ഞുവെന്നോ, തടവിലാക്കി വിരലുകള്‍ വെട്ടിയെന്നോ എന്നാണ് ഒരു റിപ്പോര്‍ട്ട് പറയുന്നത്. നിരവധി സ്ത്രീകളെ പട്ടാളം തന്നെ റേപ്പ് ചെയ്ത് കൊന്ന് അവര്‍ക്കും സ്വര്‍ഗം നിഷേധിച്ചു!




സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടാന്‍ പാടില്ല

ഖമനേയിയുടെ ഏറ്റവും വിവാദ ഫത്വകളില്‍ ഒന്നാണ് സ്ത്രീകള്‍ പൊതുസ്ഥലത്ത് സൈക്കിള്‍ ചവിട്ടാന്‍ പാടില്ല എന്നത്. 2016 സെപ്റ്റംബറിലാണ് അദ്ദേഹം ഈ ഫത്വ പുറപ്പെടുവിച്ചത്. സ്ത്രീകള്‍ പൊതുസ്ഥലത്തോ അപരിചിതരുടെ മുന്നിലോ സൈക്കിള്‍ ചവിട്ടുന്നത് പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കുമെന്നും ഇത് സമൂഹത്തില്‍ അഴിമതിക്കും അധര്‍മ്മത്തിനും കാരണമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു. സ്ത്രീകളുടെ മാന്യതയ്ക്കും അന്തസ്സിനും വിരുദ്ധമാണ് ഈ പ്രവര്‍ത്തിയെന്നും അതിനാല്‍ ഇത് ഉപേക്ഷിക്കപ്പെടേണ്ടതാണെന്നും ഫത്വയില്‍ പറയുന്നു.




ഈ ഫത്വ ഇറാനിലെ സ്ത്രീകളുടെ ദൈനംദിന ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. 2016-ല്‍ വടക്കുപടിഞ്ഞാറന്‍ നഗരമായ മരിവാനില്‍ സൈക്കിള്‍ റാലി നടത്താന്‍ പദ്ധതിയിട്ട ഒരു കൂട്ടം സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ഇനി സൈക്കിള്‍ ചവിട്ടില്ല എന്ന് എഴുതി വാങ്ങിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. ഇസ്ഫഹാന്‍ പോലുള്ള നഗരങ്ങളില്‍ പൊതുസ്ഥലത്ത് സൈക്കിള്‍ ചവിട്ടുന്ന സ്ത്രീകള്‍ക്ക് കടുത്ത പിഴയും സൈക്കിള്‍ കണ്ടുകെട്ടലും ശിക്ഷയായി കിട്ടി. ആവര്‍ത്തിച്ച് നിയമം ലംഘിക്കുന്നവര്‍ക്ക് തടവുശിക്ഷയും നല്‍കുന്നുണ്ട്. ഇങ്ങനെ പല സ്ത്രീകളും ജയിലിലായി.

സൈക്കിള്‍ ഷെയറിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സ്ത്രീകളെ പലയിടത്തും വിലക്കി. പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യുന്ന സ്ത്രീകളെ 'അധാര്‍മ്മികര്‍' എന്ന് മുദ്രകുത്തുന്ന സാഹചര്യം ഈ ഫത്വയ്ക്ക് ശേഷം വര്‍ദ്ധിച്ചു. പക്ഷേ ഈ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് 'ഇറാനിയന്‍ വുമണ്‍ ലൗ സൈക്കിങ്ങ്' എന്ന ഹാഷ്ടാഗില്‍ നൂറുകണക്കിന് സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. തങ്ങളുടെ മൗലികാവകാശമാണിതെന്ന് പ്രഖ്യാപിച്ച് പ്രായമായവരും പെണ്‍കുട്ടികളും അടക്കമുള്ളവര്‍ പരസ്യമായി സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ചിരുന്നു. ഇപ്പോള്‍ ഇറാന്റെ പലഭാഗത്തും സ്ത്രീകള്‍ സൈക്ലിങ്ങ് ചെയ്യുന്നുണ്ട്. അത് ഫത്വ അസാധുവാക്കിയത് കൊണ്ടല്ല മറിച്ച്, പൊലീസ് കര്‍ശന നടപടി എടുക്കാത്തതുകൊണ്ടാണ്. കോടിക്കണക്കിന് ജനങ്ങളുള്ള ഒരു രാജ്യത്ത് ഇതുപോലെ ഫത്വകള്‍ ഒന്നും നടപ്പാക്കാന്‍ കഴിയില്ലെന്നും, അതിന്റെ പേരില്‍ നടപടിയെടുത്താല്‍, ജയില്‍ നിറയുമെന്നും ഇറാന്‍ ഭരണാധികാരികള്‍ക്ക് നന്നായി അറിയാം.

