സെക്സ് ചെയ്യാന്‍പോലും ദമ്പതികള്‍ക്ക് സമയം കിട്ടാത്ത 9-9-6 മോഡല്‍; ജോലി സമ്മര്‍ദത്താല്‍ ലഹരിക്ക് അടിമകളായവര്‍ ഒട്ടേറെ; ഹൃദ്രോഗവും ബി പിയുമടക്കമുള്ള പാര്‍ശ്വഫലങ്ങളും; ഇത് 'വിഷമുള്ള ചിക്കന്‍ സൂപ്പ്'; ചൈന പോലും നിരോധിച്ച ഭീകര വര്‍ക്ക് പാറ്റേണ്‍ ഇന്ത്യയിലെത്തുമോ?

സെക്സ് ചെയ്യാന്‍പോലും ദമ്പതികള്‍ക്ക് സമയം കിട്ടാത്ത 9-9-6 മോഡല്‍

Update: 2025-11-19 10:17 GMT

8-8-8 മോഡല്‍. അതായത് 8 മണിക്കുര്‍ ജോലി, 8 മണിക്കുര്‍ വിനോദം, 8 മണിക്കുര്‍ വിശ്രമം എന്നരീതിയില്‍ ഒരു ദിവസത്തെ വിഭജിച്ചുകൊണ്ടുള്ള വര്‍ക്ക് പാറ്റേണ്‍ ലോകത്തിന് കിട്ടിയത് ദീര്‍ഘകാലത്തെ പ്രക്ഷോഭത്തിനുശേഷമാണ്. ട്രിപ്പിള്‍ എയ്റ്റ് തിയറി ആദ്യം ഉയര്‍ത്തിയത്, 1817-ല്‍ ബ്രിട്ടീഷ് സാമൂഹിക പരിഷ്‌ക്കര്‍ത്താവായ റോബര്‍ട്ട് ഓവനാണ്. പക്ഷേ ഇത് ലോകമൊട്ടാകെ ഒരു തൊഴിലാളി മുദ്രാവാക്യമായി ശക്തമായി പ്രചരിച്ചത് 19-ാം നൂറ്റാണ്ടിന്റെ അവസാനം നടന്ന തൊഴിലാളി സമരങ്ങളുടെ പശ്ചാത്തലത്തിലാണ്. 1886-ലെ ചിക്കാഗോയിലെ ഹേമാര്‍ക്കറ്റ് പ്രക്ഷോഭം കഴിഞ്ഞാണ് ഈ മുദ്രാവാക്യം ലോകതൊഴിലാളി പ്രസ്ഥാനത്തിന്റെ മുഖ്യ ആവശ്യമാകുന്നത്.

പക്ഷേ കാലം മാറുകയും, ക്യാപിറ്റലിസവും പുതിയ ജോലിസംസ്‌ക്കാരവും വ്യാപകമായതോടെ, ട്രിപ്പിള്‍ എയ്റ്റ് മോഡല്‍ മടിയന്‍മ്മാരെ സൃഷ്ടിക്കുന്ന ഷിഫ്റ്റ് എന്ന പേരില്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പ്രത്യേകിച്ച് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്ക് വന്നാല്‍, തൊട്ടതിനും പിടിച്ചതിനും അവധിയെടുക്കുന്ന പൊതുരീതിയും, ഉത്സവവും ദിനാചരണങ്ങളുമൊക്കെയായി ഒരുപാട് പൊതു അവധികളുമൊക്കെയായി ജോലി സമയം കുറയുന്ന ഒരു രീതിയുണ്ടാവുകയാണ്. ഇങ്ങനെ ഭാഗികമായി മടിയന്‍മ്മാരായി മാറുന്ന ഒരു യുവതലമുറക്ക് രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ എന്ത് പങ്കാണ് വഹിക്കാനുള്ളത്? ആഴ്ചയില്‍ നൂറ് മണിക്കുര്‍വെച്ച് ജോലിചെയ്യുന്ന ഒരു പ്രധാനമന്ത്രിയുള്ള രാജ്യത്ത് നമ്മുടെ യുവാക്കളുടെ ജോലി സമയം കൂട്ടേണ്ടതല്ലേ?

ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നമ്മുടെ കോര്‍പ്പറേറ്റ് മേഖലയിലടക്കം നടക്കാന്‍ തുടങ്ങിയിട്ട് കാലം ഒരുപാടായി. ഇപ്പോള്‍ നമ്മുടെ വര്‍ക്ക് കള്‍ച്ചറിനെ കുറിച്ചുള്ള ഒരു വലിയ സംവാദം ഉയര്‍ന്നുവന്നിരുക്കുന്നത് ഇന്‍ഫോസിസിന്റെ സ്ഥാപകനായ നാരായണ മൂര്‍ത്തിയില്‍നിന്നാണ്. രാജ്യത്തിന്റെ പുരോഗതിക്കായി ജീവനക്കാര്‍ 72 മണിക്കൂര്‍ ജോലി ചെയ്യണമെന്നും, ഇതിനായി 9-9-6 വര്‍ക്ക് മോഡല്‍ അനുവര്‍ത്തിക്കണമെന്നും മൂര്‍ത്തി പറഞ്ഞത് സോഷ്യല്‍മീഡിയില്‍ അടക്കം വലിയ ചര്‍ച്ചയായി. ട്രേഡ്യൂണിയനുകളും സോഷ്യല്‍ മീഡിയാ ആക്റ്റീവിസ്റ്റുകളുമെല്ലാം ഈ മോഡലിനെ എതിര്‍ക്കയാണ്. ഇതോടെ വളരുന്ന സമ്പ്ദ് വ്യവസ്ഥയായ, ലോകത്ത് എറ്റവും കൂടുതല്‍ വര്‍ക്ക്ഫോഴ്സ് ഉള്ള രാജ്യമായ ഇന്ത്യയുടെ വര്‍ക്ക് കള്‍ച്ചറും ചര്‍ച്ചയാവുകയാണ്.

എന്താണ് 9-9-6 മോഡല്‍?

നാരായണ മൂര്‍ത്തി പറഞ്ഞ, 9-9-6 വര്‍ക്ക് മോഡലില്‍ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് ജോലി. അതും ആഴ്ചയില്‍ ആറു ദിവസം. അപ്പോള്‍ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി! ചൈനയിലെ ടെക് വിപ്ലവത്തിന് തുടക്കം കുറിച്ചത് ഈ ജോലി രീതിയാണ്. ആലിബാബ, വാവേയ്, ബൈറ്റാന്‍സ് പോലുള്ള പ്രമുഖ ചൈനീസ് കമ്പനികള്‍ ഈ രീതിയാണ് അവലംബിച്ചിരുന്നത്. ഇത്തരത്തില്‍ രാജ്യത്തെ യുവാക്കള്‍ അധികസമയം ജോലി ചെയ്താല്‍ മാത്രമേ ഇന്ത്യക്ക് പുരോഗതിയുണ്ടാവുവെന്നും 79കാരനായ, ഒരുപാട് തൊഴിലാളികളെ കണ്ട നാരായണമൂര്‍ത്തിലുടെ അഭിപ്രായം. ഒരു സ്വകാര്യചാനലിന് അനുവദിച്ച അഭിമുഖത്തിലാണ്, സ്വതവേ സംസാരിക്കാന്‍ പിശുക്കനായ അദ്ദേഹം മനസുതുറന്നത്.


 



''ഒരാള്‍ ആദ്യം തന്റെ താല്‍പ്പര്യം കണ്ടെത്തണം. അതിനുശേഷം മാത്രം വര്‍ക്ക്-ലൈഫ് ബാലന്‍സിനെക്കുറിച്ച് ചിന്തിച്ചാല്‍ മതി. കഠിനാധ്വാനമില്ലാതെ ഒരു വ്യക്തിയോ സമൂഹമോ ഒരു രാജ്യമോ ഉയര്‍ന്നു വന്നിട്ടില്ല. ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞവര്‍ഷം ചൈനയില്‍ പോയിരുന്നു. അവിടുത്തെ മൂന്ന് വ്യത്യസ്ത നഗരങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. യഥാര്‍ഥ ചൈനയെ മനസ്സിലാക്കുന്നതിന് ടയര്‍ 3 നിലവാരത്തിലുള്ള ഹോട്ടലുകളിലായിരുന്നു അവര്‍ താമസിച്ചത്.ജോലിയുമായി ബന്ധപ്പെട്ട് അവിടെ ഒരു ചൊല്ലുണ്ട്, 9-9-6. അതായത്, രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെ. അതും ആഴ്ചയില്‍ ആറു ദിവസം. അതായത് ആഴ്ചയില്‍ 72 മണിക്കൂര്‍.' നാരായണ മൂര്‍ത്തി പറഞ്ഞു.

