ഒരേസമയവും വാളും പരിചയുമാവുന്ന 40,000 കോടിയുടെ പ്രോജക്റ്റ് കുശ; ഇസ്രയേലിന്റെ വജ്രായുധമായ ഗോള്‍ഡന്‍ ഹൊറൈസണ്‍ ഇന്ത്യയിലേക്ക്; അയണ്‍ ഡോമുമായി ഭാരതവും; മിഷന്‍ സുദര്‍ശന്‍ ചക്ര പുരോഗമിക്കുമ്പോള്‍ പ്രതിരോധക്കുതിപ്പില്‍ ഇന്ത്യ; ഇനി എറ്റുമുട്ടിയാല്‍ ചൈന തവിടുപൊടിയാവും!

പ്രതിരോധക്കുതിപ്പില്‍ ഇന്ത്യ; ഇനി എറ്റുമുട്ടിയാല്‍ ചൈന തവിടുപൊടിയാവും!

Update: 2026-02-25 10:06 GMT

ന്ത്യക്കും അയണ്‍ ഡോം വരുമോ? ഇസ്രയേല്‍ എന്ന കൊച്ചു രാഷ്ട്രത്തിന്റെ 158 ഇരട്ടി വലിപ്പമുള്ള രാജ്യമാണ് ഇന്ത്യ. ആ വിശാല ഇന്ത്യക്ക് അയണ്‍ഡോം വരുന്നുവെന്ന് കേട്ടാല്‍ ഒറ്റയടിക്ക് തള്ള് എന്ന് തോന്നിപ്പോവും. പക്ഷേ സംഗതി സത്യമാണ്. ഇസ്രയേലുമായി സഹകരിച്ച് അയണ്‍ ഡോം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്തുവരുന്ന പ്രധാന വാര്‍ത്തയാണിത്. വിഖ്യാതമായ അയണ്‍ ഡോം സാങ്കേതികവിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഇസ്രയേല്‍ കോണ്‍സല്‍ ജനറല്‍ യാനിവ് റെവാച്ച് വ്യക്തമാക്കിയിട്ടുണ്ട്.

അപ്പോഴുള്ള ചോദ്യം ഇതിനുള്ള ചെലവും, ഇത്രയും വിശാലമായ രാജ്യത്ത് അത് ഫലിക്കുമോ എന്നതുമാണ്. ഈച്ചക്കുപോലും കയറാന്‍ കഴിയാത്തത് എന്ന ഇസ്രയേല്‍ അഭിമാനിച്ചിരുന്ന അയേണ്‍ ഡോമിന്റെ പഴുതുമുതലെടുത്താണ് ഹമാസ് ഭീകരാക്രമണം നടത്തി ലോകത്തെ ഞെട്ടിച്ചത്. അപ്പോള്‍ ഇന്ത്യയില്‍ അത് ഫലവത്താവുമോ എന്നതാണ് വിമര്‍ശകരുടെ ചോദ്യം.




നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒന്നാണെങ്കിലും അയണ്‍ ഡോം തികച്ചും അജയ്യമായ ഒരു സംവിധാനമല്ല. ഒക്ടോബര്‍ 7-ലെ ആക്രമണത്തില്‍ അയണ്‍ ഡോമിനെ മറികടക്കാന്‍ ഹമാസ് പ്രധാനമായും ഉപയോഗിച്ചത് 'സാച്ചുറേഷന്‍ സ്‌ട്രൈക്ക്' എന്ന തന്ത്രമാണ്.

അയണ്‍ ഡോമിന് ഒരേസമയം കൈകാര്യം ചെയ്യാവുന്ന മിസൈലുകള്‍ക്ക് ഒരു പരിധിയുണ്ട്. ഹമാസ് വെറും 20 മിനിറ്റിനുള്ളില്‍ ഏകദേശം 5,000 റോക്കറ്റുകളാണ് തൊടുത്തുവിട്ടത്. ഇത്രയധികം ലക്ഷ്യങ്ങള്‍ ഒരേസമയം വന്നതോടെ അയേണ്‍ഡോമിന്റെ സിസ്റ്റം 'ഓവര്‍ലോഡ്' ആയി.

ഓരോ അയണ്‍ ഡോം ബാറ്ററിയിലും നിശ്ചിത എണ്ണം മിസൈലുകള്‍ മാത്രമേ ഉണ്ടാകൂ. അവ തീരുന്ന മുറയ്ക്ക് റീലോഡ് ചെയ്യാന്‍ സമയം എടുക്കും. ഈ ഇടവേള മൂലമാണ് ഹമാസ് റോക്കറ്റുകള്‍ ഇസ്രയേല്‍ നഗരങ്ങളില്‍ പതിച്ചത്. ഇപ്പോള്‍ ഇസ്രയേല്‍ അയേണ്‍ ഡോമിന്റെ ആ പഴുതടച്ചിരിക്കയാണ്.