ആദ്യകാലത്ത് സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പുരുഷന്മാരുടെ സാന്നിധ്യത്തില്‍ സൈക്കിള്‍ ചവിട്ടുന്നതിന് പുര്‍ണ്ണ നിരോധനമായിരുന്നു. പക്ഷേ പിന്നീടത് ഹിജാബ് കൃത്യമായി പാലിച്ചുകൊണ്ടും പുരുഷന്മാരുടെ ശ്രദ്ധ ആകര്‍ഷിക്കാത്ത രീതിയിലും സൈക്കിള്‍ ഉപയോഗിക്കാമെന്നരീതിയില്‍ മാറി. ഇറാനില്‍ സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടുന്നത് തടയുന്ന വ്യക്തമായ സിവില്‍ നിയമങ്ങള്‍ നിലവിലില്ല. എന്നാല്‍ 'പൊതു ധാര്‍മ്മികത' ലംഘിച്ചു എന്ന പേരിലാണ് പോലീസ് സൈക്കിളുകള്‍ കണ്ടുകെട്ടാറുള്ളത്.

ഈ ഫത്വ നിലനില്‍ക്കുമ്പോഴും ഇറാന് ഔദ്യോഗികമായ ഒരു വനിതാ സൈക്ലിംഗ് ടീം ഉണ്ട് എന്നതാണ് രസകരം. ഏഷ്യന്‍ ഗെയിംസിലും മറ്റ് അന്താരാഷ്ട്ര ടൂര്‍ണമെന്റുകളിലും ഇറാനിയന്‍ വനിതകള്‍ സൈക്ലിംഗില്‍ പങ്കെടുക്കുന്നുണ്ട്. 2023-ല്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഫരാനക് പര്‍തോസര്‍, മൗണ്ടന്‍ ബൈക്കിംഗില്‍ വെങ്കലം നേടി, ഏഷ്യന്‍ ഗെയിംസ് സൈക്ലിംഗില്‍ മെഡല്‍ നേടുന്ന ആദ്യ ഇറാനിയന്‍ വനിതയായി. പക്ഷേ ഇതിനായി ശരീരം മൂടുന്ന രീതിയില്‍ പ്രത്യേകം രുപകല്‍പ്പന ചെയ്ത വസ്ത്രങ്ങളാണ് അവര്‍ ധരിക്കുന്നത്!




 പെണ്‍കുട്ടികള്‍ സയന്‍സ് പഠിക്കേണ്ട

ഖമനേയി ഭരണക്കാലത്ത് വിദ്യാഭ്യാസ തൊഴില്‍ നിയന്ത്രണങ്ങളും സ്്ത്രീകള്‍ക്കുണ്ടായി. സര്‍വ്വകലാശാലകളില്‍ ചില പ്രത്യേക കോഴ്സുകളില്‍ (എഞ്ചിനീയറിംഗ്, സയന്‍സ്) സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തില്‍ 'ജെന്‍ഡര്‍ റേഷ്യോ' നടപ്പിലാക്കി. ഇറാനിലെ 36 ഓളം സര്‍വ്വകലാശാലകള്‍ 77 ഓളം ബിരുദ കോഴ്‌സുകളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു. ഇതില്‍ ഭൂരിഭാഗവും എഞ്ചിനീയറിംഗ്, സയന്‍സ് വിഭാഗങ്ങളിലായിരുന്നു. ന്യൂക്ലിയര്‍ ഫിസിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്, കെമിക്കല്‍ എഞ്ചിനീയറിംഗ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ സുപ്രധാന മേഖലകളില്‍ വനിതകള്‍ക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