ഈവാക്കുകള്‍ വൈറലായതോടെ ഒട്ടേറെപ്പേര്‍ വിഷയത്തില്‍ അഭിപ്രായവുമായി രംഗത്തെത്തി. മോശം അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന ജീവിതച്ചെലവും കാരണം ഇന്ത്യക്കാര്‍ ഇപ്പോള്‍ത്തന്നെ ബുദ്ധിമുട്ടിലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. ചൈനയുടെ അതേ നിലവാരത്തിലുള്ള ശമ്പളവും അടിസ്ഥാന സൗകര്യങ്ങളും ജീവിതച്ചെലവും നല്‍കണമെന്നും മറ്റു ചിലരും കമന്റ് ബോക്സില്‍ കുറിച്ചു.

ഇന്ത്യയെ സംബന്ധിച്ച് 72 മണിക്കൂര്‍ ജോലിയല്ല ആവശ്യം. മറിച്ച്, വീട്ടുവാടക, പലചരക്ക് സാധനങ്ങള്‍, സ്‌കൂള്‍ ഫീസ്, പെട്രോള്‍ എന്നിവയ്ക്ക് ആനുപാതികമായ ശമ്പളമാണ്. ആളുകള്‍ ഞെരുക്കത്തിലാണ്, നെറ്റിസണസ് തങ്ങളുടെ രോഷം പ്രകടിപ്പിച്ചു. 2023ലും നാരായണ മൂര്‍ത്തി 72 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. നാരായണമൂര്‍ത്തിയെ പിന്തുണച്ച് ചിലര്‍ രംഗത്തെത്തിയെങ്കിലും പൊതുവില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.

ചൈന നിരോധിച്ച മോഡല്‍

ഏറ്റവും വിചിത്രം ചൈന ഒഴിവാക്കിയ ഒരു മോഡലാണ് ഇതെന്നാണ്. തൊഴിലാളികളെ ഏത് രീതിയില്‍ പിഴിഞ്ഞെടുക്കണമെന്ന് നന്നായി അറിയുന്നവരാണ് ചൈന. അവര്‍പോലും ഒരു മോഡല്‍ നിരോധിക്കണമെങ്കില്‍ അത് എത്രമാത്രം ഭീകരമായിരിക്കണം! 2010 മുതലാണ് ചൈനയില്‍ ഈ മോഡല്‍ തുടങ്ങിയത്. ഐടി ബൂമില്‍ ചൈന തിളങ്ങി നില്‍ക്കുന്ന കാലമായിരുന്നു അത്. കൂടുതല്‍ വര്‍ക്കുകള്‍ വന്നതോടെ ജീവനക്കാരെ കൂടുതല്‍ സമയം ജോലിചെയ്യിപ്പിക്കാനുള്ള തന്ത്രങ്ങള്‍ കമ്പനികള്‍ മെനഞ്ഞു. ഓവര്‍ടൈം ജോലി പ്രോത്സാഹിപ്പിക്കുന്നതിനായി, രാത്രി വൈകിയും ഓഫീസില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ടാക്സി നിരക്കുകള്‍ തിരികെ നല്‍കുന്നത് പോലുള്ള നിരവധി നടപടികള്‍ കമ്പനികള്‍ സ്വീകരിച്ചു തുടങ്ങി. ഈ ഓവര്‍ടൈമാണ് പതുക്കെ വളര്‍ന്നുവളര്‍ന്ന് 996 വര്‍ക്ക് പാറ്റേണിലേക്ക് എത്തിയത്.

പക്ഷേ അതുകൊണ്ടുള്ള പ്രശ്നങ്ങളും വൈകാതെ കണ്ടുതുടങ്ങി. വ്യായാമംപോലും കുറഞ്ഞതോടെ ജീവനക്കാരില്‍ പലവിധത്തിലുള്ള രോഗങ്ങള്‍ വന്നു. വിനോദത്തിനുള്ള അവസരം ഇല്ലാതായതോടെ അവരുടെ വര്‍ക്കിലെ ക്വാളിറ്റി കുറഞ്ഞു. തെറ്റുകള്‍ പതിവായി. തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ തമ്മിലുള്ള സംഘര്‍ഷവും ആവര്‍ത്തിക്കപ്പെട്ടു. ഒട്ടും സന്തോഷമില്ലാതെ ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ഒരു തലമുറയെയാണ് ചൈന പിന്നീട് കണ്ടത്. മാത്രമല്ല, ആഴ്ചയിലെ ഒരു ദിവസത്തെ അവധിക്കിടയില്‍ സമ്പൂര്‍ണ്ണമായ മദ്യപാനത്തിലേക്കും മയക്കുമരുന്നിന്റെ ഉപയോഗത്തിലേക്കും ഒരു പറ്റം വഴിതെറ്റി. ജോലി സമയത്തും, മണമറിയാത്ത സിന്തറ്റിക്ക് ഗ്രഡ്സ് ഉപയോഗിക്കുന്ന പ്രവണത വര്‍ധിച്ചുവന്നു. ഡിവോഴ്സുകളും കൂടിയ കാലമായിരുന്നു അത്! മാറിമാറിയുള്ള ഷിഫ്റ്റിന്റെ പ്രശ്നങ്ങള്‍ മൂലം ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ പോലും കഴിയുന്നില്ലെന്ന് ദമ്പതികള്‍ പരാതി പറഞ്ഞ കാലം! ചിലയടിത്ത് ഓഫീസ് മേധാവികളാണ് പ്രതിഷേധത്തിന് പാത്രമായത്. ജീവിക്കാരുടെ ശകാരത്തിനും, എന്തിന് മര്‍ദനത്തിനും, കൊലകളിലേക്കും അത് നയിച്ചു.


