'മുസ്ലീങ്ങള്‍ക്ക് ഹിന്ദു കാഫിര്‍, കൂറ് രാജ്യത്തോടല്ല വിശ്വാസത്തോട്; മാപ്പിള ലഹളയിലും ഗര്‍ഭിണികളുടെ വയറുകീറി'; ഇസ്ലാം ലോക സമാധാനത്തിനു ഭീഷണിയെന്നും ഡോ ബി ആര്‍ അംബേദ്ക്കര്‍; 'പാക്കിസ്ഥാന്‍ ഓര്‍ ദി പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ എന്ന പുസ്തകം കേരളവും ചര്‍ച്ചചെയ്യുമ്പോള്‍

Update: 2025-12-05 06:07 GMT

കേരളത്തിലെ സോഷ്യല്‍ മീഡിയക്ക് ഡോ ബി ആര്‍ അംബ്ദേക്കര്‍ തീപ്പിടിപ്പിക്കുന്ന സമയമാണിത്. എവിടെ നോക്കിയാലും അംബേദ്ക്കര്‍ ചര്‍ച്ച. അതിനു കാരണഭൂതനായതാവട്ടെ, മലയാള മനോരമ ദിവസങ്ങള്‍ക്ക് മുമ്പ് സംഘടിപ്പിച്ച 'ഹോര്‍ത്തൂസ്' എന്ന ലിറ്ററേച്ചര്‍ ഫെസ്റ്റിവലാണ്. അവിടെ രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരും, ദലിത് ആക്റ്റീവിസ്റ്റുകളായ സണ്ണി കപിക്കാട്, ഡോ. ടി എസ് ശ്യാംകുമാര്‍, ഡോ മായാ പ്രമോദ് എന്നിവര്‍ പങ്കെടുത്ത, 'അംബേദ്ക്കറെ എങ്ങനെ വായിക്കണം' എന്ന ചര്‍ച്ച ബഹളത്തിലാണ് അവസാനിച്ചത്. ശ്രീജിത്ത് പണിക്കര്‍ക്ക് സംസാരിക്കാനുള്ള സമയം മോഡറേറ്റര്‍ കൂടിയായ ഡോ മായാ പ്രമോദ്് അനുവദിക്കാത്തതായിരുന്നു പ്രധാന തര്‍ക്ക വിഷയം.

അതോടൊപ്പം അംബേദ്ക്കറുടെ ഹിന്ദുത്വ വിമര്‍ശനങ്ങളും, അദ്ദേഹം മനുസ്മൃതി കത്തിച്ചതുമെല്ലാം, കപിക്കാടും ശ്രീകുമാറും കൃത്യമായ വിമര്‍ശിച്ചപ്പോള്‍, അവര്‍ പറയാന്‍ ഭയക്കുന്ന, അംബേദ്ക്കര്‍ നടത്തിയ ഇസ്ലാമിക വിമര്‍ശനങ്ങളാണ് ശ്രീജിത്ത് പണിക്കര്‍ എടുത്തിട്ടത്. പക്ഷേ ഇത് സംസാരിക്കാനുള്ള സമയം പോലും കൊടുക്കാതെ, സംഘാടകര്‍ പരിപാടി അവസാനിപ്പിക്കാന്‍ നിര്‍ബന്ധിച്ചതാണ് വിവാദമായത്. എന്നാല്‍ ശ്രീജിത്ത് പണിക്കരാവട്ടെ തനിക്ക് സമയം കട്ടിയിട്ടില്ലെന്നും, പറയാനുള്ളത് പറേഞ്ഞ പോവുവെന്നും പറഞ്ഞ് തന്റെ നിലപാടുകള്‍ അതി ശക്തമായി അവതരിപ്പിച്ചു.

അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പെയ്തുകൊണ്ടിരിക്കുന്നത്. വര്‍ണ്ണാശ്രമ വ്യവസ്ഥയെ അടക്കം ശക്തമായി എതിര്‍ത്ത ഡോ ബി ആര്‍ അംബേദ്ക്കര്‍, ഹിന്ദുമതത്തെപ്പോലെ തന്നെ അതിശക്തമായി ഇസ്ലാമിനെയും വിമര്‍ശിച്ചിരുന്നുവെന്നത് ഇവിടുത്തെ, ആധുനിക അംബേദ്ക്കറ്റെറുകളും, ഇടതുപക്ഷവും മറച്ചുപിടിക്കുന്ന കാര്യമാണ്. അതാണ് കേരളത്തിലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 'പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷന്‍ ഓഫ് ഇന്ത്യ' എന്ന പേരില്‍ അംബേദ്ക്കറുടെ എഴുത്തുകളും പ്രഭാഷണങ്ങളും സമാഹരിച്ച് ഇറക്കിയ പുസ്തകത്തില്‍ അതിശക്തമായ ഇസ്ലാമിക വിമര്‍ശനങ്ങളാണ് അംബേദ്ക്കര്‍ നടത്തുന്നത്.