ഈ കോഴ്‌സുകള്‍ സ്ത്രീകള്‍ക്ക് അനുയോജ്യമല്ലെന്നും, ബിരുദം നേടിയ ശേഷം സ്ത്രീകള്‍ക്ക് ഈ മേഖലകളില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും അധികൃതര്‍ വാദിച്ചു. കൂടാതെ, സര്‍വ്വകലാശാലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് പുരുഷന്മാരുടെ അവസരങ്ങള്‍ കുറയ്ക്കുന്നു എന്ന ആശങ്കയും ഈ തീരുമാനത്തിന് പിന്നിലുണ്ടായിരുന്നു. ചില സര്‍വ്വകലാശാലകളില്‍ പകുതി സീറ്റുകള്‍ പുരുഷന്മാര്‍ക്കായി മാറ്റിവയ്ക്കുകയും, ബാക്കി പകുതിയില്‍ മാത്രം സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്യുന്ന രീതി നടപ്പിലാക്കി. ഇത് സ്ത്രീകളുടെ പ്രവേശന നിരക്ക് വലിയ തോതില്‍ കുറയാന്‍ കാരണമായി. സര്‍വ്വകലാശാലകളെ 'ഇസ്ലാമികവല്‍ക്കരിക്കുന്നതിന്റെ' ഭാഗമായാണ് ഈ നടപടികള്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശേഷിപ്പിച്ചു. സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കാനും പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ നിലനിര്‍ത്താനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.




ഇറാനിലെ സര്‍വ്വകലാശാലകളില്‍ 60 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ സ്ത്രീകളായിരുന്നു എന്നത് ഈ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. നോബല്‍ സമ്മാന ജേതാവ് ഷിറിന്‍ എബാദി ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധിച്ചിരുന്നു. സര്‍വ്വകലാശാലകളിലും പൊതുസ്ഥലങ്ങളിലും സ്ത്രീകളും പുരുഷന്മാരും തമ്മില്‍ ഇടപഴകുന്നത് കുറയ്ക്കുന്നതിനായി കടുത്ത വേര്‍തിരിക്കല്‍ നയങ്ങള്‍ നടപ്പിലാക്കണമെന്ന് ഖമനേയി ആഹ്വാനം ചെയ്തിട്ടുണ്ട്. ലിംഗസമത്വം എന്നത് പാശ്ചാത്യ രാജ്യങ്ങള്‍ സ്ത്രീകളെ നശിപ്പിക്കാനായി നടപ്പിലാക്കുന്ന ഒരു 'സയണിസ്റ്റ് ഗൂഢാലോചന' ആണെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിട്ടുണ്ട്.

അബോര്‍ഷന്‍ പാടില്ല, 13 വയസ്സില്‍ വിവാഹം

പുരുഷനും സ്ത്രീയും തുല്യരല്ലെന്നും അവര്‍ക്ക് കുടുംബത്തില്‍ വ്യത്യസ്തമായ ധര്‍മ്മങ്ങളാണ് ഉള്ളതെന്നും ഖമനേയി ആവര്‍ത്തിക്കുന്നു. സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട കടമ നല്ലൊരു ഭാര്യയും അമ്മയും വീട്ടമ്മയും ആയിരിക്കയാണ്. തൊഴില്‍ എന്നത് സ്ത്രീകളുടെ പ്രധാന വിഷയമല്ലെന്നും, അത് കുടുംബ ജീവിതത്തിന് തടസ്സമാകുകയാണെങ്കില്‍ ഒഴിവാക്കണമെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. സ്വകാര്യ മേഖലയില്‍ സ്ത്രീകള്‍ക്ക് ജോലി നല്‍കുന്നത് നിരുത്സാഹപ്പെടുത്തുന്ന നിലപാടുകള്‍ ഖമനേയി സ്വീകരിച്ചു. രാജ്യത്തെ ജനസംഖ്യ വര്‍ദ്ധിപ്പിക്കാനായി വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നിരോധിക്കുകയും ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ലഭിക്കുന്നത് പ്രയാസകരമാക്കുകയും ചെയ്തു. ഇത് സ്ത്രീകളുടെ ശാരീരിക സ്വയംഭരണാധികാരത്തിന് മേലുള്ള കടന്നുകയറ്റമായി വിമര്‍ശിക്കപ്പെട്ടു.

