വിവാഹ ചടങ്ങില്‍ പടെുക്കാനെത്തിയ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിക്ക് നേരെ വെടിവെയ്പ്പ്; വിവാഹ വേദിക്ക് പുറത്ത് കാത്തു നിന്ന് വെടിവെച്ച് അക്രമി: പ്രതിയെ അറസ്റ്റ് ചെയ്ത് പോലിസ്
ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിക്ക് നേരെ വെടിവെയ്പ്പ
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സിന്റെ അധ്യക്ഷനുമായ ഫറൂഖ് അബ്ദുല്ലയ്ക്ക് നെരെ വെടിവെയ്പ്പ്. വിവാഹ ചടങ്ങില്‍ പടെുക്കാനെത്തിയപ്പോഴാണ് ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ഉണ്ടായത്. ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് എന്ന പ്രദേശത്തെ വിവാഹ മണ്ഡപത്തിലാണ് സംഭവം. വിവാഹത്തില്‍ പങ്കെടുത്ത് കാറില്‍ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ വേദിക്ക് പുറത്ത് കാത്തു നിന്ന അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഫാറൂഖ് അബ്ദുല്ലയ്ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഫറൂഖ് അബ്ദുല്ലയോടൊപ്പം ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയും ഉണ്ടായിരുന്നതായാണ് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. ആക്രമണത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ആക്രമണം നടത്തിയ പ്രതി കമാല്‍ സിങ് ജംവാളിനെ ഉടന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ ഫറൂഖ് അബ്ദുല്ലയുടെ വാഹനത്തിന് നേരെ പ്രതി കമാല്‍ സിങ് ജംവാള്‍ തോക്കുമായി പാഞ്ഞടുക്കുകയും വെടിയുതിര്‍ക്കുകയായിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ബി.എസ്.ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് വെടിവെയ്പ്പുണ്ടായത്. പ്രതി വേദിക്ക് പുറത്ത് ആക്രമിക്കാന്‍ തയ്യാറായി കാത്തിരിക്കുകയായിരുന്നു. ഫറൂഖ് അബ്ദുല്ലയുടെ മകനും കശ്മീര്‍ മുഖ്യമന്ത്രിയുമായി ഒമര്‍ അബ്ദുള്ള പിതാവിന്റെ സുരക്ഷ സന്നാഹങ്ങളില്‍ ആശങ്ക പ്രകടിപ്പിപ്പിച്ചു. ''ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തില്‍ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്,'' അദ്ദേഹം എക്സില്‍ കുറിച്ചു.