സിആര്‍പിഎഫ് ക്യാമ്പില്‍ വെടിവെപ്പ്; രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി ജവാന്‍; പിന്നാലെ സ്വയം വെടിവെച്ച് മരിച്ചു; സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂരിലെ സിആര്‍പിഎഫ് ക്യാമ്പില്‍ രണ്ട് സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി ജവാന്‍. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. സഹപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു. ഹവില്‍ദാര്‍ സഞ്ജയ് കുമാര്‍ ആണ് വെടിയുതിര്‍ത്തത്. ക്യാമ്പിലെ കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്റ്റര്‍ റാങ്കിലുള്ളവരാണ് മരിച്ചത്.
മണിപ്പൂരിലെ ഇംഫാല്‍ ജില്ലയിലുള്ള ലാഫെല്‍ സിആര്‍പിഎഫ് ക്യാമ്പിലാണ് ദാരുണമായ സംഭവം നടന്നത്. സഹപ്രവര്‍ത്തകരുമായി ഇയാള്‍ സംസാരിച്ച് നില്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 120 ബെറ്റാലിയന്‍ അംഗമാണ് സഞ്ജയ് കുമാര്‍. അപകടത്തില്‍ പരിക്കേറ്റവരെ റീജണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍സയന്‍സ് ആശുപത്രിയിലേക്ക് മാറ്റി.
പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല. അതേസമയം സഞ്ജയ് കുമാറിന്റെ പ്രകോപനത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല. വ്യക്തിപരമായ പ്രശ്‌നത്തെ തുടര്‍ന്നാണ് വെടിയുതിര്‍ത്തതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് സിആര്‍പിഎഫ് സേന അനുശോചനം അറിയിച്ചു. ഞെട്ടിക്കുന്ന സംഭവത്തിന് പിന്നില്‍ എന്താണ് നടന്നതെന്ന് അന്വേഷിക്കുമെന്നും സേന ഉറപ്പ് നല്‍കി. മണിപ്പൂര്‍ പോലെ ഉയര്‍ന്ന സമ്മര്‍ദ്ദമുള്ള അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്ന സൈനികര്‍ക്ക് മാനസികാരോഗ്യ പിന്തുണ നല്‍കുന്നത് സംബന്ധിച്ച് കൂടുതല്‍ അവലോകനം നടത്താനും തീരുമാനമായി.