ഭാര്യയുടെ പ്രസവത്തിന് നാട്ടിലെത്തി; കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് സൈനികന് ദാരുണാന്ത്യം
കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ മുമ്പ് സൈനികന് ദാരുണാന്ത്യം
സതാറ: ഭാര്യയുടെ പ്രസവത്തിനായി നാട്ടിലെത്തിയ സൈനികന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ സതാറ ജില്ലയിലാണ് സംഭവം. കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് വാഹനാപകടം സൈനികന്റെ ജീവനെടുത്തത്. പമോദ് ജാദവ് എന്ന സൈനികനാണ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ആദ്യത്തെ കണ്‍മണിയെ ജനിക്കുമ്പോള്‍ തന്നെ കാണാനാണ് പ്രമോദ് അവധി എടുത്ത് ഓടി എത്തിയത്.
ജാദവ് സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു. ജാദവിന്റെ മരണത്തിന് മണിക്കൂറുകള്‍ക്ക് ശേഷം ഭാര്യ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. മൃതദേഹം അവസാനമായി കാണാന്‍ സ്ട്രക്ചറിലാണ് ഭാര്യയെ കൊണ്ടുവന്നത്. ഹൃദയം നുറുങ്ങുന്ന കാഴ്ചയ്ക്കാണ് നാട് സാക്ഷ്യം വഹിച്ചത്. എട്ട് മണിക്കൂര്‍ മുന്‍പ് ജനിച്ച നവജാത ശിശുവിനൊപ്പം, സ്ട്രക്ചറിലാണ് ജാദവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ ഭാര്യയെ കൊണ്ടുവന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുണ്ട്.
സതാരയിലെ പാര്‍ലി സ്വദേശിയായിരുന്നു പ്രമോദ് ജാദവ്. ഇയാളുടെ ഭാര്യയെ പ്രസവത്തിനായി പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ് ദുരന്തം സംഭവിച്ചത്. സ്ട്രക്ചറില്‍ കിടന്ന് ജാദവിനെ കൈനീട്ടി തൊടാന്‍ ശ്രമിക്കുന്ന ഭാര്യയുടെയും, ബന്ധുവിന്റെ കൈകളിലിരിക്കുന്ന കുഞ്ഞിന്റെയും ദൃശ്യങ്ങള്‍ ഹൃദയംനുറുക്കുന്നുവെന്ന് ഗ്രാമവാസികള്‍ പറയുന്നു. പൂര്‍ണ സൈനിക ബഹുമതികളോടെ ഞായറാഴ്ചയാണ് ജാദവിന്റെ സംസ്‌കാരം നടന്നത്.