 



ഇങ്ങനെ അമിതമായ ജോലി സകലയിടത്തും പ്രശ്നമാവുന്ന എന്ന് കണ്ടതോടെയാണ് ചൈന ഇതിനെതിരെ പ്രതിഷേധങ്ങള്‍ തുടങ്ങുന്നത്. 2019-ല്‍ ഓണ്‍ലൈനില്‍ വന്ന പ്രതിഷേധങ്ങള്‍ പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റുപിടിച്ചു. ഒപ്പം ചൈനീസ് മാധ്യമങ്ങളിലും അതിന്റെ അലകള്‍ എത്തി. 2021-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിള്‍സ് ഡെയിലി തന്നെ സംവിധാനത്തെ വിമര്‍ശിച്ച് ലേഖനം എഴുതി. മറ്റ് മാധ്യമങ്ങളും 996 വര്‍ക്കിംഗ് സിസ്റ്റത്തെ വിമര്‍ശിച്ചു. സിന്‍ഹുവ ന്യൂസ് ഏജന്‍സിയിലെ സിന്‍ ഷി പിംഗ് പറഞ്ഞു, ''ഈ സിസ്റ്റം തൊഴില്‍ നിയമം ലംഘിക്കുകയും ആരോഗ്യത്തെയും ഭാവിയെയും മറികടക്കുകയും ചെയ്യുന്നു. ഇത് കഠിനാധ്വാനികളായ തൊഴിലാളികള്‍ക്ക് ദോഷം ചെയ്യും, കഠിനാധ്വാന മനോഭാവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ്''. ചൈന ന്യൂസ് സര്‍വീസിലെ ഒരു എഡിറ്റോറിയല്‍ 'ജീവിതത്തെ പണത്തിനു പകരം വയ്ക്കുന്നത് അനാവശ്യമാണ്' എന്ന് പറഞ്ഞു. ഈ രീതിയെ 'വിഷമുള്ള ചൈനീസ് ചിക്കന്‍ സൂപ്പ്' എന്നാണ് വിദേശമാധ്യമങ്ങള്‍ 996 മോഡലിനെ വിളിച്ചത്.

2021 ഓഗസ്റ്റ് 27-ന് ചൈനയുടെ സുപ്രീം പീപ്പിള്‍സ് കോടതി 996 പ്രവൃത്തി മണിക്കൂര്‍ സംവിധാനം നിയമവിരുദ്ധമായി കണക്കാക്കി. ഈ രീതി ലൈഫ് ബാലന്‍സിന് ഒട്ടും അനുയോജ്യമല്ല എന്ന് കോടതി വിലയിരുത്തി. ഇപ്പോള്‍ 'ആധുനിക അടിമത്തം' എന്നാണ് 996 മോഡല്‍ വിമര്‍ശിക്കപ്പെടുന്നത്. യുഎസിലെ സിലിക്കണ്‍ വാലിയിലെ ടെക് ജീവനക്കാരും ദീര്‍ഘനേരം ജോലി ചെയ്യുന്നുണ്ട്. പക്ഷേ അവര്‍ക്ക് സൗജന്യ ഭക്ഷണം മുതല്‍ പരിധിയില്ലാത്ത അവധിക്കാലം വരെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. ചൈനയില്‍ അങ്ങനെയുണ്ടായിരുന്നില്ല.

ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍

'9-9-6' തൊഴില്‍ സംസ്‌കാരം ജോലിയിലെ മടുപ്പ്, വിട്ടുമാറാത്ത മാനസിക പിരിമുറുക്കം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, അമിതവണ്ണം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് വിഗ്ധര്‍ പറയുന്നത്. ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തെ ബാധിക്കുന്നു. ദീര്‍ഘനേരമുള്ള ജോലി വിട്ടുമാറാത്ത മാനസിക പിരിമുറുക്കത്തിലേക്ക് നയിച്ചേക്കാം. ഇത് കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ത്തുന്നു. കാലക്രമേണ, ഇത് ക്ഷീണം, ദേഷ്യം, ഉത്കണ്ഠ, ജോലിയിലെ കടുത്ത മടുപ്പ് എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

ഉറക്കം, ആഹാരം, വ്യായാമം എന്നിവ മികച്ച ആരോഗ്യത്തെ സംബന്ധിച്ച് പ്രധാനമാണ്. ദീര്‍ഘനേരമുള്ള ജോലി ഈ മൂന്ന് കാര്യങ്ങളേയും തടസ്സപ്പെടുത്തിയേക്കും. ഉറക്കവുമായി ബന്ധപ്പെട്ടായിരിക്കും ആദ്യം പ്രശ്നങ്ങള്‍ തുടങ്ങുക. ദീര്‍ഘനേരമുള്ള ജോലി, ഉറക്കത്തിന്റെ സമയവും ഗുണനിലവാരവും കുറയ്ക്കും. ഇത് ഏകാഗ്രത, ഓര്‍മ്മശക്തി, തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവയെ ബാധിച്ചേക്കാം. കൂടാതെ, മോശം ഉറക്കം മൈഗ്രേന്‍, ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഉത്കണ്ഠ, പരിഭ്രാന്തി, വിട്ടുമാറാത്ത വേദന തുടങ്ങിയ അവസ്ഥകള്‍ക്ക് കാരണമാകും. ദീര്‍ഘനേരം ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നത് കഴുത്തുവേദന, പുറംവേദന, തലവേദന, പേശികളുടെ കാഠിന്യം എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ, അമിതമായ ജോലിസമയം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശരീരത്തില്‍ വീക്കം എന്നിവയ്ക്ക് കാരണമാകുകയും ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ചിട്ടയായ വ്യായാമമില്ലാത്തതും ഹൃദയത്തേയും ശ്വാസകോശത്തേയും പ്രതികൂലമായി ബാധിക്കും.


 



ഇത് നടപ്പാക്കിയ കാലത്ത് ചൈനയില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നത് 70 ശതമാനം ജീവനക്കാര്‍ക്കും എന്തെങ്കിലും വിധത്തിലുള്ള ശാരീരിക- മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ്. ഉറക്കുഗുളികള്‍ ഏറ്റവും കൂടുതല്‍ വിറ്റുപോല കാലം കൂടിയായിരുന്നു അത്. ആരോഗ്യമില്ലാത്ത കുറേ സമ്പന്നരെ സൃഷ്ടിച്ചിട്ട് നമുക്ക് എന്തുകാര്യം എന്നാണ്, പീപ്പിള്‍സ് ഡെയിലി തന്നെ ഒരിക്കല്‍ ചോദിച്ചത്.

ഒറ്റക്കൂട്ടി നയംപോലെ മണ്ടത്തരം

ചൈന 996 വര്‍ക്ക് ഷിഫ്റ്റ് നിര്‍ത്താനുള്ള മറ്റൊരുകാരണമായി പറയുന്നത്, ചൈനയില്‍ യുവാക്കളുടെയും കൂട്ടികളുടെ എണ്ണം വല്ലാതെ കുറയുന്നുവെന്നതും കൊണ്ട് കൂടിയാണ്. ഇത്തരം സമ്മര്‍ദ ജോലിയില്‍ കഴിയുന്നവര്‍ പാരന്റിങ്ങ് ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളായി ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോവണമെങ്കില്‍ പണം മാത്രമല്ല വേണ്ടത് എന്നത് ചൈന ഇപ്പോള്‍ തിരിച്ചറിയുന്നു.

