'കൊച്ചുമകനെ തിരികെ തരൂ, ഇല്ലെങ്കില്‍ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യും'; പൊലീസില്‍ പരാതി നല്‍കി ടെക്കി അതുലിന്റെ പിതാവ്
'കൊച്ചുമകനെ തിരികെ തരൂ, ഇല്ലെങ്കില്‍ കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്യും'
പട്ന: ബംഗലൂരുവില്‍ ആത്മഹത്യ ചെയ്ത ടെക്കി അതുല്‍ സുഭാഷിന്റെ മകനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛന്‍ പവന്‍ മോദി പൊലീസില്‍ പരാതി നല്‍കി. 2 വയസുള്ള ചെറുമകന് എന്ത് സംഭവിച്ചുവെന്ന് തനിക്ക് മനസിലാക്കണമെന്നും കുട്ടിയുടെ സംരക്ഷണ ചുമതല നല്‍കണമെന്നുമാണ് മുത്തച്ഛന്‍ പോലീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൊച്ചുമകനെ തിരികെ ലഭിച്ചില്ലെങ്കില്‍ കുടുംബം മുഴുവന്‍ ആത്മഹത്യ ചെയ്യുമെന്നും പവന്‍ മോദി പറഞ്ഞു. സംഭവം ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയുടെ അധികാരപരിധിയിലായതിനാല്‍ ജോന്‍പൂര്‍ പൊലീസാണ് അന്വേഷണം നടത്തുക. തന്റെ ചെറുമകനെ വീഡിയോകോളിലൂടെ ഒരിക്കല്‍ മാത്രം കണ്ടിട്ടുണ്ടെന്നും കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും പവന്‍ മോദി പറഞ്ഞു. നേരത്തെയും കുട്ടിയുടെ സുരക്ഷിതത്വത്തെക്കുറിച്ച് പവന്‍ മോദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ സുരക്ഷയ്ക്കും പരിചരണത്തിനുമായി തനിക്ക് വിടണമെന്നുള്ളത് നേരത്തെ മുതല്‍ പവന്‍ മോദി ആവശ്യപ്പെടുന്നുണ്ട്. മകന്‍ ആത്മഹത്യ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൊച്ചുമകനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനെത്തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
അതുലിന്റെ ഭാര്യ, അമ്മായിയമ്മ, സഹോദരീ ഭര്‍ത്താവ് എന്നിവരെ അറസ്റ്റ് ചെയ്തതിന് ശേഷം കുട്ടി എവിടെയാണെന്നതിന് യാതൊരു വിവരവും ഇല്ല. കുട്ടിയെ കണ്ടെത്തി ജനുവരി 7നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ച് ഉത്തര്‍പ്രദേശ് ഉള്‍പ്പെടെയുള്ള മൂന്ന് സംസ്ഥാനങ്ങളിലെ ഡിജിപിമാര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.
ബംഗലൂരുവിലെ ഓട്ടോ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന അതുല്‍ സുഭാഷ് ഡിസംബര്‍ 9നാണ് ജീവനൊടുക്കിയത്. ഭാര്യയും കുടുംബവും മൂന്ന് കോടി രൂപ വിവാഹമോചനത്തിനായി ആവശ്യപ്പെടുകയും പീഡിപ്പിക്കുകയാണെന്നും ആരോപിച്ചാണ് അതുല്‍ സുഭാഷ് ജീവനൊടുക്കിയത്. മകനെ തന്റെ കുടുംബത്തിന് വിട്ട് നല്‍കണമെന്ന് ആത്മഹത്യാ കുറിപ്പിലും അതുല്‍ എഴുതിവെച്ചിരുന്നു.