പാക്കിസ്ഥാന്‍ ഓര്‍ ദി പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ

ഡോ ബി ആര്‍ അംബേദ്ക്കര്‍! ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി എന്നാണ്, നമ്മുടെ മനസ്സിലേക്ക് വരുന്ന ചിത്രം. അത് വലിയ നേട്ടം തന്നെയാണ്. പക്ഷേ അതില്‍ എത്രയോ അപ്പുറത്താണ് അംബേദ്ക്കറുടെ സേവനങ്ങള്‍. ഹിന്ദുസ്ത്രീക്ക് സ്വത്തവകാശം ഉറപ്പുവരുത്തിയ ഹിന്ദു കോഡ് ബില്‍ എഴൂതിയത്, ഇന്ത്യയിലുടനീളം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകള്‍ സ്ഥാപിക്കുവാന്‍ മുന്‍കൈ എടുത്തത്്, തൊഴില്‍ സമയം 14 മണിക്കൂറില്‍ നിന്നും 8 ആകുവാനുള്ള തീരുമാനം എടുത്തത്, റിസര്‍വ് ബാങ്കുവരെയുള്ള ആശയത്തിന ബീജപാവം ചെയ്തത്്.... അങ്ങനെ പോകുന്ന അംബേദ്ക്കറുടെ നേട്ടങ്ങള്‍.

ജാതിവ്യവസ്ഥക്കെതിരെ തന്റെ ജീവിതകാലം മുഴുവന്‍ പേരാടിയ വ്യക്തികൂടിയായിരുന്നു അദ്ദേഹം. അംബേദ്ക്കര്‍ ഒരു ഹിന്ദുത്വ വിരുദ്ധനായിരുന്നു എന്നകാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായമൊന്നുമില്ല. 'ഞാന്‍ ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായി മരിക്കില്ല' എന്നത് അദ്ദേഹത്തിന്റെ വാശിയായിരുന്നു. മനുസ്മൃതി പരസ്യമായി കത്തിക്കാനുള്ള ധൈര്യവും ബാബാ സാഹിബ് കാട്ടി. തുടക്കം മുതലേ, മുസ്ലീം നേതാക്കളുമായി നല്ല ബന്ധമാണ് അംബേദ്ക്കറിന് ഉണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ പദ്ധതികള്‍ക്ക് ഹൈദരാബാദ് നൈസാം വലിയൊരു തുകയാണ് നീക്കിവെച്ചത്. ഹിന്ദു നേതാക്കളുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പുണ്ടായിരിക്കെ ഭരണഘടനാ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ കിഴക്കന്‍ ബംഗാളിലെ മുസ്ലിംകളാണ് അംബേദ്കറെ സഹായിച്ചത്. ദലിതരുടെ ഉന്നതിക്ക്വേണ്ടിയുള്ള അദ്ദേഹത്തിന്റെ പേരാട്ടാത്തില്‍ ഇന്ത്യയിലെ പ്രമുഖരായ മുസ്ലീം നേതാക്കളും ഒപ്പമുണ്ടായിരുന്നു. ഗ്രാമത്തിലെ കുടിവെള്ള ടാങ്കുകള്‍ ദലിതുകള്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടിയുള്ള മഹര്‍ ടാങ്ക് പ്രക്ഷോഭത്തില്‍ ഇതു പ്രത്യക്ഷമായിരുന്നു. ഉന്നത ജാതിക്കാരുടെ ആധിപത്യത്തിനെതിരെ ജിന്നയുമായും മുസ്ലിംലീഗുമായും അംബേദ്കര്‍ വളരെയടുത്ത് സഹകരിച്ചിരുന്നു. എന്നാല്‍ പൊളിറ്റിക്കല്‍ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അംബേദ്ക്കര്‍ രണ്ടായിട്ടാണ് കണ്ടതും.

അന്ന് ദലിതര്‍, ഈ ദുഷിച്ച ജാതി വ്യവസ്ഥയില്‍നിന്ന് മാറുന്നതിനായി മതംമാറ്റമടക്കം നടത്തിയിരുന്നു. എന്നാല്‍ ഏത് മതം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുന്നതിന് മുമ്പ്, അംബേദ്കര്‍ക്ക് ഒരു കാര്യത്തില്‍ ഉറപ്പുണ്ടായിരുന്നു. താന്‍ മാറുന്ന മതം ഇന്ത്യന്‍ മണ്ണില്‍ നിന്നായിരിക്കുമെന്നും മറ്റെവിടെയെങ്കിലും വേരുകള്‍ ഉള്ള മതമായിരിക്കില്ലെന്നും. അങ്ങനെയാണ് മറ്റ് മതങ്ങളെയും ആബ്രഹാമിക് വിശ്വാസങ്ങളെയും അദ്ദേഹം ആഴത്തില്‍ പഠിച്ചത്. അവയെന്നും ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യവും ബഹുസ്വരവുമായ സ്വഭാവവുമായി പൊരുത്തപ്പെടുന്നില്ലെന്നും അംബേദ്ക്കര്‍ കണ്ടെത്തി.