മിസൈലുകള്‍ക്ക് പകരം ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ശത്രുക്കളുടെ ആക്രമണത്തെ തടയുന്ന അയേണ്‍ ബീമാണ് ഇപ്പോള്‍ അവര്‍ ഉപയോഗിക്കുന്നത്. ശത്രുക്കളുടെ റോക്കറ്റ്, ഡ്രോണ്‍, മോര്‍ട്ടാര്‍ എന്നിവയില്‍ ഈ ലേസര്‍ പതിക്കുമ്പോള്‍ അവ അമിതമായി ചൂടാകുകയും നിമിഷങ്ങള്‍ക്കുള്ളില്‍ ആകാശത്തുവെച്ച് തന്നെ പൊട്ടിത്തെറിക്കുകയും ചെയ്യുന്നു. മിസൈലുകളെപ്പോലെ തീര്‍ന്നുപോകുമെന്ന പേടി വേണ്ട. ലോഡ് ചെയ്യാന്‍ സമയം വേണ്ട. വൈദ്യുതി ലഭ്യമാകുന്നിടത്തോളം കാലം എത്ര തവണ വേണമെങ്കിലും ലേസര്‍ പ്രയോഗിക്കാം. അതിനാല്‍ തന്നെ ഒക്ടോബര്‍ 7ന് സമാനമായ ഒരു ആക്രമണത്തെ ഇനി ഇസ്രയേലിന് പേടിക്കേണ്ട കാര്യമില്ല.




ഇസ്രയേലിനെപ്പോലെ പുര്‍ണ്ണമായ ഒരു അയേണ്‍ ഡോം ഇന്ത്യക്ക് സാധ്യമാവില്ല. പക്ഷേ പ്രധാന നഗരങ്ങളെയും തന്ത്രപ്രധാനമായ കേന്ദ്രങ്ങളെയും സംരക്ഷിക്കാനുള്ള അയേണ്‍ ഡോം പദ്ധതിക്ക് ഇന്ത്യ നേരെത്ത നീക്കം തുടങ്ങിയിട്ടുണ്ട് എന്നാതാണ് വാസ്തവം. ഒരിക്കലും നടപ്പാവാത്ത സ്വപ്നമൊന്നുമല്ല ഇതെന്ന് ചുരുക്കം.

ട്രംപിന്റെ ഗോള്‍ഡന്‍ഡോം മോഡല്‍

ഒരു വന്‍കരയെ മൊത്തമായി ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിയുമോ? ഇസ്രയേല്‍ എന്ന കുഞ്ഞന്‍ രാഷ്ട്രം, അയേണ്‍ ഡോമിലുടെ യഹൂദരെ പൊതിയുമ്പോള്‍, ഒരു വന്‍കരയെ മുഴുവന്‍ സംരക്ഷിക്കാനാണ് യു എസ് ലക്ഷ്യമിടുന്നത്. അതിന്റെ പേരാണ് ഗോള്‍ഡന്‍ ഡോം. 9.8 ദശലക്ഷം ചതുരശ്ര കിലോമീറ്ററാണ് ഗോള്‍ഡന്‍ ഡോമിന്റെ പരിധി! കാനഡയും അതില്‍ ഉള്‍പ്പെടുന്നു. കാനഡയും അമേരിക്കന്‍ ഐക്യനാടുകളില്‍ ലയിക്കണമെന്ന് ട്രംപ് നേരത്തെ പറഞ്ഞത് ഇതുകൊണ്ട് കൂടിയാവണം. അയണ്‍ ഡോമിനേക്കാള്‍ 25 മടങ്ങ് വേഗതയുള്ള മിസൈലുകളെ നേരിടാന്‍ ശേഷിയുള്ളതായിരിക്കും ഗോള്‍ഡന്‍ ഡോം. അയണ്‍ ഡോമിന് ചില റോക്കറ്റുകള്‍ നഷ്ടപ്പെട്ടാലും വലിയ കുഴപ്പമില്ല. എന്നാല്‍ ഗോള്‍ഡന്‍ ഡോം തടയേണ്ടത് ആണവായുധങ്ങള്‍ വഹിക്കുന്ന മിസൈലുകളെ ആയതിനാല്‍ സീറോ-ഫെയിലിയര്‍ ആവശ്യമാണ്.

അയണ്‍ ഡോമിനേക്കാള്‍ നൂറുകണക്കിന് മടങ്ങ് ചെലവ് ഇതിന് പ്രതീക്ഷിക്കുന്നു. ഏകദേശം 175 ബില്യണ്‍ ഡോളര്‍ മുതല്‍ 3.6 ട്രില്യണ്‍ ഡോളര്‍വരെയാണ് ഇതിന്റെ ചെലവ്. അതായത് ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍, 16.08 ലക്ഷം കോടി മുതല്‍, 330.94 ലക്ഷം കോടിവരെ! 2025 ജനുവരി 27-ന് ട്രംപ് ഒപ്പിട്ട എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെയാണ് ഗോള്‍ഡന്‍ ഡോം പദ്ധതിക്ക് തുടക്കമിട്ടത്.

