14 വർഷത്തെ എക്സ്പീരിയൻസിലും കാര്യമുണ്ടായില്ല; മാസങ്ങളോളം ജോലിക്കായി ശ്രമിച്ചു; റെസ്യൂമെകളയച്ചു, സുഹൃത്തുക്കളെ സമീപിച്ചു; ഒടുവിൽ ഓട്ടോ വാങ്ങി; കയ്യടി നേടി മുംബൈ സ്വദേശിയായ ഗ്രാഫിക് ഡിസൈനർ
മുംബൈ: നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിൽ ഒന്നാണ് തൊഴിലില്ലായ്മ. അഭ്യസ്തവിദ്യരായ ആളുകൾ പോലും ഒരു ജോലി കണ്ടെത്താൻ കഷ്ടപ്പെടുന്ന കാലഘട്ടം കൂടിയാണിത്. അതുപോലെ, ഒരു അനുഭവം പങ്കുവെച്ച യുവാവ് ഇപ്പോൾ കയ്യടി നേടുകയാണ്.
കമലേഷ് കാംതേകർ എന്ന യുവാവാണ് ലിങ്ക്ഡ്ഇന്നിലൂടെ തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഗ്രാഫിക് ഡിസൈനറായിട്ടാണ് യുവാവ് വർഷങ്ങളോളം ജോലി ചെയ്തിരുന്നത്. എന്നാൽ, പിന്നീട് ആ മേഖലയിൽ നല്ലൊരു ജോലി കിട്ടാതെയായപ്പോൾ ഇയാൾക്ക് ഓട്ടോ ഓടിക്കേണ്ടി വന്ന.
14 വർഷം അസിസ്റ്റൻ്റ് ക്രിയേറ്റീവ് മാനേജരായി കമലേഷ് കാംതേകർ ജോലി ചെയ്തു. എന്നാൽ, ആ ജോലി പോയ ശേഷം പുതിയൊരു ജോലി കണ്ടെത്താനായില്ല. ഒരുപാട് റെസ്യൂമെകളയച്ചിട്ടും എത്ര തന്നെ അന്വേഷിച്ചിട്ടും ജോലി കിട്ടിയില്ല എന്നാണ് യുവാവ് പറയുന്നത്. ജോലിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് പല സുഹൃത്തുക്കളെയും താൻ സമീപിച്ചുവെന്നും, 5 മാസത്തോളം ജോലിക്കായി ശ്രമിച്ചിട്ടും എന്നിട്ടും കാര്യമുണ്ടായില്ലെന്നും യുവാവ് പറയുന്നുണ്ട്.
ലിങ്ക്ഡ്ഇൻ വഴിയും പല പല പൊസിഷനുകളിലേക്ക് താൻ അപേക്ഷ അയച്ചിട്ടുണ്ട്. എന്നാൽ, അതും നിരസിക്കപ്പെടുകയാണുണ്ടായത് എന്നും യുവാവ് പറയുന്നു. ക്ഷമിക്കണം, നിങ്ങളുടെ നിലവിലെ റോളിനായി ഞങ്ങൾക്ക് ബജറ്റില്ല, നിങ്ങളുടെ എക്സ്പീരിയൻസ് അനുസരിച്ചുള്ള റോൾ ഇല്ല, കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യാൻ കഴിയുമോ തുടങ്ങിയ മറുപടികളാണ് തനിക്ക് ലഭിച്ചത് എന്നും കമലേഷ് പറയുന്നു.