ഒരുപാട് മതങ്ങളെ പഠിച്ചശേഷമാണ് അംബേദ്ക്കര്‍ ബുദ്ധനിലേക്ക്് അടുക്കുന്നത്. സെമിറ്റിക്ക് മതങ്ങളുടെ ദൃഢത ഇല്ലാത്തതായിരുന്നു ആ മതം. ബുദ്ധനെ സാമൂഹ്യനീതിയുടെയും മോചനത്തിന്റെയും കര്‍തൃത്വമായി അംബേദ്കര്‍ ആവിഷ്‌കരിക്കുന്നുണ്ട്. മാത്രമല്ല 'പാപം' പരിധികള്‍ നിര്‍ണ്ണയിക്കുന്ന ക്രിസ്തീയ വഴിയും, 'ഭയം' ശക്തമായ സാന്നിധ്യമായ ഇസ്ലാമിക വഴികളും തന്നെ ആകര്‍ഷിക്കുവാനുള്ള സാധ്യത കുറവായിരുന്നു എന്ന് അംബേദ്ക്കര്‍ എഴുതിയിട്ടുണ്ട്.

മൂന്ന് അബ്രഹാമിക് വിശ്വാസങ്ങളില്‍, അംബേദ്കര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിച്ചത് ഇസ്ലാമിനെയാണ്. ഇന്ത്യാ വിഭജനത്തെക്കുറിച്ചും ഇസ്ലാമിനെയും കുറിച്ചുള്ള അംബേദ്കറുടെ ചിന്തകളുടെ സംഗ്രഹമായ 'പാകിസ്ഥാന്‍ ഓര്‍ ദി പാര്‍ട്ടിഷന്‍ ഓഫ് ഇന്ത്യ' എന്ന പുസ്തകം 1940ലാണ് പ്രസിദ്ധീകരിച്ചത്. 1945ലും 194 ലും തുടര്‍ന്നുള്ള പതിപ്പുകള്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ രചനകളുടെയും പ്രസംഗങ്ങളുടെയും ഒരു സമാഹാരമായ ഈ പുസ്തകം, ഇസ്ലാമിനെക്കുറിച്ച് അംബേദ്കര്‍ എന്താണ് ചിന്തിച്ചതെന്ന് അമ്പരപ്പിക്കുന്ന ഒരു വിവരണംകൂടിയാണ്. ഇന്നത്തെ തീവ്ര ഇസ്ലാമിസ്റ്റുകള്‍ക്കിടയില്‍ അദ്ദേഹത്തിന് 'ഇസ്ലാമോഫോബിക്' എന്ന മുദ്ര ചാര്‍ത്താന്‍ സാധ്യതയുള്ള ചിന്തകളാണ് ഇവ. പക്ഷേ തന്റെ ബോധ്യങ്ങളില്‍നിന്നും പഠനത്തില്‍നിന്നു കണ്ടെത്തിയ കാര്യങ്ങള്‍ വിളിച്ചു പറയാന്‍ അദ്ദേഹത്തിന് യാതൊരു ഭയവും ഉണ്ടായിരുന്നില്ല.


'മുസ്ലീങ്ങള്‍ക്ക് ഹിന്ദു കാഫിര്‍'

പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ എന്ന കൃതിയില്‍ അംബേദ്്ക്കര്‍ ഖുര്‍ആനെ 'മാനവരാശിയുടെ ശത്രു' (പേജ്.156) എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്. 'ഇസ്ലാം ലോക സമാധാനത്തിനു ഭീഷണി'യെന്നും അംബേദ്ക്കര്‍ എഴുതിയിട്ടുണ്ട്. ഹിന്ദു മതത്തിന് പ്രശ്‌നങ്ങളേക്കാള്‍ കൂടുതല്‍ ഇസ്ലാമിന് ഉണ്ട് എന്നാണ് അംബേദ്കര്‍ പറഞ്ഞത്. തിരുത്തലുകള്‍ക്ക് ഹിന്ദുക്കള്‍ സന്നദ്ധരാണ് എന്നാല്‍ മുസ്ലീങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. ''ഹിന്ദുവിന് അവരുടേതായ സാമൂഹിക തിന്മകളുണ്ട്. എന്നാല്‍ അവയില്‍ ആശ്വാസം നല്‍കുന്ന ഒരു സവിശേഷതയുണ്ട്. അതായത്, അവരില്‍ ചിലര്‍ തങ്ങളുടെ നിലനില്‍പ്പിനെക്കുറിച്ച് ബോധവാന്മാരാണ്, അവരില്‍ ചിലര്‍ അവയെ നീക്കം ചെയ്യുന്നതിനായി സജീവമായി പ്രക്ഷോഭം നടത്തുന്നു. മറുവശത്ത്, മുസ്ലീങ്ങള്‍ തങ്ങള്‍ തിന്മകളാണെന്ന് തിരിച്ചറിയുന്നില്ല, അതിനാല്‍ അവ നീക്കം ചെയ്യുന്നതിനായി പ്രക്ഷോഭം നടത്തുന്നില്ല''- അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടുന്നു.

മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള മുസ്ലീങ്ങളുടെ സാഹോദര്യമാണ് ഇസ്ലാമിലൂടെ നടക്കുന്നത് എന്നും, അതിന്റെ പ്രയോജനം ആ കൂട്ടത്തിലുള്ളവര്‍ക്ക് മാത്രമായി ഒതുങ്ങുന്നുവെന്നും അംബേദ്ക്കര്‍ 'പാക്കിസ്ഥാന്‍ ഓര്‍ പാര്‍ട്ടീഷ്യന്‍ ഓഫ് ഇന്ത്യ' യില്‍ നിരീക്ഷിക്കുന്നു. ഈ കൂട്ടത്തിനു പുറത്തുള്ളവരോട് അവര്‍ക്ക് അവജ്ഞയും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''ഹിന്ദുമതം ആളുകളെ ഭിന്നിപ്പിക്കുന്നു എന്ന് പറയപ്പെടുന്നു, അതിനു വിപരീതമായി ഇസ്ലാം ആളുകളെ ഒരുമിച്ച് ബന്ധിപ്പിക്കുന്നു എന്നും പറയപ്പെടുന്നു. ഇത് ഒരു അര്‍ദ്ധ സത്യം മാത്രമാണ്. എന്തെന്നാല്‍, ഇസ്ലാം അത് ബന്ധിപ്പിക്കുന്നതുപോലെ അഭേദ്യമായി വിഭജിക്കുന്നു. ഇസ്ലാം ഒരു കൂട്ടമാണ്. ഇസ്ലാമില്‍ മുസ്ലീങ്ങളും അമുസ്ലിങ്ങളും തമ്മിലുള്ള വേര്‍തിരിവ് യാഥാര്‍ഥ്യമാണ്. ഇസ്ലാമിന്റെ സാഹോദര്യം മനുഷ്യന്റെ സാര്‍വത്രിക സാഹോദര്യമല്ല. അത് മുസ്ലീങ്ങള്‍ക്ക് മാത്രമുള്ള മുസ്ലീങ്ങളുടെ സാഹോദര്യമാണ്. ഒരു സാഹോദര്യമുണ്ട്, എന്നാല്‍ അതിന്റെ പ്രയോജനം ആ കൂട്ടത്തിലുള്ളവര്‍ക്ക് മാത്രമായി ഒതുങ്ങുന്നു. ഈ കൂട്ടത്തിനു പുറത്തുള്ളവരോട് അവജ്ഞയും വിദ്വേഷവുമല്ലാതെ മറ്റൊന്നുമില്ല.''- അംബേദ്ക്കര്‍ വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക്, ഒരു ഹിന്ദു ഒരു കാഫിറാണ്, അതിനാല്‍, ബഹുമാനത്തിനും തുല്യ പരിഗണനയ്ക്കും അര്‍ഹനല്ലെന്നും അംബേദ്കര്‍ എഴുതിയിട്ടുണ്ട്.

കേന്ദ്രത്തിലെ ഒരു ഹിന്ദു ഭൂരിപക്ഷ സര്‍ക്കാരിനോടുള്ള മുസ്ലീങ്ങളുടെ അനുസരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അംബേദ്കര്‍ ഇങ്ങനെ പറയുന്നു. -'' ഹിന്ദു ഭൂരിപക്ഷം ഭരിക്കുന്ന ഒരു സര്‍ക്കാരിന്റെ അധികാരം മുസ്ലീങ്ങള്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് അസംഭവ്യമാണ്. കാരണം അവര്‍ക്ക് ഹിന്ദുക്കള്‍ കാഫിറുകളാണ്, അതിനാല്‍ അവരെ ബഹുമാനിക്കാന്‍ അര്‍ഹതയില്ലാത്തവരും ഭരിക്കാന്‍ അര്‍ഹതയില്ലാത്തവരുമാണ്. അതുകൊണ്ടാണ് ഒരു കാഫിര്‍ ഭരിക്കുന്ന ഒരു രാജ്യം ഒരു മുസല്‍മാന് ദാര്‍-ഉല്‍-ഹര്‍ബ് (യുദ്ധത്തിന്റെ വാസസ്ഥലം) ആയി കണക്കാക്കുന്നത്. ഇത് കണക്കിലെടുക്കുമ്പോള്‍, മുസ്ലീങ്ങള്‍ ഒരു ഹിന്ദു ഗവണ്‍മെന്റിനെ അനുസരിക്കില്ലെന്ന് തെളിയിക്കാന്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്ന് അംബേദ്ക്കാര്‍ പറയുന്നു.


