ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ കുട്ടികള്‍; ഹിന്ദുക്കള്‍ ഒരു കുട്ടിയില്‍ നിര്‍ത്തരുത്, 2-3 കുട്ടികള്‍ വേണം; വിവാദ പ്രസ്താവനയുമായി ഹിമന്ത ബിശ്വ ശര്‍മ
ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ കുട്ടികള്‍; ഹിന്ദുക്കള്‍ ഒരു കുട്ടിയില്‍ നിര്‍ത്തരുത്, 2-3 കുട്ടികള്‍ വേണം
ദിസ്പുര്‍: വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അസമില്‍ ഹിന്ദു ദമ്പതികള്‍ ഒരു കുട്ടിയില്‍ നിര്‍ത്തരുതെന്നും 2-3 കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് ഇത്തവണ ഹിമാന്ത ബിശ്വ ശര്‍മയുടെ പ്രസ്താവന. മതന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളിലെ ജനനനിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഹിന്ദുവിഭാഗങ്ങള്‍ക്കിടയിലെ ജനനനിരക്ക് കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്.
''മത ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍, പ്രസവ അനുപാതം കൂടുതലാണ്. ഹിന്ദുക്കളില്‍, പ്രസവ അനുപാതം കുറഞ്ഞുവരികയാണ്. അതുകൊണ്ടാണ് ഒരു കുട്ടിയില്‍ നിര്‍ത്താതെ കുറഞ്ഞത് രണ്ട് കുട്ടികളെ എങ്കിലും ജനിപ്പിക്കാന്‍ ഞങ്ങള്‍ ഹിന്ദു ജനങ്ങളോട് ആവശ്യപ്പെടുന്നത്. സാധിക്കുന്നവര്‍ക്ക് മൂന്ന് കുട്ടികള്‍വരെയാകാം.'' - അദ്ദേഹം പറഞ്ഞു.
അതേസമയം എഴോ എട്ടോ കുട്ടികള്‍ക്ക് ജന്മം നല്‍കരുതെന്ന് മുസ്ലിം ജനതയോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ''മുസ്ലിം ജനത ഏഴ് മുതല്‍ എട്ട് വരെ കുട്ടികള്‍ക്ക് ജന്മം നല്‍കരുതെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു, അതേസമയം ഹിന്ദുക്കളോട് കൂടുതല്‍ കുട്ടികളെ ജനിപ്പിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു. അല്ലെങ്കില്‍, ഹിന്ദുക്കളുടെ വീട് നോക്കാന്‍ ആരുമുണ്ടാകില്ല.'' - അദ്ദേഹം പറഞ്ഞു.
നേരത്തെ അസമിലെ ജനസംഖ്യാ പ്രവണതകളെക്കുറിച്ചുള്ള ഹിമന്ത ബിശ്വ ശര്‍മയുടെ പ്രസ്താവനയും വിവാദമായിരുന്നു. 2027-ലെ സെന്‍സസില്‍ ബംഗ്ലാദേശി വംശജരായ മിയ മുസ്ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിലെത്തുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. താന്‍ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയനിലൂടെ (എഎഎസ്യു) രാഷ്ട്രീയ ജീവിതം ആരംഭിച്ചപ്പോള്‍ അവരുടെ ജനസംഖ്യ 21 ശതമാനമായിരുന്നുവെന്നും 2011-ലെ സെന്‍സസില്‍ ഇത് 31 ശതമാനമായി ഉയര്‍ന്നതായും ഹിമന്ത ബിശ്വ ശര്‍മ്മ ചൂണ്ടിക്കാണിച്ചിരുന്നു.
ബംഗ്ലാദേശി വംശജരായ മിയ മുസ്ലിങ്ങളുടെ ജനസംഖ്യ 40 ശതമാനത്തിന് മുകളിലാകും. അസമീസ് ജനതയുടെ ഭാവി തലമുറ അവരുടെ ജനസംഖ്യ 35 ശതമാനത്തില്‍ താഴെയാകുന്നത് കാണുന്ന ദിവസങ്ങള്‍ വിദൂരമല്ല എന്നും അസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. ''വടക്കുകിഴക്കന്‍ ഇന്ത്യയെ വിച്ഛേദിച്ച് ബംഗ്ലാദേശുമായി കൂട്ടിച്ചേര്‍ക്കണമെന്ന് അവര്‍ (ബംഗ്ലാദേശ്) പലപ്പോഴും പറയാറുണ്ട്. വടക്കുകിഴക്കന്‍ ഇന്ത്യ പിടിച്ചെടുക്കാന്‍ അവര്‍ക്ക് യുദ്ധം ചെയ്യേണ്ട ആവശ്യമില്ല. അവരുടെ ജനസംഖ്യ 50 ശതമാനം കവിഞ്ഞാല്‍ അത് സ്വാഭാവികമായി അവരുടെ കൈകളിലെത്തും.'' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
