ആംബുലന്‍സില്‍ തീപിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; ഗര്‍ഭിണിയായ യുവതിക്കും കുടുംബത്തിനും അത്ഭുത രക്ഷപ്പെടല്‍
ആംബുലന്‍സില്‍ തീപിടിച്ച് ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു
മുംബൈ: ഗര്‍ഭിണിയുമായി പോയ ആംബുലന്‍സിന് തീപിടിച്ചതിനെ തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ അപകടം. എന്‍ജിനില്‍ തീ പിടിക്കുകയും വൈകാതെ തന്നെ വാഹനം മുഴുവനായി വ്യാപിക്കുകയുമായിരുന്നു. ഈ സമയം വാഹനത്തിലുണ്ടായിരുന്ന ഗര്‍ഭിണിയായ സ്ത്രീയും കുടുംബവും അത്ഭുതകരമായി രക്ഷപ്പെട്ടു. മഹരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയിലാണ് സംഭവം.
എന്‍ജിനില്‍ നിന്ന് പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെട്ടതാണ് വന്‍ അപകടം ഒഴിവാകാന്‍ കാരണം. പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ വാഹനം നിര്‍ത്തിയ ഡ്രൈവര്‍ ആംബുലന്‍സിലുണ്ടായിരുന്ന ഗര്‍ഭിണിയെയും കുടുംബത്തെയും പുറത്തിറക്കിയ ശേഷം സുരക്ഷിതമായ ദൂരത്തേയ്ക്ക് മാറ്റി നിര്‍ത്തി. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഓക്സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. ശക്തമായ സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ ചില വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
എരണ്ടോള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയുമായി ജല്‍ഗാവ് ജില്ലാ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്ന വഴിയാണ് അപകടമുണ്ടായത്. ദാദാ വാദി മേഖലയിലെ ദേശീയ പാതയിലുള്ള മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്. അംബുലന്‍സില്‍ തീപടരുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.