ഒരുകാലത്ത്, രണ്ടാമതൊരു കുട്ടി ജനിച്ചാല്‍ 10 ലക്ഷം രൂപവരെ പിഴ ചുമത്തിയിരുന്ന ചൈനയില്‍, ഇപ്പോള്‍ രണ്ടാമത്തെ കുട്ടിക്ക് ആദ്യത്തെ മൂന്ന് വര്‍ഷം ഒന്നര ലക്ഷം രൂപ നല്‍കുമെന്നാണ് സര്‍ക്കാറിന്റെ വാഗ്ദാനം. ഏറെക്കാലം ലോകത്ത് ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന ചൈനയില്‍ ഇപ്പോള്‍ കുട്ടികളുടെ എണ്ണം കുറയുകയാണ്. പുതിയ തലമുറയ്ക്ക് കുട്ടികളെ പരിപാലിക്കാന്‍ ഒട്ടും താല്‍പ്പര്യമില്ലെന്നതാണ് ചൈനീസ് സര്‍ക്കാരിനെ കുഴക്കുന്നത്.

കനത്ത പിഴകളും നിര്‍ബന്ധിത ഗര്‍ഭഛിദ്രങ്ങളും വന്ധ്യംകരണങ്ങളും വഴി കുട്ടികളുണ്ടാകാന്‍ തടയാന്‍ പതിറ്റാണ്ടുകളോളം ശ്രമിച്ച ചൈനയക്ക് കടുത്ത വെല്ലുവിളിയാവുകയാണ് 'ജെന്‍ സീ'യുടെ നിലപാട്. കുറഞ്ഞുവരുന്ന ജനനനിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമമെന്ന നിലയില്‍, കഴിഞ്ഞ വര്‍ഷം ചൈന ഒരു പ്രഖ്യാപനം നടത്തി. ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ, ഓരോ കുട്ടിക്കും മൂന്ന് വയസ്സ് വരെപ്രതിവര്‍ഷം 3,800 യുവാന്‍(50,000 രൂപ) സബ്‌സിഡി നല്‍കും.

ചൈനയില്‍ കുട്ടികളെ വളര്‍ത്തുന്നതിനുള്ള ചെലവ് വളരെ വലുതാണ്. വര്‍ഷത്തില്‍ 3,600 യുവാന്‍ എന്നത് ഒന്നുമല്ലെന്നാണ് പുതിയ തലമുറ പറയുന്നത്. ബെയ്ജിംഗ് ആസ്ഥാനമായുള്ള യുവ പോപ്പുലേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമീപകാല പഠനമനുസരിച്ച്, ചൈനയില്‍ ഒരു കുട്ടിയെ 18 വയസ്സ് വരെ വളര്‍ത്താന്‍ ശരാശരി 5,38,000 യുവാന്‍ (65 ലക്ഷം രൂപ) ചെലവ് വരും. ഇത് രാജ്യത്തെ ആളോഹരി ജിഡിപിയുടെ ആറിരട്ടിയിലധികമാണ്. ഷാങ്ഹായിയിലും ബെയ്ജിങ്ങിലും ഇത് 10 ലക്ഷം യുവാന്‍ കവിയുന്നു.

ചൈനയുടെ മന്ദഗതിയിലായ സമ്പദ് വ്യവസ്ഥയും കുതിച്ചുയരുന്ന യുവജന തൊഴിലില്ലായ്മയും കുട്ടികളുടെ എണ്ണം കുറയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ചൈന 2016-ല്‍ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ച് ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ടാകാന്‍ അനുവദിച്ചു, പിന്നീട് 2021-ല്‍ ഇത് മൂന്നായി ഉയര്‍ത്തി. എന്നിട്ടും ജനനനിരക്ക് കുറഞ്ഞുകൊണ്ടേയിരുന്നു. പിന്നീട് ജനനനിരക്കില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും, ഇപ്പോള്‍ വീണ്ടും കുറഞ്ഞു. താങ്ങാനാവാത്ത വിലക്കയറ്റം, നീണ്ട പ്രവൃത്തിദിനങ്ങള്‍, അസ്ഥിരമായ തൊഴില്‍ വിപണി എന്നിവ പല ചൈനീസ് യുവാക്കള്‍ക്കും ഒരു കുടുംബം തുടങ്ങാനുള്ള വിമുഖതയ്ക്ക് കാരണമാവുന്നു. ഇപ്പോള്‍ ഒറ്റക്കൂട്ടി നയംപോലെ മണ്ടത്തരമായിരുന്നു, 996 ഷെഡ്യൂളുമെന്നും ചൈന തിരിച്ചറിയുന്നു.