'മുസ്ലിമിന്റെ കൂറ് രാജ്യത്തോടല്ല'

തുടര്‍ന്നുള്ള പേജുകളിലും അംബ്ദേ്ക്കര്‍ അതിനിശിതമായ വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. അംബേദ്കറുടെ അഭിപ്രായത്തില്‍, ഒരു യഥാര്‍ത്ഥ മുസ്ലീമിനെ ഇന്ത്യയെ തന്റെ മാതൃരാജ്യമായി സ്വീകരിക്കാന്‍ ഇസ്ലാം അനുവദിക്കുമായിരുന്നില്ല. അത് സംഭവിക്കണമെങ്കില്‍, ഇസ്ലാമിക ഭരണം സ്ഥാപിക്കേണ്ടത് അനിവാര്യമായിരുന്നു. ഇന്ത്യ ഒരു ഹിന്ദു ഭൂരിപക്ഷ രാഷ്ട്രമായതിനാല്‍ ഇത് ഒരു അടഞ്ഞ സാധ്യതയായിരുന്നു. അതിനാല്‍, ഒരു മുസ്ലീമിന് ഇന്ത്യ ഒരിക്കലും അവന്റെ മാതൃരാജ്യമാകാന്‍ കഴിയില്ലെന്ന് അംബ്ദേക്കര്‍ പറയുന്നു. മുസ്ലീം ലീഗ് മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ആണിക്കല്ലായിരുന്നു ഇതെന്നും, ഈ ആശയമാണ്് രാജ്യത്തിന്റെ വിഭജനത്തിലേക്ക് നയിച്ചുവെച്ചും അദ്ദേഹം നിരീക്ഷിക്കുന്നു.

വിശുദ്ധ ഖുര്‍ആനിന്റെ പഠിപ്പിക്കലുകള്‍ സ്ഥിരതയുള്ള ഒരു ഗവണ്‍മെന്റിന്റെ നിലനില്‍പ്പ് മിക്കവാറും അസാധ്യമാക്കി എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടു.-'' ഇസ്ലാമിന്റെ രണ്ടാമത്തെ പോരായ്മ, അത് ഒരു സാമൂഹിക സ്വയംഭരണ സംവിധാനമാണ്, അത് പ്രാദേശിക ഭരണവുമായി പൊരുത്തപ്പെടുന്നില്ല എന്നതാണ്. കാരണം ഒരു മുസ്ലിമിന്റെ വിധേയത്വം അവന്റെ രാജ്യത്തുള്ള അവന്റെ വാസസ്ഥലത്തോടല്ല, മറിച്ച് അവന്റെ വിശ്വാസത്തോടാണ്. ഇസ്ലാമിന്റെ ഭരണം എവിടെയുണ്ടോ അവിടെയാണ് അവന്റെ രാജ്യം. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു യഥാര്‍ത്ഥ മുസ്ലീമിനെ ഇന്ത്യയെ മാതൃരാജ്യമായി സ്വീകരിക്കാനും ഒരു ഹിന്ദുവിനെ തന്റെ ബന്ധുവായി കണക്കാക്കാനും ഇസ്ലാം ഒരിക്കലും അനുവദിക്കില്ല.''- അംബേദ്ക്കര്‍ എഴുതി.

''മുസ്ലിം ഭരണത്തിന് കീഴിലല്ലാത്ത ഒരു രാജ്യത്ത്, മുസ്ലീം നിയമവും രാജ്യത്തെ നിയമവും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നിടത്തെല്ലാം, മുസ്ലീം നിയമം രണ്ടാമത്തേതിനെക്കാള്‍ വിജയിക്കും. മുസ്ലീം നിയമം അനുസരിക്കുന്നതിലും രാജ്യത്തെ നിയമം ലംഘിക്കുന്നതിലും ന്യായീകരിക്കപ്പെടും എന്ന് പറയുന്ന ഇസ്ലാമിന്റെ തത്വം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മുസ്ലീമിന്, അത് സിവിലിയനോ പട്ടാളക്കാരനോ ആകട്ടെ, ഒരു മുസ്ലീമിന് കീഴിലോ അമുസ്ലിം ഭരണകൂടത്തിന് കീഴിലോ ജീവിക്കാം. പക്ഷേ അവന്റെ വിശ്വസ്തത ഖുര്‍ആന്‍ കല്‍പ്പിച്ചിരിക്കുന്ന ഏക ദൈവത്തോടും അവന്റെ പ്രവാചകനോടുമായിരിക്കണം. വിശുദ്ധ ഖുര്‍ആനിന്റെ പഠിപ്പിക്കലുകള്‍ സ്ഥിരതയുള്ള ഒരു ഗവണ്‍മെന്റിന്റെ നിലനില്‍പ്പ് അസാധ്യമാക്കി എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടു. ഒരു രാജ്യം മുസ്ലീങ്ങള്‍ക്ക് മാതൃരാജ്യമാകുമ്പോഴും അങ്ങനെയല്ലാത്തപ്പോഴും നിര്‍ദ്ദേശിക്കുന്ന മുസ്ലീം തത്വങ്ങളാണ് അദ്ദേഹത്തെ കൂടുതല്‍ ആശങ്കാകുലനാക്കിയത്.