അമേരിക്ക വികസിപ്പിക്കുന്ന ലേസര്‍ വെപ്പണ്‍ സിസ്റ്റങ്ങള്‍ യുദ്ധരംഗത്തെ തന്നെ മാറ്റിമറിക്കാന്‍ പോകുന്നവയാണ്. ശത്രു ഡ്രോണുകളെ വെടിവെച്ചിടുന്നതിന് പകരം അവയുടെ സെന്‍സറുകളെ ലേസര്‍ ഉപയോഗിച്ച് അന്ധമാക്കുന്ന സംവിധാനംവരെ അമേരിക്ക വികസിപ്പിച്ച് കഴിഞ്ഞു. മിസൈലുകള്‍ സഞ്ചരിക്കുന്നതിനേക്കാള്‍ ലക്ഷക്കണക്കിന് മടങ്ങ് വേഗത്തില്‍ സഞ്ചരിച്ച് ലേസര്‍ ശത്രുവിനെ തകര്‍ക്കും. ലേസര്‍ രശ്മികള്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനോ അവ വരുന്നത് കേള്‍ക്കാനോ കഴിയില്ല. മിസൈലിന്റെ സെന്‍സറുകള്‍ മാത്രമോ അല്ലെങ്കില്‍ എഞ്ചിന്‍ മാത്രമോ ലക്ഷ്യം വെച്ച് തകര്‍ക്കാന്‍ സാധിക്കുന്ന അത്രയും കൃത്യത ഇതിനുണ്ട്. ഗോള്‍ഡന്‍ ഡോമില്‍ ഈ ലേസറുകള്‍ സാറ്റലൈറ്റുകളില്‍ ഘടിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതി. ഇതിലൂടെ മിസൈലുകള്‍ വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവയെ ബഹിരാകാശത്ത് വെച്ച് തന്നെ തകര്‍ക്കാന്‍ കഴിയും.

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കും ഗോള്‍ഡന്‍ ഡോമില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ശത്രു മിസൈല്‍ വിക്ഷേപിച്ചാലുടന്‍ ആ വിവരം സെക്കന്‍ഡുകള്‍ക്കുള്ളില്‍ അമേരിക്കന്‍ പ്രതിരോധ കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ സ്റ്റാര്‍ലിങ്കിന്റെ ആയിരക്കണക്കിന് സാറ്റലൈറ്റുകള്‍ക്ക് സാധിക്കും. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും വരാനിരിക്കുന്ന അത്യാധുനിക മിസൈല്‍ ഭീഷണികളെ നേരിടാനാണ് ഗോള്‍ഡന്‍ ഡോം കൊണ്ടുവരുന്നത്.




ഗോള്‍ഡന്‍ ഡോം പദ്ധതിയുടെ സുരക്ഷാ ആവശ്യങ്ങള്‍ക്കായി ഡാനിഷ് പ്രദേശമായ ഗ്രീന്‍ലന്‍ഡ് തന്ത്രപ്രധാനമാണെന്ന് ട്രംപ് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്നോ ചൈനയില്‍ നിന്നോ അമേരിക്ക ലക്ഷ്യമാക്കി വരുന്ന മിസൈലുകളുടെ ഏറ്റവും അടുത്ത സഞ്ചാരപഥം ആര്‍ട്ടിക് മേഖലയ്ക്കും ഗ്രീന്‍ലാന്‍ഡിനും മുകളിലൂടെയാണ്. അതിനാല്‍, ഈ മിസൈലുകളെ വളരെ നേരത്തെ കണ്ടെത്താനും തകര്‍ക്കാനും ഗ്രീന്‍ലാന്‍ഡ് ഏറ്റവും അനുയോജ്യമായ ഇടമാണ്. അതുകൊണ്ടുകൂടിയാണ്, ഗ്രീന്‍ലാന്‍ഡ് പിടിക്കുന്നതില്‍ ട്രംപ് ലക്ഷ്യം വെക്കുന്നത്. അമേരിക്കയുടെ ഈ പദ്ധതി മുന്‍ നിര്‍ത്തയാണ്, എന്തുകൊണ്ട് ഇന്ത്യക്കും ഒരു അയേണ്‍ ഡോമായിക്കുടാ എന്ന ലക്ഷ്യത്തിലേക്ക് മോദി സര്‍ക്കാര്‍ നീങ്ങുന്നത്.