സ്ത്രീകള്‍ പാസ്‌പോര്‍ട്ട് എടുക്കാനോ വിദേശയാത്ര നടത്താനോ ഭര്‍ത്താവിന്റെയോ പിതാവിന്റെയോ രേഖാമൂലമുള്ള അനുമതി വേണമെന്ന നിയമം ഖമനേയി കര്‍ശനമായി നിലനിര്‍ത്തി. വിവാഹപ്രായം കുറയ്ക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചിരുന്നു. ഇറാനിലെ യുവാക്കള്‍ക്കിടയില്‍ വിവാഹപ്രായം കൂടുന്നതില്‍ ഖമനേയി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. യുവാക്കള്‍ എത്രയും നേരത്തെ വിവാഹം കഴിക്കണമെന്നും കുടുംബം ആരംഭിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. 2014-ല്‍ പുറപ്പെടുവിച്ച ഒരു പ്രത്യേക ഉത്തരവിലൂടെ വിവാഹത്തിനുള്ള തടസ്സങ്ങള്‍ നീക്കാനും ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനും ഖമനേയി ഔദ്യോഗികമായി നിര്‍ദ്ദേശം നല്‍കി. 1990-കളില്‍ ഇറാന്‍ നടപ്പിലാക്കിയിരുന്ന കുടുംബസൂത്രണ പദ്ധതികള്‍ തെറ്റായിരുന്നു എന്ന് അദ്ദേഹം പിന്നീട് സമ്മതിച്ചു. രാജ്യത്തിന്റെ പുരോഗതിക്ക് കൂടുതല്‍ യുവാക്കള്‍ ആവശ്യമാണെന്നും അതിനാല്‍ നേരത്തെയുള്ള വിവാഹവും കൂടുതല്‍ കുട്ടികളും വേണമെന്ന നിലപാടിലേക്കും ഖമനേയി മാറി.



സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വിവാഹത്തിന് തടസ്സമാകരുത് എന്നും ദൈവം സഹായിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം. സര്‍വ്വകലാശാലാ അന്തരീക്ഷം വിവാഹത്തിന് അനുയോജ്യമാണെന്നും പഠനകാലത്ത് തന്നെ വിവാഹിതരാകുന്നത് പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഖമേനിയുടെ ഈ നിലപാടുകള്‍ മൂലമാണ് ഇറാനില്‍ പെണ്‍കുട്ടികളുടെ ഔദ്യോഗിക വിവാഹപ്രായം 13-ഉം ആണ്‍കുട്ടികളുടേത് 15-ഉം ആയി തുടരുന്നത്. കോടതിയുടെയും രക്ഷിതാക്കളുടെയും അനുമതിയോടെ ഇതിലും കുറഞ്ഞ പ്രായത്തില്‍ വിവാഹം കഴിക്കാനുള്ള പഴുതുകളും ഇറാനിലെ നിയമത്തിലുണ്ട്. നേരത്തെയുള്ള വിവാഹം പ്രോത്സാഹിപ്പിക്കുന്നതിലൂടെ പാശ്ചാത്യ ജീവിതരീതിക്ക് പകരം 'ഇസ്ലാമിക-ഇറാനിയന്‍' ജീവിതരീതി വളര്‍ത്തണമെന്നാണ് ഖമനേയി പറഞ്ഞത്.

