ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ സ്വയം വെടിയുതിർത്തു?; കശ്മീരിൽ പോലീസ് ഉദ്യോഗസ്ഥർ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തി; വൻ ദുരൂഹത; അന്വേഷണം തുടങ്ങി
ശ്രീനഗർ: രണ്ട് പോലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റുമരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത തുടരുന്നു. ജമ്മു കശ്മീരിലെ ഉധംപുർ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാൾ സ്വയം വെടിയുതിർത്തതാവാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം നടന്നതിനുപിന്നാലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഞായറാഴ്ച രാവിലെ ആറരയോടെ ഉധംപുരിലെ കാളിമാതാ ക്ഷേത്രത്തിന് സമീപത്താണ് പോലീസ് വാനിനകത്ത് വെടിയേറ്റനിലയിൽ രണ്ട് പോലീസുദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ കിടക്കുന്നതായി കണ്ടെത്തിയത്. ആ വഴി പോയ പോലീസുകാരാണ് ദൃശ്യം ആദ്യം കണ്ടത്. വടക്കൻ കശ്മീരിലെ സോപോരിൽനിന്ന് റീസി ജില്ലയിലെ സബ്സിഡിയറി ട്രെയിനിങ് സെന്ററിലേക്ക് പോവുകയായിരുന്നു ഈ പോലീസുകാർ. ഇവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
മൃതദേഹങ്ങൾ ഉധംപൂരിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ജമ്മു കശ്മീർ പോലീസിലെ ഒരു ഹെഡ് കോൺസ്റ്റബിളും ഡ്രൈവറുമാണ് മരിച്ചതെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
ഇവർക്കൊപ്പം ഇതേ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു പോലീസ് ഉദ്യോഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. ഇയാളെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭവത്തിൽ കുടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.