വന്‍ നഗരങ്ങളെ രക്ഷിക്കുക

കഴിഞ്ഞ വര്‍ഷം ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമുള്ള അനുഭവം ഓര്‍മ്മയില്ലേ. പാക്കിസ്ഥാന്‍ ധാരാളം ഡ്രോണുകള്‍ ഇന്ത്യയിലേക്ക് അയച്ചു. പക്ഷേ ആകാശത്ത് അവയെല്ലാം തവിട്‌പൊടിയായത്, നാം ടെലിവിഷനില്‍ കണ്ട് ആസ്വദിച്ചു. പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് അയച്ച ഡ്രോണുകളെ പ്രതിരോധിക്കാന്‍ ഇന്ത്യ പ്രധാനമായും മള്‍ട്ടി ലെയേര്‍ഡ് എയര്‍ ഡിഫന്‍സ് സംവിധാനമാണ് ഉപയോഗിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശതീര്‍ എന്ന ഡിജിറ്റല്‍ സംവിധാനം വഴി ഡ്രോണുകളെയും മിസൈലുകളെയും കൃത്യമായി ട്രാക്ക് ചെയ്യാനും അവയെ തകര്‍ക്കാനും കഴിഞ്ഞു. ഒന്നും രണ്ടുമല്ല, പാകിസ്ഥാന്‍ അയച്ച 600-ഓളം ഡ്രോണുകളെയാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്. അതായത് ഇസ്രയേലിന്റെയും അമേരിക്കയുടെയും ഒന്നും സഹായമില്ലാതെ തന്നെ മിെൈസല്‍ പ്രതിരോധ സംവിധാനത്തില്‍ ഇന്ത്യന്‍ ആര്‍മി മുന്നിലാണ്.

പക്ഷേ അതുകൊണ്ടുമാത്രം ഒന്നുമാവുന്നില്ല. ഒരു യുദ്ധമുണ്ടായാല്‍ ഇന്ത്യയുടെ നഗരങ്ങളെ രക്ഷിക്കാനുള്ള പ്രതിരോധ പദ്ധതിക്കും രാജ്യം തുടക്കം കുറിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകത്ത് നടക്കുന്ന, വലിയതോതിലുള്ള ബഹിരാകാശആയുധ വിന്യാസത്തെ ഇന്ത്യയും ശ്രദ്ധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നമ്മുടെ സ്വന്തം മിസൈല്‍ പ്രതിരോധ പദ്ധതികളായ, എസ് 400, പൃഥി എയര്‍ ഡിഫന്‍സ് എന്നിവക്ക് വേഗത കൂട്ടാന്‍ പോവുകയാണ്. ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തമായതിനാല്‍, ഗോള്‍ഡന്‍ ഡോമിലെ ചില സാങ്കേതികവിദ്യകള്‍, പ്രത്യേകിച്ച് ലേസര്‍ സംവിധാനങ്ങള്‍ ഇന്ത്യയുമായി പങ്കിടാന്‍ അമേരിക്ക തയ്യാറായേക്കാം. ഇത് ചൈനയില്‍ നിന്നുള്ള ഭീഷണി നേരിടാന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയുടെയും ഇസ്രായേലിന്റെയും സാങ്കേതികവിദ്യകളോട് കിടപിടിക്കുന്ന ലേസര്‍ ആയുധങ്ങള്‍ ഇന്ന് ഇന്ത്യക്കുമുണ്ട്. ഡിആര്‍ഡിഒ ( ഡിഫസന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍) തദ്ദേശീയമായി വികസിപ്പിച്ച അത്യാധുനിക ലേസര്‍ ആയുധമാണ് ദുര്‍ഗ 2 വാണ് ഇതില്‍ പ്രധാനി. ഡയറക്ഷണലി അണ്‍ റെസ്ട്രിക്റ്റഡ് റേ -ഗണ്‍ അറേ എന്നതാണ് ദുര്‍ഗയുടെ പൂര്‍ണ്ണരൂപം. 'ദിശാനിയന്ത്രണമില്ലാത്ത കിരണാസ്ത്ര വ്യൂഹം' എന്ന നമുക്ക് വേണമെങ്കില്‍ തര്‍ജ്ജമ ചെയ്യാം. മിസൈലുകള്‍ക്ക് പകരം അതിശക്തമായ ലേസര്‍ രശ്മികള്‍ ഉപയോഗിച്ച് ശത്രുക്കളുടെ ഡ്രോണുകളെയും മിസൈലുകളെയും നിമിഷങ്ങള്‍ക്കുള്ളില്‍ ആകാശത്തുവെച്ച് ഉരുക്കിക്കളയാന്‍ ഇതിന് സാധിക്കും. ശബ്ദത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളെപ്പോലും തകര്‍ക്കാന്‍ ഇതിന് ശേഷിയുണ്ട്.