ആറ്റംബോംബ് ഹറാമെന്നും ഫത്വ

ഖമനേയിയുടെ ചില ഫത്വകളൊക്കെ വെറും അടുവനയം അഥവാ തകിയ മാത്രമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇസ്ലാമിക നിയമപ്രകാരം ആണവായുധങ്ങളുടെ നിര്‍മ്മാണവും ഉപയോഗവും ശേഖരണവും ഹറാമാണെന്ന് ഖാമനേയി ഫത്വ പുറപ്പെടുവിച്ചിരുന്നു. 2003-ല്‍ ഒരു വാക്കാലുള്ള ഫത്വയായാണ് ഇത് പുറപ്പെടുവിപ്പിച്ചത്. 2005-ല്‍ അദ്ദേഹം അത് ഔദ്യോഗികമായി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു. പക്ഷേ എല്ലാവര്‍ക്കും അറിയാം കഴിഞ്ഞ കുറക്കാലമായി ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം 60 ശതമാനത്തിലേറെ എത്തിച്ച് അണുബോംബ് നിര്‍മ്മാണത്തിന്റെ വക്കിലാണെന്ന്.

തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും സമാധാനപരമായ ആവശ്യങ്ങള്‍ക്കാണെന്നാണ് ഇറാന്‍ ഔദ്യോഗികമായി വാദിക്കുന്നത്. 2018-ല്‍ അമേരിക്ക ആണവ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു തുടങ്ങിയത്. 60 ശതമാനം വരെ സമ്പുഷ്ടീകരണം നടത്തുന്നതിലൂടെ, ആയുധമുണ്ടാക്കാന്‍ ആവശ്യമായ 90 ശതമാനത്തിന് തൊട്ടടുത്ത് അവര്‍ എത്തിയതായി അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യൂതി ഉല്‍പ്പാദനത്തിനും മറ്റും 20 ശതമാനം സമ്പുഷ്ടീകരണം മതിയെന്നിരിക്കേ, അണുബോംബ് തന്നെയാണ് ഇറാന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. അപ്പോള്‍ ഖമനേയിയുടെ ഫത്വ വെറുതെ ലോകത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണെന്ന് വ്യക്തമാണ്. ഇറാന്റെ അണുബോംബിനെ പേടിച്ചാണ് അമേരിക്കയും ഇസ്രയേലും ആക്രമിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്.




അതിനിടെ ചില പുതിയ വ്യാഖ്യാനങ്ങളും വരുന്നുണ്ട്. 2025 ഏപ്രിലില്‍ പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആണവായുധങ്ങള്‍ ഉപയോഗിക്കുന്നത് മാത്രമാണ് ഫത്വ പ്രകാരം വിലക്കപ്പെട്ടതെന്നും അവ നിര്‍മ്മിക്കുന്നതും കൈവശം വയ്ക്കുന്നതും പ്രതിരോധത്തിന് അത്യാവശ്യമാണെന്നുമുള്ള പുതിയ വ്യാഖ്യാനങ്ങള്‍ ഇറാനിലെ ചില ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു.ഖമനേയിയുടെ മരണത്തിന് തൊട്ടുമുമ്പുള്ള മാസങ്ങളില്‍, രാജ്യത്തിന് ഭീഷണിയുണ്ടായാല്‍ ആണവ നയത്തില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നു. പക്ഷേ കണ്ണില്‍പൊടിയിടാനുള്ള ഒരു തട്ടിപ്പ് പരിപാടി മാത്രമാണ് ഈ വിഷയത്തിലെ ഫത്വ.



വാല്‍ക്കഷ്ണം: അതുപോലെ, മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്നുള്ള അവയവദാനം അനുവദനീയമാണെന്ന് ഖമനേയി വിധിച്ചിട്ടുണ്ട്. പക്ഷേ ഇസ്ലാമത പണ്ഡിതരില്‍ പലരും പറയുന്നത് അത് അനുവദനീയമല്ല എന്നാണ്. മറ്റൊരു ജീവന്‍ രക്ഷിക്കാന്‍ ഇത് അത്യന്താപേക്ഷിതമാണെങ്കില്‍ അനുവാദം നല്‍കാം എന്നാണ് ഖമനേയിയുടെ വാദം. ഇദ്ദേഹത്തിന്റെ ഫത്വകളില്‍ ആകെ നല്ലത് എന്ന് പറയാവുന്നത് ഇതേയുള്ളൂ! അവയവദാനം വിലക്കുന്ന നമ്മുടെ നാട്ടിലെ പണ്ഡിതരേക്കാള്‍ എത്രയേ ഭേദം.

Tags:    

Similar News