ഇതേ പ്രശ്നം ജപ്പാനിലും, റഷ്യയിലും, യൂറോപ്യന്‍ രാജ്യങ്ങളിലൊക്കെയുണ്ട്. രാജ്യത്തെ ജനനനിരക്ക് കുറയുന്നത് പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി 'ലൈംഗിക മന്ത്രാലയം' സ്ഥാപിച്ചിരിക്കയാണ് റഷ്യ. ജോലി സമയത്ത് ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെവരെ റഷ്യ പ്രോല്‍സാഹിപ്പിക്കുന്നുണ്ട്. ദമ്പതികള്‍ ഇന്റിമേറ്റ് അറ്റ്മോസ്ഫിയര്‍ കിട്ടാനായി രാത്രി 10 മണിക്കും പുലര്‍ച്ചെ 2 മണിക്കും ഇടയില്‍ ഇന്റര്‍നെറ്റും ലൈറ്റുകളും ഓഫ് ചെയ്യുക എന്നതാണ് ഒരു ആശയവും റഷ്യന്‍ ലൈംഗിക മന്ത്രാലയത്തിന് മുന്നിലുണ്ട്. ചൈനയെപ്പോലെ മാതാപിതാക്കള്‍ ഇന്‍സന്റീവ് കൊടുക്കാനും അവര്‍ തയ്യാറാണ്.


 



ഇനി ഓഫീസ് പീക്കോങ്ങിങിന്റെ കാലം

അതായത് ഹാര്‍ഡ് വര്‍ക്കിലല്ല സ്മാര്‍ട്ട്വര്‍ക്കിലാണ് കാര്യമെന്ന് ചൈന ഇപ്പോള്‍ തിരിച്ചറിയുകയാണ്. എന്നിട്ടും നാരായണ മൂര്‍ത്തിയെപ്പോലെ ഒരാള്‍ ഇന്ത്യയിലും ഈ 996 സമ്പ്രദായം കൊണ്ടുവരണം എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണെന്നാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ പറയുന്നത്. മാത്രമല്ല കോവിഡിനുശേഷം, ആഗോള വ്യാപകമായി ഓഫീസ് അന്തരീക്ഷം മാറിക്കഴിഞ്ഞു. ഒരു കാലത്ത് വര്‍ക്ക് ഫ്രം ഹോം ആയിരുന്നെങ്കില്‍ ഇപ്പോള്‍ കമ്പനികള്‍, ആ രീതി പിന്‍വലിച്ചു വരികയാണ്. കാരണം വര്‍ക്ക് ഫ്രം ഹോം ജീവിനക്കാരുടെ മത്സരക്ഷമതയെയും, ക്വാളിറ്റിയെയും ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാരെ സ്വയം ഓഫീസുകളിലേയ്ക്ക് തിരിച്ചെത്തിക്കുന്ന തന്ത്രമാണ് ഓഫീസ് പീക്കോക്കിംഗ് എന്ന് പറയുന്നത്. .

വിരസമായ ഓഫീസ് സ്ഥലങ്ങള്‍ക്ക് ഒരു പുതിയ അവതാര്‍ ലുക്ക് നല്‍കുന്ന രീതിയാണ് ഓഫീസ് പീക്കോക്കിംഗ്. ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ കാലത്ത് പലരും ജീവനക്കാരെ ആകര്‍ഷിക്കാന്‍ ഓഫീസുകളെ ഇന്‍സ്റ്റാഗ്രാം റെഡി ആക്കി മാറ്റുന്നു. ഈ മാറ്റം ജെന്‍ സി തലമുറയെ ഈ രീതി വലിയ തോതില്‍ ആകര്‍ഷിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആകര്‍ഷകമായ ഫര്‍ണിച്ചറുകള്‍, സ്‌റ്റൈലിഷ് ആയ ഇന്റീരിയര്‍, മറ്റ് ആകര്‍ഷണങ്ങള്‍ വഴി ഓഫീസ് മുഖം മാറ്റുന്നു. ഇത് വീടുകളില്‍ നിന്ന് ജീവനക്കാരെ യാതൊരു നിര്‍ബന്ധവും കൂടാതെ ഓഫീസുകളിലേയ്ക്ക് എത്തിക്കുന്നു.