'' മുസ്ലീം നിയമമനുസരിച്ച്, ലോകം രണ്ട് ക്യാമ്പുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു, ദാര്‍-ഉല്‍-ഇസ്ലാം (ഇസ്ലാമിന്റെ വാസസ്ഥലം), ദാര്‍-ഉല്‍-ഹര്‍ബ് (യുദ്ധത്തിന്റെ വാസസ്ഥലം). മുസ്ലീങ്ങള്‍ ഭരിക്കുമ്പോള്‍ ഒരു രാജ്യം ദാര്‍-ഉല്‍-ഇസ്ലാമാണ്. മുസ്ലീങ്ങള്‍ അവിടെ മാത്രം താമസിക്കുകയും അതിന്റെ ഭരണാധികാരികളല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ഒരു രാജ്യം ദാര്‍-ഉല്‍-ഹര്‍ബ് ആണ്. മുസ്ലീങ്ങളുടെ കാനോന്‍ നിയമമനുസരിച്ച്, ഇന്ത്യ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും പൊതുവായ മാതൃരാജ്യമാകാന്‍ കഴിയില്ല. അത് മുസ്ലീങ്ങളുടെ നാടാകാം. പക്ഷേ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും തുല്യരായി ജീവിക്കുന്നവരുടെയും നാടാകാന്‍ കഴിയില്ല. കൂടാതെ, മുസ്ലീങ്ങള്‍ ഭരിക്കുമ്പോള്‍ മാത്രമേ അത് മുസ്ലീങ്ങളുടെ നാടാകാന്‍ കഴിയൂ. ഒരു അമുസ്ലീം ശക്തിയുടെ അധികാരത്തിന് വിധേയമാകുന്ന നിമിഷം, അത് ദാര്‍-ഉല്‍-ഹര്‍ബ് ആയി മാറുന്നു''- അംബേദ്ക്കര്‍ തുറന്നടിക്കുന്നു.


ജിഹാദ് എന്ന കടമ

ഇസ്ലാമിക പഠിപ്പിക്കലുകള്‍ അനുസരിച്ച്, ലോകം രണ്ട് ദ്വന്ദ്വങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. മുസ്ലീം, മുസ്ലീം ഇതര രാജ്യങ്ങള്‍. ഈ വിഭജനമാണ് ഇസ്ലാമിക ജിഹാദ് എന്ന തീവ്രവാദ ആശയത്തിന്റെ അടിസ്ഥാനമെന്ന് അംബേദ്ക്കര്‍ വിശദീകരിക്കുന്നു. മുസ്ലീം ഇതര ദേശങ്ങളെ വിവരിക്കാന്‍ ഉപയോഗിച്ചിരുന്ന ദാര്‍-ഉല്‍-ഹര്‍ബ് അവിശ്വാസികള്‍ക്കെതിരെ പ്രോത്സാഹിപ്പിക്കപ്പെടുന്ന മതഭ്രാന്തിന്റെ മറ്റൊരു തെളിവാണെന്ന് അദ്ദേഹം പറയുന്നു.

ഇസ്ലാമിക നിയമം, ദാര്‍-ഉല്‍-ഹര്‍ബിനെ ദാര്‍-ഉല്‍-ഇസ്ലാമാക്കി മാറ്റാന്‍ മുസ്ലീം ഭരണാധികാരികള്‍ക്ക് ബാധ്യതയുണ്ടെന്ന് വിധിച്ചു. 9-10 നൂറ്റാണ്ടുകളില്‍ ഇന്ത്യ കീഴടക്കാന്‍ മധ്യപൂര്‍വദേശത്ത് നിന്നുള്ള ഇസ്ലാമിക ആക്രമണകാരികള്‍ നടത്തിയ നിരവധി യുദ്ധങ്ങളുടെ ആണിക്കല്ലായിരുന്നു ഈ പ്രത്യയശാസ്ത്രം.വാസ്തവത്തില്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇസ്ലാമിക ഭീകരര്‍ അവിശ്വാസികള്‍ക്കെതിരെ കുരിശുയുദ്ധം നടത്തുമ്പോള്‍, കുഫാറുകള്‍ അല്ലെങ്കില്‍ കാഫിറുകള്‍ എന്ന് അവര്‍ അധിക്ഷേപിക്കുന്ന ഈ പ്രത്യയശാസ്ത്രം ഇന്നും ജിഹാദിന് ശക്തി പകരുന്നു . ദാര്‍-ഉല്‍-ഹര്‍ബിനെ ദാര്‍-ഉല്‍-ഇസ്ലാമാക്കി മാറ്റാന്‍ മുസ്ലീങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെങ്ങനെയെന്ന് അംബേദ്കര്‍ ഇങ്ങനെ സംഗ്രഹിച്ചു:

''ഇസ്ലാം പ്രകാരം രണ്ട് ക്യാമ്പുകളായി ലോകം വിഭജിക്കപ്പെട്ടിരിക്കുന്നു, ദാര്‍-ഉല്‍-ഇസ്ലാം (ഇസ്ലാമിന്റെ വാസസ്ഥലം), ദാര്‍-ഉല്‍-ഹര്‍ബ് (യുദ്ധത്തിന്റെ വാസസ്ഥലം). എല്ലാ രാജ്യങ്ങളും ഈ ഒരു വിഭാഗത്തില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ വരുന്നു. മുസ്ലീം ഭരണാധികാരിയുടെ കടമയാണ്, ദാര്‍-ഉല്‍-ഹര്‍ബിനെ ദാര്‍-ഉല്‍-ഇസ്ലാമാക്കി മാറ്റുകയെന്നത്. ദാര്‍-ഉല്‍-ഹര്‍ബില്‍ അകപ്പെടുന്ന മുസ്ലീങ്ങള്‍ക്ക് രക്ഷപ്പെടാനുള്ള ഏക മാര്‍ഗം ജിഹാദ് എന്ന് വിളിക്കപ്പെടുന്ന നിര്‍ദേശമാണ്. അതിലൂടെ മുഴുവന്‍ ലോകവും നിയന്ത്രണത്തിലാകുന്നതുവരെ ഇസ്ലാമിന്റെ ഭരണം വ്യാപിപ്പിക്കേണ്ടത് ഒരു മുസ്ലീം ഭരണാധികാരിയുടെ ബാധ്യതയായി മാറുന്നു''-അംബേദ്ക്കര്‍ നിരീക്ഷിക്കുന്നു.