അതുപോലെ എസ്-400. റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയ ലോകത്തിലെ ഏറ്റവും മികച്ച മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ ഒന്നാണിത്.ഒരേസമയം 36 ലക്ഷ്യങ്ങളെ (മിസൈലുകള്‍ അല്ലെങ്കില്‍ വിമാനങ്ങള്‍) നേരിടാന്‍ ഇതിന് കഴിയും. 400 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുവിനെപ്പോലും ഇത് തകര്‍ക്കും. ചൈനയുടെയും പാകിസ്ഥാന്റെയും അതിര്‍ത്തികളില്‍ സുരക്ഷയ്ക്കായി ഇന്ത്യ ഇത് വിന്യസിച്ചിട്ടുണ്ട്.മറ്റൊന്നാണ് ബിഎംഡി എന്ന ബാലിസ്റ്റിക്ക് മിസൈല്‍ ഡിഫന്‍സ്. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത മിസൈല്‍ പ്രതിരോധ കവചമാണിത്. രണ്ട് തട്ടുകളുണ്ട് ഇതിന്. അന്തരീക്ഷത്തിന് പുറത്തുവെച്ച് മിസൈലുകളെ തകര്‍ക്കാന്‍ 'പ്രൃഥ്വി എയര്‍ ഡിഫന്‍സും' (പിഎഡി) അന്തരീക്ഷത്തിനുള്ളില്‍ വെച്ച് തകര്‍ക്കാന്‍ 'അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സും' (എഎഡി) ഉപയോഗിക്കുന്നു. ഇതൊക്കെയുണ്ടെങ്കിലും അതൊന്നും കുറ്റമറ്റ പ്രതിരോധമല്ല. പഴുതടച്ച ഒരു ഡിഫന്‍സ് എന്ന നിലയിലാണ് പുതിയ സംവിധാനങ്ങള്‍ വരുന്നത്.




മിഷന്‍ സുദര്‍ശന്‍ ചക്ര

ഭാരതത്തിന്റെ ആകാശസീമകളെയും തന്ത്രപ്രധാനമായ ഇടങ്ങളെയും സംരക്ഷിക്കുന്നതിനായി വിഭാവനം ചെയ്തിട്ടുള്ള അത്യാധുനിക പ്രതിരോധ പദ്ധതിയാണ് മിഷന്‍ സുദര്‍ശന്‍ ചക്ര. 2025 ആഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മള്‍ട്ടി-ലേയേര്‍ഡ് ഡിഫന്‍സ് ഷീല്‍ഡാണ് ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത.ശത്രുക്കളുടെ മിസൈലുകള്‍, ഡ്രോണുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയെ തടയാന്‍ ശേഷിയുള്ള ഒന്നിലധികം അടരുകളുള്ള ഒരു സുരക്ഷാ കവചമാണിത്. ഡിആര്‍ഡിഒ വികസിപ്പിക്കുന്ന ഈ പദ്ധതി പൂര്‍ണ്ണമായും ഇന്ത്യയില്‍ തന്നെ ഗവേഷണം നടത്തി നിര്‍മ്മിക്കുന്നതാണ്. ഇതിലൂടെ പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിടുന്നു.

എഐ ഉപയോഗിച്ച് ശത്രുക്കളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും തത്സമയം തിരിച്ചടിക്കാനും ഈ സംവിധാനത്തിന് സാധിക്കും. 2035-ഓടെ ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍, ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍ എന്നിവയ്ക്കെല്ലാം ഈ സുരക്ഷാ കവചം ഒരുക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വാള്‍ പോലെയും പരിചപോലെയും പ്രവര്‍ത്തിക്കുന്ന ഒന്നാണിത്. വെറുമൊരു പ്രതിരോധ കവചം മാത്രമല്ല, ശത്രു രാജ്യങ്ങളില്‍ നിന്ന് ആക്രമണമുണ്ടായാല്‍ കൃത്യമായ തിരിച്ചടി നല്‍കാനുള്ള പ്രത്യാക്രമണ ശേഷിയും ഇതിനുണ്ട്. ഇതിന്റെ ഭാഗമായുള്ള മിസൈല്‍ പരീക്ഷണങ്ങള്‍ 2026-ല്‍ ആരംഭിക്കാനാണ് രാജ്യം തയ്യാറെടുക്കുന്നത്.




മിഷന്‍ സുദര്‍ശന്‍ ചക്രയുടെ ഹൃദയമിടിപ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് എ ഐ സാങ്കേതികവിദ്യ. വെറുമൊരു മിസൈല്‍ വേധ സംവിധാനം എന്നതിലുപരി, ബുദ്ധിപരമായി ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും ശേഷിയുള്ള ഒരു ആര്‍ട്ടിഫിഷ്യല്‍ ബ്രയിന്‍ തന്നെയാണിത്. ഒരേസമയം നൂറുകണക്കിന് ഡ്രോണുകളോ മിസൈലുകളോ ആക്രമണം നടത്തിയാല്‍ , ഓരോന്നിനെയും നേരിടാന്‍ ഏത് മിസൈല്‍ ഉപയോഗിക്കണമെന്ന് എഐ നിമിഷനേരം കൊണ്ട് തീരുമാനിക്കുന്നു. ഇത് മനുഷ്യസാധ്യമായതിനേക്കാള്‍ വേഗത്തില്‍ പ്രതികരിക്കാന്‍ സഹായിക്കുന്നു. ശത്രുക്കളുടെ നീക്കങ്ങളും മിസൈലുകളുടെ പാതയും മുന്‍കൂട്ടി പ്രവചിക്കാന്‍ എഐ അല്‍ഗോരിതങ്ങള്‍ ഉപയോഗിക്കുന്നു. ഇത് ഭീഷണികള്‍ നമ്മുടെ ആകാശസീമയില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ശത്രുവിനെ തകര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ ആയുധം ഏതാണെന്ന് എഐ സ്വയം കണ്ടെത്തുന്നു. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള ഡിജിറ്റല്‍ ആക്രമണങ്ങളെയും ഹാക്കിങ് ശ്രമങ്ങളെയും എഐ ഉപയോഗിച്ച് സ്വയം പ്രതിരോധിക്കാന്‍ ഈ സംവിധാനത്തിന് കഴിയും. ഇതിനകം തന്നെ ഇന്ത്യയുടെ കൈവശമുള്ള ആകാശ്-എന്‍ജി, എസ്-400 പോലുള്ള സംവിധാനങ്ങള്‍ ഇതിലൂടെ കൂടുതല്‍ ഫലപ്രദമായി ഏകോപിപ്പിക്കപ്പെടുകയും ഇതിലുടെ നടക്കും. പക്ഷേ മിഷന്‍ സുദര്‍ശന്‍ ചക്രയുടെ ഏറ്റവും പ്രധാന ഭാഗം ഇതൊന്നുമല്ല. അതാണ് കുശ പ്രൊജക്റ്റ് എന്ന ഇന്ത്യയുടെ അയേണ്‍ ഡോം.