വീടുകളില്‍ ഒതുങ്ങിക്കൂടിയിരിക്കാതെ ഒരു ഗ്രൂപ്പ് കള്‍ച്ചറിന്റെ ഭാഗമാവുമ്പോഴാണ് ക്രിയേറ്റിവിറ്റിയും പ്രൊഡക്റ്റിവിറ്റിയും വര്‍ധിക്കുന്നതെന്നാണ് ഇത് സംബന്ധിച്ച് പഠനങ്ങള്‍ പറയുന്നത്. ഒറ്റ മുറിയില്‍ നിരന്തരം ജോലി ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന വിരസത, സാമൂഹിക ബന്ധത്തിന്റെ അഭാവം എന്നിവയൊക്കെ ജോലിയെ ബാധിക്കുന്നുണ്ട്. അതായത് കൂടുതല്‍ പണിയെടുപ്പിക്കുകയല്ല, ക്വാളിറ്റി വര്‍ക്ക് എടുപ്പിക്കാനാണ് കോര്‍പ്പറേറ്റ് കമ്പനികള്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചെ അടക്കമുള്ളവര്‍ ഈ മോഡലാണ് അഭികാമ്യമെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. ഓഫീസ് അന്തരീക്ഷം മെച്ചപ്പെടുത്തി, ജീവനക്കാരെകൊണ്ട് കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ ക്വാളിറ്റി വര്‍ക്ക് ചെയ്യിപ്പിക്കയാണ് ആധുനിക രീതി. അല്ലാതെ 12 മണിക്കുര്‍ പട്ടിയെപ്പോലെ പണിയെടുപ്പിക്കലല്ല.

മൂര്‍ത്തിയുടെ ആഹ്വാനം വരുമ്പോഴും, ഇന്ത്യന്‍ തൊഴിലാളികള്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവരില്‍പ്പെടുന്നു എന്ന വസ്തുത നിലനില്‍ക്കുന്നു. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ 2025ലെ ഡാറ്റ പ്രകാരം, ഇന്ത്യന്‍ ജീവനക്കാര്‍ ഇതിനകം ആഴ്ചയില്‍ ശരാശരി 46.7 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്, ഇത് യൂറോപ്പിലെ പല രാജ്യങ്ങളെ അപേക്ഷിച്ച് ഇരട്ടിയോളമാണ്. കൂടാതെ, ഇന്‍ഡീഡ് ഇന്ത്യയുടെ 2024-ലെ സര്‍വേ പ്രകാരം, 88 ശതമാനം ജീവനക്കാര്‍ക്കും ഓഫീസ് സമയത്തിന് പുറത്തും ജോലി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ദീര്‍ഘയാത്രകള്‍, ഗതാഗതക്കുരുക്ക്, കൂടുതല്‍ സമയം ആവശ്യപ്പെടുന്ന ജോലികള്‍ എന്നിവ പല ഇന്ത്യന്‍ തൊഴിലാളികളുടെയും ദിവസത്തെ കാര്യമായി ബാധിക്കുന്നുണ്ട്. ഈ അമിത ജോലി സമയം മാനസികാരോഗ്യ വെല്ലുവിളികള്‍ക്കും ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതായത് ഇപ്പോള്‍ തന്നെ പല ഇന്ത്യന്‍ കമ്പനികളിലും ജീവനക്കാര്‍ 12 മണിക്കുറോളം ജോലിചെയ്യുന്നുണ്ട്. അപ്പോള്‍ ഇതൊരു വര്‍ക്ക് ഷിഫ്റ്റ് എന്ന രീതില്‍ വന്നാലുള്ള അവസ്ഥ എന്താകുമെന്നാണ് ചോദ്യം!


 



വാല്‍ക്കഷ്ണം: അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) മാനദണ്ഡങ്ങള്‍ക്കനുസൃതമായി ആഴ്ചയില്‍ പരമാവധി 44 മണിക്കൂര്‍ ജോലിയാണ് ഇപ്പോള്‍ ചൈനയില്‍ നിശ്ചയിച്ചിട്ടുള്ളത്. എങ്കിലും പല മേഖലകളിലും അടിമപ്പണിയുണ്ട്. അത്തരത്തിലെ ഒരു ഭീകര മോഡലാണ്, 007 വര്‍ക്ക് ഷെഡ്യൂള്‍. അര്‍ദ്ധരാത്രി മുതല്‍ അര്‍ദ്ധരാത്രി വരെ ആഴ്ചയില്‍ ഏഴ് ദിവസവും ഒരു റൊട്ടേഷന്‍ വര്‍ക്ക്ഫോഴ്‌സ് ഉപയോഗിക്കുന്ന ഒരു ഷെഡ്യൂളാണിത്. ശരിക്കും അടിമപ്പണി. ഊണും ഉറക്കവുമെല്ലാം കമ്പനിയില്‍ തന്നെ. ആറുമാസം കഴിഞ്ഞാണ് അവധി കിട്ടുക. ഇത് നിയമവിരുദ്ധമായിരുന്നിട്ടുകൂടി ചൈനയിലെ ചില കമ്പനികള്‍ നടപ്പാക്കുന്നുണ്ട്!

Tags:    

Similar News