അതായത് പാക്കിസ്ഥാന്‍ എന്ന രാജ്യം ഉണ്ടായത്, ജിന്നയടക്കമുള്ള ചില നേതാക്കളുടെ അധികാരത്തോടുള്ള ആര്‍ത്തികൊണ്ട് മാത്രമായിരുന്നില്ല, കൃത്യമായ മതപരമായ ഒരു പ്രത്യയശാസ്ത്രവശം ഉണ്ടെന്ന് ഈ പുസ്തകത്തിലൂടെ ബാബാ സാഹിബ് തെളിയിക്കുന്നു.

ജാതി മതല്‍ മാപ്പിളലഹള വരെ

അംബേദ്ക്കര്‍ ഹിന്ദുമതം ഉപേക്ഷിക്കുന്നതിന് പ്രധാന കാരണമായി പറഞ്ഞത് അതിലെ ജാതി വ്യവസ്ഥയാണ്. എന്നാല്‍ അത്രരൂക്ഷമല്ലെങ്കിലും ജാതിവ്യവസ്ഥ ഇസ്ലാമിലുമുണ്ടെന്ന് അംബേദ്ക്കര്‍ പറയുന്നു. അഷ്‌റഫുകളും അജ്‌ലഫുകളും തമ്മിലുള്ള സാമൂഹിക വിഭജനം മുസ്ലീം സമൂഹത്തെ പിളര്‍ത്തിയെന്ന് അദ്ദേഹം എഴുതി. അഷ്‌റഫുകള്‍ അഥവാ പ്രഭുക്കന്മാരില്‍, വിദേശ പിന്‍ഗാമികളും മതം മാറിയ ബ്രാഹ്‌മണരും ഉള്‍പ്പെടുന്നു, അതേസമയം അജ്‌ലഫുകള്‍ അഥവാ നികൃഷ്ടര്‍ താഴ്ന്ന ജാതിക്കാരായ മുസ്ലീങ്ങളായിരുന്നു. ഇസ്ലാം സ്വീകരിച്ചതിനുശേഷവും ആളുകളെ അവരുടെ ജാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞ് തരംതിരിച്ചിരുന്നു. അഷ്‌റഫിനും അജ്‌ലഫിനും പുറമേ, മുസ്ലീങ്ങള്‍ക്കിടയില്‍ ഏറ്റവും വിവേചനം നേരിടുന്ന സമൂഹമായി കണക്കാക്കപ്പെടുന്ന അര്‍സലുകള്‍ എന്ന മൂന്നാമത്തെ വിഭാഗവും ഉണ്ടായിരുന്നു. ഉയര്‍ന്ന മുസ്ലീങ്ങള്‍ അര്‍സലുകളുമായി സഹവസിക്കുന്നത് വിലക്കിയിരുന്നു. പ്രാര്‍ത്ഥന നടത്താന്‍ അര്‍സലുകളെ പള്ളികളില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ശ്മശാനഭൂമി ഉപയോഗിക്കുന്നതില്‍ നിന്നും അര്‍സലുകളെ വിലക്കിയിരുന്നു. ചിലപ്പോഴൊക്കെ അവരെ തൊട്ടുകൂടാത്തവരായി കണക്കാക്കുകയും ചെയ്തിരുന്നു.

'ജാതി വ്യവസ്ഥയുടെ കാര്യം തന്നെ എടുക്കുക. ഇസ്ലാം സാഹോദര്യത്തെക്കുറിച്ച് സംസാരിക്കുന്നു. ഇസ്ലാം അടിമത്തത്തില്‍ നിന്നും ജാതിയില്‍ നിന്നും മുക്തമാകണമെന്ന് എല്ലാവരും അനുമാനിക്കുന്നു. അടിമത്തത്തെക്കുറിച്ച് ഒന്നും പറയേണ്ടതില്ല. അത് ഇപ്പോള്‍ നിയമം മൂലം നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ അത് നിലനിന്നിരുന്നപ്പോള്‍ തന്നെ അതിന്റെ പിന്തുണ കൂടുതലും ഇസ്ലാമില്‍ നിന്നും ഇസ്ലാമിക രാജ്യങ്ങളില്‍ നിന്നുമാണ് ലഭിച്ചത്. എന്നാല്‍ അടിമത്തം ഇല്ലാതായെങ്കിലും മുസ്ലീങ്ങള്‍ക്കിടയിലെ ജാതി നിലനില്‍ക്കുന്നു. അതിനാല്‍ ഹിന്ദു സമൂഹത്തെ ബാധിക്കുന്ന അതേ സാമൂഹിക തിന്മകള്‍ ഇന്ത്യയിലെ മുസ്ലീം സമൂഹത്തെയും ബാധിക്കുന്നു എന്നതില്‍ സംശയമില്ല. തീര്‍ച്ചയായും, ഹിന്ദുക്കളുടെ എല്ലാ സാമൂഹിക തിന്മകളും മുസ്ലീങ്ങള്‍ക്കും ഉണ്ട്. മുസ്ലീം സ്ത്രീകള്‍ക്ക് നിര്‍ബന്ധിത പര്‍ദ്ദ സമ്പ്രദായം അതിലുപരിയാണ്''- അംബേദ്ക്കര്‍ എഴുതുന്നു.