40,000 കോടിയുടെ 'പ്രോജക്റ്റ് കുശ'

ഇന്ത്യ സ്വന്തമായി വികസിപ്പിക്കുന്ന അത്യാധുനിക ദീര്‍ഘദൂര മിസൈല്‍ പ്രതിരോധ സംവിധാനമാണ് 'പ്രോജക്റ്റ് കുശ'. ഇത് പലപ്പോഴും ഇസ്രായേലിന്റെ അയണ്‍ ഡോമുമാായി താരതമ്യം ചെയ്യപ്പെടാറുണ്ട്. 350 കിലോമീറ്റര്‍ വരെ ദൂരെയുള്ള ഭീഷണികളെ ഇത് നേരിടും. ഒരു മിനി ഗോള്‍ഡന്‍ ഡോം തന്നെയാണിത്. പക്ഷേ അതിന് വലിയ ചെലവ് വേണ്ടിവരും. എന്നാലും അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഭാരതവും. 2022-ല്‍ കാബിനറ്റ് കമ്മിറ്റി ഈ പദ്ധതിക്ക് അനുമതി നല്‍കി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്ആണ് ഇതിന്റെ നിര്‍മ്മാണ പങ്കാളി. മിസൈലുകളുടെ ആദ്യഘട്ട പരീക്ഷണങ്ങള്‍ 2025-26 കാലയളവില്‍ നടക്കുമെന്നും 2028-2030 ഓടെ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. പ്രാരംഭ ഘട്ടത്തില്‍ അഞ്ച് സ്‌ക്വാഡ്രണുകള്‍ക്കായി ഏകദേശം 21,700 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.സിസ്റ്റം ഇന്റഗ്രേഷന്‍ ഘട്ടത്തില്‍ ഇത് 40,000 കോടി വരെയാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ശത്രുരാജ്യങ്ങളുടെ മിസൈലുകള്‍, ഡ്രോണുകള്‍, സ്റ്റെല്‍ത്ത് യുദ്ധവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍ എന്നിവയെ ആകാശത്തുവെച്ചുതന്നെ തകര്‍ക്കുക എന്നതാണ് ഇതിന്റെ പ്രധാന ദൗത്യം. ഇന്ത്യയുടെ വ്യോമാതിര്‍ത്തിക്ക് ഒരു കവചം പോലെ ഇത് പ്രവര്‍ത്തിക്കും. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് ഇത് വികസിപ്പിക്കുന്നത്. ഇതിന്റെ പ്രധാന സാങ്കേതിക സവിശേഷതയാണ് ത്രീ-ലെയര്‍ സിസ്റ്റം. ഇതില്‍ മൂന്ന് തരം മിസൈലുകള്‍ ഉണ്ടാകും. 150, 250, 350-400കിലോമീറ്റര്‍ പരിധിയുള്ളവയാണ് മിസൈലുകള്‍. ഏകദേശം 600 കിലോമീറ്റര്‍ ദൂരെയുള്ള ശത്രുനീക്കങ്ങള്‍ വരെ നിരീക്ഷിക്കാനും തിരിച്ചറിയാനും സാധിക്കുന്ന റഡാര്‍ സംവിധാനം ഇതിനുണ്ടാകും.: ഒരൊറ്റ മിസൈല്‍ ഉപയോഗിച്ച് ലക്ഷ്യം തകര്‍ക്കാനുള്ള സാധ്യത 85% ശതമാനത്തിന് മുകളിലായിരിക്കും. രണ്ട് മിസൈലുകള്‍ ഒരേസമയം പ്രയോഗിച്ചാല്‍ കൃത്യത 98.5% വരെ ഉയരും.




പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ കമ്പനികളും ചേര്‍ന്നാണ് പ്രോജക്റ്റ് കുശ മുന്നോട്ട് കൊണ്ടുപോകുന്നത്. ലാഴ്സണ്‍ ആന്‍ഡ് ടൂബ്രോ (L&T), ടാറ്റ ഡിഫന്‍സ് തുടങ്ങിയ മുന്‍നിര കമ്പനികള്‍, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡുമായി ചേര്‍ന്നാണ് ഈ പദ്ധതിയില്‍ പങ്കാളിയാവുന്നത്. ഈ സംവിധാനത്തിന് ആവശ്യമായ അത്യാധുനിക റഡാറുകള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ എന്നിവ വികസിപ്പിക്കുന്നത് ഭെല്‍ ആണ്.

ഇസ്രയേല്‍ ഇന്ത്യക്കൊപ്പം

ഇന്ത്യ നേരത്തെ പ്രഖ്യാപിച്ച പദ്ധതികളാണെങ്കിലും ഇസ്രയേലുമായി സൈനിക സഹകരണം ശക്തമാക്കിയതോടെയാണ്, ഈ പ്രോജക്റ്റുകള്‍ക്ക ജീവന്‍ വെക്കാന്‍ തുടങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഇസ്രയേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായി പുറത്തുവരുന്ന പ്രതിരോധ വാര്‍ത്തകള്‍ ഏഷ്യയിലെ ശക്തിസമവാക്യങ്ങളെ മാറ്റിമറിക്കുമെന്നാണ് വിലയിരുത്തല്‍. ഇസ്രയേലിന്റെ അതീവ രഹസ്യ മിസൈലായ 'ഗോള്‍ഡന്‍ ഹൊറൈസണും' വിഖ്യാതമായ 'അയണ്‍ ഡോം' സാങ്കേതികവിദ്യയും ഇന്ത്യയിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശത്രുക്കളുടെ പ്രതിരോധ കോട്ടകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള 'ഗോള്‍ഡന്‍ ഹൊറൈസണ്‍' മിസൈലുകള്‍ ഇന്ത്യ സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായും, ഇന്ത്യയുടെ സുരക്ഷയ്ക്കായി 'അയണ്‍ ഡോം' സാങ്കേതികവിദ്യ കൈമാറാന്‍ ഇസ്രയേല്‍ തയ്യാറാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സൈനിക ഉപകരണങ്ങള്‍ ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനുള്ള സഹകരണവും കരാറിന്റെ ഭാഗമാകും. ഇത് ഇന്ത്യന്‍ പ്രതിരോധ ഗവേഷണ മേഖലയ്ക്ക് വലിയ കുതിച്ചുചാട്ടം നല്‍കും.

വെറുമൊരു ആയുധ കൈമാറ്റത്തിനപ്പുറം, ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയെയും ഇസ്രയേലിനെയും ഉള്‍പ്പെടുത്തി ഒരു പുതിയ ആഗോള പ്രതിരോധ സഖ്യം രൂപീകരിക്കാനും ഇസ്രയേല്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയുമായി ശക്തമായ ബന്ധം പുലര്‍ത്തുന്ന ഗീസ്, സൈപ്രസ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവരടങ്ങുന്ന ഒരു പുതിയ സുരക്ഷാ ശൃംഖലയാണ് ഇസ്രയേലിന്റെ ലക്ഷ്യം.

ആകാശത്തുനിന്ന് വിക്ഷേപിക്കാവുന്ന ഒരു ബാലിസ്റ്റിക് മിസൈലായഗോള്‍ഡന്‍ ഹൊറൈസണ്‍ യുദ്ധവിമാനങ്ങളില്‍ ഘടിപ്പിച്ച് ശത്രുവിന്റെ അതിര്‍ത്തിക്ക് പുറത്തുനിന്നുതന്നെ വിക്ഷേപിക്കാന്‍ സാധിക്കും. ഇസ്രയേല്‍ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന മിസൈലാണിത്. ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് യുദ്ധവിമാനങ്ങളില്‍ ഈ മിസൈല്‍ ഘടിപ്പിക്കുന്നതോടെ ഇന്ത്യയുടെ പ്രഹരശേഷി ഇരട്ടിയാകും. സാധാരണ ബാലിസ്റ്റിക് മിസൈലുകള്‍ ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുമ്പോള്‍ ശത്രു ഉപഗ്രഹങ്ങള്‍ക്ക് അവ കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ വിമാനത്തില്‍ നിന്ന് വിക്ഷേപിക്കുന്ന ഗോള്‍ഡന്‍ ഹൊറൈസണ്‍ എവിടെ നിന്ന് വരുമെന്ന് പ്രവചിക്കാന്‍ ശത്രുക്കള്‍ക്ക് സാധിക്കില്ല. 1,500 മുതല്‍ 2,000 കിലോമീറ്റര്‍ വരെയാണ് ദൂരപരിധി. ഇന്ത്യന്‍ അതിര്‍ത്തി കടക്കാതെ തന്നെ ചൈനയുടെയും പാക്കിസ്ഥാന്റെയും തന്ത്രപ്രധാന കേന്ദ്രങ്ങളെ തകര്‍ക്കാന്‍ ഇതിലൂടെ സാധിക്കും!




ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ ചൈനയുടെയും പാക്കിസ്ഥാന്റെയും മിസൈല്‍ ശേഷിയുമായി ഗോള്‍ഡന്‍ ഹൊറൈസണെ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ നേടുന്ന മേല്‍ക്കൈ വ്യക്തമാണ്. ഇസ്രയേലിന്റെ അതീവ രഹസ്യമായ 'സില്‍വര്‍ സ്പാരോ' മിസൈലിന്റെ പരിഷ്‌കരിച്ച രൂപമായാണ് പ്രതിരോധ വിദഗ്ധര്‍ ഇതിനെ കാണുന്നത്. ഈ മിസൈല്‍ ഇന്ത്യയ്ക്ക് നല്‍കാന്‍ ഇസ്രയേല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. .ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍, ഗോള്‍ഡണ്‍ ഹൊറൈസണ്‍ മിസൈല്‍ സാങ്കേതികവിദ്യ ലഭിക്കുന്ന ആദ്യ രാജ്യമാകും ഇന്ത്യ. 2,000 കിലോമീറ്റര്‍ പരിധി എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് വിക്ഷേപിച്ചാല്‍ പാക്കിസ്ഥാനിലെ ഏത് നഗരവും ലക്ഷ്യം വെക്കാം. ബാലിസ്റ്റിക് മിസൈലുകള്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലൂടെ അതിവേഗം വരുന്നതിനാല്‍ അവയെ വെടിവെച്ചിടാന്‍ നിലവിലെ പല മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്കും കഴിയില്ല. ഇന്ത്യയുടെ പക്കല്‍ നിലവിലുള്ള ബ്രഹ്‌മോസ് മിസൈലുകള്‍ക്ക് 300-500 കി.മീ പരിധിയാണുള്ളത്. ഇതിനൊപ്പം ഗോള്‍ഡന്‍ ഹൊറൈസണ്‍ കൂടി ചേരുന്നതോടെ ദീര്‍ഘദൂര ആക്രമണങ്ങളില്‍ ഇന്ത്യക്ക് ഏഷ്യയില്‍ തന്നെ അജയ്യമായ സ്ഥാനം ലഭിക്കും.

പാകിസ്ഥാന്റെ ഷഹീന്‍ മിസൈലുകള്‍ നിലത്തുനിന്ന് വിക്ഷേപിക്കുന്നവയാണ്. ഇവയുടെ സ്ഥാനങ്ങള്‍ ഉപഗ്രഹങ്ങള്‍ വഴി കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍ ഗോള്‍ഡന്‍ ഹൊറൈസണ്‍ വഹിക്കുന്ന ഒരു വിമാനം എവിടെ നിന്ന് എപ്പോള്‍ മിസൈല്‍ തൊടുക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതിവേഗത്തില്‍ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലൂടെ വരുന്ന ഗോള്‍ഡന്‍ ഹൊറൈസണ്‍ തടയാന്‍ നിലവിലെ മിസൈല്‍ വിരുദ്ധ സംവിധാനങ്ങള്‍ക്ക് കഴിയില്ല. ചൈനയുടെ അതിശക്തമായ എയര്‍ ഡിഫന്‍സ് സംവിധാനങ്ങളെപ്പോലും മറികടന്ന് ലക്ഷ്യസ്ഥാനത്ത് എത്താന്‍ ഈ ഇസ്രയേല്‍ മിസൈലിന് സാധിക്കും. ഹിമാലയന്‍ അതിര്‍ത്തികളില്‍ നിന്ന് വിക്ഷേപിച്ചാല്‍ ചൈനയുടെ ഉള്‍പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങള്‍ വരെ ഇന്ത്യയുടെ പരിധിയിലാകും. ചൈനയുടെ ഹിമാലയന്‍ അതിര്‍ത്തികളിലെ പ്രതിരോധത്തെപ്പോലും നിഷ്പ്രഭമാക്കാന്‍ ഇന്ത്യയ്ക്ക് ഇതിലൂടെ സാധിക്കുമെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു. ഇതോടെ ഫലത്തില്‍ അജയ്യശക്തിയായി മാറുകയാണ്് ഇന്ത്യ ചെയ്യുന്നത്.

വാല്‍ക്കഷ്ണം: സാമ്പത്തികമായി തകര്‍ന്നുതരിപ്പണമായ പാക്കിസ്ഥാനല്ല ഇന്ത്യയുടെ എക്കാലത്തെയും പേടി സ്വപ്നം. 62-ല്‍ ഇന്ത്യയെ അടിച്ചിട്ട ചൈനയാണ്. ഈ പുതിയ സംവിധാനങ്ങള്‍ വന്നുകഴിഞ്ഞാല്‍, പിന്നെ ചൈനയെ തവിടുപൊടിയാക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്!

Tags:    

Similar News