അവിടെ മാത്രം ഒതുങ്ങി നിന്നില്ല. ശെശവ വിവാഹത്തിന്റെ വ്യാപനം, മതപരമായ അസഹിഷ്ണുത, അടിമത്ത ആശയം, വിശ്വാസത്തോടുള്ള അമിതമായ വിധേയത്വം, സമൂഹത്തില്‍ സ്ത്രീകളുടെ സ്ഥാനം, ബഹുഭാര്യത്വം, മറ്റ് നിരവധി വിവാദപരമായ ആചാരങ്ങള്‍ എന്നിവയുടെ പേരില്‍ ഇസ്ലാമിനെ അംബേദ്ക്കര്‍ ഈ പുസ്തകത്തില്‍ അറഞ്ചും പുറഞ്ചും വിമര്‍ശിക്കുന്നുണ്ട്.

കേരളത്തില്‍ നടന്ന മാപ്പിള ലഹളയെന്ന് വിളിക്കുന്ന 1821-ലെ മലബാര്‍ കലാപത്തെക്കുറിച്ചും അംബേദ്ക്കര്‍ ഇങ്ങനെ എഴുതുന്നു-'' മാപ്പിളമാരുടെ കൈകളാല്‍ ഹിന്ദുക്കള്‍ക്ക് ദാരുണമായ വിധി നേരിടേണ്ടിവന്നു. കൂട്ടക്കൊലകള്‍, നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങള്‍, ക്ഷേത്രങ്ങള്‍ നശിപ്പിക്കല്‍, ഗര്‍ഭിണികളായ സ്ത്രീകളെ കീറിമുറിക്കല്‍, കൊള്ളയടിക്കല്‍, തീവയ്പ്പ്, തുടങ്ങിയവ നടന്നു. രാജ്യത്തെ ദുഷ്‌കരവും വിശാലവുമായ ഒരു പ്രദേശത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി സൈന്യം എത്തുന്നതുവരെ മാപ്പിളമാര്‍ ഹിന്ദുക്കള്‍ക്ക് നേരെ ഈ നിഷ്ഠൂരതകള്‍ സ്വതന്ത്രമായി നടപ്പാക്കി. കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ മതം മാറ്റപ്പെടുകയോ ചെയ്ത ഹിന്ദുക്കളുടെ എണ്ണം അറിയില്ല. പക്ഷേ എണ്ണം വളരെ വലുതായിരിക്കണം''.

അതാത് ഗര്‍ഭസ്ഥ ശിശുക്കളെ ശൂലം കയറ്റിക്കൊന്നത് നമ്മുടെ വാരിയംകുന്നന്റെ കാലത്തുമുണ്ടായിരുന്നുവെന്ന് കൃത്യമായി അംബേദ്ക്കര്‍ പറയുന്നു! പക്ഷേ മതങ്ങളെ തൂക്കിനോക്കുമ്പോള്‍ കൈവിറയ്ക്കുന്ന നമ്മുടെ നാട്ടിലെ ഇസ്ലാമോ ലെഫ്റ്റും, ദ സോ കോള്‍ഡ് അംബേദ്ക്കറൈറ്റുകള്‍ക്കും ഇപ്പോഴും മലബാര്‍ കലാപം ഒരു സ്വാതന്ത്ര്യ സമരമാണ്, കര്‍ഷക സമരമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അംബേദ്ക്കറിന്റെ പുനര്‍വായനയിലെങ്കിലും മൂടിവെക്കപ്പെട്ട സത്യങ്ങള്‍ തിരിച്ചുവരുമെന്ന് കരുതാം.

വാല്‍ക്കഷ്ണം: ഈ രീതിയില്‍ നോക്കുമ്പോള്‍, മനോരമ ഹോര്‍ത്തൂസിനും, ശ്രീജിത്ത് പണിക്കര്‍ക്കും നന്ദി പറയേണ്ടതുണ്ട്. ഈ വിവാദമുണ്ടായതുകൊണ്ടാണേല്ലൊ, ചില സത്യങ്ങള്‍ പുറത്തുവന്നത്.

Tags:    

Similar News